ചന്ദ്രയാൻ പേടകം തൊട്ടടുത്ത്, ചന്ദ്രൻ്റെ കാണാപ്പുറത്തെ ചിത്രം പകർത്തി ലൂണ

വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ മോഡ്യൂളിന്റെ ആദ്യ ഡീബൂസ്റ്റിങ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ നിന്ന് 113 കി.മീ. കൂറഞ്ഞ ദൂരവും 157 കി.മീ. കൂടിയ ദൂരവുമുള്ള ഭ്രമണപഥത്തിലേക്ക് എത്തി. അത്രയും അടുത്തെത്തിയ ചന്ദ്രയാന്‍ -3 ദൗത്യ പേടകം ഓഗസ്റ്റ് 20-ന് രാത്രി രണ്ട് മണിക്കാണ് രണ്ടാമത്തെ ഡീബൂസ്റ്റിങ് നടത്തുക.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ടത്. വേര്‍പെട്ട പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തന്നെ വിവിധ നിരീക്ഷണ ദൗത്യങ്ങളുമായി തുടരും. വേര്‍പെട്ടതിന് ശേഷം വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങളും ഓഗസ്റ്റ് 15-ന് പകര്‍ത്തിയ ചിത്രങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടു.

അതേസമയം ചന്ദ്രയാന്‍-3 യെ മറികടന്ന് ആദ്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിലാണ് റഷ്യയുടെ ലൂണ-25 പേടകം.

അമ്പിളിമാമനിലെ ആരും കാണാത്ത ഭാഗം

റഷ്യയുടെ ചാന്ദ്ര പര്യവേക്ഷണ പേടകമായ ലൂണ-25 ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ നിന്ന് പകര്‍ത്തിയ ആദ്യമായി പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു. ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കാത്ത ചന്ദ്രന്റെ മറുവശത്തുള്ള ദക്ഷിണ ധ്രുവത്തിലെ സീമാന്‍ (Zeeman) ഗര്‍ത്തത്തിന്റെ ചിത്രമാണ് പേടകം പകര്‍ത്തിയത്.

പ്രതിഭാസത്തിന് കാരണം ടൈഡൽ ലോക്കിങ്

ചന്ദ്രന്റെ മറുവശം അഥവാ ഇരുണ്ട വശം എന്നറിയപ്പെടുന്ന ഭാഗം ഭൂമിയില്‍ നിന്ന് ഒരിക്കലും കാണാനാവില്ല. ഭൂമിയില്‍ നിന്ന് എപ്പോള്‍ നോക്കിയാലും കാണുന്നത് ചന്ദ്രന്റെ ഒരു വശം തന്നെയാണ്. ടൈഡല്‍ ലോക്കിങ് എന്ന പ്രതിഭാസത്തെ തുടര്‍ന്നാണിത്. ഇതുവഴി ചന്ദ്രന്റെ ഒരുവശം മാത്രം എപ്പോഴും ഭൂമിയ്ക്ക് നേരെ തിരിഞ്ഞിരിക്കും.

ഇത്തവണയും ലൂണ തന്നെ

47 വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യ നടത്തുന്ന ആദ്യ ചാന്ദ്രദൗത്യമാണ് ലൂണ-25. 1959 ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ലൂണ-3 പേടകമാണ് ആദ്യമായി ചന്ദ്രന്റെ മറുവശത്തെ ചിത്രം പകര്‍ത്തിയത്.

റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിലെ സ്‌പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച പേടകത്തിലെ എസ്ടിഎസ്-എല്‍ ടെലിവിഷന്‍ കോംപ്ലക്‌സ് ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയത്. ഇതിന് പുറമെ ADRON-LR, PmL, ARIES-L ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും പേടകം നടത്തി.

ഓഗസ്റ്റ് 21,22 തീയ്യതികളിലായി ചന്ദ്രനില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ലൂണ-25. ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിലാണ് പേടകം ഇറങ്ങുക. ഇത് വിജയകരമായാല്‍ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ പേടകമെന്ന നേട്ടം ലൂണ-25 ന് കൈവരും. ഈ നേട്ടം കൈവരിക്കാനുള്ള ആത്മവിശ്വാസത്തിൻ്റെ കുതിപ്പിലാണ് ഇന്ത്യയും.

എ.ഇ.ഒ ക്ക് നൽകാനെന്ന പേരിൽ അധ്യാപികയിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെഡ് മാസ്റ്റർ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ എല്‍. പി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വിജിലൻസ് പിടിയിലായി. കോട്ടയം ചാലുകുന്ന് സി. എന്‍. ഐ എല്‍. പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററാമായ സാം ജോണ്‍ റ്റി. തോമസിനെയാണ് വിജിലൻസ് കുരുക്കിയത്. കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് നൽകാൻ എന്നു പറഞ്ഞ് അദ്ധ്യാപികയില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

കോട്ടയം സ്വദേശിനിയും തൊട്ടടുത്ത സ്‌കൂളിലെ അദ്ധ്യാപികയുടെ പരാതിയിലാണ് വിജിലൻസ് എത്തിയത്. ഇവർ സേവന കാലാവധി റെഗുലറൈസ് ചെയ്യുന്നതിനായി കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് മനസിലാക്കിയ സാം ജോണ്‍ റ്റി തോമസ് ഇവരെ സമീപിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈക്കൂലി നല്‍കി വേഗത്തില്‍ ശരിയാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്തു. ഇതിനായി പതിനായിരം രൂപ ആവശ്യപ്പെട്ടു.

