മലയാള സിനിമാ ലോകത്തിന് നാണക്കേടായി വീണ്ടും ലൈംഗിക ചൂഷണ കേസ്

നടൻ വിജയ് ബാബുവിനെതിരെ അഭിനയിക്കാനെത്തിയ യുവതി

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ബലാത്സംഗകേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഫെയ്‌സ്ബുക്ക് ലൈവില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ കേസെടുത്തു.

ഈ കേസില്‍ ഇര താന്‍ ആണെന്നായിരുന്നു വിജയ് ബാബുവിന്റെ ലൈവിലെ വിശദീകരണം

ഒരു സിനിമാനടിയാണ് പരാതിക്കാരി. ഈ മാസം 22 നാണ് നടി പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കേസില്‍ വിജയ് ബാബുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അയാൾ നടനല്ല രാക്ഷസൻ, ലൈംഗികത നിഷേധിച്ചതിന് കഫം തുപ്പി- നടി

വിജയ് ബാബുവിനെതിരേ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വിശദീകരണവുമായി ഇരയായ നടി . ചലച്ചിത്രമേഖലയില്‍ വിജയ് ബാബുവിനുള്ള സ്വാധീനം ഉപയോഗിച്ച് ചൂഷണം ചെയ്തു. ലൈംഗിക ബന്ധത്തിന് ഒരു ദിവസം സമ്മതിക്കാതിരുന്നപ്പോള്‍ ബലമായി ചവിട്ടുകയും മുഖത്ത് കഫം തുപ്പുകയും ചെയ്തുവെന്നും ഇവര്‍ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇവര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. വിജയ് ബാബു നിര്‍മിച്ച ഒരു ചിത്രത്തിലെ അഭിനേത്രിയാണ് ഈ യുവതി.

കുറിപ്പിന്റെ പൂര്‍ണരൂപം

ചലച്ചിത്രമേഖലയില്‍ അയാള്‍ക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാന്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്സ് നിരസിച്ചതിന്, ഞാന്‍ ആര്‍ത്തവത്തിലായിരുന്നപ്പോള്‍ അയാള്‍ എന്റെ വയറ്റില്‍ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്‌സിനായി നിര്‍ബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാന്‍. എന്നാല്‍ ഇന്ന് ഞാന്‍ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാള്‍ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു

സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാന്‍ പേടിച്ച് , ഭയത്തോടെ ഞാന്‍ ഉള്ളില്‍ കരയുകയായിരുന്നു. എന്റെ ഒരു നഗ്‌നവീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എന്റെ ജീവന്‍ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. അവര്‍ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം.

ഇനി ഞാന്‍ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാന്‍ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങള്‍ക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഞാന്‍ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.

ജീവിതത്തില്‍, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളില്‍ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാന്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.

ഇന്ധനവില കുറയ്ക്കാൻ സംസ്ഥാനങ്ങളെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി

രാജ്യത്തെ കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധം വ്യാപകമാകവെ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. എക്‌സൈസ് തീരുവ കുറച്ച് കൊണ്ട് വിലവർധന നേരിടണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ധന വില വര്‍ധനവില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.

തമിഴ്‌നാട്, പശ്ചിമബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നവംബറില്‍ നികുതി കുറയ്ക്കാന്‍ തയ്യാറിട്ടില്ലെന്നും അവര്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ് ആവശ്യപ്പെട്ടു

‘കഴിഞ്ഞ നവംബറില്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവിലയുടെ എക്‌സൈസ് തീരുവ കുറയ്ക്കുകയും സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

“ഞാന്‍ ആരെയും വിമര്‍ശിക്കുന്നില്ല. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാര്‍ഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ വാറ്റ് കുറയ്ക്കാനും ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

‘കര്‍ണാടക നികുതി കുറച്ചില്ലായിരുന്നെങ്കില്‍ ആറ് മാസത്തിനുള്ള 5000 കോടിയുടെ അധിക വരുമാനം അവര്‍ക്ക് ഉണ്ടാകുമായിരുന്നു. ഗുജറാത്തും 3500 മുതല്‍ 4000 കോടി വരെ അധികവരുമാനം നേടുമായിരുന്നു’, എന്നും പറഞ്ഞു

