കണ്ണീരിൻ മഴയത്തും………. കല്യാണി മേനോനെ ഓർക്കുമ്പോൾ

കല്യാണി മേനോൻ വിട പറഞ്ഞിട്ട് ഒരു വർഷം

സ്മരണ- പദ്മനാഭൻ തിക്കോടി

എ. ആർ. റഹ്മാന്റെ സംഗീതത്തിൽ ഒരു പ്രശസ്ത മലയാളം ടെലിവിഷൻ ചാനലിനു വേണ്ടി
ആലപിച്ച പി. ഭാസ്കരന്റെ
ശ്യാമസുന്ദര കേര കേദാര ഭൂമി, ജന ജീവിത പല ധാന്യ സമ്പന്ന ഭൂമി…’ എന്ന ഗൃഹാതുരത തുളുമ്പുന്ന കേരള പ്രണയഗാനം ഉൾപ്പെടെ ചലച്ചിത്രങ്ങളിലും അല്ലാതെയുമായി
ഒരുപിടി മനോഹരഗാനങ്ങളിലൂടെ മലയാളി സംഗീതാസ്വാദകരുടെ മനം കവർന്ന പ്രമുഖ സംഗീതജ്ഞയാണ് 2021 ഓഗസ്റ്റ് 02 ന് നമ്മോട് വിടപറഞ്ഞ കല്യാണി മേനോൻ.

തമിഴിലും മലയാളത്തിലുമായി നൂറിലേറെ ഹൃദയഹാരിയായ ഗാനങ്ങൾ ഇവർ ആലപിച്ചിട്ടുണ്ട്.
1973-ൽ തോപ്പിൽ ഭാസി സംവിധാനം ചെയ്ത ‘അബല’ യിലൂടെയാണ് ഇവർ ചലച്ചിത്രഗാനരംഗത്തെത്തുന്നത്. (ഈ ചിത്രം പക്ഷെ റിലീസായില്ല)
പ്രശസ്ത സംഗീതജ്ഞനായ
ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ,
എട്ടു രാഗങ്ങൾ ഒരുമിച്ചു വരുന്ന, ‘എന്നിനി ദർശനം…’ എന്നു തുടങ്ങുന്ന പ്രയാസമേറിയ ഗാനമായിരുന്നു ആദ്യം പാടിയത്. സിനിമയിൽ, കണ്ണുകാണാത്ത ഒരു കുട്ടി പാടുന്ന പാട്ടാണിത്.
ഇളയരാജ ചിട്ടപ്പെടുത്തിയ സംഗീതത്തിൽ, യേശുദാസുമൊത്ത് ഇവർ പാടിയ എം.ഡി. രാജേന്ദ്രന്റെ “ഋതുഭേദകല്പന…”യെ ജനം നെഞ്ചേറ്റി.
ആസ്വാദകരുടെ മനം കവർന്ന ‘പവനരച്ചെഴുതുന്നു കോലങ്ങളെന്നും…’, ‘ഇന്നോളം കാണാത്ത മുഖപ്രസാദം…’, ‘കണ്ണീരിൻ മഴയത്തും നെടുവീർപ്പിൻ കാറ്റത്തും…’, ‘ജലശയ്യയിൽ തളിരമ്പിളി…’, ‘പെണ്ണേ പെണ്ണേ നിൻ കല്യാണമായ്…’, ‘കാമിനീമണീ സഖീ…’ തുടങ്ങി ഒട്ടേറെ മികച്ച ഗാനങ്ങൾ തുടർന്നും ഇവരുടെ മധുരസ്വരത്തിൽ പുറത്തുവന്നു. മലയാളത്തിൽ ദക്ഷിണാമൂർത്തി കൂടാതെ, ദേവരാജൻ മാസ്റ്റർ, ബാബു രാജ്, എം. ബി. ശ്രീനിവാസൻ, കെ. രാഘവൻ, ശ്യാം, എ. ടി. ഉമ്മർ, എം. കെ. അർജുനൻ, ജോൺസൺ, രവീന്ദ്രൻ, വിദ്യാധരൻ, വിദ്യാസാഗർ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശ്രീവത്സൻ ജെ. മേനോൻ തുടങ്ങിയ എല്ലാ തലമുറയിലും പെട്ട പ്രതിഭാധനരായ സംഗീത സംവിധായകരുമൊത്ത് ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