അധ്യാപിക ഇക്കാര്യം കോട്ടയം വിജിലന്‍സ് കിഴക്കന്‍ മേഖലാ പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടര്‍ന്ന് വിജിലൻസ് എത്തി. സ്‌കൂളില്‍വെച്ച് പരാതിക്കാരിയില്‍ നിന്ന് കൈക്കൂലി വാങ്ങവെ സാം ജോണ്‍ റ്റി. തോമസ്സിനെ പിടികൂടുകയായിരുന്നു. സംഭവവുമായി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസോ വിജിലൻസോ വ്യക്തത വരുത്തിയിട്ടില്ല.

കെവിന്‍ ഡിബ്രുയിനും എര്‍ലിങ് ഹാളണ്ടും, അതോ മെസ്സിയോ; യുവേഫയുടെ മികച്ച താരങ്ങളുടെ ഷോർട് ലിസ്റ്റിൽ മൂന്നു പേർ

0

യുവേഫയുടെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരത്തിനായി സൂപ്പര്‍താരങ്ങളുടെ തിളങ്ങുന്ന പോരാട്ടം. മൂന്ന് താരങ്ങളുടെ ചുരുക്കപട്ടിക Union of European Football Associations (UEFA) പ്രഖ്യാപിച്ചു.

അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ താരങ്ങളായ കെവിന്‍ ഡിബ്രുയിന്‍, എര്‍ലിങ് ഹാളണ്ട് എന്നിവരാണ് ചുരുക്കപട്ടികയില്‍ മികവിൽ ഏറ്റുമുട്ടുന്നത്. 2023/24 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്‌റ്റേജ് നറുക്കെടുപ്പ് ചടങ്ങിലാണ് മികച്ച താരത്തെ പ്രഖ്യാപിക്കുക. മൂന്നിൽ ആരാവും മികവിൻ്റെ ഗോൾ നേടുക. ഓഗസ്റ്റ് 31-ന് മൊണോക്കോയിലെ ഗ്രിമാല്‍ഡി ഫോറത്തില്‍ ആവും പ്രഖ്യാപനം.

ഖത്തര്‍ ലോകകപ്പിലെ മികച്ച പ്രകടനമാണ് മെസ്സി പട്ടികയില്‍ ഇടം പിടിച്ചതിന് പിന്നില്‍. അന്ന് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും അര്‍ജന്റീനന്‍ നായകനാണ് സ്വന്തമാക്കിയത്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയ്ക്കായി ലീഗ് കിരീടവും നേടി.

കെവിന്‍ ഡിബ്രുയിനും എര്‍ലിങ് ഹാളണ്ടും

മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ട്രബിള്‍ നേട്ടത്തില്‍ സുപ്രധാന പങ്കുവഹിച്ച താരങ്ങളാണ് കെവിന്‍ ഡിബ്രുയിനും എര്‍ലിങ് ഹാളണ്ടും. സിറ്റിക്ക് വേണ്ടിയുള്ള ഈ പ്രകടനങ്ങളാണ് ഇരുവര്‍ക്കും തുണയായത്. ഹാളണ്ടിന്റെ ഗോളടിമികവിലാണ് സിറ്റി കന്നി ചാമ്പ്യന്‍സ് ലീഗിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ് കിരീടങ്ങളിലും മുത്തമിടുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ 12 ഗോളുകള്‍ നേടിയ താരം പ്രീമിയര്‍ ലീഗില്‍ റെക്കോഡ് കുറിച്ച് 36 ഗോളുകളും നേടി. കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നേടിയ താരമാണ് ഡിബ്രുയിന്‍. ചാമ്പ്യന്‍സ് ലീഗില്‍ നാല് മത്സരങ്ങളില്‍ മികച്ച താരവുമായി.

പരിശീലകരിലും മികവ് ക്ലബ് ആർക്കാവും

മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരത്തിനായുള്ള ചുരുക്കപട്ടികയും പുറത്തുവിട്ടിട്ടുണ്ട്. മാഞ്ചെസ്റ്റര്‍ സിറ്റി പരിശീലകന്‍ ജോസ് ഗ്വാര്‍ഡിയോള, ഇന്റര്‍ മിലാന്‍ പരിശീലകന്‍ സിമോണ്‍ ഇന്‍സാഗി, നാപോളി പരിശീലകന്‍ ലുസിയാനോ സ്പല്ലെറ്റി എന്നിവരാണ് പട്ടികയിൽ മാറ്റുരയ്ക്കുന്നത്.

