യക്ഷി

ചൊവ്വാ ദോഷമില്ല
പുരനിറഞ്ഞ് നിൽക്കില്ല
ആസിഡ് ഒഴിക്കില്ല
മൊഴി ചൊല്ലില്ല
നഗ്നയാക്കി നടത്തില്ല
കൊന്ന് കെട്ടിതൂക്കില്ല
നനുത്ത നിലാവുള്ള രാത്രികളിൽ
ഇഷ്ടം പോലെ
ഇറങ്ങി നടക്കാം
പാല പോലെ സുഗന്ധമാകാം
വീണ് പോയ പെണ്ണിന്റെ
സ്വപ്നമാണ് യക്ഷി…

സോണിയയും രാഹുലും സിപിഎം പ്രതിനിധിയും ഇല്ല, ‘ഇന്ത്യ’ യെ നയിക്കാൻ 14 അംഗ ഏകോപനസമിതി

0

രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മ ‘ഇന്ത്യ’ 14 അംഗ ഏകോപനസമിതിക്ക് രൂപം നൽകി. വിവിധ പാര്‍ട്ടികളിലെ 13 അംഗങ്ങളെ പ്രഖ്യാപിച്ചു. സി.പി.എം. പ്രതിനിധിയാണ് ഇനി വരാനുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനുള്ള തീരുമാനവും വ്യാഴാഴ്ച മുംബൈയില്‍ ചേർന്ന മുന്നണിയുടെ മൂന്നാമത് യോഗം കൈക്കൊണ്ടു.

രാഹുലും സോണിയയും ഇല്ല

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, ഡി.എം.കെ. എം.പി. ടി.ആര്‍. ബാലു, ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ജെ.എം.എം. നേതാവ് ഹേമന്ത് സോറന്‍, തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി, എ.എ.പി. നേതാവ് രാഘവ് ഛദ്ദ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ, ജെ.ഡി.യു. നേതാവ് ലല്ലന്‍ സിങ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്‍ എന്നിവരാണ് ഏകോപനസമിതി അംഗങ്ങള്‍. ഗാന്ധി കുടുംബത്തില്‍നിന്ന് ആരും ഇല്ല.

സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. നീക്കുപോകുക്കളുടെ അടിസ്ഥാനത്തില്‍ പരമാവധി വേഗത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രമേയത്തില്‍ അവകാശപ്പെടുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും ലക്ഷ്യം വെക്കുന്നു.

ജുഡേഗാ ഭാരത്, ജീത്തേഗാ ഇന്ത്യ

പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ നടത്താനും തീരുമാനമായി. ജുഡേഗാ ഭാരത്, ജീത്തേഗാ ഇന്ത്യ (ഒരുമിക്കുന്ന ഭാരതം, വിജയിക്കുന്ന ഇന്ത്യ) എന്നതായിരിക്കും മുന്നണിയുടെ മുദ്രാവാക്യം. യോഗത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയെ മമത ബാനര്‍ജി പൊന്നാടയണിച്ചു.

വരും മാസങ്ങളില്‍ കൂടുതല്‍ റെയ്ഡുകളും അറസ്റ്റുകളും ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ബംഗാളിലും ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും അതുണ്ടായെന്നത് ചൂണ്ടികാട്ടി. സഖ്യത്തിലെ ഐക്യം വര്‍ധിക്കുന്തോറും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം വര്‍ധിക്കാനുള്ള സാധ്യത കാണണമെന്നും അഭിപ്രായപ്പെട്ടു.

