മണിപ്പൂർ സർക്കാരിൻ്റെ വിഭാഗീയത പരാമർശിച്ച എഡിറ്റേഴ്സ് ഗിൽഡിന് എതിരെ കേസ്, ഒഴിപ്പിക്കൽ തുടരുന്നു

0

എഡിറ്റേഴ്‌സ് ഗിൽഡ് അംഗങ്ങൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മണിപ്പൂർ സർക്കാർ. മണിപ്പൂരിലെ മാധ്യമങ്ങൾ ഏകപക്ഷീയമായി വാർത്ത കൊടുക്കുയും സർക്കാരും പൊലീസും വിഭാഗീയമായി പെരുമാറുകയും ചെയ്തു എന്ന വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് കേസ്.

സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ചില വിഭാഗങ്ങളെ മാത്രം കണ്ട് നിഗമനത്തിലെത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇതിന് എതിരെ എഡിറ്റേഴ്‌സ് ഗിൽഡിലെ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുവെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അവകാശപ്പെട്ടു.

മണിപ്പൂർ സംഘർഷത്തിൽ മെയ്തെയ് വിഭാ​ഗത്തിന് അനുകൂലമായി മാധ്യമങ്ങൾ പ്രവർത്തിച്ചെന്നാണ് എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ കണ്ടെത്തിയത്. മണിപ്പൂരിലെ വംശീയ അതിക്രമങ്ങളെക്കുറിച്ചുള്ള മാധ്യമവാർത്തകൾക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് എഡിറ്റേഴ്സ് ​ഗിൽഡ് വസ്തുതാന്വേഷണ സംഘത്തെ അയച്ചത്. ഇൻ്റർ നെറ്റ് നിരോധനം പോലെ മനുഷ്യരുടെ വിവരങ്ങൾ അറിയാനുള്ള അവകാശം പോലും കവർന്ന നടപടി കൂടുതൽ അഭ്യൂഹങ്ങളും ആക്രമണവും പരക്കാൻ ഇടയാക്കി. ഒരു വിഭാഗത്തിന് മാത്രം പ്രവർത്തിക്കാവുന്ന സാഹചര്യം ഉണ്ടാക്കി.

വാർത്തകളും വിവരങ്ങളും ഏകപക്ഷീയമായി

കുക്കികളെ കുറിച്ചുളള വാർത്തകൾ വളച്ചൊടിക്കുകയും മെയ്തെയ് വിഭാ​ഗത്തിന്റെ വാർത്തകൾ മറച്ചുവെക്കുകയും ചെയു. ഏഴു വയസ്സുള്ള കുക്കി ബാലനെ മെയ്തെയ് ആൾക്കൂട്ടം ആക്രമിച്ച വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയേയും അമ്മയേയും ആംബുലൻസിൽ ജീവനോടെ കത്തിച്ചതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയിൽ മ്യാൻമർ പൗരൻമാർക്ക് ചികിത്സ നൽകി എന്ന വാർത്ത പല മാധ്യമങ്ങളും പുറത്തുവിട്ടു. ​ഗ്വാൾട്ടബിയിലെ ഒരു ക്ഷേത്രം കുക്കി മിലിറ്റന്റുകൾ അശുദ്ധമാക്കിയെന്ന വാർത്തയും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

സേനയേയും കരിവാരി തേച്ചു

അസം റൈഫിൾസിനെ ലക്ഷം വെച്ചുള്ള നിരവധി വ്യാജ വാർത്തകളും പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. സേനക്ക് അനധികൃത കുടിയേറ്റക്കാരുമായും മയക്കുമരുന്ന് തീവ്രവാദികളുമായും അടുത്ത ബന്ധമുണ്ടെന്ന് കാണിക്കുന്ന വാർത്തകളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതായി എഡിറ്റേഴ്സ് ​ഗിൽഡ് പറയുന്നു. ഇത്തരം വ്യാജവാർത്തകൾ മണിപ്പൂർ സംഘർഷത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതായും എഡിറ്റേഴ്സ് ​ഗിൽഡ് ചൂണ്ടിക്കാണിക്കുന്നു.

ഇപ്പോഴും തുടരുന്ന വംശീയ ശുദ്ധീകരണം

ഇംഫാലിൽ അവശേഷിച്ച കുക്കി വിഭാഗക്കാരെ സംസ്ഥാനസർക്കാർ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു.  രാത്രിയാണ് 24 പേരെ അർദ്ധ സൈനിക വിഭാഗം ബലമായി ഒഴിപ്പിച്ചത്. പത്ത് കുടുംബങ്ങളിൽനിന്നുള്ള  ഇവരെ സുരക്ഷ കണക്കിലെടുത്താണ് ഒഴിപ്പിച്ചത് എന്നാണ് സർക്കാർ പറയുന്നത്. പതിറ്റാണ്ടുകാളായി തമസിച്ചു വരുന്ന കുടുംബങ്ങളെയാണ് എല്ലാം വസ്തുവകകളും നഷ്ടമാക്കി മാറ്റിയത്. തട്ടിക്കൊണ്ടുപോകലിന് സമാനമായിരുന്നു ഒഴിപ്പിക്കലെന്ന് കുകി സംഘടനകൾ വ്യക്തമാക്കി. വംശീയ ഉന്മൂലനം പൂർത്തിയാക്കുന്നതാണ് ഈ നടപടിയന്ന കോൺഗ്രസ് നേതാവ് പി ചിദംബരം കുറ്റപ്പെടുത്തി

രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് എത്തിയില്ല,

0

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് റെയ്ക്ക് എത്തിയില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് എത്തിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കി എങ്കിലും രാഷ്ട്രീയ കരാണങ്ങളാണ് താമസത്തിന് പിന്നിൽ എന്നാണ് വാർത്ത.

ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയെങ്കിലും ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം വരാത്തതിനാലാണ് ട്രെയിൻ നീങ്ങാത്തതെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു. പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി തീയതി നൽകിയിട്ടില്ല. ഡിസൈൻ മാറ്റം വരുത്തിയ ആദ്യ വന്ദേ ഭാരത് ട്രെയിൻ തന്നെ കേരളത്തിന് കിട്ടുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

മൂന്നു പെൺകുഞ്ഞുങ്ങളുടെ കഴുത്തറുത്ത് പിതാവ് ആത്മഹത്യ ചെയ്തു

കോട്ടയം രാമപുരത്ത് പ്രായപൂർത്തിയാവാത്ത മൂന്ന് പെൺ കുഞ്ഞുങ്ങളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് ക്രൂരതയ്ക്ക് ശേഷം തൂങ്ങി മരിച്ചത്. വിദ്യാർഥിനികളായ 13, 10, ഏഴ് വയസുവീതം പ്രായമുള്ള പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷമായിരുന്നു മരണം. പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റവും ഇളയവളായ ഏഴുവയസുകാരിയുടെ നില അതീവഗുരുതരമാണ്.

അനന്യ 13,അമേയ  10, അനാമിക 7 എന്നീങ്ങനെ മൂന്നു പേരും ആശുപത്രിയിലാണ്. രാത്രി 12.30 ഓടുകൂടിയായിരുന്നു സംഭവം. പെൺകുട്ടികൾ നിലവിളിച്ചതിനെത്തുടർന്ന് അയൽവാസികളെത്തിയപ്പോഴാണ് അക്രമം കണ്ടെത്തുന്നത്. രാമപുരം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ജോമോൻ തൂങ്ങി മരിച്ചിരുന്നു.

ജോമോനും ഭാര്യയും കഴിഞ്ഞ ഒന്നരവർഷമായി അകൽച്ചയിൽ ആയിരുന്നു. അതിനാൽ ജോമോൻ പെൺകുട്ടികളുമായി ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്.

“മതവികാരം ആളിക്കത്തിച്ച് ബിജെപി അതിൽ നിന്ന് തീകായുന്നു” ഉദയനിധിക്ക് പിന്നാലെ കടന്നാക്രമിച്ച് സ്റ്റാലിനും

 സനാതനധര്‍മം കൊറോണയും ഡെങ്കിപനിയും പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്റെ അഭിപ്രായം കത്തി പടരുന്നതിനിടെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്ത് എത്തി. തെറ്റുകള്‍ മറച്ചുവെക്കാന്‍ ബി.ജെ.പി. മതത്തെ ആയുധമാക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ‘സ്പീക്കിങ് ഫോര്‍ ഇന്ത്യ’ പോഡ്കാസ്റ്റിലാണ് സ്റ്റാലിന്‍ രംഗത്തെത്തിയത്.

ആര് വരാൻ പാടില്ല എന്നാണ് 2024 ലെ തിരഞ്ഞെടുപ്പ്

രാജ്യത്തിന്റെ ഘടനയില്‍ വിഘാതമുണ്ടാക്കാനും ഐക്യബോധം തകര്‍ക്കാനും ബി.ജെ.പി. ശ്രമിക്കുന്നു. ജനങ്ങളുടെ മതവികാരത്തിന്റെ തീ ആളിക്കത്തിച്ച് അതില്‍നിന്ന് ചൂടുകായാനാണ് അവര്‍ ശ്രമിക്കുന്നത്. വര്‍ഗീയവാദത്തിന്റെ തീ മണിപ്പൂരിനെയാകെ ചുട്ടെരിച്ചു. മതഭ്രാന്ത് ഹരിയാണയില്‍ നിഷ്‌കളങ്കരുടെ ജീവനും സ്വത്തും അപഹരിക്കുന്നു. ആര് അധികാരത്തില്‍ വരണം എന്നതിനേക്കാള്‍ ആര് വരാന്‍ പാടില്ലെന്നതിനെക്കുറിച്ചാണ് 2024- ലെ പൊതുതിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം ചെന്നൈയില്‍ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് സനാതനധര്‍മത്തെ പിഴുതുകളയണമെന്ന് ഉദയനിധി പറഞ്ഞത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വവും അനീതിയും വളര്‍ത്തുന്ന സനാതനധര്‍മം സാമൂഹികനീതിയെന്ന ആശയത്തിന് വിരുദ്ധമാണ്. കൊതുകിനെയും മലമ്പനിയെയും കോവിഡിനെയും ഡെങ്കിപ്പനിയെയും എതിര്‍ത്തതുകൊണ്ട് കാര്യമില്ല, അവയെ ഉന്മൂലനംചെയ്യുകയാണ് വേണ്ടത്. സനാതനധര്‍മവും അതുപോലെയാണെന്നുമായിരുന്നു ഉദയനിധി പറഞ്ഞത്.

