തോമസ് കപ്പ് ബാഡ്മിൻ്റണിൽ ആദ്യമായി ഇന്ത്യയ്ക്ക് കിരീടം

തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യ. ഞായറാഴ്ച നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്‍ഡൊനീഷ്യയെ തകര്‍ത്ത് കന്നിക്കിരീടം സ്വന്തമാക്കി. 73 വര്‍ഷം പഴക്കമുള്ള ടീം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യ സ്വര്‍ണമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.

14 തവണ ചാമ്പ്യന്മാരായ ഇന്‍ഡൊനീഷ്യയെ ഫൈനലില്‍ 3-0നാണ് ഇന്ത്യ തകര്‍ത്തത്. കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് വിജയശില്‍പികളായത്.

ഫൈനലിലെ ആദ്യ സിംഗിള്‍സ് പോരാട്ടത്തില്‍ ലക്ഷ്യ സെന്‍, എ. ഗിന്റിങ്ങിനെ (8-21, 21-17, 21-16) തകര്‍ത്തതോടെ ഇന്ത്യ 1-0ന് ലീഡെടുത്തു. തുടര്‍ന്ന് നടന്ന ഡബിള്‍സ് പോരാട്ടത്തില്‍ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്‌സന്‍ – കെവിന്‍ സഞ്ജയ സുകമുല്‍ജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്‌കോറിന് മറികടന്ന് ഇന്ത്യയുടെ ലീഡ് 2-0 ആക്കി ഉയര്‍ത്തി. ഫൈനലിലെ നിര്‍ണായകമായ രണ്ടാം സിംഗിള്‍സ് പോരാട്ടത്തില്‍ കിഡംബി ശ്രീകാന്ത്, ജൊനാതന്‍ ക്രിസ്റ്റിയെ (21-15, 23-21) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തതോടെ ഇന്ത്യ ചരിത്ര സ്വര്‍ണം സ്വന്തമാക്കി.

ക്വാര്‍ട്ടറില്‍ മലേഷ്യയെയും സെമിയില്‍ ഡെന്‍മാര്‍ക്കിനെയും അട്ടിമറിച്ചാണ് ഇന്ത്യ ചരിത്രത്തിലാദ്യമായ് ഫൈനലില്‍ എത്തിയത്. എച്ച് എസ് പ്രണോയ് നയിച്ച സംഘം ഇതോടെ ചരിത്രത്തിലിടം നേടി

ഇഷ്ട ബ്രാൻ്റുകൾക്ക് പത്ത് ശതമാനം വരെ വില കൂടും

മദ്യത്തിന് പത്തുശതമാനംവരെ വില കൂടുമെന്നുറപ്പായി. സ്പിരിറ്റിന് 30 ശതമാനം വിലകൂടിയ സാഹചര്യത്തിൽ മദ്യത്തിനു വിലകൂട്ടണമെന്ന നിർബന്ധത്തിലാണ് ഡിസ്റ്റിലറികൾ. വിരോധമില്ലെന്നു സർക്കാരിനെ ബിവറേജസ് കോർപ്പറേഷൻ അറിയിച്ചതോടെ വിലവർധന നടപ്പാക്കുകയാണ്. ഏറ്റവും അധികം വിറ്റു പോകുന്ന ബ്രാൻ്റുകൾക്ക് ഇതുവഴി 60 മുതൽ 90 വരെ രൂപ വർധിച്ചേക്കും.

സർക്കാർ നേരിട്ട് ഉത്പാദിപ്പിച്ചു നൽകുന്ന ജവാൻ മദ്യത്തിനും വില കൂട്ടും. സ്പിരിറ്റുവില കൂടിയതോടെ ഒരുലിറ്റർ ജവാൻ റം മൂന്നര രൂപ നഷ്ടത്തിലാണു വിൽക്കുന്നത് എന്നാണ് അവകാശ വാദം. ജവാന്റെ വില വർധനയ്ക്കൊപ്പം സ്വകാര്യ കമ്പനികളുടെ മദ്യത്തിനും വില കൂട്ടിക്കൊടുക്കാനാണ് സർക്കാർ ശ്രമം.

