VSSC ടെക്നീഷ്യൻ പരീക്ഷ റദ്ദാക്കി; ഹരിയാനയിൽ നിന്ന് മാത്രം 469 പേർ, ഉത്തരേന്ത്യൻ തട്ടിപ്പ് തുർച്ചയെന്ന് ഉദ്യോഗാർഥികൾ

ഐഎസ്ആര്‍ഒ പരീക്ഷയിൽ ഉത്തരേന്ത്യയിൽ നിന്നുള്ള സംഘം കൂട്ടമായി ഹൈ ടെക് ക്രിത്രിമം നടത്തിയാതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. വിഎസ്എസ്‌സി ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കി. റേഡിയോഗ്രാഫര്‍,ടെക്‌നീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ പരീക്ഷകള്‍ ആണ് റദ്ദാക്കിയത്. പരീക്ഷ റദ്ദാക്കണമെന്ന് കേരള പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പരീക്ഷയില്‍ കോപ്പിയടിയും ആള്‍മാറാട്ടവും നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ പരീക്ഷയില്‍ കോപ്പിയടിയും ആള്‍മാറട്ടവും നടത്തിയതിനു പിന്നില്‍ വന്‍സംഘമെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

ഉത്തരേന്ത്യയിൽ നിന്ന് വൻ സംഘം

ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളും തട്ടിപ്പില്‍ പങ്കാളികളായെന്ന് വിവരം. അറസ്റ്റിലായ ഹരിയാന സ്വദേശി സുമിത്തിന്റെ യഥാര്‍ഥ പേര് മനോജ് കുമാറാണെന്നും ഇയാള്‍ പരീക്ഷ എഴുതിയത് സുമിത്തിന് വേണ്ടിയാണെന്നും പൊലിസ് പറഞ്ഞു.

ഹരിയാനക്കാരായ 469 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. തട്ടിപ്പിന് പിടിയിലായതും ഹരിയാന സ്വദേശികളാണ്. ഇത്രയും പേര്‍ ഹരിയാനയില്‍ നിന്ന് പങ്കെടുത്തതില്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇവരുടെ പിന്നില്‍ ഹരിയാനയിലെ കോച്ചിങ് സെന്ററാണെന്നും പൊലീസ് സംശയിക്കുന്നു.

ഭൂമിതരം മാറ്റൽ; മുൻകാല പ്രാബല്യം ആവശ്യപ്പെട്ടുള്ള കേസിലെ അനുകൂല വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്ത ഹരജിക്ക് സ്റ്റേ

25 സെന്റില്‍ താഴെയുള്ള ഭൂമിയുടെ തരംമാറ്റാന്‍ ഫീസ് വേണ്ടതില്ലെന്ന 2019 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യം നേരത്തെയുള്ള അപേക്ഷകർക്കും ബാധകമാക്കിയ വിധി നടപ്പാവുമോ. ഈ വിധി നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിന് എതിരെ നൽകിയ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതിയില്‍ നടക്കുന്ന കോടതിയലക്ഷ്യ നടപടിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി മുൻകാല പ്രാബല്യം ആവശ്യപ്പെട്ടവർക്ക് നോട്ടീസ് അയച്ചു.

2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നിലം തരം മാറ്റാന്‍ അപേക്ഷ നല്‍കിയ ദിവസം കണക്കാക്കി ഫീസിളവ് അനുവദിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. റവന്യൂ രേഖകളില്‍ നിലമാണെങ്കിലും ഡേറ്റ ബാങ്കില്‍ ഉള്‍പ്പെടാതെ കിടക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റോ അതുവരെ ഉപയോഗിക്കാത്തതുമായ 25 സെന്റില്‍ താഴെയുള്ള ഭൂമിയുടെ തരം മാറ്റാന്‍ ഫീസ് വേണ്ടതില്ലെന്ന 2021 ഫെബ്രുവരി 25ലെ സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യം അതിനുമുമ്പുള്ള അപേക്ഷകര്‍ക്കും ബാധകം ആണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിലാണ് മുൻകാല പ്രാബല്യം ആവശ്യപ്പെട്ടത്.

