എകെജി സെൻ്ററിന് നേരെ എറിഞ്ഞത് പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ സ്ഫോടക വസ്തു; ജിതിൻ്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി

എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. 29 ന് വിധി പറയും. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്‍ററിന് നേരെ എറിഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

പുറ്റിങ്ങൽ ദുരന്തത്തിന് ഇടയാക്കിയത് സമാനമായ രാസവസ്തുവാണ്. ഇത് മുൻനിർത്തിയായിരുന്നു പ്രോസിക്യൂഷൻ വാദം. വ്യാപ്തിയുള്ള കൃത്യമാണ് ജിതിൻ ചെയ്തെന്നും അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.  പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഒരു ഡ്രൈവർ മാത്രമായ ജിതിൻ എങ്ങനെ ഭരണ കക്ഷിയിലെ പ്രധാന പാർട്ടി നൽകിയ പരാതിയിലെ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പ്രതിഭാഗം ചോദിച്ചത്. 180 സിസിടിവി പരിശോധിച്ചിട്ടും പൊലീസ് എന്തുകൊണ്ട് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞില്ലന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

നാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ജിതിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ മാസം ആറ് വരെയാണ് ജിതിനെ റിമൻഡ് ചെയ്തിരിക്കുന്നത്. ജിതിനെതിരായ തെളിവുകള്‍ ലഭിച്ചതിനാൽ വീണ്ടും കസ്റ്റഡയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നില്ല. കൂടുതൽ പ്രതികളെ കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. നാല് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിട്ടും നിർണായകമായ ഒരു തെളിവും കണ്ടെത്തിയില്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.

ആൻ്റണിയെ വിളിപ്പിച്ചു, അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ പരിഗണനകൾ

0

നിർണായക നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ചർച്ചകൾക്കായി എകെ ആന്റണിയെ ദില്ലിയിലേക്ക്. രാത്രിയോടെ ആന്റണി ദില്ലിയിലേക്ക് എത്തി സോണിയാ ഗാന്ധിയെ കാണും. അധ്യക്ഷ സ്ഥാനത്തേക്ക് ഒറ്റ പേരിലേക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രവർത്തക സമിതിയിലെ മുതിർന്ന അംഗമായ എകെ ആന്റണിയെ ദില്ലിയിലെത്തിച്ച്, സമവായ നീക്കമാണ് കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്നത്.

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കങ്ങൾക്കിടെ രാജസ്ഥാൻ കോൺഗ്രസിലുണ്ടായ അശോക് ഗെലോട്ട് – സച്ചിൻ പൈലറ്റ് അധികാരത്തർക്കവും പൊട്ടിത്തെറിയും പാർട്ടിക്ക് ക്ഷീണമായതോടെയാണ് ആന്റണിയെ എത്തിച്ച് പുതിയ ചർച്ചകൾക്ക് വഴി തുറക്കുന്നത്.

രാജസ്ഥാന്‍ കോണ്‍ഗ്രസ് അട്ടിമറിയില്‍ ഗെലോട്ട് പക്ഷത്തെ പ്രമുഖനെതിരെ നടപടിക്ക് നീക്കവുമുണ്ട്. സ്വന്തം നിലക്ക് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ  കുറിച്ച് ഗലോട്ട് ആലോചന തുടങ്ങിയതായി വിവരമുണ്ട്. 

സച്ചിന്‍ പൈലറ്റിനെതിരെ 92 എംഎല്‍എമാരെ അണിനിരത്തുന്നതിന് ചുക്കാന്‍ പിടിച്ചത് ഗെലോട്ടിന്‍റെ വിശ്വസ്തനായ മന്ത്രി ശാന്തി ധരിവാളാണ്. ഗലോട്ടും, ധരിവാളും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരോട് സംസാരിക്കാന്‍ പോലും എംഎല്‍എമാര്‍ കൂട്ടാക്കിയില്ല.  അപമാനിക്കപ്പെട്ട് ഹൈക്കമാന്‍ഡ് നില്‍ക്കുമ്പോള്‍ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ വാര്‍ത്ത സമ്മേളനം നടത്തി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന ആരോപണം ഉന്നയിക്കാനും ധരിവാള്‍ മുതിര്‍ന്നു. അജ്മാക്കനും ചില ഹൈക്കമാന്‍ഡ് നേതാക്കളും ചേര്‍ന്ന് ഗലോട്ടിനെ രാജസ്ഥാനില്‍ നിന്ന് ഓടിക്കാന്‍ ശ്രമിച്ചുവെന്നാണ് ധരിവാള്‍ ആഞ്ഞടിച്ചത്. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള നടപടികള്‍ക്കാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടയും, അജയ് മാക്കന്‍റെയും  ശുപാര്‍ശയെന്നറിയുന്നു.  ആദ്യ പടിയെന്നോണം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

