എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരേ വനിതാ ഡോക്ടർ നടത്തിയ വെളിപ്പെടുത്തലിൽ കേസ്. സംഭവത്തിൽ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെ സീനിയര്‍ ഡോക്ടര്‍ ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് വനിതാ ഡോക്ടറുടെ പരാതി. 2019-ലെ സംഭവത്തിൽ സാമൂഹികമാധ്യമത്തില്‍ വനിതാ ഡോക്ടര്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുര്‍ന്നാണ് മന്ത്രി ഇടപെട്ടത്.
ഇതുസംബന്ധിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും.
നിലവില്‍ വിദേശത്തുള്ള ഡോക്ടര്‍ ഹെല്‍ത്ത് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ഇ മെയില്‍ മുഖേന ഇതുസംബന്ധിച്ച പരാതി നല്‍കുകയായിരുന്നു. ആരോപണവിധേയനായ ഡോക്ടര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നുണ്ട്.


