‘ഏഷ്യൻ ഗെയിംസ് 2022’ ന് തിരിതെളിഞ്ഞു

0

 ചൈനയിലെ ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30 ന് 19–ാം ഏഷ്യൻ ഗെയിംസിന് തിരി തെളിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങ് ഏഷ്യൻ ​ഗെയിംസിന് ഔദ്യോ​ഗിക തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചു.

അഫ്​ഗാനിസ്ഥാൻ ആണ് മാർച്ച് പാസ്റ്റിൽ ആദ്യം പങ്കെടുത്തത്. അഫ്​ഗാനിൽ നിന്ന് 130 പുരുക്ഷ അത്‌ലറ്റുകളാണ് ഏഷ്യാഡിൽ പങ്കെടുക്കുന്നത്. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പതാകയും വേദിയിൽ ഉയർത്തി.

ഇന്ത്യൻ ഹോക്കി ടീം നായകൻ ഹർമ്മൻപ്രീത് സിങ്ങും വനിതാ ബോക്സിങ് താരവുമായ ലവ്‌ലിന ബോര്‍ഗൊഹെനും ഇന്ത്യൻ പതാകയേന്തി. കാക്കി നിറത്തിലുള്ള സാരി ധരിച്ചാണ് ലവ്‌ലിന ഇന്ത്യൻ പതാകയേന്തിയത്. കുർത്തയായിരുന്നു ഹർമ്മൻ പ്രീതിന്റെ വേഷം. 650തിലധികം വരുന്ന ഇന്ത്യൻ കായിക സംഘം കൈയിൽ ത്രിവർണ പതാകയുമായി പതാകവാഹകരെ അനു​ഗമിച്ചു.

പരമ്പരാ​ഗത ചൈനീസ് കലാരൂപങ്ങളും കൃത്രിമബുദ്ധിയുടെ സഹായത്തോടെയുള്ള ആധുനിക സാങ്കേതിക വിദ്യയും ചേർത്തിണക്കിയ കലാരൂപങ്ങളാണ് ചൈന വേദിയിൽ അവതരിപ്പിച്ചത്. ഏഷ്യൻ ​ഗെയിംസിന്റെ 19-ാം പതിപ്പ് 16 ദിവസം നീണ്ടുനിൽക്കും. 45 രാജ്യങ്ങൾ ഏഷ്യൻ കായിക മാമാങ്കത്തിൽ പങ്കെടുക്കും.

ഏറ്റവും വലിയ ടീം ഇന്ത്യയുടെ

655 അത്‌ലറ്റുകളാണ് ഏഷ്യൻ വേദിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ഇതാദ്യമായാണ് ഇത്രയധികം കായിക താരങ്ങളെ ഇന്ത്യ എഷ്യൻ ​ഗെയിംസിന് അയക്കുന്നത്. നാല് വർഷത്തിലൊരിക്കലാണ് ഏഷ്യൻ ​ഗെയിംസ് നടക്കുക.

40 കായിക വിഭാ​ഗങ്ങളിലായി 481 മത്സരങ്ങളുണ്ട്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന കായികമേളയാണ് കൊവിഡ് മൂലം ഇക്കൊല്ലത്തേയ്ക്ക് മാറ്റിയത്. അതിനാൽ ഏഷ്യൻ ​ഗെയിംസ് 2022 എന്ന പേരിലാണ് ഇത്തവണത്തെ മേള അറിയപ്പെടുക. 