ഫെഡറിലിസത്തിന്റെ സഹകരണ മനോഭാവം പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രത്യേകം ഊന്നിപ്പറഞ്ഞു. അത്തരം മനോഭാവത്തോടെയാണ് രാജ്യം കോവിഡിനെ നേരിട്ടത്. നിലവിലുള്ള ‘യുദ്ധസമാന സാഹചര്യം’ പോലുള്ള ആഗോള പ്രശ്നങ്ങളുടെ ആഘാതം കണക്കിലെടുത്ത് സാമ്പത്തിക പ്രശ്നങ്ങളിലും അത്തരം സമീപനം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഗുജറാത്തിലേക്ക് പഠന സംഘത്തെ അയച്ചതിനെ അഭിനന്ദിച്ച് അബ്ദുള്ളക്കുട്ടി

ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള കേരള സംഘത്തിൻ്റെ സന്ദര്‍ശനം മാതൃകാപരമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇത്തരമൊരു തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോടുചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മുമ്പ് ഗുജറാത്ത് മോഡല്‍ എന്നു പറഞ്ഞതിന്റെ പേരിലായിരുന്നു സിപിഎം അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.

വികസനത്തിന് ഗുജറാത്ത് മോഡല്‍ മാതൃകയല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഗുജറാത്ത് മോഡല്‍ പഠിക്കേണ്ട ആവശ്യമില്ല. കേരള മോഡല്‍ ഫലപ്രദമായി എന്തുകൊണ്ട് നടക്കുന്നില്ലെന്ന് പരിശോധിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഇവിടെ കാര്യങ്ങളെല്ലാം കൃത്യമായി നടക്കുമെന്നുംം ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഗുജറാത്തില്‍ ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനത്തിന്റെ നടത്തിപ്പ് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേരള സംഘമാണ് ഗുജറാത്തിലേക്ക് പോകുന്നത്. അഹമ്മദാബാദിലെത്തുന്ന ചീഫ് സെക്രട്ടറി വി.പി. ജോയിയും സംഘവും നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

ഇതിനെ കളിയാക്കി കൊണ്ട് നിരവധി ട്രോളുകളും പോസ്റ്റുകളും നിറയുന്നതിനിടയിലാണ് അബ്ദുള്ളകുട്ടിയുടെ ആക്രമണം.

ഒരു നോവൽ ഓളെ വരയ്ക്കുന്നു

മുഹമ്മദ് റാഫി എന്‍.വിയുടെ ‘ഒരു ദേശം ഓനെ വരയ്ക്കുന്നു’ എന്ന നോവലിന്റെ പഠനങ്ങള്‍

എഡിറ്റർമാർ: ഡോ. ഐശ്വര്യ പി., ബാലു മുരളീധരൻ നായർ

Buy this Book

കേരളത്തിലെ, പഴയ മലബാറില്‍പ്പെട്ട കോഴിക്കോട്ടെ, കൊയിലാണ്ടി താലൂക്കില്‍ നടുവണ്ണൂര്‍ അംശം-ദേശത്തെ കഥയും കഥാപാത്രങ്ങളും അവരുടെ വര്‍ത്തമാനവിചാരഭാഷകളും നിറഞ്ഞ് ശ്രദ്ധേയമായ നോവലിനെക്കുറിച്ചുള്ള ആഴമാര്‍ന്ന പഠനങ്ങളുടെ സമാഹാരം.
സംസ്‌കാരപഠനത്തിന്റെ സാഫല്യമായിത്തീരുന്ന നിരീക്ഷണസമുച്ചയം.

കെ.ഇ.എന്‍, ഡോ. ഷാജി ജേക്കബ്, ഡോ. ബി. ഷിബു, ഡോ. ഷംഷാദ് ഹുസൈന്‍, ഡോ. പ്രസൂണ്‍, ഡോ. പി. സുരേഷ് ഗയ, യൂസുഫ് നടുവണ്ണൂര്‍, ഡോ. ശ്രീകല മുല്ലശ്ശേരി, ഡോ. എം.പി. അനിത, ഗഫൂര്‍ കരുവണ്ണൂര്‍, ആദില കബീര്‍, എം.പി. അനസ്, താജ് മന്‍സൂര്‍, ഡോ. സ്വപ്‌ന സി. കൊമ്പത്ത്, ഹരിനാരായണന്‍, റംല വി.എം., സരോജ റോജ, റുമൈസ് ഗസ്സാലി, സുനിത കൂനിച്ചേരി, എന്‍.കെ. സലിം, അഷ്‌റഫ് എ.എന്‍.കെ., ദീപ നപ്പള്ളി, സുജാല്‍ സി.പി., പ്രജില സുരേഷ്, ഡോ. ഐശ്വര്യ, ഡോ. കെ.എം. ഷരീഫ്, ആർദ്ര എം.പി., അന്‍വര്‍ അബ്ദുള്ള എന്നിവരുടെ പ്രൗഢപഠനങ്ങളുടെ സമാഹാരം.
മലയാള നോവല്‍ പഠനമേഖലയില്‍ ഒരു മുതല്‍ക്കൂട്ട്.
മാതൃഭൂമി ബുക്‌സിലൂടെ ഉദയംകൊണ്ട നോവലിന്റെ ഗാഢജാതകമാവുന്ന പ്രബന്ധപ്പൊരുള്‍.