ജയിലർ തകർത്ത് മുന്നേറുന്നു, തമിഴ് സിനിമയിലെ ഏറ്റവും മികച്ച കളക്ഷൻ

തമിഴ് സിനിമാ രംഗത്തെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷനുമായി രജനികാന്ത് നായകനായ ജയിലർ ബോക്സോഫീസിൽ ചരിത്രം നേട്ടവുമായി മുന്നേറുന്നു. ചിത്രത്തിന്റെ ഔദ്യോ​ഗിക കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്. ജയിലർ ആദ്യ ആഴ്ചയിൽ 375.40 കോടി രൂപ നേടിയെന്ന് സൺ പിക്ചേഴ്സ് അറിയിച്ചു.

ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ടോട്ടൽ ഗ്രോസ് കലക്‌ഷൻ 375.40 കോടിയാണ്. തമിഴ് സിനിമാ ചരിത്രത്തിലെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷനാണിതെന്നും സൺ പിക്ചേഴ്സ് അവകാശപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് മാത്രം നൂറുകോടിയിലധികം ചിത്രം നേടിയിട്ടുണ്ട്. ആന്ധ്രപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമായി 50 കോടിയിലധികം നേടിക്കഴിഞ്ഞു.

നെൽസൻ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന രജനി ചിത്രമാണ് ജയിലർ. വിനായകൻ്റെ വില്ലൻ വേഷം എങ്ങും ചർച്ചയായി തീർന്നു.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ‘ജയിലർ’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തിയത്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ‘ജയിലർ’. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്.

അതിഥി താരമായി മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്‌റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ.

ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത് ഒക്ടോബർ 30 വരെ നീട്ടി

സംസ്ഥാനത്തെ ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കുവാനുള്ള സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും ഉൾപ്പെടെ ഇത് നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്ന് മുന്‍പ് തീരുമാനിച്ചിരുന്നു. എന്നാല്‍ റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നത തല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്തുവാന്‍ ധാരണയായത്. ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് നീട്ടൽ. കെ എസ് ആർ ടി സിക്ക് ഉൾപ്പെടെ ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

ഇതോടൊപ്പം സ്പീഡ് ഗവർണർ നിർബന്ധമാക്കിയുളള ഉത്തരവും നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ്. ഉപകരണം സ്ഥാപിക്കുന്ന കമ്പനികൾ തമ്മിലുള്ള മത്സരമാണ് പ്രശ്നമായിരിക്കുന്നത്.

ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐ.പി.എസ്, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ലാൻഡർ വിജയകരമായി വേർപെടുത്തി, ഇന്ത്യൻ ദൗത്യ വാഹനം ഈ മാസം തന്നെ ചന്ദ്രനിൽ

ചന്ദ്രയാന്‍ III ദൗത്യം വിജയത്തിനരികിലേക്ക് യാത്ര തുടങ്ങി. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന പ്രധാന ഭാഗമായ ലാന്‍ഡര്‍ അതിനെ വഹിച്ച പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വെല്ലുവിളി നിറഞ്ഞതുമായ ഘട്ടങ്ങളിലൊന്നാണ് ഇത്.

ചന്ദ്രന് ചുറ്റും 153 km x 163 km – ഭ്രമണപഥത്തിൽ അണ് ചന്ദ്രയാൻ 3 ഇപ്പൊൾ ഉള്ളത്. അതായത്, ചന്ദ്രനോട് ഏറ്റവും അടുത്ത് (perigee) 153 കിലോമീറ്ററും ഏറ്റവും ദൂരെ (Appogee) 163 കിലോമീറ്ററും ഉള്ള ഭ്രമണപഥം. 

അടുത്ത ഘട്ടം വിക്രം ലാൻ്ററിനെ ചന്ദ്രനോട് അടുപ്പിക്കലാണ്. ഡീ ഓര്‍ബിറ്റ് സ്റ്റേജ് എന്നാണ് ഇതി വിശേഷിപ്പിക്കപ്പെടുന്നത്. ഓഗസ്റ്റ് 18 നാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്.

ആഗസ്റ്റ് 16 ചാന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണപഥം താഴ്ത്തൽ (153 km x 163 km) വിജയകരമായി. ജൂലൈ 14നു വിക്ഷേപിച്ച ചന്ദ്രയാൻ 3 ആഗസ്റ്റ് 5നു ചാന്ദ്രഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. വളരെ സങ്കീർണമായ ആ ഘട്ടം പൂർത്തീകരിച്ചുകൊണ്ട്  164 km x 18074 km വലിപ്പമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഇസ്രോ എത്തിച്ചു.

പ്രൊപ്പൽഷൻ മൊഡ്യൂൾ വെറും ബഹിരാകാശ മാലിന്യമല്ല

വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ മാസങ്ങളോ വര്‍ഷങ്ങളോ തുടരും.  പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഉള്ള SHAPE (Spectro-polarimetry of Habitable Planet Earth) എന്ന ഉപകരണ ഭാഗം ഭൂമിയെ അവാസയോഗ്യമാക്കുന്ന ഘടകങ്ങളെ കുറിച്ച് പഠനങ്ങൾ നടത്തും. ഈ പഠനങ്ങൾ ഭാവിയിൽ ഭാവിയിൽ എക്സോപ്ലാനറ്റുകൾ കണ്ടെത്തുന്നതിൽ സഹായകമാകും. ബംഗളൂരുവിലെ U.R. റാവു സാറ്റലൈറ്റ് സെൻ്ററിൽ അണ് SHAPE എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.

