അനുസരണയുള്ള ഭാര്യ, അവിഹിതം, ജാര സന്തതി, വീട്ടമ്മ എന്നീ പദങ്ങൾ ഇനി നിയമത്തിന് പുറത്താവും; സുപ്രീം കോടതി പുതിയ പദങ്ങളുടെ കൈപ്പുസ്തകം പുറത്തിറക്കി

ലിംഗവിവേചനപരവും പുരുഷ കേന്ദ്രീകൃതവുമായ പദങ്ങൾ വിലക്കി സുപ്രീം കോടതി ഹാൻഡ് ബുക്ക് പുറത്തിറക്കി. സ്റ്റീരിയോ റ്റൈപ്ഡ് ഭാഷാപ്രയോഗങ്ങള്‍ കോടതി വ്യവഹാരങ്ങളിൽ ഇനി പാടില്ല. വിലക്ക് വാക്കുകളും പകരം പദങ്ങളും നിർദ്ദേശിച്ച് സുപ്രീം കോടതി ഹാൻഡ് ബുക്ക് പുറത്തിറക്കി.

നാല്‍പ്പതിലധികം പുരുഷാധികാര സമൂഹത്തിൻ്റെ ഭാഷാപ്രയോഗങ്ങള്‍ക്ക് പകരം കോടതികളില്‍ ഉപയോഗിക്കാവുന്ന പുതിയ പ്രയോഗങ്ങള്‍ അടങ്ങുന്ന കൈപ്പുസ്തകമാണ് പുറത്തിറക്കിയിരിക്കുന്നത്.

കോടതികളിലും കോടതി രേഖകളിലും ആൺകോയ്മാ പദങ്ങൾ വേണ്ട

ഹാൻഡ് ബുക്ക് pdf ചുവടെ

അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങള്‍ ഇനിമുതല്‍ കോടതികളിലോ കോടതി രേഖകളിലോ ഉപയോഗിക്കരുത്. അഭിസാരിക എന്നതിന് പകരം ‘വിവാഹത്തിന് പുറത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീ’ എന്നാണ് ഉപയോഗിക്കേണ്ടത്. അവിഹിതത്തിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്നാണ് ഉപയോഗിക്കേണ്ടത്. ബന്ധം (Affair) എന്ന് പറയുന്നതിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്ന് കൃത്യമായി പറഞ്ഞിരിക്കണം.

വേശ്യ ഇല്ല, എല്ലാവരും അമ്മ തന്നെ

കാമവികാരപരമായ ലൈംഗിക വേഴ്ച എന്നതിന് പകരം ‘ലൈംഗിക വേഴ്ച’ എന്ന് മാത്രം പറഞ്ഞാല്‍ മതി. വേശ്യ എന്ന പദത്തിന് പകരം ‘ലൈംഗിക തൊഴിലാളി’ എന്ന് ഉപയോഗിക്കണം. അവിവാഹിതയായ അമ്മയെന്ന് പറയുന്നതിന് പകരം ‘അമ്മ’ എന്ന് പറഞ്ഞാല്‍ മതി. ജാരസന്തതി എന്ന് ഉപയോഗിക്കുന്നതിന് പകരം ‘വിവാഹിതരല്ലാത്ത മാതാപിതാക്കള്‍ക്ക് ഉണ്ടായ കുട്ടി’ എന്നാണ് ഉപയോഗിക്കേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത ലൈംഗിക തൊഴിലാളി എന്നതിന് പകരം ‘മനുഷ്യക്കടത്തിന് ഇരയായ കുട്ടി’ എന്നാണ് ഇനി മുതല്‍ പറയേണ്ടത്.

