ഗൂഗിൾ മാപ്പിൽ കാർ ഓടിച്ചത് പുഴയിലേക്ക് രണ്ട് യുവ ഡോക്ടർമാർ മരിച്ചു, മൂന്നു പേരെ നാട്ടുകാർ രക്ഷപെടുത്തി

0

കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കനത്ത മഴയിൽ വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാര്‍ മുന്നോട്ടെടുക്കുയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.

രാത്രി 12-ഓടെ ഗോതുരുത്ത് കടവാതുരുത്ത് ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ല്യൂഡി റോഡ് അവസാനിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. നാല് ഡോക്ടര്‍മാരും ഒരു നഴ്‌സുമാണ് കാറിലുണ്ടായിരുന്നത്. ഗൂഗിള്‍ മാപ്പ് ഇട്ടാണ് ഇവര്‍ വാഹനം ഓടിച്ചത്. മഴയും ഇരുട്ടുമായിരുന്നു.

പറവൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകാന്‍ എളുപ്പവഴിയെന്ന നിലയിലാണ് ഗോതുരുത്ത് കടവാതുരുത്ത് റൂട്ട് ആളുകള്‍ തിരഞ്ഞെടുക്കുന്നത്. ഗോതുരുത്തില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ ഇടത്തോട് തിരിയാതെ വാഹനം നേരേ ഓടിച്ചുപോവുകയായിരുന്നു.

നാലു ഡോക്ടര്‍മാരും ഒരു നേഴ്‌സും അടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രി 12.30-ഓടെയായിരുന്നു അപകടം. എറണാകുളത്ത് ബെര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു സംഘം. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചായിരുന്നു സംഘം യാത്ര ചെയ്തത്. കനത്ത മഴയെത്തുടര്‍ന്ന് കാഴ്ച വ്യക്തമാകാത്തതാണ് അപകടത്തിന് കാരണമായത്. പുഴയില്‍ ജെട്ടിക്ക് സമാനമായ സ്ഥലത്തുനിന്ന് കാര്‍ പുഴയിലേക്ക് ഓടിയിറങ്ങുകയായിരുന്നു.

പുഴയിലെ അടിയൊഴുക്കും മഴയെത്തുടര്‍ന്നുള്ള തണുപ്പും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. മൂന്നുപേരെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചപ്പോഴേക്കും മറ്റുരണ്ടുപേര്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയിരുന്നു. അവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അബ്ദുൾ ഹക്ക് മാധ്യമങ്ങളോട് പറഞ്ഞു.

പോലീസിനെ വിവരമറിയിച്ചിരുന്നു. ഫയര്‍ഫോഴ്‌സിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആദ്യഘട്ടത്തില്‍ സാധിച്ചില്ല. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി രണ്ടുമണിക്കൂറോളം തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്. വടംകെട്ടി വലിച്ചായിരുന്നു കാര്‍ പുഴയില്‍നിന്ന് പുറത്തെടുത്തത്. നേരത്തെ ഒരു ഓട്ടോറിക്ഷ വഴിതെറ്റി വന്ന് പുഴയില്‍ വീണ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

സ്വകാര്യ ബസ്സുകൾക്ക് വീണ്ടും കാലാവധി ഇളവുമായി സംസ്ഥാന സർക്കാർ, യാത്രക്കാരുടെ സുരക്ഷയ്ക്ക് പുല്ലുവില

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാന്‍ കേരളത്തെ മാതൃകയാക്കി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോൾ അതിനെയും മറികടന്ന് സംസ്ഥാന സർക്കാരിൻ്റെ ആനുകൂല്യ പ്രീണനം. സ്വകാര്യബസുകളുടെ ഉപയോഗ കാലാവധി 22 വര്‍ഷമായി നീട്ടി നൽകി. സ്വകാര്യബസ്സുടമകള്‍ നല്‍കിയ നിവേദനം പരിഗണിച്ചുകൊണ്ട് മന്ത്രി ആന്റണി രാജുവാണ് ഇളവുനല്‍കിയിരിക്കുന്നത്.

സ്വകാര്യ ബസ്സുകളിലെ സുരക്ഷാ പരിശോധനയിലെ വീഴ്ചയും അമിതവേഗവും റോഡ് കൾച്ചർ നശിപ്പിക്കുന്നതിലെ പങ്കും ഇതിന് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന മൌനാനുമതികളും ചർച്ചയാകവെയാണ് സർക്കാരിൻ്റെ പുതിയ “കാരുണ്യ” പദ്ധതി.

പരിസരമലിനീകരണത്തോത് കൂടിയ ഭാരത് സ്റ്റേജ് രണ്ട്, മൂന്ന് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കാണ് മന്ത്രി ഇടപെട്ട് ഇളവുനല്‍കിയത്. ബസുകളുടെ ഉപയോഗ കാലാവധി 15 വര്‍ഷമായി ആദ്യം നിജപ്പെടുത്തിയത് കേരളമാണ്.

സുപ്രീം കോടതി പോലും ശരിവെച്ച തീരുമാനവും ബസ് ഉടമസ്ഥ സംഘത്തിൻ്റെ സ്വാധീനവും

കേരളത്തിൻ്റെ തീരുമാനത്തിന് എതിരെ ബസ്സുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും യാത്രക്കാരുടെ സുരക്ഷയെക്കരുതി സര്‍ക്കാര്‍ എടുത്ത തീരുമാനം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് കേന്ദ്രം വാഹനങ്ങളുടെ ഉപയോഗ കാലാവധി 15 വര്‍ഷമായി കുറച്ചത്.