ഈ വിധി നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും വാദിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജിയില്‍ നോട്ടീസ് അയച്ചത്.

ഹൈക്കോടതി വിധി നടപ്പാക്കത്തിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി അടുത്ത ദിവസങ്ങളില്‍ ഹൈക്കോടതി പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിലെ നടപടികള്‍ ആണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

ചാന്ദ്രയാൻ 3 വിജയത്തിലേക്ക്, 2019 ൽ പരാജയപ്പെട്ട വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ അവശേഷിച്ച ഓർബിറ്ററുമായി ആശയ വിനിമയം സാധ്യമായി

ഇന്ത്യയുടെ ചാന്ദ്ര ദൌത്യത്തിൽ പ്രതീക്ഷിത മുന്നേറ്റം. പരാജയപ്പെട്ട 2019 ലെ ഓർബിറ്ററുമായി ഇപ്പോഴത്തെ ചന്ദ്രയാൻ ത്രീ ആശയ വിനിമയം സാധ്യമാക്കി. ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാൽ പ്രദാൻ എന്ന് പേരിട്ട ഓര്‍ബിറ്റർ ചന്ദ്രോപരിതലത്തിന് ചുറ്റും 100 x 100 കിമീ ഭ്രമണ പഥത്തിൽ ഉണ്ടായിരുന്നു.

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് ചന്ദ്രയാന്‍ 3 ഒരുക്കിയത്. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഇപ്പോഴും സജീവമായി ചന്ദ്രന്റെ ചുറ്റുന്നതിനാല്‍ ചന്ദ്രയാന്‍ 3 യില്‍ പ്രത്യേകം ഓര്‍ബിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിക്രം ലാന്ററുമായുള്ള ഐഎസ്ആര്‍ഒയുടെ മിഷന്‍ ഓപ്പറേറ്റര്‍ കോംപ്ലക്‌സിന്റെ ആശയവനിമിയങ്ങള്‍ ഈ ഓര്‍ബിറ്റര്‍ വഴിയായിരിക്കും.

ആശയവിനിമയ ബന്ധം സ്ഥാപിച്ച വിക്രം ലാന്ററിന് ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ സ്വാഗത സന്ദേശം അയച്ചതായി ഐഎസ്ആര്‍ഒ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ് ഓഗസ്റ്റ് 23 ബുധനാഴ്ച 5.20 ന് ആരംഭിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഈ മാസം 27 വരെ ലാൻ്റിങ് തീയതി നീട്ടാനുള്ള സാധ്യതയും ഉണ്ട്. പരമാവധി സുരക്ഷിതമായി ഇറക്കുക എന്നതാണ് ലക്ഷ്യം.

ലാന്റിങിന് മുമ്പ് വിക്രം ലാന്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ ഇന്ന് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച പകര്‍ത്തിയ ചിത്രങ്ങളാണിവ. ദക്ഷിണ ധ്രുവത്തിലെ വിവിധ ഗര്‍ത്തങ്ങള്‍ ഇതില്‍ കാണാം.

ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി വിക്ഷേപിച്ച റഷ്യയുടെ ലൂണ-25 പേടകം ലാന്റിങിന് തയ്യാറെടുക്കവെ നിയന്ത്രണം വിട്ട് ചന്ദ്രനില്‍ പതിച്ചിരുന്നു. ഈ ദൗത്യം പരാജയപ്പെട്ടതോടെ എല്ലാ കണ്ണുകളും ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ചന്ദ്രയാൻ ടുവുമായുള്ള ആശയ വിനിമയം ലഭിച്ചത്.

അഴിമതി, കഴിഞ്ഞ വർഷം ഏറ്റവും അധികം പരാതികൾ ഉണ്ടായത് ആഭ്യന്തര മന്ത്രാലയത്തിനും റെയിൽവേക്കും എതിരെ

0

കേന്ദ്ര വിജിലൻസ് കമ്മിഷന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പുറത്ത് വിട്ടു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ഉയർന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെയാണ്. റെയിൽവേയിലും പൊതു മേഖല ബാങ്കുകളിലും ജോലി ചെയ്യുന്നവർക്കെതിരെയും ഏറ്റവും അധികം പരാതികൾ എത്തി.

