വിഭജന രാഷ്ട്രീയത്തിലൂടെ വർഗ്ഗീയ ശക്തികൾ രാജ്യത്തെ തകർക്കുന്നു- മുഖ്യമന്ത്രി

ജാതി-മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വലിയ വെല്ലുവിളിയായി ഉയരുന്നിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭജന രാഷ്ട്രീയത്തിലൂടെ വർഗ്ഗീയ ശക്തികൾ രാജ്യത്തിൻ്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മാനവിക ഐക്യത്തെ ശിഥിലീകരിക്കാൻ സങ്കുചിത ലക്ഷ്യമുള്ള ശക്തികൾ നിരന്തരം പരിശ്രമിക്കുകയുമാണ്.

ശ്രീനാരായണഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഈ വെല്ലുവിളികളെയെല്ലാം മുറിച്ചു കടന്നേ കഴിയൂ. വെല്ലുവിളികളെ നേരിടാൻ ഗുരു ദർശനങ്ങളും ഗുരുവിന്റെ ഉജ്ജ്വല പോരാട്ട ചരിത്രവും ഊർജ്ജമാവട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:
ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ദർശനങ്ങളും ദേശകാലങ്ങളെ അതിജീവിക്കുന്നവയാണ്. മനുഷ്യർ തമ്മിലുള്ള ചേരിതിരിവുകൾ രൂക്ഷമായിരുന്ന, അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മേൽക്കൈയുണ്ടായിരുന്ന കാലഘട്ടത്തിൽ കേരളീയ ജീവിത പരിസരങ്ങളെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഗുരു ദർശനങ്ങളാണ്.

ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാനും സാമൂഹ്യ ജീവിതത്തെ ജനാധിപത്യവൽക്കരിക്കാനും ഗുരുദേവ ദർശനങ്ങൾ ജനങ്ങളോടാഹ്വാനം ചെയ്തു. ചൂഷണവ്യവസ്‌ഥയെ തുറന്നെതിർക്കാനും സവർണ്ണ മേൽക്കോയ്മാ യുക്തികളെ ചോദ്യം ചെയ്യാനും ഗുരു ഊർജ്ജം പകർന്നുനൽകി. സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ഉദ്ഘോഷിച്ചത്. ശാസ്ത്രബോധവും മാനവികതാ ബോധവും ഒരുപോലെ ഗുരുവിന്റെ കാഴ്ചപ്പാടുകളിൽ തെളിഞ്ഞുനിന്നിരുന്നു. സാമൂഹ്യ പുരോഗതിയിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഇത്രയേറെ തിരിച്ചറിഞ്ഞ മറ്റൊരു നവോത്ഥാന നായകനുണ്ടാവില്ല കേരള ചരിത്രത്തിൽ.

ശ്രീനാരായണ ഗുരുവടക്കമുള്ള നവോത്ഥാന നായകരുടെ ഇടപെടലുകളും പ്രവർത്തനങ്ങളും കാരണമാണ് കേരളം ഇന്നത്തെ കേരളമായത്. ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ജാതി-മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വലിയ വെല്ലുവിളിയുയർത്തുകയാണ്. വിഭജന രാഷ്ട്രീയത്തിലൂടെ വർഗ്ഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.

മാനവിക ഐക്യത്തെ ശിഥിലീകരിക്കാൻ സങ്കുചിത ശക്തികൾ നിരന്തരം പരിശ്രമിക്കുകയുമാണ്. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഈ വെല്ലുവിളികളെയെല്ലാം നമുക്ക് മുറിച്ചു കടന്നേ കഴിയൂ. ഈ വെല്ലുവിളികളെ നേരിടാൻ ഗുരു ദർശനങ്ങളും ഗുരുവിന്റെ ഉജ്ജ്വല പോരാട്ട ചരിത്രവും നമുക്ക് ഊർജ്ജമാവട്ടെ. എല്ലാവർക്കും ചതയദിന ആശംസകൾ.

 

ഇന്ന് ശ്രീനാരായണഗുരു ജയന്തി. വിശ്വമാനവികതയുടെ കേരളീയ മാതൃക

‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’, ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ തുടങ്ങിയ വിശ്വമാനവികതയിൽ അധിഷ്ഠിതമായ ദർശനങ്ങളെ മലയാളക്കരയിലെ സാധാരണ മനുഷ്യന്റെ മനസ്സിലേക്ക് പറിച്ചുനട്ട സാമൂഹികവിപ്ലവകാരിയായിരുന്നു ശ്രീനാരായണഗുരു. ജാതീയമായ വിവേചനങ്ങൾക്കെതിരെയും സാമൂഹിക അനാചാരങ്ങൾക്കെതിരെയും നിരന്തരപോരാട്ടത്തിൽ ഏർപ്പെട്ട ഗുരുവിന്റെ ദർശനങ്ങൾക്ക് പുതിയകാലഘട്ടത്തിൽ പ്രസക്തി വർധിച്ചുവരികയാണ്.

