എം വി ഗോവിന്ദൻ സെക്രട്ടറി, മന്ത്രസഭാ പുനസംഘടന ഉടൻ

0

എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി. ഇതോടെ സര്‍ക്കാരിലും അഴിച്ചുപണി വേണ്ടി വരും. നിലവില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിട്ടുള്ള ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഒഴിയും. മന്ത്രിസഭയില്‍ എം.വി.ഗോവിന്ദന്റെ വിടവ് നികത്തണം.

മാത്രമല്ല എം.വി.ഗോവിന്ദന്‍ രാജിവെക്കുന്നതോടെ രണ്ട് ഒഴിവുകളാകും മന്ത്രിസഭയിലുണ്ടാകുക. വിവാദപരാമര്‍ശത്തില്‍ സജി ചെറിയാന്‍ രാജിവെച്ച ഒഴിവ് നിലവില്‍ മന്ത്രിസഭയിലുണ്ട്. സജി ചെറിയാൻ്റെ വകുപ്പുകള്‍ നിലവില്‍ മറ്റു മന്ത്രിമാര്‍ക്ക് വിഭജിച്ചു നല്‍കുകയാണ് ചെയ്തിട്ടുള്ളത്. പുനഃസംഘടനയില്‍ ഈ വിടവ് നികത്താമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം.

മന്ത്രിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഈ മാസം ആദ്യം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിനെ മുന്‍നിര്‍ത്തി ഈ സര്‍ക്കാര്‍ ഏറെ പിന്നിലാണെന്നാണ് മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ ശേഷം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായത്.

ഒന്നാം പിണറായി സര്‍ക്കാരില്‍ ജനകീയ മുഖമായിരുന്ന കെ.കെ.ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുമോ എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ട്. കെ.കെ.ശൈലജയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ ആരോഗ്യ വകുപ്പ് തന്നെ അവര്‍ക്ക് ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ ശൈലജയ്ക്ക് മാത്രം ഇളവ് എന്നത് മാറ്റി എ.സി മൊയ്തീനെയും പരിഗണിച്ചേക്കാം. മാത്രമല്ല വീണ ജോർജിന് പുതിയ പദവി പരിഗണിക്കാം. സ്പീക്കർ സ്ഥാനത്തും ചലനം ഉണ്ടാവാം.

പുതുമുഖങ്ങള്‍ വരട്ടെ എന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ സി.എച്ച് കുഞ്ഞമ്പു, പി നന്ദകുമാര്‍, പി പി ചിത്തരഞ്ജന്‍,എ.എന്‍.ഷംസീര്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും സാധ്യത തെളിയും.

എം വി ഗോവിന്ദൻ

കെഎസ്‌വൈഎഫ് പ്രവര്‍ത്തകനായാണ് ഗോവിന്ദന്‍ സിപിഐഎമ്മിലേക്കു വരുന്നത്. തുടര്‍ന്ന് കെഎസ്‌വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്‌കൂളിലെ കായിക അധ്യാപക ജോലി രാജിവച്ചാണ് സിപിഐഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാര്‍ ടൂറിസം സൊസൈറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. എണ്‍പതുകളില്‍ ഡിവൈഎഫ്‌ഐ. സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇ.പി.ജയരാജന്‍ വെടിയേറ്റ് ചികിത്സയിലായപ്പോള്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയുടെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്.

തളിപറമ്പിൽ നിന്നുള്ള എം എൽ എയും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമാണ്.

മൊറാഴയിലെ കെ.കുഞ്ഞമ്പുവിന്റേയും മീത്തിലെ വീട്ടില്‍ മാധവിയുടേയും ആറു മക്കളില്‍ രണ്ടാമന്‍. തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സണായിരുന്ന പി.കെ.ശ്യാമളയാണ് ഭാര്യ: ശ്യാംജിത്ത്, കുട്ടന്‍ എന്നിവര്‍ മക്കള്‍.

തിരുവനന്തപുരത്ത് പാർട്ടി ഓഫീസിനു പിറകെ ജില്ലാ സെക്രട്ടറിയുടെ വീടിനും കല്ലേറ്

സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.

ഇന്നലെ പുലർച്ചെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി തന്നെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. ജനൽ ചില്ലുകൾ തകർന്നതിന് പുറമെ പോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചു.

