വന്ദേ ഭാരത് രണ്ടാമത്തെയും തിരുവന്തപുരം മംഗലാപുരം റൂട്ടിൽ, ഉറപ്പ് ലഭിച്ചതായി എം കെ രാഘവൻ എംപി

0

 കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനെത്തുമെന്ന് എം കെ രാഘവൻ എം പി. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയാകും സർവീസെന്നും ദക്ഷിണ റെയിൽവെയിൽ നിന്നും ഇക്കാര്യത്തിലടക്കം ഉറപ്പു ലഭിച്ചെന്നും എം കെ രാഘവൻ അറിയിച്ചു. പുതിയ പാസഞ്ചർ ട്രെയിനുകൾക്കുള്ള നിവേദനം നൽകിയതായും രാഘവൻ വ്യക്തമാക്കി. ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേക്ക് ഇതിനോടകം കൈമാറിയിട്ടുണ്ട്. 

ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു മുമ്പുണ്ടായ അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേ ഭാരത് ദക്ഷിണ റെയിൽവേക്ക് കൈമാറാനുള്ള തീരുമാനവും യാത്രക്കാർക്ക് പ്രതീക്ഷ കൂട്ടി. ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയെങ്കിലും സർവീസ് എന്ന് മുതലെന്നതിൽ തീരുമാനമായിട്ടില്ല.  

നിപയിലും രാഷ്ട്രീയം, സ്ഥിരീകരിച്ച് കേന്ദ്ര മന്ത്രി, കേരളത്തെ ഇതുവരെ ഔദ്യോഗികമായി അറിയിച്ചില്ലെന്ന് സംസ്ഥാനം

നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി പൂണൈ വൈറോളജി ഇൻസ്റ്റ്റ്റ്യൂട്ടിൻ്റെ സ്ഥിരീകരണം പ്രഖ്യാപിച്ചു എങ്കിലും കേരളത്തെ ഔദ്ധ്യോഗികമായി അറിയിച്ചില്ല. സംസ്ഥാന സര്‍ക്കാരുമായി ഏകോപനത്തിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്ന്‌ രോഗ വിവരം സ്ഥിരീകരിച്ച് കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ പ്രസ്താവന മാത്രമാണ് അടിസ്ഥാനം.

നിപ സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിസ്സഹായയായി അറിയിച്ചിരുന്നു. കോഴിക്കോട് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് അവർ ഔദ്ധ്യോഗിക അറിയിപ്പ് ലഭിച്ചില്ല എന്ന് അറിയിച്ചത്.

കേരളത്തിൽ പരിശോധന നടത്താൻ രണ്ട് കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. എന്നാൽ കേരളത്തിൽ ഇത് സംബന്ധിച്ച് രോഗ പ്രഖ്യാനവും അന്തിമ വിവരവും പ്രഖ്യാപിക്കാൻ കഴിയില്ല. എൻ ഐ ഡി പൂനയാണ് ഇതിന് ഉത്തരാവാദിത്തപ്പെട്ട കേന്ദ്രം. അവരുടെ ടെസ്റ്റ് റിപ്പോർട്ട് കേരളത്തിന് ഇതുവരെ കൈ മാറിയില്ല. എന്നാൽ കേന്ദ്ര മന്ത്രി ഇത് പ്രഖ്യാപിക്കയും ചെയ്തു. എൻ ഐ ഡി പൂനയിൽ നിന്നും പരിശോധന പൂർത്തിയായില്ല എന്ന നിലപാടാണ് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് വിശദീകരിച്ചത്.

ആശയ കുഴപ്പമില്ല, നടപടി തുടങ്ങി

രോഗം സംബന്ധിച്ച് ആശയ കുഴപ്പമില്ല എന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. കേരളത്തിൽ രോഗം സ്ഥിരീകരിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ നടപടി തുടങ്ങി. ഇനിയും പൂണൈയിൽ നിന്നുള്ള അന്തിമ ഫലം പ്രതീക്ഷിക്കയാണ്.

