റഷ്യയുടെ ചാന്ദ്രദൗത്യം പാളി, ലൂണ തകർന്നു വീണു

0


ശാസ്ത്ര ലോകം കൌതുകത്തോടെ കാത്തിരുന്ന റഷ്യയുടെ ചാന്ദ്രദൗത്യം വിജയം കണ്ടില്ല. ലൂണ 25 ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങിയതായി റഷ്യൻ സ്പേസ് ഏജൻസി Roskosmos സ്ഥിരീകരിച്ചു. ഇന്നലെ മുതൽ തന്നെ ലൂണ പേടകത്തിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കാതായിരുന്നു.

50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാനുള്ള ശ്രമവും വെല്ലുവിളി നേരിട്ടിരുന്നു.

സാങ്കേതിക തകരാറാണ് ലൂണയ്ക്ക് തിരിച്ചടിയയത് എന്നാണ് റിപ്പോർട്ട്. . ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. അഞ്ചുദിവസം കൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തുകയും ഏഴു ദിവസം കൊണ്ട് ലാന്‍ഡിങ് നടത്താനുമായിരുന്നു പദ്ധതി.

ഈ മാസം 23നു നടക്കുമെന്നു പ്രതീക്ഷിക്കുന്ന ചന്ദ്രയാന്റെ ലാന്‍ഡിങ്ങിനു മുന്‍പോ, അതിനൊപ്പമോ, തൊട്ടു പിന്നാലെയോ ലൂണയും ചന്ദ്രോപരിതലം തൊടുമെന്നായിരുന്നു കരുതിയിരുന്നത്. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം.

ഓ​ഗസ്റ്റ് 23 ന് വൈകുന്നേരം 6.04 ന് ചന്ദ്രയാൻ -3 സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപിച്ചു, തരൂരും ആൻ്റണിയും പട്ടികയിൽ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. 39 അംഗങ്ങളിൽ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയെ നിലനിര്‍ത്തിയിട്ടുണ്ട്. ശശി തരൂരും പട്ടികയിലുണ്ട്. കേരളത്തില്‍ നിന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഉണ്ട്.

ചെന്നിത്തലയും കൊടിക്കുന്നിലും ക്ഷണിതാക്കൾ

കനയ്യ കുമാറും രമേശ് ചെന്നിത്തലയും സ്ഥിരം ക്ഷണിതാക്കളായിട്ടാണ് ഇടം പിടിച്ചത്. കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ നേതൃത്വവുമായി കലഹത്തിലായിരുന്ന സച്ചിന്‍ പൈലറ്റിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 39 പേരാണ് പ്രവർത്തകസമിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

പ്രവര്‍ത്തക സമിതി അംഗങ്ങള്‍

  1. മല്ലികാര്‍ജുന്‍ ഖാര്‍ഗെ
  2. സോണിയ ഗാന്ധി
  3. മന്‍മോഹന്‍ സിങ്
  4. രാഹുല്‍ ഗാന്ധി
  5. അധിര്‍ രഞ്ജന്‍ ചൗധരി
  6. എ.ക.ആന്റണി
  7. അംബിക സോണി
  8. മീര കുമാര്‍
  9. ദിഗ് വിജയ് സിങ്
  10. പി.ചിദംബരം
  11. താരിഖ് അന്‍വര്‍
  12. ലാല്‍ തന്‍ഹാവാല
  13. മുകുള്‍ വാസ്‌നിക്
  14. ആനന്ദ് ശര്‍മ
  15. അശോക് റാവു ചവാന്‍
  16. അജയ് മാക്കന്‍
  17. ചരഞ്ജിത്ത് സിങ് ചന്നി
  18. പ്രിയങ്ക ഗാന്ധി
  19. കുമാരി സെല്‍ജ
  20. ഗൈഖംഗം
  21. രഘുവീര റെഡ്ഡി
  22. ശശി തരൂര്‍
  23. ടി.സാഹു
  24. അഭിഷേക് മനു സിങ്‌വി
  25. സല്‍മാന്‍ ഖുര്‍ഷിദ്
  26. ജയറാം രമേശ്
  27. ജിതേന്ദ്ര സിങ്
  28. രന്ദീപ് സിങ് സുര്‍ജെവാല
  29. സച്ചിന്‍ പൈലറ്റ്
  30. ദീപക് ബാബരിയ
  31. ജഗദീഷ് ഠാക്കൂര്‍
  32. ജി.എ.മിര്‍
  33. അവിനാഷ് പാണ്ഡെ
  34. ദീപ ദാസ് മുന്‍ഷി
  35. മഹേന്ദ്ര സിങ്ജീത് മാളവ്യ
  36. ഗൗരവ് ഗൊഗോയ്
  37. സയീദ് നസീര്‍ ഹുസൈന്‍
  38. കമലേശ്വര്‍ പട്ടേല്‍
  39. കെ.സി.വേണുഗോപാല്‍