പൂവാല ശല്യം ലൈംഗിക ആക്രമണം തന്നെ

ബലപ്രയോഗത്തിലൂടെയുള്ള ബലാത്സംഗം എന്ന് പറയുന്നതിന് പകരം ‘ബലാത്സംഗം’ എന്ന് പറഞ്ഞാല്‍ മതി. ‘തെരുവില്‍ നടക്കുന്ന ലൈംഗിക അതിക്രമം’ എന്നാണ് പൂവാലശല്യത്തെ ഇനി മുതല്‍ പറയേണ്ടത്. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ ‘ഇരകള്‍’ എന്നോ, ‘അതിജീവിതകള്‍’ എന്നോ വിശേഷിപ്പിക്കാം. പീഡനത്തിന് ഇരയായവരുടെ ആവശ്യപ്രകാരം ആയിരിക്കണം ഇതില്‍ ഏത് പ്രയോഗം എന്ന് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അവിവാഹിതയായ അമ്മ എന്നതിന് പകരം ‘അമ്മ’ എന്നാണ് ഇനിമുതല്‍ ഉപയോഗിക്കേണ്ടത്.

കര്‍ത്തവ്യബോധമുള്ള ഭാര്യ, വിശ്വസ്തയായ ഭാര്യ, നല്ല ഭാര്യ, അനുസരണയുള്ള ഭാര്യ എന്നിവയ്ക്ക് പകരം ഇനി മുതല്‍ ‘ഭാര്യ’ എന്ന് ഉപയോഗിച്ചാല്‍ മതി. വീട്ടമ്മ എന്നതിന് പകരം ‘ഗാര്‍ഹിക പരിപാലനം നടത്തുന്നവര്‍’ എന്നാണ് ഉപയോഗിക്കേണ്ടത്. ഇന്ത്യന്‍ വനിത, പാശ്ചാത്യ വനിത എന്നിവയ്ക്ക് പകരം ‘വനിത’ എന്ന് ഉപയോഗിച്ചാല്‍ മതിയെന്നും സുപ്രീം കൈപുസ്തകത്തില്‍ വ്യക്തമാക്കുന്നു. ഇതിൻ്റെ പിഡിഎഫ് ലഭ്യമാക്കിയിട്ടുമുണ്ട്.

ശക്തി കുറഞ്ഞ മഴയ്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ,  മിതമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിമാലയൻ താഴ്‌വരയിലേക്ക് മാറി സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി  ഓഗസ്റ്റ് പതിനെട്ടോടെ തെക്ക് ഭാഗത്തേക്ക്‌ തെന്നി സാധാരണ സീസണിലെ സാധാരണ സ്ഥാനത്താനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഇതോടെ ഓഗസ്റ്റ് പതിനെട്ട് പിന്നിടുമ്പോഴേക്കും വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും.

നിലവില്‍ കേരളത്തില്‍ എവിടെയും ശക്തമായ മഴ മുന്നറിയിപ്പുകളില്ല. ഇന്നു മുതല്‍ 20-ാം തീയ്യതി വരെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡ് ഉള്ളവർക്ക് മാത്രം

ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രമാവും ലഭിക്കുക. തുണിസഞ്ചിയടക്കം 14 ഇനങ്ങളാണ് കിറ്റിലുണ്ടാകുക. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എ.എ.വൈ. കാര്‍ഡ് ഉടമകള്‍ക്ക് പുറമേ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഓണക്കിറ്റ് വിതരണത്തിനായി 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും.

കഴിഞ്ഞവര്‍ഷം മൊത്തം 93 ലക്ഷം റേഷന്‍കാര്‍ഡുടമകളില്‍ 87 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് നല്‍കിയിരുന്നു.ഇത്തവണ 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. സംസ്ഥാനത്ത് 5,87,691 എ.എ.വൈ. കാര്‍ഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷന്‍ കടകള്‍ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

മുളകിന് പകരം മുളക് പൊടി, എന്നാലും 14 ഐറ്റംസ്

തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാകുക.

കഴിഞ്ഞവര്‍ഷവും ഓണക്കിറ്റില്‍ 14 ഇനങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ വറ്റല്‍മുളകിന് പകരം മുളകുപൊടി കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം  നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍  സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചന്തകളില്‍ ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു.

പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായതിന് പുറമേ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ലെന്ന വ്യാപക പരാതി കൂടി ഉയരുമ്പോഴാണ് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളുമായി എത്തുന്നത്. സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകളാണ് ഈ മാസം 19 മുതല്‍ പ്രവര്‍ത്തനം തുടങ്ങുക. സര്‍ക്കാര്‍ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയിലെ അതേ വിലയില്‍ സാധാരണക്കാരന് ലഭ്യമാകും.