പരാതികളിൽ പകുതിയും കെട്ടി കിടക്കുന്നു

2022ൽ കേന്ദ്ര സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായുള്ള എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെയായി ആകെ 1,15,203 പരാതികൾ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, 85,437 എണ്ണം തീർപ്പാക്കുകയും 29,766 എണ്ണം തീർപ്പാക്കാതെ കിടക്കുകയും ചെയ്യുന്നുണ്ട്. 22,034 എണ്ണം മൂന്ന് മാസത്തിലേറെയായി പരിഹരിക്കപ്പെടാതെയും കിടക്കുന്നുണ്ട്. അതായത് മൊത്തം പരാതിയിൽ പകുതിയും പരിഹാരമില്ലാതെ തുടരുന്നു.

ചീഫ് വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരാതികൾ പരിശോധിക്കാൻ മൂന്ന് മാസത്തെ സമയപരിധി സെൻട്രൽ വിജിലൻസ് കമ്മീഷൻ (സിവിസി) നിർദ്ദേശിച്ചിട്ടുണ്ട്. റിപ്പോർട് അനുസരിച്ച്, കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 46,643 പരാതികളും റെയിൽവെയ്‌ക്കെതിരെ 10,580 പരാതികളും ബാങ്ക് ജീവനക്കാർക്കെതിരെ 8,129 പരാതികൾ ലഭിച്ചതായും പറയുന്നു.

ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരായ മൊത്തം പരാതികളിൽ 23,919 എണ്ണം തീർപ്പാക്കുകയും 22,724 എണ്ണം തീർപ്പാക്കാതെയും കിടക്കുന്നു. 19,198 എണ്ണം മൂന്ന് മാസത്തിലേറെയായി തീർപ്പാക്കാതെയും കിടക്കുന്നുണ്ട്.

റെയിൽവേ ജീവനക്കാർക്കെതിരെയുള്ള പരാതികളിൽ 9,663 തീർപ്പാക്കിയപ്പോൾ 917 പരാതികൾ തീർപ്പാക്കാതെ കിടക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. 7,762 അഴിമതി പരാതികൾ ബാങ്കുകൾ തീർപ്പാക്കുകയും 367 എണ്ണം തീർപ്പാക്കാതെ കിടക്കുകയും ചെയ്യുന്നുണ്ട്. 78 എണ്ണം മൂന്ന് മാസത്തിലേറെയായവയുമാണ്.

ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ഗവൺമെന്റ് ജീവനക്കാർക്കെതിരെ 7,370 പരാതികൾ ഉണ്ടെന്നാണ് റിപ്പോർട്ടിലെ കണക്കുകൾ പറയുന്നത്. ഇതിൽ 6,804 എണ്ണം തീർപ്പാക്കുകയും 566 എണ്ണം തീർപ്പാക്കാതെ കിടക്കുകയും ചെയ്യുന്നുണ്ട്.

ഭവന-നഗരകാര്യ മന്ത്രാലയം (കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെ), ഡൽഹി വികസന അതോറിറ്റി, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ, ഡൽഹി അർബൻ ആർട്ട് കമ്മീഷൻ, ഹിന്ദുസ്ഥാൻ പ്രിഫാബ് ലിമിറ്റഡ്, ദി ഹൗസിങ്‌ ആൻഡ് അർബൻ കോർപ്പറേഷൻ ലിമിറ്റഡ്, എൻബിസിസി, എൻസിആർ പ്ലാനിംഗ് ബോർഡ് എന്നിവയിലെ ജീവനക്കാർക്കെതിരെയാണ് 4,710 പരാതികളെന്ന് റിപ്പോർട്ട് പറയുന്നു.

