സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്‍റെ ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മുലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
അപകട മരണത്തിന് 15 ലക്ഷം രൂപയും സ്വാഭാവിക മരണത്തിന് അഞ്ച് ലക്ഷം രൂപയും പരിരക്ഷ ലഭിക്കും. അപകടത്തെ തുടർന്ന് പൂർണമായും ശയ്യാവലംബമാകുന്ന സ്ഥിതിയിൽ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും. 80 ശതമാനത്തിൽ കൂടുതൽ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമുണ്ടാകും. വാര്‍ഷിക പ്രീമിയത്തില്‍ മാറ്റമില്ല.
60 മുതൽ 80 ശതമാനം വരെ വൈകല്യത്തിന് 75 ശതമാനവും, 40 മുതൽ 60 ശതമാനം വരെ വാഗ്‌ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും. അപകടത്തിൽ കൈ, കാൽ, കാഴ്‌ച, കേൾവി നഷ്ടങ്ങൾക്കും പരിരക്ഷ ഉണ്ടാകും. വാഗ്‌ദത്ത തുകയുടെ 40 മുതൽ 100 ശതമാനം വരെയാണ് നഷ്ടപരിഹാരം ഉറപ്പാക്കുക. കൈവിരലുകളുടെ നഷ്ടത്തിന് ഏത് വിരൽ, എത്ര ഭാഗം എന്നത് കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. കാൽ വിരലുകളുടെ നഷ്ടത്തിന് വാഗ്‌ദത്ത തുകയുടെ 10 ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ് സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കായാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
പട്ടാള ഭരണകൂടവും പ്രതിഷേധ ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന മ്യാൻമാറിൽ 11 പേർ മരിച്ചു. ഗ്രാമീണരാണ് മരിച്ചത്. ഇതിൽ എട്ട് കുട്ടികളും ഉൾപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മ്യാൻമാർ നാഷണൽ ഡെമോക്രാറ്റിക് അലയൻസിന് നേരെ പട്ടാളം നടത്തിയ വ്യോമാക്രമണത്തിലാണ് മരണം. ഇന്ത്യൻ അതിർത്തിയിലെ ചിൻ സംസ്ഥാനത്താണ് ഇത്. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾ പട്ടാളം സ്ഥിരീകരിച്ചിട്ടില്ല. 2021 ൽ ജനാധിപത്യ ഗവൺമെൻ്റിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ച ശേഷം പോരാട്ടങ്ങൾ നടക്കുന്ന മേഖലയാണ്. ചിൻ സംസ്ഥാനത്തെ റിഹ്കവാദ പ്രദേശം പട്ടാള ഗവൺമെൻ്റിൽ നിന്നും വിമോചിതമായതായി ചിൻ നാഷണൽ ഫ്രണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പട്ടാള ഭരണത്തിന് എതിരായി സമാന്തരമായി പ്രവർത്തിക്കുന്ന നാഷണൽ യൂണിറ്റി ഗവൺമെൻ്റിലെ മാനവിക വകുപ്പ് മന്ത്രി നഗി താങ് മൌങ് സേനാ ജെറ്റുകൾ ജനവാസ മേഖലയിൽ ബോംബാക്രമണം നടത്തിയതായി ന്യൂസ് ഏജൻസികളോട് വെളിപ്പെടുത്തി. ചിൻ സംസ്ഥാനത്തെ വുയിലു മലയോര മേഖലയിൽ രണ്ട് ജെറ്റുകളിലായാണ് ആക്രമണം ഉണ്ടായത്.
രണ്ട് വിദ്യാലയങ്ങളും 18 വീടുകളും തകർന്നു. കൊല്ലപ്പെട്ട കുട്ടികൾ എട്ട് പേരും 12 വയസിന് താഴെയുള്ളവരാണ് എന്നും വ്യക്തമാക്കി. 80 വീടുകളുള്ള ഗ്രാമമാണ് ഇത്.