ചരിത്ര കോൺഗ്രസിൽ ഇർഫാൻ ഹബീബ് ഗവർണറെ ആക്രമിച്ചതായ ഹരജി കോടതി തള്ളി

0

കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അഭിഭാഷകനും ബിജെപി ഇന്‍റലക്ച്വല്‍ സെല്ലിൻ്റെ  മുന്‍ കണ്‍വീനറുമായ ടി ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടോയെന്ന് ആരാഞ്ഞ കോടതിയോട് അറിയില്ലെന്നായിരുന്നു ഹര്‍ജിക്കാരൻ്റെ മറുപടി.  സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും  പരാതിയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടി ഇതല്ലെന്നും കോടതി വ്യക്തമാക്കി.

2019 ഡിസംബര്‍ 28ന് നടന്ന സംഭവത്തില്‍ ഇതുവരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ ചരിത്രകാരനായ പ്രഫസര്‍ ഇര്‍ഫാന്‍ ഹബീബ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്നായിരുന്നു ഹര്‍ജിയിലെ വാദം

ആശാ പരേഖിന് ഫാൽക്കെ പുരസ്കാരം

0

മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന്  ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം. ആശാഖ് പരേഖ് ഇന്ത്യൻ ഫിലിം സെൻസര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ് . ടെലിവിഷൻ പരമ്പരയുടെ സംവിധായികയായിട്ടും ശ്രദ്ധേയയാണ്.

2020-ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരം. കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ ആണ് പുരസ്കാരവിവരം പ്രഖ്യാപിച്ചത്.

അറുപതുകളിലേയും എഴുപതുകളിലേയും ഹിന്ദി സിനിമയിലെ മുൻനിര നായികമാരിലൊരാളാണ്. ഭറോസ, കട്ടി പതം​ഗ്, നന്ദൻ, ദോ ബദൻ, തീസരി മൻസിൽ, ചിരാ​ഗ് തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ.

1992-ൽ രാജ്യം പത്മശ്രീ നൽകി ആശയെ ആദരിച്ചിരുന്നു. രജനീകാന്തിനായിരുന്നു 2019-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം.

പത്താം വയസിൽ വെള്ളിത്തിരയിൽ

ബാലതാരമായിട്ടാണ് ആശാ പരേഖ് ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ‘മാ’ (1952) എന്ന ചിത്രത്തിലെ ബാലാതാരമായി ആശാ പരേഖിനെ സംവിധായകൻ ബിമല്‍ റോയ് കാസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് വയസ് മാത്രമുള്ളപ്പോഴായിരുന്നു ആദ്യ ചിത്രം. ബാലതാരമായി കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ച ആശാ പരേഖ് പിന്നീട് ഇടവേളയെടുക്കുകയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്‍തു. നസിര്‍ ഹുസൈന്റെ ‘ദില്‍ ദേകെ ദേഖോ’ എന്ന ചിത്രത്തില്‍ നായികയായി 1959ല്‍ ആശാ പരേഖ് വെള്ളിത്തിരയില്‍ തിരിച്ചെത്തി.  തുടര്‍ന്നങ്ങോട്ട് ‘ജബ് പ്യാര്‍ കിസി സെ ഹോതാ ഹേ’, ‘ഫിര്‍ വൊഹി ദില്‍ ലയാ ഹൂ’, ‘പ്യാര്‍ കാ മൗസം’, ‘കാരവൻ’, ‘ചിരാഗ്’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി തിളങ്ങി. രാജ്യം പദ്‍മശ്രീ നല്‍കി ആശാ പരേഖിനെ ആദരിച്ചിട്ടുണ്ട്.

ആശാ പരേഖര്‍ ഗുജറാത്തി, പഞ്ചാബി, കന്നഡ സിനികളിിലും അഭിനയിച്ചിട്ടുണ്ട്. അറുപതുകളില്‍ നായികയായി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടിയായ ആശാ പരേഖ്, എഴുപതുകളുടെ അവസാനവും എണ്‍പതുകളിലും ക്യാരക്ടര്‍ റോളുകളിലേക്ക് തിരിഞ്ഞു. ശേഷം ടെലിവിഷൻ പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്തു. 1990ല്‍ ഗുജറാത്തി സീരിയലായ ‘ജ്യോതി’ സംവിധാനം ചെയ്‍ത ആശാ പരേഖ് ‘പലാഷ് കെ ഫൂല്‍’, ‘ബാജെ പയാല്‍’ തുടങ്ങിയ ഷോകള്‍ നിര്‍മിച്ചു.

