വരൂ.. ഇനി ഇങ്ങനെ ഒരു റോൾ കാണാനാവില്ല, ജവാനായി മൊട്ടയടിച്ച് ഷാരൂഖ് ഖാൻ

0

ഇനിയൊരിക്കലും തന്നെ ഈ ലുക്കില്‍ കാണാനാവില്ലെന്നാണ് ഷാരൂഖ് പറയുന്നത്. ആദ്യമായാണ് ഷാരൂഖ് മൊട്ടയടിച്ച ലുക്കില്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ജവാന്റെ ദുബായില്‍ നടന്ന പ്രമോഷന്‍ പരിപാടിയിലാണ് ഷാരൂഖിന്റെ വാക്കുകള്‍.

ജവാനില്‍ ആറേഴ് ലുക്കില്‍ താന്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ഷാരൂഖ് വെളിപ്പെടുത്തുന്നു. ബുര്‍ജ് ഗലീഫയില്‍ നടന്ന ജവാന്റെ പ്രമൊഷന്‍ പരിപാടിയില്‍ ഇരുപതിനായിരത്തോളം ആരാധകരാണ് പങ്കെടുത്തത്.

എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത കാര്യമാണ് ഇത്. ഇതിലായിരിക്കും ആദ്യമായും അവസാനമായും നിങ്ങള്‍ക്ക് എന്നെ ഇങ്ങനെ കാണാനാവുകയെന്ന് അദ്ദേഹം പറയുന്നു

മൂന്നാറിൽ എത്തിയാൽ 300 രൂപയ്ക്ക് കെ എസ് ആർ ടി സിയിൽ കറങ്ങാം

0

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് 300 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കറങ്ങാം. കെ.എസ്.ആര്‍.ടി.സി.യുടെ സൈറ്റ്‌സീയിങ് ട്രിപ്പുകള്‍ ജനപ്രിയമാവുകയാണ്.

മൂന്നാര്‍ മുതല്‍ മാട്ടുപ്പട്ടിയും കുണ്ടളയും പിന്നിട്ട് ടോപ്പ് സ്റ്റേഷന്‍ വരെയാണ് ഒരു യാത്ര. ആനയിറങ്കലും പൂപ്പാറയും ചതുരംഗപ്പാറയുമൊക്കെ കണ്ടുമടങ്ങുന്നതാണ് രണ്ടാമത്തെ യാത്ര. രാവിലെ ഒന്‍പത് മുതല്‍ മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് അഞ്ചോടെ തിരികെ മൂന്നാറില്‍ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍മാരായ കെ.പി.മുഹമ്മദ്, കെ.ആര്‍. ഷിജു, എ.ഇ. ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് സഞ്ചാരികള്‍ക്ക് ആസ്വാദ്യകരമായ സൈറ്റ് സീയിങ് ട്രിപ്പുകള്‍ ഒരുക്കുന്നത്. ഒരു വണ്ടിയില്‍ 50-പേര്‍ക്കാണ് യാത്രാസൗകര്യം. ഒന്‍പത് സ്ഥലങ്ങള്‍ ഒറ്റദിവസംകൊണ്ട് കാണാം. ഫോട്ടോ എടുക്കാനും ഓരോ ഇടങ്ങളിലും അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെ സമയം ചെലവഴിക്കാനും ഇടവേള നൽകുന്നുണ്ട്.

ആനയിറങ്കല്‍, മലയിക്കള്ളന്‍ ഗുഹ, ഓറഞ്ച് തോട്ടം, സ്‌പൈസസ് ഫാം വിസിറ്റ്, ചതുരംഗപ്പാറ, ടീമ്യൂസിയം, കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പട്ടി തുടങ്ങിയ പ്രകൃതിമനോഹര സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കാം.

വിശദവിവരങ്ങള്‍ക്കും യാത്ര ബുക്കുചെയ്യാനും ഫോണ്‍: 9447331036, 9446929036, 9895086324.

രക്ഷാബന്ധൻ കഴിഞ്ഞ് മടങ്ങിയ സഹോദരിമാരെ ബലാത്സംഗം ചെയ്തു. ബി ജെ പി നേതാവിൻ്റെ മകനും കൂട്ടാളികളും അറസ്റ്റിൽ

0

പ്രായപൂര്‍ത്തിയാത്ത പെൺകുട്ടി ഉൾപ്പെടെ രണ്ടുസഹോദരിമാരെ ബി ജെ പി നേതാവിൻ്റെ മകനും സംഘവും കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ പത്തുപേരെ പൊലീസ് പിടികൂടി. പിടിയിലായ സംഘത്തലവൻ പ്രാദേശിക ബി.ജെ.പി. നേതാവിന്റെ മകനാണ്.

