ബോംബ് ഭീഷണി, നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചു വിളിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ചുവിളിച്ചു. തിങ്കളാഴ്ച രാവിലെ 11. 30 ന് പുറപ്പെടേണ്ട വിമാനമാണ്.

നെടുമ്പാശ്ശേരിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണിസന്ദേശം. സി.ഐ.എസ്.എഫിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. ഇതോടെ റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു. യാത്രക്കാരെ പുറത്തിറക്കി പരിശോധിച്ചു. ലഗേജുകളും പരിശോധിച്ചു.

നേപ്പാളിലെ നമ്പറില്‍നിന്നാണ് വ്യാജ ഭീഷണിസന്ദേശം എത്തിയതെന്നാണ് കണ്ടെത്തല്‍. നേപ്പാള്‍ സ്വദേശിയായ ഒരാള്‍ കൊച്ചിയില്‍നിന്ന് ബെംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇയാള്‍ക്ക് കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിച്ചേരാനായിരുന്നില്ല. ഇതിനു പിന്നാലെ അന്വേഷണം തുടങ്ങി. വിമാനം വൈകി പുറപ്പെട്ടു.

രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥി- അശോക് ഗലോട്ട്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. പ്രതിപക്ഷ പാർട്ടി സഖ്യമായ ‘ഇന്ത്യ’ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം എടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി പദത്തിന് യോഗ്യനെന്ന് ജെഡിയു നേതാവ് ശ്രാവണ്‍ കുമാര്‍ പറഞ്ഞതിന് പിന്നാലെയാണ് ഇത്.

പ്രധാനമന്ത്രി ഒരിക്കലും അഹങ്കാരിയാകാൻ പാടില്ലെന്ന് പറഞ്ഞ അശോക് ഗഹ്‌ലോത്, രാജ്യത്ത് ബി.ജെ.പി. അധികാരത്തിൽ വന്നത് വെറും 31 ശതമാനം വോട്ടിന് മാത്രമാണെന്ന് പറഞ്ഞു. ‘ബാക്കി 69 ശതമാനം വോട്ടും അദ്ദേഹത്തിനെതിരാണ്.

മോദിയുടെ വോട്ട് വിഹിതം കുറയും, ഇതിന്റെ ഫലമെന്നോണം 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ആരാണ് പ്രധാനമന്ത്രി എന്ന് തീരുമാനമാകുമെന്ന് ഗലോട്ട് പറഞ്ഞു. ജനാധിപത്യത്തിന്റെ ഭാവിയെ പ്രവചിക്കാന്‍ കഴിയില്ലെന്നും മോദി അധികാരത്തിലെത്തിയത് കോണ്‍ഗ്രസ് കാരണമാണെന്നും ഗലോട്ട് തുടർന്നു.

സൈക്കിളിൽ റോക്കറ്റുമായി പോകുന്ന ആ ചിത്രത്തിന് പിന്നിലെ യഥാർത്ഥ സംഭവം എന്താണ്, ആരൊക്കെയാണതിൽ

റോക്കറ്റ് ഭാഗവുമായി സൈക്കിളിൽ പോകുന്ന ചിത്രം ഇന്ത്യയുടെ ചന്ദ്രയാൻ വിക്ഷേപണ വിജയത്തോടെ വൈറലായിരിക്കയാണ്. വീണ്ടും വൈറലായ ഈ ചിത്രത്തിൽ ആരായിരുന്നു. ഇതിൻ്റെ സത്യം എന്താണ്. ഇങ്ങനെ സൈക്കിളിൽ കൊണ്ടു പോവേണ്ടി വന്ന സാഹചര്യം എന്തായിരുന്നു.

