പുതിയ ഫോണിലേക്ക് മെസേജുകൾ ഉൾപ്പെടെ മാറ്റാം, പുത്തൻ ഫീച്ചറുമായി വാട്‌സാപ്പ്

നേരത്തെ ചാറ്റ് ഹിസ്റ്ററി ആന്‍ഡ്രോയിഡില്‍ നിന്ന് ഐ.ഒ.എസിലേയ്ക്ക് മാറ്റാനുള്ള ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒരു ആന്‍ഡ്രോയിഡില്‍ നിന്ന് മറ്റൊരു ആന്‍ഡ്രോയിഡ് ഫോണിലേയ്ക്ക് ചാറ്റ് ഹിസ്റ്ററി ട്രാന്‍ഫര്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

പുതിയ ഫോണിലേക്ക് പഴയ മെസേജുകൾ ഉൾപ്പെടെ മാറ്റാം

പുതിയ ഫോണ്‍ വാങ്ങുന്നവര്‍ക്കാകും ഈ ഫീച്ചര്‍ ഏറ്റവുമധികം പ്രയോജനപ്പെടുക. ഭാവി അപ്‌ഡേറ്റില്‍ പുതിയ ഫീച്ചര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാന്‍ വാട്‌സാപ്പ് അനുവദിക്കുന്നുണ്ട്. പുതിയ ഫോണിലേയ്ക്ക് മാറുന്ന വേളയില്‍ ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം ചാറ്റ് ബാക്കപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും. പുതിയ ഫീച്ചര്‍ വന്നാല്‍ ഗൂഗിള്‍ ഡ്രൈവിന്റെ സഹായമില്ലാതെ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാനാകും.

ജഡ്ജി നിയമനങ്ങളിലെ സർക്കാർ ഇടപെടലിൽ സംശയം ഉന്നയിച്ച് സുപ്രീം കോടതി

ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നല്‍കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് സുപ്രീംകോടതി. സുപ്രീം കോടതി ജഡ്ജിമാരെ കണ്ടെത്തുന്നതിനുള്ള കൊളീജിയം ശുപാര്‍ശ ചെയ്യാത്ത പേരുകളാണ് സർക്കാർ നൽകിയ പട്ടികയിലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു.

ഇതുമാത്രമല്ല കൊളീജിയം രണ്ടാമതും അയക്കുന്ന ജഡ്ജി നിയമന ശുപാര്‍ശ കേന്ദ്രം മടക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലമാറ്റം സംബന്ധിച്ച കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടല്‍ ആണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

പരിഗണിക്കാത്ത പേരുകൾ ആവർത്തിച്ച് സമ്മർദ്ദ തന്ത്രം

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നല്‍കിയ 22 ശുപാര്‍ശകള്‍ കേന്ദ്ര നിയമമന്ത്രാലയം നവംബറില്‍ മടക്കിയിരുന്നു. ഇതില്‍ ഒമ്പത് എണ്ണം കൊളീജിയം രണ്ടാമതും നല്‍കിയ ശുപാര്‍ശകളാണ്. അവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശകള്‍ കേന്ദ്രം മടക്കുന്നത് വിഷയമാണെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം നല്‍കിയ പട്ടികയില്‍ ചില പേരുകള്‍ കൊളീജിയം പരിഗണിക്കാത്തവയാണ്. ഈ പേരുകള്‍ കൊളീജിയം പരിഗണിക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ശുപാര്‍ശ മടക്കിയതെന്നും ജസ്റ്റിസ് കൗള്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ താത്പര്യമില്ലാതെയാണ് ജഡ്ജിമാർ തീരുമാനമെടുക്കുന്നത് എന്ന് വ്യക്തമാക്കാൻ കോടതി ജസ്റ്റീസ് വി ആർ കൃഷ്ണയ്യരെ ഉദാഹരണമായി പറയുകയും ചെയ്തു.