1979-ൽ റിലീസ് ചെയ്ത, ശിവാജി ഗണേശൻ അഭിനയിച്ച,’നല്ലതൊരു കുടുംബ’ത്തിലാണ് തമിഴിൽ ആദ്യമായി പാടിയത്. ഇളയരാജയുടെ സംഗീതത്തിലുള്ള ‘സെവ്വാനമേ പൊൻമേഘമേ…’ എന്ന ഈ മധുര ഗാനം തമിഴ് സിനിമാലോകത്തേക്കുള്ള അവരുടെ ശക്തമായ കാൽവെപ്പായിരുന്നു. ‘സുജാത’, ‘സവാൽ’, ‘വാഴ് വേ മായം’, ‘വിധി’,
‘ശുഭ മുഹൂർത്തം’, ‘മൂക്കുത്തി മീൻകൾ’ മുതലായ പ്രശസ്ത പടങ്ങളും ഇവരുടെ ജനപ്രിയഗാനങ്ങളുമായി താമസിയാതെ എത്തി.
അലൈപായുതേ,മുത്തു, കാതലന്‍, പുതിയ മന്നാർകൾ
ഇന്ദിരൈയോ ഇവൾ സുന്ദരിയോ, കുലുവാലിലെ മൊട്ട് മലർന്തല്ലോ, വാടീ സാത്തുക്കൊടീ, അതിശയ തിരുമണം തുടങ്ങിയ സിനിമകളില്‍
എ.ആര്‍ റഹ്‌മാന്‍ ചിട്ടപ്പെടുത്തി ഇവർ പാടിയ പാട്ടുകള്‍ തമിഴകത്ത് സൂപ്പര്‍ ഹിറ്റായി.
തന്റെ എഴുപത്തി എട്ടാം വയസ്സിൽ ഇവർ അവസാനമായി പാടിയത് 2018-ന്റെ ഒടുവിൽ ഇറങ്ങിയ വിജയ് സേതുപതി സിനിമ 96 ലാണ്. ‘കാതലേ, കാതലേ…’ എന്ന ഈ ഗാനം സംഗീത പ്രേമികൾ വീണ്ടും നെഞ്ചേറ്റി.

മലയാളികളെക്കാളേറെ
തമിഴരാണ് തന്നെ കൂടുതൽ ഉത്സാഹത്തോടെ
സ്വീകരിച്ചതെന്ന് ചിലപ്പോൾ തോന്നിയതായി അവർ ഒരിക്കൽ സൂചിപ്പിച്ചിട്ടുണ്ട്.
തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാര ജേതാവാണ് കല്യാണി മേനോൻ.

ലാപ്ടോപ് ഉൾപ്പെടെ കുറെ മലയാള ചിത്രങ്ങളിലും ഹിന്ദിയിലെ ‘ഫൂലോം ജൈസി ലഡ് കി’, തെലുഗുവിലെ ‘കുന്ദനപു ബോമ്മ’ എന്നിവയിലും ഇവർ റഹ്‌മാന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്.
വാര്‍ധക്യ കാലത്ത് ചില ക്ലാസിക്ക് ഗാനങ്ങള്‍ കൂടി പാടി ഹിറ്റാക്കാന്‍ കല്യാണി മേനോന് കഴിഞ്ഞു. ശ്രീവത്സന്‍ ജെ മേനോന്‍റെ സംഗീതത്തില്‍ മൈ മദേഴ്സ് ലാപ്ടോപ്പ് എന്ന ചിത്രത്തിലെ ‘ ജലശൈയ്യയില്‍ ..’, 96 എന്ന തമിഴ് ചിത്രത്തിന് വേണ്ടി ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ‘ കാതലേ കാതലേ..’, ബാലെ എന്ന സ്വതന്ത്രസംഗീത ഗാനത്തിന്‍റെ ഫീമെയില്‍ വേര്‍ഷന്‍ ഇവയൊക്കെ പാടി പുതുതലമുറയെ കൂടി തന്‍റെ ശബ്ദം കൊണ്ടവര്‍ കീഴടക്കി.