ഭരണത്തിൻ്റെ കാര്യക്ഷമതയും ജനകീയതയും ഉയർത്തിയേ തീരൂ – തുറന്ന് പറഞ്ഞ് തോമസ് ഐസക്

0

പൊതുമേഖലയെയും പൊതുസംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കില്‍ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയര്‍ത്തിയേ തീരൂ എന്ന് മുന്‍മന്ത്രി തോമസ് ഐസ്‌ക്. നിയോ ലിബറല്‍ സര്‍ക്കാര്‍ ഭരണയന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണയന്ത്രത്തിനു രൂപം നല്‍കാന്‍ കഴിയണമെന്നും സാമ്പത്തിക കാര്യ വിദഗ്ധൻ കൂടിയായ അദ്ദേഹം ചൂണ്ടി കാട്ടി.

കേരളത്തിലെ ഭരണസംവിധാനത്തെ നിശിത വിമർശനത്തിനും വിലയിരുത്തലിനും വിധേയമാക്കുകയാണ് തോമസ് ഐസ്‌ക് ചിന്തവാരികയിൽ എഴുതിയ ലേഖനത്തിൽ. രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഭരണയന്ത്രമാണ് കേരത്തിൻ്റേത് എന്ന് അദ്ദേഹം പറയുന്നു. ‘പഠന കോണ്‍ഗ്രസുകളും ഭരണ പരിഷ്‌കാരവും: ഒരവലോകനം’ എന്ന തലക്കെട്ടിലാണ് ‘ചിന്ത’ അവതരിപ്പിക്കുന്നത്.

വൻകിട പദ്ധതികൾക്ക് പ്രാപ്തിയില്ല, വ്യവസായ പ്രോത്സാഹനത്തിൽ ഇപ്പോഴും പിന്നിൽ തന്നെ

ഭരണസംവിധാനത്തിനുള്ള പോരായ്മകളുടെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീണ്ടുപോകുന്ന പദ്ധതികള്‍. വന്‍കിട പ്രൊജക്ടുകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം ഇനിയും പ്രാപ്തമല്ല. മാത്രമല്ല സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്.

വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ‘കാലോചിതമായി നടത്തേണ്ട പരിഷ്‌കരണങ്ങള്‍ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാര്‍ദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്.

ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇത്തരം പരിശ്രമങ്ങള്‍ ഓരോ ഘട്ടത്തിലും സ്വീകരിച്ചിരുന്നു എന്നുംതോമസ് ഐസക് ചൂണ്ടി കാട്ടുന്നു. വലതുപക്ഷ സർക്കാരുകൾക്ക് ഇതിൻ്റെ തുടർച്ച നഷ്ടപ്പെടുത്തുന്നതിൽ ആണ് പങ്ക് എന്നും വിമർശിക്കുന്നു.

സനാതന ധർമ്മ സങ്കല്പം കൊറോണ പോലെ തുടച്ച് നീക്കപ്പെടേണ്ടത് – ഉദയനിധി സ്റ്റാലിൻ

സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടത് മാത്രമല്ല കൊറോണയും ഡെങ്കി പനിയും പോലെ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മം സാമൂഹികനീതിക്ക് എതിരാണെന്നും ഡി.എം.കെ. നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി അഭിപ്രായപ്പെട്ടു.

‘ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതനത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം.

എതിര്‍ക്കപ്പെടേണ്ടതിനേക്കാള്‍, തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതനം. സനാതനം എന്ന വാക്ക് തന്നെയും സംസ്‌കൃതത്തില്‍ നിന്നാണ്. സനാതനം എന്ന പേരിൽ ജാതിമത വേർതിരിവുകളെ വാഴിക്കയാണ്. അത് സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്നും ഉദയനിധി തുടർന്ന് പറഞ്ഞു.

മന്ത്രിയും ഡി.എം.കെ. നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. രംഗത്ത് വന്നു. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം വരുന്ന വിഭാഗത്തിന്റെ വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനം ചെയ്തത് എന്ന് ഐ.ടി. സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ പറഞ്ഞു.

താന്‍ വംശഹത്യയ്ക്ക് ആഹ്വാനംചെയ്തിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിന്‍ മറുപടി നൽകി. താന്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. അതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടാനും തയ്യാറാണ്. കാവി ഭീഷണികള്‍ക്കുമുന്നില്‍ തലകുനിക്കില്ല.

സനാതന ധര്‍മ്മത്തിന്റെ മോശം വശങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിച്ചത്.

ഇന്നും നാളെയും എന്നേക്കും ഇത് പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.

സോണിയ ഗാന്ധി ആശുപത്രിയിൽ

0

 കോണ്‍ഗ്രസ് മുന്‍ അധ്യക്ഷസോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്നാണ് ഇത്. ശനിയാഴ്ച വൈകിട്ടോടെയാണ് ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്.