ചൈനയ്ക്ക് ചേർന്നുള്ള ഷാൻ സംസ്ഥാനത്തും പോരാട്ടം രൂക്ഷമാണ് എന്ന് റിപ്പോർട്ട് ചെയ്യുന്നു. മ്യാൻമാറിൽ ഒക്ടോബറിൽ ആരംഭിച്ച കലാപത്തിൽ ഇതുവരെ 70 പേർ കൊല്ലപ്പെട്ടു. രണ്ട് ലക്ഷം പേർ അഭയാർത്ഥികളായി. ഇന്ത്യയിലേക്ക് ആറായിരത്തോളം പേർ അടുത്ത കാലത്തായി എത്തിയിട്ടുണ്ട്. മിസോറാമിലേക്കാണ് ഏറ്റവും വലിയ പ്രവാഹം ഉണ്ടായത്. 33000 ൽ അധികം പേർ അഭയാർത്ഥി ക്യാമ്പുകളിൽ ഉണ്ട്.
2022 ൽ ഇന്ത്യയിലെ പത്തുലക്ഷത്തിലധികം കുട്ടികൾ മീസിൽസിനുള്ള പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. സിഡിസി- US Centers for Disease Control and Prevention- ൻ്റെയും ലോകാരോഗ്യസംഘടനയുടേയും റിപ്പോർട്ടിലാണ് പരാമർശം. ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ നില.
ഉയർന്ന പകർച്ചാസാധ്യതയുള്ള മീസിൽസ് അഥവാ അഞ്ചാംപനി തടയുന്നതിൽ പ്രതിരോധകുത്തിവെപ്പ് പ്രധാനമാണ്. 2022-ൽ മീസിൽസ് വ്യാപനം ഉണ്ടായ 37രാജ്യങ്ങളിൽ ഒന്നുമായിരുന്നു ഇന്ത്യ.
നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, പാകിസ്ഥാൻ, അംഗോള, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബ്രസീൽ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളും മീസിൽസ് കുത്തിവെപ്പിന്റെ കാര്യത്തിൽ പുറകിലാണ്.
194 രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ ശേഖരിച്ചാണ് മീസിൽസ് കുത്തിവെപ്പിന്റെ പുരോഗതി പരിശോധിച്ചത്. ആഗോളതലത്തിൽ 33ദശലക്ഷം കുട്ടികൾക്കാണ് 2022-ൽ മീസിൽസ് വാക്സിൻ നഷ്ടമായത്. 22 ദശലക്ഷത്തോളം പേർക്ക് ഒന്നാംഘട്ട ഡോസും 11 ദശലക്ഷം പേർക്ക് രണ്ടാംഡോസും നഷ്ടമായെന്ന് റിപ്പോർട്ടിലുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2022 ൽ മീസീൽ ബാധിച്ചുള്ള മരണം 43 ശതമാനം വർധിച്ചതായും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നുണ്ട്.
കോവിഡിനെക്കാൾ വ്യാപന ശേഷി
വൈറസാണ് രോഗം പരത്തുന്നത്. വായുവിലൂടെ അതിവേഗം പകരും. ഉമിനീര്‍ത്തുള്ളിയിലൂടെയും പകരാം. കോവിഡിനേക്കാള്‍ വ്യാപനശേഷിയുണ്ട്.
ലക്ഷണം
കണ്ണ് ചുവന്നുവരും. വായില്‍ തരിതരിപോലെ ഉണ്ടാകും. നാലഞ്ചുദിവസംകൊണ്ട് മുഖത്തും ദേഹമാസകലവും തരിതരിപോലെ പൊന്തും. ജലദോഷ ലക്ഷണങ്ങളും കാണിക്കും.
മരണകാരിയാകാം
കുറച്ചുകാലത്തേക്കെങ്കിലും രോഗപ്രതിരോധശേഷി തീര്‍ത്തും കുറയും. ഈ കാലയളവില്‍ ബാക്ടീരിയ ആക്രമണംമൂലം പലവിധ രോഗങ്ങള്‍ വരാം. വയറിളക്കം, ന്യുമോണിയ, തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് തുടങ്ങിയവ വന്നേക്കാം. അപസ്മാരത്തിനിടയാക്കും. അഞ്ചാംപനി ബാധിച്ചവര്‍ക്ക് പത്തുവര്‍ഷത്തിനുശേഷവും തലച്ചോറിനെ ബാധിക്കുന്ന പലവിധ രോഗങ്ങള്‍ വരാൻ സാധ്യതയുണ്ട്.