നോണ്‍ സബ്സിഡി സാധനങ്ങള്‍ക്ക് പൊതു വിപണിയേക്കാള്‍ പത്ത് മുതല്‍ നാല്‍പ്പത് ശതമാനം വരെ വിലക്കുറവുണ്ടാകും. സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സ്ഥിതി ഓണച്ചന്തകളിലുണ്ടാകില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായി വിപണന കേന്ദ്രങ്ങളില്‍ മുന്‍കൂര്‍ കൂപ്പണുകള്‍ നല്‍കും.കണ്‍സ്യൂമര്‍ഫെഡിന്‍റെ ത്രിവേണി സ്റ്റോറുകള്‍,ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകള്‍,പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ എന്നിവ മുഖനയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. ഓണക്കാലത്ത് 200 കോടി രൂപയുടെ വില്‍പ്പനയാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നത്.  ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 20ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പിഴ അടച്ചില്ലെങ്കിൽ ഇൻഷൂറൻസ് ബ്ലോക്കാവും, വാഹന ഉടമകൾക്ക് പുതിയ കുരുക്ക് വരുന്നു

ഫൈൻ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ തടയുന്നതിനുള്ള തീരുമാനം നടപ്പാക്കാൻ നടപടികൾ തുടങ്ങി. ഇക്കാര്യത്തിൽ മന്ത്രി ആന്റണി രാജു ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് യോഗം.

എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയശേഷം 25 കോടിരൂപയാണ് ചുമത്തിയ പിഴ. ഇതില്‍ 3.37 കോടിരൂപമാത്രമാണ് അടച്ചത്. എ.ഐ. ക്യാമറാസംവിധാനം നിലവില്‍വന്നശേഷം സംസ്ഥാനത്ത് അപകടമരണങ്ങള്‍ കുറഞ്ഞു എന്നാണ് വിലയിരുത്തൽ.

തുടര്‍ച്ചയായി വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും വാഹനനിര്‍മാണക്കമ്പനി പ്രതിനിധികളുമായുള്ള യോഗവും വ്യാഴാഴ്ച ചേരും.

നിയമലംഘനങ്ങള്‍ പിടിക്കപ്പെട്ടിട്ടും പിഴ അടയ്ക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കുന്നത് നിഷേധിക്കുന്ന സംവിധാനം നടപ്പിലാക്കുന്നതിനായി കന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നീ ഏജൻസികളുടമായി ചർച്ച തുടങ്ങി വെച്ചതായി മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

ഗതാഗതനിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും പിഴ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ സാധാരണ കരിമ്പട്ടികയില്‍പ്പെടുത്തുകയാണ് ചെയ്യുക. ഇതിനൊപ്പമാകും ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് തടയുക.

എ.ഐ. ക്യാമറ ഓഗസ്റ്റ് രണ്ടുവരെ കണ്ടെത്തിയത് 32.42 ലക്ഷം നിയമലംഘനങ്ങള്‍. 15.83 ലക്ഷം കേസുകളില്‍ പിഴചുമത്തി. 3.82 ലക്ഷംപേര്‍ക്ക് പിഴയടയ്ക്കാന്‍ ചെലാന്‍ നോട്ടീസയച്ചു. ക്യാമറസ്ഥാപിച്ചശേഷം വാഹനാപകടങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; രഞ്ജിത്തിന് എതിരായ വിനയൻ്റെ വെളിപ്പെടുത്തലിന് തുടർച്ചയായി നൽകിയ കേസ് ഹൈക്കോടതി തള്ളി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തിലെ ഇടപെടലുകൾ ചൂണ്ടികാട്ടി സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പുരസ്‌കാര നിര്‍ണയത്തില്‍ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിര്‍മാതാവ് പരാതിപ്പെട്ടിട്ടില്ല എന്നതും കോടതി ചൂണ്ടികാട്ടി.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശിവെച്ചു കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് വിധി.