കപിൽ സിബലും എത്തി

മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ യോഗസ്ഥലത്ത് എത്തിയത് ചർച്ചകൾക്ക് ഇടയാക്കി. സഖ്യത്തിലെ നേതാക്കള്‍ ഒരുമിച്ചുള്ള ഫോട്ടോ എടുക്കുന്നതിന് മുന്നോടിയായി യോഗം നടക്കുന്ന ഹോട്ടലിലേക്ക് കപില്‍ സിബൽ വന്ന് കയറുകയായിരുന്നു. ഗ്രൂപ്പ് ഫോട്ടോയിൽ മുഖം കാണിക്കയും ചെയ്തു. ഇതേ കുറിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ദവ് താക്കറെയോട് പരാതി പറഞ്ഞതോടെ ഫറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ് എന്നിവര്‍ ചേര്‍ന്ന് കെ.സി. വേണുഗോപാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. രാഹുല്‍ഗാന്ധി ഇതിൽ മൌനം പാലിക്കയും ചെയ്തു.

ചക്രവാത ചുഴി; കേരളത്തിൽ അഞ്ച് ദിവസം മഴ

0

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിൽ നിലനിൽക്കുന്ന ചക്രവാതചുഴി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് കാരണമാവുമെന്ന് മുന്നറിയിപ്പ്.

സെപ്റ്റംബര്‍ മൂന്നോടെ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്നത്. പുതുതായി രൂപപ്പെടുന്ന ചക്രവാതചുഴി തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കും.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ രീതിയിലുള്ള മഴ തുടരാനാണ് സാധ്യത. സെപ്റ്റംബര്‍ ഒന്നുമുതല്‍ അഞ്ച് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും കേരള ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

നടി അപർണ നായർ തൂങ്ങി മരിച്ചു

സിനിമ – സീരിയൽ താരം അപർണ നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നു എന്നാണ് വിവരം. മരണത്തിൽ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു.

മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഭർത്താവ്: സഞ്ജിത്, മക്കൾ: ത്രയ, കൃതിക.

വനിതാ ഡോക്ടറെ ചുംബിച്ചു, സീനീയർ ഡോക്ടർക്ക് എതിരെ കേസ്, അന്വേഷണം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരേ വനിതാ ഡോക്ടർ നടത്തിയ വെളിപ്പെടുത്തലിൽ കേസ്. സംഭവത്തിൽ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെ സീനിയര്‍ ഡോക്ടര്‍ ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് വനിതാ ഡോക്ടറുടെ പരാതി. 2019-ലെ സംഭവത്തിൽ സാമൂഹികമാധ്യമത്തില്‍ വനിതാ ഡോക്ടര്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുര്‍ന്നാണ് മന്ത്രി ഇടപെട്ടത്.

ഇതുസംബന്ധിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും.

നിലവില്‍ വിദേശത്തുള്ള ഡോക്ടര്‍ ഹെല്‍ത്ത് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ഇ മെയില്‍ മുഖേന ഇതുസംബന്ധിച്ച പരാതി നല്‍കുകയായിരുന്നു. ആരോപണവിധേയനായ ഡോക്ടര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നുണ്ട്.

കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ചു

0

 ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. മന്ത്രി കൗശൽ കിശോറിന്റെ ലഖ്നൗവിലെ വീട്ടിലാണ് സംഭവം. വിനയ് ശ്രീവാസ്തവ എന്ന യുവാവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മന്ത്രിയുടെ മകൻ വികാസ് കിഷോറിന്റെ റിവോൾവറും തൊട്ടടുത്ത് കണ്ടെടുത്തു. വെള്ളിയാഴ്ച പുലർച്ചെ 4.15-ഓടെയായിരുന്നു സംഭവം.

കേന്ദ്രമന്ത്രിയുടെ മകൻ വികാസ് കിഷോറിന്റെ സുഹൃത്താണ് കൊല്ലപ്പെട്ട വിനയ് ശ്രീവാസ്തവ.

കൊല്ലപ്പെട്ട യുവാവ്

ആ സമയം മകൻ വീട്ടിൽ ഉണ്ടായിരുന്നില്ല’ എന്ന് മന്ത്രി പറഞ്ഞു. എന്നാൽ മന്ത്രിയുടെ മകൻ അറിഞ്ഞു കൊണ്ടുള്ള കൊലപാതകമാണെന്ന് വിനയ് ശ്രീവാസ്തവയുടെ സഹോദരൻ പ്രതികരിച്ചു.