ഇങ്ങനെ മടക്കിയ ശുപാര്‍ശകളില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് കൊളീജിയം യോഗം ചേര്‍ന്ന് ഉടന്‍ തീരുമാനിക്കുമെന്ന് അറ്റോർണി ജനറലിന് കോടതി മുന്പകെ ബോധിപ്പിക്കേണ്ടി വന്നു. തെറ്റായ സന്ദേശമാണ് സർക്കാർ നൽകുന്നതെന്ന് കർശനമായി പറഞ്ഞ കോടതി കേസ് ഫെബ്രുവരി മൂന്നിന് പരിഗണിക്കാനായി മാറ്റി.

കേരള ഹൈക്കോടതി ജഡ്ജിമാരായി അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ.എ. സഞ്ജീത എന്നിവരെ നിയമിക്കുന്നതിനുള്ള കൊളീജിയം രണ്ടാമത് നല്‍കിയ ശുപാര്‍ശയും കേന്ദ്ര സര്‍ക്കാര്‍ മടക്കിയിരുന്നു. ജഡ്ജിമാരുടെ സ്ഥലമാറ്റം സംബന്ധിച്ച ശുപാര്‍ശകള്‍ കൊളീജിയം തയ്യാറാക്കുന്നത് വിവിധ ഭരണപരമായ ഘട്ടങ്ങള്‍ ഉള്‍പ്പടെ കണക്കിലെടുത്താണ്. സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയത്തിന്റെ പത്തോളം ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് കാര്യമായ പങ്കില്ല. എന്നാല്‍, തീരുമാനം വൈകുകയാണ്. ഇത് അസ്വീകാര്യമാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റുന്നതിനുള്ള കൊളീജിയം ശുപാര്‍ശകളില്‍ ഉള്‍പ്പടെ തീരുമാനം വൈകുന്ന കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി. ഗുവാഹാട്ടിക്ക് പുറമെ, ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ലഡാക് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിനുള്ള ശുപാര്‍ശയാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളത്. എന്നാല്‍ വിവിധ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പടെ അഞ്ച് പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശയിലും കൊളീജിയം തീരുമാനം വൈകുകയാണ്. അതിനാലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം സംബന്ധിച്ച തീരുമാനവും വൈകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ജഡ്ജി നിയമനം സംബന്ധിച്ച ശുപാര്‍ശകളില്‍ തീരുമാനം ഉണ്ടാക്കുന്ന കാര്യം ഉറപ്പുവരുത്താന്‍ കോടതി അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചു.

ഗവർണർ പദവി പ്രശ്നം രാഷ്ട്രപതിക്ക് മുന്നിലേക്ക്

0

 ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ രാജ്ഭവന് നിയമോപദേശം. ഹൈക്കോടതിയിലെ ഗവര്‍ണറുടെ കോണ്‍സലാണ് നിയമോപദേശം നല്‍കിയത്.

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ട് ആ സ്ഥാനത്ത് വിദ്യാഭ്യാസ വിചക്ഷണരെയോ, അല്ലെങ്കില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം ഉള്ളവരെയോ നിയമിക്കുക എന്നതാണ് ബില്ലിന്റെ ഉള്ളടക്കം. ചാന്‍സലര്‍സ്ഥാനത്തേക്കുള്ള നിയമനം അഞ്ചുവര്‍ഷമായിരിക്കും. എന്തെങ്കിലും സ്വഭാവദൂഷ്യ ആരോപണമോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാല്‍ ചാന്‍സലറെ നീക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതുകൂടിയാണ് ഭേദഗതിബില്‍.

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച അവധി

0

കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികള്‍ക്ക് സ്‌കൂള്‍ കലോത്സവത്തില്‍ പങ്കുകൊള്ളുന്നതിനു വേണ്ടിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശ പ്രകാരം അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്. എസ്. ഇ. വിദ്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി മനോജ്കുമാര്‍ അറിയിച്ചു.