കേന്ദ്രം സംഘം എത്തുന്നു, 168 പേർ സമ്പർക്ക പട്ടികയിൽ

നിപ സാഹചര്യത്തിൽ കേന്ദ്രസംഘം ബുധനാഴ്ച കേരളത്തിലെത്തുമെന്ന്‌ ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇവർക്കുപുറമെ, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ ലാബ് യൂണിറ്റും ചെന്നെെ ഐ.സി.എം.ആറിൽ നിന്നുള്ള സംഘവും സംസ്ഥാനത്തെത്തും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോഴിക്കോട്ട് ചേർന്ന് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സമ്പർക്കപ്പട്ടികയിൽപ്പെട്ട 168 പേരെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ആദ്യ രോഗിയുമായി സമ്പർക്കപ്പട്ടികയിലുള്ളത് 158 പേരാണ്. ഇതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്. ബാക്കിയുള്ളവർ രോഗിയുമായി അടുത്ത് ഇടപഴകിയവരും.

മരിച്ച രണ്ടാമത്തെ ആളുടെ സമ്പർക്കപ്പട്ടികയിലാണ് ബാക്കിയുള്ള പത്ത് പേർ. ഇദ്ദേഹവുമായി സമ്പർക്കത്തിലുള്ള നൂറിലധികം പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിശോധനയ്ക്കയച്ച രണ്ട് പേരുടെ ഫലം ചൊവ്വാഴ്ച രാത്രിയോടെ ലഭിക്കുമെന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അറിയിച്ചതായും മന്ത്രി പറഞ്ഞു. മൃ​ഗസംരക്ഷണവകുപ്പിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ മേഖലയിൽ വവ്വാലുകളുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട സർവേ നടത്തുമെന്നും മന്ത്രി അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. രോഗലക്ഷണമുള്ളവർ ഹെൽപ് ലൈനുമായി ബന്ധപ്പെടണം. കോഴിക്കോട് ജില്ലയിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0495 2383100, 0495 2383101, 0495 2384100, 0495 2384101 എന്നീ നമ്പറുകളിൽ വിളിക്കാം.

നിപ തന്നെ, കനത്ത ജാഗ്രതാ നിർദ്ദേശം

കഴിഞ്ഞ ദിവസം കോഴിക്കോട്  മരിച്ചയാൾക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പൂനൈ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിൽ  മരിച്ചവരുടെ രക്ത സാമ്പിള്‍ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. നാല് പേരുടെ പരിശോധനാ ഫലം കൂടെ വരാനുണ്ട്.

നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ഫലങ്ങൾ ലഭിച്ചതുകൊണ്ട്  ജില്ലയില്‍ വലിയ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇത് നാലാം തവണയാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലായി രണ്ട് തവണയും എറണാകുളത്ത് ഒരു തവണയുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

ഓഗസ്റ്റ് 30നാണ് ആദ്യമായുള്ള അസ്വാഭാവിക മരണം സംഭവിച്ചത്. തിങ്ങളാഴ്ചയാണ് രണ്ടാമത്തെ മരണമുണ്ടായത്. മരിച്ചവരുടെ ബന്ധുക്കളായ നാല് പേരാണ് നിലവില്‍ പനി ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ ഒമ്പത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. പത്ത് മാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം സപ്തംബർ 14 ന്

0

2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം സപ്തംബർ 14 ന് വൈകിട്ട് ആറു മണിക്ക് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‍കാര വിതരണം നിര്‍വഹിക്കും.

ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. 2021ല്‍ 142ഉം കോവിഡ് ബാധിച്ച 2020ല്‍ 80 ചിത്രങ്ങളുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.

മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍,റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങിയവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.

2022ലെ ചലച്ചിത്ര അവാര്‍ഡിന്റെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കി പ്രകാശനം ചെയ്യും. ഭക്ഷ്യ, സിവില്‍ സപൈ്‌ളസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അനുമോദന പ്രഭാഷണം നടത്തും.

വി കെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷ്, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ കെ സി നാരായണന്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ് എന്നിവര്‍ പങ്കെടുക്കും.

വിവാദങ്ങൾക്കും നിയമ വ്യവഹാരങ്ങൾക്കും ഇടയാക്കിയതാണ് ഈവർഷത്തെ പുരസ്കാരം.

മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം

മികച്ച നടൻ: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)

മികച്ച നടി: വിൻസി അലോഷ്യസ് (രേഖ)

മികച്ച സ്വഭാവ നടൻ: പി.പി. കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കോട്)

മികച്ച സ്വഭാവ നടി: ദേവി വർമ (സൗദി വെള്ളക്ക)

മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയപ്പ്)

മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട്

ചിത്രസംയോജകൻ- നിഷാദ് യൂസഫ് (തല്ലുമാല)

മികച്ച കഥാകൃത്ത്: കമൽ കെ.എം. (പട)

മികച്ച തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കോട്)

മികച്ച അവലംബിത തിരക്കഥ: രാജേഷ് കുമാർ.

മികച്ച സംഗീത സംവിധാനം: എം. ജയചന്ദ്രൻ

സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ഡോൺ വിൻസന്റ് (ന്നാ താൻ കേസ് കൊട്)

മികച്ച ഗാനരചയിതാവ്: റഫീഖ് അഹമ്മദ് (വിഡ്ഡികളുടെ മാഷ്)

മികച്ച ഗായിക: മൃദുല വാരിയർ (മയിൽപീലി ഇളകുന്നു

മികച്ച ഗായകൻ: കപിൽ കബിലൻ (ചിത്രം: പല്ലാട്ടി 90 കിഡ്സ്)

മികച്ച കലാസംവിധായകൻ: ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കോട്)

മികച്ച ഛായാഗ്രഹകൻ: മനേഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെൽവരാജ് (വഴക്ക്)

മികച്ച ജനപ്രിയ ചിത്രം: ന്നാ താൻ കേസ് കൊട്

മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ഇലവീഴ പൂഞ്ചിറ)

മികച്ച VFX: അനീഷ് ടി., സുമേഷ് ഗോപാൽ (ചിത്രം: വഴക്ക്)

ട്രാൻസ്ജെൻഡർ വിഭാഗത്തെ പ്രത്യേക അവാർഡ്: ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)

മികച്ച നൃത്ത സംവിധാനം: ഷോബി പോൾ രാജ് (തല്ലുമാല)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ): പൗളി വിൽസൺ–സൗദി വെള്ളക്ക: കഥാപാത്രം ആയിഷ റാവുത്തർ

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്: ഷോബി തിലകൻ: പത്തൊൻപതാം നൂറ്റാണ്ട്: കഥാപാത്രം പടവീടൻ തമ്പി

മികച്ച വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളക്ക)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: റോണക്സ് സേവ്യർ (ഭീഷ്മ പർവം)

മികച്ച സിങ്ക് സൗണ്ട്: വൈശാഖ് പി.വി. (അറിയപ്പ്)

പ്രത്യേക ജൂറി പരാമർശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്പ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും)

മികച്ച ബാലതാരം(ആൺ): മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90 കിഡ്‌സ്) മികച്ച ബാലതാരം (പെൺ): തന്മയ സോൾ (വഴക്ക്)

മികച്ച ശബ്ദമിശ്രണം: വിപിൻ നായർ (ന്നാ താൻ കേസ് കോട്)

മികച്ച ശബ്ദരൂപകൽപന: അജയൻ അടാട്ട് (ഇലവീഴാ പൂഞ്ചിറ)

രചനവിഭാഗം,  മികച്ച ചലച്ചിത്രഗ്രന്ഥം: സിനിമയുടെ ഭാവനാ ദേശങ്ങൾ (സി.എസ്. വെങ്കടേശ്വരം)

ചലച്ചിത്രലേഖനം: പുനസ്ഥാപനം എന്ന നവീന്ദ്രജാലം (സാബു നവദാസ്)

കാവി കാക്കി പിന്നെ താമര ചിഹ്നവും പാർലമെൻ്റ് ജീവനക്കാർക്ക് പുതിയ യൂണിഫോം വരുന്നു

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് എത്തുന്നതോടെ ലോക്‌സഭയിലെയും രാജ്യസഭയിലെയും സുരക്ഷാ ജീവനക്കാരും സെക്രട്ടേറിയറ്റ് ജീവനക്കാരും അടക്കമുള്ളവരുടെ യൂണിഫോമിലും മാറ്റം വരുത്തുന്നു.

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ബന്ദഗാല സ്യൂട്ടിന് പകരം താമരയുടെ ചിത്രമുള്ള ഷര്‍ട്ടും ആർ എസ് എസ് മാതൃകയിൽ കാക്കി നിറത്തിൽ പാന്റും കാവി നിറമുള്ള ജാക്കറ്റും ആണ് പുതിയ യൂണിഫോമായി വരുന്നത് എന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകം തയ്യാറാക്കിയ സാരിയാവും വനിതാ ജീവനക്കാരുടെ പുതിയ യൂണിഫോം.

