രാഷ്ട്രീയക്കാർ, മത നേതാക്കൾ, ഓഫീസർമാർ: കരുവന്നൂർ തട്ടിപ്പിൽ സതീശൻ്റെ കള്ളപ്പണ ശൃംഖലയിൽ ആരുടെ ഒക്കെ മുഖം പുറത്ത് വരും

0

കണ്ണൂരില്‍നിന്ന് തൃശ്ശൂരിലേക്ക് കുടിയേറി ഉന്നതബന്ധങ്ങളുണ്ടാക്കി കോടീശ്വരനായ പി. സതീഷ്‌കുമാര്‍ എന്ന വെളപ്പായ സതീശൻ ആരുടെയൊക്കെ പേരു വെളിപ്പെടുത്തും. മത നേതാക്കൾ, രാഷ്ട്രീയ ഉന്നതർ, പൊലീസ് ഓഫിസർമാർ, ഡോക്ടർമാർ, എന്നിങ്ങനെ വെളപ്പായ സതീശൻ്റെ കൈമറിഞ്ഞത് പലരുടെയും കോടികളാണ്.

കണ്ണൂര്‍ മട്ടന്നൂരിനടുത്ത് ഉരുവച്ചാല്‍ മുണ്ടോറപ്പൊയിലിലെ സാധാരണ വീട്ടില്‍ ജനിച്ച സതീഷ് 1988-ലാണ് തൃശ്ശൂരിലെത്തിയത്. ബാഗ് തുന്നുന്ന കടയിലും ഹോട്ടലിലും ഒക്കെ ജോലി ചെയ്ത് പിന്നീട് വട്ടിപ്പലിശക്കാരനായി, പണം വെളുപ്പിക്കലുകാരനായി വളർന്നു പന്തലിച്ചു. ഉന്നതരുടെ താങ്ങും തണലും ഏറ്റ് ഉയർന്ന് അവർക്ക് തണലായി പന്തലിച്ച കഥകളാണ് പുറത്ത് വരുന്നത്. ഇത് എത്ര മാത്രം ഇനി പുറത്തെത്തും എന്നതാണ് സമൂഹം കാത്തിരിക്കുന്നത്.

കരുവന്നൂര്‍ ബാങ്കില്‍ ഏറ്റവും വലിയ തട്ടിപ്പുനടത്തിയ കിരണുമായി അടുത്ത ബന്ധമുണ്ടെന്ന വിവരമാണ് ഇ.ഡി.യുടെ പിടിവീഴാന്‍ കാരണമായത്. ബാങ്കിലെ വെറും കളക്ഷൻ ഏജൻ്റായിരുന്നു കിരൺ. അംഗത്വം പോലുമെടുക്കാതെ കിരണ്‍ 35 കോടിയാണ് ബാങ്കില്‍നിന്ന് തട്ടിയത്. കിരണുമായി ചേര്‍ന്ന് സതീഷ് വിദേശത്ത് മിനറല്‍ വാട്ടര്‍ കമ്പനി ഉള്‍പ്പെടെ അഞ്ച് വ്യാപാരക്കമ്പനികള്‍ തുറന്നെന്ന വിവരവും ഇ.ഡി. പരിശോധിക്കുന്നുണ്ട്.

കേരളത്തിലെ മാന്യമായ നിലയിൽ വളർന്നു വന്ന സഹകരണ സ്ഥാപനങ്ങളുടെ മുഴുവൻ വിശ്വസ്യതയെ തന്നെ തകർക്കുന്ന തട്ടിപ്പിൻ്റെ മുഖ്യകണ്ണികളാണ്. എങ്കിലും ഇതോടെ മറ്റു പലരുടെയും കഥകൾ പശ്ചാത്തലത്തിലേക്ക് മായും.

തിരഞ്ഞെടുപ്പ് ഫണ്ട് ഇറക്കിയാണ് ആദ്യ കരുക്കൾ ഇയാൾ നീക്കിയത്. വന്‍ തുക നല്‍കി പ്രചാരണങ്ങളില്‍ നേതാക്കള്‍ക്കൊപ്പം ഫോട്ടോകളെടുത്തു. ഇവ ഉപയോഗിച്ച് ബിസിനസ് പ്രൊഫൈൽ വലുതാക്കി. ഫണ്ട് കിട്ടിയ നേതാക്കളും പാർട്ടികളും നിശ്ശബ്ദരായി. ഇതു വഴി സാധാരണക്കാരിലും കള്ളപ്പണക്കാരിലും സ്വാധീനവം വിശ്വാസവും ഉറപ്പിച്ചു.