സുപ്രീം കോടതി ശരിവെച്ചിട്ടും സംസ്ഥാന സർക്കാർ സ്വന്തം തീരുമാനത്തിൽ നിന്നും മാറി. അത്രയും വലിയ സമ്മർദ്ദ ശക്തിയായി സ്വകാര്യ ബസ് ലോബി. സ്വകാര്യബസ്സുടമകളുടെ നിവേദനം പരിഗണിച്ചുകൊണ്ട് 15-ല്‍നിന്ന് 20 വര്‍ഷമായി ആദ്യം ഇളവ് ചെയ്തു നൽകിയിരുന്നു. ഇപ്പോള്‍ 22 വര്‍ഷമായും ഉയര്‍ത്തി നൽകി.

കോവിഡ് കാരണം ബസ്സുടമകള്‍ക്ക് നഷ്ടമായ രണ്ടുവര്‍ഷം നീട്ടിക്കൊടുക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഈ പരിഗണന മറ്റു മേഖലകളിൽ ഇല്ലാത്തതാണ്. മാത്രമല്ല കോവിഡ് ഉണ്ടായതിനാൽ യാത്രക്കാരുടെ സുരക്ഷ രണ്ടു വർഷം കളയാം എന്ന ന്യായമാണ് ഇവിടെ.

ഫെയർ സ്റ്റേജ് പുനർ നിർണ്ണയത്തിലും ടിക്കറ്റ് നിരക്കിലും എല്ലാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബസ് ഉടമാ അനുകൂല നയമാണ് സംസ്ഥാന സർക്കാരുകൾ എടുക്കാറ്. ഇതിന് കെ എസ് ആർ ടി സി സംവിധാനത്തെ നിലനിർത്തുക എന്ന ആന്തരിക ന്യായീകരണവും ഉണ്ട്. റോഡുകളിൽ സ്വകാര്യ ബസ്സുകളുടെ വേഗത നിർണ്ണയിച്ചതിലും ഈ ആനുകൂല്യം പ്രകടമായിരുന്നു.

കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ ബസ് ഉടമസ്ഥ സംഘം സർക്കാരിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. പക്ഷെ ഇവയൊന്നും അംഗീകരിക്കാതെ യാത്രക്കാരുടെ സുരക്ഷയെ പകരം വെക്കുകയാണ് ഫലത്തിൽ ചെയ്തത്.

ഇന്‍ഷുറന്‍സ് പ്രീമിയം പകുതിയായി കുറക്കണമെന്നും ഡീസലിന് സബ്‌സിഡി നല്‍കണമെന്നും നികുതി ഒഴിവാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുനിര്‍ത്തിയിട്ട ബസ്സുകള്‍ സര്‍വ്വീസ് നടത്തണമെങ്കില്‍ ഒന്നര ലക്ഷത്തോളം വേണ്ടി വരും. ഇതിന് പലിശ രഹിത വായ്പ നിശ്ചതി കാലത്തേക്ക് ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.

രാവിന്റെ പ്രണയിനി

അന്നും പതിവുപോലെ രാത്രിയുടെ ഗന്ധർവ്വയാമത്തിൽ അവൾ പൊടുന്നനെ കണ്ണുകൾ തുറന്നു..
പതിവുപോലെ എന്തോ ഒന്നിന്റെ സാന്നിധ്യം അവൾക്ക് അനുഭവപ്പെട്ടു,
നാസികയെ തുളച്ചെത്തുമൊരു രൂക്ഷ ഗന്ധം. ആരുടെയോ ഒരു നിശ്വാസം തന്റെ മുഖത്തു തട്ടും പോൽ.
യാന്ത്രികമായി അവൾ പതിയെ മേശക്ക് അടുത്തേക്ക് ചലിച്ചു .
ആ അർദ്ധയാമത്തിൻ കൂരിരുളുകൾ അവളെ തെല്ലും ഭയപ്പെടുത്താറേയില്ല ഇപ്പോൾ.
അവൾ വീണ്ടും എഴുതി തുടങ്ങി…
തൂലിക അന്നും പതിവുപോലെ എന്തോ ഒന്നിന്റെ പ്രേരണയാൽ അതിവേഗം നിഗൂഢമായി ചലിച്ചു തുടങ്ങി…
ടേബിൾ ലാമ്പിന്റെ വെട്ടം മെല്ലേ ഉയർത്തി അവൾ എഴുതി തുടങ്ങി…
തൂലികയിൽ വീണ്ടും ഗന്ധർവക്കാവും നാഗക്കളങ്ങളും, മരണത്തിൽ നിന്നും വേർപ്പെടാൻ കൊതിച്ചൊരാ ആത്മാവും ഒക്കെ വിരുന്നെത്തി…
രാവും അതിന്റെ പൂർണതയിൽ എത്തി എന്നതു പോൽ പരക്കെ ഇരുട്ടു വ്യാപിച്ചു തുടങ്ങി…
രാത്രിയ്ക്ക് കനം വെച്ചു തുടങ്ങി.
അമ്പിളികലയെ പാടേ മറച്ചു കൊണ്ടു ചുറ്റും തമസ്സു വ്യാപിച്ചു…
ആ രാവും അതീവ ഭീകരമായി നിലകൊണ്ടു…