കാർബൺ എഡിഷൻസ് ആണ് പ്രസാധകർ.

Buy this Book

കെ എസ് ആർ ടി സിയെ കരകയറ്റാൻ എം ഡി വിദേശ യാത്രയ്ക്ക്

കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്താൻ യൂറോപ്പിലെ ബസുകളെപ്പറ്റി പഠിക്കാന്‍ എംഡി ബിജു പ്രഭാകര്‍ വിദേശ യാത്രയ്ക്കൊരുങ്ങുന്നു. മേയ് 11 മുതല്‍ 14 വരെ നെതര്‍ലന്‍ഡ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്കാണ് ബിജു പ്രഭാകറിന്റെ യാത്ര. ബസുകളെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുന്ന അദ്ദേഹം നഗരഗതാഗത സംവിധാനത്തെക്കുറിച്ചുള്ള പഠനത്തിലും പങ്കെടുക്കും.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും യാത്ര. അതേസമയം വിദേശയാത്രയ്ക്ക് വേണ്ടി ബിജു പ്രഭാകറിന് യാത്രാ ചെലവിനായി ദിവസേന 100 ഡോളര്‍ നല്‍കണമെന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങുന്നത് വലിയ സമരത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് സിഎംഡിയുടെ വിദേശയാത്ര.

ഇതാദ്യമായല്ല കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തുന്നത്. മുന്‍ സര്‍ക്കാരുകളുടെ കാലത്തും വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും സന്നാഹം സഹിതം ഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റി, പൊലീസിൽ അഴിച്ചു പണി തുടങ്ങി

പോലീസ് തലപ്പത്ത് അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ്.ശ്രീജിത്തിനെ മാറ്റി. ഷെയ്ഖ് ദര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി.

എസ്. ശ്രീജിത്തിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായാണ് പുതിയ ചുമതല. എം.ആര്‍.അജിത്ത് കുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മാറ്റി വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കി. വിജിലന്‍സ് ഡയറക്ടറായിരുന്ന സുദേഷ് കുമാര്‍ ഐ.പി.എസ് പുതിയ ജയില്‍ മേധാവി ആവും.

നടിയെ ആക്രമിച്ച കേസ് അന്വേഷണം നടത്തുന്നത് എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെ മാറിയിരുന്നു. വിവാദങ്ങൾ ഒടുങ്ങി പി ശശി വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ന് നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വർഗീസിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് നടിയുടെ മൊഴിയെടുത്തത്. ഗൂഢാലോചന സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി.

ആവേശം നെഞ്ച് പൊട്ടിച്ചു, സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെ തളച്ചു

0

കേരളം സെമിയിൽ

സന്തോഷ് ട്രോഫി ഫുട്ബോളില്‍ മികവ് തെളിയിച്ച് കേരളം സെമിയില്‍. വെള്ളിയാഴ്ചത്തെ മത്സരത്തില്‍ പഞ്ചാബിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മറികടന്നു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സെമി പ്രവേശനം.

ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ട ഗോളുകളാണ് കേരളത്തിന് ജയമൊരുക്കിയത്. തോല്‍വിയോടെ പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

മേഘാലയയോടുള്ള കഴിഞ്ഞ മത്സരത്തില്‍ നഷ്ടപ്പെടുത്തിയ പെനാല്‍റ്റിക്കുള്ള ജിജോയുടെ പ്രായശ്ചിത്തം കൂടിയായി പഞ്ചാബിനെതിരായ ഇരട്ട ഗോൾ.