തിരുവനന്തപുരത്തെ ചെമ്പഴന്തിയിൽ ചതയദിനത്തിൽ ജനിച്ച നാരായണഗുരുവിന്റെ പ്രവർത്തനങ്ങൾ മതമടക്കം സമൂഹത്തിന്റെ സർവമേഖലകളിലേക്കും വ്യാപിച്ചുകിടക്കുന്നതായിരുന്നു. മനുഷ്യന്റെ സമഗ്രമായ വികസനമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആധ്യാത്മികവും ഭൗതികവും രണ്ടല്ല എന്നും അവ ഒന്നിന്റെ തന്നെ രണ്ടു വശമാണെന്നും ഗുരു പറഞ്ഞു. വിദ്യാഭ്യാസം കൊണ്ട് സ്വതന്ത്രരാകാൻ, സംഘടന കൊണ്ട് ശക്തരാകാൻ ഗുരു ഉപദേശിച്ചു.

ജാതിസംബന്ധമായ ആചാരങ്ങൾ നിരർത്ഥകമാണെന്നും ജന്തുബലി പോലുള്ള പ്രാകൃതമായ ആരാധനാസമ്പ്രദായങ്ങൾ ഉപേക്ഷിക്കണമെന്നും ഗുരു ഉദ്ബോധിപ്പിച്ചു. അജ്ഞതയിൽ ആണ്ടുകിടന്നിരുന്ന ഒരു ജനതയിൽ ആത്മബോധത്തിന്റെ തിരികൊളുത്തലായിരുന്നു 1888-ലെ അരുവിപ്പുറം പ്രതിഷ്ഠ. ജാതിഭേദവും മതദ്വേഷവും തീണ്ടാത്ത മാതൃകാസ്ഥാപനങ്ങൾ നിർമ്മിക്കാൻ ഗുരു മുൻകൈയെടുത്തു. മാനവരാശിയുടെ മുഴുവൻ പൂർണത മുന്നിൽ കണ്ടുകൊണ്ടായിരുന്നു ഗുരു തന്റെ പ്രവർത്തനങ്ങളെല്ലാം തന്നെ ആസൂത്രണം ചെയ്തത്.

സമൂഹത്തെ ബാധിച്ചിരുന്ന ജീർണിപ്പിന്റെ നേരെ വിരൽചൂണ്ടി, ഇരുട്ടിൽ തപ്പിത്തടയുകയായിരുന്ന ഒരു ജനതയെ പ്രകാശത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തിയിടത്താണ് ശ്രീനാരായണഗുരുവും അദ്ദേഹത്തിന്റെ ദർശനങ്ങളും പ്രസക്തമാകുന്നത്.

ദൂരങ്ങൾ കീഴടക്കാൻ നീരജ് ചോപ്ര, ഡയമണ്ട് ലീഗിലും കരുത്തുറ്റ പ്രതീക്ഷ

0

രാജ്യത്തിൻ്റെ അഭിമാനമായ ജാവലിൻ ത്രോ ഒളിമ്പിക്, ലോക ചാമ്പ്യൻ നീരജ് ചോപ്ര ഡയമണ്ട് ലീഗ് പോരാട്ടങ്ങൾക്ക് ഒരുങ്ങി . ഡയമണ്ട് ലീഗിൽ തന്റെ വിജയക്കുതിപ്പ് തുടരുകയാണ് ലക്ഷ്യം.

ലോക ചാമ്പ്യൻഷിപ്പ് നേടിയതിന് ശേഷം നീരജിന്റെ അടുത്ത ലക്ഷ്യം 90 മീറ്ററാണ്. ഇത് നേടിയെടുക്കാനുള്ള കഠിനശ്രമത്തിലാണ് അദ്ദേഹം. സെപ്തംബർ 16, 17 തീയതികളിൽ യുഎസിലെ യൂജിനിലാണ് ഡയമണ്ട് ലീഗ്.