ആക്രമണം നടക്കുന്ന സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല, ഇന്നലെ അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു. പ്രാദേശിക നേതാക്കളാണ് വിവരം അറിയിച്ചത്.

ജില്ലാ ഓഫീസ് ആക്രമിച്ച മൂന്നു പേർ കസ്റ്റഡിയിൽ

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 3 എബിവിപി പ്രവർത്തകര്‍ കസ്റ്റഡിയിലാണ്. ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ  എന്നിവരാണ്‌ കസ്‌റ്റഡിയിലുള്ളത്‌. ഇവരെ തമ്പാനൂർ പൊലീസ്‌ സ്‌റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്‌.

കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരിൽ എൽഡിഎഫ് നടത്തിയ വികസന ജാഥയ്ക്കുനേർക്ക്‌ ആക്രമണം ഉണ്ടായത്. ഇതിനു തുടർച്ചയായി ഉണ്ടായ സംഭവ വികാസങ്ങളിലാണ് പാർട്ടി ഓഫീസിനു നേരെയും ആക്രമണം ഉണ്ടാവുന്നത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

അയ്യങ്കാളി കേരള ചരിത്രത്തിലെ സുവർണ നായകൻ – മുഖ്യമന്ത്രി

0

അരികുവൽക്കരിക്കപ്പെട്ട ദളിത് വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അയ്യങ്കാളി നടത്തിയ സമരങ്ങൾ ആധുനിക കേരള ചരിത്രത്തിലെ സുവർണ ഏടുകളാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ദളിത് കുട്ടികൾക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് വേതനവർധനവിനു വേണ്ടിയും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷകത്തൊഴിലാളി പണിമുടക്ക് ഇന്ത്യൻ ചരിത്രത്തിലെ ആദ്യ തൊഴിൽസമരം കൂടിയാണെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു. അയ്യങ്കാളിയുടെ 159 ാം ജന്മദിനമാണ് ഇന്ന്

മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ജാതി – ജന്മി – നാടുവാഴിത്ത വ്യവസ്ഥക്കെതിരെ ഐതിഹാസിക പോരാട്ടങ്ങൾ നയിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികമാണ്‌ ഇന്ന്‌. ആ സ്‌മരണ പുതുക്കാൻ കൂടിയുള്ള അവസരമാണ് ഈ ദിവസം.

സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയുമില്ലാതെ, നരകതുല്യ ജീവിതം നയിച്ചവരാണ് ദളിത് സമൂഹം. ഇവരുടെ അവകാശങ്ങൾക്കായി സമരങ്ങൾ സംഘടിപ്പിക്കാൻ അയ്യങ്കാളി മുന്നിട്ടിറങ്ങി. ചരിത്ര പ്രസിദ്ധമായ വില്ലുവണ്ടി യാത്രയും കല്ലുമാല സമരവും ഭൂപ്രഭുക്കന്മാരെ പ്രകോപിപ്പിച്ചു. ദളിത് കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് വേതനവർധനവിനു വേണ്ടിയും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷകത്തൊഴിലാളി പണിമുടക്ക് ഇന്ത്യൻ ചരിത്രത്തിലെ ആദ്യ തൊഴിൽസമരം കൂടിയാണ്.

അവർണരെന്ന് മുദ്രയടിക്കപ്പെട്ട ജനതക്ക് വിലക്കുകളില്ലാതെ സഞ്ചരിക്കാനും വിദ്യ അഭ്യസിക്കാനും സംഘടിക്കാനുമുള്ള  അവകാശങ്ങൾ നേടിയെടുക്കുന്നതിൽ മഹാത്മാ അയ്യങ്കാളി നയിച്ച സമരങ്ങളുടെ പങ്ക് ചെറുതല്ല. ഐതിഹാസികമായ ഇത്തരം ധീര പോരാട്ടങ്ങളാണ് ആധുനിക കേരളത്തിന് അടിത്തറ പാകിയത്. കേരളം നേടിയ സാമൂഹിക പുരോഗതിക്ക് ഈ സമരങ്ങളുടെ പിൻബലമുണ്ട്.