പുലർച്ചെ നീട്ടിയുള്ള കോളിങ് ബെല്ലിന്റെ അലോസരനാദം അവളെ ഉണർത്തി. ആരാവും ഇത്ര നേരത്തെ ?
“സാവിത്രി ചേച്ചി…”
അവൾ നീട്ടി വിളിച്ചു. “ആരാന്നു നോക്കിയേ…”
കൂടെ സഹായത്തിനും വീട്ടുജോലിക്കും ഈ നാട്ടിൽ കിട്ടിയ ആളാണ്…
“കുഞ്ഞേ പത്രക്കാരാണ്, കുഞ്ഞ് അങ്ങോട്ടേക്ക് വായോ, ഞാൻ ചായ എടുക്കാം…” ചേച്ചി പറഞ്ഞു മെല്ലെ അവിടെ നിന്നു കടന്നു പോയി.. ആ കണ്ണുകളിൽ തെളിയുന്ന ഒരു തീഷ്ണത ഉണ്ട്… തനിക്കതു മുൻപും തോന്നിയിട്ടുണ്ട്..
മുറിയിലെ ചാരുകസേരയിൽ അവൾക്ക് ഇന്നലെ പൂർണമാക്കാൻ കഴിയാതെ പോയ ആ ബുക്ക്‌. അതിന്റെ പേജുകൾ ആരോ മറിച്ചിരിക്കുന്നു…
രണ്ട് പാലപ്പൂവുകൾ തന്റെ ജാലകത്തിനടുത്ത് സ്ഥാനം പിടിച്ചിരിക്കുന്നു. അത് വാടി കരിഞ്ഞിരിക്കുന്നു. ഇത്ര ദിവസമായിട്ടും താനതു കണ്ടതേ ഇല്ലല്ലോ…
കാലം കുറെ ആയി തന്റെ ജീവിതത്തിൽ സ്ഥിരം നടന്നു പോരുന്ന ചില പ്രതിഭാസങ്ങൾ…
അവൾ വേഗം താഴേയ്ക്ക് ചെന്നു.
“നമസ്കാരം മാഡം. ഞങ്ങൾ വന്നിട്ട് കുറച്ചു നേരം ആയി. ഇത്തവണയും ജൂറി പാനൽ അടക്കം ചർച്ച വരുന്നതും ദയാമാഡത്തെ കുറിച്ചു തന്നെ… ഈ തവണയും മികച്ച സാഹിത്യ പ്രതിഭപുരസ്‌കാരം മാഡത്തിനു തന്നെ…
ആഗോള തലത്തിൽ അടക്കം വലിയ ചർച്ചാവിഷയം ആയിട്ടുണ്ട്‌ നമ്മുടെ പൈതൃകം, ആ സംസ്കാരം… അതിൻ നിഗൂഢത…”
അവൾ ഒന്ന് മെല്ലെ ചിരിച്ചു.
നിഗൂഢമായ ആയില്യം കാവും, നാഗതറയിൽ തലതല്ലി മരിച്ച എമ്പ്രനെല്ലൂർ കുടുംബത്തിലെ തമ്പുരാട്ടിയുമെല്ലാം ഇന്നിപ്പോ ആളുകളിൽ ചർച്ചാ വിഷയം ആയിട്ടുണ്ട്…
അത്രയധികം ആളുകൾ നെഞ്ചിലേറ്റിയിരിക്കിന്നു ഈ എഴുത്തുകാരിയെ…
“ഞങ്ങൾ അടുത്ത ആഴ്ചത്തെ മീറ്റിംഗ് നെ കുറിച്ച് പറയാൻ എത്തിയതാണ്.”
“ഞാൻ ഉണ്ടാവും.”
അവർ പോയ ശേഷം നടുമുറ്റത്തെ തുളസിതറയെ നോക്കി അവൾ കുറച്ചു നേരം അങ്ങനെ ഇരുന്നു… എന്തോ ഒന്ന് അവളെ അങ്ങോട്ടേക്ക് ആനയിക്കും പോലെ.
ഒരു പിടി തുളസികതിർ അവിടെ ആരോ ഇറുത്ത്‌ വെച്ചിരിക്കുന്നു.
ഒന്നെടുത്തു മുടിയിൽ ചൂടാൻ തുടങ്ങിയതും
“കുളിക്കാതെ ആണോ കുട്ട്യേ തുളസികതിർ മുടിയിൽ ചൂടുന്നത്..?”
സാവിത്രി ചേച്ചിയുടെ ചോദ്യം…
അവൾ അതിനെ കൈപിടിയിലാക്കി മുകളിലേക്ക് നടന്നു..
“കുട്ട്യേ കുളിച്ചു വന്നോളൂ കഴിക്കാൻ ഉള്ളത് പാകം ആയിട്ടുണ്ട്‌…”
അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൾ മുകളിലേക്ക് നടന്നു..
മുറിയിലെത്തി ജനാലയ്ക്ക് അരികിൽ ഉള്ള ചാരുകസേരയിൽ അവൾ ഇരുന്നു. അഞ്ച് ഏക്കർ വിസ്തൃതിയിൽ ഉള്ള ഈ വീട് കണ്ടു പിടിക്കാൻ ഒരുപാട് പണിപ്പെട്ടു. ചുറ്റും നിബിഢമരങ്ങൾ ആണ്, ആലും, തേരകവും, പാലയും ചെമ്പകവും സമൃദ്ധമായി നിറഞ്ഞു നിൽക്കുന്നു.
തന്നെ വരിഞ്ഞു മുറുക്കുന്ന ഒരു നിഗൂഢത. അർക്കൻ തൻ കിരണങ്ങളെ പോലും തന്നിൽ നിന്നു മറയ്ക്കുന്നവോ….??
ഉഷസ്സിന്റെ മധ്യാഹ്‌നങ്ങളിൽ എപ്പോഴോ അരിച്ചെത്തുന്ന നേർത്ത വെളിച്ചം അവളുടെ മുറിയിലെ നിലകണ്ണാടിയിൽ ഇടയ്ക്ക് പ്രതിബിംബിച്ചു പോവാറുണ്ട്…​
പ്രഭാത ഭക്ഷണത്തിന് ശേഷം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാൽ അവൾ പതുക്കെ തൊടിയിലേക്കിറങ്ങി… ശാന്തവും ശൂന്യവുമായ മനസ്സ്… രാവിലെ പത്രക്കാർ വന്ന് പറഞ്ഞുപോയ കാര്യങ്ങൾ പോലും തന്റെ മനസ്സിനെ അല്പം പോലും സ്പർശിച്ചിട്ടില്ല എന്നവൾ തിരിച്ചറിഞ്ഞു…
ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങുന്ന സമയത്തെ പഴിച്ചു കൊണ്ട് അടുത്ത രാവിനായി അവളുടെ മനസ്സ് വെമ്പൽ കൊണ്ടു…