സ്ഥിരം ക്ഷണിതാക്കള്‍

  • വീരപ്പ മൊയ്‌ലി
  • ഹരീഷ് റാവത്ത്
  • പവന്‍ കുമാര്‍ ബന്‍സാല്‍
  • മോഹന്‍ പ്രകാശ്
  • രമേശ് ചെന്നിത്തല
  • ബി.കെ.ഹരിപ്രസാദ്
  • താരീഖ് ഹമീദ് ഖറ
  • ദീപേന്ദര്‍ സിങ് ഹൂഡ
  • ഗിരീഷ് രായ ചോദന്‍കര്‍
  • ടി.സുബ്ബരാമി റെഡ്ഡി
  • കെ.രാജു
  • ചന്ദ്രകാന്ത് ഹാന്‍ഡോര്‍
  • മീനാക്ഷി നടരാജന്‍
  • ഫുലോ ദേവി നേതാം
  • ദാമോദര്‍ രാജ നരസിംഹ
  • സുദീപ് റോയ് ബര്‍മന്‍

സംസ്ഥാനങ്ങളുടെ ചുമതലയുള്ളവര്‍

  • ഡോ.എ.ചെല്ലംകുമാര്‍
  • ഭക്ത ചരണ്‍ദാസ്
  • ഡോ.അജോയ് കുമാര്‍
  • ഹരീഷ് ചൗധരി
  • രാജീവ് ശുക്ല
  • മാണിക്കം ടാഗോര്‍
  • സുഖ് വീന്ദര്‍ സിങ് രന്‍ധാവ
  • മാണിക് റാവു താക്‌റെ
  • രജനി പട്ടേല്‍
  • കനയ്യ കുമാര്‍
  • സച്ചിന്‍ റാവു
  • ഗുരുദീപ് സപ്പല്‍
  • ദേവേന്ദ്ര യാദവ്
  • മനീഷ് ചത്രത്

പ്രത്യേക ക്ഷണിതാക്കള്‍

  • പല്ലംരാജു
  • പവന്‍ ഖേര
  • ഗണേഷ് ഗോഡിയാല്‍
  • കൊടിക്കുന്നില്‍ സുരേഷ്
  • യശോമതി ഠാക്കൂര്‍
  • സുപ്രിയ ഷ്രിനാറ്റെ
  • പ്രിനിതി ഷിന്‍ഡെ
  • അല്‍ക ലാംബ
  • വംശി ചന്ദ് റെഡ്ഡി

ഇതര മതസ്ഥയായ പെൺകുട്ടിയെ വിവാഹം ചെയ്തതിന് യുവാവിൻ്റെ വൃദ്ധമാതാപിതാക്കളെ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശിലെ സീതാപുരില്‍ വൃദ്ധ ദമ്പതിമാരെ ആൾക്കൂട്ടം അടിച്ചുകൊന്നു. മകൻ വ്യത്യസ്ത മതത്തിലെ പെൺകുട്ടിയെ പ്രണയിച്ചതിൻ്റെ പേരിലാണ് കൊല. സീതാപുര്‍ ജില്ലയിലെ രജേയ്പുര്‍ സ്വദേശികളായ അബ്ബാസ്(55) ഭാര്യ കമറുല്‍നിസ(53) എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ദമ്പതിമാരുടെ മകനും അയല്‍ക്കാരിയായ ഹിന്ദുമത വിഭാഗത്തിലെ പെണ്‍കുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനു ശേഷം ഇവർ വിവാഹതരായി. ഇതാണ് ആക്രമണത്തിലും കൊലപാതകത്തിലും എത്തിച്ചത്. അബ്ബാസ്-കമറുല്‍നിസ ദമ്പതിമാരുടെ മകനായ ഷൗക്കത്തും അയല്‍ക്കാരനായ രാംപാലിന്റെ മകള്‍ റൂബിയും തമ്മില്‍ വർഷങ്ങളായി തുടരുന്ന പ്രണയമാണ്. പോക്സോ കേസിലും ജയിൽ വാസത്തിലും വരെ എത്തിച്ചു എങ്കിലും ഇരുവരും പ്രണയത്തിൽ ഉറച്ചു നിന്നു.