നവലിബറൽ സാമ്പത്തിക നയങ്ങളും വർഗീയ രാഷ്ട്രീയവും ജനജീവിതത്തെ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണിന്ന്. ജനപക്ഷ രാഷ്ട്രീയത്തിലൂന്നി പ്രവർത്തിക്കുന്ന ഇടതുപക്ഷത്തിനേ ഈ വെല്ലുവിളികളെ പ്രതിരോധിക്കാനാവൂ. എൽഡിഎഫ് സർക്കാരിന്റെ ബദൽ സമീപനങ്ങൾ ഈ പുരോഗമന നിലപാടുകളെ പ്രതിഫലിപ്പിക്കുന്നു.സാമുദായിക ഭിന്നതകളെയും സാമൂഹിക അസമത്വത്തെയും മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ ഇനിയുമേറെ ഉയർത്തേണ്ടതുണ്ട്. മഹാത്മാ അയ്യങ്കാളിയുടെ ആവേശമുണർത്തുന്ന ഓർമ്മകൾ അതിനുള്ള പ്രചോദനമായി തീരട്ടെ.

പി കെ ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പാർട്ടി അംഗം, പുറത്തു വന്ന പരാതിയിൽ നിയമന തട്ടിപ്പും സാമ്പത്തിക താത്പര്യങ്ങളും

0

പാർട്ടിക്ക് മേലുള്ള അധികാരങ്ങൾ ഉപയോഗിച്ച് വൻ തോതിൽ വെട്ടിപ്പുകൾ നടത്തിയതായി കെ.ടി.ഡി.സി. ചെയര്‍മാനും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ശശിക്കെതിരേ ലോക്കല്‍കമ്മിറ്റി അംഗത്തിന്റെ പരാതി.

പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍ അനധികൃത നിയമനങ്ങള്‍ നടത്തി ലക്ഷങ്ങള്‍ പിരിച്ചെടുത്തതായി പരാതിയിൽ വ്യക്തമാക്കുന്നു.

മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറും സി.പി.എം. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. മന്‍സൂര്‍ ജില്ലാ കമ്മിറ്റിക്ക് നൽകിയ പരാതിയിലാണ് അഴിമതി വിവരങ്ങൾ.

പി.കെ. ശശിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ പാര്‍ട്ടിശത്രുക്കളായി ചിത്രീകരിക്കുന്നതായും പരാതിയില്‍ പറയുന്നു.

രണ്ടുമാസംമുമ്പ് നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സഹോദരീപുത്രനെയും ഭാര്യയെയും അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റിയിലും റൂറല്‍ബാങ്കിലും നിയമിച്ചത് പാര്‍ട്ടിയുടെ ഒരു കമ്മിറ്റിയില്‍പ്പോലും ചര്‍ച്ചചെയ്യാതെയാണെന്നും പരാതിയിലുണ്ട്.

റൂറല്‍ബാങ്ക്, കുമരംപുത്തൂരിലെ സഹകരണബാങ്ക്, ഹൗസിങ് സൊസൈറ്റി തുടങ്ങി പാര്‍ട്ടിനിയന്ത്രണത്തിലുള്ള വിവിധ സഹകരണസ്ഥാപനങ്ങളിലെ നിയമനങ്ങളാണ് മന്‍സൂര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

പാര്‍ട്ടിയുടെ അനുമതിയില്ലാതെ സ്വാശ്രയകോളേജ് തുടങ്ങി. കോളേജിനായി 10 ഏക്കറോളം ഭൂമിവാങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നും ഇതിനുപിന്നില്‍ വലിയ സാമ്പത്തിക താത്പര്യം പി.കെ. ശശിക്കുണ്ടെന്നും പരാതിയില്‍ ഉന്നയിക്കുന്നു.

മണ്ണാര്‍ക്കാട്ടെ ഏരിയാ കമ്മിറ്റി ഓഫീസായ നായനാര്‍ മന്ദിരത്തിന്റെ നിര്‍മാണഫണ്ടിലെ ബാക്കിയുള്ള തുക സ്വന്തംപേരിലുള്ള അക്കൗണ്ടില്‍ റൂറല്‍ബാങ്കില്‍ നിക്ഷേപിച്ചതായും ആരോപണമുണ്ട്.

പി കെ ശശി പരാതികളെ അതിജീവിച്ച പാർട്ടി വഴികൾ

ലൈംഗിക പീഡന പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്ത ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയെ 2019 ലാണ് സിപിഎം തിരിച്ചെടുത്തത്. ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ശശിയെ തിരിച്ചെടുക്കണമെന്ന ജില്ലാ കമ്മിറ്റി നിർദ്ദേശം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് പി കെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യതത്.

നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്‍റെ ശുപാര്‍ശ.

തീവ്രത കുറഞ്ഞ് പീഡനം എന്നായിരുന്നു കണ്ടെത്തൽ. ആറുമാസത്തേക്കാണ് അന്ന് സസ്പെൻ്റ് ചെയ്തത്.

ശശിക്കെതിരെയുള്ള നടപടി സിപിഎം ജില്ലാ നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു. എംബി രാജേഷിന്‍റെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നിൽ ശശിയുടെ ഇടപെടലാണെന്നടക്കം ആരോപണം ഉയർന്നിരുന്നു. 

കഴിഞ്ഞ തവണ ഷൊർണ്ണൂരിൽ പി കെ ശശിക്ക് സീറ്റ് ലഭിക്കാതെ പോയത് പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ സംരക്ഷകർ അദ്ദേഹത്തെ കൈവെടിഞ്ഞില്ല. പകരം കെ ടി ഡി സി ചെയർമാൻ സ്ഥാനം നൽകിയാണ് സംരക്ഷിച്ചത്.

കേരളം ഹൃദ്രോഗികളുടെ തലസ്ഥാനമാവുന്നു; കരുതൽ ശീലങ്ങൾ വളർത്താം

0

കേരളത്തിൽ ഹൃദയ സംബന്ധമായ രോഗങ്ങളാൽ മരണപ്പെടുന്നവരുടെ എണ്ണം കുത്തനെ വർധിക്കുന്നു. ഇത്തരത്തിൽ മണപ്പെടുന്നത് കൂടുതലും യുവാക്കളാണെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. മലയാളിയുടെ ഉയർന്ന ജീവിത സമ്മർദ്ദവും ഭക്ഷണപാനീയ ശീലങ്ങളിലെ ശ്രദ്ധയില്ലായ്മയും പ്രധാന വില്ലനാവുകയാണ്.

മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ ഹൃദ്രോഗ ബാധിതരുടെ എണ്ണം മൂന്നിരട്ടി വര്‍ധിച്ചതായാണ് കണക്ക്. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. മലയാളികളുടെ കൊളസ്‌ട്രോള്‍ നിലവാരം അപകടകരമാംവിധം വര്‍ധിക്കുന്നതായും പഠനമുണ്ടായി.

25 ശതമാനം 40 വയസിന് താഴെയുള്ളവർ

പുതുതായി ഹൃദ്രോഗം കണ്ടെത്തുന്നവരില്‍ 25 ശതമാനത്തോളം പേര്‍ 40 വയസ്സില്‍ താഴെയുള്ളവരാണ്. 1970കളില്‍ 40 വയസ്സില്‍ താഴെ ഹൃദ്രോഗം അപൂര്‍വമായിരുന്നു. പുതിയ ഹൃദ്രോഗികളില്‍ 50 ശതമാനം പേരും 50 വയസില്‍ താഴെയുള്ളവരാണ്.

ഹൃദ്രോഗം സംബന്ധിച്ച് ഗവേഷണത്തിലേര്‍പ്പെട്ട സന്നദ്ധ സംഘടനയായ കൊറോണറി ആര്‍ട്ടെറി ഡിസീസ് എമംങ് ഏഷ്യന്‍ ഇന്ത്യന്‍സ് (കഡായ്) നടത്തിയ പഠനത്തിലാണ് കേരളത്തെ ആശങ്കയിലാഴ്ത്തുന്ന കണക്കുകൾ

30 വയസ്സ് എത്തും മുമ്പുതന്നെ കൊളസ്‌ട്രോള്‍ രോഗികളാകുന്നവരുടെ എണ്ണവും 14 വയസ്സ് എത്തും മുമ്പേ അമിത വണ്ണത്തിന് അടിപ്പെടുന്ന കുട്ടികളുടെ എണ്ണവും വര്‍ധിക്കുകയാണ്.