മേഘാലയക്കെതിരേ സമനിലയില്‍ പിരിഞ്ഞ കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് കേരളം പഞ്ചാബിനെതിരേ കളത്തിലിറങ്ങിയത്. നിജോ ഗില്‍ബര്‍ട്ടിന് പകരം സല്‍മാനും മുഹമ്മദ് സഫ്നാദിന് പകരം ഷിഗിലും ആദ്യ ഇലവനില്‍ ഇടംനേടി.

പഞ്ചാബ് മൂന്ന് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. എന്നാൽ കേരളത്തിന്റെ മികച്ചൊരു മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. വിഖ്നേഷ് ബോക്സിലേക്ക് ചിപ് ചെയ്ത് നല്‍കിയ പന്ത് പക്ഷേ ഷിഗിലിന് വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താനായില്ല.

12-ാം മിനിറ്റില്‍ കേരളത്തിന്റെ പ്രതിരോധ പിഴവില്‍ നിന്ന് പഞ്ചാബ് മുന്നിലെത്തി. മന്‍വീര്‍ സിങ്ങാണ് പഞ്ചാബിനായി സ്‌കോര്‍ ചെയ്തത്. മന്‍വീറിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ മിഥുന്‍ തടയാന്‍ ശ്രമിച്ചെങ്കിലും താരത്തിന്റെ കൈയില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു. അങ്ങനെ ആദ്യ ഗോൾ വീണു.

കേരളം തളർന്നില്ല. കളി കാഴ്ചക്കാരും ഏറ്റെടുത്തു. ആക്രമണം ശക്തമാക്കി. 14-ാം മിനിറ്റില്‍ സല്‍മാന്റെ ഷോട്ട് പഞ്ചാബ് ഗോളി ഹര്‍പ്രീത് സിങ് തട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ അര്‍ജുന്‍ ജയരാജിനും ലക്ഷ്യം കാണാനായില്ല. 17-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി കേരളത്തിന്റെ സമനില ഗോളെത്തി. അര്‍ജുന്‍ ജയരാജ് നല്‍കിയ ക്രോസ് ക്യാപ്റ്റന്‍ ജിജോ ജോസഫ് കിടിലന്‍ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

ഇതോടെ ഗ്യാലറി ഇളകി മറിഞ്ഞു. കളി അതിൻ്റെ ആവേശ പൊരിച്ചിലിലേക്ക് പടർന്നു. വലതുവിങ്ങിലൂടെ പഞ്ചാബ് കേരള ബോക്സിലേക്ക് പന്തെത്തിച്ചുകൊണ്ടേയിരുന്നു. 22-ാം മിനിറ്റില്‍ മന്‍വീര്‍ സിങ് വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. കേരള ആരാധകരുടെ നെഞ്ചിടിപ്പ് ഏറിക്കൊണ്ടിരുന്നു.

29-ാം മിനിറ്റില്‍ കേരളത്തിന് തിരിച്ചടിയായി ഗോള്‍കീപ്പര്‍ മിഥുന്‍ പരിക്കേറ്റ് പുറത്തുപോയി. ഹജ്മല്‍. എസ് ആണ് പകരം ഗോള്‍വല കാത്തത്.

36-ാം മിനിറ്റില്‍ വിഖ്നേഷിന്റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി പഞ്ചാബ് ഡിഫന്‍ഡര്‍ രജത് കുമാര്‍ അപകടമൊഴിവാക്കി. ആദ്യ പകുതയുടെ അധിക സമയത്ത് അര്‍ജുന്‍ എടുത്ത ഫ്രീ കിക്ക് സെന്റ് പോസ്റ്റിലിടിച്ച് മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ സല്‍മാന് പകരം നൗഫല്‍ പി.എന്നിനെ കേരള കളത്തിലിറക്കി. ഇതോടെ ദിശമാറി. വലതുവിങ്ങിലൂടെയുള്ള കേരള ആക്രമണങ്ങള്‍ക്ക് ജീവന്‍ വെച്ചു. 47-ാം മിനിറ്റില്‍ ഷിഗിലിന്റെ ത്രൂ പാസില്‍ നിന്നുള്ള വിഖ്നേഷിന്റെ ഷോട്ട് പഞ്ചാബ് ഗോളി തടുത്തിട്ടു. പകരം തൊട്ടടുത്ത മിനിറ്റില്‍ പഞ്ചാബ് താരത്തിന്റെ ഷോട്ട് തടഞ്ഞ് ഹജ്മല്‍ കേരളത്തിന്റെ രക്ഷകനായി.