മീസല്‍സ് റൂബെല്ല (എം.ആര്‍.) വാക്സിന്‍ രണ്ടുഡോസ് എടുത്താല്‍ 80-90 ശതമാനം പേര്‍ക്കും രോഗംവരാതെ കഴിയും. കുഞ്ഞ് ജനിച്ച് ഒമ്പതുമാസമാകുമ്പോള്‍ ഒന്നാംഡോസും ഒന്നരവയസ്സാകുമ്പോള്‍ രണ്ടാംഡോസും എടുക്കണം. അഞ്ചുവയസ്സിനുള്ളിലെങ്കിലും രണ്ടുഡോസും എടുത്തിരിക്കണം.
ഉത്തരാഖണ്ഡിലെ ചാർ ഥാം റൂട്ടിലെ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് ഉള്ളിൽ അകപ്പെട്ട 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം ദുഷ്കരമായി തുടരുന്നു. 125 മണിക്കൂറിൽ അധികമായി 40 തൊഴിലാളികളുടെ ജീവൻ അതിനകത്ത് അനിശ്ചിതത്വത്തിലാണ്.
പൈപ്പുകൾ വഴി ഓക്സിജൻ, വൈദ്യുതി, മരുന്നുകൾ ആഹാരം, വെള്ളം തുടങ്ങി സുരക്ഷിതമായി തുടരാൻ ആവശ്യമായതെല്ലാം ഇവർക്ക് എത്തിച്ചു നൽകുന്നുണ്ട്. നവംബർ 12 നാണ് ഇവർ തുരങ്കത്തിനുള്ളിൽ അകപ്പെട്ടത്. ഡ്രില്ലിംങ് യന്ത്രം അവശിഷ്ടങ്ങള്‍ക്കിടയിലെ ലോഹഭാഗങ്ങളിൽ തട്ടിയതോടെ രക്ഷപ്രവർത്തനം തടസ്സപ്പെട്ടു. ആറാം ദിനത്തിലേക്ക് കടന്ന രക്ഷാദൗത്യം രണ്ടു ദിവസം കൂടി നീളുമെന്നാണ് സൂചന. സിൽക്യാര ടണലിൽ 125 മണിക്കൂർ പിന്നിട്ട ദൗത്യത്തിൽ ആശങ്ക പടരുകയാണ്. ദില്ലിയിൽ നിന്നുമെത്തിച്ച ഡ്രില്ലിങ് മെഷീൻ പ്രവർത്തനക്ഷമമായതോടെ ദൗത്യത്തിന് വേഗത കൈവന്നിരുന്നു. എന്നാൽ ഇത് ലോഹ ഭഗങ്ങളിൽ തട്ടി നിന്നത് പ്രശ്നമായി.
ആദ്യത്തെ ഡ്രില്ലിംഗ് മെഷീൻ സാങ്കേതിക പ്രശ്നങ്ങൾ നേരിടുകയും അവശിഷ്ടങ്ങൾ തുരങ്കത്തിലേക്ക് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ, 25 മീറ്ററോളം തുരന്നു പോയ മെഷീൻ ലോഹഭാഗങ്ങളിൽ തട്ടിയതോടെയാണ് രക്ഷാ ദൗത്യം തടസപ്പെട്ടത്. ഗ്യാസ് കട്ടറുകളുപയോഗിച്ച് ലോഹഭാഗങ്ങൾ മുറിച്ചുമാറ്റിയാൽ ഡ്രില്ലിംങ് പുനരാരംഭിക്കാനാകുമെന്ന് ദൗത്യസംഘം അറിയിച്ചു. 60 മീറ്ററോളം അവശിഷ്ടങ്ങൾ തുരന്ന് മാറ്റി വേണം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നടത്തേക്ക് എത്താൻ. സ്റ്റീൽ പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ തൊഴിലാളികൾക്ക് സുരക്ഷിതപാത ഒരുക്കനാകും. അഞ്ചു പൈപ്പുകൾ ഇതിനോടകം അവശിഷ്ടങ്ങൾക്കിടയിലൂടെ കടത്തിവിട്ടു. ദൗത്യം എപ്പോൾ പൂർത്തിയാകും എന്ന് പറയാനാകില്ല. കുടുങ്ങിക്കിടക്കുന്ന എല്ലാവരും സുരക്ഷിതരാണെന്ന് ഉത്തരകാശി എസ്പി അർപൻ യദുവൻഷി വ്യക്തമാക്കി.