ചന്ദ്രനിൽ ഇറങ്ങാൻ തയാറായി

ലാൻ്റർ മൊഡ്യൂൾ പ്രോപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട് ആഗസ്റ്റ് 23 വൈകുന്നേരം ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യും. തുടർന്ന് റോവർ ലാൻ്ററിൽ നിന്ന് പുറത്തുവരും. 14 ദിവസം ലാൻഡറിലേയും റോവറിലെയും ഉപകരണങ്ങൾ ശാസ്ത്ര പഠനങ്ങളിൽ ഏർപ്പെടും. മനുഷ്യരെ എത്തിക്കുന്നതിനുള്ള പരീക്ഷണ ഘട്ടമാണ് ഇത്.

ആരാദ്യം ഇറങ്ങും, ഇന്ത്യയും റഷ്യയും ഓട്ടപ്പന്തയം

ഇന്ത്യയുടെ ചന്ദ്രയാൻ -3 ഉം ഒപ്പം റഷ്യയുടെ ലൂണ -25 ഉം അടുത്തയാഴ്ച സോഫ്റ്റ് ലാൻഡിങ്ങിനായി തയ്യാറെടുക്കുകയാണ്. ചന്ദ്രന്റെ അജ്ഞാത ദക്ഷിണധ്രുവത്തിലേക്ക് എത്തുന്നത് ആരായിരിക്കും. ആരായിരിക്കും ആദ്യം ലാൻ്റ് ചെയ്യുക. കടുത്ത മത്സരം തന്നെയാണ് ബഹിരാകാശത്ത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ഇറങ്ങാൻ ലക്ഷ്യമിട്ട് ചന്ദ്രയാൻ -3 ആണ് ആദ്യം യാത്ര പുറപ്പെട്ടത് എങ്കിലും ലൂണ-25- ഓഗസ്റ്റ് 21 നോ 23 നോ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 23 നോ 24 നോ ആയി ചന്ദ്രയാൻ 3 ഉം ചാന്ദ്രോപരിത്തലത്തിലിറങ്ങും എന്നും ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പ്രശ്നം ഭാരക്കൂടുതൽ

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പരമ്പരയിലെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ- 3 ജൂലൈ 14 ന് വിക്ഷേപിച്ച് ഓഗസ്റ്റ് 5 ന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപിച്ച് 40 ദിവസത്തിനുള്ളിൽ തന്നെ സോഫ്റ്റ് ലാൻഡിംഗ് ശ്രമത്തിനുള്ള തയ്യാറെടുപ്പിനായി ചന്ദ്രയാൻ 3 അതിന്റെ ഭ്രമണപഥം അടുപ്പിച്ച് തുടങ്ങി.

ലൂണ 24 ൽ നിന്നും 25 ലേക്ക് 50 വർഷത്തോളം

1976-ലെ സോവിയറ്റ് കാലഘട്ടത്തിലെ ലൂണ-24 ദൗത്യം കഴിഞ്ഞ് ഏകദേശം അഞ്ച് പതിറ്റാണ്ടിനു ശേഷം റഷ്യ നടത്തുന്ന ആദ്യ ചാന്ദ്രദൗത്യം ആണ് ലൂണ-25. ഓഗസ്റ്റ് 10-നാണ് ലൂണ 25 വിക്ഷേപിച്ചത്. അതിനാൽ ഓഗസ്റ്റ് 21-ന് ഏകദേശം 11 ദിവസത്തിനുള്ളിൽ തന്നെ ഇതിന് ലാൻഡിംഗ് നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

വളരെ ഭാരം കുറഞ്ഞ രീതിയിലുള്ള രൂപകല്പനയും കാര്യക്ഷമമായ ഇന്ധന സംഭരണവുമാണ് ലൂണ 25-നെ ദ്രുതഗതിയിൽ ചന്ദ്രോപരിത്തലത്തില്‍ എത്തിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ” ഓരോ ദൗത്യത്തിൽ നിന്നും ലഭിക്കുന്ന അറിവ് ചന്ദ്രന്റെ ഭൂതകാലത്തെയും സാധ്യതകളെയും കുറിച്ചുള്ള നമ്മുടെ ധാരണയെ സമ്പന്നമാക്കും

രണ്ട് ദൗത്യങ്ങളുടെയും വ്യത്യസ്ത ആഗമന സമയത്തിന് ഒരു പ്രധാന കാരണം അവയുടെ ഭാരത്തിലും ഇന്ധനക്ഷമതയിലും വരുന്ന ഏറ്റക്കുറച്ചിൽ തന്നെയാണ്. അതായത് 3,800 കിലോഗ്രാമിനേക്കാൾ ഭാരം വരുന്ന ചന്ദ്രയാൻ -3 യെ അപേക്ഷിച്ച് ലൂണ-25 ന്റെ ഭാരം 1,750 കിലോഗ്രാം മാത്രമാണ്. ഈ കുറഞ്ഞ ഭാരം കൊണ്ടു തന്നെ ലൂണ-25 ആദ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്താനാണ് സാധ്യത

