റഷ്യൻ കൂലിപ്പടയുടെ വിവാദ നായകൻ പ്രിഗോഷി വാഗ്നർ കൊല്ലപ്പെട്ടു

0

റഷ്യയിലെ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടതായി ബി.ബി.സി വാര്‍ത്ത .

റഷ്യയിൽ ഏതു വിധേനയോ ഉണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് സൂചനകള്‍.

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിനും മോസ്‌കോയ്ക്കും ഇടയിലായാണ് അപകടം നടന്നതെന്ന് റഷ്യ വ്യക്തമാക്കി. പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റഷ്യന്‍ പ്രസിഡന്റ്‌ പുതിന്റെ വിശ്വസ്തനും വ്യവസായിയുമായ യെവ്ഗനി പ്രിഗോഷിന്‍ 2014-ല്‍ രൂപവത്കരിച്ച സ്വകാര്യ സൈനിക സംഘമാണ് പി.എം.സി. വാഗ്നര്‍ അഥവാ വാഗ്നര്‍ പട്ടാളം. വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് ഇവര്‍. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവര്‍ഷം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറി.

പിന്നീട് പുതിനെതിരേ വാഗ്നര്‍ ഗ്രൂപ്പ് തിരിഞ്ഞത് ലോകത്ത് കൗതുകമായി. മേധാവി യെവെഗ്‌നി പ്രിഗോഷിന്‍ സായുധകലാപത്തിന് ആഹ്വാനംചെയ്തുകൊണ്ട് വിമതമേധാവിയായി വാർത്തകൾ ഉണ്ടായി. റഷ്യയ്ക്കും പുതിനും എതിരെ സൈനിക പരേഡ് നടത്തുകയും ചെയ്തു.

ക്രെംലിന്‍ ഭരണകൂടത്തിന്റെ രഹസ്യഅജന്‍ഡകള്‍ ലോകമെമ്പാടും നടപ്പാക്കുകയായിരുന്നു ഈ കൂലിപ്പട ചെയ്തത്. സിറിയയില്‍ ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിന് നല്‍കിയ പിന്തുണമുതല്‍ മാലിയിലെ ഫ്രഞ്ച് സ്വാധീനത്തെ ചെറുക്കുന്നതില്‍വരെ വാഗ്‌നര്‍സേനയ്ക്ക് സ്വാധീനമുണ്ടായിരുന്നു. വാഗ്‌നറുമായി യാതൊരുബന്ധവുമില്ലെന്ന് പ്രിഗോഷിന്‍ വര്‍ഷങ്ങളോളം ആവര്‍ത്തിച്ചു. അത്തരം ആരോപണമുന്നയിക്കുന്നവരെ നിയമപരമായി നേരിടുകയുംചെയ്തു. എന്നാല്‍, 2022 സെപ്റ്റംബറിലാണ് താനാണ് വാഗ്‌നര്‍ സ്ഥാപിച്ചതെന്ന് തുറന്നുസമ്മതിക്കുന്നത്

ചന്ദ്രനെ കീഴടക്കിയിട്ട് എന്താണ് കാര്യം: 45 ചന്ദ്രൻ മാർ വേണം ഭൂമി നികത്താൻ

0


ചന്ദ്രനിൽ എത്ര ഇന്ത്യ ഉൾകൊള്ളും?
അതായത്
ചന്ദ്രന് എത്ര വലിപ്പമുണ്ട് ?

പഠിച്ചു വച്ചിരിക്കുന്ന രീതിയിൽ നിന്ന് അൽപം വ്യത്യസ്തമായി ചിന്തിക്കൂ.

ഇന്ത്യയുടെ കര വിസ്തീർണ്ണം ഏകദേശം 3.29 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. 

ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഏകദേശം 37.9 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. 

അതിനാൽ,  ചന്ദ്രന്റെ ഉപരിതലത്തിൽ ഏകദേശം പതിനൊന്ന് ഇന്ത്യയുടെ വലിപ്പമുള്ള ഭൂപ്രദേശങ്ങൾ ഉൾക്കൊള്ളിക്കാം.