* ****
നേരം സന്ധ്യയോട് അടുത്തിരുന്നു, മുഖപുസ്തകത്തിൽ പതിവ് പല്ലവികൾ തന്നെ… എന്നാൽ അവളെറേ പ്രതീക്ഷിച്ച ആ ഐഡിയിൽ നിന്ന് ഒരു സന്ദേശവും അവളെ തേടി എത്തിയിട്ടില്ല… ഗന്ധർവ്വയാമത്തെ പ്രണയിച്ചവൻ. അതേ അവനിൽ നിറഞ്ഞു നിന്നതും അതായിരുന്നു, നീതി തേടുന്ന ആത്മാവും, കാവും കുളങ്ങളും… അതൊരു തരം ഭ്രാന്തമായ ആരാധന മാത്രം ആയിരുന്നുവോ, അറിയില്ല…
രാത്രി അതിൻ കരിമ്പടക്കെട്ടുകളെ പുതച്ചു തുടങ്ങി. അവൾ ഉറക്കത്തിലേയ്ക്ക് വഴുതിവീണു, രാത്രിയുടെ അനന്തയാമത്തെ തൻ തൂലികയാൽ കീഴടക്കാൻ…
സൂര്യതേജസ്സാർന്നൊരു താരകം അവളെ നോക്കി കണ്ണുചിമ്മി…

2000 രൂപ നോട്ടുകൾക്ക് ഒരാഴ്ച കൂടി സാധുത

0

രണ്ടായിരം രൂപ നോട്ട് മാറ്റിവാങ്ങാനുള്ള തീയതി നീട്ടി. ഒക്ടോബര്‍ ഏഴ് വരെ മാറ്റിവാങ്ങാം. വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യംകൂടി കണക്കിലെടുത്താണ് സമയം നീട്ടിയതെന്നാണ് റിസര്‍വ് ബാങ്ക് അറിയിപ്പ്. സെപ്റ്റംബർ 30 ആയിരുന്നു നോട്ട് മാറ്റിയെടുക്കാൻ നേരത്തെ അനുവദിച്ച സമയപരിധി.

3.42 ലക്ഷം കോടി രൂപ മൂല്യംവരുന്ന നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഇതില്‍ 93 ശതമാനം നോട്ടുകളും സെപ്റ്റംബര്‍ മാസം ഒന്നാം തീയതി തന്നെ തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. മുഴുവന്‍ തുകയും മടങ്ങിയെത്തിയേക്കാമെന്ന സാധ്യതകൂടി മുന്നില്‍കണ്ടാണ് സമയം നീട്ടിയതെന്നാണ് സൂചന. ഒക്ടോബർ 8-നു ശേഷം ലഭിക്കുന്ന നോട്ടുകൾ ബാങ്കുകൾ സ്വീകരിച്ചേക്കില്ല.

കഴിഞ്ഞ മെയ് 19-നാണ് 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കറന്‍സി നിക്ഷേപിക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ ബാങ്കുകളില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല.

നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2,000 രൂപയുടെ കറന്‍സി പുറത്തിറക്കിയത്. ലക്ഷ്യം പൂര്‍ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2,000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു നോട്ട് നിരോധനം.

ജനപ്രതിനിധികൾക്ക് പകരം നിയമ നിർമ്മാണം നടത്തുന്നത് ആർ എസ് എസ്സും ഉദ്യോഗസ്ഥരും- രാഹുൽ ഗാന്ധി

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പകരം രാജ്യത്ത് നിയമങ്ങള്‍ ഉണ്ടാക്കുന്നത് ആര്‍.എസ്.എസും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണെന്ന് തുറന്നടിച്ച് രാഹുല്‍ഗാന്ധി. പ്രധാനവിഷയങ്ങളില്‍നിന്ന് ജനശ്രദ്ധതിരിക്കുകയെന്ന ജോലിയാണ് കേന്ദ്രസര്‍ക്കാരിന് ആര്‍.എസ്.എസ്. നല്‍കിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ജന്‍ ആക്രോശ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുൽ.