ഇതിൽ 3,889 എണ്ണം തീർപ്പാക്കുകയും 821 എണ്ണം തീർപ്പാക്കാതെ കിടക്കുകയും ചെയ്യുന്നുണ്ട്. 577 എണ്ണം മൂന്ന് മാസത്തിലേറെയായവയുമാണ്. കൽക്കരി മന്ത്രാലയത്തിലുള്ളവർക്കെതിരെ 4,304 പരാതികളും (4,050 തീർപ്പാക്കിയത്), തൊഴിൽ മന്ത്രാലയത്തിലുള്ളവർക്കെതിരെ 4,236 പരാതികളും (4,016 തീർപ്പാക്കിയത്), പെട്രോളിയം മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 2,617 പരാതികളും (2,409 തീർപ്പാക്കിയത്) എന്നിങ്ങനെയാണ് സിവിസി വാർഷിക റിപ്പോർട്ട്.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ജീവനക്കാർക്കെതിരെ 2,150 പരാതികളും, പ്രതിരോധ മന്ത്രാലയ ജീവനക്കാർക്കെതിരെ 1,619 പരാതികളും, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ജീവനക്കാർക്കെതിരെ 1,308 പരാതികളും, ധനമന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 1,202 പരാതികളും, സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി)യിലുള്ളവർക്കെതിരെ 1,101 പരാതികളുമാണുള്ളത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇൻഷുറൻസ് കമ്പനികളിൽ ജോലി ചെയ്യുന്നവർക്കെതിരെ 987, പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 970, സ്റ്റീൽ മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 923 പരാതികൾ എന്നിങ്ങനെയാണ് സിവിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

താനൂർ ബോട്ടപകടം, മന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ തുറന്നു പറഞ്ഞ സി ഇ ഒയുടെ കസേര തെറിച്ചു

താനൂർ ബോട്ടപകടത്തിന് പിന്നാലെ തുറമുഖമന്ത്രിയുടെ ഓഫിസിലെ ഇടപെടൽ സംബന്ധിച്ച് തുറന്നു പറഞ്ഞ മാരിടൈം സിഇഒയുടെ കസേര തെറിച്ചു. സിഇഒ സ്ഥാനത്ത് നിന്ന് ടിപി സലിംകുമാറിനെയാണ് മാറ്റിയത്. പൊതുഭരണ അഡീഷണൽ സെക്രട്ടറി ഷൈൻ എ ഹഖിനാണ് പകരം ചുമതല.

അറ്റലാന്റിക് ബോട്ടിന്റെ രജിസ്‌ട്രേഷൻ അപേക്ഷ പരിഗണിക്കാൻ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.പി അൻവർ സാദത്ത് ഇടപെട്ടുവെന്നായിരുന്നു അന്ന് സിഇഒ വെളിപ്പെടുത്തിയത്. വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും മറ്റുമായിരുന്നു അൻവർ സാദത്തിന്റെ ആവശ്യം. എന്നാൽ നിയമപരമായി തന്നെ ഇത് നടക്കുന്ന കാര്യമായിരുന്നു. ആവശ്യം പരിഗണച്ചല്ല അല്ലാതെ നിയമത്തിന്റെ വഴിയിലൂടെ തന്നെ നീങ്ങി ഇത് ചെയ്തിരുന്നുവെന്നാണ് അന്ന് മൊഴിയിൽ നൽകിയത്.

താനൂർ ബോട്ടപകടത്തിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അന്വേഷണ പരിധിയിൽ കൊണ്ടുവരാത്തതിൽ ആക്ഷേപം ഉയർന്നിരുന്നു.

വി എസ് എസ് സി ടെക്നീഷ്യൻ പരീക്ഷാ തട്ടിപ്പിന് പിന്നിൽ വൻ സംഘം, ഉത്തരേന്ത്യക്കാർ ഒന്നിച്ചെത്തി

ആള്‍മാറാട്ടം നടത്തി മത്സര പരീക്ഷയിൽ മൊബൈൽ സാങ്കേതികത ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ രണ്ട് ഹരിയാണ സ്വദേശികള്‍ അറസ്റ്റില്‍. വി.എസ്.എസ്.സി. രാജ്യവ്യാപകമായി നടത്തിയ ടെക്‌നിഷ്യന്‍ (ഇലക്ട്രീഷ്യന്‍ ഗ്രേഡ് ബി) പരീക്ഷയിലായിൽ തിരുവനന്തപുരം സെൻ്ററിലാണ് ക്രിത്രിമം കണ്ടെത്തിയത്.