ഇന്ന് ലോകത്തുള്ള എത്ര വലിയ രാജ്യങ്ങളെ ചന്ദ്രനിൽ ഒട്ടിച്ചു വയ്ക്കാൻ പറ്റും?

നാല്  വലിയ രാജ്യങ്ങളെ അതായത് റഷ്യ, ചൈന, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളെ  കഷ്ടിച്ച് ചന്ദ്രനിൽ ഉൾകൊളളിക്കാം. എങ്കിലും അമേരിക്കയുടെ അൽപം ഭാഗം പുറത്താകും.

ഭൂമിയെക്കാൾ ചെറുതാണ് ചന്ദ്രനെന്ന് നമുക്കറിയാം. പക്ഷേ എത്രത്തോളം ചെറുതാണ് ?

ചന്ദ്രന്റെ വ്യാപ്തം ഏകദേശം 21.9 ബില്യൺ ക്യുബിക് കിലോമീറ്ററാണ്, ഭൂമിയുടെ വ്യാപ്തം ഏകദേശം 1 ട്രില്യൺ ക്യുബിക് കിലോമീറ്ററാണ്.  അതിനാൽ, ഭൂമിയിൽ  45 ചന്ദ്രൻമാരെ  ഉൾക്കൊള്ളിക്കാൻ കഴിയും.

ചന്ദ്രന്റെ ഉപരിതലഭാഗം മാത്രം കണക്കിലെടുത്തു കൊണ്ട് ഭൂമിയുടെ ഉപരിതലം നിറച്ച് ഒട്ടിക്കാൻ എത്ര ചന്ദ്രൻമാരെ വേണ്ടി വരും?

ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഏകദേശം 37.9 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് എന്ന് നമുക്കറിയാം. 

ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം ഏകദേശം 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. 

അതിനാൽ, ഭൂമിയുടെ ഉപരിതലത്തിന് ഏകദേശം 13 ചന്ദ്രന്റെ വലിപ്പമുള്ള ഉപരിതല പ്രദേശങ്ങൾ ഉൾക്കൊള്ളാൻ കഴിയും.

ഇതൊരു ലളിതമായ താരതമ്യമാണെന്നും രണ്ട് ഗോളങ്ങളിലുമുള്ള  വക്രതയും ആകൃതി വ്യത്യാസങ്ങളും കണക്കിലെടുത്തിട്ടില്ലെന്നും ഓർമ്മിക്കുക.

കഷ്ടിച്ച് യാഥാർത്ഥ്യവുമായി അടുത്തു നിൽക്കുന്ന ചിത്രം

ഇനി ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള  ശരാശരി ദൂരം 384,400 കിലോമീറ്ററാണ് എന്ന് നമുക്കറിയാം. ഇത്ര വലിയ ദൂരം എങ്ങനെ ഗ്രഹിച്ചെടുക്കാം?

75 തവണ എറണാകുളത്തു നിന്ന് ഡൽഹിയിലേക്ക് പോയി വരുന്നതിനെക്കുറിച്ച് ചിന്തിക്കൂ.

എറണാകുളത്തു നിന്ന് ഡൽഹിയിലെത്താൻ ഏകദേശം 2600 കിലോമീറ്റർ യാത്ര ചെയ്യണം. തിരിച്ചെത്താൻ  വീണ്ടും 2600 കിലോമീറ്റർ.
അതായത് ഒരു റൗണ്ട് ട്രിപ്പിന് 5200 കിലോമീറ്റർ.
ഇതു പോലുള്ള 75 റൗണ്ട് ട്രിപ്പിന്റെ ദൂരമാണ് ചന്ദ്രനിലേക്കുള്ളത്.
അതും മേലോട്ട് !
കടപ്പാട്
വിനോദ് fb

ഇന്ത്യ ചന്ദ്രനെ തൊട്ടു, ലോകത്തിനൊപ്പം

0

അതെ ഇന്ത്യ ചന്ദ്രനെ തൊട്ടു. നാലു വർഷം മുമ്പ് അവസാനനിമിഷം പൊലിഞ്ഞു പോയ സ്വപ്നം  ഇതാ കീഴടക്കി.

അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന ചരിത്രവും ഇന്ത്യ ഇതോടൊപ്പം കുറിച്ചു. ഇന്ത്യയ്ക്കൊപ്പം ദക്ഷിണധ്രുവം ലക്ഷ്യമിട്ട് പോയ റഷ്യയുടെ ലൂണ 23 പാതിവഴിയിൽ തകർന്ന് വീണത് ദിവസങ്ങൾക്ക് മുമ്പാണ്.  ഇന്ത്യ ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കി

‘വിക്രം’ എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ വൈകീട്ട് 5.45-ന് ആരംഭിച്ചു. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് സാധ്യമായി.

ജൂലായ് 14- ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാന്‍-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍നിന്ന് മാര്‍ക്ക് -3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടുത്തി. ഓഗസ്റ്റ് അഞ്ചിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 17-ന് മാതൃപേടകമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ സ്വതന്ത്രമാക്കി. ഓഗസ്റ്റ് 20-ന് പുലര്‍ച്ചെ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റര്‍) ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 19-ന് ചന്ദ്രോപരിതലത്തില്‍നിന്ന് 70 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയും (എല്‍.പി.ഡി.സി.) ഓഗസ്റ്റ് 20-ന് ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ 4-യും ചിത്രങ്ങൾ പകർത്തി.

ചന്ദ്രയാൻ 3, ചന്ദ്രനെ തൊടാൻ ഇനി മണിക്കൂറുകൾ മാത്രം

0

‘വിക്രം’ എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ ബുധനാഴ്ച വൈകീട്ട് 5.45-ന് ആരംഭിക്കും.

വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമാകും ഇന്ത്യ. ഒപ്പം, ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യവുമാകും.

ദക്ഷിണധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ഇറങ്ങേണ്ടത്. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് എവിടെ വേണമെങ്കിലും ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ലാന്‍ഡിങ് ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കുക.

അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചാൽ ലാന്റിങ്ങ് 27 ലേക്ക് മറ്റും

19 മിനിറ്റില്‍ ലാന്‍ഡിങ്

ബുധനാഴ്ച വൈകിട്ട് 5.45-ന് ആരംഭിച്ച് 19 മിനിറ്റുകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ ലാന്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 25 കിലോമീറ്റര്‍ ഉയരത്തില്‍നിന്നാണ് പേടകത്തെ താഴേക്ക് ഇറക്കുന്ന നടപടി ആരംഭിക്കുക. മണിക്കൂറില്‍ 6048 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തെ ത്രസ്റ്റര്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് വേഗം കുറച്ച് ലാന്‍ഡ് ചെയ്യിക്കും.

ലാന്‍ഡ് ചെയ്തശേഷം

ലാന്‍ഡ് ചെയ്ത് നാലു മണിക്കൂറിനുശേഷം ആറു ചക്രമുള്ള റോവര്‍ പുറത്തേക്ക് ഇറങ്ങും. ഇന്ത്യയുടെ ദേശീയപതാകയും ഐ.എസ്.ആര്‍.ഒ.യുടെ മുദ്രയും റോവറിലുണ്ട്. വേഗം സെക്കന്‍ഡില്‍ ഒരു സെന്റീമീറ്റര്‍ ആയിരിക്കും. നാവിഗേഷന്‍ ക്യാമറ ഉപയോഗിച്ച് പരിസരം സ്‌കാന്‍ ചെയ്യും. ചന്ദ്രന്റെ പ്രതലം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ റോവറില്‍ ഉപകരണമുണ്ട്. വിവരങ്ങള്‍ ലാന്‍ഡറിന് കൈമാറും.

നാൾവഴി

ജൂലായ് 14- ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാന്‍-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍നിന്ന് മാര്‍ക്ക് -3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു.

• ഓഗസ്റ്റ് ഒന്ന്- പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടുത്തി.

• ഓഗസ്റ്റ് അഞ്ച്- പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു.