വെള്ളിയാഴ്ച രാത്രിയാണ് ദമ്പതിമാര്‍ക്ക് നേരേ ആക്രമണമുണ്ടായത്. ഇരുമ്പ് ദണ്ഡുകളും വടിയുമായി ഇരച്ചെത്തിയ അക്രമിസംഘം ദമ്പതിമാരെ ക്രൂരമായി മര്‍ദിച്ചു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു വീണു. ദമ്പതിമാര്‍ മരിച്ചെന്ന് ഉറപ്പാക്കി പ്രതികളെല്ലാം ഓടിരക്ഷപ്പെട്ടു.

കൊല്ലപ്പെട്ട ദമ്പതിമാർക്ക് പ്രായപൂർത്തിയാവാത്ത മൂന്നു മക്കൾ കൂടിയുണ്ട്. ഇവർ നാട്ടുകാരുടെ സംരക്ഷണയിലാണ്.

വർഷങ്ങൾ നീണ്ട പ്രണയം പീഡനം, എന്നിട്ടും ഇരുവരും ഉറച്ചു നിന്നു, അവസാനം …..

പ്രണയത്തിനിടെ 2020-ല്‍ ഷൗക്കത്തും റൂബിയും ഒളിച്ചോടി പോയിരുന്നു. ആ സമയം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഷൗക്കത്തിനെ പിടികൂടി. പിന്നാലെ ജയിലിലടച്ചു.

ഈ ജൂണില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഷൗക്കത്തും റൂബിയും വീണ്ടും ഒന്നിച്ചു. പ്രണയ സാക്ഷാത്കാരത്തിനായി ഇരുവുരും ഒളിച്ചോടുകയും വിവാഹിതരാവുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുകാരും മത സംരക്ഷകരും വീണ്ടും പരാതിയും കേസുമായി എത്തി. എന്നാൽ കോടതിയിൽ ഷൗക്കത്തിന് അനുകൂലമായിട്ടാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി സ്വീകരിച്ച് യുവാവിനൊപ്പം വിട്ടയക്കുകയും ചെയ്തു. എന്നാൽ പൊലീസ് ഇവരെ വീണ്ടും വേട്ടയാടി. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ വകുപ്പുകൾ ഉപയോഗിച്ച് ഷൗക്കത്തിനെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്‌തു.

രണ്ടാമതും ജയിലില്‍നിന്ന് പുറത്തിറങ്ങിയ യുവാവ് വീണ്ടും പെണ്‍കുട്ടിയെയും കൂട്ടി നാടുവിട്ടു. ഇതോടെ മത ഭ്രാന്തൻമാർ അഴിഞ്ഞാടി. മാതാപിതാക്കളെ വകവരുത്തുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിവാദമായതോടെ സംഭവത്തില്‍ മുഖ്യപ്രതികളായി കാണിച്ച് മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

ഓണ ചിലവിന് കാശില്ല, സർക്കാർ ട്രഷറി നിയന്ത്രണം കടുപ്പിച്ചു

സംസ്ഥാനത്ത് ട്രഷറിയില്‍ നിയന്ത്രണം കടുപ്പിച്ചു. ഓണച്ചെലവിന് പണം ഉറപ്പാക്കാനാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിനാണ് നിയന്ത്രണം.

അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന് ഉത്തരവ്. നേരത്തെ 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്കായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇക്കഴിഞ്ഞ ജുലൈയിലാണ് 25 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി ചുരുക്കിയിരുന്നത്.

കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് 25 ലക്ഷം എന്ന പരിധിയിലേക്ക് ബില്‍ മാറ്റം പരിമിതപ്പെടുത്തിയത്. അതുവരെ ഒരു കോടി വരെയായിരുന്നു. ഇതാണ് പത്തുലക്ഷമായി താഴ്ത്തിയത്. ഇതാണ് പിന്നെയും ചുരുക്കി അഞ്ചു ലക്ഷമാക്കിയിരിക്കുന്നത്.

രാജ്യത്ത് വിലക്കയറ്റ പട്ടികയിൽ ഉള്ളിയും ഉരുളക്കിഴങ്ങും, സാധാരണക്കാരൻ്റെ ജീവിതം കുരുങ്ങുന്നു

 രാജ്യമാകെ ഓഗസ്റ്റ് മാസത്തില്‍ ഉള്ളിവിലയില്‍ തുടര്‍ച്ചയായി വര്‍ധനവ് രേഖപ്പെടുത്തി. സെപ്റ്റംബറിലും വില വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.

