കേരളവർമ കോളജ് ഇലക്ഷനിൽ പോൾ ചെയ്ത വോട്ടുകളിലെ സംശയം ശരിവെച്ച് കോടതി

കേരളവർമ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയിൽ പോൾ ചെയ്ത വോട്ടുകളിൽ സംശയം ഉന്നയിച്ചത് ശരിവെച്ച് ഹൈക്കോടതി. ചെയർമാൻ തിരഞ്ഞെടുപ്പ് തടയാൻ ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടത് അംഗീകരിച്ചില്ല.

തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് നിർദേശം നല്‍കി. അതിനുള്ളിൽ ചെയർമാൻ ചുമതലയേൽക്കുകയാണെങ്കിലും അത് കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും എന്ന് നിബന്ധന നൽകി. ഇപ്പോഴുള്ള രേഖകൾ വെച്ച് ഇടക്കാല ഉത്തരവിടാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹരജിയിൽ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും. മാനേജർ, പ്രിൻസിപ്പൽ എന്നിവരെ കക്ഷി ആക്കണം എന്നും കോടതി പറഞ്ഞു.

ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന് രേഖകൾ ഉണ്ടോ എന്ന് കോടതി ചോദിച്ചു. വാക്കാൽ പ്രഖ്യാപിച്ചിരുന്നു എന്നാണ് ശ്രീക്കുട്ടന്‍റെ അഭിഭാഷകൻ മറുപടി നൽകിയത് .രാത്രി 12 നാണ് പ്രഖ്യാപനം നടത്തിയത്.10 വോട്ടിനാണ് എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖാപിച്ചത്. ബാഹ്യ ഇടപെടൽ ഉണ്ടായെന്നും അഭിഭാഷകൻ വാദിച്ചു.

ചെയർമാൻ തെരഞ്ഞെടുപ്പിൽ എത്ര വോട്ട് പോൾ ചെയ്തെന്ന് കോടതി ചോദിച്ചു. ഔദ്യോഗിക രേഖകൾ ഒന്നും നൽകിയിട്ടില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു. എസ് എഫ് ഐ സ്ഥാനാർത്ഥി അനിരുദ്ധീന് കൂടുതൽ വോട്ടുകൾ ഉണ്ടെങ്കിൽ എന്തിന് റീക്കൗണ്ടിംഗ് ആവശ്യപ്പെട്ടു.റീ അക്കൗണ്ട് ആവശ്യമുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.

റിട്ടേണിംഗ് ഓഫീസറുടെ വിവേചനാധികാരമാണ് ഇത്. അപേക്ഷ കൂടാതെ റീ കൗണ്ടിംഗ് പ്രഖ്യാപിക്കാൻ കഴിയുമെന്ന് യുണിവേഴ്സിറ്റി വ്യക്തമാക്കി.

നാല് പതിറ്റാണ്ടിൻ്റെ ചരിത്രം അട്ടിമറിക്കാൻ

റീകൗണ്ടിങ്ങിലാണ് 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ ജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. കേരള വര്‍മ്മ കോളേജിന്‍റെ 41 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കെഎസ്‌യു സ്ഥാനാര്‍ഥി ജയിച്ചെന്ന വാർത്തയെത്തിയത്. ഇതോടെ ആവേശഭരിതരായ കെഎസ്‌യു പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു.

കളമശ്ശേരി സ്ഫോടനം; മരണം നാലായി, മാർട്ടിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ്  കോടതിയില്‍ വിശദമാക്കിയിരുന്നു.

പതിനഞ്ച് വർഷത്തിലേറെ കാലം ദുബായിൽ ജോലി ചെയ്ത ആളാണ് മാർട്ടിൻ. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യണം. ഇക്കാര്യങ്ങൾക്ക് ചൂണ്ടികാട്ടിയാണ് പൊലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്.

സ്ഫോടന വസ്തുക്കൾ മാർട്ടിൻ‌ പല സ്ഥലങ്ങളിൽ നിന്നാണ് മാർട്ടിൻ വാങ്ങിയത്. ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിച്ചത്? അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്.

അതേ സമയം അഭിഭാഷകൻ വേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതി ഡൊമിനിക് മാർട്ടിൻ. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോ​ഗ്യവാനാണെന്നും ഇയാൾ പറഞ്ഞു.   അടുത്ത പതിനഞ്ചാം തീയതി വരെയാണ് കോടതി മാർട്ടിനെ കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്. വൈദ്യപരിശോധന നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് ഇയാളെ കോടതിയിലെത്തിച്ചത്. മാർട്ടിന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കയാണ്. 