എറണാകുളത്തെ കാരയ്ക്കാട്ട് കുടുംബാംഗമാണ്
ബാലകൃഷ്‌ണ മേനോന്റെയും എറണാകുളം സർക്കാർ ഗേൾസ് സ്കൂളിലെ അധ്യാപികയായിരുന്ന രാജമ്മയുടെയും ഏക മകളായി 1941 ജൂണ്‍ 23ന് ജനിച്ച കല്യാണിക്കുട്ടി എന്ന കല്യാണിമേനോൻ.

നവരാത്രി മഹോത്സത്തോടനുബന്ധിച്ച് എറണാകുളം ടി.ഡി.എം ഹാളിൽ അരങ്ങേറാറുള്ള കൊച്ചു കുട്ടികളുടെ സംഗീത മത്സരത്തിൽ തന്റെ അഞ്ചാം വയസ്സിൽ പങ്കെടുത്തുകൊണ്ടാണ് പൊതുവേദിയിൽ കല്യാണിക്കുട്ടി പാടിതുടങ്ങിയത്. സംഗീതത്തിൽ ഏറെ തൽപ്പരയായിരുന്ന
അമ്മ തന്നെയാണ് അന്ന് പാടിയിരുന്ന ഭക്തിഗാനങ്ങൾ ട്യൂൺ ചെയ്ത് കല്യാണിയെ പഠിപ്പിച്ചിരുന്നത്.
സംഗീത മത്സരങ്ങളിൽ സമ്മാനം ലഭിച്ചുതുടങ്ങിയതോടെ കല്യാണിയെ ഔപചാരികമായി സംഗീതം പഠിപ്പിക്കാൻ തുടങ്ങി.
സ്കൂൾ പഠനത്തിനും സംഗീത പരിശീലനത്തിനും ഒപ്പം, ലഭിക്കുന്ന നല്ല വേദികളിലൊക്കെ അവർ പാടി.
സ്കൂൾ തലത്തിൽ ആലാപനത്തിന് സിൽവർ കപ്പും, കോളേജ് തലത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഗോൾഡ് മെഡലും നേടി.

സംസ്ഥാന യുവജനോത്സവത്തിൽ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതോടെ, ഡെൽഹിയിൽ വച്ചു നടന്ന ചില പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അവിടെയും അവർ സമ്മാനത്തിന് അർഹയായി.

കോവിഡ് കാലത്തും അവർ പാടി.
2020 ഡിസംബറിൽ ഫാ. ബിനോജ് മുളവരിക്കൽ സംഗീതം നൽകിയ ‘ഉണ്ണിക്ക് രാരീരം…’ എന്നു തുടങ്ങുന്ന താരാട്ട് പാട്ടാണ് ഒടുവിൽ പാടിയത്.

അവസാന കാലങ്ങളിൽ ചെന്നൈയിലായിരുന്നു ഇവരുടെ താമസം. ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ രാജീവ് മേനോൻ മൂത്ത മകൻ. രാജീവിന്റെ ഒരു പടത്തിൽ, ഐശ്വര്യ റായിയുടെ മ്യൂസിക് ടീച്ചറായി അഭിനയിച്ചിട്ടുണ്ട്. മരുമകള്‍ ലത മേനോന്‍ ചലച്ചിത്ര സംവിധായിക ആണ്. രണ്ടാമത്തെ മകൻ കരുൺ റെയിൽവെയിൽ ജോലി ചെയ്യുന്നു.

തോമസ് ഐസക്കിന് വീണ്ടും ഇ ഡി നൊട്ടീസ്

കിഫ്ബി സാമ്പത്തിക സമാഹരണവുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 11 ന് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണം എന്നാണ് നിർദ്ദേശം.

ജൂലായ് 19- ന് ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ഇഎംഎസ് പഠനകേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ട് എന്ന കാരണം മുൻനിർത്തി അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.

കഴിഞ്ഞ ഇടതുസര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് കിഫ്ബിയുടെ വൈസ് ചെയര്‍മാനായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമൻ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ചിരുന്നു.

സംസ്ഥാനത്തിന്റെ വികസനത്തെ തടസപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായി ഇടതുസര്‍ക്കാരിനെ ആരോപണത്തിൻ്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് കേന്ദ്ര ഏജന്‍സിയായ ഇഡിയെ ഉപയോഗിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് തോമസ് ഐസക്കും സിപിഎമ്മും ആരോപിച്ചിരുന്നു.