തക്കാളിയുടേതിന് സമാനമായി ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ ഈമാസം തുടര്‍ച്ചയായ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 11 മുതല്‍ കരുതല്‍ശേഖരത്തില്‍ നിന്ന് ഉള്ളി വിതരണത്തിന് നൽകി വില നിയന്ത്രിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ഇതിന് തുടർച്ചയായി ഡിസംബര്‍ 31 വരെ ഉള്ളിയുടെ കയറ്റുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ 40 ശതമാനം നികുതി ഏര്‍പ്പെടുത്തി. വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തരനടപടിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ ഉള്ളിയുത്പാദനത്തിന്റെ 65 ശതമാനവും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തെ റാബി വിളവെടുപ്പിലാണ് ലഭിക്കുന്നത്. സാധാരണയായി ഒക്ടോബര്‍-നവംബറിലെ ഖാരിഫ് വിളവെടുപ്പ് വരെ രാജ്യത്തെ ഉപഭോക്തൃആവശ്യം പരിഹരിക്കാന്‍ ഇത് ധാരാളമാണ്.

2022-23 കാലയളവില്‍ 2.51 ലക്ഷം ടണ്ണാണ് സര്‍ക്കാര്‍ കരുതല്‍ശേഖരമായി സൂക്ഷിച്ചത്. വിളവുത്പാദനവും വിതരണവും കുറയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അടിയന്തരസാഹചര്യം നേരിടുന്നതിനാണ് കരുതല്‍ശേഖരം സൂക്ഷിക്കുന്നത്.

എന്നാൽ ഭക്ഷ്യ ഉല്പന്നങ്ങൾക്ക് എല്ലാം വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. അരിയും പഞ്ചസാരയും എല്ലാം വിലക്കയറ്റ പട്ടികയിലാണ്. നിയന്ത്രണങ്ങൾക്ക് ശ്രമം ഉണ്ടെങ്കിലും ഫല പ്രദമായി ഇടപെടാൻ കഴിയാത്ത സാഹചര്യമാണ്.

താമിർ ജിഫ്രിയുടെ മരണം, പൊലീസ് വാദം തള്ളി ഫോറൻസിക് സർജൻ

താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ തനിക്കെതിരായ പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് ഫോറൻസിക് സര്‍ജൻ ഡോ ഹിതേഷ് . പോസ്റ്റുമോർട്ടത്തിന്റെ തുടക്കം മുതൽ അവസാനം വരെ വിഡിയോഗ്രാഫി ചെയ്തിട്ടുണ്ട്, താൻ ഉൾപ്പടെ മൂന്നു ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോർട്ടം ചെയ്തതത്. മരണകാരണ സാധ്യതകളാണ് പോസ്റ്റുമോർട്ടം റിപ്പേർട്ടിൽ ചൂണ്ടികാട്ടുന്നത്. മൃതദേഹത്തിലെ പരിക്കുകൾ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് കാണിച്ചു കൊടുത്തിരുന്നു.

മനുഷ്യാവകാശ ലംഘനങ്ങൾ അനുവധിക്കാനാവില്ലെന്നും ഡോ ഹിതേഷ് പറഞ്ഞു. ഞാൻ ഒരു പൊലീസുകാരന്റെയും കാലുപിടിച്ചിട്ടില്ല. ഹൈക്കോടതി അഞ്ചു വർഷം മുമ്പ് തള്ളിയ കേസിനെ കുറിച്ച് പൊലീസ് പറയുന്നത് വിലകുറഞ്ഞ ആരോപണമാണെന്നും ഡോ ഹിതേഷ് കൂട്ടിച്ചേർത്തു.

സ്വയം രക്ഷിക്കാൻ പൊലീസ്

താമിര്‍ ജിഫ്രിയുടെ മരണ കാരണം അമിത ലഹരി ഉപയോഗവും ഹൃദ്രോഗവും ആണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ തന്നെ വ്യക്തമാണെന്നിരിക്കെ ശരീരത്തിലേറ്റ പരിക്കുകൾ മരണകാരണമായെന്ന് എഴുതി ചേർത്തത് ബോധപൂര്‍വ്വമാണെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ആന്തരികവയവ പരിശോധന ഫലം വരും മുമ്പ് മഞ്ചേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് മേധാവി എങ്ങനെ ഈ നിഗമനത്തിലെത്തിയെന്നയിരുന്നു പൊലീസിന്റെ ചോദ്യം.