• ഓഗസ്റ്റ് 17- മാതൃപേടകമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ സ്വതന്ത്രമാക്കി.

• ഓഗസ്റ്റ് 20- പുലര്‍ച്ചെ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റര്‍) ഭ്രമണപഥത്തിലെത്തിച്ചു.

ഇനിയും ഹാജരാവണം; ഇ ഡി അവരുടെ ജോലി ചെയ്യുന്നു, നേർപ്പിച്ച് കെ സുധാകരൻ

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ ഇ ഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്ന് കെ. സുധാകരൻ. ഒരു ദിവസം കൂടി വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30 ന് വീണ്ടും ഹാജരാകും. ചോദ്യങ്ങൾക്കെല്ലാം സുഖകരമായി ഉത്തരം നൽകി. ഇ ഡി വേട്ടയാടുന്നുവെന്ന പരാതിയില്ല. അവർ അവരുടെ ജോലി ചെയ്യുന്നു. തനിക്കൊരു ഭയവുമില്ല- കെ സുധാകരൻ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇ ഡി സുധാകരനെ ചോദ്യം ചെയ്യുന്നത്. മോൻസൺ മാവുങ്കലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എടുത്ത കേസിൽ കെ. സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു.

പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. ഐ ജി ലക്ഷ്മണിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് നടത്തിയത്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മണെന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടനിലക്കാരുടെ സംഘം പ്രവർത്തിക്കുന്നുവെന്ന  ഗുരുതര ആരോപണം ഐജിയും ഹൈക്കോടതയിൽ ഉന്നയിച്ചിരുന്നു.

ഇന്ത്യൻ ഗ്രാന്റ് മാസ്റ്റർ പ്രഗ്നാനന്ദ മുന്നേറുന്നു; നോക്കൗട്ടിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം

അസര്‍ബെയ്ജാനിൽ നടക്കുന്ന ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ ഗെയിമില്‍ മുന്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദ. വിശ്വനാഥൻ ആനന്ദിന് ശേഷം ഇന്ത്യയുടെ പ്രതീക്ഷയും ലോകത്തിന്റെ കൗതുകവുമാവുകയാണ് ഈ അൽഭുത ബാലൻ .

ഫിഡെ ചെസ് ലോകകപ്പില്‍ ചരിത്രമെഴുതാൻ

35 നീക്കങ്ങള്‍ക്ക് ശേഷമാണ് ആദ്യ ഗെയിമില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞത്. ആദ്യ ക്ലാസിക്കല്‍ മത്സരത്തില്‍ വെള്ളക്കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ബുധനാഴ്ച നടക്കുന്ന രണ്ടാം ക്ലാസിക്കല്‍ മത്സരത്തില്‍ കാള്‍സനാകും വെള്ളക്കരുക്കളുമായി കളിക്കുക.

രണ്ട് ക്ലാസിക്കല്‍ ഗെയിമുകള്‍ അടങ്ങുന്നതാണ് ചെസ് ലോകകപ്പ് ഫൈനല്‍. ആദ്യ 40 നീക്കങ്ങള്‍ക്ക് രണ്ട് കളിക്കാര്‍ക്കും 90 മിനിറ്റ് ലഭിക്കും. ഓരോ നീക്കത്തിനും 30 സെക്കന്‍ഡ് വര്‍ധനയോടെ കളിയുടെ ബാക്കി ഭാഗങ്ങളില്‍ 30 മിനിറ്റും നല്‍കും. രണ്ടാം ഗെയിമില്‍ ജയിക്കുന്നയാള്‍ ലോകകപ്പ് സ്വന്തമാക്കും. മത്സരം സമനിലയായാല്‍ ടൈബ്രേക്കറിലേക്ക് കളി നീളും.

വിശ്വനാഥന്‍ ആനന്ദിനുശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ താരം ഫൈനലില്‍ കളിക്കുന്നത്. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്. 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് 18-കാരനായ പ്രഗ്‌നാനന്ദ.

ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡിങ് ലിറന്റെ എതിരാളിയെ നിശ്ചയിക്കുന്ന കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ കളിക്കാനും പ്രഗ്‌നാനന്ദ യോഗ്യതനേടി. കാന്‍ഡിഡേറ്റ് ചെസിന് യോഗ്യതനേടുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ താരമാണ്. ബോബി ഫിഷര്‍, മാഗ്‌നസ് കാള്‍സന്‍ എന്നിവരാണ് നേരത്തെ ഈ നേട്ടം കൈ വരിച്ചത്.

സുജിതയെ കൊന്നു കുഴിച്ചിട്ടു മുകളിൽ കുളിമുറി പണിയാനും പദ്ധതിയിട്ടു; തിരച്ചിലിന് മുന്നിൽ നിന്നതും നേതാവ് തന്നെ

തുവ്വൂരില്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടത് കാണാതായ സുജിതയുടെ മൃതദേഹം തന്നെയെന്ന് പ്രതി വിഷ്ണുവിന്റെ മൊഴി. സുജിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം കെട്ടിത്തൂക്കി. പിന്നീട് പദ്ധതി മാറ്റി. മുറ്റത്ത് കുഴിച്ചിട്ട് പി സാൻ്റും മെറ്റലും നിരത്തി. അവിടെ കുളിമുറി പണിയാനും പദ്ധതിയിട്ടു.

സഹോദരങ്ങളുടെയും അച്ഛന്റെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് വീട്ടുമുറ്റത്ത് കുഴിച്ചിട്ടതെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ വിഷ്ണു പോലീസിനോട് വെളിപ്പെടുത്തി. വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകൾ വരെ

തുവ്വൂര്‍ പള്ളിപ്പറമ്പ് സ്വദേശി മനോജിന്റെ ഭാര്യ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി മുതലാണ് കാണാതായത്. കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമാണ് സുജിത. നേരത്തെ പഞ്ചായത്ത് ഓഫീസില്‍ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണുവും സുജിതയും തമ്മില്‍ പരിചയമുണ്ടായിരുന്നതായും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് വിവരം. ഇതുസംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. കൃത്യം നടത്തിയ ശേഷം യുവതിയുടെ ആഭരണങ്ങള്‍ പ്രതി കൈക്കലാക്കിയതായും വിവരമുണ്ട്.

പഞ്ചായത്ത് ഓഫീസിന് ഇരുന്നൂറുമീറ്ററോളം അടുത്താണ് വിഷ്ണുവിന്റെ വീട്.സുഹൃത്തായ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി തന്നെ പ്രതി കൊലപ്പെടുത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. മൃതദേഹം കുഴിച്ചിടാനായി വിഷ്ണുവിന്റെ അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരും സഹായിച്ചതായാണ് വിവരം. ഇവരും പോലീസിന്റെ കസ്റ്റഡിയിലാണ്.

മുകളില്‍ കോഴിക്കൂടും സ്ഥാപിച്ചു

സുജിതയുടെ മൃതദേഹം കുഴിച്ചിട്ട് മെറ്റല്‍നിരത്തിയ ശേഷം അതിന് മുകളിലായി കോഴിക്കൂടും സ്ഥാപിച്ചിരുന്നു. എന്തിനാണ് മെറ്റല്‍ ഇറക്കിയതെന്ന് ചോദിച്ചപ്പോള്‍ ആ ഭാഗത്ത് അലക്കുക്കല്ല് സ്ഥാപിക്കാനാണെന്നായിരുന്നു വിഷ്ണു നേരത്തെ നാട്ടുകാരോട് പറഞ്ഞിരുന്നതെന്നും സമീപവാസികള്‍ പറഞ്ഞു.