റോക്കറ്റ് കൊണ്ടു പോയത് കാളവണ്ടിയിൽ ആയിരുന്നു. ഇത്രയും വലിയ ഒരു ശാസ്ത്ര നേട്ടത്തിനുള്ള പ്രവർത്തനങ്ങളിലും ദരിദ്രമായി പോയ പശ്ചാത്തലം എന്തായിരുന്നു. ഇപ്പോഴും പ്രതികമൾക്ക് മൂവായിരം കോടി വരെ ചിലവഴിക്കുമ്പോൾ ഐ എസ് ആർ ഓ പദ്ധതിക്ക് ലഭിച്ചത് 500 കോടിയിൽ താഴെയാണ്. ഇത് എക്കാലത്തും ശാത്രത്തിന് പകരം രാഷ്ട്രീയം കളിക്കാനുള്ള അധികാരികളുടെ വ്യഗ്രതയാണ് എന്ന വിമർശനവും ട്രോളുകളും ഇതോടൊപ്പം നിറയുന്നുണ്ട്. എന്തായിരുന്നു ആ ചിത്രത്തിന് പിന്നിൽ.

Nucles and Nation: Scientists, International Networks and Power in India എന്ന പുസ്തകത്തിൽ ഇക്കാര്യം വിശദീകരിക്കുന്നു. റോബര്‍ട്ട് എസ് ആന്‍ഡേര്‍സണാണ് ഈ പുസ്തകം എഴുതിയത്. ഈ പുസ്തകം ഇപ്പോഴും ലഭ്യമാണ്.

“തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അവിടുത്തെ വിശിഷ്ട വ്യക്തികളുടെ ഒഴുക്കായിരുന്നു. അവര്‍ എല്ലാം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വലിയ വ്യക്തികളായിരുന്നു. അതിനാല്‍ തന്നെ ഏജന്‍സിയുടെ ഏതാണ്ട് എല്ലാ വാഹനങ്ങളും ഇത്തരക്കാര്‍ക്ക് വേണ്ടി വിട്ടു കൊടുത്തു. അതിനാല്‍ ആറു മണിക്ക് നടക്കുന്ന വിക്ഷേപണത്തിന് മുന്‍പ് തന്നെ വാഹനങ്ങള്‍ ഒന്നും ഇല്ലായിരുന്നു. “അഡ്മിനിസ്ട്രേഷന്‍ വിഐപികളുടെ വരവിനിടെ ഞങ്ങളെ പൂര്‍ണ്ണമായും മറന്നു” എഞ്ചിനീയര്‍ സിആര്‍ സത്യ ഓര്‍‌ത്തെടുത്തു.അതിന് ശേഷമാണ് റോക്കറ്റിന്‍റെ മുകള്‍ ഭാഗം അത് സോഡിയം വെപ്പര്‍‌ പേ ലോഡ് നിറച്ചതായിരുന്നു. അത് ഒരു സൈക്കിളില്‍ കയറ്റി സിആര്‍ സത്യയും വേലപ്പന്‍ നായരും ഇരുട്ടി കൊണ്ട് പോയത്. വഴിയില്‍ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെൻറി കാർട്ടിയർ-ബ്രസ്സൺ ആണ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. റോക്കറ്റ് ഭാഗം പിടിച്ചു നില്‍ക്കുന്നത് വേലപ്പന്‍ നായരാണ്. ഒപ്പം നടക്കുന്ന സിആര്‍‌ സത്യയും. ഈ റോക്കറ്റ് വിക്ഷേപിച്ചതിന് പിന്നാലെ 145 കിലോ മീറ്റര്‍ ഉയരത്തില്‍ പോയി” This launch took place on February 26, 1969

2020 ഒക്ടോബറില്‍ വേലപ്പന്‍ നായര്‍ അന്തരിച്ചത്. 33 വര്‍ഷത്തോളം അദ്ദേഹം ഐഎസ്ആര്‍ഒയില്‍ ജോലി ചെയ്തിരുന്നു. ചന്ദ്രയാന്‍ 3 വിജയ സമയത്താണ് പുതിയ തലമുറ ഈ ചിത്രം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

This one shows Dr. Vikram Sarabhai appearing to listen intently while Dr. APJ Abdul Kalam describes the operation of a filament winding machine, while a young Dr. Madhavan Nair, later Chairman of ISRO, looks on.