സോണിയ ഗാന്ധിയ്ക്ക് കുറച്ചുകാലമായി ശ്വാസകോശ അണുബാധയുണ്ടായിരുന്നു. പതിവ് പരിശോധനയുടെ ഭാഗമായാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.

ജനുവരിയിലും മാർച്ചിലും ഇവർ ആശുപത്രി ചികിത്സ തേടിയിരുന്നു. എങ്കിലും കഴിഞ്ഞ ദിവസം മുംബെയിൽ നടന്ന ഇന്ത്യ മുന്നണി സമ്മേളനത്തിൽ സോണിയ എത്തിയിരുന്നു. ഇതോടെ ക്ഷീണിതയായി. തുടർന്നാണ് ആശുപത്രി ചികിത്സ തേടിയത്.

ഇരുളടഞ്ഞ കേരളത്തിൻ്റെ പോരാട്ട വഴികളിലെ സഞ്ചിത ഹരജി ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടിട്ട് 127 വർഷം

0

ലിബി സി എസ് എഴുതുന്നു

ഈഴവ മേമ്മോറിയൽ സമർപ്പിച്ചതിൻ്റെ 127 ആം വാർഷിക ദിനമാണ് ഇന്ന് . 1896 സെപ്റ്റംബർ 3ന് ശ്രീ മൂലം തിരുനാൾ മഹാരാജാവിൻ്റെ കാലത്താണ്‌ കേരളത്തിലെ അരികു വൽക്കരിപ്പെട്ട ജനങ്ങളുടെ ചരിത്രപരമായ പോരാട്ടത്തിൻ്റെ തന്നെ സഞ്ചിത ഹരജി സമർപ്പിക്കപ്പെട്ടത്.

എത്ര ഇരുട്ടിലായിരുന്നു എന്ന് വെളിച്ചപ്പെടുത്തുന്ന മറുപടി

മഹാരാജവിനുവേണ്ടി ദിവാൻ ശങ്കരസുബ്ബയ്യർ ആണ്‌ മറുപടി-ഇണ്ടാസ്‌-നൽകിയത്‌. “ഈഴവജാതിക്കാരായതുകൊണ്ടുള്ള പ്രശ്നങ്ങളാണ്‌ മുഖ്യമായും ഉന്നയിച്ചിരിക്കുന്നത്‌ എന്നതിനാൽ, തിരുവിതാംകൂർ പോലെയുള്ള ഒരു പുരാതന ഹിന്ദുരാജ്യത്ത്‌ ഹർജിയിലെ വിഷയത്തെ തീരുമാനിക്കുന്നതിന്‌ അനാദൃശമായ പ്രയാസവും കുഴപ്പവും നേരിടും”

. “എല്ലാ ജാതിക്കാർക്കും പൊതുവായ പള്ളിക്കൂടങ്ങൾ സ്ഥാപിക്കന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ ജാതിക്കാരേയും ഒരെ പള്ളിക്കൂടത്തിൽ നിർബന്ധിച്ചു ചേർക്കുന്നത്‌ ഫലപ്രദമാകില്ല. അതിനാൽ ഈഴവജാതിക്കാർക്കു മാത്രമായി കൂടുതൽ സ്കൂളുകൾ തുടങ്ങാം” എന്ന നിർദേശമാണ്‌ അന്ന് രാജവിധിയിൽ ഉണ്ടായിരുന്നത്‌. 

സെപ്തംബർ 3 ഈഴവ മെമ്മോറിയൽ (1896) സമർപ്പിച്ച ദിനം

വാസ്തവത്തിൽ സംവരണത്തിലൂടെ സകല സർക്കാർ ഉദ്യോഗങ്ങളും ബ്രാഹ്മണർക്കായി സംവരണം ചെയ്യപ്പെട്ടിരുന്ന ഭരണ കാഴ്ടപ്പാടാണ് നിലനിന്നിരുന്നത്. ഇതിൽ മനം നൊന്ത് തങ്ങൾക്കും ജനസംഖ്യ ആനുപാതികമായി സർക്കാർ സർവീസിൽ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് അബ്രാഹ്മണർ നടത്തിയ ആദ്യ ഇടപെടലുകൾ ആയിരുന്നു മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും. ഇന്ന് ജാതി സംവരണത്തെ പുച്ഛിക്കുന്നവർ ആയിരുന്നു വാസ്തവത്തിൽ അന്നു മുതൽ തന്നെ സംവരണത്തിന്റെ ഏറ്റവും കൂടുതൽ അനൂകൂല്യം അനുഭവിച്ചിരുന്നവർ എന്ന് ഈ ചരിത്രം പരിശോധിച്ചാൽ അറിയാം. തിരുവിതാം കൂറിലെ സകല ഗവൺമെന്റ് പോസ്റ്റുകളും മലയാളി ബ്രാഹ്മണർക്ക് വേണ്ടി സംവരണം ചെയ്യപ്പെട്ടിരിക്കുകയായിരുന്നു.