ഇത് രാജ്യവ്യാപകമായി നടത്തിയ ക്രിത്രിമമാണ് എന്നാണ് പ്രാഥമിക നിഗമനം. പിന്നിൽ ഹരിയാനയിൽ നിന്നുള്ള കോച്ചിങ് സെൻ്ററിൻ്റെ പങ്കാളിത്തവും സംശയിക്കുന്നു.

തട്ടിപ്പിന് പിന്നിൽ ഹരിയാനയിൽ നിന്നുള്ള കോച്ചിങ് സ്ഥാപനം, ഏറ്റവും അധികം പേർ പരീക്ഷ എഴുതിയതും ഇവിടെ നിന്ന്

ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ്, ചെറിയ ക്യാമറ, ക്ലൗഡ് സ്റ്റോറേജ് എന്നിവയുപയോഗിച്ചാണ് പ്രതികള്‍ ക്രമക്കേട് കാണിച്ചത്. സുമിത്(25), സുനില്‍(25) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഹരിയാണയിലുള്ള കോച്ചിങ് സ്ഥാപനങ്ങള്‍ക്കാണ് ഇവര്‍ ചോദ്യപേപ്പറിന്റെ ചിത്രം അയച്ചുകൊടുത്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ള ആളുകള്‍ക്ക് വേണ്ടിയാണ് ഇവര്‍ പരീക്ഷയെഴുതിയതെന്ന് പോലീസ് കണ്ടെത്തി. പ്രതികളുടെ വിലാസം പരിശോധിച്ചപ്പോള്‍ അത് വ്യാജമായിരുന്നു. ഹരിയാണയിലാണ് ക്രമക്കേടിന് ആസൂത്രണം നടന്നത്. സ്‌ക്രീന്‍ വ്യൂവര്‍ വഴിയാണ് ഷെയര്‍ ചെയ്തത്.

മെഡിക്കല്‍ കോളേജ്, മ്യൂസിയം പോലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഹരിയാണ സ്വദേശികള്‍ ഉള്‍പ്പെടെ ഉത്തരേന്ത്യക്കാരാണ് കൂടുതലും പരീക്ഷയെഴുതിയത്. ഹരിയാണ സ്വദേശികളില്‍ പലരും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചതായാണ് പ്രതികള്‍ പോലീസിന് നല്‍കിയ വിവരം. പരീക്ഷയെഴുതിയ പലരും സംസ്ഥാനം വിട്ടു. വിമാനത്തിലാണ് ഇവരെത്തിയത്.

പട്ടം സെയ്ന്റ് മേരീസിലാണ് സുമിത് പരീക്ഷയെഴുതിയത്. സുനില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലും. പരീക്ഷയ്ക്ക് മുമ്പായി വിശദമായ പരിശോധനയുണ്ടാകില്ലെന്ന് പ്രതികള്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ ഇലക്ട്രോണിക് ഉപകരണങ്ങളുമായെത്തിയത്.

ഹിന്ദി മാത്രം സംസാരിക്കുന്ന ഇവര്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. കാശ് വാങ്ങി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതി നല്‍കുന്ന സംഘങ്ങളില്‍പ്പെട്ടവരാണോയെന്ന നിഗമനത്തിലാണ് പോലീസ്. ഇരുവരുടെയും ഹാള്‍ ടിക്കറ്റില്‍ സ്വന്തം ഫോട്ടോയാണ് പതിച്ചിരുന്നത്. മറ്റാര്‍ക്കോ വേണ്ടി ഹാള്‍ ടിക്കറ്റ് വ്യാജമായി നിര്‍മിച്ച് പരീക്ഷയ്ക്ക് എത്തിയതാണെന്നാണ് സംശയിക്കുന്നത്.