51-ാം മിനിറ്റില്‍ കേരളത്തിന്റെ മറ്റൊരു മികച്ച മുന്നേറ്റം കണ്ടു. ബോക്സിന് പുറത്തു നിന്ന് ഷിഗില്‍ നല്‍കിയ പാസ് ജിജോ നൗഫലിന് മറിച്ച് നല്‍കി. പക്ഷേ നൗഫലിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക്. 53-ാം മിനിറ്റില്‍ നൗഫലിന്റെ ക്രോസില്‍ നിന്നുള്ള ഷിഗിലിന്റെ ഹെഡര്‍ പഞ്ചാബ് ഗോളി അവിശ്വസനീയമായി തട്ടിയകറ്റി.

67-ാം മിനിറ്റില്‍ ഒരു ഫൗളിനെ തുടര്‍ന്ന് കേരള – പഞ്ചാബ് താരങ്ങള്‍ കയ്യാങ്കളിയുടെ വക്കിലെത്തി. കളി കാര്യമാവുകയായിരുന്നു. എന്നാല്‍ റഫറി ഇടപെട്ട് രംഗം ശാന്തമാക്കി. 71-ാം മിനിറ്റിലും പഞ്ചാബ് ഗോളി ടീമിന്റെ രക്ഷയ്ക്കെത്തി. ഇത്തവണ നൗഫലിന്റെ ഷോട്ട് ഹര്‍പ്രീത് തട്ടിയകറ്റുകയായിരുന്നു.

86-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ ഒന്നടങ്കം ത്രസിപ്പിച്ച് ജിജോയുടെ രണ്ടാമത്തെ ഗോളെത്തി. ഇടതു വിങ്ങില്‍ നിന്ന് സഞ്ജു നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ പഞ്ചാബ് ഡിഫന്‍ഡര്‍മാര്‍ വരുത്തിയ പിഴവ് മുതലെടുത്ത് ജിജോ പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിലെ ജിജോയുടെ രണ്ടാം ഗോളും ടൂര്‍ണമെന്റിലെ അഞ്ചാം ഗോളുമായിരുന്നു ഇത്. നിലവില്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ കൂടിയാണ് ജിജോ എന്ന പ്രത്യേകതയുമുണ്ട്.

ഫെയ്സ്ബുക്ക് തളരുന്നുവോ,

സ്നാപ് ചാറ്റിന് പ്രിയമേറുന്നു

ഫെയ്‌സ്ബുക്കിനേയും ട്വിറ്ററിനേയും പിന്നിലാക്കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ് ചാറ്റ് മുന്നേറുന്നു. സജീവ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തിൽ 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം 33.2 കോടി പേരായി ഉയര്‍ന്നെന്ന് സ്‌നാപ്ചാറ്റ് റിപ്പോർട്ട് പുറത്തു വിട്ടു.

ഫേസ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തില്‍ നഷ്ടമുണ്ടായി തുടങ്ങിയതായി വാർത്തൾ വരുന്നതിനിടയിലാണ് ഇത്. ട്വിറ്ററിന് അമേരിക്കയില്‍ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ട് ശതമാനം വളര്‍ച്ചയും ആഗോളതലത്തില്‍ 15 ശതമാനം വളര്‍ച്ചയുമാണുണ്ടായത്. സാധാരണ നിലയിൽ വളരെ ചെറിയ വളർച്ചയാണ്.

സ്‌നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്‌നാപ്പിൻ്റെ വരുമാനം 38 ശതമാനം വളര്‍ന്ന് 2022 മാര്‍ച്ച് 31-ന് 106 കോടി ഡോളറിലെത്തി.

ഒരു വര്‍ഷം കൊണ്ട് 44 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ തങ്ങള്‍ക്കായെന്ന് കമ്പനി അവകാശപ്പെട്ടു.

ശരാശരി 25 കോടി ഉപഭോക്താക്കള്‍ പ്രതിദിനം സ്‌നാപ്ചാറ്റിലെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍ ഉപയോഗിക്കുന്നുണ്ട്. 25 വയസിന് മുകളില്‍ പ്രായമുള്ള സ്‌നാപ്ചാറ്റര്‍മാരുടെ പ്രതിദിന ഉപയോഗവും ഉള്ളടക്കങ്ങളും വര്‍ഷാവര്‍ഷം 25 ശതമാനത്തിലേറെ വര്‍ധിക്കുന്നുണ്ടെന്നും സ്‌നാപ്ചാറ്റ് പറയുന്നു.