എന്തു വില കൊടുത്തും മദ്യം വാങ്ങും എന്ന കണ്ടെത്തലാണ് ഇപ്പോഴുള്ളത്. വില കുറഞ്ഞ ബ്രാൻ്റുകൾ ഇല്ലാതായപ്പോൾ ബിവറിജസ് കോർപ്പറേഷന് കച്ചവടം വർധിക്കയാണുണ്ടായത്.

മദ്യത്തിനു വിലകൂട്ടണമെന്നാശ്യപ്പെട്ട് ഡിസ്റ്റിലറികൾ സർക്കാരിനു നോട്ടീസ് നൽകിയിരുന്നെങ്കിലും വിലകൂട്ടാൻ തയ്യാറായിരുന്നില്ല. തുടർന്നു പ്രമുഖ കമ്പനികൾ മദ്യവിതരണം കുറച്ചു. അതോടെ ചില്ലറ വിൽപ്പനശാലകളിൽ ജീവനക്കാരും മദ്യം വാങ്ങാനെത്തുന്നവരും തമ്മിൽ വഴക്കും പതിവായി. ലിറ്ററിന് 800 രൂപയിൽ താഴെയുള്ള മദ്യംകിട്ടാത്ത അവസ്ഥയായതോടെ അത്യാവശ്യക്കാർ വിലകൂടിയ മദ്യംവാങ്ങാൻ തുടങ്ങി. അത് ബിവറേജസ് കോർപ്പറേഷനു നേട്ടമായി. കഴിഞ്ഞമാസം 450 കോടി രൂപയോളം കൂടുതൽ ലഭിച്ചു.

800 രൂപയിൽ താഴെയുള്ള മദ്യംവിൽക്കുന്നതിലൂടെ ആകെയുള്ളതിന്റെ 40 ശതാനം വരുമാനമാണ് ബിവറേജസ് കോർപ്പറേഷനു ലഭിക്കാറുള്ളത്. 750 മില്ലിക്ക് 800-നും 1200-നും ഇടയിൽ വിലയുള്ള മദ്യ ബ്രാൻ്റുകളാണ് ഏറ്റവും അധികം ചിലവഴിയുന്നത്.

ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തിൽ കൊല്ലപ്പെട്ടു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്ര ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള സ്വന്തം താമസ സ്ഥലത്തിന് അടുത്താണ് അപകടം.

ഓസ്‌ട്രേലിയക്കായി 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയന്‍ ടീമിനായി കളിച്ചു.

ഈ വര്‍ഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ന്‍ വോണിന്റേയും റോഡ് മാര്‍ഷിന്റേയും മരണ വാർത്തയ്ക്ക് പിറകെ എത്തിയ അപകടം ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കുന്നതായി.

2003,2007 ലോകകപ്പുകള്‍ കരസ്ഥമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം. റോയ് എന്ന് സഹതാരങ്ങള്‍ വിളിച്ചിരുന്ന സൈമണ്ട്‌സ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു.

198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സൈമണ്ട്‌സ് 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.

എതിരാളികൾ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയ്യൻ ബാറ്റ്സമാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി.

തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകൾ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു സൈമണ്ട്സ്. മിന്നുന്ന റിഫ്ലക്ഷനും കൃത്യതയാർന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നേടുന്ന അഞ്ചാമത്തെ ഫീൽഡ്സ്മാൻ എന്ന നേട്ടത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു.

ഏകദിനത്തില്‍ 1998 -ല്‍ പാകിസ്താനെതിരായിട്ടായിരുന്നു അരങ്ങേറ്റം. 2009-ല്‍ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും കളിച്ചത്.

ത്രിപുരയിൽ മണിക് സാഹ മുഖ്യമന്ത്രി പദത്തിൽ

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി. ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചതിനെ തുടര്‍ന്നാണ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്നു ഇദ്ദേഹം. 2016-ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഈ വര്‍ഷം ആദ്യം ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 ത്രിപുര ബിജെപിക്കുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ശേഷിക്കെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ബിപ്‌ളവ് കുമാര്‍ ദേവിന്റെ പടിയിറക്കം ഉണ്ടായത്. ഭരണനേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേക്കാലമായി ഒരുവിഭാഗം ബിജെപി എംഎല്‍എമാര്‍ ബിപ്‌ളവിനെ മാറ്റണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന ബിജെപിയില്‍ തര്‍ക്കം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം ബിപ്‌ളവ് ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ അഗര്‍ത്തലയിലേക്ക് മടങ്ങിയെത്തിയ ബിപ്‌ളവ് ശനിയാഴ്ച ഉച്ചയോടെ രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയ്ക്ക് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ബിജെപിക്ക് തന്നെ ആവശ്യമാണെന്നും അതിനാലാണ് രാജിയെന്നുമാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിപ്ലവ് പ്രതികരിച്ചത്.