മണിപ്പൂരി തലപ്പാവും കന്നഡ തലപ്പാവും രാജ്യസഭയിലെയും ലോക്‌സഭയിലെയും മാര്‍ഷല്‍മാരുടെ യൂണിഫോമിന്റെ ഭാഗമാകും. സപ്തംബർ ആറോടെ തന്നെ എല്ലാ ജീവനക്കാരോടും പുതിയ യൂണിഫോം കൈപ്പറ്റാൻ നിർദ്ദേശിച്ചിരുന്നു. 271 ജീവനക്കാർക്കും ഇത് ബാധകമാണ്.

പാര്‍ലമെന്റിലെ സുരക്ഷാ ജീവനക്കാര്‍ക്ക് കമാന്‍ഡോ പരിശീലനം നല്‍കുകയും അവരുടെ സഫാരി സ്യൂട്ടിനുപകരം സൈനികരുടേതിന് സമാനമായ യൂണിഫോം വരികയും ചെയ്യും. പുതിയ പാര്‍ലമെന്റില്‍ രാജ്യസഭയിലെ കാര്‍പെറ്റിലും താമരയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. സമാന മുദ്രയാവും യൂണിഫോമിലും ഉണ്ടാകുക.

ദേശീയ പുഷ്പമാണ് താമര എന്ന സൌകര്യമാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ എഅത് ബിജെപിയുടെ ചിഹ്നംകൂടി ആയതിനാല്‍ ജീവനക്കാരുടെ യൂണിഫോമിലടക്കം താമരയുടെ മുദ്ര ആലേഖനം ചെയ്യപ്പെടുന്നത് രാഷ്ട്രീയമാവുകാണ്. ഒപ്പം ആർ എസ് എസ് സംഘപരിവാർ മാതൃകയിൽ കാവിയും കാക്കിയും കൊണ്ടു വരുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യേൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയാണ് പുതിയ യൂണിഫോമുകള്‍ രൂപകല്‍പ്പന ചെയ്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. പ്രത്യേക സമ്മേളനത്തിനിടെയാവും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുകയെന്നാണ് സൂചന. സെപ്റ്റംബര്‍ 19-ന് ഗണേശ ചതുര്‍ഥി ദിനത്തിലാകും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം.

നിപ സംശയം; കോഴിക്കോട് ജില്ലയിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം, ആശുപത്രി സന്ദർശനവും നിയന്ത്രിക്കും

0

പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ജില്ലയില്‍ നിപ സംശയം നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിര്‍ബന്ധമായും ധരിക്കാൻ നിർദ്ദേശം നൽകി. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

എല്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി നിയന്ത്രണ പെരുമാറ്റ ചട്ടം നിലവിൽ വന്നു. നിലവില്‍ നാലുപേര്‍ കോഴിക്കോട് അസ്വഭാവിക പനിയെ തുടര്‍ന്ന് ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മരിച്ച വ്യക്തിയുടെ ഭാര്യ നിരീക്ഷണത്തിലാണെന്നും 75 പേരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു. പൂനെയിലെ എന്‍ഐവിയിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനാ റിപ്പോര്‍ട്ട് വൈകുന്നേരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 16 അംഗ കോര്‍കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ഹൈ റിസ്‌ക് ഉള്ളവരെ ഇവിടെ ഐസോലേറ്റ് ചെയ്യും. ഇന്നലെ മരിച്ച വ്യക്തി വടകരയിലെ സ്വകാര്യ ആശുപതിയിലും പോയിട്ടുണ്ട്. ഇന്നലെ മരിച്ചയാളുടെ സംസ്‌കാരം പരിശോധനാ ഫലം വന്ന ശേഷം നടക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലാവലിൻ കേസ് വീണ്ടും മാറ്റി വെച്ചു, ഇത് മുപ്പത്തിനാലാം തവണ

ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. ഇത് മുപ്പത്തി നാലാം തവണയാണ്. സിബിഐയുടെ അസൗകര്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. മറ്റൊരു കേസില്‍ തിരക്കിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഇത്തവണ നീട്ടി വെച്ചത്.