പുരസ്‌കാര നിര്‍ണയത്തിലെ സ്വജനപക്ഷപാതത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.

രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും ജൂറിയംഗങ്ങളെ സ്വാധീനിച്ചെന്നും ആയിരുന്നു പരാതി.

പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന് സംവിധായകന്‍ വിനയനാണ് ആദ്യം വെളിപ്പെടുത്തൽ നടത്തിയത്. ജൂറി അംഗങ്ങളായ ജന്‍സി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവരും ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നു. തുടർന്നാണ് ലിജീഷ് ഹര്‍ജിയുമായി കോടതി മുൻപാകെ എത്തിയത്.

ഞാൻ മരിച്ചിട്ടില്ല അതുകൊണ്ട് നിങ്ങളുടെ ആഘോഷത്തിൽ പങ്കുചേരാനാവില്ല – പ്രകാശ് രാജ്

രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോൾ തനിക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. വീടുകളിൽ മരിച്ചവർ അടക്കത്തിനായി കാത്തിരിക്കുമ്പോൾ, കൊള്ളക്കാരുടെ ഘോഷയാത്ര വീട്ടുമുറ്റത്തുകൂടി കടന്നുപോകുമ്പോൾ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രകാശ് രാജ് എക്‌സിൽ പോസ്റ്റ് ചെയ്‌തു.

’എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക. ക്ഷമിക്കണം,  മരിച്ചു കിടക്കുന്ന ഒരാൾക്ക് മാത്രമേ ഒരു കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ സാധിക്കൂ. ഞാൻ മരിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങളുടെ ആഘോഷത്തിന്റെ ഭാഗമാകില്ല’- പ്രകാശ് രാജ് പറഞ്ഞു. ‘അൺഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ എന്ന ഹാഷ് ടാഗോടെയാണ് കുറിപ്പ് പോസ്റ്റ് ചെയ്‌തത്

കുറിപ്പിൻ്റെ പൂർണ്ണ രൂപം

ക്ഷമിക്കണം, നിങ്ങളുടെ ആഘോഷങ്ങളിൽ എനിക്ക് പങ്കുചേരാൻ കഴിയില്ല.
വീടുകളിൽ മരിച്ചവർ അടക്കത്തിനായി കാത്തിരിക്കുമ്പോൾ
കൊള്ളക്കാരുടെ ഘോഷയാത്ര വീട്ടുമുറ്റത്തുകൂടി കടന്നുപോകുമ്പോൾ
എനിക്ക് നിങ്ങളുടെ ആഘോഷത്തിൽ പങ്കുചേരാനാകില്ല.
ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങൾക്ക് പതാക ഉയർത്താമോ?
ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?
ക്ഷമിക്കണം,എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക. ക്ഷമിക്കണം, മരിച്ചു കിടക്കുന്ന ഒരാൾക്ക് മാത്രമേ ഒരു കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ സാധിക്കൂ, ഞാൻ മരിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങളുടെ ആഘോഷത്തിന്റെ ഭാഗമാകില്ല.

മധ്യപ്രദേശിൽ സ്വാതന്ത്ര്യ ദിന ആഘോഷത്തിനിടെ ആരോഗ്യമന്ത്രിയും സ്പീക്കറും കുഴഞ്ഞു വീണു

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ മധ്യപ്രദേശ് ആരോഗ്യമന്ത്രിയും നിയമസഭാ സ്പീക്കറും വേദിയിൽ കുഴഞ്ഞുവീണു. രണ്ട് വ്യത്യസ്ത പരിപാടികളിൽ ആണ് ഇരുവർക്കും ആരോഗ്യ പ്രശ്നം ഉണ്ടായത്.