25 വര്‍ഷത്തെ ഇടതുഭരണം അട്ടിമറിച്ച് 2018-ലാണ് ബിപ്‌ളവിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. അപ്രതീക്ഷിത വിജയത്തിലൂടെ അധികാരത്തിലെത്തിയ ത്രിപുരയിലെ ആദ്യ ബിജെപി സര്‍ക്കാരിന്റെ മുന്നോട്ടുപോക്ക് അത്ര സുഗമമായിരുന്നില്ല. ബിപ്‌ളവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണം തുടങ്ങി അധികനാളുകള്‍ കഴിയുംമുമ്പേതന്നെ മുഖ്യമന്ത്രിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്ന് എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നു. നിരവധി എംഎല്‍എമാരുമായും ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മ്മയുമായും ബിപ്‌ളവിന് അഭിപ്രായ ഭിന്നതയുണ്ടായുണ്ടായിരുന്നു. നാള്‍ക്കുനാള്‍ തര്‍ക്കം രൂക്ഷമായി.

അടുത്തിടെ രാജ്യസഭാ സീറ്റിനെ ചൊല്ലിയും പാര്‍ട്ടിക്കുള്ളില്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നു. ബിപ്‌ളവിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബിജെപി എംഎല്‍എമാര്‍ കേന്ദ്ര നേതാക്കളെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു. കഴിഞ്ഞ നവംബറില്‍ സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ എന്നീ എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്കെതിരേ പരസ്യമായി വിമര്‍ശനമുയര്‍ത്തി. എംഎല്‍എമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ബിപ്‌ളവിന്റെത് സ്വേച്ഛാധിപത്യ ഭരണമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു എംഎല്‍എമാരുടെ എതിര്‍പ്പുകള്‍.

ബിപ്‌ളവിന് ജനപ്രീതിയില്ലെന്നും ഭരണത്തില്‍ അനുഭവപരിചയമില്ലെന്നും എം.എല്‍.എമാര്‍ ആരോപിച്ചിരുന്നു. ത്രിപുരയില്‍ ബിജെപിക്ക് ദീര്‍ഘകാലത്തേക്ക് ഭരണം നിലനിര്‍ത്തണമെങ്കില്‍ ബിപ്‌ളവിനെ മാറ്റണമെന്നും വിമത എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ജനാധിപത്യം തകര്‍ന്നിരിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു. സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തില്‍ ഒമ്പത് എം.എല്‍.എമാര്‍ ഡല്‍ഹിയിലെത്തി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം.