രാജ്യത്ത് പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മിലാണ്. അതിന്റെ ഒരുഭാഗത്ത് കോണ്‍ഗ്രസും മറ്റൊരു ഭാഗത്ത് ആര്‍.എസ്.എസും ബി.ജെ.പിയുമാണ്. ഒരുവശത്ത് ഗാന്ധിജിയും മറ്റൊരു വശത്ത് ഗോഡ്‌സേയും. വിദ്വേഷത്തിനും അക്രമണത്തിനും അഹങ്കാരത്തിനുമെതിരെ പോരാടുന്നത് സ്‌നേഹവും ബഹുമാനവും സാഹോദര്യവുമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി. ഭരണത്തിന് കീഴില്‍ മധ്യപ്രദേശ് ഇന്ത്യയിലെ അഴിമതിയുടെ പ്രഭവകേന്ദ്രമായെന്ന് ഭാരത് ജോഡോ യാത്രക്കിടെ ആളുകള്‍ തന്നോട് പറഞ്ഞു. ഉച്ച ഭക്ഷണത്തിന്റെയും വിദ്യാര്‍ഥികള്‍ക്കുള്ള യണിഫോമിന്റേയും പണം ബി.ജെ.പി. അടിച്ചുമാറ്റി. ഒരു കോടി യുവാക്കളെയാണ് വ്യാപം അഴിമതി ബാധിച്ചത്. പരീക്ഷാ ചോദ്യപ്പേപ്പറുകള്‍ ചോര്‍ത്തപ്പെടുകയും എം.ബി.ബി.എസ്. സീറ്റുകള്‍ വില്‍ക്കപ്പെടുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ശരിയായ പ്രതിഫലം ലഭിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

‘സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ ഒന്നോ രണ്ടോ വലിയ വ്യവസായികള്‍ക്കോ വേണ്ടിയല്ല. പാര്‍ലമെന്റില്‍ ഞാന്‍ അദാനിയുമായി ബന്ധപ്പെട്ട വിഷയമുയര്‍ത്തിയപ്പോള്‍, അദ്ദേഹത്തെ രക്ഷിക്കാന്‍ ബി.ജെ.പി. എന്റെ ലോക്‌സഭാംഗത്വം റദ്ദാക്കി’,

അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു. ജാതി സെന്‍സസ് നടത്തുന്നതിലൂടെ രാജ്യത്തിന്റെ എക്‌സ്-റേ, എം.ആര്‍.ഐ. പരിശോധനകള്‍ നടത്താനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത് രാഹുൽ പറഞ്ഞു

കൂടുതൽ കമ്മീഷനുള്ള ബ്രാൻ്റ് വില്പനയിൽ, ബിവറിജസ് വില്പനശാലയിൽ വിജിലൻസ് പരിശോധന

0

സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വ്യാപക പരാതിയെ തുടര്‍ന്ന് ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് പദ്ധതിയുടെ ഭാഗമായായിരുന്നു പരിശോധന. മദ്യം വാങ്ങാനെത്തുന്നവരില്‍ നിന്ന് കൂടുതല്‍ വില ഈടാക്കി. കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും വില കൂടിയ ബ്രാന്‍ഡുകള്‍ മാത്രം പ്രോത്സാഹിപ്പിച്ചു. കൂടുതൽ കമ്മീഷൻ ലഭിക്കുന്ന ബ്രാൻ്റുകൾ വില്പന നടത്തി എന്നിങ്ങനെ വ്യാപകമായ ക്രമക്കേടുകൾ പരാതിയായി.

ഉദ്യോഗസ്ഥര്‍ മദ്യ കമ്പനി ഏജന്റുമാരില്‍ നിന്ന് പണം പറ്റുന്നതായും കണ്ടെത്തി. അന്യസംസ്ഥാനക്കാരില്‍ നിന്നും അമിതവില വാങ്ങി ബില്ലില്ലാതെ മദ്യം വില്‍ക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചു. കേടില്ലാത്ത മദ്യക്കുപ്പികള്‍ക്ക് കേടുവന്നെന്ന് കണക്കുണ്ടാക്കി ബില്ലില്ലാതെ വില്‍പന നടത്തിയെന്നും കണ്ടെത്തി. മാത്രമല്ല ഇതിനെല്ലാം ആസൂത്രിത സംവിധാനവും ഉണ്ട്. ഇവ സംബന്ധിച്ച പരാതിയാണ് പരിശോധനയിലേക്ക് എത്തിച്ചത്.

ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും വിലവിവരവും ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കാറില്ല. മദ്യക്കുപ്പി പൊതിഞ്ഞ് നല്‍കുന്നതിനുള്ള കടലാസ് പല ഉദ്യോഗസ്ഥരും വാങ്ങാതെ വാങ്ങിയതായി കാണിച്ച് പണം തിരിമറി നടത്തുന്നതായും ചില ഔട്ട്‌ലെറ്റുകള്‍ മദ്യം പൊതിയാതെ നല്‍കുന്നതായും പരാതികളുയര്‍ന്നിരുന്നു. മാത്രമല്ല മദ്യം പൊതിഞ്ഞു നൽകുന്നത് ഉത്തരവാദിത്തമല്ല എന്ന രീതിയിൽ ഉപഭോക്താക്കളെ അപമാനിക്കുന്ന സമീപനവും ഉണ്ടായി.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ പതിനൊന്ന് ഔട്ട്‌ലെറ്റുകള്‍, എറണാകുളം ജില്ലയിലെ പത്ത് ഔട്ട്‌ലെറ്റുകള്‍, കോഴിക്കോട് ജില്ലയിലെ ആറ്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 5 വീതം ഔട്ട്‌ലെറ്റുകള്‍, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലെ നാല് വീതം ഔട്ട്‌ലെറ്റുകളുമുള്‍പ്പെടെ 78 ബെവ്‌കോ ഔട്ട്‌ലെറ്റുകളിലാണ് പരിശോധന നടത്തുന്നത്.

കുടിച്ചാൽ പോര അഴിമതി അറിയക്കയും വേണം

അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സാപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.

നിയമന കോഴ വിവാദത്തിൽ ഹരിദാസിൻ്റെ മൊഴിയും സംശയത്തിൽ

0

നിയമന കോഴ വിവാദത്തിൽ ഹരിദാസിന്റെ മൊഴിയിൽ അവ്യക്തതയെന്ന് പൊലീസ്. 500 രൂപ നോട്ടുകൾ അടങ്ങിയ ഒരു ലക്ഷം രൂപ കൈമാറിയെന്നാണ് ഹരിദാസിന്റെ മൊഴി. ആർക്കാണ് പണം നൽകിയതെന്നോ, പണത്തിന്റെ ഉറവിടത്തെക്കുറിച്ചോ മൊഴിയിൽ വ്യക്തത ഇല്ല. കാഴ്ച്ചക്കുറവുള്ളതിനാൽ പണം വാങ്ങിയ ആളെ കണ്ടാൽ തിരിച്ചറിയില്ലെന്നാണ് ആവർത്തിക്കുന്നത്.

തിരുവനന്തപുരത്ത് വച്ച് ഒരു ലക്ഷം രൂപ കൈമാറിയെന്നാണ് ഹരിദാസൻ പറയുന്നത്.എന്നാൽ പണം കൈമാറ്റത്തിന് തെളിവ് നൽകാൻ ഹരിദാസന് സാധിച്ചില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് പണം വാങ്ങിയയാളെ ഇനി കണ്ടാലും തിരിച്ചറിയില്ലെന്ന ഹരിദാസന്റെ മൊഴി പൊലീസിന് വിശ്വസനീയമല്ല. പണം വാങ്ങിയത് അഖില്‍ മാത്യുവാണെന്ന് ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞു എന്നായിരുന്നു ആദ്യം പറഞ്ഞത്.പൊലിസ് കാണിച്ച അഖിൽ മാത്യുവിന്റെ ഫോട്ടോയും ഹരിദാസൻ തിരിച്ചറിഞ്ഞില്ല.

ഹരിദാസ് പണം നല്‍കിയെന്ന് ആരോപിക്കുന്ന ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയിലെന്ന് കഴിഞ്ഞ ദിവസം പൊലീസ് ഉറപ്പിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലാണ് ഇക്കാര്യം ആധികാരികമായി വ്യക്തമായത്. ഇനി സെക്രട്ടേറിയറ്റിന് മുന്നിലെ CCTV ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് കാന്റോണ്‍മെന്റ് പൊലീസിന്റെ നീക്കം.

അന്വേഷണ ഫലം വന്നിട്ട് പറയാമെന്ന് മന്ത്രി വീണാ ജോർജ്

വിവാദത്തിൽ സത്യം പുറത്ത് വരുമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ല. വിഷയത്തിൽ സത്യം പുറത്ത് വന്ന ശേഷം എല്ലാവരെയും കാണും. അന്വേഷണത്തിലൂടെ കാര്യങ്ങൾ പുറത്തു വരട്ടെ. പൊലീസ് അന്വേഷണം സത്യം പുറത്ത് കൊണ്ട് വരുമെന്നും വീണാ ജോർജ് പറഞ്ഞു.

ഡോക്ടർ നിയമനത്തിനു പണം വാങ്ങിയെന്നാണ് വീണാ ജോർജിന്‍റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെതിരെ പരാതി ഉയർന്നത്. മലപ്പുറം സ്വദേശി ഹരിദാസ് ആണ് പരാതിയുമായി രംഗത്തെത്തിയത്. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്തു പണം വാങ്ങി എന്നാണ് പരാതി.

തിരുവനന്തപുരത്ത് വച്ച് ഒരു ലക്ഷം രൂപ കൈമാറിയെന്നാണ് ഹരിദാസൻ പറയുന്നത്.എന്നാൽ പണം കൈമാറ്റത്തിന് തെളിവ് നൽകാൻ ഹരിദാസന് സാധിച്ചില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് പണം വാങ്ങിയയാളെ ഇനി കണ്ടാലും തിരിച്ചറിയില്ലെന്ന ഹരിദാസന്റെ മൊഴി പൊലീസിന് വിശ്വസനീയമല്ല.