പ്രവാസികളുടെ മക്കൾക്കുള്ള നോർക്ക സ്കോളർഷിപ്പ് വിതരണം പൂർത്തിയായി

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ് 2021-22 ലെ തുകവിതരണം പൂര്‍ത്തിയായി. തെരഞ്ഞെടുത്ത 350 വിദ്യാര്‍ത്ഥികള്‍ക്കായി 70 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് കഴിഞ്ഞ അദ്ധ്യയനവര്‍ഷം വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാർത്ഥിക്കും 20,000 രൂപയാണ് ലഭിക്കുക.

പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും, ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്കും അഡ്മിഷന്‍ എടുത്തവർക്കും വർഷത്തിൽ നൽകുന്ന സ്കോളർഷിപ്പാണ്. പദ്ധതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം യോഗ്യരായ 516 അപേക്ഷകരില്‍ നിന്നുമാണ് അര്‍ഹരായവരെ കണ്ടെത്തിയത്. പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സിനു പഠിക്കുന്ന 187 പേര്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സിനു പഠിക്കുന്ന 163 പേരും നോര്‍ക്ക ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.

പ്രവാസിമലയാളികളായ നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടര്‍മാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതി. 2019 – 20 കാലഘട്ടത്തിലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം ECR (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയില്‍പ്പെട്ട വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ കുട്ടികള്‍ക്കും തിരികെയെത്തിയ പ്രവാസികളുടെ (വരുമാനം 2 ലക്ഷം രൂപ വരെ) കുട്ടികള്‍ക്കുമാണ് പദ്ധതിയുടെ അനൂകൂല്യം ലഭിച്ചത്.

ഈ പദ്ധതിക്കായി ഗവണ്‍മെന്റ് വിഹിതമായ 15 ലക്ഷം രൂപയും നോര്‍ക്കറൂട്ട്‌സ് ഡയറക്ടേഴ്‌സ് വിഹിതമായ 55 ലക്ഷം രൂപയും ചേര്‍ന്ന് ആകെ 70 ലക്ഷം രൂപയാണ് സ്‌കോളര്‍പ്പിനായി വിനിയോഗിച്ചത്. നോര്‍ക്കാ വൈസ് ചെയര്‍മാനും ഡയറക്ടറുമായ എം.എ യൂസഫലി, ഡയറക്ടര്‍മാരായ ഡോ ആസാദ് മൂപ്പന്‍, ഡോ രവി പിളള, ശ്രീ ജയകൃഷ്ണ മേനോന്‍, സി.വി റപ്പായി, ഒ.വി മുസ്തഫ എന്നിവര്‍ പദ്ധതിക്കായി തുക സംഭാവന ചെയ്തിരുന്നു.

കോൺഗ്രസിന് വീണ്ടും പൂട്ട്; നാഷണൽ ഹെറാൾഡ് സീൽ ചെയ്തു

നാഷണല്‍ ഹെറാള്‍ഡ് ഓഫിസ് സീല്‍ ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്നലെ നടന്ന റെയ്ഡിന് തുടര്‍ച്ചയായാണ് നടപടി. അന്വേഷണത്തിന് ശേഷമുള്ള തുടര്‍നടപടികളുടെ ഭാഗമായാണ് റെയ്‌ഡെന്നാണ് ഇ.ഡി വിശദീകരണം.

കഴിഞ്ഞ ദിവസം ഓഫീസ് റെയിഡ് ചെയ്തിരുന്നു. ശേഖരിക്കാൻ പറ്റാതിരുന്ന രേഖകൾ സംരക്ഷിക്കാൻ എന്ന പേരിലാണ് ഇപ്പോൾ ഓഫീസ് സീൽ ചെയ്തത്.

നാഷണല്‍ ഹെറാല്‍ഡ് ബില്‍ഡിംഗിലെ യങ് ഇന്ത്യയുടെ ഓഫീസാണ് ഇ ഡി സീല്‍ ചെയ്തതത്. ഇഡിക്ക് സമഗ്ര അധികാരം ശരിവച്ച സുപ്രിംകോടതി വിധി പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തപ്രസ്താവനയിറക്കി

സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും സുദീർഘമായി ചോദ്യം ചെയ്യലിന് വിധേയമാക്കിയ ശേഷമാണ് ഓഫീസ് അടച്ചു പൂട്ടിയിരിക്കുന്നത്.