വാട്ട്സ്ആപ്പില്‍ എഐ സാധ്യതയിൽ പുതിയ മാറ്റങ്ങൾ; ഉപഭോക്താക്കൾക്ക് തന്നെ എ ഐ സാങ്കേതികത ഉപയോഗിക്കാം

ഇനി മുതൽ വാട്ട്സ്ആപ്പില്‍ എഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാം. ടെക്‌സ്‌റ്റ് അധിഷ്‌ഠിത കമാൻഡുകൾ ഉപയോഗിച്ച് ഇഷ്‌ടാനുസൃതമാക്കിയ സ്റ്റിക്കറുകൾ സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. ഓപ്പൺ എഐയുടെ DALL-E അല്ലെങ്കിൽ മിഡ് ജേർണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് സമാനമായിരിക്കും ഈ ഫീച്ചർ. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ് വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 

ഇത് എല്ലാവർക്കുമായി ലഭ്യമായി തുടങ്ങിയാൽ, ഉപയോക്താക്കൾക്ക് അവരുടെ സ്റ്റിക്കർ പാനലിൽ ഒരു ഡയലോഗ് കാണും. പുതിയ ഓപ്ഷനെ കുറിച്ചുള്ള വിവരങ്ങൾ അതിലുണ്ടാകും. ഈ സ്റ്റിക്കറുകൾ ജനറേറ്റുചെയ്യുന്നതിനുള്ള ഒരു ബട്ടൺ ലഭ്യമാകും.
വെബ്‌സൈറ്റ് പങ്കിട്ട സ്‌ക്രീൻഷോട്ടിൽ പുതിയ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുമെന്ന് പറയുന്നുണ്ട്. ഫീച്ചർ ഉപയോഗിക്കാനായി എഐ ജനറേറ്റഡ് സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്യാനായി ഉപയോക്താക്കൾ ബട്ടൺ ടാപ്പു ചെയ്യണം. തുടർന്ന് ഒരു പ്രോംപ്റ്റിൽ പ്രവേശിക്കും. പ്രോംപ്റ്റിനോട് അടുത്ത് പൊരുത്തപ്പെടുന്ന സ്റ്റിക്കറുകളുടെ ഒരു ശ്രേണിയാകും വാട്ട്സ്ആപ്പ് പിന്നീട് ക്രിയേറ്റ് ചെയ്യുന്നത്.

കൂടാതെ, പുതിയ എഐ പവർ ഫീച്ചർ ഉപയോഗിച്ച് ജനറേറ്റ് ചെയ്യുന്ന സ്റ്റിക്കറുകൾ റിസീവറിന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ഇമേജുകളിലേക്ക് മൈക്രോസോഫ്റ്റ് ചേർക്കുന്ന ബിങ് ലേബൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും പോലെ വാട്ടർമാർക്ക് ഉണ്ടാകും. ഫീച്ചർ എല്ലാവരിലേക്കും എത്തിക്കുന്നതോടെ ഇതിൽ വ്യക്തത വരും.

മെറ്റാ നൽകുന്ന സുരക്ഷിത സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും എഐ പവർ സ്റ്റിക്കറുകൾ നിർമ്മിക്കുകയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഏത് ജനറേറ്റീവ് എഐ മോഡലാണ് വാട്ട്സ്ആപ്പ് ഈ ഫീച്ചറിനായി തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. ഈ ഫീച്ചർ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് തോന്നുന്ന പക്ഷം റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാകുമെന്നാണ് സൂചന.

മൈക്രോ നിരവധി സോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ അവരവരുടെ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങി. അതിനിടയിലാണ് വാട്ട്‌സാപ്പിൽ പുതിയ എഐ ഫീച്ചർ കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകള് പറയുന്നത്.

കൈതോലപ്പായിലെ പണം കടത്ത്, പൊലീസ് അന്വേഷണത്തിലെ മൌനത്തിന് ശേഷം എഫ് ബിയിൽ മുഖ്യമന്ത്രിയുടെയും പി രാജീവിൻ്റെയും പേര് പറഞ്ഞ് ശക്തിധരൻ

പൊലീസിന് മുന്നിൽ നിശ്ശബ്ദത പാലിച്ച ശേഷം കൈതോലപ്പായ പണം കടത്ത് ആരോപണവുമായി ഫേസ് ബുക്കിൽ വീണ്ടും ശക്തിധരൻ. പണം കടത്തല്‍ ആരോപണത്തില്‍ പേരുകള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ പോസ്റ്റ് ഇട്ടത്. എന്നാൽ കൈതോലപ്പായ ഇല്ല.

രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട്‌ കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച്‌ സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്‍ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും ആണ് പുതിയ പോസ്റ്റിലെ പരാമർശം. ഇത് തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോവളത്തെ ഗൾഫാർ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് അതേ ഹോട്ടലിന്‍റെ  പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ട് കവറുകൾക്കുള്ളിൽ വെച്ചിരുന്ന രണ്ടു വലിയ പാക്കറ്റുമായി രാത്രി പതിനൊന്നുമണിയോടെ എകെജി സെന്‍ററിലെ മുഖ്യ കവാടത്തിന് മുന്നിൽ കാറിൽ ഇറങ്ങിയത് പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്ന്  എഴുതിയാലും അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എന്തെന്നാൽ അതുക്കും മേലെയുള്ള തുക പിണറായിവിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോളും കേരളം ഇങ്ങിനെത്തന്നെയായിരുന്നുവെന്നും പുതിയ പോസ്റ്റില്‍ പറയുന്നു

ശക്തിധരന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

”നട്ടുച്ചയ്ക്ക് ഇരുട്ടോ?

രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട്‌ കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച്‌ സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടിസെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും ഞാൻ തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോ ..

കോവളത്തെ ഗൾഫാർ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് അതേ ഹോട്ടലിന്റെ പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ട് കവറുകൾക്കുള്ളിൽ വെച്ചിരുന്ന രണ്ടു വലിയ പാക്കറ്റ് രാത്രി പതിനൊന്നുമണിയോടെ എകെജി സെന്ററിലേ മുഖ്യ കവാടത്തിന് മുന്നിൽ കാറിൽ ഇറങ്ങിയത് പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്ന് ഞാൻ എഴുതിയാലും അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എന്തെന്നാൽ അതുക്കും മേലെയുള്ള തുക പിണറായിവിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോളും കേരളം ഇങ്ങിനെത്തന്നെയായിരുന്നു. യഥാർത്ഥ മാഫിയ രാജാവാണ് പിണറായി വിജയനെന്നും തന്റെ കമ്പ്യൂട്ടറിൽ അതിന്റെ തെളിവുകൾ ഉണ്ടെന്നും ഒരു ന്യായാധിപൻ പരസ്യമായി വെല്ലുവിളിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. അതാണ് പിണറായിവിജയൻ. കരിമണലിന് പകരം എറണാകുളത്തെ മാലിന്യമല കച്ചവടവടമോ ഗോകുലം ഗോപാലന്റെ പങ്ക്‌ കച്ചവടമോ ഫാരിസ് അബൂബക്കറും അതുപോലുള്ള വൻകിടക്കാർക്ക് ഇവരിൽ ആരെങ്കിലുമായുള്ള ഗൂഢ ഇടപാടുകളോ പുറത്തു വന്നാലും ഒന്നും സംഭവിക്കാനില്ല.. എത്രയായാലും തനിക്ക് കോടി ആസ്തി വരാനിടയില്ല എന്നു സങ്കടത്തോടെ വീണാ തായ്‌ക്കണ്ടിയിൽ പറഞ്ഞ ദിവസത്തെ ഗ്രാഫല്ല ഇന്നത്തേതെന്ന് വ്യക്തം.