ഉത്തരാഖണ്ഡിൽ 50,000 പേർ താമസിക്കുന്ന കോളനി ഒഴിപ്പിക്കാനുള്ള സർക്കാർ നീക്കം സുപ്രീം കോടതി തടഞ്ഞു

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ സുപ്രീം കോടതി തടഞ്ഞു. റെയില്‍വേ സ്റ്റേഷന് സമീപത്തെ കോളനിയില്‍ താമസിക്കുന്ന അമ്പതിനായിരത്തോളം പേരെ ഒരാഴ്ചയ്ക്കുള്ളില്‍ കുടിയൊഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വാങ്ങിച്ച ശേഷമായിരുന്നു കുടി ഒഴിപ്പിക്കൽ നീക്കം.

ഈ കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇത് മാനുഷിക വിഷയമാണെന്ന് സുപ്രീം കോടതി ഒർമ്മപ്പെടുത്തി. കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉള്‍പ്പടെ ഉറപ്പ് വരുത്തേണ്ടതാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഏഴ് ദിവസത്തിനകം മാറിയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കാമെന്നും അതിനായി പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും ഉപയോഗിക്കാമെന്നുമായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി. ഇതനുസരിച്ച് ജനുവരി ഒമ്പതിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോളനി വാസികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു.

ഈ പ്രദേശത്ത് നാല് സര്‍ക്കാര്‍ സ്‌കൂളുകളും പതിനൊന്ന് സ്വകാര്യ സ്‌കൂളുകളും പത്ത് പള്ളികളും നാല് അമ്പലങ്ങളും ഒരു ബാങ്കും ഉള്‍പ്പടെ ഉണ്ട്. അനധികൃത കൈയേറ്റം ആണെങ്കില്‍ എങ്ങനെയാണ് സര്‍ക്കാര്‍ സ്‌കൂളുകളും ബാങ്കും ഉണ്ടാകുകയെന്നാണ് കോളനി നിവാസികള്‍ ചോദിക്കുന്നത്.

കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ 90 ശതമാനം പേരും മുസ്ലിങ്ങളാണ്. ഹല്‍ദ്വാനി റയില്‍വേ സ്റ്റേഷന് സമീപത്തെ ഗഫൂര്‍ ബസ്തി, ധോലാക് ബസ്തി, ഇന്ദിരാ നഗര്‍ തുടങ്ങി രണ്ട് കിലോമീറ്റര്‍ ചുറ്റളവിൽ നാലായിരത്തോളം കെട്ടിടങ്ങൾ ഉണ്ട്. ഇവ പൂർണ്ണമായും ഒഴിപ്പിക്കാനാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് നൽകിയത്.

1947 മുതല്‍ കോളനിയില്‍ ജീവിക്കുന്നവരുണ്ട്. ചിലരുടെ പക്കല്‍ പട്ടയമുണ്ട്. ചിലര്‍ അടുത്ത കാലത്ത് ഭൂമി കാശ് നൽകി റജിസ്ത്ര് ചെയ്ത് വാങ്ങിയതാണ്. അറുപത് – എഴുപത് വര്‍ഷമായി ഒരു പ്രദേശത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുമ്പോള്‍ അവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

അനധികൃതമായി താമസിക്കുന്നവരാണെങ്കില്‍ പോലും അവരുടെ പുനരധിവാസം ഒരുക്കേണ്ടതാണ്. മാനുഷികമായ ഈ വിഷയത്തില്‍ പ്രായോഗികമായ ഒരു പരിഹാരം കാണാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും റയില്‍വേയോടും സുപ്രീം കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി ഏഴിന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് ഒരു തരത്തിലുള്ള പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