ജപ്തിയായ സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ സഹകരണസ്ഥാപനങ്ങളില്‍നിന്ന് പുതിയ വായ്പകള്‍ സംഘടിപ്പിച്ച് നൽകി. സ്വാധീനം ഉപയോഗിച്ച് വായ്പകള്‍ പുതുക്കി കമ്മിഷന്‍ വാങ്ങി. ഇടതു സഹകരണരംഗത്തെ ചില ഉന്നത രാഷ്ട്രീയക്കാരും കൂടെ നിന്ന് കൊഴുക്കാൻ തിടുക്കപ്പെട്ടു. പാർട്ടി വിട്ട് വീണ്ടും തിരിച്ചെത്തിയ നേതാവ് വരെ പേരിലുണ്ട്.

ജപ്തിയായ വസ്തുക്കള്‍ ലേലത്തിനെടുത്ത് മറിച്ചുവിറ്റും പണമുണ്ടാക്കി. ഇതോടെ പലിശയ്ക്കുള്ള പണമിടപാട് വ്യാപകമാക്കി. അതോടെ കള്ളപ്പണം പുറത്തുകാണിക്കാന്‍ കഴിയാത്തവര്‍ സതീഷിനെ ബിനാമിയാക്കി ഇടപാട് നടത്തി. നിശ്ചിത കമ്മിഷന്‍ വ്യവസ്ഥയിലായിരുന്നു ഇടപാട്.

വിരമിച്ച പോലീസ് ഉദ്യോഗസ്ഥരും മതനേതാക്കളും രാഷ്ട്രീയനേതാക്കളും സതീശനെത്തേടിയെത്തിയിരുന്നതായി വാർത്തകൾ പുറത്തായി. നോട്ടുനിരോധനക്കാലത്ത് സതീശന്‍ കോടികളുടെ നോട്ട് കരുവന്നൂര്‍ ഉള്‍പ്പെടെ വിവിധ സഹകരണബാങ്കുകളില്‍ മാറ്റിയെടുത്തതായി അന്വേഷകർ സംശയിക്കുന്നുണ്ട്.

സതീഷ്‌കുമാറിനെയും പി.പി. കിരണിനെയും തിങ്കളാഴ്ച രാത്രിയാണ് ഇ.ഡി. അറസ്റ്റുചെയ്തത്. കിരണിന് ബാങ്കില്‍ അംഗത്വംപോലുമില്ല. ഇയാള്‍ക്ക് വായ്പനല്‍കാന്‍ പാവപ്പെട്ടവരായ ഒട്ടേറെപ്പേരുടെ രേഖകള്‍ ഉപയോഗപ്പെടുത്തിയിരുന്നു. അവര്‍പോലുമറിയാതെയാണ് ആ രേഖകള്‍ ഈടായിസ്വീകരിച്ച് ബാങ്ക് വായ്പയനുവദിച്ചത്.

ചെക്ക് മുഖേനയോ ബാങ്ക് ട്രാന്‍സ്ഫറോ അല്ലാതെ പണമായാണ് തുക കൈമാറിയിരുന്നത്. പണം കിരണിന് ലഭിക്കുമ്പോള്‍ അതുവാങ്ങുന്നതിന് സതീഷ്‌കുമാര്‍ ചാക്കുമായിവരും. മൂന്നും നാലും കോടി രൂപ ഈ രീതിയില്‍ കൊണ്ടുപോയി. ഇങ്ങനെ 14 കോടിരൂപ സതീഷിന് പലപ്പോഴായി ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരനായ കിരണും ബാങ്ക് ജീവനക്കാരും സതീഷിനെ ഭയന്നിരുന്നതായും ഇ.ഡി. വ്യക്തമാക്കുന്നു. സതീശന് ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കുകളിൽ വേറെയും ഇടപാടുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

കിരൺ വായ്പയെടുത്ത തുക നേരിട്ടും അല്ലാതെയും സതീഷ് കുമാറിനാണ് നൽകിയതെന്ന് കണ്ടെത്തി. 24.56 കോടി രൂപ വായ്പയെടുത്തതിൽ 14 കോടിയിലേറെ രൂപ സതീഷിനു നൽകിയെന്നും കിരൺ പറയുന്നു. എന്നാൽ കരുവന്നൂർ ബാങ്കിൽ നിന്ന് കിരൺ എടുത്ത തുകയിൽ 2.15 കോടി രൂപ മാത്രമാണ് തനിക്കു ലഭിച്ചതെന്നാണ് സതീഷ് കുമാർ നൽകിയ മൊഴി.