2 .35 കോടിരൂപ ഒരു രേഖയുമില്ലാതെ രാത്രി കടത്തിയതിനെക്കുറിച്ചു ഞാൻ എഴുതിയപ്പോൾ ആ പണം പൊതിഞ്ഞുവെച്ച കൈതോല പായ്‌ക്ക് അമിത പ്രാധാന്യം കണ്ടെത്തിയ മാദ്ധ്യമ പ്രതിഭകൾക്കു നല്ലനമസ്‌ക്കാരം പറയാതിരിക്കാനാവില്ല.ഇത്രയും ഗൗരവതരമായ ഒരാരോപണം ഏതെങ്കിലും രാഷ്ട്രീയ നേതാവിനെക്കുറിച്ചു കേരളം കേട്ടിട്ടുണ്ടോ? ആ ദശലക്ഷങ്ങൾ ആവിയാക്കി കളഞ്ഞു അതിലെ പായയെ മാത്രം ഊരിയെടുത്ത് നടത്തിയ മാദ്ധ്യമപ്രവർത്തകരുടെ ആഘോഷത്തിന് മാദ്ധ്യമ രംഗത്തെ പുലിറ്റ്സർ സമ്മാനത്തിന് അർഹർ തന്നെ. 2 .35 കോടി രൂപക്ക് ഒരുവിലയുമില്ല. മൂല്യം മുഴുവൻ കൈതോലപ്പായ്ക്ക്. ഓക്സ്ഫോർഡിലെയും കേംബ്രിഡ്‌ജിലെയും മാദ്ധ്യമപരിശീലന സ്ഥാപന ങ്ങളിൽ നിന്ന് മലയാളി വിദഗ്‌ദ്ധർ ഒന്നും ഇറങ്ങുന്നില്ലേ . ? അതോ ചെങ്കൽച്ചൂളയാണ് ഇപ്പോൾ മാദ്ധ്യമപ്രവർത്തനത്തിന്റെ തലസ്ഥാനം? അതിലേറെ കിടിലൻ മാദ്ധ്യമ അവലോകനങ്ങൾ കാണാനിടയായി. എന്റെ വാർത്തയിൽ ആരുടേയും പേര് പറഞ്ഞില്ലത്രേ. ഇതെന്ത് പത്രപ്രവർത്തനം എന്നാണ് ചോദ്യം. ഞാൻ പേരുകൾ അണ്ണാക്കിൽ കൊണ്ട് വെച്ച് കൊടുത്തിരുന്നെങ്കിൽ ഉപ്പുതൊടാതെ വിഴുങ്ങുമായിരുന്നോ? അമേരിക്കൻ പ്രസിഡന്റ് ക്ലിന്റന്റെയും മൊണിക്ക ലെവിൻസ്കിയുടെയും അവിശുദ്ധ ബന്ധം ചിത്രീകരിച്ചിരിക്കുന്ന പുസ്തകങ്ങൾ ഒന്ന് കണ്ണോടിച്ചു നോക്ക് എന്നിട്ട് ഒരു നല്ല പത്രപ്രവർത്തകൻ ആകൂ. ലെവിൻസ്കിയുടെ അടിവസ്ത്രം വരെയുള്ള വർണ്ണനയുടെ ധ്വനികൾ വായിച്ചവരിൽ ആരുമില്ലേ? . സാമ്പത്തിക കുറ്റാന്വേഷണ വാർത്തകളിലെ ഫിക്ഷൻ ആദ്യം വായിച്ചുപഠിക്കണം. എന്നിട്ട് ആസ്വാദിക്കണം.മാദ്ധ്യമ പടുക്കളേ.! ലോകപ്രശസ്തമായ കമ്മ്യുണിസ്റ്റ് വിരുദ്ധ നോവലായ ” നട്ടുച്ചക്ക് ഇരുട്ട്” എഴുതിയ ആർതർ കൊയ്‌ത്‌സറിൽ “നമ്പർ വൺ” എന്ന് കാണുന്നിടത്തെല്ലാം സ്റ്റാലിനെയാണ് ദ്യോതിപ്പിക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത് . ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളുടെ പട്ടികയിൽ ഈ പുസ്തകം എട്ടാം സ്ഥാനത്താണ്. കോസ്റ്റലർ പേരിടാത്ത സ്റ്റാലിന്റെ കാലത്തെ ജയിലാണ് ഒരു കഥാപാത്രം. ഭയാനകമായ ഏകാധിപതിയുടെ വിവരണം അനുപമാണ്. സൈനിക മേധാവികൾ പ്രേയസിമാർക്ക് കൈമാറുന്ന കത്തുകളിൽ പോലും “നട്ടുച്ചയ്ക്ക് ഇരുട്ട്” കടന്നു കയറിവന്ന് കൈമാറേണ്ട ആശയം പൂർത്തീകരിക്കപ്പെടുന്നു. എന്തെന്ത് പ്രഹേളികകൾ നോവലിൽ അങ്ങിങ്ങായി കിടക്കുന്നു. ഞാൻ ആ പോസ്റ്റിൽ ലക്ഷ്യം വച്ചതെല്ലാം സഫലമാക്കിയത് അതിലെ വായനക്കാരാണ്. ആരാണ് അനധികൃത പിരിവ് നടത്തിയതെന്ന് വിളിച്ചുപറഞ്ഞത് വായനക്കാർ തന്നെയാണ്, അതിനപ്പുറം ഞാൻ എന്ത് ചെയ്യണമായിരുന്നു, രാത്രിയിലെന്നപോലെ ഉച്ചവെയിലിലും സത്യം കാണാതെ തപ്പിത്തടയുന്ന വരെ ആർക്കും സഹായിക്കാനാകില്ല. അവരെ നയിക്കുന്നത് എം വി ഗോവിന്ദന്മാരാണ് .അവർ പകൽ രാത്രിയിലെന്നപോലെ ഇരുട്ടിനെ തപ്പുന്നവരാണ്.