റായ്പുരിലെ ബൻസോജ് വില്ലേജ് ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. രക്ഷാബന്ധന്‍ ആഘോഷം കഴിഞ്ഞ് ആണ്‍സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 19, 16 വയസ്സുള്ള പെണ്‍കുട്ടികളെയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

ഇരുചക്രവാഹനത്തില്‍ മടങ്ങുകയായിരുന്ന ഇവരെ സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു.

ആദ്യം പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു. തുടര്‍ന്ന് നാലു ഇരുചക്രവാഹനങ്ങളിലായി കൂട്ടാളികൾ പെൺകുട്ടികളെ ഒഴിഞ്ഞ പ്രദേശത്തേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കത്തിമുനയില്‍ നിർത്തി ഭീഷണിപ്പെടുത്തി. തുടർന്ന് മൂന്നുപേരേയും വഴിയരികില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.

കുട്ടികൾ തന്നെ അടുത്തുള്ള മന്ദിര്‍ ഹസൗദ് പോലീസ് പട്രോള്‍ യൂണിറ്റിലെത്തി പരാതി പറയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പത്തുപേരേയും അറസ്റ്റുചെയ്തത്.

അറസ്റ്റിലായ പൂനം ഠാക്കൂര്‍ സ്ഥിരം കുറ്റവാളിയാണ്. ഇയാളുടെ പിതാവ് ബി.ജെ.പി. നേതാവാണെന്നും പോലീസ് അറിയിച്ചു. പൂനം ഠാക്കൂറിന്റെ പിതാവ് ലക്ഷ്മി നാരായണ്‍ സിങ് ഠാക്കൂർ പാർട്ടി മന്ദിര്‍ ഹസൗദ് മണ്ഡലം വൈസ് പ്രസിഡന്റാണ്.

മകൻ പൂനം ഠാക്കൂറിന് എതിരെ മന്ദിര്‍ ഹസൗദ്, അരാങ് പോലീസ് സ്‌റ്റേഷനുകളിലായി അഞ്ചുകേസുകള്‍ നിലവിലുണ്ട്. 2019-ലും 2022-ലും ഇയാളെ അറസ്റ്റുചെയ്തിരുന്നു. കൊലപാതക, ബലാത്സംഗം അടക്കം കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്. ജാമ്യത്തിൽ ഇറങ്ങി കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതായിരുന്നു പതിവ്.

കുടിശ്ശിക കിട്ടാനുണ്ട് എങ്കിൽ തെളിവ് തരൂ, കൃഷി മന്ത്രി പ്രസാദിനോട് കേന്ദ്ര മന്ത്രി മുരളീധരൻ

0

സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ക്ക് സംഭരണത്തുക നല്‍കാത്തനിന് കാരണം കേന്ദ്രസഹായം ലഭിക്കാത്തതു കൊണ്ടാണെന്ന കൃഷിമന്ത്രി പി.പ്രസാദിന്‍റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. നെല്ലിന്റെ കണക്ക് കൊടുത്തിട്ടും കുടിശ്ശിക കിട്ടാനുണ്ട് എന്ന വാദത്തിന് നിരക്കുന്ന തെളിവുകള്‍ മന്ത്രി പി. പ്രസാദ് പുറത്തുവിടണമെന്ന്  വി.മുരളീധരന്‍ ആവശ്യപ്പെട്ടു.

ഓണക്കിറ്റ് മുതല്‍ നെല്ലുവില വരെ എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാന്‍ നോക്കരുത്. കേരളത്തിന് അര്‍ഹതപ്പെട്ട അണാപ്പൈസ പോലും കേന്ദ്രം പിടിച്ചുവെക്കാറില്ല. ചട്ടങ്ങള്‍ പാലിച്ച് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട തുക പൂര്‍ണമായും നല്‍കിയിട്ടുണ്ടെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം അവകാശപ്പെട്ടു.