2017-ല്‍ ബിജെപിയില്‍ എത്തിയ സുദീപ് റോയ് ബര്‍മന്‍ ബിപ്ലവ് മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായുള്ള പടലപ്പിണക്കങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനത്തുനിന്ന് നീക്കി. 2022 ഫെബ്രുവരിയില്‍ സുദീപ് റോയ് ബര്‍മനും ആശിഷ് കുമാര്‍ സാഹയും എം.എല്‍.എ. സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നാലെ ഇവരെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരും പാര്‍ട്ടിവിട്ടിരുന്നു.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയിലെ പ്രതിസന്ധി മറികടക്കാനാണ് ഒടുവില്‍ ബിപ്‌ളവിനെ മാറ്റാന്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്. പാര്‍ട്ടിക്കുള്ളിലെ കലാപം ആവസാനിപ്പിക്കുന്നതിനൊപ്പം കഴിഞ്ഞതവണ ഉത്തരാഖണ്ഡിലും കര്‍ണാടകയിലും ഗുജറാത്തിലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്‌ മുഖ്യമന്ത്രിയെ മാറ്റിയ അതേ തന്ത്രമാണ് ബിജെപി ത്രിപുരയിലും പരീക്ഷിക്കുന്നത്. ഉത്തരാഖണ്ഡില്‍ പുഷ്‌കര്‍ സിങ് ധാമിയെ കൊണ്ടുവന്ന് ഭരണവിരുദ്ധ വികാരം മറികടക്കാന്‍ പയറ്റിയ തന്ത്രം ത്രിപുരയിലും ഒരുപരിധി വരെ ഫലം കാണുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുമെന്ന് കഴിഞ്ഞദിവസം തന്നെ ബി.ജെ.പി. അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ എസ്.ടി. മോര്‍ച്ച പ്രസിഡന്റ് സ്ഥാനത്തുനിന്ന് എം.പി. രേബതി ത്രിപുരയെ മാറ്റി, മുതിര്‍ന്ന നേതാവായ ബികാശ് ദേബബര്‍മയെ നിയമിച്ചത് കഴിഞ്ഞദിവസമായിരുന്നു. എസ്.ടി. മോര്‍ച്ചയുടെ നിരീക്ഷകനായി രാംപദ ജമാദിയയെയും നിയമിച്ചു. ഇതിനുപുറമേ മഹിളാമോര്‍ച്ച, ന്യൂനപക്ഷ മോര്‍ച്ച, യുവമോര്‍ച്ച അടക്കമുള്ള സംഘടനകളില്‍ പുതിയ നിരീക്ഷകരെയും പാര്‍ട്ടി നിയമിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയേയും വെട്ടിമാറ്റിയത്

പ്രിയങ്ക വരണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരം

രാഹുല്‍ ഗാന്ധി നേതൃ സ്ഥാനം വഹിക്കാൻ സന്നദ്ധമല്ലെങ്കിൽ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്ന് രാജസ്ഥാനിലെ ഉദയ്പുരില്‍ ചേർന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം. പാർട്ടിയുടെ മുതിര്‍ന്ന നേതാവ് ആചാര്യ പ്രമോദ് കൃഷ്ണമാണ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയാകണമെന്ന ആവശ്യം ഉന്നയിച്ചത്.

രണ്ടു വര്‍ഷമായി രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തിക്കാന്‍ ശ്രമം നടക്കുകയാണ്. അദ്ദേഹം തയ്യാറല്ലെങ്കില്‍ പ്രിയങ്ക ദേശീയ അധ്യക്ഷ പദവി എറ്റെടുക്കട്ടെയെന്ന് ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാമുള്ള സദസിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. എങ്കിലും ആരും പ്രതികരിച്ചില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ജനപ്രിയ മുഖമാണ് പ്രിയങ്കയെന്നും ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവായ അദ്ദേഹം ചൂണ്ടിക്കാട്ടി.

“രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കേണ്ട സമയമാണിത്. എന്നാല്‍ ചില കാരണങ്ങളാല്‍ അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ല. പ്രിയങ്കാ ഗാന്ധി മുന്നോട്ട് വരികയും പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്യണം. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ജനപ്രിയ നേതാവാണ് അവര്‍”, ആചാര്യ പ്രമോദ് പിന്നീട് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

പാര്‍ട്ടിയെ മുന്‍ നിരയില്‍ നിന്ന് നയിക്കാന്‍ പുതുതലമുറക്ക് അവസരം നല്‍കണമെന്നും ചിന്തന്‍ ശിബിരത്തില്‍ ആചാര്യ പ്രമോദ് ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ ഉയര്‍ത്തിക്കാണിക്കണമെന്നും സൂചിപ്പിച്ചു.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി പ്രിയങ്ക സജ്ജീവമായി ഇടപെടുന്നുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല പാര്‍ട്ടി പ്രിയങ്കയെ ഏല്‍പ്പിച്ചിരുന്നുവെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. എങ്കിലും ദേശീയ തലത്തില്‍ എല്ലാവര്‍ക്കും ഏറെ താല്‍പ്പര്യമുള്ള വ്യക്തിയാണ് പ്രിയങ്കയെന്നാണ് ആചാര്യ ചൂണ്ടിക്കാണിച്ചത്. എംപി ദീപേന്ദര്‍ ഹൂഡയും സമാന ആവശ്യം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്ന പാര്‍ട്ടിയിലെ വിമതരുടെ ആവശ്യം കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ നിര്‍ദേശമായി അംഗീകരിച്ചു. പാര്‍ട്ടിയില്‍ അന്തിമ തീരുമാനമെടുക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ അംഗീകാരം ഇനി ഈ നിര്‍ദേശത്തിന് ആവശ്യമാണ്.