ആശയം മെയിഡ് ഇൻ ഇന്ത്യ

ഇന്ത്യൻ സ്പോർട്സ് അഡ്മിനിസ്ട്രേറ്ററായിരുന്നു പ്രൊഫ. ​ഗുരുദത്ത് സോന്ധിയാണ് ഏഷ്യൻ ​ഗെയിംസ് എന്ന ആശയം മുന്നോട്ടുവച്ചത്. ഏഷ്യയിലെ ഏല്ലാ രാജ്യങ്ങളെയും പങ്കെടുപ്പിച്ച് ഒരു ​കായിക മാമാങ്കം എന്ന ആശയത്തിന് ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റു പിന്തുണ നൽകി. 1949 ഫെബ്രുവരി 12ന് ഒൻപത് രാജ്യങ്ങളിൽനിന്നുളള പ്രതിനിധികൾ പങ്കെടുത്ത് ഏഷ്യൻ ഗെയിംസ് നടത്തിപ്പിനെ കുറിച്ച് ചർച്ചകൾ നടത്തി. പിറ്റേന്ന് ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ നിലവിൽവന്നു. ആദ്യം ഏഷ്യാറ്റിക് ​ഗെയിംസ് എന്നായിരുന്നു പേര്. ഇതിനെ ഏഷ്യൻ ​ഗെയിംസെന്ന് നെഹ്റു പുനർനാമകരണം ചെയ്തു.

ചൈന വീണ്ടും

ഏഷ്യൻ ​ഗെയിംസിന്റെ 18 പതിപ്പുകളിലും ഇന്ത്യ പങ്കെടുത്തു. ഇതുവരെ ഇന്ത്യയ്ക്ക് നേടാൻ കഴിഞ്ഞത് 155 സ്വർണമ‌ടക്കം 672 മെഡലുകൾ. 1951ൽ രണ്ടാം സ്‌ഥാനത്ത് എത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. 1474 സ്വർണം നേടിയ ചൈനയാണ് സ്വർണവേട്ടയിൽ ഒന്നാമത്. നിലവിലെ ചാമ്പ്യൻഷിപ്പും ചൈനയ്ക്ക് തന്നെ. ഇത്തവണ ചൈന ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ ​ഗെയിംസിന് ഓ​ഗസ്റ്റ് 19ന് അനൗദ്യോ​ഗിക തുടക്കം കുറിച്ചിരുന്നു.

“രാഷ്ട്രപതിയെ ക്ഷണിക്കാതിരുന്നത് തൊട്ടുകൂടായ്മ” രാഹുലിന് പിറകെ വിഷയം ഏറ്റെടുത്ത് ഖാർഗെയും പൊതുവേദിയിൽ

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിലേക്ക് രാഷ്ട്രപതിയെ കക്ഷണിക്കാതിരുന്ന വിഷയം പൊതുവേദിയിൽ ഉന്നയിച്ച് രാഹുലിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിച്ചില്ലെന്ന് ഖാര്‍ഗെ ഓർമ്മപ്പെടുത്തി. രാജസ്ഥാനില്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് മന്ദിരത്തിന് തറക്കല്ലിടുന്ന ചടങ്ങിലാണ് വിഷയം ഉന്നയിച്ചത്.

രാഷ്ട്രപതിയെ പാർലമെൻ്റ് കെട്ടിടം ഉദ്ഘാടനത്തിനും ആദ്യ സമ്മേളനത്തിലെ പ്രവേശ ചടങ്ങിലും പങ്കെടുപ്പിക്കാതെ അകറ്റിയത് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഉയർത്തി കാട്ടിയിരുന്നു. ഹിന്ദി നടിമാരെ ക്ഷണിച്ച് കൊണ്ട് വന്നപ്പോൾ രാഷ്ട്രപതിയെ മാറ്റി നിർത്തി. അവർ ഗോത്ര വർഗ്ഗത്തിൽ നിന്നും ഉള്ളവരും ഭർത്താവ് നഷ്ടപ്പെട്ടവരും ആയതനാലാണ് എന്നായിരുന്നു രാഹുൽ ചൂണ്ടികാട്ടിയത്.

ഇപ്പോൾ രാഷ്ട്രപതിയെ അപമാനിക്കുന്ന നടപടിയാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നാണ് ഖാർഗെ പറഞ്ഞത്. എല്ലാ വിഭാഗങ്ങളില്‍നിന്നുള്ളവരും കോണ്‍ഗ്രസില്‍ ഉണ്ട്. ബിജെപി ആരെയും അടുത്തുവരാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു.

പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലേക്കും അന്നത്തെ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ല. ഇക്കാര്യവും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. രാംനാഥ് കോവിന്ദ് തൊട്ടുകൂടായ്മയുള്ള ആളായതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതെന്ന് ഖാര്‍ഗെ വിശദീകരിച്ചു. ‘തൊട്ടുകൂടായ്മയുള്ള ആള്‍ തറക്കല്ലിട്ടാല്‍ സ്വാഭാവികമായും അത് ഗംഗാജലംകൊണ്ട് കഴുകേണ്ടതായി വരും’, ജാതിവ്യവസ്ഥയിലെ അയിത്താചരണത്തെ സൂചിപ്പിച്ചുകൊണ്ട് ഖാര്‍ഗെ വിശദമാക്കി.

വനിതാ സംവരണ ബില്‍ കൊണ്ടുവരുന്നതില്‍ ബിജെപിക്കുള്ള താല്‍പര്യത്തെയും ഖാര്‍ഗെ ചോദ്യംചെയ്തു. വനിതകള്‍ക്ക് സംവരണം നല്‍കണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് ഇന്ത്യ സഖ്യം രൂപവത്കരിച്ചതോടെയാണ് ബിജെപി വനിതാ ബില്ലിനേക്കുറിച്ച് ഓര്‍ത്തതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

മണ്ഡല പുനർ നിർണ്ണയം കഴിഞ്ഞാൽ മാത്രമാണ് വനിതാ സംവരണം നടപ്പിലാക്കാൻ കഴിയുക എന്ന ഉപാധി ബില്ലിൽ ഉണ്ട്. ഇതിന് അടുത്ത സെൻസസ് പൂർത്തിയാവുന്നത് വരെ കാത്തിരിക്കേണ്ടി വരും. 2028 ലെ തിരഞ്ഞെടുപ്പിൽ പോലും സംവരണം നടപ്പാക്കാൻ ഇതുവഴി സാധ്യത കുറവാണ്. ഇക്കാര്യം ചൂണ്ടി കാട്ടി രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

ഈ വിഷയങ്ങൾ കോൺഗ്രസ് ശക്തമായി കാമ്പയിൻ്റെ ഭാഗമാക്കുന്നതാണ് ഇപ്പോൾ കാണുന്നത്. എന്നാൽ ഇതര നേതാക്കൾ പ്രധാനപ്പെട്ട വിഷയങ്ങൾ ഉന്നയിക്കാതെ ഒതുങ്ങി നിൽക്കുകയും ചെയ്യുന്നു.ഇതേ വിഷയങ്ങൾ നേരത്തെയും ഖാർഗെ ചോദ്യം ചെയ്തിരുന്നു.

തിരുവനന്തപുരത്ത് തന്നെ മത്സരിക്കുമെന്ന് ശശി തരൂർ, നിയമസഭയിലേക്കോ എന്നത് സാഹചര്യം നോക്കി

0

തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് ശശി തരൂർ എം.പി. തിരുവനന്തപുരം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിൽ സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷെ, സാഹചര്യം കാണുമ്പോൾ മനസ് മാറി. ദേശീയ തലത്തിൽ ഒരു ഭരണമാറ്റം ആവശ്യമാണ്, തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നായിരുന്നു തരൂരിൻ്റെ തന്ത്രപരമായ മറുപടി. എന്തായാലും തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

മോദി മത്സരിച്ചാലും തിരുവനന്തപുരത്ത് ജയിക്കും

പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും. ജയപ്രതീക്ഷ ഉണ്ടോ എന്ന ചോദ്യത്തിന്, തിരുവനന്തപുരത്ത് മോദിമത്സരിച്ചാലും താൻ ജയിക്കും എന്നും പ്രതികരിച്ചു.

നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആലോചന ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് തന്ത്രപരമായ മറുപടി ആണ് തരൂർ നൽകിയത്. ‘രാഷ്ട്രീയത്തിൽ മൂന്ന് വിധത്തിൽ തിരഞ്ഞെടുപ്പുണ്ട്. പല സമയങ്ങളിലാണ് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ. ഓരോ സമയത്തെയും സാഹചര്യവും ആവശ്യവും നോക്കി തീരുമാനിക്കും. അപ്പോഴത്തെ സാഹചര്യം നോക്കി കാര്യങ്ങൾ തീരുമാനിക്കും’, എന്നിങ്ങനെയായിരുന്നു പ്രതികരണം.

ബി ജെ പി രാജ്യത്ത് വിഷം ഇഞ്ചക്ട് ചെയ്തു

പാർലമെന്റിലെ ഡാനിഷ് അലിക്കെതിരായ വർഗീയ പരാമർശത്തിൽ രാജ്യം സ്തഭിച്ചുവന്ന് തരൂർ പറഞ്ഞു. പാർലമെന്റിൽ മുസ്ലിം എം.പിക്കെതിരെ ബി.ജെ.പി. എം.പി. തെറിവിളിച്ചു. ഇന്ത്യ മുഴുവൻ സ്തംഭിച്ച സംഭവം. വർഗീയ പരാമർശം കേട്ട് അടുത്തിരുന്ന മുൻമന്ത്രിമാർ ചിരിക്കുകയായിരുന്നു. അവരുടെ മുഖം കണ്ടിട്ട് രാജ്യത്തിന് തന്നെ നാണക്കേട് തോന്നി. ഈ നിലയിൽ രാജ്യം മാറിപ്പോയി. ബി.ജെ.പി. രാജ്യത്ത് വിഷം ഇഞ്ചക്ട് ചെയ്തിരിക്കുന്നെന്നും തരൂർ അഭിപ്രായപ്പെട്ടു.

ഡെങ്കിപ്പനി പടരുന്നു ഇന്നും രണ്ട് മരണം, നിയന്ത്രിക്കാനാവാതെ കൊതുക് ശല്യം

സംസ്ഥാനത്ത് പകർച്ചനി ബാധിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് 8252 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. 57 പേർക്ക് ഡെങ്കിപ്പനിയും 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ മാസം 22 പേരാണ് പനി ബാധിച്ച് മരിച്ചത്.


ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറം ജില്ലയിലാണ്. 1254 പേരാണ് മലപ്പുറത്ത് ചികിത്സ തേടിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും പനി ബാധിതർ കൂടുകയാണ്. പത്തനം തിട്ട ജില്ലയിലും ഡെങ്കി ഭീഷണി റിപ്പോർട്ട് ചെയ്തു.

കൊതുക് നിയന്ത്രണത്തിന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട് എങ്കിലും പ്രാദേശിക തലത്തിൽ നിയന്ത്രണ ശ്രമങ്ങൾ ഒന്നുമില്ലാത്ത സാഹചര്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളും പ്രശ്നത്തിൻ്റെ ഗൌരവം ഉൾകൊണ്ട് നടപടികൾ സ്വീകരിക്കുന്നില്ല എന്ന പരാതിയാണ്. കൊതുക് നിയന്ത്രണത്തിന് അടുത്തകാലത്ത് പ്രത്യേക പദ്ധതികൾ ഒന്നുമില്ല.

2013 ലും 2017 ലുമാണ് കേരളത്തിൽ ഡങ്കിപ്പനി ഏറ്റവും അധികം ഭീഷണി വിതച്ചത്. അതിന് സമാനമായ സാഹചര്യമാണ് ഈ വർഷവും എന്നാണ് ആരോഗ്യമന്ത്രി തന്നെയും പറഞ്ഞത്. എന്നാൽ തദ്ദേശീയമായി കൊതുക് നിയന്ത്രണത്തിന് നടപടികൾ ഇല്ലെന്നാണ് ആക്ഷേപം.