ഏത് മേഖലയിൽ പ്രതിസന്ധി വന്നാലും കേന്ദ്രത്തെ പഴിക്കാം എന്ന മുഖ്യമന്ത്രിയുടെ ക്യാപ്സൂൾ കയ്യിലിരിക്കട്ടെ. ഒരുവശത്ത് പ്രതിസന്ധി പറയുന്നവരാണ് മറുവശത്ത് ഹെലികോപ്റ്ററിന് ലക്ഷങ്ങൾ പൊടിക്കുന്നത്. ഡൽഹിയിൽ കേരളത്തിന് വേണ്ടി സംസാരിക്കാൻ ഒരു ക്യാബിനറ്റ് പ്രതിനിധിക്ക് വേണ്ടി ലക്ഷങ്ങൾ ചെലവാക്കുന്നു. ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ട്. അവർ ഇതിന് മറുപടി പറയും. ഇതില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും പിടിപ്പുകേടിനും ജനദ്രോഹനടപടികള്‍ക്കും കേന്ദ്രസര്‍ക്കാരിനെ പഴിചാരി രക്ഷപെടുന്ന പതിവ് അവസാനിപ്പിക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.

ആരോഗ്യമേഖലയ്ക്കുള്ള ഗ്രാന്റ് ഇനത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 521.43 കോടി നല്‍കി. 2022-23 ല്‍ 421.81 കോടി നല്‍കി. അനുവദിച്ച തുക 50 ശതമാനത്തിന് മേല്‍ ചെലവഴിക്കണമെന്ന മാനദണ്ഡം പാലിക്കാത്തതുകൊണ്ടാണ് ഇനിയുള്ളത് നല്‍കാത്തത്. മില്യണ്‍ പ്ലസ് സിറ്റീസ് ഗ്രാന്റ് ഇനത്തില്‍ 2021-22-ല്‍ 256 കോടി നല്‍കി. 2022-23ല്‍ അനുവദിക്കപ്പെട്ട 265 കോടിയില്‍ 213.4 കോടി നല്‍കി. ധനകാര്യ കമ്മിഷന്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ കടമെടുപ്പ് ഈ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും അനുവദിച്ചു.

വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മൂലധനനിക്ഷേപം 2023-24-ല്‍ 1,925 കോടി അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ലഭിച്ച തുക പൂര്‍ണമായി പ്രയോജനപ്പെടുത്താത്തതിനാല്‍ ഇത് നല്‍കിയിട്ടില്ല. 2021-22, 2022-23 വര്‍ഷത്തെ ധനക്കമ്മി ഗ്രാന്റുകള്‍ പൂര്‍ണമായി നല്‍കി. 2023-24 ന്റെത് പ്രതിമാസ ഇന്‍സ്റ്റാള്‍മെന്റുകളായി നല്‍കിവരുന്നെന്നും കേന്ദ്രമന്ത്രി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ- മോഹൻ ഭാഗവത്

0

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും മുഴുവന്‍ ഇന്ത്യക്കാരെയും ഹിന്ദു പ്രതിനിധാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈനിക് തരുണ്‍ ഭാരത് എന്ന പത്രത്തിന്റെ പ്രസാധകരായ ശ്രീ നര്‍കേസരി പ്രകാശന്‍ ലിമിറ്റഡിന്റെ പുതിയ കെട്ടിടമായ മധുകര്‍ ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

”ഹിന്ദുസ്ഥാൻ (ഇന്ത്യ) ഒരു ഹിന്ദു രാഷ്ട്രമാണെന്നത് വസ്തുതയാണ്. ആശയപരമായി എല്ലാ ഭാരതീയനും (ഇന്ത്യക്കാര്‍) ഹിന്ദുക്കളാണ്. ഹിന്ദുക്കൾ എന്നു പറ‍ഞ്ഞാൽ എല്ലാ ഭാരതീയരും അതില്‍ ഉള്‍പ്പെടും. ഇന്ന് ഭാരതത്തിലുള്ള എല്ലാവരും ഹിന്ദു സംസ്‌കാരം, ഹിന്ദുക്കളായ പൂര്‍വികര്‍, ഹിന്ദു ഭൂമി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു”, മോഹന്‍ ഭാഗവത് പറഞ്ഞു.

