25 സെന്റില്‍ താഴെയുള്ള ഭൂമിയുടെ തരംമാറ്റാന്‍ ഫീസ് വേണ്ടതില്ലെന്ന 2019 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യം നേരത്തെയുള്ള അപേക്ഷകർക്കും ബാധകമാക്കിയ വിധി നടപ്പാവുമോ. ഈ വിധി നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിന് എതിരെ നൽകിയ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതിയില്‍ നടക്കുന്ന കോടതിയലക്ഷ്യ നടപടിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി മുൻകാല പ്രാബല്യം ആവശ്യപ്പെട്ടവർക്ക് നോട്ടീസ് അയച്ചു.
2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നിലം തരം മാറ്റാന്‍ അപേക്ഷ നല്‍കിയ ദിവസം കണക്കാക്കി ഫീസിളവ് അനുവദിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. റവന്യൂ രേഖകളില്‍ നിലമാണെങ്കിലും ഡേറ്റ ബാങ്കില്‍ ഉള്‍പ്പെടാതെ കിടക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റോ അതുവരെ ഉപയോഗിക്കാത്തതുമായ 25 സെന്റില്‍ താഴെയുള്ള ഭൂമിയുടെ തരം മാറ്റാന്‍ ഫീസ് വേണ്ടതില്ലെന്ന 2021 ഫെബ്രുവരി 25ലെ സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യം അതിനുമുമ്പുള്ള അപേക്ഷകര്‍ക്കും ബാധകം ആണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിലാണ് മുൻകാല പ്രാബല്യം ആവശ്യപ്പെട്ടത്.
ഈ വിധി നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും വാദിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജിയില്‍ നോട്ടീസ് അയച്ചത്.
ഹൈക്കോടതി വിധി നടപ്പാക്കത്തിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി അടുത്ത ദിവസങ്ങളില്‍ ഹൈക്കോടതി പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിലെ നടപടികള്‍ ആണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.