മരണം നാലായി

കളമശ്ശേരി സ്ഫോടനത്തിൽ മരണം നാലായി. കളമശ്ശേരി സ്വദേശി മോളി ജോയ് (61)ആണ്‌ മരിച്ചത്. രാവിലെ 6.30 നായിരുന്നു അന്ത്യം. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബ്നയുടെ സംസ്കാര ചടങ്ങുകൾ നാലിനാണ് നടന്നത്. ലിബ്നയുടെ സഹോദരൻമാരും അമ്മയും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്. മൃതദേഹം ഇവരെ കാണിക്കാൻ അഞ്ചു ദിവസം കാത്തെങ്കിലും ഫലമുണ്ടായില്ല. ഇവരുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണ്. 

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് എതിരായ ഹരജി തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം

നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിൻറെ ഹർജി സുപ്രീം കോടതി തള്ളി. ആദ്യം ദില്ലി ഹൈക്കോടതിയിൽ പോകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു പിഎഫ്ഐ ഹർജി.

കഴിഞ്ഞ വർഷമാണ് പോപ്പുലർഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധനം  യുഎപിഎ ട്രൈബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹർജി.

ആദ്യം കേൾക്കേണ്ടത് ദില്ലി ഹൈക്കോടതിയാണ്. അതിന് ശേഷം വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് നിർദ്ദേശം. 

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരാണ് ഹർജി പരിഗണിച്ചത്. 5 വർഷത്തെ നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയാണു പിഎഫ്ഐ ഹർജി സമർപ്പിച്ചത്. പിഎഫ്ഐയെ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം മാർച്ച് 21നു യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചിരുന്നു. 

കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെ‍ഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റീഹാബ് ഫൗണ്ടേഷൻ കേരള എന്നിവയാണു നിരോധിക്കപ്പെട്ട മറ്റു സംഘടനകൾ.

ജനങ്ങൾ തിരഞ്ഞെടുത്തവരല്ല നിങ്ങളെന്ന് ഓർക്കണം, ഗവർണർ രാഷ്ട്രീയത്തിൽ ഇടപെട്ട് സുപ്രീം കോടതി

 സംസ്ഥാന ഗവർണർമാരുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ലക്ഷ്യം കലരുന്ന സാഹചര്യം ചർച്ചയാകവെ ഇടപെട്ട് സുപ്രീം കോടതി. നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. തെരെഞ്ഞെടുക്കപ്പെട്ടവര്‍ അല്ലെന്ന വസ്തുത ഗവര്‍ണമാര്‍ ഓര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഓർമ്മപ്പെടുത്തി. സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ എത്തുമ്പോള്‍ മാത്രം ബില്ലുകളില്‍ തീരുമാനം എടുക്കുന്ന പ്രവണത ഗവര്‍ണമാര്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിന്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയും വെള്ളിയാഴ്ച ഇതേ ദിവസം പരിഗണനയ്ക്ക് എടുക്കും.

പഞ്ചാബ് സർക്കാരിൻ്റെ ഹരജി എത്തിയപ്പോൾ ഒപ്പ്

നിയമസഭാ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തിയത്. നിയമസഭാ പാസാക്കിയ ഏഴ് ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം അനന്തമായി വൈകുകയാണെന്ന് പഞ്ചാബ് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി. എന്നാല്‍ ചില ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു എന്നാണ് തന്നെ അറിയിച്ചത് എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒന്നുകില്‍ ഗവര്‍ണര്‍ക്ക് ഒപ്പുവയ്ക്കാം, അല്ലെങ്കില്‍ തിരിച്ചയയ്ക്കാം. അതുമല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയയ്ക്കാം. ഇതൊന്നും ചെയ്യാതെ അനന്തമായി തീരുമാനം വൈകിപ്പിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശനം പരിഹരിക്കുന്നതിന് എല്ലാവരും ആത്മപരിശോധന നടത്തണമെന്നും സുപ്രീം കോടതി അഭിപ്രയപെട്ടു.