പോലീസ് കണ്ടെടുത്ത റിവോൾവർ മകന്റേതാണെന്ന് മന്ത്രി സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മന്ത്രിയുടെ വീട്ടിൽ രാത്രി ആറു പേർ ചേർന്ന് പാർട്ടി നടത്തിയിരുന്നു. ഇതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

മന്ത്രി കൌശൽ കിഷോർ

കറണ്ട് തീരുമോ, ഇടുക്കിയിൽ വെള്ളം വറ്റുന്നു

0

ഇടുക്കി അണക്കെട്ടിൽ വൃഷ്ടിപ്രദേശത്ത് രണ്ടാഴ്ചയായി മഴയില്ല. അണക്കെട്ടിലേക്ക് നീരൊഴുക്കും കുറഞ്ഞു. അണക്കെട്ടിൽ ഇനി 29.32 ശതമാനം വെള്ളമേയുള്ളൂ. കഴിഞ്ഞവർഷത്തേക്കാൾ 57.69 അടി വെള്ളം കുറവ്.

ജലനിരപ്പ് 2280 അടിയിലും താഴെയെത്തിയാൽ വൈദ്യുതോത്‌പാദനം നിലയ്ക്കും. 2328. 19 അടിയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേദിവസം 2385.94 അടി ഉണ്ടായിരുന്നു.

24 മണിക്കൂറിൽ 6.285 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കി ഡാമിലെ ജലമുപയോഗിച്ച് പ്രതിദിനം മൂലമറ്റം വൈദ്യുതനിലയത്തിൽ ഉത്‌പാദിപ്പിക്കുന്നത്. ചൂട് വർധിച്ചതോടെ വൈദ്യുതി ഉപഭോഗവും കൂടിയിട്ടുണ്ട്.

കേന്ദ്രം തരുന്നതും കുറവ്

കേന്ദ്രപൂളിൽനിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചാൽ, സംസ്ഥാനത്തെ ആഭ്യന്തര ഉത്‌പാദനം കുറച്ച് അണക്കെട്ടുകളിലെ ജലം നിലനിർത്താൻ കഴിയും. വൈദ്യുതിവില ഉയരുമ്പോൾ, ഇങ്ങനെ സൂക്ഷിക്കുന്ന ജലമുപയോഗിച്ച് വൈദ്യുതി ഉത്‌പാദിപ്പിച്ച് വിലക്കയറ്റം നേരിടാൻ സാധിക്കും. എന്നാൽ, കേന്ദ്രപൂളിൽനിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കാറില്ല.

ഭയക്കുന്നത് എന്തിന്, പ്രധാനമന്ത്രി പദത്തിന് പോലും കളങ്കം ഉണ്ടാക്കിയ വ്യക്തിക്ക് എന്തിനാണ് ഇത്രയും സംരക്ഷണം – രാഹുൽ ഗാന്ധി

ഗൗതം അദാനിക്കെതിരെയുള്ള ഒസിസിആർപി(ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് ) റിപ്പോർട്ടിൽ ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. അദാനിയുടെ തട്ടിപ്പ് വാർത്ത അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് തിരിച്ചടിയാണ്. ജി 20 യോഗം നടക്കാനിരിക്കെ ഇന്ത്യയുടെ പ്രതിഛായ മോശമാക്കി. ജെപിസി അന്വേഷണം ഉടൻ പ്രഖ്യാപിക്കാത്തത് എന്താണ്. എന്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അതിന് തയ്യാറാകുന്നില്ലെന്നും രാഹുൽ ​ഗാന്ധി ചോദിച്ചു.