ആയുസിൽ മുന്നിൽ, പക്ഷെ മരണകാരിയാവുന്നത് ഹദ്രോഗം

മലയാളിയുടെ ശരാശരി പ്രതീക്ഷിത ആയുസ് 75 വയസാണ്. ഇന്ത്യയിലെ ദേശീയ ശരാശരി 64 വയസാണ്. മലയാളി 11 വര്‍ഷം കൂടുതൽ ജീവിക്കുന്നു. സമ്പന്ന രാജ്യമായ അമേരിക്കയുടെ ശരാശരി ആയുസ്സ് 78 ആണ്. മലയാളിയുടെ പ്രതീക്ഷിത ആയുസ്സിന്റെ വലുപ്പം വ്യക്തമാവുക സമ്പന്ന രാജ്യവുമായുള്ള ഈ താരതമ്യത്തിലാണ്.

ജീവിത നിലവാരം, ആരോഗ്യ സംരക്ഷണം, സുരക്ഷ, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് മാനദണ്ഡമാക്കുന്നത് പ്രതീക്ഷിത ആയുസാണ്. കേരളത്തിന്റെ വികസന മാതൃകയും ജീവിത നിലവാരവും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

ഹൃദ്രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് ഈ നേട്ടങ്ങളെയൊക്കെ തകിടം മറിക്കുകയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊഴുപ്പ് കൂടിയ ശീലങ്ങൾ, അമിതവണ്ണം, അമിത മദ്യപാനം, പുകവലി, വ്യായാമമില്ലായ്ക, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയാണ് ചെറുപ്പക്കാരെ ഹൃദ്രോഗികളാക്കുന്നത്.

സംസ്ഥാനത്ത് ഹൃദ്രോഗം മൂലം മരിക്കുന്ന പുരുഷന്‍മാരില്‍ 60 ശതമാനവും 65 വയസിന് താഴെയുള്ളവരാണ്. സ്ത്രീകളില്‍ 40 ശതമാനമാണ് 65 വയസിനു താഴെയുള്ളവർ. അമേരിക്കയില്‍ ഇത് 18 ശതമാനം മാത്രമാണ്.

ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവക്ക് പുറമേ മാംസ ഭക്ഷണത്തെ അമിതമായി ആശ്രയിക്കുന്നതും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നുണ്ട്. യുവത്വത്തിൽ ഇവയെല്ലാം കഴിക്കുന്നത് സാധാരണമാണ് എങ്കിലും വ്യായാമമില്ലായ്മ ഇതിനൊപ്പം അപകടം കൊണ്ടു വരുന്നു.

മറികടക്കുന്നത് എങ്ങിനെ

വെറുതെ ചികിത്സിക്കുക. എന്തു വന്നാലും മരുന്ന് ഉപയോഗിച്ച് മാറ്റാം എന്ന ധാരണ പുലർത്തുക എന്നതും അപകടകരമാണ്. ആരോഗ്യകരമായ ശീലങ്ങൾ വളർത്തുക പ്രധാനമാണ്. ഇവയിൽ പ്രധാനമാണ് വ്യായാമം. നടത്തവും ഓട്ടവും നീന്തലും വീട്ട് ജോലികൾ വരെ ഇതിന് പ്രയോജനപ്പെടുത്താം. അടിക്കലും തുടക്കലും ചെറിയ കാർഷിക പ്രവർത്തിയും എല്ലാം വ്യായാമത്തിലേക്ക് ചേർക്കപ്പെടും.

കോവിഡ് ദുർബലമാവുമ്പോൾ വാക്സിൻ കമ്പനികൾ പരസ്പരം ഏറ്റുമുട്ടലിൽ

0

പേറ്റന്റ് ലംഘനം ആരോപിച്ച് ഫൈസറിനും ഫൈസററിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോടെക്കിനുമെതിരെ കേസ് നല്‍കി മൊഡേണ. കോവിഡിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊഡേണ വികസിപ്പിച്ച സാങ്കേതികവിദ്യ പകര്‍ത്തിയെന്നാണ് പരാതി.

കൊറോണ വൈറസിനെതിരെ മൊഡേണ സ്വന്തമായും ഫൈസറും ബയോഎന്‍ടെകും സംയുക്തമായി വികസിപ്പിച്ച വാക്‌സിനുകളുമാണ് നോവല്‍ കൊറോണ വൈറസിനെതിരെയുള്ള ആദ്യത്തെ രണ്ട് വാക്‌സിനുകള്‍.