വിയ്യൂർ ജയിലിൽ തമ്മിലടി, മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്ക്

വിയ്യൂർ അതിസുരക്ഷാ ജയിലിൽ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചു. മൂന്ന് ജയിൽ ജീവനക്കാർക്കും ഒരു പ്രതിക്കും പരിക്കേറ്റു.

കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, മിബു രാജ് തുടങ്ങിയ പത്തോളം തടവുകാരായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് പിന്നിൽ എന്നാണ് വിവരം. ജയില്‍ ജീവനക്കാരായ അര്‍ജുന്‍, ഓംപ്രകാശ്, വിജയകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അര്‍ജുന്‍റെ പരിക്ക് സാരമുള്ളതാണ്.  

തിരുവനന്തപുരം ജയിലിൽ നിന്നും അച്ചടക്ക പ്രശ്നങ്ങളെ തുടർന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റിയ കാട്ടുണ്ണി രഞ്ജിത്ത് എന്ന കൊലക്കേസ് പ്രതിയും സംഘവുമാണ് രാവിലെ പ്രശ്നങ്ങൾക്ക് കാരണക്കാരായത്. ഓഫീസിലേക്ക് പരാതിയുമായി പോയ ഇവർ ചായ കൊണ്ടുവന്ന ഗ്ലാസ് കൊണ്ട് കൈമുറിക്കാൻ ശ്രമിച്ചു എന്നാണ് റിപ്പോർട്ട്.

ഈ സമയത്ത് തന്നെ കൊടി സുനിയുടെ നേതൃത്വത്തിലുളള സംഘം ഗാർഡ് ഓഫീസറുടെ മുറിയും തകർത്തതായും റിപ്പോർട്ട് പറയുന്നു. മുറിയിലുണ്ടായിരുന്ന ഫർണീച്ചറുകളും തകർത്തുവെന്നുമാണ് ജയിൽ അധികൃതർ പറയുന്നത്.

ജില്ലാ ജയിലിൽ നിന്നും കൂടി ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു. 

ദക്ഷിണാഫ്രിക്കയെ തകർത്ത് ഒന്നാമതായി ഇന്ത്യ

ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ എട്ടാം വിജയമാണ് കുറിച്ചത്. 327 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ വെറും 83 റണ്‍സിന് ഓള്‍ ഔട്ടായി. 49-ാം ഏകദിന സെഞ്ചുറിയോടെ വിരാട് കോലിയുടെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോറായി മാറിയത്.

ഇതോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. സെമിയില്‍ ഒന്നാം സ്ഥാനവും ഇന്ത്യയ്ക്കാണ്. സെമിയില്‍ നാലാം സ്ഥാനക്കാരായ ടീമിനെ ഇന്ത്യ നേരിടും. പരാജിതരായി എങ്കിലും ദക്ഷിണാഫ്രിക്കയും സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.


ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വിറപ്പിച്ചു. വെറും 40 റണ്‍സെടുക്കുന്നതിനിടെ അഞ്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ പുറത്തായി.

ഏഴു വയസ്സുകാരൻ്റെ ശ്വസകോശത്തിൽ തറച്ച സൂചി ഡോക്ടർമാർ കാന്തം ഉപയോഗിച്ച് പുറത്തെടുത്തു

 രക്തസ്രാവത്തോടുകൂടിയ ചുമയെ തുടര്‍ന്നാണ് അപകടകരമായ ആരോഗ്യസ്ഥിതിയില്‍ കുട്ടിയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റേഡിയോളജി പരിശോധനയില്‍ നാല് സെന്റീമീറ്റര്‍ നീളമുള്ള തയ്യല്‍ സൂചി ഇടതുശ്വാസകോശത്തില്‍ തറച്ചിട്ടുള്ളതായി കണ്ടെത്തിയെന്ന് ശിശുരോഗ വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. വിഷേഷ് ജെയ്ന്‍ പി.ടി.ഐയോട് പറഞ്ഞു.

ഡല്‍ഹി എയിംസില്‍ എത്തിയ ഏഴുവയസുകാരന്റെ ശ്വാസകോശത്തില്‍ തറച്ച സൂചി ആധുനിക ചികിത്സാ മുറകൾ ഉപയോഗിച്ച് പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. സൂചി ശ്വാസകോശത്തില്‍ വളരെ ആഴത്തില്‍ തറച്ചിരുന്നതിനാല്‍ പരമ്പരാഗത ചികിത്സാ രീതികള്‍ ഫലപ്രദമല്ലെന്ന് മനസ്സിലായി.