കനത്ത മഴയ്ക്ക് സാധ്യത, സർക്കാർ അടിയന്തര യോഗം വിളിച്ചു

0

 സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര യോഗം വിളിച്ചു. മറ്റന്നാള്‍ വരെ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

മുഴുവന്‍ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗം ചേരും.ഓണ്‍ലൈന്‍ യോഗത്തിൽ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച 8 ജില്ലകളിലെ കലക്ടര്‍മാരും പങ്കെടുക്കും.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

മെയ് 16 വരെ രാവിലെ 11 മുതല്‍ ഉച്ചക്ക് 2 വരെയും രാത്രി 10.30 മുതല്‍ അര്‍ധരാത്രി വരെയും വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയില്‍ കൂടുതലാവാന്‍ സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്.

വേലിയേറ്റ സമയങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളില്‍ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്യാന്‍ സാധ്യതയുണ്ട്. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മല്‍സ്യബന്ധന വിലക്ക് അവസാനിക്കുന്നതുവരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോവാന്‍ പാടുള്ളതല്ലെന്നും അറിയിപ്പില്‍ പറയുന്നു.

ബോളിവുഡ് ബോക്സ് ഓഫീസിനെ ദക്ഷിണേന്ത്യൻ സിനിമകൾ വിഴുങ്ങുന്നു – രാം ഗോപാൽ വർമ്മ

ക്ഷിണേന്ത്യൻ സിനിമകൾ ബോളിവുഡ് ബോക്സ് ഓഫീസിൽ ആധിപത്യം ഉറപ്പിക്കുന്നതായി സംവിധായകൻ രാം ​ഗോപാൽ വർമ. തെന്നിന്ത്യൻ സിനിമകൾ തരംഗമായി മുന്നേറുന്നു. ബോളിവുഡ് സിനിമകളിൽ അങ്ങനെയൊരു കലാപരമായ മാറ്റം സംഭവിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.

നിലവിലെ സാഹചര്യത്തിൽ ബോളിവുഡ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി മാത്രമായി സിനിമയെടുക്കേണിവരുമെന്ന് രാം ഗോപാൽ ട്വീറ്റ് ചെയ്തു. കെ.ജി.എഫ്- ചാപ്റ്റർ 2 ന്റെ ഹിന്ദി പതിപ്പിന്റെ കളക്ഷൻ നാനൂറ് കോടിയും കടന്ന് ജൈത്രയാത്ര തുടരുന്ന അവസരത്തിലാണ് പ്രതികരണം.

വലിയ ഇരുണ്ട മേഘം മറ്റെല്ലാ വമ്പൻ സിനിമകൾക്കും മേൽ ലോകാവസാന ദിനത്തിൻ്റെ നിഴൽ വീഴ്ത്തുന്നത് പോലെയാണ് കെ.ജി.എഫിന്റെ മുന്നേറ്റം. ഈ കറുത്ത മേഘങ്ങളുടെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും താര സംവിധായകരെയും ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പഴയ ഫാഷനിലുള്ള വമ്പന്മാരെ വിഴുങ്ങുന്ന മണൽക്കുഴിയാണ് കെ.ജി.എഫ് 2 എന്നും അഭിപ്രായപ്പെട്ടിരുന്നു. മാറ്റത്തിന് വിധേയമാവാതെ തുടരുന്നു ബോളിവുഡിനെ കുറിച്ചുള്ള ആശങ്ക പൊതുവായി ഉയരുകയാണ്.