പേറ്റന്റ് ലംഘന പരാതിയില്‍ ഫൈസറിന്റെ 1.4 ശതമാനം ഓഹരികളും ബയോഎന്‍ടെകിന്റെ രണ്ട് ശതമാനം ഓഹരികളും ഇടിഞ്ഞു. മസാച്യുസെറ്റ്സിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലും ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലെ റീജിയണല്‍ കോടതിയിലും നഷ്ടപരിഹാരം ആവശ്യപ്പെടുന്ന കേസ് ഫയല്‍ ചെയ്തതായി മൊഡേണ വാര്‍ത്താക്കുറിപ്പില്‍ പരസ്യമാക്കി.

”കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ള ദശാബ്ദത്തില്‍ ഞങ്ങള്‍ തുടക്കമിട്ടതും കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചതും പേറ്റന്റ് നേടിയതുമായ നൂതനമായ എംആര്‍എന്‍എ ടെക്നോളജി പ്ലാറ്റ്ഫോമിനെ സംരക്ഷിക്കുന്നതിനാണ് ഞങ്ങള്‍ ഈ കേസുകള്‍ ഫയല്‍ ചെയ്യുന്നത്,” മൊഡേണ ചീഫ് എക്സിക്യൂട്ടീവ് സ്റ്റെഫാന്‍ ബാന്‍സല്‍ അവകാശപ്പെട്ടത്.

സാങ്കേതിക വിദ്യാ ചോരണമാണ് ഇരുകമ്പനികളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുന്നത്. 2010നും 2016നും ഇടക്ക് മൊഡേണ സമര്‍പ്പിച്ച പേറ്റന്റുകള്‍ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഫൈസറും ബയോടെകും ഉപയോഗിച്ചുവെന്നാണ് ആരോപണം. മൊഡേണയുടെ എംആര്‍എന്‍എ ടെക്‌നോളജിയുമായി ബന്ധപ്പെട്ട പേറ്റന്റുകളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതെന്നാണ് പരാതി. മൊഡേണ അവരുടെ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് എംആര്‍എന്‍എ സാങ്കേതികവിദ്യയായിരുന്നു.

ഏഷ്യാ കപ്പ്; ഇന്ത്യയും പാക്കിസ്ഥാനും നേർക്കു നേർ വരുമ്പോൾ

0

ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റിൽ ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ആറുടീമുകള്‍ മത്സരിക്കുന്നു. ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ്, ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് യു.എ.ഇ.യിലേക്ക് മാറ്റുകയായിരുന്നു.

ലോകക്രിക്കറ്റിലെ കരുത്തുറ്റ സാന്നിധ്യമായ ഇന്ത്യ, കരുത്തായി വളരുന്ന പാകിസ്ഥാൻ. പ്രതാപങ്ങളുടെ കാലം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ശ്രീലങ്ക, ഏറെക്കാലമായി മികച്ചനിലവാരത്തില്‍ കളി പ്രേമികളെ കയ്യിലെടുക്കുന്ന ബംഗ്ലാദേശ്, അട്ടിമറിയുടെ ആശാന്മാരായി അഫ്ഗാനിസ്ഥാൻ. യോഗ്യതാമത്സരം കളിച്ചെത്തുന്ന ഹോങ്കോങ്ങ് എന്നിങ്ങനെയാണ് ടീമുകളുടെ നിര.

2016, 2018 വർഷങ്ങളിലെ കഴിഞ്ഞ രണ്ട് ഏഷ്യാ കപ്പിലും ഇന്ത്യ കിരീടം നേടിയിരുന്നു. രണ്ടുവട്ടവും ഫൈനലില്‍ തോല്‍പ്പിച്ചത് ബംഗ്ലാദേശിനെയാണ്. കിടുങ്ങുന്ന ഫോമിൽ വന്നിട്ടും ജയം മറക്കുന്ന ടീമായി ബംഗ്ലാദേശ് ഇന്നും തുടരുകയാണ്.

മത്സരം ദുബായിലാണെങ്കിലും ടീമുകളുടെ കണ്ണ് ഈവര്‍ഷം ഒടുവില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിലാണ്.

ലോകകപ്പിനുള്ള അന്തിമ ഇലവനെ തിരഞ്ഞെടുക്കാനും ടീമിലെ വീക്ക് പോയിൻ്റുകൾ മനസിലാക്കി പരിഹരിക്കാനുമുള്ള നല്ല അവസരമാണിത്. ഈവര്‍ഷം ട്വന്റി 20 ലോകകപ്പ് നടക്കുന്നതുകൊണ്ടാണ് ഏഷ്യാ കപ്പും ഇതേ ഫോര്‍മാറ്റിലാക്കിയത്.