അന്ന് 13,176 പേർ ഒപ്പിട്ട ഹരജി

തിരുവതാംകൂറിന്റെ ജനസംഖ്യയിൽ അഞ്ചിലൊന്നോളം ഉണ്ടായിരുന്നിട്ടും ഈഴവർക്ക് സർക്കാർ ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. വിദ്യാഭ്യാസ-ഉദ്യോഗ കാര്യങ്ങളിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ 13,176 പേർ ഒപ്പിട്ട ഹർജി 1896-ൽ തിരുവതാംകൂർ മഹാരാജാവ് വിശാഖം തിരുനാളിന് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ സമർപ്പിച്ചതാണ് ചരിത്രപ്രസിദ്ധമായ ഈഴവ മെമ്മോറിയൽ.

മലയാളി മെമ്മോറിയലിൽ തുടങ്ങി

1891-ൽ തിരുവിതാംകൂറിലെ ഹിന്ദുക്കൾ ഒപ്പിട്ടു നൽകിയ മലയാളി മെമ്മോറിയൽ സമർപ്പണം നാട്ടിൽ വലിയ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചിരുന്നു. 1891 ജനുവരി 11 ന് ബാരിസ്റ്റർ ജി പി പിള്ളയുടെ നേതൃത്വത്തിലായിരുന്നു. ഇതിൽ തന്നെ പല ഈഴവ പ്രമുഖരും ഒപ്പിട്ടിരുന്നു. തിരുവിതാംകൂർ സർക്കാർ സർവ്വീസിൽ നാട്ടുകാർക്ക് ജോലി ലഭിക്കുക എന്നതായിരുന്നു ഇതിലെ ആവശ്യം. ഇതിനെതിരെ തമിഴ് ബ്രാഹ്മണ സംഘം കൌണ്ടർ മെമ്മോറിയലും സമർപ്പിച്ചിരുന്നു.

മതപരിവർത്തനം പോലും ഫലപ്രദമായില്ല

തിരുവിതാംകൂർ ജനസംഖ്യയിൽ ഇരുപത്‌ ശതമാനം ഈഴവരായിട്ടും പഠിക്കാനും സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സൗകര്യവും ഈഴവർക്കുണ്ടായിരുന്നില്ല. ഇതിനും പുറമെയാണ്‌ അയിത്തവും തീണ്ടലും മൂലമുള്ള അപമാനം. ഈ നാണക്കേടിൽ നിന്ന്‌ പുറത്തുകടക്കാൻ കണ്ട ഒരു മാർഗം ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനമായിരുന്നു.

അക്കാലത്തെ ഈഴവരുടെ അവസ്ഥയെക്കുറിച്ച്‌ പ്രൊഫ. എം കെ സാനു ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഹിന്ദുമത വിഭാഗത്തിൽപ്പെട്ട പലരേയും മതപരിവർത്തനം വശീകരിച്ചതിൽ അത്ഭുതപ്പെടാനില്ല. അതിൽനിന്നു കിട്ടുന്ന ലൗകിക നേട്ടങ്ങൾ വലുതാണ്‌. മേൽജാതിക്കാരെ കണ്ടാൽ ആട്ടും തുപ്പും മാത്രമല്ല മർദനവും ഏൽക്കേണ്ടതില്ല. അന്നുവരെ നടക്കാൻ പാടില്ലാതിരുന്ന പൊതുവഴികളിൽ കൂടി സ്വൈരമായി നടക്കാം. ഇഷ്ടമുള്ള വസ്ത്രവും ആഭരണവും ധരിക്കാം. യോഗ്യതയനുസരിച്ച്‌ സർക്കാരുദ്യോഗങ്ങളിൽ നിയമനവും ലഭിക്കുന്നു. ഇത്തരം സൗകര്യങ്ങളും പ്രയോജനങ്ങളും നേടുന്നതിനുവേണ്ടി അവർണ ഹിന്ദുവിഭാഗങ്ങളിലുള്ള പലരും സ്വന്തം മതം ഉപേക്ഷിച്ച്‌ ക്രിസ്തുമതത്തിൽ ചേർന്നു. അവർക്ക്‌ പുതുതായി ലഭിച്ച പദവികൾ കണ്ട്‌ അനേകം പേർ അവരുടെ മാർഗം പിന്തുടരാൻ തുനിഞ്ഞത്‌ തുലോം സ്വാഭാവികം.

മതപരിവർത്തനത്തിന്റെ പ്രലോഭനീയത ഒരിക്കലും പ്രശ്നപരിഹാരമായി ഡോക്ടർ പൽപ്പുവിന്‌ തോന്നിയില്ല. ആചാരങ്ങളിൽ മാറ്റം വരുന്നു എന്നല്ലാതെ വ്യക്തിയിലും സ്വഭാവത്തിലും അത്‌ മാറ്റം വരുത്തുന്നില്ല എന്നാണ് അദ്ദേഹം ചിന്തിച്ചത്. ഈയൊരു സാഹചര്യത്തിലാണ്‌ ഈഴവരുടെ പ്രശ്നങ്ങൾ രാജകൊട്ടാരത്തിലെത്തിക്കുന്നതിന്‌ ഈഴവമെമ്മോറിയൽ സമർപ്പിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌. ഈ പദ്ധതി ആസൂത്രണം ചെയ്തത്‌ ഡോക്ടർ പൽപ്പു ആയിരുന്നു.