ഈ സീസണിൽ മൂന്ന് മത്സരങ്ങൾക്ക് ഇറങ്ങിയ നീരജ് ഒരിക്കൽ പോലും തോൽവി നേരിട്ടിട്ടില്ല. ലോക ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയ ശേഷം ദോഹ ലൊസാനെ ഡയമണ്ട് ലീഗിൽ മിന്നുന്ന ജയമാണ് അദ്ദേഹം നേടിയത്. ദോഹയിൽ 88.67 മീറ്ററും ലോസാനിൽ 87.66 മീറ്ററും പിന്നിട്ട നീരജിന്റെ അടുത്ത ലക്ഷ്യം 90 മീറ്ററാണ്.

ജാവലിൻ ത്രോയിൽ ഡയമണ്ട് ലീഗിലെ നാലാമത്തെയും അവസാനത്തെയും മത്സരമാണിത്. 2023 ലെ ഡയമണ്ട് ലീഗ് സ്റ്റാൻഡിംഗിൽ 16 പോയിന്റുമായി നീരജ് ചോപ്ര നിലവിൽ മൂന്നാം സ്ഥാനത്താണ്. ബുഡാപെസ്റ്റിൽ 86.67 മീറ്റർ താണ്ടി വെങ്കലം നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെഷെ മൂന്ന് മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഒന്നാം സ്ഥാനത്തും മൂന്ന് മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ജർമ്മനിയുടെ ജൂലിയൻ വെബർ രണ്ടാമതുമാണ്.

വാഡ്‌ലെഷെ, വെബർ, മുൻ ലോക ചാമ്പ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് എന്നിവർക്കെതിരെയാണ് ഇത്തവണ അദ്ദേഹം മത്സരിക്കുന്നത്.

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ സീറ്റ് ഒഴിവ്

0

 കാസർകോട് പെരിയയിലെ കേന്ദ്രസർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിലായി എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻ.ടി.എ.) നടത്തിയ പൊതുപ്രവേശന പരീക്ഷയിൽ പങ്കെടുത്തവർക്കാണ് അവസരം. താത്പര്യമുള്ളവർ ഉടൻ ബന്ധപ്പെടണം.  വെബ്‌സൈറ്റ്: https://www.cukerala.ac.in/

യാത്രക്കാർക്ക് നമസ്ക്കാരത്തിന് ബസ് നിർത്തിക്കൊടുത്തു, പീഢനം സഹിക്കാതെ യുപിയിൽ ഡ്രൈവർ ആത്മഹത്യ ചെയ്തു

യാത്രക്കാര്‍ക്ക് നമസ്‌കാരത്തിന് അവസരമൊരുക്കുന്നതിനായി ബസ് നിര്‍ത്തിക്കൊടുത്തതിന് ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട ഡ്രൈവര്‍ ജീവനൊടുക്കി. ഉത്തർ പ്രദേശ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഡ്രൈവര്‍ മോഹിത് യാദവാണ് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

ജൂണ്‍ മാസത്തിലാണ് മോഹിതിന്റെ കരാര്‍ റദ്ദാക്കപ്പെട്ടത്. ബെയ്‌റേലി-ഡല്‍ഹി ജന്‍രഥ് ബസ് യാത്രക്കിടെ ബസ് ദേശീയപാതയില്‍ നിര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിങ്കളാഴ്ച മോഹിത് ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി എന്നാണ് പൊലീസ് വാദം.

കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ മോഹിതിന്റെ ശമ്പളത്തിലാണ് എട്ടംഗങ്ങളുള്ള കുടുംബം ജീവിച്ചിരുന്നത്. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പലയിടത്തും ജോലി തേടിയെങ്കിലും ഒന്നും ശരിയാകാത്തതിനെ തുടര്‍ന്ന് മോഹിത് കടുത്ത നിരാശയിലായിരുന്നു.

ഭര്‍ത്താവിന്റെ അഭ്യര്‍ഥനകള്‍ക്കൊന്നും ഉത്തര്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ചെവികൊടുത്തില്ലെന്ന് മോഹിതിന്റെ ഭാര്യ റിങ്കി യാദവ് ആരോപിച്ചു. മോഹിതിന് പറയാനുള്ളതൊന്നും കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു. മനുഷ്യത്വത്തിന്റെ പേരിലാണ് ഭര്‍ത്താവ് ബസ് നിര്‍ത്തിക്കൊടുത്തതെന്നും റിങ്കി കൂട്ടിച്ചേര്‍ത്തു.

ബസ് നിര്‍ത്തുന്നതിന് മുമ്പ് മറ്റു യാത്രക്കാരോട് മോഹിത് കാരണം വ്യക്തമാക്കുന്ന വീഡിയോ ലഭ്യമായിട്ടുണ്ട്. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യത്തില്‍ ഇതരമതക്കാര്‍ തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും ഒരു വിഭാഗക്കാര്‍ക്ക് വേണ്ടി രണ്ട് മിനിറ്റ് ബസ് നിര്‍ത്തുന്നതില്‍ കുഴപ്പമില്ലെന്നും മോഹിത് വ്യക്തമാക്കുന്നുണ്ട്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ മോഹിതിന് ജോലി നഷ്ടമാവുകയും ചെയ്തു.