814 ഹെക്ടർ റെയിൽവേ ഭൂമി അപഹരിക്കപ്പെട്ടതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. അസമിൽ നൂറോളം വീടുകൾ കഴിഞ്ഞ മാസം തകർത്തിരുന്നു. ആയിരത്തോളം പേർക്ക് നൊട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം സൂറത്ത്ജൽഗാവ് പ്രോജിക്ടിനായി 5000 ചേരികൾ പൊളിച്ചു മാറ്റുമെന്ന് റെയിൽ വേ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് വാങ്ങി 300 ചേരികൾ പൊളിച്ചു. 9000 കുടുംബങ്ങളുടെ വൈദ്യുതിയും വെള്ളവും വിഛേദിച്ചത് കോടതി ഇടപെട്ട് പുനസ്ഥാപിച്ച സംഭവവും ഉണ്ടായിരുന്നു.

ഉത്തരാഖണ്ഡിൽ 4365 കുടുംബങ്ങൾ കുടി ഒഴിപ്പിക്കൽ ഭീഷണിയിലാണ്. 78 ഏക്കർ ഭൂമിയിലായാണ് ഇവർ ചേരികൾ പണിത് താമസിക്കുന്നത്.

പയ്യോളിയിൽ കാണാതായ വിദ്യാർഥിക്കായി പുഴയിൽ തിരച്ചിൽ തുടരുന്നതിനിടെ വടകരയിൽ കണ്ടെത്തി

പയ്യോളിയിൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നും കാണാതായ വിദ്യാർഥിക്കായി പൊലീസും രക്ഷാ സേനയും പുഴയിൽ തിരച്ചിൽ തുടരുന്നതിനിടെ വടകര ടൌണിൽ നിന്നും കണ്ടെത്തി. കുററ്യാടി പുഴയുടെ തുറശ്ശേരി ഭാഗത്ത് മൊബൈൽ ഫോണും സൈക്കിളും കണ്ടെത്തിയതിനെ തുടർന്നാണ് രാവിലെ മുതൽ തിരച്ചിൽ നടത്തിയത്.

പൊലീസും അഗ്നിരക്ഷാ സേനയും കൂടാതെ പ്രത്യേക മുങ്ങൽ വിദഗ്ധരും എത്തിയിരുന്നു. പയ്യോളി കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു തല വിദ്യാർഥിയെയാണ് കാണാതായത്. പാതിരാത്രിയിൽ കുട്ടി വീട്ടിൽ ഇല്ലെന്ന് കണ്ടെത്തി വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പുഴക്കരയിൽ സൈക്കിൾ കണ്ടെത്തി എങ്കിലും പൊലീസ് നായ പുഴയുടെ മറുകര വരെ പോയത് ആശയ കുഴപ്പം സൃഷ്ടിച്ചിരുന്നു. വിദ്യാർഥി എന്തിനാണ് തുറശ്ശേരി പാലത്തിന് മുകളിൽ എത്തിയത് എന്ന് വ്യക്തമായില്ല. രാവിലെ നടക്കാനിറങ്ങിയ സ്ത്രീകൾ 17 കാരൻ സംശയകരമായ സാഹചര്യത്തിൽ പാലത്തിന് മുകളിൽ നിൽക്കുന്നത് കണ്ട് ബഹളം വെച്ചു. അടുത്ത വീട്ടുകാരെ വിളിച്ചുണർത്തി. എന്നാൽ നാട്ടുകാർ എത്തുന്നതിന് മുൻപ് കുട്ടി അപ്രത്യക്ഷനായി.

ഇതോടെ പുഴയിൽ ചാടിയതാവാം എന്ന അനുമാനത്തിലാണ് തിരച്ചിൽ നടത്തിയത്. രാവിലെ പ്രദേശത്തെ രക്ഷാപ്രവർത്തകരും പൊലീസും ചേർന്നു തിരഞ്ഞു. തടർന്ന് പെരുവണ്ണാമുഴിയിൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ചവരെയും ഉപകരണങ്ങളും എത്തിച്ചു.