”ചിലയാളുകള്‍ക്ക് ഇത് മനസിലാകും. ചിലരാകട്ടെ അവരുടെ ശീലങ്ങളും സ്വാര്‍ത്ഥതയും കാരണം ഇക്കാര്യം മനസിലാക്കിയിട്ടും ഈ ആശയങ്ങൾ പ്രാവർത്തികമാക്കുന്നില്ല. എന്നാല്‍ മറ്റു ചിലയാളുകള്‍ക്ക് ഇക്കാര്യം ഇതുവരെ മനസിലായിട്ടില്ല, ചിലർ മനസിലാക്കിയിട്ടും അത് മറന്ന് പെരുമാറുന്നു”, അദ്ദേഹം പറഞ്ഞു.

”വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാവരെയും ഉള്‍പ്പെടുത്തണം. നമ്മുടെ സ്വന്തം പ്രത്യയശാസ്ത്രം അതേപടി നിലനിർത്തിക്കൊണ്ട് ന്യായമായും ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലുമായിരിക്കണം റിപ്പോര്‍ട്ടിങ് നടത്തേണ്ടത്. നമ്മുടെ പ്രത്യയശാസ്ത്രം ലോകമെമ്പാടും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. ഇതിന് പകരം വെയ്ക്കാവുന്ന മറ്റൊന്നില്ല”, അദ്ദേഹം പറഞ്ഞു.

”എല്ലാവരും ഇക്കാര്യം മനസിലാക്കണം. ചിലര്‍ ഇത് അംഗീകരിക്കും. ചിലരാകട്ടെ അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ രാജ്യത്തിനും സമൂഹത്തിനും ഈ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കുമെല്ലാം ഒരുപോലെ ഉത്തരവാദിത്തമുണ്ട്”, മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, രാജ്യത്തെ കുടുംബമൂല്യങ്ങള്‍, അച്ചടക്കം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനെക്കുറിച്ചും മോഹന്‍ ഭാഗവത് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

സൂര്യനെ അടുത്തറിയാനുള്ള പേടകം വിജയകരമായി ഭ്രമണപഥത്തിൽ, ഇനി യാത്ര അനന്തമായ ദൂരത്തേക്ക്

0

ഇന്ത്യയുടെ ആദ്യ സോളാര്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യ വാഹനം- ആദിത്യ എല്‍1 വിജയകരമായി തൊടുത്തു. ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച റോക്കറ്റ് വഹിച്ച ഉപഗ്രഹത്തെ മുന്‍കൂര്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ കൃത്യമായി എത്തിച്ചു.

ഇതോടെ ഉപഗ്രഹം അടുത്ത ഘട്ടമായി ഇനി സൂര്യനെ നിരീക്ഷിക്കാനുള്ള ലാഗ്രാഞ്ച് പോയന്റ് ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ മേധവി എസ്. സോമനാഥ് അറിയിച്ചു. 125 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന യാത്രയായിരിക്കും ഇത്.

ഇനി ഭൂമിയുടെ ആകർഷണ മേഖലയിൽ നിന്നും മാറ്റി സ്ഥാപിക്കൽ

ശനിയാഴ്ച രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഭൂമിയോടടുത്ത ഭ്രമണ പഥത്തില്‍ 16 ദിവസം തുടരും. തുടർന്ന് ഉപഗ്രഹത്തിന്റെ ഭ്രമണ പഥം അഞ്ച് തവണയായി ഉയര്‍ത്തി ഭൂമിയുടെ ആകർഷണ പരിധിക്ക് പുറത്ത് എത്തിച്ച് ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കും.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ലഗ്രാഞ്ച് പോയന്റ് 1 (എല്‍ 1) ലാണ് ഉപഗ്രഹത്തെ എത്തിക്കേണ്ടത്. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലുൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് നാസ ലിങ്ക്- https://solarsystem.nasa.gov/resources/754/what-is-a-lagrange-point/

അഞ്ച് വര്‍ഷവും എട്ട് മാസവുമാണ് ദൗത്യത്തിന്റെ കാലാവധി.

സങ്കല്പത്തിനും അപ്പുറത്തെ ദൂരം

ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ലഗ്രാഞ്ച് പോയൻ്റ്. ഇതിൻ്റെ ചുരുക്കമാണ് എൽ വൺ എന്ന് ചേർത്തിരിക്കുന്നത്. ഗണിത ശാത്രകാരൻ Joseph Louis Lagrange ആണ് എൽ വൺ പോയിൻ്റ് കണ്ടെത്തിയത്. എൽ വൺ പോയിൻ്റിൽ നിന്നും 148.5 മില്യൺ കിലോമീറ്റർ അകലത്തിലാണ് സൂര്യൻ്റെ സ്ഥാനം എന്നു കൂടി ഒർക്കണം.