വൻ തട്ടിപ്പ് സംഘം, സ്പേസ് സെൻ്ററിലേക്ക് അയോഗ്യർ എത്താൻ ഇടയാക്കുമായിരുന്ന വീഴ്ച

തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി വി.എസ്.എസ്.സി. പരീക്ഷയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തില്‍ പിടിയിലായ സുനില്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ച് 75 മാര്‍ക്കിനുള്ള ഉത്തരമെഴുതിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ മൊബൈല്‍ഫോണ്‍ കാലില്‍ കെട്ടിവെച്ചിരുന്നതായും കണ്ടെത്തി. ആദ്യം സുമിത്താണ് അറസ്റ്റിലാകുന്നത്. ഇയാള്‍ അറസ്റ്റിലായതോടെ വിവരങ്ങള്‍ മറ്റ് സ്റ്റേഷനുകളിലേക്കും കൈമാറുകയായിരുന്നു. ഇതോടെ എല്ലാ കേന്ദ്രങ്ങളിലും പോലീസ് പരിശോധന നടത്തി. ഈ സമയത്താണ് സുനിലിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്യുന്നത്.

തട്ടിപ്പ് ഇങ്ങിനെയെന്ന് പൊലീസ്

പേപ്പര്‍ പിന്നിന്റെ അത്രയും വലുപ്പമുള്ള ബ്ലൂ ടൂത്ത് ഹെഡ്സെറ്റാണ് പിടിച്ചെടുത്തത്. ചെവിക്കുള്ളിലേക്ക് ഇത് കയറ്റിവെയ്ക്കും. പെട്ടെന്ന് തിരിച്ചറിയില്ല. പഴയ മൊബൈല്‍ഫോണിന്റെ കെയ്സുകള്‍ ഇളക്കിമാറ്റി ചെറുതാക്കും. ക്യാമറ മാത്രം പുറത്തുകാണും. ഈ ഉപകരണം വയറില്‍ ബെല്‍റ്റുപയോഗിച്ച് കെട്ടിവെച്ചശേഷം ക്യാമറ, ഷര്‍ട്ടിന്റെ ബട്ടന്‍സുള്ള സ്ഥാനത്ത് ഘടിപ്പിക്കും. പുറത്തു നിന്ന് നോക്കുന്നയാള്‍ക്ക് ഷര്‍ട്ടിന്റെ ബട്ടന്‍സാണെന്ന് തോന്നും. ഉപകരണങ്ങളെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ ചെറിയ റിമോട്ടും പ്രതികളുടെ കൈയിലുണ്ടാകും. ക്യാമറ ഉപയോഗിച്ച്, റിമോട്ട് കണ്‍ട്രോള്‍ വഴി ചോദ്യപേപ്പറിന്റെ ചിത്രമെടുക്കും. ഇത് ക്ലൗഡ് സ്റ്റോറേജായി പുറത്ത് ഒരിടത്ത് സേവ് ചെയ്യും. പുറത്തുനിന്നുള്ളയാള്‍ ചോദ്യ പേപ്പര്‍ പരിശോധിച്ച ശേഷം ഉത്തരങ്ങള്‍ ഹെഡ്സെറ്റ് വഴി പറഞ്ഞുകൊടുക്കും.

വയറ്റിൽ കത്രിക മറന്നുവെച്ച കേസിൽ ഡോക്ടർമാരുടെ സംഘം നടത്തിയ അന്വേഷണത്തിൽ തൃപ്തിയില്ല, കുറ്റവാളികളെ കണ്ടെത്തും – മന്ത്രി

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അന്വേഷണ കമ്മീഷന്‍ നടത്തിയ രണ്ട് അന്വേഷണവും തൃപ്തികരമല്ല.

ഹര്‍ഷിനയ്ക്ക് നീതി കിട്ടണമെന്നുതന്നെയാണ് ആഗ്രഹം. സര്‍ക്കാര്‍ ഹര്‍ഷിനയ്‌ക്കൊപ്പമാണെന്ന നിലപാടില്‍ മാറ്റമില്ല. അന്വേഷണം തൃപ്തികരമല്ലെന്ന കാരണത്താലാണ് പൊലിസ് അന്വേഷണം ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഹര്‍ഷിന പറഞ്ഞത് വിശ്വസിക്കുന്നു. അന്വേഷണം കൃത്യമായി നടക്കും. കുറ്റക്കാരെ കണ്ടെത്തും. തുടക്കംമുതല്‍ പറഞ്ഞതില്ലെല്ലാം ഉറച്ചുനിൽക്കുന്നു. അന്വേഷണ കമ്മീഷൻ നടത്തിയ രണ്ട് അന്വേഷണവും തൃപ്തികരമല്ല എന്നത് കൊണ്ടാണ് പൊലീസ് അന്വേഷിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടത്. അന്വേഷണത്തിന് അനുസരിച്ച് നിയമ നടപടി സ്വീകരിക്കും. ഈ വിഷയത്തില്‍ ഒരാളെയും സംരക്ഷിക്കില്ല.