സ്വയം ചികിത്സ വേണ്ട

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണം. 2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി.

വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉൾപ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയിൽ തുടരേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനി പ്രതിരോധത്തിൽ കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കേണ്ടതാണെന്ന് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ കളക്ടർമാരുമായി കൂടിയാലോചിച്ച് വിവിധ വകുപ്പുകളും ജനപ്രതിനിധികളുമായും ചർച്ച ചെയ്ത് വാർഡുതലം മുതലുള്ള ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം എന്ന നിർദ്ദേശം ആവർത്തിച്ചു.

ജനപ്രതിനിധികളേയും സന്നദ്ധ പ്രവർത്തകരേയും വിവിധ വകുപ്പുകളേയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം. വരുന്ന 8 ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഇത് ജില്ലാതലത്തിൽ ഉറപ്പ് വരുത്തേണ്ടതാണ്.

സ്വകാര്യ ആശുപത്രികളിലെ പകർച്ചപ്പനി കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. മരണം പരമാവധി ഒഴിവാക്കാൻ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. ആയതിനായി സർക്കാർ, സ്വകാര്യ മേഖലയിൽ തുടർപരിശീലനങ്ങൾ പൂർത്തിയാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി.

ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ പ്രത്യേകം വിശകലനം ചെയ്തു. അവരെ കാര്യക്ഷമമായി വിന്യസിപ്പിച്ചുകൊണ്ട് കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്നാണ് സർക്കാർ ഔദ്യോഗിക അറിയിപ്പ്.

വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറായി കാണുന്നുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം. ആക്രിക്കട, ടയർകട എന്നിവ വെള്ളം വീഴാതെ സുരക്ഷിതമാക്കണം. ജലക്ഷാമമുള്ള സ്ഥലങ്ങളിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളും നിർമ്മാണ സ്ഥലത്തിലെ ടാങ്കുകളും കൊതുകിന്റെ പ്രജനന കേന്ദ്രമാകാതെ ശരിയായ രീതിയിൽ മൂടി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. നീണ്ടുനിൽക്കുന്ന പനി വളരെ ശ്രദ്ധിക്കണം.

നിയന്ത്രണം വേണം, രോഗത്തെ കുറിച്ച് അറിവും

എന്താണ് ഡെങ്കിപ്പനി ?

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

രോഗലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

അപകടസൂചനകൾ

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ

സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ചികിത്സ പ്രധാനം

എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

കൊതുകിനെ ഇല്ലതാക്കാം

  • കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
  • ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
  • ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
  • കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
  • ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
  • ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.

ജെഡിഎസ് ബിജെപി മുന്നണിയിലേക്ക് പോയത് സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെ എന്ന് സംശയം, പുറത്താക്കുമോ എന്ന് വി ഡി സതീശൻ

0

ജനതാദൾ എസ് നെ കേരളത്തിലെ എൽഡിഎഫ് മുന്നണിയിൽ നിന്നും പുറത്താക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപി മുന്നണിയിൽ ചേർന്ന ജെഡിഎസിനെ പുറത്താക്കാൻ എൽഡിഎഫ് തയാറാകുമോയെന്ന് ആരാഞ്ഞ സതീശന്‍ സിപിഐഎമ്മിൻ്റെ സംഘപരിവാർ വിരുദ്ധതയിലെ ഇരട്ടത്താപ്പാണ് ഇതെന്ന് അഭിപ്രായപ്പെട്ടു.

ബിജെപി വിരുദ്ധ കോൺഗ്രസ് ഇതര മുന്നണിയെന്ന ആശയം ദേശീയ സമ്മേളനത്തിൽ പ്രഖ്യാപിച്ച പാർട്ടിയാണ് ജെഡിഎസ്. ഇന്ന് അവർ എൻഡിഎയുടെ ഭാഗമാണ്. കേരളത്തിൽ എൽഡിഎഫിനൊപ്പവും. ബിജെപി വിരുദ്ധതയിൽ വാചക കസർത്ത് നടത്തുന്ന സിപിഐഎമ്മിനും ഇടത് മുന്നണിക്കും ഇപ്പോൾ എന്ത് പറയാനുണ്ട് എന്നാണ് വി ഡി സതീശൻ്റെ ചോദ്യം.