വെളളവും ഭക്ഷണവും എത്തിക്കുന്നുണ്ടെങ്കിലുടെ രക്ഷാദൗത്യം നീളും തോറും ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയേറുകയാണ്. ടണലിനു പുറത്ത് മെഡിക്കൽ സംഘത്തെ നേരത്തെ മുതല്‍ തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരഖാണ്ഡ് സർക്കാർ വ്യക്തമാക്കി.
12000 കോടിയുടെ ചാർ ഥാം പ്രൊജക്ടിന്റെ ഭാഗമായി ഇനിയും തുരങ്കങ്ങൾ നിർമ്മിക്കേണ്ടതുണ്ട്. ഇപ്പോൾ മണ്ണിടിച്ചിൽ മുഖേന അപകടം സംഭവിച്ച സ്ഥലം പ്രോജക്ടിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ 12 ന് രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.
രാജ്യത്ത് ആകെ 172 സജീവ കേസുകളാണ് നിലവിലുള്ളത്. കേരളത്തിൽ ഇന്ന് 10 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൊത്തം 79 സജീവ കേസുകളാണ് ഇപ്പോൾ കേരളത്തിലുള്ളത്.വെള്ളിയാഴ്ച മാത്രം രാജ്യത്ത് 26 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. എന്നാൽ കോവിഡിന്റെ ഏത് വകഭേദമാണ് ഇന്ത്യയിലെ പുതിയ രോഗികളിലുള്ളത് എന്ന കാര്യത്തില്‍ വ്യക്തത നൽകിയിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിൽ എറിസ് (EG.5.1) എന്ന വകഭേദമാണ് ഇന്ത്യയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ ഇതുവരെ ഔദ്യോഗിക കണക്ക് പ്രകാരം നാലര കോടിയിലേറെ പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 4.44 കോടി പേര്‍ രോഗമുക്തരായി. 98.81 ശതമാനമാണ് ദേശീയതലത്തില്‍ രോഗമുക്തി നിരക്ക്. ഇന്ത്യയില്‍ ഇതുവരെ 5.33 ലക്ഷം പേര്‍ കോവിഡ്-19 ബാധിച്ച് മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 1.19 ശതമാനമാണ് മരണനിരക്ക്. 220.67 കോടി ഡോസ് കോവിഡ് വാക്‌സിനാണ് ഇന്ത്യയില്‍ ഇതുവരെ നല്‍കിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഓസ്ട്രേലിയയിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതായി വാർത്ത ഉണ്ടായിരുന്നു. വെസ്റ്റ് ഓസ്‌ട്രേലിയ സംസ്ഥാനമാണ് ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.
അമേരിക്കയിൽ പുതിയ വകഭേദം തിരിച്ചറിഞ്ഞു
സെപ്റ്റംബർ മാസം ആദ്യമാണ് കൊറോണയുടെ പുതിയ വകഭേദമായ JN.1 ആദ്യമായി തിരിച്ചറിയുന്നത്. ഇതിപ്പോൾ യു എസ് ഉൾപ്പെടെ 11 രാജ്യങ്ങളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
BA. 2.86 വക ഭേദത്തിൽ നിന്നും ഉണ്ടായ പുതിയ രൂപമാണ് JN.1. 2021ൽ യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വലിയ ജീവ ഹാനി ഉണ്ടാക്കിയ ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള അഥവാ BA. 2.86.
1. യുഎസിൽ BA. 2.86, JN1 വകഭേദങ്ങൾ ഇപ്പോൾ അധികം കണ്ടു വരുന്നില്ല. കോവിഡിന്റെ SARS-CoV-2 വക ഭേദവുമായി താരതമ്യം ചെയ്യുമ്പോൾ അതിന്റെ 0.1 ശതമാനം മാത്രമാണ് JN.1 വകഭേദം തിരിച്ചറിഞ്ഞിട്ടുള്ളത്.