നേരത്തേയും സമാനരീതിയിൽ അ​ദ്ദേഹം ദക്ഷിണേന്ത്യൻ സിനിമകളേയും ബോളിവുഡ് സിനിമകളേയും താരതമ്യം ചെയ്തിട്ടുണ്ട്. തെലുങ്ക്, കന്നഡ സിനിമകൾ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നു. ഹിന്ദി പ്രേക്ഷകരും പ്രാദേശിക താരങ്ങളെയും സിനിമകളെയും ഇഷ്ടപ്പെട്ടു തുടങ്ങി എന്നുമാണ് അന്ന് പ്രതികരിച്ചത്.

പോക്സോ കേസിൽ സി പി എം നഗരസഭാ കൗണ്‍സിലർ അറസ്റ്റിൽ, നടപടിയിലേക്ക് നയിച്ചത് പൂർവ്വ വിദ്യാർഥികളുടെ സോഷ്യൽ മീഡിയ കമൻ്റുകൾ

പോക്സോ കേസില്‍ പ്രതിയായ മുന്‍ അധ്യാപകനും സി.പി.എം. നഗരസഭ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാര്‍ പോലീസ് കസ്റ്റഡിയില്‍. അന്‍പതിലേറെ പൂര്‍വ വിദ്യാര്‍ഥികളുടെ പരാതിയിലാണ് അധ്യാപകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മലപ്പുറം നഗരത്തിലെ സ്‌കൂളില്‍ അധ്യാപകനായിരുന്ന ഇയാള്‍ നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ആരോപണം. പൂര്‍വവിദ്യാര്‍ഥി സംഘടന ജില്ലാ പോലീസ് സൂപ്രണ്ടിനും, വനിതാ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയതോടെ ശശികുമാര്‍ വാര്‍ഡ് അംഗത്വം രാജിവെച്ചിരുന്നു. ബ്രാഞ്ച് അംഗത്വത്തില്‍ നിന്ന് സി.പിഎം ശശികുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ശശികുമാറിനെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. വിവിധ സംഘടനകള്‍ സ്‌കൂളിലേക്കും പോലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെയാണ് പോലീസ് വയനാട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്. മലപ്പുറത്ത് എത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക എന്നാണ് പോലീസ് നല്‍കുന്ന വിവരം.

സ്‌കൂളില്‍ ഗണിത അധ്യാപകനായിരുന്ന കെ.വി. ശശികുമാര്‍ മാര്‍ച്ചിലാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. വിരമിക്കലിനോട് അനുബന്ധിച്ച് സ്‌കൂളില്‍ വന്‍ ആഘോഷമായി യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കണ്ട ഒരു പൂര്‍വവിദ്യാര്‍ഥിനിയാണ് ആദ്യം അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ശശികുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്ത് പരോക്ഷമായ കുറിപ്പിലൂടെയായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധ്യാപകനില്‍നിന്ന് ദുരനുഭവമുണ്ടായ കൂടുതല്‍ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. സ്‌കൂളില്‍ നേരത്തെ പഠിച്ച ഒട്ടേറെ പെണ്‍കുട്ടികളും യുവതികളുമാണ് ഇയാളില്‍നിന്നുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും പ്രതികരിച്ചത്. ഇത്തരത്തില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

മലപ്പുറം സെയ്ന്റ് ജെമ്മാസ് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന കെ.വി. ശശികുമാറിന്റെ പേരില്‍ കഴിഞ്ഞദിവസമാണ് വനിതാ പോലീസ്സ്റ്റേഷനില്‍ പോക്സോ കേസ് രജിസ്റ്റര്‍ചെയ്തത്. യു.പി. വിഭാഗം അധ്യാപകനായിരുന്ന ഇദ്ദേഹത്തിനെതിരേ ഒട്ടേറേ മുന്‍ വിദ്യാര്‍ഥിനികള്‍ ആരോപണവുമായി മുന്നോട്ടുവന്നു. പൂര്‍വവിദ്യാര്‍ഥിനികള്‍ പത്രസമ്മേളനവും നടത്തി ആരോപണമുന്നയിച്ചു. ഇതിന് പിന്നാലെ മലപ്പുറം നഗരസഭയിലെ സി.പി.എം. കൗണ്‍സിലറായിരുന്ന ശശികുമാര്‍ ഒളിവില്‍ പോയിരുന്നു.