എന്ത് കൊണ്ടാണ് അദാനിക്ക് മാത്രം ഈ സംരക്ഷണം എന്ന ചോദ്യം ഉയരും. വിനോദ് അദാനിയുടെ പങ്കാളി ചൈനീസ് പൗരനാണ്. ഇന്ത്യയുടെ താൽപര്യം ആണ് പ്രധാനമെന്ന് പറയുമ്പോൾ ചൈനക്കാരന്റെ പങ്ക് എന്താണ്?.അദാനിക്ക് ക്ലീൻ ചിറ്റ് നൽകിയ സെബി ചെയർമാനെ എൻഡിടിവിയിൽ നിയമിച്ചു. അദാനിക്കെതിരെ അന്വേഷണം നടത്തിയ ആൾ ഇന്ന് അദാനിയുടെ തൊഴിലാളിയാണ്. ഒരു അന്വേഷണവും നടന്നില്ലെന്ന് വേണം മനസിലാക്കാൻ. പ്രധാനമന്ത്രിയുടെ അദാനി ബന്ധമാണ് അന്താരാഷ്ട്ര തലത്തിലടക്കം ചർച്ചയാവുന്നത്. പ്രധാനമന്ത്രി പദത്തിന് പോലും നാണക്കേടുണ്ടാക്കി ഒരാൾക്ക് മാത്രം എങ്ങനെയാണ് വൻകിട കരാറുകൾ ലഭിക്കുന്നത് ? രാജ്യത്തിന്റെ സ്വത്തുക്കൾ ഒരാളിൽ മാത്രം എങ്ങനെയാണ് സ്വന്തമാവുന്നത്.? ഓഹരിവില കൂട്ടാൻ എങ്ങനെയാണ് ഇത്രയും കോടി പണം അദാനിക്ക് കിട്ടിയത്?’-രാഹുൽ ​ഗാന്ധി ചോദിച്ചു. 

സ്വന്തം കമ്പനികളിൽ രഹസ്യമായി അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആർപി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ഉദ്ധരിച്ച് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹിൻഡൻബർ​ഗ് റിപ്പോർട്ടിന് പിന്നാലെയാണ് അദാനിക്ക് കുരുക്കായി പുതിയ കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ശാഖകളുള്ള ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് എന്ന കൂട്ടായ്മയാണ് പുതിയ തെളിവുകൾ പുറത്തുവിട്ടത്. അദാനിയുടെ കുടുംബവുമായി ബന്ധമുള്ള രണ്ടുപേർ വഴി വിദേശത്തെ നിഴൽ കമ്പനികളിലൂടെ അദാനിയുടെ കമ്പനികളിൽ തന്നെ തിരിച്ച് നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ടിലെ ​പ്രധാന കണ്ടെത്തൽ. ഇത്തരത്തിൽ നിക്ഷേപം നടന്നത് 2013 മുതൽ 2018 വരെയുള്ള കാലയളവിലാണ്. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകൾ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴൽ കമ്പനികൾക്ക് നൽകും. ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരിൽ സ്വന്തം ഓഹരികൾ തന്നെ അദാനി വാങ്ങും. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയർത്തി അദാനി പണം തട്ടിയെന്നും റിപ്പോർട്ട് പറയുന്നു. ഡിആർഐ പോലുള്ള ഏജൻസികൾക്ക് ഇത് അറിയാമായിരുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

വിദേശ മാധ്യമങ്ങളായ ​ഗാർഡിയനും ഫിനാൻഷ്യൽ ടൈംസുമാണ് റിപ്പോർട്ട് ഉദ്ദരിച്ച് വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്.  