സൂചി സുരക്ഷിതമായി വേര്‍തിരിച്ചെടുക്കുന്നതിന് നൂതന രീതി അവലംബിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നുവെന്ന്‌ ഡോ. ദേവേന്ദ്ര യാദവ് പറഞ്ഞു. തുടര്‍ന്ന് കാന്തം ഉപയോഗിച്ച് സൂചി നീക്കം ചെയ്യാമെന്ന ധാരണയിലെത്തി. കാന്തത്തെ സുരക്ഷിതമായി സൂചിയുടെ സ്ഥാനത്ത് എത്തിക്കാൻ പ്രത്യേക ഉപകരണം നിര്‍മ്മിച്ചെടുത്തു. 4mm വീതിയും 1.5 mm കനവുമുള്ള കാന്തമാണ് ഉപയോഗിച്ചത്.

ശ്വാസനാളത്തിന്റെ എന്‍ഡോസ്‌കോപ്പി ഉപയോഗിച്ച് ശ്വാസകോശത്തിനുള്ളിലെ സൂചിയുടെ സ്ഥാനം വിലയിരുത്തി. സൂചിയുടെ അഗ്രം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. കാന്തം സ്ഥാപിച്ച ഉപകരണം കടത്തിവിട്ടു. സൂചി കാന്തിക ശക്തിയോട് പ്രതികരിക്കുകയും ഉയര്‍ന്നുവരുകയും ചെയ്തു. വിജയകരമായി സൂചി വേര്‍തിരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ ഉള്ളില്‍ സൂചി എങ്ങനെയെത്തിയെന്ന് കുടുംബത്തിന് വ്യക്തമല്ലെന്നും എയിംസ് അധികൃതര്‍ പറഞ്ഞു.

ഖനി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായ യുവതി വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിയൽ

കര്‍ണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പ്രതിമ (45) ആണ് ശനിയാഴ്ച രാത്രി നഗരത്തിലെ സുബ്രഹ്മണ്യപുരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദൊഡക്കല്ലസന്ദ്രയിലെ വീട്ടില്‍ കൊല്ലപ്പെട്ടത്.

എട്ടരയോടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. സംഭവസമയം ഇവരുടെ ഭര്‍ത്താവും മകനും സ്ഥലത്തുണ്ടായിരുന്നില്ല. ജോലിക്ക് ശേഷം രാത്രി എട്ട് മണിയോടെ പ്രതിമയെ ഡ്രൈവര്‍ വീട്ടിലാക്കി മടങ്ങിയതാണ്. സീനിയർ ജിയോളജിസ്റ്റാണ്.

പത്ത് വർഷമായി ഇവർ ഫ്ലാറ്റിൽ തനിച്ചാണ് താമസം. ഭർത്താവും മകനും വ്യത്യസ്ത സ്ഥലങ്ങളിലാണ്. കഴുത്ത് മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തി മുറിച്ച നിലയിലായിരുന്നു മൃതദേഹം.

ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. ഇവരെ ശനിയാഴ്ച രാത്രി പ്രതിമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് രാവിലെ പ്രതിമയുടെ വീട്ടിലേക്ക് സഹോദരൻ എത്തിയത് . ഇദ്ദേഹം തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അറിയാവുന്ന ആളാണ് കൊലപാതകി എന്നാണ് പൊലീസ് നിഗമനം.

മൗണ്ട് ടിറ്റ്ലിസിലെ മഞ്ഞുപാടങ്ങൾ പ്രകാശനം ചെയ്തു

സഞ്ചാരിയും മുൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡപ്യൂട്ടി രജിസ്ട്രാറുമായ ഹാരിസ് ടി എം രചിച്ച സഞ്ചാര പുസ്തകം ‘മൗണ്ട് ടിറ്റ്ലിസിലെ മഞ്ഞുപാടങ്ങൾ’ മലപ്പുറം എം എൽ എ പി. ഉബൈദുള്ള പ്രകാശനം ചെയ്തു.