ഡൽഹിയിൽ വാണിജ്യ സമുച്ചയത്തിൽ തീപ്പിടുത്തം, 26 പേർ മരിച്ചു

 പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മൂന്നുനില കെട്ടിടത്തിലുണ്ടായ വന്‍തീപിടിത്തത്തില്‍ നിരവധി പേര്‍ മരിച്ചു. 26 പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തതായി ഡല്‍ഹി പോലീസ് അധികൃതര്‍ അറിയിച്ചു. മുപ്പതിലധികം പേര്‍ക്ക് പൊള്ളലേറ്റ് പരിക്കേറ്റതായാണ് വിവരം.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്‌റ്റേഷന് സമീപമുള്ള വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എഴുപതോളം പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യ തലസ്ഥാനത്ത് ഇത്തരം ഒരു ദുരന്തം അപമാനകരമായി.

വൈകീട്ട് അഞ്ചു മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച് ആദ്യ വിവരം ലഭിച്ചതെന്നാണ് അഗ്നിശമനസേനാംഗങ്ങള്‍ അറിയിക്കുന്നത്.

കൂടുതല്‍ പേര്‍ കെട്ടിടത്തില്‍ കുടുങ്ങികിടക്കുന്നതായി സൂചനകളുണ്ട്. തിരച്ചിലും രക്ഷാപ്രവവര്‍ത്തനവും തുടരുകയാണ്. നിരവധി കമ്പനികളുടെ ഓഫീസുകളാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

തീ നിലവില്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നാണ് വിവരം.

പത്തല പത്തല….പാട്ട് ഹിറ്റായി; കമലാഹസൻ വീണ്ടും വിവാദത്തിൽ

 ജൂൺ മൂന്നിന് പുറത്തിറങ്ങാനിരിക്കുന്ന കമലാ ഹസൻ നായകനായ വിക്രം വിവാദത്തിൽ. ഇതിലെ കഴിഞ്ഞദിവസം പുറത്തിറങ്ങിയ പത്തല പത്തല എന്ന് തുടങ്ങുന്ന ​ഗാനത്തിലെ ചില വരികളാണ് ഈ വിവാദത്തിന് കാരണം.

ലിറിക്കൽ വീഡിയോയിൽ വരികൾ എഴുതിയതും ആലപിച്ചതും കമൽ ഹാസൻ തന്നെയാണ്. ഈ വരികളിൽ ചിലത് കേന്ദ്രസർക്കാരിൻ്റെ പരിമിതികളെ ലക്ഷ്യം വെയ്ക്കുന്നതാണെന്നാണ് വിവാദത്തിന് കാരണം.

താരത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിൻ്റെ കൂടി രാഷ്ട്രീയം പറയുന്നു എന്നാണ് വിമർശനം.

ഖജനാവിൽ പണമില്ല, നിറയെ രോഗങ്ങൾ വരുന്നു. കേന്ദ്ര സർക്കാർ ഉണ്ടെങ്കിലും തമിഴർക്ക് ഒന്നും കിട്ടുന്നില്ല. താക്കോൽ കള്ളൻ്റെ കയ്യിലാണെന്നും പാട്ടിൽ കമൽ പരാമർശിക്കുന്നുണ്ട്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന് ജോലി ചെയ്താൽ നാട് നന്നാവുമെന്നും പാട്ടിലുണ്ട്. ഈ വരികൾ കേന്ദ്ര സർക്കാരിനെതിരെയുള്ള തമിഴ് ജനതയുടെ പ്രതിഷേധമാണെന്നാണ് ആരോപണം ഉയരുന്നത്.

​ഗാനത്തിനും ​ഗാനത്തിലെ കമൽ ഹാസന്റെ നൃത്തത്തിനും നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. യൂട്യൂബിൽ മാത്രം ഒരുകോടിയിലേറേ പേരെയാണ് ​ഗാനം കാഴ്ചക്കാരായി ഇതുവരെ സമ്പാദിച്ചത്. അനിരുദ്ധ് സം​ഗീതസംവിധാനവും സാൻഡി നൃത്തസംവിധാനവും നിർവഹിച്ച പാട്ടാണ്.

പത്തല പത്തല …..കമലാഹസൻ വീണ്ടും