അമിതമായി ലഹരി ഉപയോഗിക്കുന്ന ആളായിരുന്നു താമിര്‍ ജിഫ്രി. ഗുരുതര ഹൃദ്രോഗവും ഉണ്ടായിരുന്നു. സിപ് ലോക്കവറിലാക്കിയ ലഹരി മരുന്ന് ജിഫ്രി വിഴുങ്ങിയെന്നും അത് വയറിൽ കിടന്ന് പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പരാമര്‍ശിക്കുന്നുണ്ട്. ഇത്രയേറെ തെളിവുണ്ടായിട്ടും ശരീരത്തിൽ ഏറ്റ മര്‍ദ്ദനം മാത്രം എടുത്തുകാണിച്ച് മരണ കാരണം എഴുതിയതിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.

ഡൽഹിയിലെ സി പി എം കേന്ദ്ര കമ്മിറ്റി പഠനശാല പൊലീസ് അടപ്പിച്ചു

ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി പഠന കേന്ദ്രം ‘സുർജിത് ഭവൻ’ പൊലീസ് അടപ്പിച്ചു. ജി20 സമ്മിറ്റ് മുൻനിർത്തി ഇതിനെതിരെ സംഘടിപ്പിക്കുന്ന വി20 പരിപാടിക്ക് ഇടിയിലാണ് പൊലീസ് നടപടി. പരിപാടിക്ക് മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്ന വാദം ഉന്നയിച്ചാണ് നടപടി. (Police has stopped program at cpim office)

പ്രതിപക്ഷത്തിനെതിരായി തുടരുന്ന പ്രതികാര നടപടികളുടെ ഭാഗമാണ് പൊലീസ് നീക്കമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ഇന്നലെതുടങ്ങിയ പരിപാടിയാണ് വി20. ഓഫീസിന് അകത്ത് നടത്തുന്ന പരിപാടിയാണ്. ഇതിന് പ്രത്യേക അനുമതി വാങ്ങിക്കാറില്ല. ജി20 സമ്മേള്ളനത്തിനെതിരെയാണ് സിപിഐഎം വി 20 എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പൊലീസ് അകത്തേക്കോ പുറത്തോക്കോ ആളുകളെ കടത്തി വിടാതെ തടഞ്ഞു. സിപിഐഎം പരിപാടിയുമായി മുൻപോട്ട് പോവുകയാണ്. ഇന്നലെ ബൃന്ദ കാരാട്ടും ജയറാം രമേശും ഉൾപ്പെടെ നേതാക്കൾ സംബന്ധിച്ചിരുന്നു. ഇന്ന് മേധാ പട്ക്കർ, പ്രൊഫ. അരുൺകുമാർ, ബ്രിന്ദ കാരാട്ട്, ജയന്തിഘോഷ്  തുടങ്ങിയവർ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു.

കൌമാര പ്രായക്കാർ തമ്മിലെ ലൈഗികത ബലാത്സംഗമാവുന്ന നിയമത്തിൽ അയവ് വരുത്താൻ അഭിപ്രായം ആരാഞ്ഞ് സുപ്രീം കോടതി

പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾ തമ്മിൽ പരസ്പര സമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം ക്രിമിനൽ കുറ്റം ആകുന്നത് എങ്ങിനെ എന്ന് സുപ്രീം കോടതി. ഇതിനെ ബലാത്സംഗ പരിധിയിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിൻ്റെ നിലപാട് ആരാഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര നിയമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശിയ വനിതാകമ്മിഷൻ തുടങ്ങിയവയോട് നിലപാട് ആരാഞ്ഞത്. വിദേശ രാജ്യങ്ങളിൽ നിലവിലുള്ള റോമിയോ – ജൂലിയറ്റ് നിയമം ഇന്ത്യയിൽ ബാധകമാക്കുന്നത് സാധ്യമാവില്ലെ എന്നാണ് പരിഗണിക്കുന്നത്.

2012- ലെ പോക്‌സോ നിയമ പ്രകാരം ഇത് ബലാത്സംഗ പരിധിയിലാണ് വരുന്നത്. ഈ നിയമ പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ 18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ പരസ്പരം നൽകുന്ന സമ്മതത്തിന് നിയമപ്രാബല്യം ഇല്ല. 18 വയസിന് താഴെ പ്രായമുള്ള കുട്ടികളുമായി ഏർപ്പെടുന്ന ലൈംഗികബന്ധത്തെ ലൈംഗികാതിക്രമമായാണ് കണക്കാക്കുന്നത്.