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം, ക്രിമിനൽ നടപടി എടുത്താൽ നോക്കിയിരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന

പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമെടുത്ത കേസിൽ നടപടി തുടരാമെന്നാണ് നിയമോപദേശം. 

ഡോക്ടർമാരുടെ സംഘടനയുടേത് വൈദ്യശാസ്ത്ര ധാർമ്മികതയ്ക്ക് എതിരായ നിലപാട്

പൊലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്ന് ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന. പൊലീസിൽ നിന്നും നീതി കിട്ടുമെന്നാണ് വിശ്വാസമെന്ന് ഹർഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. മെഡിക്കൽ എത്തിക്സിനു വിരുദ്ധമാണ് കെജിഎംസിടിഎ നിലപാടെന്നും ഹർഷിന പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഹർഷിന. 

 ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരുമാണ് കേസിൽ പ്രതികൾ. കേസിൽ കുറ്റപത്രം സമർപ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക. കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാല്‍, ഈ റിപ്പോർട്ട്‌ ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയിരുന്നു.

അതേസമയം, കേസില്‍ ഡോക്ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്തെത്തി. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് കാട്ടാന്‍ പൊലീസ് വ്യഗ്രത കാണിക്കുന്നു. ഇതിന് എന്ത് തെളിവാണ് പൊലീസിന്‍റെ കൈയിലുള്ളതെന്നാണ് കെജിഎംസിടിഎ ചോദിക്കുന്നത്

. സാധാരണക്കാര്‍ക്ക് മെഡിക്കല്‍ കോളേജിനോടുള്ള ഭയം സൃഷ്ടിക്കാനേ ഇത് ഉപകരിക്കൂ എന്ന അവകാശവാദവും സംഘടന മറയാക്കുന്നുണ്ട്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതിയില്ലാതെ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാവില്ലെന്ന സംരക്ഷണവും ഉയർത്തി കാട്ടി. നടപടിക്രമം പാലിക്കാതെ പൊലീസ് മുന്നോട്ട് പോയാല്‍ നോക്കിയിരിക്കില്ലെന്നും കെജിഎംസിടിഎ വക്താവ് ഡോ. ബിനോയ് എസ് പ്രതികരിച്ചു.

സ്കൂൾ വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ ഒട്ടും ലജ്ജയില്ലെന്ന് അധ്യാപിക

ഉത്തര്‍പ്രദേശിൽ സ്‌കൂൾ വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ ഒട്ടും ലജ്ജയില്ലെന്ന് അധ്യാപിക തൃപ്ത ത്യാഗി. ഗ്രാമത്തിലെ എല്ലാവരും തൻ്റെ ഒപ്പമാണെന്നും അവർ അവകാശപ്പെട്ടു. ഒരു അധ്യാപികയെന്ന നിലയിൽ ഗ്രാമത്തിലെ ജനങ്ങളെയെല്ലാം സേവിച്ചിട്ടുണ്ട്. രാജ്യത്ത് നിയമങ്ങളുണ്ട്. എന്നാൽ സ്‌കൂളുകളിലെ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. അതിന് ഈ രീതിയിലാണ് അവരെ കൈകാര്യം ചെയ്യേണ്ടതെന്നും അധ്യാപിക അവകാശപ്പെട്ടു.

വിഷയത്തെ പെരുപ്പിച്ച് കാട്ടുകയാണെന്ന ആരോപണം നേരത്തെ ഇവർ ഉന്നയിച്ചിരുന്നു.