സഹകരണ സംഘത്തിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് അംഗത്വം നൽകരുതെന്ന വ്യവസ്ഥ ലംഘിച്ച് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ കൊടുങ്ങല്ലൂർ സ്വദേശിയായ കിരണിന് അംഗത്വം നൽകിയെന്നും ഇയാളുടെയും മറ്റ് 51 അംഗങ്ങളുടെയും പേരിൽ ഇയാൾക്ക് 24.56 കോടി രൂപ വായ്പ നൽകിയെന്നും ഇ ഡി സമർപിച്ച റിപ്പോർട്ടിൽ പറയുന്നു. കിരണിന് നൽകിയ വായ്പ പലിശയടക്കം 48.57 കോടി രൂപ വരും. ഈ തുക പല വ്യക്തികളുടെ അക്കൗണ്ടുകളിലേക്കും കിരണിന്റെ ബിസിനസ് സ്ഥാപനങ്ങളിലേക്കും പോയെന്ന് കണ്ടെത്തി.

രാഷ്ട്രപതിയെ പാർലമെൻ്റ് മന്ദിര ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നത് എന്തേ, സനാതനത്തിലെ ജാതിവിവേചനത്തെ ചൂണ്ടി വീണ്ടും ഉദയനിധി

0

സനാതന ധര്‍മം പകർച്ച വ്യാധികൾ പോലെ നിർമാർജ്ജനം ചെയ്യേണ്ടതാണെന്ന പ്രസ്താവനയിൽ ഉറച്ച് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നത് സനാതനത്തിനകത്തെ ജാതിവിവേചനത്തിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.

സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടണമെന്ന ഉദയനിധിയുടെ പ്രസ്താവന വംശഹത്യയ്ക്കുള്ള ആക്രമണമാണെന്ന് ബിജെപി ആർ എസ് എസ് പക്ഷത്തു നിന്നും വിമർശനം ഉയർന്നതോടെയാണ് വിശദീകരണം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഉദയനിധിക്ക് എതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പരാമര്‍ശങ്ങളുടെ പേരില്‍ ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചു.

ജാതി വിവേചനത്തിന് ഉദാഹരണം

സനാതന ധർമത്തിന്‍റെ ഭാഗമായ ജാതിവിവേചനത്തിന് നിലവിലെ സാഹചര്യത്തിൽ ഒരു ഉദാഹരണം നല്‍കാമോ എന്ന മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന്, ‘പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന് പ്രസിഡന്റ് മുര്‍മുവിനെ ക്ഷണിക്കാത്തത് ഈ ജാതിവിവേചനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്’ എന്ന് ഉദയനിധി മറുപടി നല്‍കി.

തള്ളവിരൽ ആവശ്യപ്പെടാത്ത ലോകം

കഴിഞ്ഞ ദിവസം അധ്യാപക ദിനത്തില്‍ സനാതന ധർമത്തിന്‍റെ ജാതിവിവേചനത്തെ സൂചിപ്പിച്ചുകൊണ്ട് ഉദയനിധി കുറിച്ചിരുന്നു. ‘എപ്പോഴും ഭാവി തലമുറയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സമാനതകളില്ലാത്ത ആളുകളാണ് അധ്യാപകര്‍. തള്ളവിരല്‍ ആവശ്യപ്പെടാതെ വിദ്യപകർന്നുനൽകുന്ന അധ്യാപകരും നമ്മുടെ ദ്രാവിഡ പ്രസ്ഥാനവും തമ്മിലുള്ള ബന്ധം എക്കാലവും തുടരും’, അധ്യാപക ദിനം ആശംസിച്ചുകൊണ്ട് ഉദയനിധി എക്‌സില്‍ കുറിച്ചു.