ഇതിനിടെ വൈകുന്നേരത്തോടെയാണ് വടകര താഴങ്ങാടിയിൽ കുട്ടിയെ കണ്ടതായി വിവരം ലഭിച്ചത്. സോഷ്യൽ മീഡിയ വഴി കുട്ടിയെ കാണാതായ വിവരം നാട്ടിൽ പ്രചരിച്ചിരുന്നു. ഇതും തിരിച്ചറിയുന്നതിന് സഹായകമായി.

തുറശ്ശേരി പാലത്തിൽ ആത്മഹത്യകളും അതിനുള്ള ശ്രമങ്ങളും വർധിക്കുന്നത് നാട്ടുകാർക്ക് പ്രശ്നമായി തീർന്നിട്ടുണ്ട്. പാലത്തിൽ ആവശ്യമായ വെളിച്ചവും ഇല്ല. മണിയൂർ പ്രദേശത്തെ ഒറ്റപ്പെട്ട ഭാഗത്തേക്ക് കയറി പോകുന്ന റോഡായതിനാൽ ആരുടെയും ശ്രദ്ധയിൽ പെടാതെ ഇവിടേക്ക് എത്താൻ കഴിയും. ഇരു വശത്തും ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.

സംവിധായിക നയനയുടെ മരണത്തിൽ വീണ്ടും അന്വേഷണം ആവശ്യമെന്ന് കമ്മീഷണറുടെ റിപ്പോർട്ട്

ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹത സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണ്. ഡിസിആർബി അസി.കമ്മീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല. മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്കു രക്ഷപ്പെനുള്ള  സാധ്യതയുണ്ട്.

ക്രൈം ബ്രാഞ്ച് അന്വേഷിച്ചേക്കും

മൊഴിയിലെ വൈരൂദ്ധ്യങ്ങൾ പരിശോധിച്ചില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കും. നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകള്‍ കൂടിയത്. ഇതേ തുടർന്നാണ് ഡിസിആർബി അസി.കമ്മീഷണർ തുടരന്വേഷണ സാധ്യത പരിശോധിച്ചത്.  നയനയുടേത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിൻെറ നിരീക്ഷണം.  ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിന്‍റെ വിലയിരുത്തൽ.

പക്ഷേ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങള്‍ക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല. മാത്രമല്ല ചില നിർണായക വിവരങ്ങള്‍ ലോക്കൽ പൊലീസ് ശേഖരിക്കാതെയാണ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്നാണ് പുതിയ സംഘത്തിൻെറ വിലയിരുത്തൽ.  2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കള്‍ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലുളള വാടക വീട്ടിനുള്ളിൽ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകള്‍ തുറന്നാണ് അകത്തു കയറിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

പെലീസ് അന്വേഷണത്തിലെ നിറയെ പിഴവുകൾ

മൃതദേഹം കണ്ടെത്തിയ മുറി തള്ളിതുറന്നുവെന്നാണ് മൊഴി. അകത്തുനിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തിൽ ആദ്യ അന്വേഷണത്തിൽ കൃത്യയില്ലെന്നാണ് തുടരന്വേഷണ സംഘത്തിൻെറ വിലയിരുത്തൽ. വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് വീട്ടിൻെറ വാതിൽ തുറന്നത്. അങ്ങനെയെങ്കിൽ നയന ഉപയോഗിച്ചിരുന്ന താക്കോൽ എവിടെയെന്ന് മഹസറിൽ പറയുന്നില്ല. 22ന് രാത്രി അമ്മയുമായ നയന അരമണിക്കൂർ സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റാരെയും ഫോണ്‍ വിളിച്ചിട്ടുമില്ല. ശാസ്ത്രീയമായി തുടക്കം മുതൽ അന്വേഷണം വേണെന്നും ഇതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നുമാണ് പുതിയ സംഘത്തിൻെറ വിലയിരുത്തൽ

സ്കൂൾ കലോത്സവത്തിന് അടുത്ത വർഷം മുതൽ മിക്സഡ് മെനു, ബിരിയാണിയും നൽകാം- മന്ത്രി ശിവൻ കുട്ടി