രാജ്യം ലജ്ജിച്ച മൃഗീയത പുറത്തെത്തിച്ചത് വീഡിയോ ചിത്രീകരണം

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ കുബപ്പുർ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു രാജ്യത്തിൻ്റെ തന്നെ യശസ്സിന് കളങ്കം ചാർത്തിയ സംഭവം. മുസ്ലീം വിഭാഗത്തിലെ കുട്ടിയെ തല്ലാൻ മറ്റു മതവിഭാഗത്തിലെ കുട്ടികളോട് അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. ഈ വീഡിയോ വെള്ളിയാഴ്ച പ്രചരിച്ചിരുന്നു. ഓരോ കുട്ടിയെയും വിളിച്ച് സഹപാഠിയെ മുഖത്ത് അടിപ്പിക്കയായിരുന്നു. അടിക്ക് ശക്തി പോര എന്ന് ശാസിക്കയും ആവർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അടിയേറ്റ് കുട്ടി കരയുന്നതും വീഡിയോയിലുണ്ട്.

പൊലീസും ആ വഴി നീങ്ങി

ഗൃഹപാഠം പൂർത്തിയാക്കാത്തതിനാലാണ് അധ്യാപിക ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് വിശദീകരണം നൽകിയത്. തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വരെ ഇടപെട്ടു. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം മുസ്ലീം കുട്ടികളുടെ അമ്മമാർ ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു ഇതിനു പിന്നാലെ അധ്യാപികയുടെ ആരോപണം.

സംഭവത്തിൽ അധ്യാപികയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി മുസഫർ നഗർ ജില്ലാ മജിസ്ട്രേറ്റ് അരവിന്ദ് മല്ലപ്പ ബംഗരി വ്യക്തമാക്കി.

കുട്ടിയുടെ രക്ഷിതാക്കൾ സംഭവത്തിൽ പരാതി നൽകാൻ ആദ്യം ഭയന്നിരുന്നു. ‘കുട്ടിയെ ഇനിമുതൽ ഈ സ്കൂളിലേക്ക് അയക്കില്ല’ എന്നതു മാത്രമായിരുന്നു പിതാവിന്റെ പ്രതികരണം. പിന്നീട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. ഇത് വിവാദമായതോടെ രാജ്യ വ്യാപകമായി ഇവർക്ക് പിന്തുണ ലഭിച്ചു. ഇതോടെ രക്ഷിതാക്കൾ പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ചെയ്തതിലെ തെറ്റു പോലും തിരിച്ചറിയാനാവാത്ത അന്ധതയിൽ അധ്യാപിക

ഇതൊരു നിസാര സംഭവം എന്നായിരുന്നു അധ്യാപികയുടെ ന്യായീകരണം. ഹോംവർക്ക് ചെയ്യാത്തതിനാലാണ് സഹപാഠികളെക്കൊണ്ട് വിദ്യാർഥിയെ അടിപ്പിച്ചത്. സ്വന്തമായി അടിക്കാൻ കഴിയാത്തതിനാലാണ് കുട്ടികളെ കൊണ്ട് തല്ലിച്ചത് എന്നാണ് വിശദീകരണം. സംഭവ സമയത്ത് വിദ്യാർഥിയുടെ ബന്ധു സ്ഥലത്തുണ്ടായിരുന്നുവെന്നും അവൻ പകർത്തിയ വീഡിയോയാണ് പ്രചിരിച്ചതെന്നും അധ്യാപിക പറഞ്ഞു. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണെന്നും അധ്യാപിക ആരോപിച്ചതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ പ്രതികരിച്ച രാഹുൽ ഗാന്ധി അടക്കമുള്ള രാഷ്ട്രീയക്കാരോട് പറയാനുള്ളത് ഇതൊരു നിസാര പ്രശ്നമെന്നാണ്. ദിവസവും നടക്കുന്ന സംഭവങ്ങൾ ഇത്തരത്തിൽ വൈറലാകുകയാണെങ്കിൽ അധ്യാപകർ എങ്ങനെയാണ് വിദ്യാർഥികളെ പഠിപ്പിക്കുക എന്നും അവർ ചോദിച്ചു.