കലാപത്തിനല്ല, ആദ്യം നൽകിയത് അപേക്ഷ

1896 സെപ്റ്റംബർ 3നാണ്‌ തിരുവിതാംകൂർ മഹാരാജാവിന്‌ 13000 ഈഴവർ ഒപ്പിട്ട നിവേദനം സമർപ്പിക്കുന്നത്‌. അക്കാലത്തെ രീതിയനുസരിച്ചുള്ള നിവേദനത്തിലെ ഭാഷയുടെ വിധേയത്വവും സംഭവവിവരണവുമൊക്കെ കൗതുകമുണർത്തുന്നതാണ്‌. ഈഴവർ ആദ്യമായി സംഘടിച്ച്‌ അവരുടെ ആവശ്യങ്ങൾ മഹാരാജാവിന്‌ മുമ്പാകെ ഉണർത്തിച്ച നിവേദനം ചുവടെ.

“പൊന്നുതമ്പുരാൻ തിരുമുമ്പാകെ തൃപ്പാദംകൊണ്ട്‌ കൽപ്പിച്ചു പരിപാലിച്ചു പോരുന്ന പ്രജകളും അഗതികളുമായ താഴെ പേരെഴുതി കയ്യൊപ്പിട്ടിരിക്കുന്ന ഈഴവർ ഏറ്റവും താഴ്മയോടുകൂടി കയ്ക്കുറ്റപ്പാടു ചെയ്ത്‌ തിരുവുള്ളമുണർത്തിച്ചുകൊള്ളുന്ന സങ്കടം.

അടിയങ്ങൾ സംസ്ഥാനം ഒട്ടുക്കുള്ള ജനസംഖ്യയിൽ അഞ്ചിലൊന്നോളം ഉള്ളവരും പരമ്പരയായി തൃപ്പാദങ്ങളിൽ വളരെ ഭയഭക്തി വിശ്വാസങ്ങളോടുകൂടി രാജ്യനീതികളെ കീഴ്‌വഴങ്ങി മര്യാദയായി കാലം കഴിച്ചുപോരുന്നവരും രാജ്യത്തിന്‌ സമാധാനമില്ലാതിരുന്ന കാലങ്ങളിൽ എല്ലാം പൊന്നുതമ്പുരാക്കന്മാർക്കുവേണ്ടി പ്രാണൻ കളഞ്ഞിട്ടുള്ള പഴവൻമാരുടെ സന്താനങ്ങളും ഇപ്പോഴും രാജ്യക്ഷേമകരങ്ങളായ കൃഷി, കൈത്തൊഴിൽ, കച്ചവടം മുതലായവയിൽ പ്രവേശിച്ചു ഇതര ജാതിക്കാരേക്കാളും സർക്കാരിന്‌ അധികം മുതൽകൂട്ടുന്നവരും ആകുന്നു എന്നുള്ള വാസ്തവം അടിയങ്ങൾ തിരുവുള്ളമുണർത്തിച്ചേ തീരൂ എന്നില്ല. ഇഹപരസുഖങ്ങൾക്കു നിദാനമായിരിക്കുന്ന വിദ്യാഭ്യാസം ജാതിഭേദം കൂടാതെ സകല പ്രജകൾക്കും ഒന്നുപോലെ സിദ്ധിക്കത്തക്കവണ്ണം തിരുവുള്ളമുണ്ടായി സംസ്ഥാനം ഒട്ടുക്കും പാഠശാലകൾ സ്ഥാപിച്ചു നടത്തിവരുന്നുണ്ടെങ്കിലും അടിയങ്ങളുടെ കിടാങ്ങളെയും പഠിത്തത്തിൽ പ്രോത്സാഹിപ്പിക്കേണ്ട ഗവൺമെന്റ്‌ ഇന്നും അവരെ മിക്ക പാഠശാലകളിലും പ ഠിക്കാൻ സമ്മതിക്കാതെ നിർദ യം ആട്ടിക്കളകയാണ്‌ ചെയ്തുവരുന്നത്‌.

മലബാറിൽ ഇല്ലാതിരുന്ന വിവേചനം

1891 ലെ കനേഷുമാരി കണക്കിൻ പ്രകാരം അടിയങ്ങളിൽ പുരുഷന്മാർ തന്നെ 25000 പേരെങ്കിലും വിദ്യാഭ്യാസമുള്ളവരായി ഉണ്ടായിരുന്നു. എന്നാൽ ഇവരിൽ മിക്കവരും കച്ചവടം, കുത്തക, വൈദ്യം, ജ്യോതിഷം മുതലായി സർക്കാരിനെ ആശ്രയിക്കാത്ത വല്ല പണികളിലും ഒരുവിധം മാനമായി കാലക്ഷേപം ചെയ്തുവരുന്നതുകൂടാതെ, ഉയർന്നതരം ഇംഗ്ലീഷു വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവർ അന്യഗവൺമെന്റുകളുടെ കീഴിൽ തക്കതായ ഉദ്യോഗങ്ങൾ ഭരിച്ചും പോരുന്നുണ്ട്‌. എന്നിട്ടും ഇതിൽ ഒരാളെങ്കിലും പൊന്നുതിരുമേനിയുടെ ഗവൺമെന്റിന്റെ കീഴിൽ കുറഞ്ഞപക്ഷം അഞ്ചുരൂപ ശമ്പളമുള്ള ഒരു ചെറിയ ജീവനത്തിൽ പോലും ഇരുന്നുകാണാത്തത്‌ എന്തുകൊണ്ടാണെന്ന്‌ അടിയങ്ങൾക്ക്‌ അറിവാൻ പാടില്ല. അടിയങ്ങളുടെ സഹോദരങ്ങളായ ബ്രിട്ടീഷ്‌ മലബാറിലെ തീയരും ആ ഗവൺമെന്റിന്റെ കീഴിൽ നാട്ടുകാർക്ക്‌ വഹിക്കത്തക്കതായ ഏതുതരം ഉയർന്ന ഉദ്യോഗങ്ങളിലും ഇരിക്കുന്നതായി അടിയങ്ങൾ കാണുന്നും ഉണ്ട്‌.