2. കഴിഞ്ഞ ഓഗസ്റ്റ് അവസാനം ലക്സംബർഗിൽ കണ്ടെത്തിയ ശേഷം വളരെ വേഗത്തിലുള്ള വ്യാപനമാണ് ഈ വകഭേദത്തിന് ഉണ്ടായിട്ടുള്ളത്. ഇംഗ്ലണ്ട്, ഐസ്‌ലാൻഡ്, ഫ്രാൻസ്, യു എസ് തുടങ്ങിയ രാജ്യങ്ങളിലും പുതിയ വക ഭേദമായ JN.1 കണ്ടെത്തിയിട്ടുണ്ട്.
3. പ്രചാരത്തിലുള്ള കോവിഡ് വാക്സിനുകൾ യുഎസിലും മറ്റും കണ്ടെത്തിയ XBB.1.5 വക ഭേദത്തിനെതിരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയിൽ നിന്നും ഏതാണ്ട് 41 ഓളം വ്യത്യസ്തമായ വക ഭേദങ്ങൾ JN.1 ഉണ്ടാക്കുന്നുണ്ട്.
4. ഏറ്റവും വ്യാപന ശേഷി ഉള്ളതും മറ്റൊരു വക ഭേദവുമായി താരതമ്യം ചെയ്യാൻ കഴിയാത്ത ഒന്നുമാണ് പുതിയതായി കണ്ടെത്തിയ വക ഭേദം എന്ന് സ്ക്രിപ്സ് റിസേർച്ച് ട്രാൻസ്ലേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ എറിക് ടോപ്പോൾ പറഞ്ഞു. ശരീരത്തിന്റെ പ്രതിരോധം ഇതിനെതിരെ എത്ര മാത്രം ഉണ്ടെന്നും വ്യാപന ശേഷി എത്രയെന്നും അറിയാൻ കാത്തിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
5. കോവിഡ് -19 ഉള്ളിടത്തോളം പുതിയ വക ഭേദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പഴയതിനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങൾ മാത്രമാകും പുതിയ വക ഭേദങ്ങൾക്ക് ഉണ്ടാവുക എന്നും അവർ പറയുന്നു.
6. ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് ബഫല്ലോയിലെ ഇൻഫെക്ഷ്യസ് ഡിസീസിന്റെ ചീഫ് ആയ തോമസ് റസോ പറയുന്നതനുസരിച്ച് BA. 2.86 ന്റെ വ്യാപനം അതിന് മുമ്പുള്ള വക ഭേദങ്ങളെക്കാൾ കൂടുതൽ ആയിരുന്നു. അതുകൊണ്ട് തന്നെ JN.1 ന്റെ കാര്യത്തിലും വ്യാപനം കൂടുതൽ തന്നെ ആയിരിക്കും.
7. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി തകർക്കാനും ആളുകളെ രോഗത്തിന് കീഴ്പ്പെടുത്താനും വേഗത്തിൽ കഴിയുന്നതാണ് JN.1 ലെ സ്‌പൈക്ക് പ്രോട്ടീന്റെ സാനിധ്യം.
കോഴിക്കോട് ഇസ്രയേല്‍ അനുകൂല പരിപാടി നടത്താൻ ബി.ജെ.പി. ഡിസംബര്‍ രണ്ടിന് ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഭീകര വിരുദ്ധ സമ്മേളനം എന്ന പേരിലാണ്. ക്രൈസ്തവ സഭകളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് ബി.ജെ.പി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ അറിയിച്ചു.
ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടന്ന റാലികള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. അതിര്‍ത്തി കടന്നുള്ള ഹമാസ് ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇസ്രയേലിന്റേത് സ്വയം പ്രതിരോധമാണെന്നും സജീവൻ പറഞ്ഞു.
നവംബർ 23-ന് കോണ്‍ഗ്രസിൻ്റെ പരിപാടി കോഴിക്കോട് കടപ്പുറത്ത് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. മുസ്‌ലിം ലീഗിന്റേയും സി.പി.എമ്മിന്റേയും പലസ്തീന്‍ ഐക്യദാര്‍ഢ്യറാലികള്‍ കോഴിക്കോട് നടന്നതിന് പിന്നാലെയാണ് ഇത്.
ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കും ബ്രസീലിനും നാണക്കേടിൻ്റെ തോല്‍വി. അര്‍ജന്റീനയെ യുറുഗ്വായിയും ബ്രസീലിനെ കൊളംബിയയും കീഴടക്കി.
യുറുഗ്വായ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാരെ തകര്‍ത്തത്. അര്‍ജന്റീനയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് തോൽവി എന്നതും കയ്പ്പ് കൂട്ടി.
41-ാം മിനിറ്റില്‍ റൊണാള്‍ഡ് അറൗഹോയും 87-ാം മിനിറ്റില്‍ മുന്നേറ്റതാരം ഡാര്‍വിന്‍ ന്യൂനസും യുറുഗ്വായ്ക്ക് വേണ്ടി ലക്ഷ്യം നേടി. ലോകകപ്പ് നേടിയ ശേഷം ഇതാദ്യമായാണ് അര്‍ജന്റീന ഒരു മത്സരത്തില്‍ തോല്‍ക്കുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ഒട്ടമെന്‍ഡി, ക്രിസ്റ്റ്യന്‍ റൊമേറോ, എമിലിയാനോ മാര്‍ട്ടിനെസ് തുടങ്ങിയ താരങ്ങളെല്ലാം കോർട്ടിലുണ്ടായിരുന്നു.
Soccer Football – World Cup – South American Qualifiers – Colombia v Brazil – Estadio Metropolitano Roberto Melendez, Barranquilla, Colombia – November 16, 2023 Colombia’s Luis Diaz celebrates scoring their goal with teammates REUTERS/Luisa Gonzalez
ബ്രസീലിൻ്റെ രണ്ടാം തോൽവി
ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിനെ കൊളംബിയ പരാജയപ്പെടുത്തിയത്. കൊളംബിയയുടെ ഹോം ഗ്രൗണ്ടില്‍ ഒരു ഗോളിന് മുന്നില്‍ നിന്നശേഷമാണ് ബ്രസീല്‍ പരാജയപ്പെട്ടത്. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നാലാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. 75-ാം മിനിറ്റിലും 79-ാം മിനിറ്റിലും വലകുലുക്കി സൂപ്പര്‍ താരം ലൂയിസ് ഡയസ് കൊളംബിയയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു.
തോറ്റെങ്കിലും പോയന്റ് പട്ടികയില്‍ അര്‍ജന്റീന തന്നെയാണ് ഒന്നാമത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയുമടക്കം 12 പോയന്റാണ് ടീമിനുള്ളത്. യുറുഗ്വായാണ് രണ്ടാമത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 പോയന്റാണ് ടീമിനുള്ളത്. ഒന്‍പത് പോയന്റുള്ള കൊളംബിയ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അഞ്ച് കളിയില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമുള്ള ബ്രസീല്‍
വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള വിജ്ഞാപനം നവംബര്‍ 30-ന് പുറത്തിറക്കാൻ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് വിജ്ഞാപനം ഡിസംബറിലും പുറത്തിറക്കും. നവംബര്‍ 13-ന് ചേര്‍ന്ന പി.എസ്.സി യോഗത്തിലാണ് തീരുമാനം.
പ്രിലിമിനറി പരീക്ഷ പ്രായോഗിത തലത്തിൽ പരാജയമെന്നാണ് കണ്ടെത്തൽ. അതിനാൽ നേരിട്ട് ഒറ്റപരീക്ഷ വഴി തന്നെ മുൻകാല മാതൃകയിലാവും പരീക്ഷ. ജില്ലാ തലങ്ങളിൽ വിവിധ ഘട്ടങ്ങളായി നടത്തും. ബിരുദതലപരീക്ഷകള്‍ക്ക് പ്രഥമിക പരീക്ഷ ഒഴിവാക്കേണ്ടതുണ്ടോ എന്ന് .എസ്.സി അന്തിമ തീരുമാനം എടുത്തിട്ടില്ല.