കേരളത്തിന്റെ വിപ്ലവ സംസ്കാരം അതിന്റെ പടുതിരി കത്തിച്ചു കൊണ്ടിരിക്കുകയാണ്. ആ വിപ്ലവ സംസ്കാരത്തിന്റെ ഉദയത്തിന്റെ നേരിയ അരുണിമ പോലും ഇപ്പോൾ കാണാനില്ല. ഈ ഘട്ടത്തിലും സിപിഎമ്മിന്റെ വിജയം ഗോവിന്ദൻ സഖാവ് പ്രവചിക്കണമെങ്കിൽ ഉച്ചക്കിറിക്ക് ആവാനേ വഴിയുള്ളൂ. പിണറായിവിജയൻ പറയുന്നതിനപ്പുറം രാജ്യത്ത് ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്ന മൂഢന്മാരെ സൃഷ്ടിച്ചുവെന്നതാണ് പിണറായിസത്തിന്റെ മഹത്വം. ഇത്രയൊക്കെ കണ്ടിട്ടും ഒന്നും സംഭവിക്കില്ലെന്ന് പറയണമെങ്കിൽ ഉച്ചക്കിറുക്ക്‌ പിടിപെട്ടവനായിരിക്കും.ഫാസിസ്റ്റ് വാഴ്ചകൾ ഭൂമുഖത്ത് എങ്ങിനെ ഉദയം ചെയ്തു എന്നത് ലോകത്ത്‌ നേരിൽ കണ്ട പ്രസ്ഥാനം കമ്മ്യുണിസ്റ്റുകാരുടേതാണ്. കമ്മ്യുണിസ്റ്റുകാർക്ക് കാലുകുത്താൻ ഒരു പിടിമണ്ണുപോലും അവശേഷിക്കരുതെന്ന് സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ജനത അതിന്റെ ആക്രമണം ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വരെ എത്തിക്കഴിഞ്ഞു. ഇനി അത് ധൂളിയാകാൻ എത്ര സമയം വേണ്ടിവരുമെന്നേ സംശയമുള്ളൂ. കമ്മ്യൂണിസത്തിന് തകരണമെങ്കിൽ അതിന് പോന്ന എതിർ ശക്തി ഉയർന്നുവരണം. അതാണ് ബംഗാളിൽ സംഭവിച്ചത്. കേരളത്തിൽ അൽപ്പം കൂടി സമയമെടുക്കുന്നു എന്നേയുള്ളൂ.”

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് സ്റ്റേഷനിൽ കയറി ഇറങ്ങണ്ട,

സ്റ്റേഷനില്‍ പോകാതെ തന്നെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഓൺലൈനായി തന്നെ പണവും അടയ്ക്കാം. അപേക്ഷകൻ ഒരു പൊലീസ് കേസിലും പെട്ടിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന Certificate of non involvement in Criminal Offences ജോലി, പഠനം, റിക്രൂട്ട്മെന്റുകൾ,  യാത്രകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക്  ആവശ്യമാണ്. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോൽ ആപ്പിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് പൊലീസ് അറിയിക്കുന്നു.

പോൽ ആപ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ സർവീസ് എന്ന ഭാഗത്ത്  Certificate of Non Involvement in Offences സെലക്ട് ചെയ്തശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്ന ആധാർ പോലുള്ള രേഖകൾ, എന്ത് ആവശ്യത്തിനുവേണ്ടി  ആരാണ് നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്നതിന്റെ ഡിജിറ്റൽ പകർപ്പുകൾ എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത്  അപ്‌ലോഡ് ചെയ്തു നൽകണം.

ജില്ലാ പൊലീസ് മേധാവിയിൽ നിന്നാണോ സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നാണോ സർട്ടിഫിക്കറ്റ് ആവശ്യമുള്ളത് എന്ന് സെലക്ട് ചെയ്തു നൽകാൻ വിട്ടുപോകരുത്. വിവരങ്ങളും രേഖകളും നൽകി കഴിഞ്ഞാൽ ട്രഷറിയിലേയ്ക്ക് ഓൺലൈൻ ആയി ഫീസ് അടയ്ക്കുന്നതിനുള്ള  ലിങ്ക് ഇതോടൊപ്പം ലഭിക്കും. അതുപയോഗിച്ചു ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയിൽ പൊലീസ് അന്വേഷണം നടത്തി സർട്ടിഫിക്കറ്റ് അനുവദിക്കും.

ഇത്  ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.  ഇതിന് വേണ്ടി സ്റ്റേഷനിൽ പോകേണ്ടതില്ലെന്നും പൊലീസ് വിശദീകരിച്ചു. തുണ പോർട്ടൽ വഴിയും സമാനമായ രീതിയിൽ അപേക്ഷിക്കാം. വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ബന്ധപ്പെട്ട പാസ്പോർട്ട് സേവാ കേന്ദ്ര / റീജിയണൽ പാസ്പോർട്ട് ഓഫീസിനെയാണ് സമീപിക്കേണ്ടതെന്നുള്ളതും ശ്രദ്ധിക്കണമെന്ന് പൊലീസ് അറിയിച്ചു. 

സ്‌കൂള്‍ കലോത്സവം കൊല്ലത്ത്, ശാസ്ത്രമേള തിരുവനന്തപുരത്ത്

ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്താവും. ജനുവരിയിലാകും 62 ാമത് കലോത്സവം അരങ്ങേറുക.

കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍. സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത്. ശാസ്ത്രമേള ഡിസംബറില്‍ തിരുവന്തപുരത്താവും.

61 -ാംമത് സ്‌കൂള്‍ കലോത്സവം കോഴിക്കോട് വെച്ചാണ് നടന്നത്. ആതിഥേയരായ കോഴിക്കോടിനായിരുന്നു കീരീടം. 938 പോയിന്‍റ് നേടിയാണ് സ്വന്തം തട്ടകത്തിൽ കോഴിക്കോട് കലാകിരീടം തിരിച്ചുപിടിച്ചത്. 20-ാം തവണയായിരുന്നു കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളാകുന്നത്.

918 പോയിന്റ് നേടിയ കണ്ണൂരായിരുന്നു രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാട് തൊട്ടുപിന്നിലെയെത്തി. തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങൾ നേടിയത്.