ഫെയ്‌സ്ബുക്കിന്റെയും അനുബന്ധ സേവനങ്ങളുടേയും ആധിപത്യത്തില്‍ പിന്നിലേക്ക് തള്ളപ്പെട്ട സേവനമാണ് സ്‌നാപ്ചാറ്റ്. ഇന്‍സ്റ്റാഗ്രാം ആണ് സ്‌നാപ്ചാറ്റിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയത്. ഫെയ്‌സ്ബുക്കിന് ഉപഭോക്താക്കളെ നഷ്ടമാകുന്നുവെന്നതും സ്‌നാപ്ചാറ്റിന് ആളുകള്‍ കൂടുന്നുവെന്നുതും സോഷ്യല്‍ മീഡിയാ രംഗത്തെ പുതു പ്രവണതകളുടെ വരവാണ് കാണിക്കുന്നത്. അതേ സമയം യുവ തലമുറയിൽ ഇൻസ്റ്റഗ്രാം തരംഗമായി തുടരുന്നുമുണ്ട്.

ചുരുങ്ങിയ ചിലവിൽ നെറ്റ്, വൺവെബ് ഐഎസ്ആർഒ സഹായം തേടി

0

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സ്ഥാപനമായ വണ്‍ വെബ്ബിന്റെ ഇന്റര്‍നെറ്റ് സേവനത്തിന് വേണ്ടിയുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിൽ ഐ എസ് ആർ ഓ സഹകരണം. ഐഎസ്ആര്‍ഓയുടെ വാണിജ്യ വിഭഗങ്ങളിലൊന്നായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്‌ഐഎല്‍) പദ്ധതിയുടെ ഭാഗമാവും.

ഈ വര്‍ഷം ശ്രീഹരിക്കോട്ടയില്‍ നിന്നാവും ആദ്യ വിക്ഷേപണം. ആകെ 648 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് വണ്‍വെബ്ബിന്റെ പദ്ധതി. ഇതില്‍ 428 എണ്ണം കമ്പനി ഭ്രമണപഥത്തില്‍ എത്തിച്ചി കഴിഞ്ഞു. അതിവേഗ ഇന്റര്‍നറ്റ് കുറഞ്ഞ ചിലവിൽ ജനങ്ങളിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഭാരതി എയര്‍ടെലും ബ്രിട്ടണും പങ്കാളികളായ സ്ഥാപനമാണ് വണ്‍ വെബ്ബ്. റഷ്യന്‍ നിയന്ത്രിതമായ കസാഖിസ്ഥാനിലെ ബൈകൊനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നുള്ള വിക്ഷേപണങ്ങള്‍ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ വണ്‍ വെബ് വേണ്ടെന്ന് വെച്ചിരുന്നു. ഇതോടെയാണ് വിക്ഷേപണങ്ങള്‍ക്കായി ഐ എസ് ആർ ഓ പങ്കാളിത്തം വരുന്നത്.

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവന രംഗത്ത് മുഖ്യ എതിരാളിയായ സ്റ്റാര്‍ലിങ്കിന്റെ മാതൃസ്ഥാപനമായ സ്‌പേസ് എക്‌സുമായും വണ്‍ വെബ് വിക്ഷേപണ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

കരാർ പ്രകാരം ഐഎസ്ആര്‍ഓയുടെ വിക്ഷേപണ റോക്കറ്റുകള്‍ വണ്‍ വെബ്ബിന് സ്വന്തം ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി ഉപയോഗിക്കാന്‍ സാധിക്കും.

പ്ലസ് വൺ പരീക്ഷ മാറ്റി, ജൂൺ 13 മുതൽ 30 വരെ. അധ്യാപക പരിശീലനം മെയ് രണ്ടാം വാരം

വിദ്യാർത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക്  സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു. 

ജെണ്ടർ ന്യൂട്രൽ യൂണിഫോമുകൾ സംബന്ധിച്ച ചർച്ചകൾ സജീവമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 7077 സ്‌കൂളുകളിൽ 9,57,060 കുട്ടികൾക്ക് കൈത്തറി യൂണിഫോമുകൾ വിതരണം ചെയ്യും. മെയ് 6ന് സംസ്ഥാനതല ഉദ്‌ഘാടനം നടക്കും. 