മികച്ച നടിക്കുള്ള ഗുജറാത്ത് സംസ്ഥാന അവാര്‍ഡ് അടക്കം ഒട്ടേറെ പുരസ്‍കാരങ്ങള്‍ ആശാ പരേഖിനെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്‍ക്കുള്ള പരമോന്നത ബഹുമതിയായ ദാദേ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും എഴുപത്തിയൊമ്പതാം വയസ്സില്‍ തേടിയെത്തിയിരിക്കുന്നു. 10 ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. രാഷ്‍ട്രപതി ദ്രൗപദി മുര്‍മുവാണ് അവാര്‍ഡ് സമ്മാനിക്കുക.

ലീഗ് നേതാക്കളെ കേസിൽ കുടുക്കുന്നു – എം കെ മുനീർ

0

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായിയുടെ അറസ്റ്റിൽ പ്രതികരിച്ച് എം കെ മുനീർ. ലീഗ് നേതാക്കളെ വിജിലൻസ് കേസുകളിൽ കുടുക്കുകയാണ്. അന്വേഷണത്തിൽ ഭയപ്പെടുന്നില്ല. എന്നാൽ, അന്വേഷണങ്ങളിൽ സുതാര്യത വേണമെന്നും എം കെ മുനീർ പറഞ്ഞു.

മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൽ അഴിമതിയെന്ന പരാതിയിൽ ആണ് അബ്ദുൽ റഹ്മാൻ കല്ലായിയെ പ്രതി ചേർത്തത്. പ്രതി ചേർക്കപ്പെട്ടവരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ റഹ്മാൻ കല്ലായി, കോൺഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ്, യു മഹ്റൂഫ് എന്നിവരെയാണ് ചോദ്യം ചെയ്തത്

മുൻകൂർ ജാമ്യ വ്യവസ്ഥ അനുസരിച്ചാണ് ഇവർ ഹാജരായത്. മട്ടന്നൂർ ടൗൺ ജുമുഅ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തത്. വഖഫ്‌ ബോർഡിന്‍റെ അനുമതിയില്ലാതെ നിർമ്മാണം നടത്തി. ഇതിൽ കോടികളുടെ വെട്ടിപ്പ്‌ നടത്തി എന്നിങ്ങനെയായിരുന്നു ഇവർക്കെതിരായ പരാതി.

കേരളത്തിൽ പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ബി സി സി ഐ

0

കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ബിസിസിഐ തയാർ. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി ഇക്കാര്യം അറിയിക്കാൻ അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കാണും. കൊച്ചിയിൽ സ്റ്റേഡിയം നിർമിക്കാനാണ് ശ്രമം. അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് ബിസിസിഐ ജോയിൻ്റ് സെക്രട്ടറി പ്രതീക്ഷ പങ്കുവെച്ചു.

തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ആദ്യ ടി-20 മത്സരം കാണാനെത്തുമ്പോഴാവും ഗാംഗുലി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. നിലവിൽ തിരുവനന്തപുരത്ത് മാത്രമാണ് കേരളത്തിലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം. പുതിയ സ്റ്റേഡിയം നിർമിക്കുന്നതിനൊപ്പം ഗ്രീൻഫീൽഡ് സ്റ്റേഡിയം സർക്കാർ ഏറ്റെടുക്കുന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ടെന്ന് ജയേഷ് ജോർജ് പറഞ്ഞു. അങ്ങനെയെങ്കിൽ കേരളത്തിൽ രണ്ട് രാജ്യാന്തര സ്റ്റേഡിയങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പ്രതികരിച്ചു.

രൂപ പിന്നെയും താഴേക്ക്

ഡോളറുമായുള്ള വിനിമയമൂല്യത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. തുടർച്ചയായ മൂന്നാംദിവസമാണ് രൂപ റെക്കോഡ് തകർച്ച നേരിടുന്നത്. ചരത്രത്തിൽ ഇത്രയും മൂല്യ തകർച്ച ഇന്ത്യൻ രൂപ നേരിട്ടിട്ടില്ല. ഒമ്പതുമാസത്തിനുള്ളിൽ 9.64 ശതമാനത്തോളമാണ് മൂല്യത്തകർച്ച.