കഴിഞ്ഞ തവണ കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ജൂനിയര്‍ അറിയിച്ചതിനെത്തുര്‍ന്നാണ് കേസ് മാറ്റിയത്.

2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസാണ്. 1996 ൽ വൈദ്യുത വകുപ്പിൻ്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ട കേസാണ്. ആറുവര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുളളത്. ഇത്തവണ ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.

Case Title: Kasthuri Ranga v. State Rep. By Addl. Superintendent Of Police CBI And Ors. SLP(Crl) No. 7801/2017 and connected cases.

സമ്പർക്ക പട്ടികയിൽ 75 പേർ, ചികിത്സയിലുള്ളത് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ നാല് പേർ

0

നിപ സംശയത്തെത്തുടർന്ന് 75 പേരുടെ സമ്പർക്ക പട്ടിക തയാറാക്കി. കോഴിക്കോട് ഇപ്പോൾ നാലുപേർ ചികിത്സയിലുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സ്ഥിരീകരിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിൽ ഉള്ളത്.

ഒമ്പതു വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതപാലിക്കണമെന്നും മന്ത്രി പറഞ്ഞു. രോഗ ബാധിതർ ഇതര ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു, രോഗികളും കൂട്ടിരിപ്പുകാരുമായി സമ്പർക്കത്തിലായിരുന്നു എന്നിങ്ങനെയുള്ള വാർത്തകൾ ആശങ്ക പരത്തുന്നുണ്ട്.

ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ

പനിവിവരം അറിഞ്ഞ ഉടൻ തന്നെ ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടികയാണ് ഉള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇവിവരങ്ങൾ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പർക്കത്തിലും ഹൈ റിസ്ക്കിലും ഉള്ളവർ കൂട്ടത്തിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.

ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക

എല്ലാ ആശുപത്രികളിലും മാസ്ക്, പിപി കിറ്റ് അടക്കമുള്ള ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ ആരോഗ്യപ്രവർത്തകർ പാലിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ നിപ സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ. കോഴിക്കോട്ട് കൺട്രോൾ റൂം തുറക്കും. 16 കോർ കമ്മിറ്റികൾ രൂപീകരിച്ച് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ഇന്ന് വൈകിട്ട് മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചിട്ടുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, പാർട്ടി കമ്മീഷനിൽ ഇല്ലായിരുന്നു എന്ന പി കെ ബിജുവിൻ്റെ വാദം പൊളിയുന്നു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷനില്‍ അംഗമായിരുന്നില്ലെന്ന മുന്‍ എം.പി. പി.കെ. ബിജുവിൻ്റെ വാദം പൊളിയുന്നു. കരുവന്നൂര്‍ ബാങ്കിന്റെ മുന്‍ ഭരണസമിതിയംഗങ്ങളും ഇതു ശരിവെച്ച് രംഗത്ത് എത്തിയിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിന്റെ സാന്നിധ്യത്തില്‍ 2021 ജൂണ്‍ 19-ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം റിപ്പോര്‍ട്ട് അംഗീകരിച്ചു- എന്നാണ് കത്ത് ആരംഭിക്കുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതിയംഗങ്ങളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. ഇവരെല്ലാം പിന്നീട് കരുവന്നൂര്‍ കേസില്‍ പ്രതികളുമായി.

പി.കെ. ബിജുവും പി.കെ. ഷാജനും അന്വേഷണം നടത്തി ബാങ്കിൻ്റെ ഭരണസമിതിയംഗങ്ങള്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്‌തിരുന്നു. ഇത് കാണിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് 2021 ജൂലായ് ആറിനയച്ച കത്തും പുറത്തു വിട്ടിരുന്നു.

അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ഒരാഴ്ച അനുവദിച്ചുകൊണ്ടുള്ള കത്താണിത്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിയും സാമ്പത്തിക ക്രമക്കേടും സംബന്ധിച്ച് ജില്ലാ കമ്മിറ്റിക്ക് ലഭിച്ച പരാതി അന്വേഷിക്കാന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജന്‍ എന്നിവരെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തി എന്നാണ് പറയുന്നത്.