സുജിതയെ തിരഞ്ഞും പോസ്റ്റ് ഇട്ടും വിഷ്ണു മുന്നിൽ നിന്നു

ഓഗസ്റ്റ് 11-ന് സുജിതയെ കാണാതായത് മുതല്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ വിഷ്ണു തിരച്ചിലിന് മുന്‍നിരയിലുണ്ടായിരുന്നു. സുജിതയെ കാണാനില്ലെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ആദ്യമിട്ടതും വിഷ്ണുവാണ്. ഓഗസ്റ്റ് 11-ാം തീയതിയായിരുന്നു ഇത്തരത്തിലുള്ള ആദ്യ പോസ്റ്റ്. എല്ലാവരും ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യണമെന്നും വിവരം കിട്ടുന്നവര്‍ അറിയിക്കണമെന്നുമായിരുന്നു അഭ്യര്‍ഥന. പിന്നീട് കരുവാരക്കുണ്ട് പോലീസ് പങ്കുവെച്ച പോസ്റ്റും വിഷ്ണു ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സുജിതയുടെ തിരോധാനത്തില്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണം നിര്‍ണായകമായെന്നാണ് സൂചന. കാണാതായ സുജിതയുടെ ഫോണില്‍നിന്ന് അവസാനം വിളിച്ച നമ്പര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ വിഷ്ണുവിന്റേതായിരുന്നു. മാത്രമല്ല, വിഷ്ണുവിന്റെ വീടിന് പരിസരത്തുവെച്ചാണ് സുജിതയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആയതെന്നും പോലീസ് കണ്ടെത്തി. ഇതോടെ വിഷ്ണു പോലീസിന്റെ നിരീക്ഷണത്തിലായിരുന്നതായാണ് വിവരം. ഇയാളില്‍നിന്ന് പലതവണ പോലീസ് വിവരങ്ങളും ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച വൈകിട്ടോടെ പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയത്. ഇതോടെയാണ് വിഷ്ണുവിന്റെ വീട്ടിലാണ് യുവതിയെ കൊന്ന് കുഴിച്ചിട്ടിരിക്കുന്നതെന്ന് പുറംലോകമറിഞ്ഞത്.

പഞ്ചായത്തില്‍ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണു 20 ദിവസം മുമ്പാണ് ജോലിയില്‍നിന്ന് രാജിവെച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഐ.എസ്.ആര്‍.ഒ.യില്‍ ജോലിലഭിച്ചെന്ന് പറഞ്ഞാണ് ഇയാള്‍ പഞ്ചായത്തിലെ ജോലിവിട്ടത്.

മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ്

മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. എ സി മൊയ്തീനുമായി ബന്ധമുള്ള 4 പേരുടെ വീടുകളിലും പരിശോധന നടത്തുന്നു.

കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ റെയ്ഡ് നടത്തുന്നത്. കുന്നംകുളം എംഎൽഎയാണ് എസി മൊയ്തീൻ. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. എ.സി. മൊയ്തീന്റെ കുന്നംകുളത്തെ ഓഫീസിലും പരിശോധന നടക്കുകയാണ്.

ഇന്ന് രാവിലെ 7.30മുതലാണ് പരിശോധന ആരംഭിച്ചത്. വലിയൊരു സംഘം ഇഡി ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. മൂന്ന് കാറുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.

ഉപതെരഞ്ഞെടുപ്പ് കഴിയട്ടെ ചിലത് പറയാനുണ്ടെന്ന് കെ മുരളീധരൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി കെ മുരളീധരൻ എംപി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കും ചില കാര്യങ്ങൾ പറയാനുണ്ട്. കെ കരുണാകരൻ സ്മാരക നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. ഈ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിശദ വിവരങ്ങൾ ആറാം തീയതിക്ക് ശേഷം പറയുമെന്നും കെ മുരളീധരൻ.

കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി ചുരുക്കിയതിൽ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. തൽക്കാലം തെലങ്കാന തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചാൽ മറുപടി പറയാമെന്നും കേരളത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം താനും ചില കാര്യങ്ങൾ പറയും. കെ കരുണാകരന്റെ പേരിലുള്ള സ്മാരകത്തിന്റെ പണി തിരുവനന്തപുരത്ത് ഇതുവരെ ആരംഭിച്ചിട്ടില്ല. ലോക്സഭാ കാലാവധി കഴിഞ്ഞതിന് ശേഷം ഇക്കാര്യത്തിൽ ശ്രദ്ധ നൽകാൻ ആഗ്രഹിക്കുന്നു. അതുവരെ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാനാണ് ആഗ്രഹം. ആറാം തീയതിക്ക് ശേഷം വിശദമായി പറയാമെന്നും കെ മുരളീധരൻ.