വെള്ളിയാഴ്ച 35 പൈസ നഷ്ടത്തിൽ 81.23 എന്ന റെക്കോഡ് നിലവാരത്തിലേക്ക് താഴ്ന്ന രൂപ, തിങ്കളാഴ്ച 48 പൈസ നഷ്ടത്തിൽ 81.47ലാണ് വ്യാപാരം തുടങ്ങിയത്. ദിനവ്യാപാരവേളയിൽ നഷ്ടം 53 പൈസയായി ഉയർന്നു.ഡോളറിനെതിരെ മൂല്യം 81.52ലെത്തി. മുൻദിവസത്തെ അവസാന നിരക്കായ 80.99ൽനിന്ന്‌ 70 പൈസ നഷ്ടത്തിൽ 81.69ൽ വ്യാപാരം അവസാനിപ്പിച്ചു.

അമേരിക്കയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ്‌ തുടർച്ചയായി മൂന്നാംതവണയും പലിശനിരക്ക് ഉയർത്തുകയും വീണ്ടും നിരക്ക് ഉയർത്തിയേക്കുമെന്ന സൂചന നൽകുകയും ചെയ്തതോടെ ഡോളർ ശക്തിപ്പെടുകയാണ്.

റഷ്യ–-ഉക്രയ്ൻ സംഘർഷം പുതിയ തലത്തിലേക്ക് കടന്നതും ആഭ്യന്തര ഓഹരിവിപണിയിലെ പ്രതികൂലസാഹചര്യവും മറ്റ്‌ കാരണങ്ങൾ. വർഷാദ്യത്തിൽ ഡോളറിന്‌ 74.51 രൂപയായിരുന്നു.

ചൈനയിലെ അട്ടിമറിക്കഥയിൽ കുഴിയിൽ ചാടി റിപ്പബ്ലിക് ടി വി

0

ചൈനയിൽ സൈനിക അട്ടിമറിയെന്ന്‌ വാർത്ത പ്രചരിപ്പിക്കുന്നവരെ പരിഹസിച്ച്‌ ട്വിറ്ററിൽ പങ്കുവച്ച തമാശച്ചിത്രവും ബ്രേക്കിങ് ന്യൂസാക്കി റിപ്പബ്ലിക്‌ ടിവി.  ചൈനയിൽ സൈനിക അട്ടിമറി നടന്നെന്ന മാധ്യമ ഊഹാപോഹങ്ങൾക്കുള്ള മറുപടിയായാണ്‌  ജർമൻ വാർത്താ വെബ്‌സൈറ്റിന്റെ ബീജിങ്‌ ലേഖകൻ  ജോർജ്‌ ഫാരിയോൺ  ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്‌. ഒരു വൃദ്ധയെ സൈക്കിളിന്‌ പിന്നിലിരുത്തിപ്പോകുന്ന ഒരാളുടെ ചിത്രമടക്കമാണ്‌ ട്വീറ്റ്‌ ചെയ്‌തത്‌.

‘അട്ടിമറിക്കാർക്ക്‌ കൂടുതൽ സന്നാഹങ്ങൾ കവചിത വാഹനങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കിട്ടത്‌. ബീജിങ്ങിൽ ജനജീവിതം സാധാരണനിലയിലാണെന്ന്‌ കാണിക്കാനാണ്‌ ഇതുൾപ്പടെ ആറ്‌ ചിത്രം പങ്കുവച്ചത്‌. എന്നാൽ, ഈ ചിത്രമടക്കമുപയോഗിച്ച്‌ റിപ്പബ്ലിക്‌ ടിവി ചൈനയിൽ സൈനിക അട്ടിമറി എന്നപേരിൽ ചർച്ച സംഘടിപ്പിച്ചു. തന്റെ ട്വീറ്റ്‌ വാർത്തയായത്‌ ശ്രദ്ധയിൽപ്പെട്ട ജോർജ്‌ ഫാരിയോൺ വീണ്ടും ട്വീറ്റ്‌ ചെയ്‌തു:

രണ്ട്‌ കാര്യത്തിന്‌ അന്ത്യമില്ല, പ്രപഞ്ചത്തിനും മനുഷ്യന്റെ വിഡ്ഢിത്തത്തിനും.

കേരളത്തിൽ സ്വകാര്യ സർവ്വകലാശാലകൾ വരുന്നു

 കേരളത്തിൽ സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു. ഇതിനായി ‘കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാലാ ബില്‍’ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇ.എം.എസ്. അക്കാദമിയില്‍ നടന്ന പ്രത്യേക ശില്പശാലയിൽ പാർട്ടിക്കകത്തെ വിവിധ സംഘടനകൾക്ക് ഇടയിൽ ധാരണയായി.