നേരത്തെ പാഞ്ച്കൂളയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ 64 കോടിയോളം രൂപയുടെ വസ്തു വകകള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള പരിശോധനകളുടെ ഭാഗമായാണ് ഇന്നലെയും ഡല്‍ഹിയിലെ ആസ്ഥാനത്തടക്കം 12 ഇടങ്ങളില്‍ റെയ്ഡ് നടത്തിയ്ത്. ഇന്നുച്ചയോടെയാണ് ഓഫിസ് സീല്‍ ചെയ്തത്.

വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്രസർക്കാർ അടവാണ് നടപടിയെന്ന് കോൺഗ്രസ് ആരോപിച്ചു. നാഷണൽ ഹെറാൾഡിന്റെ പേരിൽ ഏതാണ്ട് 2000 കോടിയുടെ സ്വത്തുക്കളുണ്ടെന്നാണ് കണക്ക്.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേർണലിനെ, സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് ആരോപിച്ചുള്ള കേസിലാണ് ഇ.ഡി നടപടി.

+1 ക്ലാസുകൾ 25 ന് തുടങ്ങും

പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ഈ മാസം അഞ്ചിന് ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. രണ്ടാംഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് വ്യാഴാഴ്ചയും അവധി

0

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനം തിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വകാര്യതയിലേക്ക് കടന്നു കയറുന്നതിൽ എതിർപ്പ് നേരിട്ട ഡേറ്റ പ്രൊട്ടക്ഷൻ ബിൽ കേന്ദ്രം പിൻവലിച്ചു

വ്യക്തിവിവര സംരക്ഷണ ബില്‍ (പേഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021) കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍നിന്ന് പിന്‍വലിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി (ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റി -ജെ.പി.സി.) 81 ഭേദഗതികള്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ബില്‍ പിന്‍വലിക്കേണ്ടി വന്നത്.

2019 ഡിസംബര്‍ 11-നാണ് ബില്‍ സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. പൗരന്മാരുടെ മൗലികാവാകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ബില്ലിനെതിരേ രംഗത്തെത്തിയിരുന്നു. പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ എന്നാണ് പേര് എങ്കിലും വ്യക്തികളെ ചൂഴുന്നു എന്നായിരുന്നു വിമർശനം. തുടര്‍ന്ന് ഇത് പരിശോധനയ്ക്കും നിര്‍ദേശങ്ങള്‍ക്കുമായി സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 16-ന് സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വെക്കുകയും ചെയ്തിരുന്നു.

2019 ഡിസംബർ 11 ന് ഐ ടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിച്ചത്. ലോകത്തിലെ രണ്ടാമത്തെ ഇൻ്റർനെറ്റ് മാർക്കറ്റാണ് ഇന്ത്യ. ഇൻ്റർ നെറ്റ് രംഗത്തെ ഭീമൻ കമ്പനികൾ എല്ലാം ബില്ലിൽ എതിർപ്പ് ഉയർത്തിയിരുന്നു. സ്വകാര്യതയെ മാനിക്കാതെ സർക്കാർ സംവിധാനങ്ങൾക്ക് വ്യക്തികളിലേക്ക് കടന്നു കയറാൻ അനുമതി നൽകുന്നു എന്നതായിരുന്നു ഇൻ്റർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ ഉയർത്തിയ മുഖ്യ വിമർശനം.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം, വിവര സംരക്ഷണ അതോറിറ്റി (ഡേറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി ) സ്ഥാപിക്കല്‍ തുടങ്ങിയവയായിരുന്നു ബില്ലിലൂടെ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്ന ലക്ഷ്യങ്ങള്‍.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവാണ് ബില്‍ പിന്‍വലിക്കാനുള്ള പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പ്രമേയം ശബ്ദവോട്ടോടെ പാസാക്കി.