0

 ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അടുത്തവർഷം മുതൽ മാംസാഹാരം നൽകാമെന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ ടെണ്ടർ സംബന്ധിച്ച വിവാദത്തിൽ മന്ത്രി പ്രതികരിച്ചു. കഴിക്കുന്നത് കുട്ടികളാണല്ലോ, ഇത്രയും വലിയ പരിപാടിക്കിടെ നോൺ വെജ് കഴിച്ച് ശാരീക പ്രശങ്ങൾ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രമാണെന്നും – മന്ത്രി വ്യക്തമാക്കി. 

അടുത്ത വർഷം മുതൽ എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇത്തവണ തന്നെ പരിഗണിച്ചതാണ്. ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. കോഴിക്കോട് എത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു കരുതിയത്. ഇക്കാര്യം നേരത്തെ തന്നെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു.

 60 വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നതെന്നും മന്ത്രി ചോദിച്ചു. ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം തയാറാക്കുന്നതിന് ടെണ്ടർ ക്ഷണിക്കാത്തത് സംബന്ധിച്ചായിരുന്നു ആദ്യ ചർച്ച. പിന്നീട് അത് വെജിറ്റേറിയൻ മെനുവിനെ ആദർശവൽക്കരിക്കുന്നു. കുട്ടികളുടെ ഇഷ്ടം ബലി കഴിക്കുന്നു എന്ന നിലയ്ക്ക് മാറി. തുടർന്ന് തുടര്‍ച്ചയായി പഴയിടം മോഹനന്‍ നമ്പൂതിരിക്ക് മാത്രം കലോത്സവത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നല്‍കുന്നതിനെതിരെയും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കൊടുക്കുന്നതിനെതിരെയും വ്യാപകമായ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലടക്കം വന്നത്

കഴിഞ്ഞ 16 വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന കൗമാര പ്രതിഭകള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം വിളമ്പുന്നത് പഴയിടവും സംഘവുമാണ്

നോൺ വെജ് തയാറാക്കാനും കൂടെ ആളുണ്ട് – പഴയിടം

ഞങ്ങളുടെ സംഘം തന്നെ കായികമേളയ്ക്ക് നോണ്‍ വെജ് ഭക്ഷണം തയ്യാറാക്കി വിളമ്പാറുണ്ട്. നോണ്‍ വെജ് നന്നായി പാചകം ചെയ്യാന്‍ അറിയാവുന്നവര്‍ തനിക്കൊപ്പമുണ്ടെന്നും പഴയിടം മോഹനൻ വിവാദം സംബന്ധിച്ച് പ്രതികരിച്ചു.

‘സ്‌കൂള്‍ കലോത്സവ മേളയില്‍ പലപ്പോഴും പറയുന്നതിന്റെ ഇരട്ടി ആളുകള്‍ ഭക്ഷണം കഴിക്കാന്‍ എത്താറുണ്ട്. കായിക മേളകളില്‍ അത്തരമൊരു പ്രശ്‌നമില്ല.

അതിനാല്‍ തന്നെ, ചിലര്‍ക്ക് നോണ്‍ വെജ് ഭക്ഷണം കിട്ടുകയും മറ്റു ചിലര്‍ക്ക് കിട്ടാതെ വരികയും ചെയ്യാം. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കും.

മാത്രമല്ല, വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വളരെ പെട്ടെന്ന് തയ്യാറാക്കാനാകും. ഭക്ഷണം തികയാതെ വന്നാല്‍ പെട്ടെന്നു തന്നെ തയ്യാറാക്കി വിളമ്പാനാകും.

കലോത്സവത്തില്‍ നോണ്‍ വെജ് ഭക്ഷണം വിളമ്പുന്നതില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുമുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ധരുമായി ചര്‍ച്ച വേണം,’ പഴയിടം പറഞ്ഞു.