എൽ-1 മുതൽ എൽ 5 വരെ അഞ്ച് പോയിന്റുകളാണ് ഉള്ളത്. ഇവയിൽ, ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതാണ് എൽ-1,എൽ-2 പോയിന്റുകൾ. ഈ സ്ഥാനങ്ങൾ ഗവേഷണങ്ങൾ നടത്താൻ അനുകൂലമാണ് . ”എല്‍ 1 പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റിലുള്ള ഒരു ഉപഗ്രഹത്തിന് മറ്റ് തടസങ്ങളൊന്നുമില്ലാതെ സദാസമയവും സൂര്യനെ നിരീക്ഷിക്കാം. ഇത് സൂര്യന്റെ പ്രവര്‍ത്തനങ്ങളും കാലാവസ്ഥയും സംബന്ധിച്ച വ്യക്തമായ വിവരങ്ങളും ശേഖരിക്കാന്‍ സഹായകരമാവും”, ഐഎസ്ആര്‍ഒ പറഞ്ഞു. ഭൂമിയുടെ ഭ്രമണപഥത്തിൽ സൂര്യനും ഭൂമിക്കും ഇടയിലാണ് ഈ പോയിന്റ്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ (ഏകദേശം 930,000 മൈൽ) അകലെ സൂര്യന്റെ ദിശയിലാണ് ഈ പോയിവ്റ് സ്ഥിതി ചെയ്യുന്നത്. വിക്ഷേപണത്തിന് ശേഷം, ആദിത്യ എല്‍ 1 ന് ലഗ്രാഞ്ച് പോയിന്റ് 1 (എൽ1)ലെത്താൻ 125 ദിവസമെടുക്കും.

ഏഴ് പേലോഡുകൾ

1500 കിഗ്രാം ഭാരമുണ്ട് ഇതിന്. വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണ ഗ്രാഫ് (വി.ഇ.എല്‍.സി), സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ്പ് (എസ്.യു.ഐ.ടി), ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എച്ച്യഇ.എല്‍.1.ഒ.എസ്), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പിരിമെന്റ് (എ.എസ്.പി.ഇ.എക്‌സ്), പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (പി.എ.പി.എ.), മാഗ്നറ്റോ മീറ്റര്‍, സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എസ്.ഒ.എല്‍.ഇ.എക്‌സ്.എസ്) എന്നിങ്ങനെ ഏഴ് പരീക്ഷണോപകരണങ്ങള്‍ (പേലോഡുകള്‍) ആണ് ആദിത്യ എല്‍ 1 ല്‍ ഉള്ളത്.

സൂര്യനെ കുറിച്ചുള്ള പഠനത്തിനായി ആദിത്യ എൽ വൺ ശനിയാഴ്ച രാവിലെ തൊടുക്കും

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ദൗത്യം, ആദിത്യ എല്‍1 ശനിയാഴ്ച വിക്ഷേപിക്കും. രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റിലാണ് വിക്ഷേപണം.

സൂര്യനെ കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍1 പേടകം ലക്ഷ്യമിടുന്നതെന്നും എല്‍1 പോയിന്റില്‍ എത്തിച്ചേരാന്‍ 125 ദിവസങ്ങളെടുക്കുമെന്നും ഐഎസ്ആര്‍ഓ ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു.

സുര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യം. സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തെ കുറിച്ച് സുപ്രധാനവിവരങ്ങള്‍ ലഭ്യമാക്കാനും കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് പ്രതീക്ഷ. ഇപ്പോൾ സാധ്യമാവുന്ന പരമാവധി അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ചെയ്യുക.

ഇന്ത്യ സഖ്യത്തിൽ സി പി എം നിലപാട് മാറുന്നു, എല്ലായിടത്തും സഹകരണത്തിന് ഇല്ലെന്ന് യെച്ചൂരി

0

ഇന്ത്യ സഖ്യത്തിൽ അനിശ്ചിതത്വ സൂചനയുമായി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സഹകരണം സാധ്യമല്ലാത്ത സംസ്ഥാനങ്ങളില്‍ ഒന്നിച്ചുള്ള പ്രചാരണവുമുണ്ടാവില്ലെന്ന് യെച്ചൂരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഭൂരിപക്ഷം സീറ്റുകളിലും സമവായം ഉണ്ടാവുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞു കൊണ്ടാണ് സമ്പൂർണ്ണ സഹകരണ സാധ്യത നിഷേധിച്ചത്.