ജില്ലാ സെക്രട്ടറിമാരുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താമോ- എം വി ഗോവന്ദനോട് മാത്യു കുഴൽ നാടൻ

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടന്‍. തനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയ ജില്ലാ സെക്രട്ടറിമാര്‍ക്ക് വരവിൽക്കവിഞ്ഞ സ്വത്ത് ഇല്ലെന്ന് പറയാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനും വരവില്‍ക്കവിഞ്ഞ സ്വത്ത് ഇല്ലെന്ന് പറയാൻ കഴിയുമോ? ഇവരുടെ സ്വത്തുവിവരം അന്വേഷിക്കാന്‍ എം.വി. ഗോവിന്ദന്‍ തയ്യാറാകുമോ? ഇവര്‍ക്ക് വരവില്‍ കവിഞ്ഞ സ്വത്ത് ഇല്ലെങ്കില്‍ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

എനിക്കെതിരേ പറയാന്‍ എം.വി. ഗോവിന്ദന്‍ ഇരിക്കുന്ന എ.കെ.ജി. സെന്ററായിരിക്കും ഒരുപക്ഷേ, ഭൂനിയമം ലംഘിച്ച് നില്‍ക്കുന്ന ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്ന്. അതിന്റെ പട്ടയമെടുത്ത് പരിശോധിക്കണം. കേരളത്തിലെ ജനങ്ങളോട് ഇത് ഏറ്റുപറയാന്‍ തയ്യാറാവുമോ എന്നും കുഴല്‍നാടന്‍ ചോദിച്ചു. ടി. വീണയ്ക്ക് പ്രതിരോധം തീര്‍ക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ലൈസന്‍സ് പ്രകാരമാണ് താൻ ഹോംസ്‌റ്റേ നടത്തിയതെന്നും കുഴല്‍നാടന്‍ അവകാശപ്പെട്ടു.

എം.വി. ഗോവിന്ദൻ ഉന്നയിച്ച ഏഴു ചോദ്യങ്ങള്‍ക്കും മാത്യു മറുപടി നല്‍കി. ചിന്നക്കനാലിലെ ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിച്ചെന്നായിരുന്നു ഒന്നാമത്തെ ആരോപണം. ഭൂനിയമം ലംഘിച്ചിട്ടില്ല. വീടുവയ്ക്കാനോ കൃഷി ചെയ്യാനോ ഉള്ള അനുമതിയേ പട്ടയ ഭൂമിയിലുള്ളൂ. അതുലംഘിച്ച് കൊമേഴ്‌സ്യല്‍ കെട്ടിടം നിര്‍മിക്കുമ്പോഴാണ് അത് ചട്ടവിരുദ്ധവും ഭൂനിയമത്തിന്റെ ലംഘനവുമാകുന്നത്. പാര്‍പ്പിട ആവശ്യത്തിനായി പണിത കെട്ടിടമാണ് ചിന്നക്കനാലിലേത്. അതിനാല്‍ നൂറ് ശതമാനം നിയമവിധേയമാണ്.

ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് മൂല്യം കൂട്ടി കാണിച്ചത്. റിസോര്‍ട്ട് സ്വകാര്യ കെട്ടിടമാണെന്നു പറഞ്ഞത് റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് പ്രകാരം നിര്‍മിച്ചതിനാലാണ്. അഭിഭാഷക ജോലിക്കിടയില്‍ നിയമം ലംഘിച്ച് ബിസിനസ് നടത്തിയെന്ന ആരോപണവും കുഴല്‍നാടന്‍ നിഷേധിച്ചു.

നിയമവിരുദ്ധമായി ഭൂമി മണ്ണിട്ടു മൂടിയില്ലെന്നത് ദൃശ്യങ്ങള്‍ സഹിതം തെളിയിച്ചതാണ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ല. എം.വി. ഗോവിന്ദന് പരിശോധിക്കാം. ലൈസന്‍സ് പ്രകാരമാണ് ഹോംസ്‌റ്റേ നടത്തിയത്. വീണാ വിജയന് പ്രതിരോധം തീര്‍ക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വിദേശത്ത് ഒരു സ്ഥാപനത്തില്‍ 24 ശതമാനം പങ്കാളിത്തമുണ്ട്. അതിന്റെ വിപണിമൂല്യം ഏതാണ്ട് ഒന്‍പത് കോടി രൂപ വരുമെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. അതല്ലാതെ നിയമവിരുദ്ധമായി വിദേശത്തേക്ക് പണം കടത്തുകയോ ഫെമ നിയമലംഘനം നടത്തുകയോ ചെയ്തിട്ടില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.