ആരോഗ്യമന്ത്രി ഡോ.പ്രഭുറാം ചൗധരി മാർച്ച് പാസ്റ്റിനിടെ സല്യൂട്ട് സ്വീകരിക്കാൻ റെയ്‌സണിലെ ഒരു വേദിയിലിരിക്കെ കുഴഞ്ഞുവീണു.മൗഗഞ്ചിൽ പതാക ഉയർത്തുന്നതിനിടെയാണ് സ്പീക്കർ ഗിരീഷ് ഗൌതം കുഴഞ്ഞു വീണത്. (Madhya Pradesh Minister Collapses On Stage During Independence Day)

ആരോഗ്യ മന്ത്രിയെ സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ റെയ്‌സണിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മൗഗഞ്ചിൽ മധ്യപ്രദേശ് നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതം പതാക ഉയർത്തിയെങ്കിലും പൊതുജനങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയാതെ വരികയായിരുന്നു. പ്രസംഗം തുടങ്ങിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യം പെട്ടെന്ന് വഷളായി. ഉടൻ ഡോക്ടർമാരെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് മാറ്റി.

ഓട്ടോമാറ്റിക്കിനും ഗിയറിനും ഇനി പ്രത്യേകം ഡ്രൈവിങ് ടെസ്റ്റുകൾ

ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ് സംവിധാനം നിലവിൽ വരും. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്ക് ഓട്ടോമാറ്റിക് വിഭാഗം, ഗിയര്‍ വിഭാഗം എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകളുണ്ടാകും. ഇരു വിഭാഗത്തിനും ഡ്രൈവിങ് ടെസ്റ്റുകൾ പ്രത്യേകമാവും.

ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം എന്ന സൌകര്യമുണ്ട്. എന്നാൽ ഗിയർ വാഹനങ്ങൾ ഓടിക്കാൻ നിയമപരമായി അനുമതിയുണ്ടാവില്ല.

ഗിയർ വാഹനങ്ങളുടെ ലൈസൻസ് നേടുന്നവർക്ക് എല്ലാ വാഹനത്തിലും അനുമതി

ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സ് നേടുന്നവര്‍ക്ക് അതേവിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങളും ഓടിക്കാം. പക്ഷേ, ഓട്ടോമാറ്റിക് വാഹന ലൈസന്‍സുള്ളവര്‍ക്ക് ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ടാകില്ല. അവര്‍ ഗിയര്‍വാഹനങ്ങളില്‍ വീണ്ടും ടെസ്റ്റ് പാസാകേണ്ടിവരും.

ഓട്ടോ ലൈസൻസും ഇല്ലാതാവും

കേന്ദ്ര ഡ്രൈവിങ് ലൈസന്‍സ് സംവിധാനമായ ‘സാരഥി’യിലേക്ക് മാറിയപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ ലൈസന്‍സ് വിഭാഗങ്ങളും കേന്ദ്രം ക്രമീകരിച്ചിരുന്നു. സംസ്ഥാനത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, മീഡിയം, ഹെവി, ഗുഡ്‌സ് വിഭാഗം ലൈസന്‍സുകള്‍ ഇല്ലാതായി. പകരം ഏര്‍പ്പെടുത്തിയ എല്‍.എം.വി. ലൈസന്‍സില്‍ ഓട്ടോറിക്ഷ മുതല്‍ മിനി വാനുകള്‍വരെ ഓടിക്കാനാകും.

ലൈസൻസിലും തുല്യതാ സർട്ടിഫിക്കറ്റ്

എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് ഗിയര്‍വാഹനങ്ങള്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാന്‍ അനുവദിച്ചു. ഇവര്‍ക്ക് ഗിയര്‍ വാഹനങ്ങളും ഓടിക്കാനുള്ള സാവകാശം ലഭിച്ചിരുന്നു. ഈ ന്യൂനത ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. വിദേശ ഓട്ടോമാറ്റിക് ലൈസന്‍സുമായി വരുന്നവര്‍ക്ക്, പകരം തുല്യതയുള്ള ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ പുതിയ സംവിധാനത്തില്‍ കഴിയും.

മഴയില്ല ഡാമുകൾ വരളുന്നു, വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി

മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ വെള്ളമില്ലാത്ത സാഹചര്യത്തിലാണ് ജനങ്ങൾക്ക് വകുപ്പ് മന്ത്രിയുടെ മുന്നറിയിപ്പ്. നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.