2020ലാണ് പ്രാഥമിക പരീക്ഷ ഏർപ്പെടുത്തി രണ്ടുഘട്ട പരീക്ഷാ സമ്പ്രദായത്തിലേക്ക് പി.എസ്.സി. കടന്നത്. അടിസ്ഥാന യോഗ്യതകള്‍ മൂന്നായി തിരിച്ച് ( പത്ത്, പന്ത്രണ്ട്,ബിരുദം) അതിനുള്ളില്‍ വരുന്ന തസ്തികകള്‍ക്ക് ആദ്യഘട്ട പൊതുയോഗ്യതാപരീക്ഷയും ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് തസ്തികയ്ക്ക് അനുസരിച്ച് മുഖ്യപരീക്ഷയും നടത്തി. അതിന്റെ മാര്‍ക്കും അഭിമുഖമുണ്ടെങ്കില്‍ ആ മാര്‍ക്കും ചേര്‍ത്ത് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതാണ് നിലവിലുള്ള രീതി. എന്നാല്‍ എല്‍.ഡി.സി, എല്‍.ജി.എസ് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ എഴുതുന്ന പരീക്ഷയില്‍ ഇത് പ്രായോഗിക പ്രതിസന്ധി സൃഷ്ടിച്ചു.
പ്രാഥമികപരീക്ഷയുടെ ഘട്ടങ്ങളില്‍ ചിലതിൽ ലളിതമായ ചോദ്യങ്ങളും മറ്റുള്ളവയ്ക്ക് കഠിനമായ ചോദ്യങ്ങളും വന്നത് അസംതുലിതത്വം സൃഷ്ടിച്ചിരുന്നു. എളുപ്പമുള്ള ഘട്ടത്തില്‍ പരീക്ഷയെഴുതിയവര്‍ കൂട്ടത്തോടെ മുഖ്യപരീക്ഷയ്ക്ക് അര്‍ഹത നേടി. മറ്റ് ഘട്ടങ്ങളില്‍ വിജയശതമാനം കുറയുകയും ചെയ്തു. മാര്‍ക്ക് സമീകരണത്തിൽ ഈ പ്രശ്നം യുക്തിസഹമായി പരിഹരിക്കാന്‍ പി.എസ്.സിക്കായില്ല. ഇതോടെയാണ് പ്രാഥമിക പരീക്ഷ പരീക്ഷണ ഘട്ടത്തോടെ പിൻവലിക്കുന്നത്. എന്നാൽ പരീക്ഷയുടെ മാതൃകയോ നിലവാരമോ മാറ്റി മറിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴും ഓർമ്മ ശക്തി പരീക്ഷണമായി തന്നെ തുടരുന്ന സാഹചര്യമാണ്.
കേരളത്തില്‍ ആണവ വൈദ്യുത നിലയം സ്ഥാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാനസര്‍ക്കാര്‍. വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി കേന്ദ്രമന്ത്രി ആര്‍.കെ.സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ ആവശ്യം മുന്നോട്ടുവച്ചു.
തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കുന്നതിൻ്റെ സാധ്യതയാണ് തേടുന്നത്. രണ്ടാഴ്ച മുന്‍പ് ഡല്‍ഹിയില്‍ നടന്ന ഊര്‍ജമന്ത്രിമാരുടെ യോഗത്തിലും തോറിയത്തെക്കുറിച്ച് കേരളം പരാമര്‍ശിച്ചിരുന്നു. കേരളത്തില്‍നിന്ന് ഖനനം ചെയ്തെടുക്കുന്ന തോറിയം കല്‍പാക്കത്തെ ആണവ കേന്ദ്രത്തില്‍ എത്തിക്കുന്നതിൻ്റെ സാധ്യതകളാണ് കേരളം പരാമര്‍ശിച്ചത്. ഇതിന് കേന്ദ്ര ഊര്‍ജ മന്ത്രാലയവും അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്.