ഡിജിറ്റല്‍ മേഖലയില്‍ സമഗ്രമായ നിയമ ചട്ടക്കൂട് കൊണ്ടുവരുന്നതിനായി 81 ഭേദഗതികളും 12 നിര്‍ദേശങ്ങളും സംയുക്ത പാര്‍ലമെന്ററി സമിതി മുന്നോട്ടുവെച്ചിരുന്നു. ഈ സാഹചര്യത്തില്‍, ബില്‍ പിന്‍വലിക്കാനും സമഗ്രമായ ഒരു പുതിയ ബില്‍ അവതരിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ യോഗം വിളിച്ച് മന്ത്രി

സ്‌കൂള്‍ ക്യാമ്പസിലും ക്ലാസ് മുറിയിലും വിദ്യാര്‍ഥികള്‍ മൊബൈല്‍ഫോണ്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. വിദ്യാര്‍ഥികളുടെ അമിതമായ ഫോണ്‍ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി പത്രസമ്മേളനത്തിനിടെ ആവശ്യപ്പെട്ടു.

സ്‌കൂള്‍ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികള്‍ക്ക് കൊണ്ടുപോകരുത്.

മൊബൈല്‍ ഫോണ്‍ നിരോധനവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തേ പുറത്തിറക്കിയിട്ടുണ്ട്.

കോവിഡ് കാലത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതായപ്പോള്‍ ഓണ്‍ലൈന്‍പഠനത്തിനായി മൊബൈല്‍ ഫോണുകളാണ് വിദ്യാര്‍ഥികള്‍ ആശ്രയിച്ചത്. അധ്യാപകരുമായും വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനും ക്ലാസുകള്‍ക്കും അത് അത്യാവശ്യവുമായിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ മൊബൈല്‍ ഉപയോഗം വ്യാപകമായത് ഈ സമയത്താണ്.

എന്നാൽ ഇത് പഠനത്തിനപ്പുറം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും, സ്വഭാവ വൈകല്യങ്ങള്‍ക്കും വഴിവെച്ചതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യജീവിതത്തിലെ അനാരോഗ്യകരമായ പ്രവണതകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വളരുന്നതില്‍ മൊബൈല്‍ഫോണിന്റെ പങ്കും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എ.ഇ.മാരടക്കമുള്ളവരുടെ മേഖലാ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്തും ഒന്‍പതിന് തൃശൂരുമാണ് യോഗം

ഹയർ സെക്കൻ്ററിയിൽ ഇനി ഹെഡ് മാഷ് ഇല്ല

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരാകും ഇനി മേധാവിയെന്നും ഹെഡ്മാസ്റ്റര്‍ പദവി ഉണ്ടാകില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി. ഹെഡ്മാസ്റ്റര്‍ മാര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ പദവി ആയിരിക്കും ഉണ്ടാകുക .മലയാളം പാഠപുസ്തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തുമെന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട്ട് വെച്ച് നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ ക്യാമ്പസിലും ക്ലാസ് മുറിയിലും വിദ്യാര്‍ഥികള്‍ മൊബൈല്‍ഫോണ്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജെൻഡർ ഇക്വാലിറ്റിയിലേക്ക് വിദ്യാലയങ്ങൾക്ക് സ്വയം തീരുമാനിച്ച് വരാം

സ്‌കൂളിലെ പിടിഎ അടക്കമുള്ള മുഴുവന്‍ പേര്‍ക്കും സ്വീകാര്യമാണെങ്കില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞു. സൗകര്യമുള്ള സ്‌കൂളുകള്‍ അപേക്ഷ നല്‍കിയാല്‍ മിക്‌സഡ് സ്‌കൂളുകളാക്കുമെന്നും ഇതും പിടിഎ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സമീപത്തെ സ്‌കൂളുകള്‍ അടക്കമുള്ളവരുടെ താത്പര്യം പരിഗണിച്ചായിരിക്കും നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അധ്യാപന സമയം ഉറപ്പാക്കണം

സ്‌കൂള്‍ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികള്‍ക്ക് കൊണ്ടുപോകരുതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്‍.പി, യു.പി ക്ലാസുകളില്‍ 200-ഉം ഹൈസ്‌കൂളില്‍ 220 അധ്യയന ദിവസങ്ങളും ഉണ്ടാവണം. പഠന-പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ കുട്ടികളെ കാണികളാക്കി സ്‌കൂളിനകത്തോ പുറത്തോ ക്ലാസ് സമയങ്ങളില്‍ പൊതുപരിപാടികളോ മറ്റ് പരിപാടികളോ സംഘടിപ്പിക്കരുതെന്നും മന്ത്രി അറിയിച്ചു. ഇത് കുട്ടികളുടെ അധ്യയനസമയം നഷ്ടമാക്കുമെന്നും മന്ത്രി ചൂണ്ടികാട്ടി