കേസിലും അധ്യാപികയ്ക്ക് പൊലീസ് സംരക്ഷണം, നിസ്സാര വകുപ്പുകൾ

സംഭവത്തിൽ അധ്യാപികക്കെതിരെ പോലീസ് എടുത്ത കേസ് നിസ്സാര വകുപ്പുകൾ ചേർത്ത്.ഐപിസി 323,504 എന്നീ വകുപ്പുകൾ ചേർത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.

ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ആണിവ.കുട്ടിയുടെ പിതാവിൻറെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് അധ്യാപികയെ ചോദ്യം ചെയ്യുന്ന അടക്കമുള്ള നടപടികൾ വൈകുകയാണ്. അധ്യാപികക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, സ്‌കൂളിന് വിശദീകരണം ആവശ്യപ്പെട്ട് ഔദ്യോഗിക നോട്ടിസ് നൽകി.

ലോക ബാഡ്മിന്റണിൽ മലയാളി പ്രതീക്ഷ; ലോക ചാമ്പ്യനെ തകർത്ത് പ്രണോയ് സെമിയിൽ

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മലയാളി തിളക്കം. എച്ച് എസ് പ്രണോയ് സെമി ഫൈനലിൽ എത്തി. നിലവിലെ ലോക ചാമ്പ്യൻ ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസനെയാണ് പ്രണോയ് പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റ് അനായാസം കൈവിട്ടു എങ്കിലും ആത്മ വിശ്വാസവും കരുത്തും വീണ്ടെടുത്തായിരുന്നു പിന്നാലെ മുന്നേറ്റം. അടുത്ത രണ്ടു സെറ്റും ജയിച്ചു കയറി. ലോക ചാമ്പ്യൻഷിപ്പിൽ അവസാന നാലിലേക്ക് മാർച്ച് ചെയ്തു. സ്കോർ: സ്കോർ: 13-21, 21-15, 21-16

31 കാരൻ നൽകുന്ന പ്രതീക്ഷ

പ്രീ ക്വാര്‍ട്ടറില്‍ സിംഗപ്പൂരിന്റെ മുന്‍ ലോക ചാമ്പ്യന്‍ ലോ കീന്‍ യൂവിനെയാണ് പ്രണോയ് അട്ടിമറിച്ചത്. മൂന്ന് ഗെയിമുകള്‍ നീണ്ട ഉശിരന്‍ പോരാട്ടത്തില്‍ 21-18, 15-21, 21-19 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ വിജയം.

അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സ്വാതിക് സായ്രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എഡിഷനിലെ വെങ്കലം നേടിയ സഖ്യം ഇന്തോനേഷ്യയുടെ ലിയോ റോളി കര്‍ണാണ്ടോ- ഡാനിയല്‍ മാര്‍ട്ടിന്‍ സഖ്യത്തെ തോല്‍പ്പിച്ചാണ് മെഡല്‍ പ്രതീക്ഷ സജീവമാക്കിയത്.

വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ചെന്‍ ക്വിംഗ് ചെന്‍- ജിയാ യി ഫാന്‍ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി.

വയനാട്ടിൽ കൊക്കയിൽ വീണത് തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പ്. മരിച്ചവരിൽ എട്ടു പേർ സ്ത്രീകൾ

മാനന്തവാടിക്ക് അടുത്ത് തേയില തോട്ടത്തിലെ തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതുപേര്‍ മരിച്ചു. ഡ്രൈവർ ഉൾപ്പെടെ 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്.

തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളായ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ ബാബു, റാബിയ, മേരി, വസന്ത, എന്നിവരാണ് മരിച്ച എട്ടുപേര്‍. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ലത, ഉമാദേവി, ഡ്രൈവർ മണി എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

തൊഴിലാളികളെ സ്ഥിരമായി എത്തിക്കുന്ന ജീപ്പ്

വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.

തോട്ടം തൊഴിലാളികളുടെ ജോലി കഴിയുന്ന സമയത്ത് പ്രദേശത്തുകൂടി നിരവധി ജീപ്പുകള്‍ സര്‍വീസ് നടത്താറുണ്ട്. ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണമായും തകര്‍ന്നു.