ഇപ്പോൾ ലോകത്തെ ഭൂരിപക്ഷ ന്യൂക്ലിയർ പവർ പ്ലാൻ്റുകളും യുറേനിയം അധിഷ്ഠിതമാണ്. യുറേനിയം 233 ഇറക്കുമതിക്ക് രാജ്യത്തിന് പരിമിധിയുണ്ട്. വെറ്റ് വുഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തോറിയത്തിലേക്ക് മാറിയാൽ ഇന്ത്യയ്ക്ക് സന്തമായ സാധ്യത തുറക്കലാവും. BARC ഇപ്പോൾ 300 MW ശേഷിയുള്ള Advanced Heavy Water Reactor (AHWR) വികസിപ്പിച്ചിട്ടുണ്ട്.
തോറിയം എന്ന അനന്ത സാധ്യത
ലോകത്തെ തോറിയം നിക്ഷേപത്തിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. കേരള തീരത്തെ കരിമണലില്‍ രണ്ടുലക്ഷം ടണ്‍ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. മൊത്തം ഇന്ത്യയിലെ നിക്ഷേപം എട്ട് ലക്ഷം ടൺ വരെയാണ് ലോകത്തില്‍വച്ച് ഏറ്റവും നിലവാരമുള്ള തോറിയം നിക്ഷേപമുള്ള മണൽ കേരളത്തിലേതാണ്. ഇത് വേര്‍തിരിച്ചെടുത്ത് കല്‍പ്പാക്കം ആണവ നിലയത്തില്‍ എത്തിക്കാനായാൽ പോലും കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാകും. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കല്‍പ്പാക്കം ആണവ നിലയത്തിന് കേരളത്തില്‍ നിന്നുള്ള തോറിയം സഹായകമാകും എന്ന സാധ്യതയും തേടുന്നുണ്ട്.
കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ ലോകകപ്പില്‍ ഫൈനലിന് യോഗ്യത നേടിയത്.
ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കി നിര്‍ത്തി ഓസീസ് മറികടന്നു. ഇത് അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്കക്ക് ലോകകപ്പ് സെമിയില്‍ കാലിടറുന്നത്.
സ്കോര്‍ ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 47.2 ഓവറില്‍ 215-7.
20 വർഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും ഫൈനലിൽ നേർക്കുനേർ വരുന്നത്. 2003 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങാനായിരുന്നു അന്ന് ഇന്ത്യയുടെ വിധി. സൗരവ് ഗാംഗുലിയും സച്ചിൻ ടെൻഡുൽക്കറും കളം നിറഞ്ഞുകളിച്ചെങ്കിലും തോറ്റ് മടങ്ങേണ്ടി വന്നു ഇന്ത്യയ്ക്ക്. ഇപ്പോഴിതാ സ്വന്തം മണ്ണിൽ കണക്ക് തീർക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ ഇന്ത്യയ്ക്ക്.
ഈ ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ മത്സരമാണ് ഇന്ന് നടന്നത്. അഞ്ച് സെമി ഫൈനലുകളിലും ദക്ഷിണാഫ്രിക്കയ്ക്ക് കാലിടറുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ബാറ്റർമാരുടെ പിഴവാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഓസ്‌ട്രേലിയൻ ബൗളന്മാർക്ക് മികച്ച സ്വിംഗ് ആനുകൂല്യം ലഭിച്ചു. ഈ സ്വിംഗിനെ അതിജീവിക്കാൻ ദക്ഷിണാഫ്രിക്കയുടെ ബാറ്റർമാർക്ക് സാധിച്ചില്ല. നാല് വിക്കറ്റുകൾ അവർക്ക് തുടക്കത്തിൽ നഷ്ടമായി.
അതിന് ശേഷം അവരെ തിരിച്ചു കൊണ്ടു വന്നത് കില്ലർ മില്ലർ എന്നറിയപ്പെടുന്ന ഡേവിഡ് മില്ലറാണ്. ഡേവിഡ് മില്ലറുടേയും ഹെൻറിയുടേയും ഗംഭീര പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മാന്യമായ ടോട്ടൽ നൽകിയത്.
മറുപടി ബാറ്റിംഗിൽ ട്രാവിസ് ഹെഡും ഡേവിഡ് വാർണറുമാണ് ഓസ്‌ട്രേലിയയുടെ ചെയ്‌സിന് അടിത്തറയിട്ടത്. ട്രാവിസ് ഹെഡ് അർധ സെഞ്ചുറി നേടിയാണ് പുറത്തായത്.