VSSC ടെക്നീഷ്യൻ പരീക്ഷയിലെ ഹൈടെക് ആൾമാറാട്ടത്തിന് പിന്നിൽ വൻ സംഘം, നേരത്തെയും തട്ടിപ്പ് നടത്തിയതായും നിഗമനം

വി.എസ്.എസ്.സി (വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) പരീഷയിലെ കോപ്പിയടി സംഘത്തിന് രാജ്യമാകെ വേരുകളെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. കോപ്പിയടി ഏറെ നാളത്തെ ആസൂത്രണത്തിന് പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ ഉത്തരേന്ത്യൻ സംഘം വൻ തോതിൽ മത്സര പരീക്ഷകളിൽ ആസൂത്രിത ക്രിത്രിമം നടത്തുന്നു എന്ന ഉദ്യോഗാർഥികളുടെ പരാതി വെളിപ്പെടുകയാണ്. ഉന്നത നിലവാലത്തിലുള്ള ചോദ്യ പേപ്പറുകൾ പോലും ഒരേ പോലെ ജയിച്ച് പ്രത്യേക പ്രദേശങ്ങളിലും വിഭാഗത്തിലുമായി ഉള്ളവർ ജോലിയിൽ കയറുന്ന സാഹചര്യം ഏറെ കാലമായി പരാതിയിൽ ഉള്ളതാണ്. എന്നാൽ ഇത് ഉദ്യോഗാർഥികളുടെ നിരാശയിൽ നിന്നുള്ള ആരോപണം മാത്രമായി തള്ളിക്കളയുകയാണ് പതിവ്. ഉദ്യോഗാർഥികൾ സംഘടിതർ അല്ലാത്തതും നിശ്ചിത പരീക്ഷ കഴിഞ്ഞാൽ മറ്റു മേഖലകളിലേക്ക് തിരിയുന്നതും ഇത്തരം ക്രിത്രിമത്വത്തിന് എതിരെ തുടർച്ചയായ പ്രവർത്തിക്കുന്നതിന് സാധ്യത ഇല്ലതാക്കുന്നു. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗാർഥികൾക്കായി ഇത്തരം കാര്യങ്ങൾ പാർലമെൻ്റിൽ ഉൾപ്പെടെ അധികാര കേന്ദ്രങ്ങളിൽ എത്തിക്കുന്നതിൽ വിമുഖരുമാണ്.

പ്രത്യേകം ഉപകരണങ്ങൾ നിർമ്മിച്ച്, ഡാറ്റാ കേന്ദ്രത്തിൽ ഇരുന്ന് നിയന്ത്രിക്കാൻ സംവിധാനം

കോപ്പിയടിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക് വസ്തുക്കൾ ഉപയോഗിച്ചതായി കമ്മീഷണർ വ്യക്തമാക്കി. ഇവ പ്രാദേശികമായി നിർമിച്ചതാണെന്നാണ് കരുതുന്നത്. മൊബൈൽ ഫോണിനു പുറമെ പ്രത്യേകമായി നിർമിച്ച ഹെഡ്‌സെറ്റും ഇതുമായി ബന്ധപ്പിച്ച മറ്റൊരു ഉപകരണവും ഇവർ ഉപയോഗിച്ചിട്ടുണ്ട്. ഈ ഉപകരണത്തിനകത്ത് സിം കാർഡ് ഇടുന്നതിനുള്ള സൗകര്യമുണ്ട്. ഇവ ബന്ധപ്പെട്ടിരിക്കുന്നത് കണ്ട്രോള്‍ റൂം പോലുള്ള കേന്ദ്രത്തിൽ നിന്നുമാണ്‌. ഉത്തരം പറഞ്ഞു കൊടുക്കുന്നത് ഇത്തരം കേന്ദ്രങ്ങളിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്യാമറ ഘടിപ്പിക്കുന്നതിനായി പ്രത്യേകം തുന്നിയ ഷർട്ടാണ് കോപ്പിയടിച്ചവര്‍ ധരിച്ചത്. ബട്ടൺ ഹോളുകളിലാണ് ക്യാമറ വയ്ക്കുന്നത്. ഇത്തരത്തിലുള്ള കോപ്പിയടി കുപ്പായങ്ങൾ ഒരുക്കണമെങ്കിൽ കൃത്യമായ ആസൂത്രണം ആവശ്യമാണ്. മൂന്ന് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവയൊന്നും പുതിയവയല്ല. ഇത് മറ്റ് സ്ഥലങ്ങളിലും ഇവർ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും കമ്മീഷണർ സൂചിപ്പിച്ചു.