പ്ലസ് വൺ പരീക്ഷ നീട്ടി

പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റമുണ്ട്. പ്ലസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് തുടങ്ങും. പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഒന്നാം ക്ലാസ് പ്രവേശനം 27 മുതൽ

ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ ആരംഭിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തും.  ഫോക്കസ് ഏരിയ ആശങ്ക വേണ്ട. പ്ലസ് വൺ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഇല്ല. ഈ സൗകര്യം കൂടി നോക്കിയാണ് പരീക്ഷ നീട്ടിയത്. 

അധ്യാപക പരിശീലനം മെയ് രണ്ടാം വാരം

മെയ് രണ്ടാം വാരം മുതൽ അധ്യാപകർക്ക് പരിശീലനം നൽകും.  അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനാണ് പരിശീലനം.  ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലായുള്ള 1.34 ലക്ഷം അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായി വിതരണത്തിന് തയ്യാറായി. ഏപ്രിൽ 28ന് പാഠപുസ്തക വിതരണം ഉദ്‌ഘാടനം ചെയ്യും. 

പത്താം ക്ലാസ് പരീക്ഷയ്ക്ക് മാന്വൽ

അടുത്ത വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് മാന്വൽ തയാറാക്കും. സ്‌കൂൾ മാന്വൽ  സ്‌കൂൾ നടത്തിപ്പിന് തയ്യാറാക്കും. ഇതു സംബന്ധിച്ച്  കൂടിയാലോചന നടത്തി തീരുമാനമെടുക്കും. സ്‌കൂളുകൾക്ക് മാസ്റ്റർ പ്ലാൻ ഉണ്ടാക്കും. ഓരോ മേഖലയ്ക്കും ഉചിതമായ രീതിയിൽ മാന്വൽ തയാറാക്കും.  എല്ലാ സ്‌കൂളുകളിലും പൂർവ വിദ്യാർത്ഥി സംഘടനകൾ രൂപീകരിക്കും. 12,306 സ്‌കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യും. ആഴ്ചയിൽ 2 ദിവസം പാൽ, ഒരു ദിവസം മുട്ട, നേന്ത്രപ്പഴം എന്നിങ്ങനെ നൽകും. എല്ലാ ദിവസവും നൽകാൻ ശ്രമിക്കും. ആഹാരം മെച്ചപ്പെടുത്തും. 
സ്‌കൂളുകളിൽ പച്ചക്കറി തോട്ടങ്ങൾ തയ്യാറാക്കും. സോഷ്യൽമീഡിയ വഴി ഉൾപ്പടെ ഉള്ള വ്യാജവർത്തകൾക്ക് എതിരെ ബോധവൽക്കരണം നടത്തും.  കുട്ടികളിലെ ആത്മഹത്യ ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കും. 

പരീക്ഷാ പേപ്പർ മൂല്യനിർണയം സംബന്ധിച്ച  സമരം ആവശ്യമില്ലാത്തതാണ്. നോക്കേണ്ട പേപ്പറുകളുടെ എണ്ണം ഉയർത്തിയത് പുനഃക്രമീകരിച്ചു. 
സമരക്കാരുടെ ആവശ്യം അംഗീകരിച്ചു. പ്രതിഫലം വർധിപ്പിക്കണം എന്ന ആവശ്യം പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു. 

പാഠപുസ്തക വിതരണം ഏപ്രിൽ 28 ന്

പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായി വിതരണത്തിന് തയ്യാറായി. ഏപ്രിൽ 28ന് പാഠപുസ്തക വിതരണം ഉദ്‌ഘാടനം ചെയ്യും.

വിദ്യാലയങ്ങളിൽ ആത്മഹത്യാ പ്രതിരോധ പദ്ധതി


സ്‌കൂളുകളിൽ പച്ചക്കറി തോട്ടങ്ങൾ തയ്യാറാക്കും. സോഷ്യൽമീഡിയ വഴി ഉൾപ്പടെ ഉള്ള വ്യാജവർത്തകൾക്ക് എതിരെ ബോധവൽക്കരണം നടത്തും. കുട്ടികളിലെ ആത്മഹത്യ ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കും.