മഴ പെയ്താല്‍ വൈദ്യുതിനിരക്ക് കൂട്ടേണ്ട ആവശ്യം വരില്ല. മഴയില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും എന്നാണ് വിശദീകരണം. വാങ്ങുന്ന വിലയ്‌ക്കേ കൊടുക്കാന്‍ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തില്‍ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുകയെന്നും മന്ത്രി അവകാശപ്പെട്ടു. ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ അധിക വൈദ്യുതി പണംകൊടുത്ത് വാങ്ങേണ്ടിവരും. എത്ര രൂപകൊടുത്ത് വാങ്ങണമെന്ന കാര്യത്തില്‍ ബുധനാഴ്ചത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.

തുടര്‍ന്ന് സാഹചര്യം വിലയിരുത്തി വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെയടക്കം തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വില കൂട്ടണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡ് അട്ടിമറിക്കെതിരെ പൊലീസ് അപ്പീൽ നൽകി

പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയ മെഡിക്കല്‍ബോര്‍ഡ് നടപടിക്കെതിരെ പോലീസ് അപ്പീൽ നൽകി. സംസ്ഥാന അപ്പീൽ അതോറിറ്റിക്ക് മുൻപാകെയാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടയിലാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പോലീസ് ഡി.എം.ഒ.യ്ക്ക് നല്‍കിയിരുന്നത്. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്.

എന്നാൽ ഇതുവരെ ലഭ്യമായ തെളിവുകള്‍വെച്ച്, മൂന്ന് പ്രസവശസ്ത്രക്രിയകള്‍ക്കിടെ എപ്പോഴാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും വിലയിരുത്തിയത്.

ഇതിനെതിരെയാണ് പൊലീസ് അപ്പീൽ നൽകിയത്. ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് യോഗത്തിൽ നടന്ന യോഗത്തില്‍ ഗൂഡാലോചന നടന്നതായി സംശയിക്കുന്നുവെന്നും റേഡിയോളജിസ്റ്റിനെ മാറ്റിയ സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്നും ഹർഷിന പരാതി നൽകിയിരുന്നു. ഈ മാസം 16 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന ധര്‍ണ്ണയും സമരവും നടത്താനൊരുങ്ങുകയാണ് ഹര്‍ഷിന.

ആരാണ് അട്ടിമറിക്കാർ എന്ന് വ്യക്തം എന്നിട്ടും

പ്രസവശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് ഹര്‍ഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം അകപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍നിന്നാണെന്ന് എംആര്‍ഐ റിപ്പോര്‍ട്ട് പ്രകാരം മാത്രം തീരുമാനിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് മെഡിക്കല്‍ ബോര്‍ഡ് സ്വീകരിച്ചത്.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ പോലീസ് റിപ്പോർട്ട് ശരിവച്ചപ്പോൾ ബോര്‍ഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ നിലപാടിനെ മെഡിക്കല്‍ ബോര്‍ഡിലെ മറ്റുള്ള അംഗങ്ങളും അനുകൂലിക്കുകയായിരുന്നു. ഇതിൽ ഗൂഡാലോചന സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഹർഷിന പരാതിയിൽ പറയുന്നു. നേരത്തെ നടക്കേണ്ടിയിരുന്ന ബോർഡ് യോഗം ഓഗസ്റ്റ് 8 ലേക്ക് മാറ്റിയതും നേരത്തെ നിശ്ചയിക്കപ്പെട്ട വനിതാ റേഡിയോളജിസ്റ്റിനെ മാറ്റി അതിവേഗത്തിൽ പുതിയൊരാളെ നിയമിച്ചതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്.

സർക്കാർ ആരോഗ്യ കേന്ദ്രത്തിലെ അശ്രദ്ധ കൊണ്ട് വയറ്റിൽ അകപ്പെട്ട കത്രികയാൽ 5 വർഷം നരകയാതന അനുഭവിച്ച തനിക്ക് നീതി കിട്ടണമെന്നാണ് ഹർഷിനയുടെ ആവശ്യം. നിയമത്തിന്റെ വഴിയിലും അട്ടിമറി നടത്താനായി ഗൂഡാലോചന നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നാണ് ആവശ്യം.