വൈദ്യുതി നിരക്ക് എല്ലാ മാസവും വർധിപ്പിക്കാൻ വിതരണ കമ്പനികൾക്ക് അധികാരം നൽകാൻ ചട്ടം വരുന്നു

റെഗുലേറ്ററി കമ്മിഷന്റെ മുന്‍കൂര്‍ അനുമതി തേടാതെ തന്നെ എല്ലാ മാസവും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ വിതരണക്കമ്പനികൾക്ക് കേന്ദ്രസർക്കാരിൻ്റെ അനുമതി. സ്വകാര്യ വൈദ്യുത വിതരണ കമ്പനികൾക്ക് ലാഭം ഉറപ്പാക്കുന്ന ഈ ചട്ടഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.

ഇത് നടപ്പാക്കുകയാണെങ്കിൽ കെ.എസ്.ഇ.ബി.ക്കും സ്വയം തന്നെ വിപണിയിലെ സാഹചര്യമനുസരിച്ച് മാസംതോറും നിരക്കില്‍ വ്യത്യാസം വരുത്താനാവും. ഡിസംബര്‍ 29-നാണ് കേന്ദ്ര ഊര്‍ജമന്ത്രാലയം ചട്ടഭേദഗതി അന്തിമമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ കേന്ദ്ര വൈദ്യുതിനിയമത്തിലെ ഈ ഭേദഗതി കേരളവും നടപ്പാക്കേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ല. കേരളം ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചിരുന്നു.

വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് ചര്‍ച്ചാ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവുമോ എന്നത് നിയമ പ്രശ്നമാണ്. സ്വകാര്യ വൈദ്യുതിവിതരണക്കമ്പനികളുടെ ലാഭംകൂടി ലക്ഷ്യമിട്ടാണ് കേന്ദ്ര തീരുമാനം.

നിലവിൽ നിരക്ക് കൂട്ടിവാങ്ങാൻ കടമ്പകൾ ഏറെ

ഇപ്പോള്‍ വിതരണക്കമ്പനികള്‍ക്ക് വൈദ്യുതി വാങ്ങുമ്പോള്‍, വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ഇന്ധനത്തിൻ്റെ വിലയിലെ വര്‍ധനകാരണമുണ്ടാവുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാം. ഇന്ധന സര്‍ച്ചാര്‍ജായി ഈടാക്കുകകയാണ് ചെയ്യുന്നത്. പക്ഷെ ഇത് തോന്നിയ പോലെ ഈടാക്കാൻ കഴിയില്ല.

മൂന്നുമാസത്തിലൊരിക്കല്‍ സംസ്ഥാന റെഗുലേറ്ററി കമ്മിഷനെ സമീപിക്കണം. കമ്മിഷന്‍ ജനങ്ങളുടെ അഭിപ്രായംകൂടി കണക്കിലെടുത്തശേഷം അധികച്ചെലവ് ഉപഭോക്താക്കളിനിന്ന് ഈടാക്കാന്‍ അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യാം. കേരളത്തില്‍ സര്‍ച്ചാര്‍ജ് ഈടാക്കുന്ന സംഭവം അടുത്ത കാലത്ത് ഉണ്ടായിട്ടില്ല.