തന്റെ പ്രിയശിഷ്യനായ അര്‍ജുനനേക്കാള്‍ മികച്ച വില്ലാളിയാണ് ആദിവാസിയായ ഏകലവ്യനെന്ന് മനസ്സിലാക്കിയ ദ്രോണാചാര്യര്‍, വലത്തേ കൈയിലെ തള്ളവിരല്‍ ഗുരുദക്ഷിണയായി ആവശ്യപ്പെടുന്ന മഹാഭാരതത്തിലെ സന്ദര്‍ഭം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഉദയനിധിയുടെ കുറിപ്പ്.

പുതുപ്പള്ളിയിൽ പതിഞ്ഞ വോട്ടിങ്ങ്, 72.92 ശതമാനം പേർ അവകാശം വിനിയോഗിച്ചു

0

 പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു. 72.91 ശതമാനം പേരാണ് ഇത്തവണ വോട്ട് ചെയ്യാൻ എത്തിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും പോളിങ്ങുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനും ജയിക്ക് സി തോമസും ചില പരാതികൾ നൽകിയിട്ടുണ്ടെന്നും കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു.

എന്നാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വോട്ടർമാരാണ് ബൂത്തിൽ എത്തിയത്. ഇത് യു ഡി എഫിന് വിനായുകും എന്നാണ വിലയിരുത്തൽ.

ആകെയുള്ള 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട്‌ ചെയ്‌തു. മുൻ വർഷത്തേക്കാൾ രണ്ട്‌ ശതമാനം കുറവാണിത്‌. 2021 ൽ പോളിങ്‌ 75.35 ശതമാനമായിരുന്നു. പുരുഷൻമാരുടെ വോട്ടിങ്‌ ശതമാനം 74.4 ആണ്‌. 86,131 പേരിൽ 64,084 പേർ വോട്ട്‌ രേഖപ്പെടുത്തി. സ്‌ത്രീകളുടേത്‌ 71.48 ശതമാനം. 90,277 പേരിൽ 64,538 പേർ വോട്ട്‌ ചെയ്‌തു.ചൊവ്വ രാവിലെ മുതൽ പോളിങ്‌ ബൂത്തുകളിൽ തിരക്കുണ്ടായിരുന്നു. പകൽ രണ്ടിനുമുമ്പേ പോളിങ്‌ ശതമാനം 50 കടന്നു. ഇടയ്‌ക്ക്‌ പെയ്‌ത മഴയിലും ബൂത്തുകളിൽ തിരക്ക്‌ കുറഞ്ഞില്ല. എന്നാൽ വൈകിട്ട്‌ മിക്കയിടത്തും പോളിങ്‌ മന്ദഗതിയിലായി.

ആകെ 1.75 ലക്ഷം വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്. 2016ൽ പുതുപ്പള്ളിക്കാരിൽ 77.40 ശതമാനം പേർ വോട്ട് ചെയ്തിരുന്നു. അത്തവണ കേരളത്തിലെ ആകെ പോളിങ് ശതമാനം 77.35 ആയിരുന്നു. 2011ൽ സംസ്ഥാന പോളിങ് 75.12 ശതമാനത്തിൽ എത്തിയപ്പോൾ, പുതുപ്പള്ളിയിലേത് 74.44 ശതമാനമായിരുന്നു.

G20: ജോ ബൈഡൻ ഇന്ത്യയിലേക്ക് വരാനിരിക്കെ ജിൽ ബൈഡന് കോവിഡ്

0

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പത്‌നി ജില്‍ ബൈഡന് കോവിഡ്-19 സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ്. നേരിയ രോഗലക്ഷണങ്ങള്‍ കണ്ടു, ഡെലവെയറിലെ വസതിയില്‍ വിശ്രമത്തില്‍ തുടരുമെന്നും ജില്‍ ബൈഡന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എലിസബത്ത് അലക്‌സാണ്ടര്‍ അറിയിച്ചു.

പ്രസിഡന്റ് ജോ ബൈഡന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ബൈഡന്‍ ഇന്ത്യയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ജില്‍ ബൈഡന്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എങ്കിലും പുതിയ തീരുമാനങ്ങൾ അറിവായില്ല.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സെപ്റ്റംബര്‍ ഏഴിന് ബൈഡന്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്നും സെപ്റ്റംബര്‍ എട്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും വെള്ളിയാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.

സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ വെച്ചാണ് ജി-20 ഉച്ചകോടി നടക്കുന്നത്. ഇന്ത്യ കൂടാതെ അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്‍ഡോനീഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സികോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി-20 അംഗങ്ങള്‍.

2022 ഓഗസ്റ്റിലും 72 കാരിയായ ജില്‍ ബൈഡന് കോവിഡ് പിടിപെട്ടിരുന്നു. 2022 ജൂലായിലാണ് ബൈഡന്‍ അവസാനമായി കോവിഡ് ബാധിതനായത്.

കാമുകിയെ മർദ്ദിച്ച് ആശുപത്രിയിലാക്കി, ബ്രസീൽ താരം ആൻ്റണി ദേശീയ ടീമിൽ നിന്നും പുറത്ത്

0

മുന്‍ കാമുകിയുടെ പീഡന ആരോപണത്തെ തുടര്‍ന്ന് ബ്രസീല്‍ ദേശീയ ടീമില്‍ നിന്ന് ആന്റണിയെ പുറത്താക്കി. മുന്‍ കാമുകിയെ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ താരത്തിനെതിരെ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ നടപടിക്ക് നിർബന്ധിതരാവുകയായിരുന്നു.

ബൊളീവിയക്കും പെറുവിനുമെതിരായ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ആന്റണിക്ക് പകരം ആഴ്‌സനല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിനെ ടീമീല്‍ ഉള്‍പ്പെടുത്തി. അന്വേഷണം നടക്കുന്നതിനാലാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ അറിയിച്ചു.

ഗാര്‍ഹിക പീഡനം ആരോപിച്ച് ആന്റണിയുടെ മുന്‍ കാമുകി മേയ് 20-ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് താരത്തിനെതിരായ പരാതിയിലുള്ളത്. നിരവധി തവണ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കാമുകിയുടെ പരാതിയില്‍ പറയുന്നു.

ജനുവരി 15 ന് മാഞ്ചസ്റ്ററിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് മര്‍ദിച്ചെന്നും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ആരോപണങ്ങല്‍ നിഷേധിച്ച് ആന്റണി മൊഴി നൽകിയിട്ടുണ്ട്. ആരോപണങ്ങള്‍ തെറ്റാണെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും ആന്റണി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. സാവോ പൗലോ പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. നേരത്തെ സമാന കുറ്റത്തിന് മുന്നേറ്റ താരം മാസണ്‍ ഗ്രീന്‍വുഡിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇന്ത്യയുടെ പേര് മാറ്റി എഴുതി തുടങ്ങി, G20 ക്ഷണക്കത്തിൽ പ്രസിഡൻ്റ് ഓഫ് ഭാരത്

ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയത് വിവാദത്തിൽ. ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ.

ചരിത്രത്തിൽ നിന്നും പുരാണത്തിലേക്കുള്ള പേരു മാറ്റം.

ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

രാഷ്ട്രപതി ഭവനിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യക്കു പകരം പ്രസിഡന്‌‍റ് ഓഫ് ഭാരത് എന്ന് എഴുതിയിരിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആർ എസ് എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പ്രസംഗത്തിൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതുകൊണ്ടുതന്നെ ഭാരതം എന്നുവിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിറകെ ഇത്തരം ഒരു നീക്കം ഔദ്യോഗികമായി തന്നെ പുറത്തുവന്നു എന്ന് മാത്രം. സെപ്റ്റംബർ 18ന് ചേരാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യയുടെ പേരുമാറ്റാനുള്ള ബിൽ അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്ന ഭരണഘടനയിലെ വാചകം ഭാരത് ദാറ്റ് ഈസ് ഇന്ത്യ എന്നാക്കാനാണ് ബിജെപി നീക്കമെന്നും, ഇന്ത്യ സഖ്യത്തെ പിന്തിരിപ്പിക്കാൻ ഇതിലൂടെ കഴിയില്ലെന്നും ജയറാം രമേഷ് എക്‌സിൽ പോസ്റ്റിൽ പറഞ്ഞു. കോൺഗ്രസ് എംപി ശശി തരൂരും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു പുറത്ത്

0

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഇടം നേടിയില്ല. ഇതിനു പുറമെ സ്പിന്നര്‍മാരായ ആര്‍. അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലില്ല. ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏക ദിന മത്സരത്തിനുള്ള ടീമിനെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.

