കോട്ടയം രാമപുരത്ത് പ്രായപൂർത്തിയാവാത്ത മൂന്ന് പെൺ കുഞ്ഞുങ്ങളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് ക്രൂരതയ്ക്ക് ശേഷം തൂങ്ങി മരിച്ചത്. വിദ്യാർഥിനികളായ 13, 10, ഏഴ് വയസുവീതം പ്രായമുള്ള പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷമായിരുന്നു മരണം. പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റവും ഇളയവളായ ഏഴുവയസുകാരിയുടെ നില അതീവഗുരുതരമാണ്.
അനന്യ 13,അമേയ 10, അനാമിക 7 എന്നീങ്ങനെ മൂന്നു പേരും ആശുപത്രിയിലാണ്. രാത്രി 12.30 ഓടുകൂടിയായിരുന്നു സംഭവം. പെൺകുട്ടികൾ നിലവിളിച്ചതിനെത്തുടർന്ന് അയൽവാസികളെത്തിയപ്പോഴാണ് അക്രമം കണ്ടെത്തുന്നത്. രാമപുരം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ജോമോൻ തൂങ്ങി മരിച്ചിരുന്നു.
ജോമോനും ഭാര്യയും കഴിഞ്ഞ ഒന്നരവർഷമായി അകൽച്ചയിൽ ആയിരുന്നു. അതിനാൽ ജോമോൻ പെൺകുട്ടികളുമായി ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്.