ജെഡിഎസ് പ്രതിനിധി പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമാണ്. ബിജെപി വിരുദ്ധ നിലപാടിൽ എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ജെഡിഎസിനെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ സിപിഐഎം തയാറാകണം. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ “ഇൻഡ്യ” എന്ന വിശാല പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ അതിനൊപ്പം ചേരാൻ കേരളത്തിലെ സിപിഐഎമ്മിന് താത്പര്യമില്ല. ലാവ്ലിൻ, സ്വർണക്കടത്ത്, മാസപ്പടിയും ഉൾപ്പെടെയുള്ള അഴിമതികളിലെ ഒത്തുതീർപ്പും സംഘപരിവാറിനോടുള്ള വിധേയത്വവും ഭയവുമാണ് ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിൽ നിന്നും സിപിഐഎനെ അകറ്റുന്നകത്. ഇക്കര്യത്തിൽ നിലപാട് എടുക്കാൻ ദേശീയ നേതൃത്വത്തെ വിലക്കാൻ പിണറായിയുടെ കേരള ഘടകത്തെ പ്രേരിപ്പിക്കുന്നത് അതേ ഭയമാണെന്നും വി ഡി സതീശൻ വിമർശിച്ചു.

ജെഡിഎസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ദേശീയ നേതൃത്വം ബിജെപി ബന്ധത്തിലേക്ക് പോയതെന്ന് സംശയിക്കണം. ഒരു മാസമായി ഇതു സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിട്ടും ദേശീയ നേതൃത്വത്തെ തിരുത്താനുള്ള ഒരു സമ്മർദ്ദവും കേരള ഘടകത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ജെഡിഎസും സിപിഐഎമ്മും എൽഡിഎഫും കേരളത്തിലെ ജനങ്ങളോട് രാഷ്ട്രീയ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസിന് നാല് സീറ്റുകളാണ് ബിജെപി ഉറപ്പ് നൽകിയിരിക്കുന്നത്. നേരത്തെ ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെപി നദ്ദയുമായും കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിലും ക്ലച്ച് പിടിക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ

0

ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിലും ക്ലച്ച് പിടിക്കുന്നുണ്ടെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്രൈസ്തഭ സഭ ബി.ജെ.പിയെ പിന്തുണക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. 24 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അഭിപ്രായങ്ങൾ.

സുരേഷ് ഗോപിയുടെ നിയമനം താൻ അറിഞ്ഞത് കേന്ദ്ര മന്ത്രി ടാകൂറിൻ്റെ ട്വീറ്റിലൂടെയാണ്. സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷന് സ്ഥാനാർത്ഥിയാകാൻ തടസമില്ല. സുരേഷ് ഗോപിക്ക് തന്നെ കുറിച്ച് ഒരു തരിമ്പ് പരാതി പോലുമില്ല. അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബിജെപിക്ക് വിചാരിച്ചത് പോലെ റിസൾട്ട് ഉണ്ടാകുന്നില്ല എന്നത് ശരിയാണ്. പ്രസിഡൻ്റ് സ്ഥാനം എന്ന് വേണമെങ്കിലും ഒഴിയും. ദേശീയ നേതൃത്വമാണ് അക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. കേന്ദ്ര മന്ത്രിമോഹം തനിക്ക് ഇല്ല. റിസൾട്ട് ഇല്ലാത്ത സംസ്ഥാനത്തിന് ഇനി കേന്ദ്ര മന്ത്രി പദവി ലഭിക്കും എന്ന് പ്രതീക്ഷയും ഇല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ 19 കാരൻ മരിച്ചു

0

ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വിദ്യാർഥി മരിച്ചു. കൂത്തുപറമ്പ് നീര്‍വേലി സ്വദേശി പി.സി. സിനാന്‍(19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ടര്‍ഫില്‍ ഫുഡ്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ കൂത്തുപറമ്പിലെ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വീണ്ടും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും മരിച്ചു. അക്കൗണ്ടിങ് വിദ്യാര്‍ഥിയാണ് സിനാന്‍.