പ്രതികള്‍ മെഡിക്കല്‍ കോളെജില്‍ എത്തുന്നത് വിലക്കണമെന്ന് ഡി.എം.ഇ. പറഞ്ഞിട്ടുണ്ട്, മന്ത്രി പറഞ്ഞു. സമരം തുടരുന്ന സാഹചര്യം സംബന്ധിച്ച് മന്ത്രി പ്രതികരിച്ചില്ല. പോലീസ് അന്വേഷണം നടക്കട്ടെയെന്നും ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും മന്ത്രി ആവർത്തിച്ചു.

കുറ്റകൃത്യങ്ങൾ തടയാൻ പഞ്ചാംഗം നോക്കിയിരിക്കണമെന്ന് ഉത്തർ പ്രദേശ് പൊലീസ് മേധാവിയുടെ ഉത്തരവ്

കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പഞ്ചാംഗം ഉപയോഗിക്കാന്‍ ഉത്തർ പ്രദേശ് പോലീസിന് നിര്‍ദ്ദേശം. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സമയം പഞ്ചാംഗം നോക്കി മനസ്സിലാക്കണമെന്നാണ് ഉത്തരവ്. പഞ്ചാംഗ പ്രകാരം വേണ്ട മുന്‍കരുതലെടുക്കണമെന്നും പോലീസിന് ഡി.ജി.പി. നിര്‍ദ്ദേശം നല്‍കി.

അമാവാസിയ്ക്ക് ഒരാഴ്ച മുമ്പും ഒരാഴ്ചയ്ക്ക് ശേഷവുമുള്ള രാത്രിയില്‍ നിരവധി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്ന ഉദാഹരണവും നൽകുന്നുണ്ട്. ഇതനുസരിച്ച് എല്ലാ മാസവും പഞ്ചാഗം നോക്കി തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡി.ജി.പി. പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അത്തരം ദിവസങ്ങളിൽ രാത്രി പട്രോളിങ് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ഇതു പ്രകാരം നിരീക്ഷിക്കണമെന്നും കൃത്യമായ മുന്‍കരുതലെടുത്ത് അവ നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

വനിതാ ഫുട്ബോൾ ലോക കപ്പ് സ്പെയിനിന്, ഇംഗ്ലണ്ട് പതറി

0

വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ആദ്യമായി മുത്തമിട്ട് സ്‌പെയിന്‍ ആഘോഷ തിമിർപ്പിൽ. ഏക പക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് കടുത്ത മത്സരം കാഴ്ചവെച്ച് സ്‌പെയിന്‍ കന്നി നേട്ടം സ്വന്തമാക്കിയത്.

29-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഓള്‍ഗ കാര്‍മോണയാണ് ഏക ഗോള്‍ സ്‌പെയിനിനായി നേടിയത്.

ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടി സ്‌പെയിന്‍ മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചു. രണ്ടാം പകുതിയിലും ഇംഗ്ലണ്ട് അവസരങ്ങൾ മുതലാക്കിയില്ല. ഇന്‍ജുറി ടൈമായി 13 മിനിറ്റ് ലഭിച്ചിട്ടും ഇംഗ്ലണ്ടിന് തളർന്ന് നിൽക്കേണ്ടി വന്നു.