പാർലമെൻ്റ് പ്രത്യേക സമ്മേളനം ചേരുന്നു, ദുരൂഹത നീക്കാനാവാതെ പ്രതിപക്ഷ കക്ഷികൾ

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പ്രത്യേക പാര്‍ലമെൻ്റ് സമ്മേളനം വിളിച്ചത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. ഒരു ‘രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംബന്ധിച്ച് നിയമനിര്‍മാണം ഏക സിവില്‍ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകൾ പ്രത്യേക സമ്മേളനത്തില്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് തിടുക്കപ്പെട്ടുള്ള പ്രത്യേക സമ്മേളന ലക്ഷ്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. ഒറ്റ തിരഞ്ഞെടുപ്പിനായി ഭരണഘടന ഭേദഗതി ചെയ്യുമ്പോള്‍ അഞ്ചോളം അനുച്ഛേദങ്ങളില്‍ മാറ്റം വരുത്തേണ്ടിവരും. പാര്‍ലമെന്റിന്റെ കാലാവധി, സംസ്ഥാന സഭകളുടെ കാലാവധി, സംസ്ഥാന സഭകള്‍ പിരിച്ചുവിടല്‍, ലോക്സഭ പിരിച്ചുവിടല്‍, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തേണ്ടിവരിക. ഇതെല്ലാം കേന്ദ്ര ആധിപത്യത്തിലേക്ക് നയിക്കാം.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് അറിയിച്ചത്. അഞ്ചുദിവസവും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികള്‍ എന്തൊക്കെയാണെന്നതില്‍ കേന്ദ്രം വ്യക്തത വരുത്തിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള പ്രത്യേക സമ്മേളനത്തില്‍ എന്തൊക്കെ അജൻഡകളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത് എന്നത് നിർണായകമാണ്. പ്രതിപക്ഷ ബഹളങ്ങൾക്ക് ഇടയിൽ എതിർപ്പും വിരുദ്ധ അഭിപ്രായങ്ങളുമുള്ള വിഷയങ്ങളിൽ ബില്ലുകൾ യഥേഷ്ടം അവതരിപ്പിച്ചാണ് കേന്ദ്ര സർക്കാർ തന്ത്രം പ്രയോഗിച്ചിരുന്നത്.

രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്. എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കിയില്ല. 

പലതരം അഭ്യൂഹങ്ങൾക്കാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യത്തെ അഭ്യൂഹം തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന സൂചനയാണ്. നേരത്തെ മമത ബാനർജി ഉൾപ്പടെയുള്ള നേതാക്കളും ഈ കാര്യം പറഞ്ഞിരുന്നു. രണ്ടാമതായി ഉയരുന്ന അഭ്യൂഹം ഒരു പ്രധാനപ്പെട്ട ബില്ല് സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു എന്നുള്ളതാണ്. ഒരു പ്രധാനപ്പെട്ട ബില്ല് കൊണ്ടുവരുകയും അതിൻമേൽ രാജ്യസഭയിലും ലോക്സഭയിലും ചർച്ച നടത്തുകയും ചെയ്യുകയെന്നതും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന കാര്യമാണ്. ഇനി വരാനിരിക്കുന്ന നിയമസഭകളിലേക്കുള്ള തെരഞ്ഞടുപ്പുകൾ നടന്ന ശേഷമെ പാർലമെന്റ് സമ്മേള്ളനം വിളിക്കാൻ കഴിയു എന്നുള്ളതാണ് കാരണം.

ഹിൻഡൻബർഗ് റിപ്പോർട്ടുകൾക്ക് പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്, ഇന്ത്യയിൽ രാഷ്ട്രീയ വിവാദവും

0

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന് എതിരെ വീണ്ടും ഗുരുതരമായ കണ്ടെത്തലുകൾ. അന്വേഷണാത്മക പത്രപ്രവർത്തകരുടെ ഗ്രൂപ്പാണ് വിവരങ്ങൾ പുറത്ത് വിട്ടത്. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ തന്നെ മൗറീഷ്യസിലെ വ്യാജ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിൻ്റെ വിവിധ കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് കണ്ടെത്തൽ. ഓഹരി വിപണിയിലെ പെരുപ്പിക്കലും തട്ടിപ്പുമാണ് ഇതിന് പിന്നിൽ.

 അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് https://www.occrp.org/en ( OCCRP)ആണ് കണ്ടെത്തൽ പുറത്ത് വിട്ടത്. ഇതോടെ ഓഹരി വിപണിയിൽ വൻ തിരിച്ചടിയാണ് കമ്പനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ഗ്രൂപ്പ് ഓഹരികളുടെ മൊത്തം വിപണിമൂല്യത്തില്‍ 35,600 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. വിപണിയില്‍ ലിസ്റ്റ് ചെയ്ത ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 10,84,668.73 കോടി രൂപയില്‍നിന്ന് 10,49,044.72 കോടിയിലെത്തി.