ഇന്ന് മുംബൈയിൽ ചേർന്ന ഇന്ത്യ സഖ്യത്തിൻ്റെ യോഗത്തിൽ 14 അംഗ ഏകോപന സമിതിയെ തിരഞ്ഞെടുത്തിരുന്നു. ഇതിൽ സി പി എം പ്രതിനിധി മാത്രമാണ് ഇല്ലാത്തത്.

ഒരുമിച്ചുള്ള പ്രചാരണത്തിനും ഇല്ല

‘സഹകരണം സാധ്യമല്ലാത്ത ഇടങ്ങളില്‍ ഒരുമിച്ചുള്ള പ്രചാരണവുമുണ്ടാവില്ല. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരമുപേക്ഷിച്ച് എല്ലാം സി.പി.എമ്മിന് കൈമാറുമോ എന്ന് അദ്ദേഹം ചോദിച്ചു. ഇത് സാധ്യമല്ല എന്നതു പോലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മുന്നോട്ടുപോവുകയാണ് ചെയ്യുക. ഭൂരിപക്ഷം സീറ്റുകളിലും സമവായം ഉണ്ടാവുമെന്നാണ് കരുതുന്നത്’, എന്നായിരുന്നു സീതാറാം യെച്ചൂരിയുടെ വാക്കുകൾ.

സീറ്റ് വിഭജനം സംസ്ഥാന തലത്തിൽ എന്നും നിലപാട്

കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ മത്സരമായതിനാല്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഒരു എം.എല്‍.എയേയോ എം.പിയേയോ ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പെന്നാല്‍ കണക്കുകളല്ല, ജനങ്ങളുടെ പിന്തുണനേടലും വോട്ടിന്റെ വിഭജനം കുറയ്ക്കലുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സീറ്റ് വിഭജനം സംസ്ഥാന തലങ്ങളിലാവും ഉണ്ടാവുകയെന്ന് നേരത്തെ ഇന്ത്യ സഖ്യത്തിന്റെ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഭിന്നതയില്ലെന്ന് കെജ്രിവാൾ

സഖ്യത്തില്‍ ഭിന്നതകളുണ്ടെന്നല്ല ഇതിന് അർത്ഥം എന്ന് ബി.ജെ.പി. ആരോപണത്തെ തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. സഖ്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളില്ല. ആരും ഇവിടെ വന്നിരിക്കുന്നത് ഏതെങ്കിലും സ്ഥാനങ്ങള്‍ക്കായല്ല. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ് തങ്ങള്‍ ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അൽ നെയാദി സംഘത്തിൻ്റെ ഭൂമിയിലേക്കുള്ള മടക്ക യാത്ര മുടങ്ങി

0

സുൽത്താൻ അൽ നെയാദി ഉൾപ്പെടെ യുഎഇ ശാസ്ത്രജ്ഞരുടെ ഭൂമിയിലേക്കുള്ള മടക്ക യാത്ര മാറ്റി വച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് മടക്കയാത്ര മാറ്റി വച്ചതെന്നാണ് നാസ അറിയിച്ചത്. കാലാവസ്ഥ അനുകൂലമായാൽ സംഘം ഞായറാഴ്ച ഭൂമിയിലേക്ക് പുറപ്പെട്ട്. തിങ്കളാഴ്ച ഭൂമിയിലെത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ശനിയാഴ്ച യാത്ര തിരിച്ച് ഞായറാഴ്ച ഭൂമിയിലെത്തുന്ന വിധത്തിലാണ് നേരത്തെ യാത്ര ക്രമീകരിച്ചിരുന്നത്. തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിരുന്നു. അൽ നെയാദിയും സംഘവും സഹപ്രവർത്തകരോട് യാത്ര പറയുന്നതിന്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമാണ് അപ്രതീക്ഷിതമായി മടക്കയാത്ര മാറ്റി വയ്ക്കേണ്ടി വന്നത്. കാലാവസ്ഥാ പ്രശ്നം എന്നാണ് വിശദീകരണം.