പി.കെ. ബിജു, പി.കെ. ഷാജന്‍ എന്നിവരെ അന്വേഷണക്കമ്മിഷനായി നിയമിക്കാനുള്ള 2019 ഡിസംബര്‍ 24-ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങളുടെ പകര്‍പ്പാണ്‌ കോണ്‍ഗ്രസ്‌ നേതാവ് അനില്‍ അക്കര ആദ്യ ദിവസം പുറത്തുവിട്ടത്. എന്നാൽ പി കെ ബിജു ഇത് തള്ളിക്കളഞ്ഞു. ഇതോടെയാണ് കൂടുതൽ രേഖകൾ പുറത്തു വന്നത്.

നിപ സംശയം ആയഞ്ചേരി, മരുതോങ്കര പഞ്ചായത്തുകൾക്ക് അവധി, രണ്ട് കുഞ്ഞുങ്ങളും ഗുരുതരാവസ്ഥയിൽ

0

 നിപ സംശയിക്കുന്ന കോഴിക്കോട്ടെ രണ്ട് പഞ്ചായത്തുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര പഞ്ചായത്തുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം ചൊവ്വാഴ്ച രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപ ബാധയുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പുണെ വൈറോളജി ലാബിലാണ് പരിശോധന നടക്കുന്നത്. മരിച്ചവരില്‍ ഒരാളുടേയും രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടേയും സ്രവമാണ് പരിശോധനയ്ക്കായി എടുത്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിപ സ്ഥിരീകരിച്ചതിന് ശേഷം മാത്രമായിക്കും കൂടുതല്‍ നടപടികളെന്ന് മന്ത്രി പറഞ്ഞു. മന്ത്രി കോഴിക്കോട് ക്യാംപ് ചെയ്യുന്നുണ്ട്. പരിശോധന ഫലം വന്നതിന് ശേഷമായിരിക്കും നിപ പ്രോട്ടോകോള്‍ അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കുക.

പത്തു മാസമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് കുട്ടികളും ചികിത്സയിൽ

ആദ്യത്തെ രോഗിയുടെ മരണം ലിവര്‍ സിറോസിസ് കാരണമായിരുന്നു എന്നാണ് കണ്ടെത്തിയിരുന്നത്. അത് കൊണ്ടാണ് ആ മരണം സംശയിക്കാതിരുന്നത്. പക്ഷെ മരിച്ചയാളുടെ മകനുള്‍പ്പടെയുള്ളവര്‍ക്ക് സമാന ലക്ഷണങ്ങള്‍ കണ്ടതോടെയാണ് സംശയമുണ്ടായത്. ആ കുട്ടി ഇപ്പോള്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടില്‍ ചികിത്സയിലാണ്. രാവിലെ ലഭിക്കുന്ന വിവരം സ്‌റ്റേബിളാണ് എന്നാണ്. പിന്നെ രണ്ട് കുഞ്ഞുങ്ങള്‍ കൂടി നിരീക്ഷണത്തിലുണ്ട്. അതില്‍ 10 മാസം പ്രായമുള്ളൊരു കുഞ്ഞുമുണ്ട്.

അടുത്ത ബന്ധത്തിലുള്ളവര്‍ക്ക് കൂടി പനി വന്നപ്പോഴാണ് സംശയം ബലപ്പെട്ടത്. അങ്ങനെയാണ് മറ്റു സര്‍വൈലന്‍സിലേക്ക് നീങ്ങിയത്. അത് സംബന്ധിച്ചുള്ള സമഗ്രമായ വിശകലനമാണ് ജില്ല സര്‍വൈലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം കൂടി ലഭിച്ചതിന് ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.

കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഐസോലേഷന്‍ ക്രമീകരണങ്ങള്‍ നടത്താന്‍ ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈറിസ്‌ക് കാറ്റഗറിയില്‍ പനിയുള്ളവരെ ഐസോലേറ്റ് ചെയ്യേണ്ടി വരും.