സ്മൈൽ പ്ലീസ്, ചന്ദ്രനിൽ ലാൻഡറും റോവറും തമ്മിൽ പകർത്തിയ ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ

0

സ്മൈൽ പ്ലീസ്, ചന്ദ്രനിൽ ഇറക്കിയ ലാൻഡറിനോട് വേർപിരിഞ്ഞ റോവർ മാതൃപേടകത്തിൻ്റെ ചിത്രം പകർത്തി. പ്രഗ്യാൻ റോവർ വിക്രം ലാൻ്ററിൻ്റെ ചന്ദ്രോപരിതലത്തിലുള്ള തെളിഞ്ഞ ഒരു ചിത്രം തന്നെയാണ് പകർത്തി അയച്ചത്. നാവിഗേഷൻ ക്യാമറയിൽ (NavCam) പകർത്തിയ ചിത്രം ഐഎസ്ആർഓ ലോകത്തിനായി എക്സിൽ ഷെയർ ചെയ്യുകയും ചെയ്തു.

ഈ ആഴ്ച ആദ്യം റോവർ അയച്ചത് ചന്ദ്രനിലെ അന്തരീക്ഷ താപനില സംബന്ധിച്ച വിവരങ്ങളായിരുന്നു. Chandra’s Surface Thermophysical Experiment അഥവാ ChaSTE യാണ് ഇത് പകർത്തിയത്. ചന്ദ്രൻ്റെ ദക്ഷിണ മുഖഭാഗത്തെ ഉപരിതലത്തിലെ താപ ഘടനയുടെ ഗ്രാഫും ഇതോടൊപ്പം പുറത്തിറക്കിയിരുന്നു.

അധീർ ചൗധരിയെ തിരിച്ചെടുക്കുന്നു, പാർലമെൻ്റ് ചരിത്രത്തിലെ പ്രതിപക്ഷത്തിന് എതിരായ ആദ്യത്തെ നടപടി യു ടേണിലേക്ക്

 കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അവകാശസമിതി പ്രമേയം പാസാക്കി. ഇത് ഉടന്‍ സ്പീക്കര്‍ക്ക് കൈമാറും. സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രതിപക്ഷ കക്ഷിനേതാവിനെ സസ്‌പെന്‍ഡ് ചെയ്തത്.

ആരുടേയും വികാരത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ പരാമര്‍ശമെന്ന് ബി.ജെ.പി. എം.പി. സുനില്‍കുമാര്‍ സിങ് അധ്യക്ഷനായ അവകാശസമിതിക്ക് മുമ്പാകെ അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചിരുന്നു.

ഓഗസ്റ്റ് 18-ന് നടന്ന അവകാശസമിതിയോഗത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ‘ഇന്ത്യ’ മുന്നണിയിലെ അംഗങ്ങളുടെ ആവശ്യം ബി.ജെ.പി. അംഗങ്ങള്‍ എതിര്‍ത്തിരുന്നില്ല. 14 അംഗ സമിതിയില്‍ കൊടിക്കുന്നില്‍ സുരേഷ്, കല്യാണ്‍ ബാനര്‍ജി, ടി.ആര്‍. ബാലു, ഓം പ്രകാശ് ഭുപാല്‍സിങ് അടക്കം നാല് ‘ഇന്ത്യ’ മുന്നണിയിലെ അംഗങ്ങളാണുള്ളത്.

മണിപ്പുര്‍ സംഘര്‍ഷത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നീരവ് മോദിയോട് ഉപമിച്ചതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. ബുധനാഴ്ച സമിതിക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയോട് ആവശ്യപ്പെട്ടിരുന്നത്.