വാത്സല്യമുള്ള പൊന്നുതമ്പുരാൻ തിരുമുമ്പാകെ അമ്മയുടെ അടുക്കൽ കുട്ടികളെപോലെ സ്വപ്രജകൾക്ക്‌ കരയാമെന്നുള്ളതുകൊണ്ട്‌ ധൈര്യപ്പെട്ടു, അടിയങ്ങൾ തൃപ്പാദങ്ങളിൽ സമർപ്പിച്ചുകൊള്ളുന്ന ഈ സങ്കടത്തിന്‌ തിരുവുള്ളമുണർന്നു ഉടൻ ഒരു നിവൃത്തിയുണ്ടാക്കുമെന്ന്‌ അടിയങ്ങൾ വിശ്വസിക്കുകയും പൊന്നുതിരുമേനി അടിയങ്ങളുടെ സകലസങ്കടങ്ങളും തീർത്തു വളരെക്കാലം ആയൂരാരോഗ്യസമ്പത്സമൃദ്ധിയോട്‌ കൂടി എഴുന്നരുളിയിരുന്നു അടിയങ്ങളെ രക്ഷിപ്പാറാകണമെന്ന്‌ സദാ ഈശ്വരനെ പ്രാർഥിക്കുകയും ചെയ്യുന്നു.”

ഒപ്പു വെച്ചവർക്കും ഭീഷണി

ഈഴവമെമ്മോറിയൽ സമർപ്പണത്തിലൂടെ പ്രശ്നങ്ങൾക്ക്‌ ഉടൻ പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിലും അതിലൂടെ രൂപപ്പെട്ടുവന്ന ഈഴവ ഐക്യമാണ്‌ 1903ൽ എസ്‌എൻഡിപി രൂപീകരണത്തിന്‌ അടിസ്ഥാനമായി മാറിയത്‌. ഈഴവരുടെ ആത്മാഭിമാനമുണർത്തിയ വലിയ പോരാട്ടമായിരുന്നു അത്‌. ഗവൺമെന്റിൽ നിന്നുള്ള പല ഭീഷണികളേയും അതിജീവിച്ചാണ്‌ തിരുവിതാംകൂറിൽ 13,000 ഈഴവർ ഈ നിവേദനത്തിൽ ഒപ്പിടാൻ തയാറായത്‌. ഇത്‌ കേവലം ഒപ്പു ശേഖരണമായിരുന്നില്ല; മറിച്ച്‌ ആദ്യകാല ബഹുജന പ്രക്ഷോഭണമായിരുന്നു. ഇന്നത്തെപോലെ യാത്രാസൗകര്യവും വിനിമയ സജ്ജീകരണവുമില്ലാത്ത കാലത്ത്‌ സമർപ്പിച്ച ഈഴവ മെമ്മോറിയൽ പൊതുജന ജിഹ്വയായിരുന്നു.

ഈ ഹർജിയെക്കുറിച്ച് പത്രങ്ങൾ എഴുതിയ ലേഖനങ്ങളും സ്വന്തം ലേഖനങ്ങളും ഹർജികളും ഉൾപ്പെടുത്തി, സമരത്തോടനുബന്ധിച്ച് ആശയപ്രചരണത്തിന്റെ ഭാഗമായി ഡോ. പല്പു പ്രസിദ്ധീകരിച്ച ‘ട്രീറ്റ്മെന്റ് ഓഫ് തിയ്യാസ് ഇൻ ട്രാവൻകൂർ’ (1896)എന്ന പുസ്തകം സർക്കാരിന്റെ അനീതിയുടെ ആഴം ജനങ്ങളിലെക്കെത്തിക്കാൻ ഏറെ സഹായിച്ചു.