ഉന്നതവിദ്യാഭ്യാസമേഖലയുടെ നിലവാരമുയര്‍ത്തല്‍ അനിവാര്യമാണെന്നും ഇതിനുള്ള നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സ്വകാര്യ സർവ്വകലാ ശാലകളുടെ പ്രാധാന്യത്തെ ഊന്നി.

സി.പി.എം. സംസ്ഥാന നേതൃയോഗങ്ങളില്‍ ചര്‍ച്ചചെയ്തശേഷം സംസ്ഥാനസര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കും. അധ്യാപക സംഘടനകളായ എ.കെ.ജി.സി.ടി., എ.കെ.പി.സി.ടി.എ., ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ എന്നിവയുടെയും എസ്.എഫ്.ഐ.യുടെയും പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു.

സ്വയംഭരണ കോളേജുകളെ കല്പിത സര്‍വകലാശാലകളാക്കി മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചയുണ്ടായി.കല്പിതപദവിയുള്ള സ്ഥാപനങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ മാനേജ്മെന്റുകള്‍ക്കാണ് അധികാരമെന്നിരിക്കേ, അധ്യാപകര്‍ക്കും മറ്റും സര്‍ക്കാര്‍ ശമ്പളംനല്‍കുന്നതിനെ മന്ത്രിമാരടക്കമുള്ളവര്‍ എതിര്‍ത്തു. ഒടുവില്‍ ചർച്ച, സ്വകാര്യ സര്‍വകലാശാലകള്‍ പ്രോത്സാഹിപ്പിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് കൊണ്ടു വന്നു.

നേതാക്കളുടെ ബർത്ത് സംരക്ഷിച്ചു

സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റുകള്‍ രാഷ്ട്രീയമുക്തമാക്കണമെന്ന കമ്മിഷന്‍ ശുപാര്‍ശയില്‍ മന്ത്രിമാരും സിന്‍ഡിക്കേറ്റ് ചുമതലയുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളും എതിര്‍പ്പറിയിച്ചു. ഈ ശുപാര്‍ശ നടപ്പാക്കേണ്ടെന്നാണ് ധാരണ. സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എണ്ണം ചുരുക്കണമെന്ന ശുപാര്‍ശ പരിഗണിക്കും.

ഗ്രീൻഫീൽഡിൽ ദക്ഷിണാഫ്രിക്കയെ തുരത്താൻ ഇന്ത്യ, ട്വൻ്റ് 20 നാളെ

0

ലോകചാമ്പ്യന്മാരെ തകർത്ത കരുത്തുമായി കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ ബുധനാഴ്‌ച ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.
രോഹിത്‌ ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഹൈദരാബാദിൽനിന്ന് ഇന്നലെ വൈകിട്ട്‌ നാലരയോടെയാണ്‌ തിരുവനന്തപുരത്ത് എത്തി.

ഇന്ന്‌ ഗ്രീൻഫീൽഡിൽ  വൈകിട്ട്‌ അഞ്ചുമുതൽ രാത്രി എട്ടുവരെ ടീം പരിശീലനത്തിനിറങ്ങും. ദക്ഷിണാഫ്രിക്ക പകൽ ഒന്നുമുതൽ നാലുവരെയും പരിശീലിക്കും. അതിനുമുമ്പായി ഇരുടീമുകളുടെയും ക്യാപ്‌റ്റന്മാർ മാധ്യമങ്ങളെ കാണും.

പത്രസമ്മേളനം

ടെംബ ബവുമ പകൽ 12.30നും രോഹിത്‌ശർമ വൈകിട്ട്‌ 4.30നും.

ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ വൈകീട്ട്‌ പരിശീലനത്തിന്‌ ഇറങ്ങി. ഗ്രീൻഫീൽഡിലേത്‌ നാലാമത്തെ രാജ്യാന്തര മത്സരമാണ്‌. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉൾപ്പെടെ കളി കാണാൻ എത്തും.

ബാക്കിയുള്ളത്‌ 2000 ടിക്കറ്റുകൾ
മത്സരത്തിന്റെ 2000 ടിക്കറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. 1500 രൂപയാണ് അപ്പര്‍ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപ, കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്.

സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ തിരിച്ചറിയൽകാർഡ്‌ കാണിക്കണം. ഒരു ഇമെയില്‍ ഐഡിയില്‍നിന്ന് ഒരാള്‍ക്ക് മൂന്ന്‌ ടിക്കറ്റുകളെടുക്കാം. അതിൽ ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in  എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍വഴിയും ടിക്കറ്റ് എടുക്കാം.