പ്രതിപക്ഷ കക്ഷി നേതാവിനെ പുറത്താക്കുന്നത് ചരിത്രത്തിൽ കാണാത്ത നടപടി

സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രതിപക്ഷ കക്ഷിനേതാവിനെ സസ്‌പെന്‍ഡ് ചെയ്തത്. അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രിയെ നോക്കി, സാമ്പത്തികത്തട്ടിപ്പിനെത്തുടര്‍ന്ന് രാജ്യംവിട്ട നീരവ് മോദിയുടെ പേരുമായി ചേര്‍ത്ത് അധീര്‍ ചൌധരി വിമർശനം ഉന്നയിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി. അംഗം ബിരേന്ദ്ര സിങ് ഭരണപക്ഷത്ത് സോണിയാഗാന്ധിയും അധീറും ഇരിക്കുന്ന ഒന്നാം നമ്പര്‍ ഇരിപ്പിടത്തിനരികിലേക്ക് ആക്രോശിച്ച് എത്തി. കൈയാങ്കളിയുടെ വക്കിലെത്തിയതോടെ പ്രതിപക്ഷാംഗങ്ങളും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ചേര്‍ന്ന് പിന്തിരിപ്പിച്ചു. ഇതോടെ, കൈയേറ്റം ഒഴിവായി.

മോദിയുടെ പ്രസംഗം കഴിഞ്ഞയുടന്‍ സ്പീക്കര്‍ അധീര്‍- ബിരേന്ദ്ര സിങ് വിഷയം പരിഗണിച്ചു. പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് സ്പീക്കര്‍ ചോദിച്ചപ്പോള്‍ ബിരേന്ദ്ര സിങ് ഖേദം പ്രകടിപ്പിച്ചു. സഭയിലില്ലാതിരുന്നതിനാല്‍ അധീറിന് പ്രതികരിക്കാനായില്ല. വൈകാതെത്തന്നെ അധീറിനെ സസ്‌പെന്‍ഡുചെയ്ത പ്രമേയം സഭ പാസാക്കുകയായിരുന്നു.

തുടര്‍ന്ന് വിഷയം പ്രിവിലേജ് കമ്മിറ്റിക്കുവിട്ടു. കമ്മിറ്റി റിപ്പോര്‍ട്ട് വരുംവരെയായിരുന്നു സസ്‌പെന്‍ഷന്‍. അധീറിന്റെ വിവാദപരാമര്‍ശങ്ങള്‍ സ്പീക്കര്‍ സഭയുടെ രേഖയില്‍നിന്ന് നീക്കിയിരുന്നു.

പുതിയ വന്ദേ ഭാരത് ഇന്ന് മംഗലാപുരത്ത് എത്തും; കോയമ്പത്തൂർക്കോ,തിരുവനന്തപുരത്തേക്കോ- തീരുമാനമായില്ല

കേരളത്തിന് വന്ദേ ഭാരത് സർവ്വീസിനുള്ള ഒരു റെയ്ക്ക് കൂടി അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് വണ്ടി കേരളത്തിലേക്ക് പുറപ്പെടും. ആദ്യ റേക്ക് വൈകാതെ മംഗലാപുരത്തേക്ക് എത്തിക്കുമെങ്കിലും ഇതിൻ്റെ റൂട്ട് സംബന്ധിച്ച് ഇപ്പോഴും തീരുമാനം പുറത്തു വന്നിട്ടില്ല.

കോയമ്പത്തൂർക്കോ തിരുവനന്തപുരത്തേക്കോ

ദക്ഷിണ റെയില്‍വേയ്ക്കായാണ് നിലവില്‍ റേക്ക് അനുവദിച്ചിരിക്കുന്നത്. മംഗലാപുരം–തിരുവനന്തപുരം റൂട്ടും മംഗലാപുരം– കോയമ്പത്തൂര്‍ റൂട്ടും പരിഗണനയിലുണ്ട്. ഗോവ ഏറണാകുളവും ചർച്ചയിലുണ്ട്. അന്തിമ തീരുമാനം കാക്കുകയാണ്.

നിലവില്‍ കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്. വിഷുസമ്മാനമായാണ് 16 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തിന് ആദ്യം അനുവദിച്ചത്. 25 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്തുടനീളം സർവീസ് നടത്തുന്നത്. 2019 ഫെബ്രുവരിയിലാണ് ആദ്യ വന്ദേഭാരത് ഓടിത്തുടങ്ങിയത്. കേരളത്തിന് ആവശ്യത്തിന് അതിവേഗ വണ്ടികൾ ഇല്ലാത്തത് പ്രതിസന്ധി തീർക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും തുറുന്നു പറഞ്ഞിരുന്നു.

വന്ദേഭാരത് സാമ്പത്തികമായി വിജയിച്ചത് കേരളത്തിൽ, ഏറ്റവും കൂടുതൽ യാത്രക്കാർ ഇവിടെ

യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത് കേരളത്തിലേക്കെത്തിയ വന്ദേഭാരത് എക്‌സ്പ്രസാണ്. 23 വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന ബഹുമതി കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസ്സ് സ്വന്തമാക്കി. റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ആണ് തൊട്ടുപിന്നില്‍. ഒന്നാം സ്ഥാനത്തുള്ള കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസിന്റെ ശരാശരി ഒക്യുപെന്‍സി നിരക്ക് 183 ശതമാനമാണ്. തൊട്ട് പിന്നിലുള്ള ട്രെനിനു 176 ശതമാനം ആണ് ഒക്യുപെന്‍സി നിരക്ക്.

ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസാണ് രാജ്യത്ത് രണ്ടാമത്. 134 ശതമാനമാണ് ഒക്യുപെന്‍സി നിരക്ക്. മെട്രോ നഗരമായ മുംബൈയില്‍ നിന്ന് ഗുജറാത്ത് വരെയുള്ള റൂട്ടിലെ വന്ദേഭാരത് സർവ്വീസ് ആയിട്ടും കേരളത്തിൻ്റെ അടുത്ത് എത്തിയില്ല.

കെ റെയിലിനെ എതിർത്തവർക്ക് യാത്രക്കാരുടെ എണ്ണം കൊണ്ട് മറുപടി

വേഗക്കൂടുതല്‍ തന്നെയാണ് വന്ദേഭാരത് എക്‌സ്പ്രസിനെ വ്യത്യസ്തമാക്കുന്നത്. 52 സെക്കന്‍ഡില്‍ 100 കി.മി വേഗം കൈവരിക്കാന്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് സാധിക്കുമെന്നാണ് ഈ ട്രെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത. എയറോഡൈനാമിക്ക് ഡിസൈനില്‍ രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസിന് കവാച്ച് ടെക്‌നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനവുമുണ്ട്. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ തദ്ദേശീയമായി വികസിപ്പിച്ച ടെക്‌നോളജിയാണ് കവാച്ച്. ഓരോ വന്ദേ ഭാരത് എക്‌സ്പ്രസിന്റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുണ്ട്. അതുകൊണ്ട് തന്നെ ട്രെയിനിന്റെ ദിശ മാറ്റാന്‍ സമയനഷ്ടമില്ല.

വന്ദേഭാരത് എക്‌സ്പ്രസിന്റെ എല്ലാ സീറ്റുകളും റിക്ലൈനര്‍ സീറ്റുകളാണ്. എക്‌സിക്യൂട്ടിവ് കോച്ചിലാകട്ടെ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളുമുണ്ട്. ട്രെയിന്‍ ചലിക്കുന്ന ദിശ അനുസരിച്ച് സീറ്റിന്റെ ദിശ തിരിക്കാമെന്ന് ചുരുക്കം. സീറ്റുകള്‍ക്ക് മുന്നില്‍ 32 ഇഞ്ച് സ്‌ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ഇന്‍ഫോടെയിന്‍മെന്റിന് അവസരം ഒരുക്കുകയാണ് ഇതിലൂടെ. ഭിന്നശേഷി സൗഹൃദമായ ബാത്രൂമുകളാണ് വന്ദേ ഭാരതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം സീറ്റുകളില്‍ ബ്രെയ്‌ലി ലിപിയില്‍ സീറ്റ് നമ്പറും നല്‍കിയിട്ടുണ്ട്.

ഓട്ടോമാറ്റിക് ഡോര്‍, ഫയര്‍ സെന്‍സര്‍, വൈഫൈ, മൂന്ന് മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്, ജിപിഎസ്, സിസിടിവി ക്യാമറകള്‍ ഇങ്ങനെ നീളുന്നു മറ്റ് സൗകര്യങ്ങള്‍. വന്ദേഭാരതിലെ വിശാലമായ ജനാലകള്‍ പുറം കാഴ്ച ആവോളം ആസ്വദിക്കാന്‍ വഴിയൊരുക്കുന്നു. ഒപ്പം ബാഗേജിന് വേണ്ടി കോച്ചുകളില്‍ കൂടുതല്‍ സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്.

ആധാർ പുതുക്കലും പാൻ ലിങ്ക് ചെയ്യലും ഇനിയും കാത്തിരിക്കാൻ സമയമില്ല

0

ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 14 ആണ്. നേരത്തെ ജൂൺ 14 ആയിരുന്ന തിയതി വീണ്ടും നീട്ടിയാണ് സെപ്റ്റംബർ 14 ആക്കിയത്.

ഒപ്പം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള സമയവും അടുത്ത് വരികയാണ്. സെപ്റ്റംബർ 30 ആണ് ആധാർ-പാൻ ലിങ്കിംഗിനുള്ള അവസാന തിയതി.