കാണികളിൽ ഒപ്പത്തിനൊപ്പമല്ല സ്ട്രേഞ്ചർ തിങ്സും സ്ക്വിഡ് ഗെയിംസും

സ്ട്രേഞ്ചർ തിങ്സ് നാലാം സീസൺ കാഴ്ചക്കാരിൽ തരംഗം സൃഷ്ടിച്ച് മുന്നേറുമ്പോഴും സ്ക്വിഡ് ഗെയിം റെക്കോർഡ് ഭദ്രം. നെറ്റ്ഫ്ലിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇംഗ്ലീഷ് ടിവി സീരീസായി ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത് സ്ട്രേഞ്ചർ തിങ്സ് സീസൺ ഫോറാണ്. എന്നാൽ നെറ്റ് ഫ്ലിക്സിലെ മൊത്തം കാഴ്ചക്കാരിൽ സ്ക്വിഡ് ഗെയിംസിനെ മറികടക്കാനായില്ല.

സ്ട്രേഞ്ചർ തിങ്സ് ആദ്യ മാസം 1.352 ബില്ല്യൺ മണിക്കൂറുകൾ സ്ട്രീം ചെയ്യപ്പെട്ടു. രണ്ട് ഭാഗങ്ങളായാണ് സീസൺ ഫോർ സ്ട്രീം ചെയ്തത്. ഇത് രണ്ടും കൂടിയുള്ള കണക്കാണിത്. അതേസമയം, സ്ക്വിഡ് ഗെയിംസ് ആവട്ടെ 1.650 ബില്ല്യൺ മണിക്കൂറുകൾ സ്ട്രീം ചെയ്യപ്പെട്ടു. 28 ദിവസത്തെ കണക്കിലാണ്.

എന്നാൽ ഈ മേൽക്കൈ കോവിഡ് കാലത്തെ ബോറടിയിൽ നേടിയതാണ് എന്ന് വാദിക്കുന്നവരുമുണ്ട്.

നെറ്റ്ഫ്ലിക്സ് സീസൺ ഫോറിൻ്റെ ആദ്യ ഭാഗം മെയ് 27നാണ് പുറത്തിറങ്ങിയത്. ഏഴ് എപ്പിസോഡുകൾ ആദ്യ ഭാഗത്തിലുണ്ടായിരുന്നു. രണ്ട് എപ്പിസോഡുകൾ അടങ്ങിയ രണ്ടാം ഭാഗം ജൂലായ് ഒന്നിന് റിലീസായി. സീരീസിന് ഇനിയൊരു ഫൈനൽ സീസൺ കൂടിയുണ്ടാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

സ്ക്വിഡ് ഗെയിമിൻ്റെ ആകെ സമയം 8 മണിക്കൂറാണ്. അതേസമയം, സ്ട്രേഞ്ചർ തിങ്സ് സീസൺ 4.13 മണിക്കൂറുണ്ട്. അഞ്ച് മണിക്കൂർ അധികമുണ്ടെങ്കിലും സ്ക്വിഡ് ഗെയിമിനെ മറികടക്കാൻ സ്ട്രേഞ്ചർ തിങ്സിനു കഴിഞ്ഞില്ല. ഒന്നാം സ്ഥാനത്ത് സ്ക്വിഡ് ഗെയിമും രണ്ടാം സ്ഥാനത്ത് സ്ട്രേഞ്ചർ തിങ്സും ഉള്ള പട്ടികയിൽ ബ്രിഡ്ജ്ടണിൻ്റെ രണ്ടാം സീസണാണ് മൂന്നാമത്. ആകെ 656 മില്ല്യൺ മണിക്കൂറുകളിൽ ബ്രിഡ്ജ്ടൺ സീസൺ 2 സ്ട്രീം ചെയ്യപ്പെട്ടു.

റൊമാൻ്റിക് ഡ്രാമയായി വെർജിൻ റിവറാണ് ഇംഗ്ലീഷിൽ ഇവയക്ക് ഒപ്പം പ്രേക്ഷകരുടെ എണ്ണത്തിൽ മത്സരത്തിലുള്ളത്. കൊറിയൻ എൻട്രിയിൽ ഇത് എക്സ്ട്രാ ഓർഡിനറി അറ്റോണി വൂ ആണ്