ചിത്രങ്ങളിൽ കണ്ടതു പോലെയല്ല ചന്ദ്രൻ, വ്യത്യസ്ത ചിത്രങ്ങളും വീഡിയോയുമായി ഐഎസ്ആർഒ

ചന്ദ്രയാൻ റോവർ അഭിമാന നേട്ടം കൈ വരിച്ച് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങിയപ്പോൾ പത്ര മാധ്യമങ്ങൾ നൽകിയ പടങ്ങൾ മിക്കതും പകുതി ഭാവനാ സൃഷ്ടിയായിരുന്നു. പതാക പറപ്പിച്ച് നിൽക്കുന്ന അത്രയും ക്ളാരിറ്റിയുള്ള ചിത്രം ചിത്രകാരരുടെ ഭാവന കൂടി ചേർന്നാണ് പൂർത്തിയാക്കപ്പെട്ടത്. അത് തുറന്നു പറഞ്ഞ വർ കുറവ്.

യാഥാർത്ഥ്യത്തോട് അല്പമെങ്കിലും അടുത്ത് നിൽക്കുന്ന ചിത്രം

ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതാണ് ഐഎസ്ആർഒ തന്നെ പുറത്തുവിട്ട പുതിയ ദൃശ്യങ്ങളിൽ. ലാൻഡർ ഇമേജർ കാമറ പകർത്തിയ ദൃശ്യങ്ങൾ ISRO യുടെ തന്നെ എക്സ് ലിങ്കിൽ ചുവടെ കാണാം. ( Chandrayaan 3 Lander Shares Its First Video From Moon Surface

ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് പൂർത്തിയാക്കിയത്. ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ഇന്നലെ പര്യവേഷണം ആരംഭിച്ചു. റോവർ മൊബിലിറ്റി പ്രവർത്തനങ്ങളും തുടങ്ങി. ലാൻഡർ മൊഡ്യൂൾ പേലോഡുകളായ ILSA, RAMBHA, ChaSTE എന്നിവ ഇന്ന് ഓൺ ചെയ്തതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. ഒരു ലൂണാർ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമാണ് റോവർ പര്യവേഷണം നടത്തുക. ലാൻഡറും റോവറും സൗരോർജത്തിലാണ് പ്രവർത്തിക്കുക.

സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യും. ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവർ 14 ദിവസങ്ങൾക്ക് ശേഷം പ്രവർത്തനരഹിതമാകാനുള്ള കാരണം.

ഈ പതിനാല് ദിനങ്ങളിൽ റോവർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ശാസ്ത്രജ്ഞർ ലാൻഡറിൽ നിന്നും ലോവറിൽ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളിൽ നിന്നും വരുന്ന ഡാറ്റാ വിശകലനം ചെയ്യാൻ തുടങ്ങും. ഇതോടെയാവും പുതിയ ദൃശ്യങ്ങളും വിവരങ്ങളും യാഥാർത്ഥ്യത്തോട് ഏറ്റവും അടുത്ത രൂപത്തിൽ എത്തുക.

നിലപാടിൽ ഉറച്ച് ഗ്രോ വാസു, ജയിലിൽ തുടരും

മുൻ നക്സൽ നേതാവ് ഗ്രോ വാസു ജയിലിൽ തുടരും. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കേസിലാണ് 94കാരനായ ഗ്രോ വാസു ജയിലിൽ കഴിയുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഗ്രോ വാസുവിനെ ഇന്നു കോടതിയിൽ ഹാജരാക്കിയെങ്കിലും പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറായില്ല

ഇതേ തുടർന്നാണ് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ 28 ദിവസമായി ഗ്രോ വാസു ജയിലിൽ കഴിയുകയാണ്. കേസിന്റെ വിചാരണ കുന്ദമംഗലം കോടതിയിൽ ആരംഭിച്ചു. പ്രായമായ മനുഷ്യനാണെന്നും എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. അടുത്തമാസം നാലിന് നടത്തുന്ന വിചാരണയിൽ സാക്ഷികളോട് ഹാജരാകാനും കോടതി ഉത്തരവിട്ടു.