200 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാൻ ആർബിഐ അനുവദിച്ച സമയവും സെപ്റ്റംബറിൽ അവസാനിക്കും. സെപ്റ്റംബർ 30 ആണ് ഇതിനുള്ള അവസാന തിയതി. സെപ്റ്റംബർ മാസം കഴിയുന്നതോടെ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യം അവസാനിക്കും.

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷനുകൾ നൽകാനും, നാമനിർദ്ദേശം ഒഴിവാക്കാനുമുള്ള പുതുക്കിയ സമയപരിധിയും സെപ്റ്റംബറിൽ അവസാനിക്കും. 2023 സെപ്റ്റംബർ 30 ആണ് അവസാന തിയതി.

വിവാഹം വ്യക്തിപരമായ കാര്യമാണ്, മുൻകൂർ വിജ്ഞാപനവും അറിയിപ്പും പ്രസക്തമല്ല – സുപ്രീം കോടതി

വിവാഹിതരാകാൻ മുൻകൂർ അറിയിപ്പ് നിർബന്ധമല്ല എന്ന് സുപ്രിം കോടതി. ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രിം കോടതി പറഞ്ഞു. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു.

ആരെ വിവാഹം ചെയ്യണം എന്നുള്ളത് വിവാഹിതരാകുന്നവരുടെ വ്യക്തിപരമായ വിഷയമാണെന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ച് നടന്ന വിവാഹം സാധുവാണെന്ന് വിധിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.

കുടുംബത്തിന്റെ എതിര്‍പ്പ്, സുരക്ഷയെക്കുറിച്ചുള്ള ഭയം തുടങ്ങിയ കാരണങ്ങളാല്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ പരസ്യ പ്രഖ്യാപനം നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു.
അഭിഭാഷകര്‍ക്ക് ഇത്തരം വിവാഹത്തില്‍ പങ്കെടുക്കാമെന്നും സാക്ഷികളാകാമെന്നും എന്നാല്‍ കോടതി ജീവനക്കാരന്‍ എന്ന നിലയില്‍ പങ്കെടുക്കരുതെന്നും കോടതി അറിയിച്ചു.

വിവാഹചടങ്ങ് രഹസ്യമായി നടത്താനാവില്ലെന്നും ഒരു അഭിഭാഷകന്‍ അത്തരമൊരു വിവാഹത്തില്‍ പങ്കെടുക്കരുതെന്നുമാണ് മദ്രാസ് ഹൈക്കോടതി വിധിച്ചത്. 20കാരിയായ പങ്കാളിയെ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിവാഹചടങ്ങ് രഹസ്യമായി നടത്താനാവില്ലെന്നും ഒരു അഭിഭാഷകന്‍ അത്തരമൊരു വിവാഹത്തില്‍ പങ്കെടുക്കരുതെന്നുമാണ് മദ്രാസ് ഹൈക്കോടതി വിധിച്ചത്.

2009ലെ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അഭിഭാഷകര്‍ അവരുടെ ഓഫീസില്‍ വെച്ച് നടത്തുന്ന വിവാഹം സാധുതയുള്ളതല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തിരുന്നു.

ബലം പ്രയോഗിച്ച് 20കാരിയുടെ അമ്മാവനുമായി വിവാഹം നടത്തിയെന്നും അതില്‍ നിന്ന് രക്ഷപ്പെട്ട് ഹരജിക്കാരന്റെ കൂടെ ജീവിക്കുകയായിരുന്നുവെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ എ. വേലന്‍ ദി പ്രിന്റിനോട് പറഞ്ഞു. യുവതിയെ അമ്മാവനും കൂട്ടാളികളും ചേര്‍ന്ന് കൊണ്ടുപോകുകയും തുടര്‍ന്ന് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ 1967ലെ ഹിന്ദു വിവാഹ നിയമത്തില്‍ ഉള്‍പ്പെടുത്തിയ സെഷന്‍ എ പ്രകാരം രണ്ട് ഹിന്ദുക്കള്‍ക്ക് ആചാരപ്രകാരമല്ലാതെ വിവാഹിതരാകാം. പങ്കാളികള്‍ക്ക് പരസ്പരം മനസിലാകുന്ന ഭാഷയില്‍ സ്വയം പങ്കാളികളായി പ്രഖ്യാപിക്കാമെന്നും പരസ്പരം മാലയിട്ടോ ഏതെങ്കിലും വിരലില്‍ മോതിരമിട്ടോ താലി കെട്ടിയോ വിവാഹിതരാകാമെന്നും ഇതില്‍ പറയുന്നു. സെഷന്‍ ഏഴിന്റെ സാധുത 2001ലെ ഒരു വിധിയിലൂടെ സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിരുന്നു.