സ്കൂളുകൾ തിങ്കളാഴ്ച തുറക്കും, ഇനി നിയന്ത്രണം കണ്ടെയിൻമെൻ്റ് സോണുകളിൽ മാത്രം

0

നിപ കാരണം അടച്ചു പൂട്ടിയ വിദ്യാലയങ്ങൾ സപ്തംബർ 25 തിങ്കളാഴ്ച മുതൽ സാധാരണ പോലെ പ്രവർത്തിക്കും. കണ്ടെയിൻ്റ്മെൻ്റ് സോണിൽ ഒഴികെയുള്ള വിദ്യാലയങ്ങൾക്ക് സാധാരണ പോലെ പ്രവർത്തിക്കാം എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

വിദ്യാലയങ്ങളിൽ എല്ലായിടത്തും ക്ലാസ് മുറികൾക്ക് പുറത്ത് സാനിറ്റൈസർ ഉണ്ടായിരിക്കണം. ഇതോടൊപ്പം അധ്യാപകരും വിദ്യാർഥികളും മാസ്ക് ഉപയോഗിക്കണമെന്നും കളക്ടർ അറിയിച്ചു. നിപബാധിതമായി അടച്ചിട്ട സ്ഥലങ്ങളിൽ ഓൺലൈൻ ക്ലാസ് തുടരണം.

സ്കൂൾ തുറക്കുമോ, ഇന്ന് ആലോചനാ യോഗം

0

നിപയുടെ ആശങ്ക അകലുന്ന സാചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപെടുത്തിയ നിന്ത്രണങ്ങളിൽ ഇളവ് വന്നേക്കും. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകാനാണ് സാധ്യത. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പഠനം ഓൺലൈനാക്കി മാറ്റിയത്. ജില്ലയിൽ പൊതുപരിപാടികൾക്കും നിയന്ത്രണമുണ്ട്. 

വീണാ ജോർജിനെതിരായ പരാമർശം, കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷൻ

0

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു.

മാടമ്പി പ്രയോഗം

മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ.എം. ഷാജി അപമാനിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു വരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയില്‍ ഉപയോഗിച്ച ‘സാധനം’ എന്ന വാക്കു തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാന്‍.

മുന്‍പ് നമ്പൂതിരി സമുദായത്തിനിടയില്‍ ഉണ്ടായിരുന്ന സ്മാര്‍ത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയില്‍ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു ‘സാധനം’എന്നത്. കെ.എം. ഷാജിയെ പോലെയുള്ളവരുടെ മനസില്‍ നിന്നും തികട്ടിവരുന്ന ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. ആധുനിക കാലത്തും പിന്തിരിപ്പന്‍ ചിന്താഗതി വച്ച് പുലര്‍ത്തുന്ന കെ.എം. ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താന്‍ നമ്മുടെ സമൂഹം തയാറാവണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

പ്രതികരണവുമായി മന്ത്രി ആർ ബിന്ദുവും

മന്ത്രി വീണാ ജോർജിനെതിരായ അധിക്ഷേപത്തിൽ കെഎം ഷാജിക്കെതിരെ ഫെയ്സ്‌ബുക്ക് പോസ്റ്റുമായി മന്ത്രി ആർ. ബിന്ദു. ഷാജിയും മുസ്ലിംലീഗും സ്ത്രീകളെ കാണുന്നത് സാധനങ്ങളായി മാത്രമാണെന്നും കെഎം ഷാജിയുടേത് കുശുമ്പുകുത്തും സംസ്കാരശൂന്യതയുമാണെന്നും മന്ത്രി ആർ. ബിന്ദു ഫെയ്സ്ബുക്കിൽ കുറിച്ചു. പരാമർശത്തെ ശക്തമായി അപലപിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