കടലാസു കമ്പനികളും ചങ്ങാത്ത കച്ചവടവും

നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണം കടത്തിയെന്നും ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഹരി വിപണിയിൽ ഷെയറുകളുടെ മൂല്യം വർധിപ്പിക്കാൻ അദാനി ഗ്രൂപ്പ് നിഴൽ കമ്പനികളെ ഉപയോഗിച്ചതായാണ് ആരോപണം. ഗൗതം അദാനിയുടെ കൂട്ടാളികള്‍ തന്നെ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയെന്നും വിദേശത്ത് നിന്നുള്ള കടലാസ് കമ്പനികൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നതായി ഗാർഡിയൻ അടക്കമുള്ള അന്താരാഷ്‌ട്ര‌ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

2013 മുതൽ 2018 വരെയുള്ള കാലയളവിലാണ് ഈ നിക്ഷേപത്തട്ടിപ്പ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകൾ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴൽ കമ്പനികൾക്ക് നൽകും. തുടർന്ന് ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരിൽ സ്വന്തം ഓഹരികൾ അദാനി തന്നെ വാങ്ങുകയും ഇതു വഴി ഓഹരി വില കൃത്രിമമായി ഉയർത്തി പണം തട്ടുകയും ചെയ്തെന്നും റിപ്പോർട്ട് പറയുന്നു. ഡിആർഐ പോലുള്ള ഏജൻസികൾക്ക് ഇത് അറിയാമായിരുന്നെന്നും ആരോപണം ഉയർന്നു.

കൂടുതൽ തെളിവുകൾ വ്യക്തികളുടെ വിവരങ്ങൾ

അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ള ബിസിനസ് ഇടനില ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. നാസെര്‍ അലി ഷെഹ്ബാന്‍ ആഹ്‌ലി, ചാങ് ചുങ്-ലിങ് എന്നിവരുടെ കമ്പനികള്‍ വഴി 2013-2018 കാലയളവില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ രഹസ്യ നിക്ഷേപം നടത്തി. കൃത്രിമം കാണിച്ച് ഓഹരി വില ഉയര്‍ത്താന്‍ ഈ നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് ആസൂത്രണം ചെയ്ത രേഖകളാണ് പുറത്ത് എത്തിച്ചത്.

നേരത്തെ ഇതു സംബന്ധിച്ച് ഹിന്‍ഡന്‍ബെര്‍ഗ് ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ഇന്ത്യയിലെ ഇവരുടെ രാഷ്ട്രീയ ബന്ധങ്ങളും ഇതോടെ ചർച്ചയിൽ എത്തിയിരുന്നു.

ഹിഡൻബർഗ് പറഞ്ഞത് ശരിവെക്കുന്ന രേഖകൾ

സാഹചര്യ തെളിവുകളെ ബന്ധപ്പെടുത്തി കൊണ്ടുള്ള അനുമാനങ്ങളാണ് ഹിൻഡൻബെർഗ് റിപ്പോർട്ടിലുള്ളത്. എന്നാൽ, ഹിൻഡൻബെർഗ് റിപ്പോർട്ടിലെ അനുമാനങ്ങൾ ശരിവെക്കുന്ന രേഖകളാണ് ഒ.സി.സി.ആർ.പിക്ക് ലഭിച്ചത്.