5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

0

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിലും തീരദേശപ്രദേശത്തും ജാഗ്രത തുടരണം. മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകരുതെന്നും മുന്നറിയിപ്പ്. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 120 സെന്റീമീറ്റർ ഉയർത്തി.

മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

30.09.2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

01.10.2023: എറണാകുളം, കോഴിക്കോട്, കണ്ണൂർ

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ ഇന്ന് കോട്ടയം (പച്ച) ഒഴികെയുള്ള എല്ലാ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.

പുറപ്പെടുവിച്ച സമയം: 10.00 AM 30-09-2023

IMD-KSEOC-KSDMA

ഒഫീഷ്യൽ ലിങ്ക് ചുവടെ

https://www.facebook.com/KeralaStateDisasterManagementAuthorityksdma/posts/700059092171241?ref=embed_post

മണിപ്പൂരിൽ പുതിയ രാഷ്ട്രീയ നാടകം, സർക്കാരിനെതിരെ ജെ.പി.നഡ്ഡയ്ക്ക് സംസ്ഥാന ഘടകത്തിൻ്റെ കത്ത്

0

മണിപ്പുരിലെ വര്‍ഗീയ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാരിൻ്റെ പരാജയം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്ക് കത്തയച്ചു. ജനരോഷവും പ്രതിഷേധവും ഇപ്പോള്‍ ഭരണകൂടത്തിനെതിരായ മാറിയെന്ന തിരിച്ചറിവും കത്തിൽ പ്രകടമാക്കുന്നുണ്ട്.

രാജി നാടകവും രാഷ്ട്രപതി ഭരണം ഒഴിവാക്കിയതിലെ തന്ത്രവും

മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങ് കലാപത്തിൻ്റെ ആദ്യ ഘട്ടത്തിൽ സമാനമായ ഒരു രാജി നാടകം കളിച്ചിരുന്നു. രാജക്കത്തുമായി പോയ മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും മണിപ്പൂരി വനിതകൾ കത്ത് ബലമായി പിടിച്ചു വാങ്ങി കീറി എറിയുന്ന ദൃശ്യങ്ങളുമായിട്ടായിരുന്നു നാടകവും അതിനെ പുകഴ്ത്തിയ വാർത്തകളും.

കലാപത്തിൻ്റെ തുടക്കത്തിൽ തന്നെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അതിനെ കൈകാര്യം ചെയ്തത് വിമർശന വിധേയമായിരുന്നു. ബിരേൻ സിങ്ങിലുള്ള വിശ്വസമില്ലായ്മ അദ്ദേഹത്തിന് “പ്രത്യേക” താത്പ്യമുള്ള മെയിത്തേ വിഭാഗം തന്നെ പരക്കെ പ്രകടിപ്പിച്ചിരുന്നു. ഇതിനെ മറികടന്ന് ഭരണം കയ്യിൽ സുരക്ഷിതമാക്കാനുള്ള നാടകമായിരുന്നു രാജിക്കത്ത് കീറി എറിയൽ.

സംസ്ഥാന സർക്കാരിന് മേലുള്ള ജനാഭിപ്രായം ദുർബലമായത് കേന്ദ്ര സർക്കാരിനും ബിജെപിക്കും ബോധ്യവുമുണ്ടായിരുന്നു. കാരണം അത് പ്രത്യക്ഷം ആയിരുന്നു. പക്ഷെ ബിരേൻ സിങ്ങിനെ നിലനിർത്തിക്കൊണ്ട് മണിപ്പൂർ കലാപത്തിൻ്റെ പേരിൽ ഉണ്ടാകാവുന്ന പ്രതിഛായാ നഷ്ടം അവിടെ തന്നെ പരിമിതപ്പെടുത്തി നിർത്തുക എന്നത് ആവശ്യമായിരുന്നു.

ഇതര സംസ്ഥാനങ്ങളിൽ എളുപ്പം പരീക്ഷിച്ച് വിജയിച്ച വിഭജന രാഷ്ട്രീയം നോർത്ത് ഈസ്റ്റിൽ എളുപ്പമായില്ല. മാത്രമല്ല ഗോത്ര ജനവിഭാഗങ്ങളെ ഇതര മതവിഭാഗങ്ങളെ പോലെ ഒതുക്കുക എളുപ്പമായില്ല. അതിന അനുഭവങ്ങൾ സമീപ കാലം ചരിത്രത്തിൽ തന്നെ ഉണ്ടായിരുന്നു എങ്കിലും കണക്കു കൂട്ടൽ പിഴക്കുകയായിരുന്നു.

30 വർഷം എങ്കിലും പിറകിൽ നിന്ന് കിതയ്ക്കുന്ന ഒരു സംസ്ഥാനം കരകയറാനുള്ള പ്രതീക്ഷയിൽ നിന്നപ്പോഴാണ് അതിനെ ഭരണ കൂടത്തിൻ്റെ വിഭാഗീയ രാഷ്ട്രീയ ലക്ഷ്യങ്ങളാൽ അടിച്ച് തകർത്തു കളഞ്ഞത്. ഉണക്കാൻ പറ്റാത്ത മുറിവകളായി മണിപ്പൂർ ജനത മാറ്റി മറിക്കപ്പെട്ടു. കലാപങ്ങളും സമരങ്ങളും കൂട്ടക്കൊലകളും ഒന്നും നോർത്ത് ഈസ്റ്റിന് പുത്തരിയല്ല. പക്ഷെ ഇങ്ങനെ ഒന്ന് അസാധാരണമായിരുന്നു. സൈനിക വിഭഗങ്ങലും നീതിന്യായ പരിപാലന സംവിധാനങ്ങളിലും വരെ മുറിവുകൾ തീർത്തു.