മന്ത്രി ആർ. ബിന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആരോഗ്യമന്ത്രി സ വീണാ ജോർജ്ജിനെതിരായി കെ എം ഷാജി നടത്തിയ പരാമർശത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. വിദ്യാസമ്പന്നയും ബുദ്ധിമതിയും കർമ്മകുശലയുമായ സ. വീണ ഇതിനകം തന്റെ പ്രാഗത്ഭ്യവും ഇടപെടൽ ശേഷിയും നേതൃപാടവവും മികച്ച നിലയിൽ തെളിയിച്ച വനിതാരത്നമാണ്. അവരെ അന്തവും കുന്തവുമില്ലാത്ത “സാധനം” എന്നാണ് ഷാജി വിശേഷിപ്പിച്ചത്. ഷാജിയും അദ്ദേഹത്തിന്റെ പാർട്ടിയും വെറും സാധനങ്ങൾ മാത്രമായാണ് സ്ത്രീകളെ തങ്ങൾ കാണുന്നത് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുന്നു.

മികച്ച ഭൂരിപക്ഷത്തിന് രണ്ടാം പ്രാവശ്യവും സ്വന്തം മണ്ഡലത്തിൽ നിന്ന് ജനസമ്മതി നേടി ജയിച്ചു വന്ന് മന്ത്രിയായി ഏവരുടെയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങി മുന്നോട്ടു പോകുന്ന മിടുക്കിയായ വീണയെ, പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പുകുത്തുന്നത് കാണുമ്പോൾ, ആ വിരോധാഭാസത്തിൽ സ്വബോധമുള്ളവർക്ക് പ്രതികരിക്കാതിരിക്കാനാവില്ല. ഷാജിയുടെ സ്ത്രീവിരുദ്ധ മനോഭാവത്തേയും സംസ്കാരശൂന്യതയേയും ശക്തമായി അപലപിക്കുന്നു.

പി കെ ശ്രീമതി ടീച്ചർ

 ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ മുസ്ലിംലീ​ഗ് നേതാവ് കെഎം ഷാജി നടത്തിയ പരാമർശം അപലപനീയമാണെന്ന് സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചർ പ്രതികരിച്ചിരുന്നു. പരാമർശം അപലപനീയമാണ്. നിരുപാധികം പിൻവലിച്ച് മാപ്പുപറയണമെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

ഷാജി പറഞ്ഞത്

മലപ്പുറം കുണ്ടൂർ അത്താണി മുസ്‌ലീം ലീഗ് സമ്മേളന വേദിയിലാണ് മന്ത്രി വീണാ ജോ‍ർജ്ജിനെതിരായ കെഎം ഷാജിയുടെ അധിക്ഷേപം.

ഒരു ആരോഗ്യമന്ത്രിയ്ക്കെതിരെയെന്നല്ല ഒരു സ്ത്രീയെയും ഇങ്ങനെ പൊതു മധ്യത്തിൽ അഭിസംബോധന ചെയ്യാൻ പാടില്ലെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ.എം ഷാജിയുടെ അധിക്ഷേപം. ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയേയുമാണ് ഓർമ്മ വരുന്നതെന്നും ഷാജി പറഞ്ഞിരുന്നു. 

വലിയ പ്രഗത്ഭയൊന്നുമല്ലെങ്കിലും മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് കാര്യങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ആരോഗ്യ മന്ത്രിയുടെ യോഗ്യത എന്താണെന്ന് ഷാജി ചോദിച്ചു. നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണ ജോര്‍ജിന്റെ മന്ത്രിപദവിയെന്നും ഷാജി പറഞ്ഞു.