ഇംഗ്ലണ്ടും ഇതുവരെ വനിതാ കിരീടം നേടിയിട്ടില്ല. പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് നേരത്തേ സ്‌പെയിനിന്റെ മികച്ച പ്രകടനം. മൂന്നാംസ്ഥാനം നേടിയതാണ് ഇംഗ്ലണ്ടിന്റെ ഇതുവരെയുണ്ടായിരുന്ന ഏറ്റവും മികച്ചനേട്ടം. ഇത്തവണ അട്ടിമറി അവസരം സ്പെയിനിന് ലഭിച്ചു.

ഇനിയും അധികാരത്തിൽ വന്നാൽ പാർട്ടി നശിക്കും, സഖാക്കൾ പ്രാർഥിക്കുക – സച്ചിദാനന്ദൻ

മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കും. ആയതിനാൽ പാർട്ടി വീണ്ടും അധികാരത്തിൽ എത്താതിരിക്കാൻ സഖാക്കൾ ശ്രദ്ധിക്കണമെന്ന് കവിയും സാസ്കാരിക പ്രവർത്തകനുമായ കെ. സച്ചിദാനന്ദൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കൂടിയായ സച്ചിദാനന്ദൻ്റെ പ്രതികരണം.

മൂന്ന് തവണ ഒരു പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്വാഭവികമായും പാര്‍ട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരും.

‘പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കും. മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു – അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാര്‍ട്ടിയുടെ അവസാനമായിരിക്കും’ . സച്ചിദാനന്ദൻ പറഞ്ഞു

പൊലീസിലെ ആർ എസ് എസ് പക്ഷം ഒരു കാരണം മാത്രം

കേരളത്തിലെ പോലീസ് സംവിധാനത്തോട് വിയോജിപ്പുണ്ട്. പോലീസിനകത്തുള്ള ആർ.എസ് എസ് പക്ഷമാണ് ഇത്തരം കാര്യങ്ങൾക്ക് പിന്നിലെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. അതൊരു ന്യായീകരണമോ കാരണം തന്നെയും ആകാം. യുഎപിഎയും സമാനമായ നിയമങ്ങളോടും തനിക്ക് എതിർപ്പാണ്. ഗ്രോ വാസുവിനോടുള്ള പോലീസ് സമീപനം ഒരിക്കലും ഇടതുപക്ഷ സർക്കാർ സ്വീകരിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ വലതുപക്ഷത്തോടുള്ള ചായ്‌വ് നമ്മുടെ മൂക്കിന് താഴെ നടന്നുകൊണ്ടിരിക്കുന്നു സംഭവമാണ്. നാട്ടിലെ പുരാണങ്ങളെയും ആചാരങ്ങളെയും പുനർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമം പ്രകടമാണ്. ഓണത്തെ വാമനപൂജ എന്ന് വിശേഷിപ്പിക്കുന്നത് ഒരു ഉദാഹരണം മാത്രം. ഇത്തരം കാര്യങ്ങൾ പലപ്പോഴും തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സമുദായങ്ങള്‍ക്കും ജാതി സംഘടനകള്‍ക്കും ആശയ കുഴപ്പം സൃഷ്ടിക്കുന്നു. സത്യസന്ധമായി ഒരു നിലപാട് എടുക്കാതിരിക്കുന്നത് ഇത്തരം അപകടങ്ങൾ വർധിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകത്തില്‍ സര്‍ക്കാരിന്റെ ലോഗോ വന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും സച്ചിദാനന്ദന്‍ പ്രതികരിച്ചു. പബ്ലിഷിങ് വിഭാഗത്തിലെ ഒരാളുടെ താല്‍പര്യപ്രകാരമാണ് അത്തരത്തില്‍ സംഭവിച്ചത്. ഭരണപരമായ കാര്യങ്ങള്‍ സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ അദ്ദേഹം പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വ്യക്തിപരമായി എനിക്ക് യോജിപ്പില്ലാത്ത കാര്യമാണ് സംഭവിച്ചത്. കോപ്പികള്‍ പ്രിന്റ് ചെയ്തുപോയതിനാല്‍ പുസ്തകം പിന്‍വലിക്കാനുമാകില്ല. സര്‍ക്കാര്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് രണ്ട് മന്ത്രിമാര്‍ പ്രതികരിച്ചതെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.