ഏഷ്യ കപ്പ് ടീമിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നും ലോകകപ്പ് ടീമിൽ വരുത്തിയിട്ടില്ല. പതിനേഴംഗ ഏഷ്യ കപ്പ് ടീമിൽ നിന്നും രണ്ട് താരങ്ങളെ ഇന്ത്യ ഒഴിവാക്കി. തിലക് വർമ്മ, പ്രസീദ് കൃഷ്ണ എന്നിവരെയാണ് ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കിയത്.

രോഹിത് ശര്‍മയാണ് നായകൻ. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പ് ടീമിനൊപ്പമുള്ള തിലക് വര്‍മയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും അവസരം ലഭിച്ചില്ല. ഒക്ടോബര്‍ 5ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇംഗ്ലണ്ട് – ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക.

കെ.എല്‍ രാഹുലും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ട്. പരിക്ക് കാരണം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള രാഹുലിന് മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചതിനു പിന്നാലെയാണ് ടീം പ്രഖ്യാപനം.  സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായും നായകന്‍ രോഹിത് ശര്‍മ്മയുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രീലങ്കയിലേക്കെത്തിയിരുന്നു.

ഏഷ്യാ കപ്പിന് പ്രഖ്യാപിച്ച ടീമില്‍ നിന്നാവും 15 അംഗ ഏകദിന ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയെന്ന് നേരത്തെ അഗാര്‍ക്കര്‍ പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, യുവ ഇടം കൈയന്‍ ബാറ്റ്സ്മാന്‍ തിലക് വര്‍മ, വലം കൈയന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ലോകകപ്പ് ടീമില്‍നിന്ന് പുറത്തുപോകും എന്നും വാർത്തായിയിരുന്നു.

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം :

രോഹിത് ശർമ്മ (c), ഹാർദിക് പാണ്ഡ്യ (വിസി), വിരാട് കോലി, ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ (wk), ഇഷാൻ കിഷൻ (wk), ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് , രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ

ഈ മാസം 28 വരെ ടീമിൽ മാറ്റങ്ങൾ വരുത്താൻ ടീമുകൾക്ക് സാധിക്കും. എന്നാൽ അതിന് ശേഷം മാറ്റങ്ങൾ വരുത്തുവാൻ ഐസിസിയുടെ അനുമതി ആവശ്യമാണ്.

ക്ഷൗരം ചെയ്യാന്‍ പത്തു കോടിയോ, എന്റെ തലയോട് ആ സ്വാമിക്ക് എന്താണ് ഇത്ര താത്പര്യമെന്ന് ഉദയനിധി സ്റ്റാലിൻ

വധഭീഷണി മുഴക്കിയ അയോധ്യയിലെ വിവാദ സന്യാസിക്ക് മറുപടിയുമായി തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ഉദയനിധിയുടെ തല വെട്ടുന്നവര്‍ക്ക് പത്തു കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു അയോധ്യയിലെ സന്യാസി പരമഹംസ് ആചാര്യയുടെ പ്രഖ്യാപനം. സനാതന ധർമ്മം എന്നത് കൊറോണയും ഡങ്കിപ്പനിയും പോലെ രാജ്യത്ത് നിന്നും ഉന്മൂലനം ചെയ്യപ്പേടേണ്ടാതാണ് എന്ന പരാമർശത്തിനുള്ള പ്രതികരണമായായിരുന്നു വധ ഭീഷണി

വധഭീഷണി ഇങ്ങനെ

‘ഡി.എം.കെ. നേതാവ് ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് ഞാന്‍ പത്തു കോടി രൂപ പാരിതോഷികം നല്‍കും. അഥവാ ആരും അതിന് മുതിര്‍ന്നില്ലെങ്കില്‍ ഞാന്‍ തന്നെ അയാളെ കണ്ടുപിടിച്ച് തലയറുക്കും. സനാതന ധര്‍മ്മത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടെ ഇവിടെ പല മതങ്ങളും നശിച്ചു. ഇന്നും നിലനില്‍ക്കുന്നത് സനാതന ധര്‍മം മാത്രമാണ്. അത് ഒരിക്കലും നശിക്കുകയുമില്ല, നശിപ്പിക്കാനാകുകയുമില്ല’, പരമഹംസ് പറഞ്ഞു. ഉദയനിധിയും ഡി.എം.കെ.യും നശിക്കട്ടെ എന്ന് മുദ്രാവാക്യം മുഴക്കി ഉദയനിധിയുടെ ചിത്രത്തില്‍ വാളുകൊണ്ട് വെട്ടുകയും ചിത്രം കത്തിക്കുകയും ചെയ്തു.