തിരുവതാംകൂർ ഭരണകൂടത്തിൽ നിന്നും നീതി ലഭിക്കുക ശ്രമകരമായതിനാൽ കഴ്സൺ പ്രഭുവിനെ സന്ദർശിച്ച ശേഷം ഡോ. പല്പു പ്രശ്നം ബ്രിട്ടീഷ് സർക്കാരിനെക്കൊണ്ട് തിരുവതാംകൂർ പിന്തുടരുന്ന സവർണ യാഥാസ്ഥിതിക നയങ്ങളെപ്പറ്റി അന്വേഷണം നടത്തിക്കാനും അതുവഴി നയത്തിൽ അയവു വരുത്താനും സാധിച്ചത് അന്നത്തെ നിലയിൽ വൻ വിജയമായിരുന്നു. അതിനു ശേഷമാണ് അവർണവിഭാഗത്തിന് സർക്കാർ സർവീസുകളിലും വിദ്യാലയങ്ങളിലും ചെറിയ തോതിലെങ്കിലും പ്രവേശനം ലഭിച്ചു തുടങ്ങിയത്.

ചൂണ്ട

കണ്ട കാഴ്ചയിൽ തന്നെ,
അറിയാഞ്ഞതല്ല !
അറ്റത്ത് കുരുക്കുള്ള.
കൊളുത്തി നെ പറ്റി;
‘ചിന്തകൾ ശൂന്യമായ
നിമിഷാർദ്ധത്തിൽ
ഇരകാട്ടിയുള്ള പ്രലോഭനത്തിൽ
കയറി കൊത്തുകയായിരുന്നു.!

ചെകിളപ്പുവിലേയ്ക്ക് ചൂണ്ട-
കൊരുത്തു കയറി,
ജീവിതത്തിൽ നിന്ന് ,
പുറത്തേയ്ക്ക് വലിച്ചിട്ടപ്പോൾ
കരയിലെ ആരവത്തിൽ
ഒരു ജല സ്വപ്നം,
പിടഞ്ഞൊടുങ്ങുകയായിരുന്നു !

ചെറിയ നീരോഴുക്കുകളിലും
വലിയ കടലാഴങ്ങളിലും,
ഇര കോർത്ത ഒരു കുരുക്ക്,
കരയുടെ ആരവമൊളിപ്പിച്ച്,
തല തിരിഞ്ഞ ഒരു ചോദ്യചിഹ്നമായ്,
ഉത്തരമില്ലാതെ നിൽക്കുന്നു!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തീരുമാനത്തിൽ ഉറച്ച് കേന്ദ്രം, സമിതിയെ നിയോഗിച്ചത് പ്രായോഗിക പ്രശ്നങ്ങൾ പഠിക്കാൻ

0

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ എട്ടംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച മുൻ കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ അംഗങ്ങളാണ്. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി. 

തെരഞ്ഞെടപ്പുകൾ ഒന്നാവും, ജനാധിപത്യ ചർച്ചകളോ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവ ഒരേ സമയത്ത് നടത്തുന്നതിനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. ഉന്നതാധികാര സമിതി അതിവേഗം യോഗം ചേർന്ന് പരിഷ്കാരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ എല്ലാ ചെലവുകളും നിയമ മന്ത്രാലയം വഹിക്കും. സമിതിയുടെ ഓഫീസ് അടക്കമുള്ള കാര്യങ്ങളും നിയമ മന്ത്രാലയം ഒരുക്കും. അതായത് കേന്ദ്ര തീരുമാനത്തെ സാധൂകരിക്കുന്ന എന്തൊക്കെ കണ്ടെത്താനാവും എന്ന നിലയ്ക്കാണ് സമിതിയുടെ പ്രസക്തി വിവരിക്കുന്നത്.

ചിലവ് കുറയും ഒപ്പം ജനാധിപത്യത്തിലെ ജന പങ്കാളിത്തവും

എത്ര ഘട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും, സമയ ചട്ടക്കൂട് എങ്ങനെ?ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തേണ്ട ഭേദഗതികള്‍ പരിശോധിക്കുക, 83, 85, 172,174. 365  വകുപ്പുകളില്‍ ഭേദഗതി വേണ്ടി വരും.  ഭരണഘടന ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമുണ്ടോ? തൂക്ക് സഭ, അവിശ്വാസ പ്രമേയത്തിലൂടെ സഭ പിരിച്ചുവിടല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ എന്ത് നടപടി സ്വീകരിക്കണം.  വിവി പാറ്റ് ഇലക്ട്ോണിക് വോട്ടിംഗ് മെഷീന്‍  അടക്കമുള്ള ഭൗതിക സാഹചര്യങ്ങളെ കുറിച്ച് പരിശോധിക്കുക,. ഒരുമിച്ച് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റവോട്ടര്‍ പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കുന്നതിലുള്ള സാധ്യത തുടങ്ങിയ കാര്യങങ്ങളാണ് പരിശോധിക്കേണ്ടത്. അതായത് പ്രായോഗിക പ്രശ്നങ്ങളാണ് സമിതിയെ ഏല്പിക്കുന്നത്. താത്വികമായി നിലാപട് ശരിവെച്ചാണ് സമിതയുടെ നിയോഗം.

,അതേ സമയം 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ചോദ്യോത്തര വേളയോ, ശൂന്യവേളയോ , പ്രൈവറ്റ് മെംബര്‍ ബിസിനസോ ഉണ്ടാകില്ലെന്നാണ് വിവരം.അങ്ങനെയെങ്കില്‍ ഏതെങ്കിലും ബില്ലിന്മേലേ പൊതു വിഷയത്തിലൊ ചര്‍ച്ചക്കാണ് സാധ്യത.