മുൻ നക്‌സൽ നേതാവ് ഗ്രോ വാസുവിനെ കോടതിയിൽ ഹാജരാക്കിയതിൽ ഗുരുതര വീഴ്ച്ച ഉണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വന്നിരുന്നു. ഗ്രോ വാസു സഹപ്രവർത്തകർക്കൊപ്പം ഇടപഴകിയതും, മാധ്യമങ്ങളെ കണ്ടതും പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് മൂലമാണെന്നാണ് റിപ്പോർട്ട്. 

ഇന്ത്യൻ ഗുസ്തി താരങ്ങൾ ന്യൂട്രൽ ആവും, റെസ്ലിംഗ് ഫെഡറേഷന്റെ അംഗീകാരം തെറിച്ചു

റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ(WFI) അംഗത്വം താൽക്കാലികമായി റദ്ദാക്കി. വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഗുസ്തി താരങ്ങളുടെ ഭാവി തുലയ്ക്കുന്നതാണ് നടപടി.

ലോക ഗുസ്തി ഗവേണിംഗ് ബോഡിയായ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ്(UWW) ന്റെ താണ് തീരുമാനം. റെസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് വൈകുന്നതിനെ തുടർന്നാണ് നടപടി.

വിവാദങ്ങളുടെ നടുവിലാണ് റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ. മുൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ വനിതാ താരങ്ങൾ ലൈംഗികാതിക്രമ പരാതിയിലെ നിസ്സംഗതയും ഇതുമൂലം താരങ്ങളെ തെരുവിൽ ഇറക്കിയതും ലോകത്തിന് മുന്നിൽ തന്നെ നാണക്കേടായിരുന്നു.

വിവാദങ്ങളും തുടർന്നുള്ള നിയമപോരാട്ടങ്ങളും കാരണം ഡബ്ല്യുഎഫ്‌ഐ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് അനന്തമായി നീളുന്ന സാഹചര്യമാണ്. ഇതും കായിക താരങ്ങളെ ശിക്ഷിക്കലായാണ് ഫലത്തിൽ മാറ്റി എടുത്തിരിക്കുന്നത്. രാഷ്ട്രീയ ക്രിമിനൽ ഡോൺ ആയി വിശേഷിപ്പിക്കപ്പെടുന്ന ബ്രിജ് ഭൂഷന്റെ താത്പര്യക്കാരെ തിരുകി കയറ്റാനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പ് നീളാൻ ഇടയാക്കിയത്.

മൂന്ന് തവണയായി ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയാണ്. ജൂലൈ നാലിന് എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 സംസ്ഥാന യൂണിറ്റുകളില്‍ നിന്നു പരാതി ഉയര്‍ന്നതോടെ അത് ജൂലൈ 11-ലേക്കു മാറ്റുകയായിരുന്നു.

പിന്നീട് ഡബ്ല്യുഎഫ്‌ഐ അംഗത്വം നിഷേധിക്കപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി അസം റെസ്ലിംഗ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് വീണ്ടും സ്‌റ്റേ ചെയ്തിരുന്നു. തുടർന്നാണ് ഓഗസ്റ്റ് 11നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി വീണ്ടും സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്.

ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പ് നടത്താൻ നൽകിയ 45 ദിവസത്തെ സമയപരിധി ജൂൺ 17ന് അവസാനിച്ച സാഹചര്യത്തിലാണ് യുഡബ്ല്യുഡബ്ല്യുവിൻ്റെ ഇപ്പോഴത്തെ നടപടി. ഇതോടെ സെപ്റ്റംബർ 16-ന് ആരംഭിക്കുന്ന ഒളിമ്പിക് യോഗ്യതാ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗുസ്തിക്കാർ ‘ന്യൂട്രൽ അത്ലറ്റുകളായി’ മത്സരിക്കേണ്ടിവരും.