തിരുവനന്തപുരത്ത് കേരള നിയമസഭയുടെ രണ്ടാമത് രാജ്യാന്തര പുസ്തകോത്സവത്തിൽ ആയിരുന്നു പ്രകാശനം. ജി.വി. ബുക്സിൻ്റെ സ്റ്റാളിൽ പബ്ലിക് റിലേഷൻ വിഭാഗം മുൻ അഡീഷണൽ ഡയറക്ടർ കെ. മനോജ് കുമാർ പുസ്തകം ഏറ്റുവാങ്ങി. മുൻ കെ.എസ്.ഇ.ബി ചീഫ് എഞ്ചിനിയർ എൻ. വേണുഗോപാൽ, മുൻ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ അഡ്വക്കറ്റ്. ഉള്ളൂർ വി. മനോഹരൻ, എച്ച്. സലാഹുദ്ദീൻ, എസ്. മോഹൻകുമാർ, എം. എ ലത്തീഫ്, എ. കെ അബ്ദുസ്സമദ്, ജി.വി രാകേഷ് എന്നിവർ പങ്കെടുത്തു.

ഏഷ്യയിലും യൂറോപ്പിലുമുള്ള 28 വിദേശ രാജ്യങ്ങളിലെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിച്ചിട്ടുള്ള ഹാരിസ് ടി. എം, ‘ചിനാർതടങ്ങളും ദേവദാരുമരങ്ങളും- ഇന്ത്യൻ യാത്രകളുടെ പുസ്തകം’,  ‘ചുവപ്പുനദിയുടെ നാട്ടിൽ – വിയറ്റ്നാം സ്കെച്ചുകൾ’ എന്നീ സഞ്ചാര കൃതികളുടെ കർത്താവാണ്.

പുതു തലമുറ തന്നെ ഇല്ലാതാക്കാൻ, ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 3900 കുട്ടികൾ

0

യുദ്ധം രൂക്ഷമായ ​ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 231 പേർ കൊല്ലപ്പെട്ടു. ഇതിനിടെ ജബലിയ അഭയാർഥി ക്യാമ്പിലെ സ്കൂളിന് മുകളിലും ബോംബ് വർഷിച്ചു. 15 കുട്ടികൾ കൊല്ലപ്പെട്ടു.

ഇതോടെ ​ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9488 ആയി. കൊല്ലപ്പെട്ടവരിൽ 3900 കുട്ടികളും 150 ആരോഗ്യ പ്രവർത്തകരും ഉള്‍പ്പെടുന്നു. 105 ആരോഗ്യ കേന്ദ്രങ്ങൾ ആക്രമി ക്കപ്പെട്ടതായും 27 ആംബുലൻസുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. വടക്കൻ ഗാസ പൂർണമായി ഒഴിയണമെന്നാണ് ഇസ്രയേലിന്റെ ഇപ്പോഴത്തെ ആവശ്യം. വംശീയ ഉന്മൂലനം തന്നെ ലക്ഷ്യം വെച്ച് പുതു തലമുറയെ ഇല്ലാതാക്കാനാണ് നീക്കം എന്നാണ് കുട്ടികൾക്കും വിദ്യാലയങ്ങൾക്കും എതിരായ ആക്രമണം വിലയിരുത്തപ്പെടുന്നത്.

ഇസ്രയേലുമായി എല്ലാ തരം ബന്ധവും വിച്ഛേദിച്ചെന്ന് തുർക്കി അറിയിച്ചു. നെതന്യാഹുവുമായി സംസാരിക്കാൻ പോലും താത്പര്യമില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. ഇസ്രയേലിൻ്റേത് യുദ്ധക്കുറ്റമെന്ന വിമർശനവുമായി ഒമാനും രം​ഗത്തെത്തി. പ്രത്യേക അന്താരാഷ്ട്ര കോടതി രൂപീകരിച്ച് അന്വേഷണം വേണമെന്നും ഒമാൻ ആവശ്യപ്പെട്ടു.

അമേരിക്ക ഇസ്രേയലിന് കൂടുതൽ സൈനിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. 14.5 ബില്യൺ ഡോളർ സഹായമാണ് പാസാക്കിയിരിക്കുന്നത്. അമേരിക്ക ഉള്ളപ്പോള്‍ ഇസ്രേയൽ ഒറ്റക്കാവില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ 220 വിദേശ പൗരൻമാർക്കൊപ്പം 33 അമേരിക്കകാരും കൊല്ലപ്പെട്ടു. ആ ദിനം ആവർത്തിക്കാതിരിക്കാൻ കൂട്ടായ പ്രവർത്തനം നടത്തുമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.