എഷ്യാ കപ്പിലെ താര പദവിയിൽ എന്നും ഇന്ത്യ

15ാമത് ടൂർണമെന്‍റാണ് ഇത്തവണത്തേത്. ഇതിൽ ഏറ്റവും കൂടുതൽ കിരീടം നേടിയത് ഇന്ത്യയാണ്. 7 തവണ ഇന്ത്യന്‍ ടീം ഏഷ്യാ കപ്പുയര്‍ത്തി.

1983ലാണ് ഏഷ്യാ കപ്പിന് തുടക്കമായത്. ഏഷ്യൻ രാജ്യങ്ങളിലെ ക്രിക്കറ്റ് സൗഹൃദം ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം. ആദ്യ ടൂർണമെന്‍റ് ഷാർജയിലായിരുന്നു. സുനിൽ ഗാവസ്കർ നയിച്ച ഇന്ത്യ അന്ന് ശ്രീലങ്കയെ തകർത്ത് കന്നിക്കിരീടം സ്വന്തമാക്കി. 1986ൽ സ്വന്തം നാട്ടിൽ ശ്രീലങ്ക ജേതാക്കളായി. ഇന്ത്യ വിട്ടുനിന്ന ടൂർണമെന്‍റ് കൂടിയായിരുന്നു ഇത്. 1988ൽ ശ്രീലങ്കയെ തോൽപിച്ച് ഇന്ത്യ വീണ്ടും കരുത്തുകാട്ടി. 1991ൽ ഇന്ത്യയായിരുന്നു വേദി. രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് പാകിസ്ഥാൻ വിട്ടുനിന്നു. അത്തവണ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ ടീം ഇന്ത്യ കിരീടം നിലനി‍ർത്തി. ഇന്ത്യ-പാകിസ്ഥാൻ പ്രശ്നത്തെ തുടർന്ന് 1993ലെ ഏഷ്യാ കപ്പ് ഉപേക്ഷിച്ചു. 

1995ൽ ഇന്ത്യ ജേതാക്കളായപ്പോള്‍ 1997ൽ ഇന്ത്യയെ തകർത്ത് ശ്രീലങ്ക വിജയികളായി. 2000ൽ പാകിസ്ഥാൻ വിജയികളായപ്പോള്‍ 2004ലും 2008ലും ശ്രീലങ്കയായിരുന്നു കിരീടധാരികള്‍. 2010ൽ എം എസ് ധോണി നയിച്ച ഇന്ത്യ ശ്രീലങ്കയെ തകർത്ത് കരുത്തുകാട്ടി. 2012ൽ പാകിസ്ഥാനും 2014ൽ ശ്രീലങ്കയുമായിരുന്നു ജേതാക്കൾ. 2016ലും 2018ലും നമ്മുടെ ടീം ഇന്ത്യ.

സെപ്റ്റംബര്‍ മൂന്ന് മുതല്‍ 9 വരെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളും 11-ാം തിയതി ഞായറാഴ്‌ച ഫൈനലും നടക്കും. ഉദ്ഘാടന മത്സരം പോലെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് കലാശപ്പോരിന്‍റേയും വേദി. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ട്വന്‍റി20 ഫോര്‍മാറ്റിലാണ് ഇത്തവണ മത്സരങ്ങള്‍. 

ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ ഹൈക്കോടതിയിൽ

ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയതിനെ തുടർന്നാണ് ഹർജി.

പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്‍റെ ഹര്‍ജിയിലെ ആവശ്യം. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്ന വാദം ഉയർത്തിയാണ് പിൻവലിക്കൽ അപേക്ഷ.

2012 ൽആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആദായ നികുതി വകുപ്പ് മോഹൻലാലിൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഇത് ഏറെ വിവാദമായിരുന്നു. വനം വകുപ്പും അധികാരികളും എല്ലാം വെട്ടിലായ കേസാണ്. എന്നാൽ സർക്കാർ ഇതിൽ പിൻവലിക്കൽ നിലപാട് എടുക്കുകയായിരുന്നു.

മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

വള്ളം കളി കാണാൻ അമിത് ഷാ; ആരവവുമായി പ്രതിപക്ഷം

0

സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച തീരുമാനത്തിൽ വിശദീകരണവുമായി സർക്കാർ. അമിത് ഷായെ മാത്രമല്ല ക്ഷണിച്ചതെന്നും ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരെ ഒട്ടാകെ ക്ഷണിച്ചുവെന്നും സർക്കാർ അറിയിച്ചു. സതേൺ സോണൽ കൗൺസിൽ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുന്നുണ്ട്. കേരളമാണ് യോഗത്തിന് അധ്യക്ഷത വഹിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

ഈ മാസം 30 മുതൽ സെപ്റ്റംബർ മൂന്നുവരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗം കോവളത്ത് നടക്കുന്നുണ്ട്. ഇതിൽ അമിത് ഷാ അടക്കം പ്രമുഖർ പങ്കെടുക്കും. യോഗത്തിനെത്തുമ്പോൾ വള്ളംകളിയിലും പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്.

നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അമിത്ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അദ്ദേഹം ആരോപിച്ചു.

വി ഡി സതീശൻ

അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ലാവ്‌ലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ പ്രശ്നമെന്ന് വ്യക്തമാക്കണം. സി.പി.എമ്മും ഡല്‍ഹിയിലെ സംഘപരിവാര്‍ നേതൃത്വവും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന യു.ഡി.എഫ്. ആരോപണം അടിവരയിടുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന് ആരോപിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ സംഘിയെന്ന് വിളിച്ച് ആക്ഷേപിച്ചവരാണ് സി.പി.എം. നേതാക്കള്‍. ഷിബു ബേബിജോണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സന്ദര്‍ശിക്കാന്‍ ഗുജറാത്തില്‍ പോയതിന്റെ പേരില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. അന്ന് പ്രേമചന്ദ്രനെയും ഷിബു ബേബിജോണിനെയും അധിക്ഷേപിച്ച സി.പി.എം. നേതാക്കള്‍ക്ക് ഇപ്പോള്‍ അമിത് ഷായെ ക്ഷണിച്ച പിണറായി വിജയന്റെ നടപടിയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും സതീശന്‍ പറഞ്ഞു.

ഈ അവസരവാദ നിലപാടില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും മറുപടി പറയണം. സി.പി.എം. കേന്ദ്ര ഘടകത്തെ നിയന്ത്രിക്കുന്ന സംസ്ഥാന ഘടകമാണ് കേരളത്തിലുള്ളത്. ഇത് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിലും കണ്ടതാണ്. ബി.ജെ.പി .വിരുദ്ധതയാണ് സി.പി.എം കേന്ദ്ര ഘടകത്തിന്റെ നിലപാടെങ്കിലും കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമാക്കി സംസ്ഥാന നേതൃത്വം ഹൈജാക്ക് ചെയ്തു. ഏതു ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തകര്‍ക്കണമെന്ന ആഗ്രഹമുള്ളവരാണ് കേരളത്തിലെ സി.പി.എമ്മുകാരെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സി.പി.ഐ. സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ ഒരു കാര്യവുമില്ലെന്നും സതീശന്‍ പറഞ്ഞു. ലോകായുക്ത ബില്ലിനെ ശക്തിയായി എതിര്‍ത്തെന്നാണ് സി.പി.ഐ. പറഞ്ഞത്. പിന്നീട് സി.പി.എമ്മുമായി ഒത്തുതീര്‍പ്പിലെത്തി. പിണറായി വിജയനെതിരെ മന്ത്രിസഭയിലെ ഒരാളുടെയും ചുണ്ടനങ്ങില്ല. ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിച്ചാണ് അദ്ദേഹം മന്ത്രിസഭ ഉണ്ടാക്കിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നു

0

 സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിയും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായാണ് റിപ്പോർട്ട്

ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്ന അവെയ്‌ലബിള്‍ പി.ബി. യോഗം വിഷയം ചര്‍ച്ച ചെയ്യും. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉള്‍പ്പെടെ തിരുവനന്തപുരത്തുള്ള പി.ബി. അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും.

കോടിയേരി ബാലകൃഷ്ണന് അവധി നല്‍കുകയാണോ ചെയ്യുക എന്നു വ്യക്തമല്ല. താല്‍ക്കാലിക സെക്രട്ടറി വേണമോ അതോ സ്ഥിരം സംവിധാനം വേണമോ എന്ന തീരുമാനം ഇതനുസരിച്ചാവും