എന്ത് ചിലവും ജനങ്ങളുടെ പോക്കറ്റിൽ നിന്ന്

പുതിയ ചട്ടപ്രകാരം, ഇന്ധനവില വര്‍ധന മാത്രമല്ല, വിപണിയിലെ സാഹചര്യങ്ങള്‍ കാരണം കമ്പനികള്‍ക്ക് വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന എല്ലാ അധികച്ചെലവും കമ്മിഷനെ സമീപിക്കാതെത്തന്നെ ഉപഭോക്താക്കളില്‍നിന്ന് മാസംതോറും ഈടാക്കാം. അധികച്ചെലവ് ശരാശരി ചെലവിന്റെ 20 ശതമാനത്തിലധികമാണെങ്കില്‍ മാത്രം കമ്മിഷനെ സമീപിച്ചാല്‍ മതി. അതത് സമയം അധികച്ചെലവ് ഈടാക്കാത്തവര്‍ക്ക് പിന്നീട് അത് ഈടാക്കാനാവില്ല. ഇത് നഷ്ടമാകുമെന്നതിനാല്‍ കെ.എസ്.ഇ.ബി. ഉള്‍െപ്പടെ എല്ലാവരും ഈ ചട്ടം അനുസരിക്കേണ്ടിവരും. വര്‍ഷത്തിലൊരിക്കല്‍ റെഗുലേറ്ററി കമ്മിഷന്‍ ഈ കണക്കുകള്‍ പരിശോധിച്ച് ക്രമീകരിച്ചാല്‍മതി.

ഗാനരചയിതാവ് ബി ആർ പ്രസാദ് വിടവാങ്ങുമ്പോൾ

ഗാനരചയിതാവ് എന്ന നിലയില്‍ ഓർമ്മയിൽ തങ്ങിനിൽക്കുന്ന പാട്ടുകൾ സംഭാവന ചെയ്താണ് ബീയാര്‍ പ്രസാദ് വിടവാങ്ങിയത്. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെ ഗാനരചയിൽ സജീവമായി. അറുപതോളം സിനിമകള്‍ക്ക് പാട്ടെഴുതി. ബീയാര്‍ പ്രസാദ് വിടപറയുമ്പോള്‍, നാടകകൃത്ത്, പ്രഭാഷകന്‍, എന്നീ നിലകളില്‍ കൂടി ശ്രദ്ധേയനായ കലാകാരനെ കൂടിയാണ് മലയാളത്തിന് നഷ്ടമാകുന്നത്. ആദ്യകാല ടെലിവിഷന്‍ അവതാരകരിലൊരാളായും ബീയാര്‍ പ്രസാദ് തിളങ്ങി.

മണ്ണിന്റെ മണമുള്ള പാട്ടുകളെന്ന് ബീയാര്‍ പ്രസാദിന്റെ വരികള്‍ക്ക് വിശേഷണമുണ്ടായിരുന്നു. കുട്ടനാടിന്റെ തനത് സൗന്ദര്യം ബീയാര്‍ പ്രസാദിന്റെ എല്ലാ പാട്ടുകളിലും പ്രതിഫലിച്ചിരുന്നതും അദ്ദേഹത്തെ ഏറെ ജനകീയനായ ഗാനരചയിതാവാക്കി മാറ്റി. ജനപ്രിയമായി തീർന്ന ഈണങ്ങളിൽ ഇദ്ദേഹത്തിൻ്റെ വരികൾ മാധുര്യം പകർന്നു.

ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലായിരുന്നു ജനനം. 1993 ല്‍ ജോണി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ട് ചലച്ചിത്ര മേഖലയിലേയ്ക്ക് ബീയാര്‍ പ്രസാദ് പ്രവേശിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിന് വരികളെഴുതി. വിദ്യാസാഗറായിരുന്നു ആ വരികള്‍ക്ക് ഈണമിട്ടത്.

കിളിച്ചുണ്ടന്‍ മാമ്പഴം, ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതന്‍, ജലോത്സവം, സല്‍പ്പേര് രാമന്‍കുട്ടി, വാമനപുരം ബസ് റൂട്ട് തുടങ്ങി സിനിമകളിലും കൂടാതെ സംഗീത ആല്‍ബങ്ങള്‍ക്കും ബീയാര്‍ പ്രസാദ് രചന നിര്‍വഹിച്ചിട്ടുണ്ട്.

നോവൽ പൂർത്തിയാക്കാതെ

മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു 61 കാരനായ ബിയാർ. രണ്ടുവര്‍ഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ്‌ ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായി. പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു.

ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. ചികിത്സയിൽ പ്രതീക്ഷ പുലർത്തിയിരുന്ന ഘട്ടത്തിലാണ് വിടവാങ്ങൽ