മൃതദേഹം ത്രീലെയർ പാക്ക് ചെയ്തു

 നിലവില്‍ അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ജില്ല മുഴുവന്‍ ഇപ്പോള്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിപയാണെങ്കില്‍ മാത്രമേ സ്‌പെസിഫിക്കായ ചില പ്രദേശങ്ങളില്‍ പ്രോട്ടോകോള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയുള്ളൂ. പരിശോധന ഫലം വന്നതിന് ശേഷം മാത്രമായിക്കും സ്ഥലങ്ങളുടെയും ആളുകളുടെയും പേരുകള്‍ പുറത്ത് വിടുകയുള്ളൂ. കോണ്ടാക്ട്‌സുള്ളവരെ കണ്ടെത്തുന്ന ജോലികള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മരിച്ച വ്യക്തിയുടെ മൃതദേഹം ത്രീലെയര്‍ പാക്ക് ചെയ്ത് വെച്ചിട്ടുണ്ട്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റിസല്‍ട്ട് വന്നതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍,’ ആരോഗ്യ മന്ത്രി കോഴിക്കോട് പറഞ്ഞു.

2018 ൽ കവർന്നത് 17 ജീവനുകൾ, സമ്പർക്ക പട്ടികയിൽ നിരവധി പേർ

നി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ വ്യക്തി, ഇയാള്‍ ആശുപത്രിയിലുള്ള സമയത്ത് അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരു വ്യക്തി എന്നിവരുടെ മരണങ്ങളിലാണ് നിപ സംശയിക്കുന്നത്. ആഗസ്ത് 30നായിരുന്നു ആദ്യ മരണം സംഭവിച്ചത്. അന്ന് നിപ സംശയമുണ്ടായിരുന്നില്ല എന്നതിനാല്‍ തന്നെ ഇയാളുടെ മരണാനന്തര ചടങ്ങുകളെല്ലാം സാധാരണ രീതിയില്‍ തന്നെയാണ് നടന്നത്. പിന്നീടാണ് രണ്ടാമത്തെ വ്യക്തി സമാന ലക്ഷണങ്ങളോടെ മരണപ്പെട്ടത്. ഉടന്‍ തന്നെ ആദ്യം മരിച്ച ആളുടെ ബന്ധുക്കള്‍ക്ക് സമാന ലക്ഷണങ്ങള്‍ കണ്ടുവരികയും ചെയ്തു. ഇതോടെയാണ് നിപ സംശയത്തിലേക്ക് ആരോഗ്യ വകുപ്പ് എത്തിയത്.

2018ലാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നായി 17 പേര്‍ അന്ന് നിപ ബാധിച്ച് മരണപ്പെട്ടു. എന്നാല്‍ പിന്നീട് 2021ല്‍ നിപ സ്ഥിരീകരിച്ച സമയത്ത് മരണ സംഖ്യ ഉയരാതെയും കൂടുതല്‍ വ്യാപനമുണ്ടാകാതെയും പിടിച്ചു നിര്‍ത്താനായി

ഇപ്പോൾ സംശയം മാത്രം, അങ്ങിനെ ആവാതിരിക്കട്ടെ എന്ന് മന്ത്രി

‘നിപയാകാം എന്ന സംശയം മാത്രമാണുള്ളത്. അങ്ങനെ ആകാതിരിക്കട്ടെ. സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിവരുന്നത്. നിപ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള ആളുകളെ റിസ്‌ക് അനുസരിച്ച് തരംതിരിക്കും’ മന്ത്രി പറഞ്ഞു.

പരിശോധനാഫലം വരുന്നതിനനുസരിച്ചുള്ള നടപടികള്‍ക്ക് ആരോഗ്യ വകുപ്പ് തയ്യാറെടുത്തിട്ടുണ്ട്. ആദ്യം മരിച്ചയാളുടെ സ്രവം പരിശോധനയ്ക്കായി എടുക്കാനായിട്ടില്ല. മറ്റു അസുഖങ്ങള്‍ ഇയാള്‍ക്ക് ഉണ്ടായിരുന്നു. ഇയാളുടെ അടുത്ത ബന്ധുക്കള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് സംശയങ്ങള്‍ക്കിടയാക്കിയതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

വിവരം ലഭിച്ചത് ഇന്നലെ മാത്രം

ഇന്നലെയാണ് സർക്കാർ സംവിധാനങ്ങൾക്ക് അസ്വാഭാവികമായ പനിമരണത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രാഥമികമായ പരിശോധനകൾ ഇവിടെ തന്നെ തന്നെ നടത്തി. നിപയാണോയെന്ന് സ്ഥിരീകരിക്കാനായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകൾ അയച്ചു. അതിനിടെയാണ് ഇന്നലെ വൈകുന്നേരം ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചത്.