തട്ടിപ്പ് ഏജൻ്റുമാർ വിമാനത്തിൽ പറന്നെത്തി മടങ്ങും

വലിയ സംഖ്യ വാങ്ങിയതിന് ശേഷമാണ് ഇവരെല്ലാം ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. ഒരു സംഘത്തിന്റെ ഭാ​ഗമാണ് പിടിയിലായവർ എന്നാണ് കരുതുന്നത്. വിമാനത്തിലാണ് സംഘം തിരുവനന്തപുരത്തെത്തിയത്. വിശദമായ അന്വേഷണത്തിന് ഹരിയാണ പോലീസിന്റെ സഹായം ആവശ്യമാണ്. 2022-ൽ ഡിഫൻസിന്റെ സി ഗ്രൂപ്പ് പരീക്ഷയുമായി ബന്ധപ്പെട്ടും സമാനമായ രീതിയിൽ 29 ഹരിയാണ സ്വദേശികളെ പിടികൂടിയിരുന്നു. ഇം സംഭവത്തിന് നിലവിലെ കോപ്പിയടിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന്‌ പരിശോധിക്കുന്നതിനായി തമിഴ്‌നാട് പോലീസിന്റെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിയാനയിൽ നിന്ന് 469 പേർ വന്നതു തന്നെ സംശയം ബലപ്പെടുത്തി

പരീക്ഷ എഴുതുന്നതിനായി 469 പേരാണ് ഹരിയാണയിൽനിന്നെത്തിയത്. ഇവരിൽ ഭൂരിഭാ​ഗവും മറ്റു പലർക്കുംവേണ്ടി പരീക്ഷയെഴുതാനാണ് സ്ഥലത്തെത്തിയത്. കേന്ദ്രങ്ങളിൽ കയറുന്നവർക്കായി യഥാർഥ അപേക്ഷകരുടെ വ്യാജ ആധാറും മറ്റ് തിരിച്ചറിയൽ രേഖകളും നിർമിക്കും. പകരക്കാരൻ പരീക്ഷയെഴുതി വിജയിച്ചാൽ അഭിമുഖത്തിനും പിന്നീട് ജോലിയിൽ പ്രവേശിക്കാനുമെത്തുന്നത് യഥാർഥ അപേക്ഷകരാകും. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കുമ്പോൾ ഫോട്ടോയ്ക്കുള്ള കൃത്യതക്കുറവ് ക്രമക്കേട് നടത്തുന്നവർക്ക് തുണയായെന്നാണ് വിവരം.

പരീക്ഷ റദ്ദാക്കി

ആള്‍മാറാട്ടവും ഹൈടെക്ക് കോപ്പിയടിയും പിടിക്കപ്പെട്ടതിന് പിന്നാലെ വി എസ് എസ് സി നടത്തിയ ടെക്‌നീഷ്യന്‍ ഗ്രേഡിലേക്കുള്ള പരീക്ഷ റദ്ദാക്കി. പുതിയ പരീക്ഷയുടെ തിയ്യതി പിന്നീട് അറിയിക്കുമെന്ന് വിഎസ്എസിഎസി അറിയിച്ചു. പരീക്ഷ റദ്ദാക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.