എന്റെ തല ക്ഷൗരംചെയ്യാന്‍ പത്തു കോടിയെ എന്ന് ഉദയനിധി

തന്റെ തലയ്ക്ക് പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീപ്പ് കൊണ്ട് തന്റെ മുടി ചീകാമെന്നുമായിരുന്നു സന്യാസിയുടെ ഭീഷണിക്കുള്ള ഉദയനിധി സ്റ്റാലിന്റെ മറുപടി. ‘എന്റെ തല ക്ഷൗരംചെയ്യാന്‍ ഒരു സ്വാമി പത്തു കോടി പാരിതോഷികം പ്രഖ്യാപിച്ചു. അദ്ദേഹം യഥാര്‍ഥ സന്യാസിയാണോ അതോ ഡൂപ്ലിക്കേറ്റാണോ? എന്റെ തലയോട് എന്താണ് ഇത്ര താത്പര്യം. ഇത്രയുമധികം പണം അദ്ദേഹത്തിന് എവിടുന്നാണ് ലഭിക്കുന്നത്. എന്റെ തലയ്ക്ക് പത്തു കോടിയുടെ ആവശ്യമൊന്നുമില്ല. പത്തു രൂപയുടെ ഒരു ചീപ്പ് മതി ഞാന്‍ തന്നെ എന്റെ മുടി ചീകിക്കോളാം. ഇത്തരം ഭീഷണികളൊന്നും ഞങ്ങള്‍ക്ക് പുതിയ കാര്യമല്ല. ഇത് കാട്ടി പേടിപ്പിക്കാനും നോക്കേണ്ട. തമിഴ്‌നാടിനു വേണ്ടി റെയില്‍വേ പാളത്തില്‍ തലവെച്ച് സമരം ചെയ്ത കരുണാനിധിയുടെ കൊച്ചുമകനാണ് ഞാന്‍’, ഉദയനിധി വ്യക്തമാക്കി.

പുതുപ്പള്ളിയിൽ കാത്തിരിക്കുന്നത് എന്താണ്, വോട്ടർമാർക്കും ആവേശം

0

പുതുപ്പള്ളിയിൽ പോളിങ് സജീവമായി തുടരുന്നു. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍തന്നെ മഴയെ അവഗണിച്ചും ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെട്ടു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജയ്ക് സി. തോമസ് മണര്‍കാട് കണിയാംകുന്ന് യു.പി. സ്‌കൂളിലെത്തി വോട്ടുരേഖപ്പെടുത്തി. യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ ബൂത്തിലാണ് വോട്ടുചെയ്തത്.

എട്ടിനാണ് വോട്ടെണ്ണല്‍. മൊത്തം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഉച്ചയ്ക്ക് ഒരു മണിയോടെ 40 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ഉച്ചയോടെ മഴയും കനത്തിരിക്കയാണ്.

പോയ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് കടുത്തമത്സരം നല്‍കിയ ജെയ്ക് സി. തോമസിനെ ഇടതുമുന്നണി വീണ്ടും ഇറക്കിയത് ഭരണത്തിൻ്റെ വിലയിരുത്തലായി കൂടി ഈ തിരഞ്ഞെടുപ്പ് ഫലം മാറാം എന്നതിനാലാണ്. 54,328 വോട്ടാണ് കഴിഞ്ഞ തവണ നേടിയത്.

ലിജിന്‍ലാലാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ പി സി തോമസ് എൻ ഡി എയ്ക് വേണ്ടി 20,911 വോട്ട് നേടിയിരുന്നു. ആം ആദ്മി പാര്‍ട്ടിയും മികച്ച പ്രവർത്തനമാണ്. ലൂക്ക് തോമസാണ് സ്ഥാനാര്‍ഥി.