2010നും 2013നും ഇടക്ക് അദാനി പവർ മഹാരാഷ്ട്രക്കും അദാനി പവർ രാജസ്ഥാനും വേണ്ടി പവർ എക്യുപ്മെന്‍റുകൾ ചൈന, കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ, എക്യുപ്മെന്‍റുകൾ മാത്രം ഇന്ത്യയിലേക്ക് വരുകയും ഇൻവോയ്സുകൾ ദുബൈയിലെ വിനോദ് അദാനിയുടെ കമ്പനിയിലേക്കാണ് അയച്ചത്. ഈ കമ്പനി പണം കൂടുതൽ കാണിച്ച് ഇന്ത്യയിലേക്ക് അയച്ചു. ഏകദേശം നാലായിരം കോടി രൂപയോളം ഇന്ത്യയിൽ നിന്ന് പുറത്തേക്ക് കടത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസിന്‍റെ (ഡി.ആർ.ഐ) കേസായിരുന്നു ഇത്.

2014 മെയ് 14ന് മോദി സർക്കാർ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഒരു ദിവസം മുമ്പ് ഈ കേസിൽ ഡി.ആർ.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ പിന്നീട് കേസിൽ അന്വേഷണം നടന്നില്ല. തുടർന്ന് ഡി.ആർ.ഐയുടെ ബന്ധപ്പെട്ട അതോറിറ്റി കേസിൽ ക്ലീൻ ചിറ്റ് നൽകി.

നാലായിരം കോടി രൂപ ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കും തുടർന്ന് മൗറീഷ്യസിലേക്കും പോയെന്നും അവിടെ നിന്ന് എവിടേക്കാണ് പണം പോയതെന്ന് അറിയില്ലെന്നുമാണ് ഡി.ആർ.ഐ അന്വേഷണത്തിൽ കണ്ടെത്തിയത്. മൗറീഷ്യസിൽ നിന്ന് പണം ആരുടെ പക്കൽ പോയെന്നാണ് ഒ.സി.സി.ആർ.പി കണ്ടെത്തിയിട്ടുള്ളത്.

മൗറീഷ്യസിൽ എത്തിയ പണത്തിൽ 100 മില്യൻ വിനോദ് അദാനി രൂപകരിച്ച രണ്ട് കമ്പനികളിൽ ഒരെണ്ണം മറ്റേ കമ്പനിക്ക് വായ്പ കൊടുത്തെന്ന് ഒ.സി.സി.ആർ.പിക്ക് ലഭിച്ച രേഖകൾ പ്രകാരം കണ്ടെത്തി. കടം കൊടുത്തതും വാങ്ങിയതുമായ രേഖകളിൽ ഒപ്പ് വെച്ചിട്ടുള്ളത് വിനോദ് അദാനി തന്നെയാണ്. ഈ 100 മില്യൻ ബർമൂഡയിലുള്ള ഗ്ലോബൽ ഓപ്പർച്യുനിറ്റി ഫണ്ടിൽ നിക്ഷേപിച്ചു. ആ ഫണ്ട് പിന്നീട് മൗറീഷ്യസിലേക്ക് തിരികെ കൊണ്ട് വന്ന് മറ്റൊരു ഫണ്ടിൽ നിക്ഷേപിച്ചു. ഈ ഫണ്ട് അദാനി കമ്പനിയുടെ ഓഹരി വാങ്ങിക്കാൻ ഉപയോഗിച്ചെന്നും മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.

അദാനിയുടെ സ്ബസിഡീയറി കമ്പനികളിൽ ഡയറക്ടറായിരുന്ന ചാങ് ചുങ് ലിങ് ആണ് ചൈനയിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്. നാസർ അലി ഷഹബാൻ അലിയും അദാനിയുടെ വ്യാപാര പങ്കാളിയാണ്. 2000-2004ലും ഇടക്ക് വജ്ര കയറ്റുമതിയിൽ തിരിമറി നടത്തി കോടികൾ സമ്പാദിച്ചെന്ന ഡി.ആർ.ഐ കേസിൽ ചാങ് ചുങ് ലിങ്ങിന്‍റെയും നാസർ അലി ഷഹബാൻ അലിയുടെയും പേരുണ്ടായിരുന്നു. എന്നാൽ ഈ കേസിലും ഇരുവർക്കും ക്ലീൻ ചിറ്റ് നൽകി.