ഇതോടെ രാഷ്ട്രപതി ഭരണം അസാധ്യമായി. പകരം ഒരു മുഖ്യമന്ത്രിയെ കിട്ടുകയും അസാധ്യമായി. കാരണം കുടുംബവും കുലവും തന്നെ ഇല്ലാതായേക്കാവുന്ന പ്രതികാരത്തിൻ്റെ തിരകളാണ് ഉണർത്തി വിട്ടത്. രാഷ്ട്രപതി ഭരണം പകരം വെക്കാം എങ്കിലും അതോടെ കലാപത്തിൻ്റെ പഴി നേരിട്ട് കേന്ദ്രത്തിലേക്ക് പകർത്തപ്പെടും. ഇത് കേന്ദ്ര നേതൃത്വത്തെ സ്വഭാവികമായും പ്രതിരോധത്തിലാക്കും. വിശേഷിച്ചും വിഭാഗീയ രാഷ്ട്രീയം കൈകാര്യം ചെയ്ത അധികര തന്ത്രങ്ങൾ മാധ്യമങ്ങളുടെ വാ അടച്ചിട്ടും ജനങ്ങൾ കാണുന്നു എന്ന പ്രശ്നമുണ്ടായിരുന്നു.

കലാപം ഒടുങ്ങുന്നില്ല, അക്രമം മുഖ്യമന്ത്രിയുടെ വീടിന് നേരെ തിരിയുന്നു

ബിജെപി സംസ്ഥാന അധ്യക്ഷ എ.ശാരദ ദേവിയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ആശങ്കയറിയിച്ച് നഡ്ഡയ്ക്ക് കത്തയച്ചത്. ഇംഫാല്‍ ഈസ്റ്റിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ കുടുംബ വസതിയും ഇംഫാല്‍ വെസ്റ്റിലെ ബിജെപി എംഎല്‍എയുടെ വീടും കഴിഞ്ഞ ദിവസം ജനക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. മുഖ്യമന്ത്രിക്കും കുടുംബത്തിനും പോലും ഇനി സംസ്ഥാനത്ത് തുടരുക വെല്ലുവിളിയായി മാറിയിരിക്കുന്നു.

കത്തിലെ വരികൾക്ക് ഇടയിൽ

‘ജന രോഷവും പ്രതിഷേധവും ഇപ്പോള്‍ ഗതിമാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഏറെ നാളായി തുടരുന്ന അസ്വസ്ഥതകളുടെ ഏക ഉത്തരവാദിത്തം സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാരിന്റെ പരാജയത്തിലേക്ക് മാത്രം ചൂണ്ടിക്കാട്ടപ്പെടുന്നു. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ നമ്മുടെ സര്‍ക്കാര്‍ രാവും പകലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം’ കത്തില്‍ വ്യക്തമാക്കി.

സൈനിക അധികാരം മുഖ്യമന്ത്രി ആവശ്യപ്പെടുമ്പോൾ

ജനങ്ങള്‍ ദൈനംദിന ജീവതത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പുതിയ സംഭവവികാസത്തിലേക്കെത്തിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസം തിരികെ കൊണ്ടുവരാന്‍ ആര്‍ട്ടിക്കിള്‍ 355 റദ്ദാക്കാനും മുഖ്യമന്ത്രിക്ക് ഏകീകൃത കമാന്‍ഡ് പുനഃസ്ഥാപിക്കാനും അവര്‍ നഡ്ഡയോട് ആവശ്യപ്പെട്ടു.


ഒരു തരത്തിലുള്ള നയതന്ത്രവും പ്രായോഗികമാവാത്ത അകൽച്ചയാണ് മണിപ്പൂരിൽ സംഭവിച്ചിരിക്കുന്നത്. വരുത്തിക്കൂട്ടിയിരിക്കുന്നത്. ഇതിനെ ഇനിയും സായുധ അധികാരം വഴി പരിഹരിക്കുക എന്ന അവസാന ഘട്ട ശ്രമത്തിലേക്ക് പോയാൽ അത് സമീപ കാല ഇന്ത്യ ചരിത്രത്തിലെ കറുത്ത നടപടിയാകും. മണിപ്പൂരിലെ അധികാര വർഗ്ഗത്തിന് ഇടയിൽ ഇപ്പോഴും പ്രതികാര രാഷ്ട്രീയത്തിൻ്റെ ചിന്തകളാണ് മുളപ്പിക്കുന്നത്. ജനാധപത്യത്തെ തിരിച്ചറിയാനും അതിൻ്റെ വഴിയെ കാര്യങ്ങൾ പരിഹരിക്കാനും കാലങ്ങൾ എടുക്കും. പക്ഷെ അതായിരിക്കും താരതമ്യേന നല്ല പരിഹാരം. എങ്കിലും അത്തരം ജനാധിപത്യ ചിന്തയേയും ഉൾക്കൊള്ളൽ രാഷ്ട്രീയവും തിരിച്ചറിയാനുള്ള നയന്ത്രജ്ഞത ഇല്ലെന്ന പ്രതിസന്ധി നിലനിൽക്കുന്നു.