1,76,417 പേരാണ് പുതുപ്പള്ളിയിൽ വോട്ടർമാരായിട്ടുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളുമടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടര്‍മാരുണ്ട്. 182 ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപം ചെയ്തയാളാണ് ഗോഡ്‌സെ – പിഎസ് ശ്രീധരൻ പിള്ള

0

ഗോഡ്‌സെ ഈ നാടിന്റെ ശാപമായിരുന്നു എന്ന് ബി.ജെ.പി നേതാവും ഗോവ ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍ പിള്ള. അഭിഭാഷകനായ വെളിയം രാജീവിന്റെ ഗാന്ധി വേഴ്‌സസ് ഗോഡ്‌സെ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച നാലാം പതിപ്പിന്റെ പ്രകാശനം കൊല്ലത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപം ചെയ്തയാളാണ് ഗോഡ്‌സെയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

‘ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപം ചെയ്തയാളാണ് ഗോഡ്‌സെ. ഗോഡ്‌സെ ഈ നാടിന്റെ ശാപമായിരുന്നു. തന്റെ തത്വങ്ങളില്‍ വെള്ളം ചേര്‍ത്തിട്ടില്ലാത്ത വ്യക്തിയാണ് ഗാന്ധിജി. ഒരു പൊതു പ്രവര്‍ത്തകന്‍ എങ്ങനെയാകണമെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഗാന്ധി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാന്‍ ആര്‍ജവം കാണിച്ചയാളാണ് ഗാന്ധി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്യപൂര്‍വമായേ അതിന് യോഗ്യനായ ഒരാളെ കാണാനാകൂ.

തത്വാധിഷ്ഠിത ജീവിതത്തിൽ ഒരിക്കലും വെള്ളം ചേർക്കാത്ത വ്യക്തിയായിരുന്നു ഗാന്ധി. സ്വന്തം മകനെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടപ്പോൾ അങ്ങനെയൊരു മകനില്ലെന്നു ലോകത്തോടു വിളിച്ചു പറഞ്ഞ നേതാവാണ്. അഹിംസയിൽ വിശ്വസിച്ച ഗാന്ധിയെ രാഷ്ട്രപിതാവെന്നു വിളിച്ചത് രക്തരൂഷിത വിപ്ലവത്തിൽ വിശ്വസിച്ചിരുന്ന സുഭാഷ് ചന്ദ്രബോസാണ്. ചിന്തകൾ വ്യത്യസ്തമെങ്കിലും ഒന്നിനെതിരെ തിരിയുന്നതു ശരിയായ സമീപനമല്ല. താനൊരു ഗാന്ധിഭക്തനാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് പങ്കില്ലെന്ന് കണ്ടെത്തിയ കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി പോലും ഇന്ന് ഇന്ത്യയില്‍ ലഭ്യമല്ല. ലോകം നിലനില്‍ക്കുന്ന കാലത്തോളം ഗാന്ധിയുടെ പ്രത്യയശാസ്ത്രം നിലനില്‍ക്കും. ഗാന്ധിയെ വധിച്ച ഗോഡ്‌സെ ഈ നാടിന്റെ ശാപമായിരുന്നു. അടുത്തിടെ പൂനെയില്‍ പോയപ്പോള്‍ എനിക്കത് ഒരിക്കല്‍കൂടി ബോധ്യമായി.

വികാരമല്ല വിചാരമാണ് ഒരു രാഷ്ട്രത്തിന് വേണ്ടത്. വിചാരത്താല്‍ ഐക്യപ്പെടുന്ന സമൂഹത്തെയാണ് നേതാക്കന്‍മാര്‍ സൃഷ്ടിക്കേണ്ടത്. ചരിത്രം തിരിച്ചൊഴുക്കില്ലാത്ത പ്രവാഹമാണ്. ഒഴുകിപ്പോകുമ്പോള്‍ അത് കോരിയെടുത്ത് പുതുതലമുറക്ക് നല്‍കാന്‍ നേതാക്കന്‍മാര്‍ക്കാകണം,’

ഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് ഉൾപ്പെടെയുള്ള സാമ്പത്തിക സമീപനങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം വിദേശരാജ്യങ്ങളിലെ സാമ്പത്തിക മാതൃക സ്വീകരിച്ചതു കൊണ്ടാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പിന്നീടു തകർന്നത്.  പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.