375-ാം വകുപ്പുപ്രകാരം 16 വയസിന് താഴെയുള്ള പെൺകുട്ടികളുമായി അവരുടെ സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലും ആൺകുട്ടികൾക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യും.

പെൺകുട്ടി ഗർഭിണി ആയാലോ, പെൺകുട്ടികളുടെ മാതാപിതാക്കൾ പരാതി നൽകിയാലോ ആണ് ബലാത്സംഗ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുന്നത്. അഭിഭാഷകൻ ഹർഷ് വിബോർ സിംഗാൾ സുപ്രീം കോടതിയിൽ നൽകിയ പൊതു താത്പര്യ ഹർജി പരിഗണിച്ചാണ് ചർച്ച തുടങ്ങിയിരിക്കുന്നത്.

റോമിയോ ജൂലിയറ്റ് നിയമം

വിദേശ രാജ്യങ്ങളിൽ പലയിടത്തും ഇതിൽ ഇളവുണ്ട്. റോമിയോ ജൂലിയറ്റ് നിയമം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരത്തിൽ ആൺകുട്ടികൾക്ക് പരിരക്ഷ നൽകുന്ന നിയമത്തിന് ഇന്ത്യയിലും പ്രാബല്യം നൽകണമെന്നാണ് പൊതു താത്പര്യ ഹരജിയിൽ ആവശ്യപ്പെട്ടത്.

റോമിയോ ജൂലിയറ്റ് നിയമ പ്രകാരം, ആൺകുട്ടിക്ക് പെൺകുട്ടിയേക്കാൾ നാല് വയസ് പ്രായം അധികം ഇല്ലെങ്കിൽ കേസും അറസ്റ്റും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിരക്ഷ ലഭിക്കും. 18 – 19 വയസുള്ള ആൺകുട്ടികൾക്ക് 16 – 18 വയസുള്ള പെൺകുട്ടികളുമായുള്ള ബന്ധത്തിൽ ഇത് ബലാത്സംഗ കേസിൽ നിന്നും വിടുതി നൽകും.

കൊണ്ടോട്ടിയിൽ പർദ ധരിച്ച് പള്ളിക്ക് സമീപം കറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി

കൊണ്ടോട്ടിയിൽ പള്ളിക്ക് സമീപം പര്‍ദയും നിഖാബും (മുഖം മൂടുന്ന വസ്ത്രം) ധരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്താണ് പര്‍ദ്ദ ധരിച്ച യുവാവ് ചെറുകാവ് കണ്ണംവെട്ടിക്കാവില്‍ പള്ളിക്ക് സമീപമെത്തിയത്.

അസം സ്വദേശിയായ സമീഹുല്‍ ഹഖ് ആണ് പിടിയിലായത്. നാട്ടുകാര്‍ പിടികൂടിയ ശേഷം കൊണ്ടോട്ടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. റോഡില്‍ പര്‍ദയും നിഖാബുമണിഞ്ഞ് അപരചിത ഭാവത്തിൽ ഇയാളെ കണ്ടതോടെ പള്ളിയിലേക്ക് ജുമുഅ നമസ്‌കാരത്തിനായി എത്തിയവര്‍ക്ക് സംശയമായി. പരിശോധിച്ചപ്പോള്‍ വേഷം മാറിയെത്തിയതാണെന്ന് മനസ്സിലായി.

വസ്ത്രം മോഷണം പോയതിനാലാണ് വേഷം മാറിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അന്വേഷണം തുടരുകയാണ്.

കെട്ടിപ്പിടുത്തങ്ങൾ

“Sometimes a silent hug is the only thing to say.”

“ജീവിക്കണം എന്നുള്ള വാശി ഒക്കെ പോയി. ഇപ്പോൾ സമനില തെറ്റാതെ നോക്കണം” എന്ന് പറഞ്ഞ് അവൻ അവസാനിപ്പിക്കുമ്പോൾ ഞാൻ അവനെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിക്കുകയാണ്…

എന്റെ ഇടത്തെ ഷോൾഡറിൽ അവന്റെ കണ്ണുനീരും അവന്റെ വലത്തെ ഷോൾഡറിൽ എന്റെ കണ്ണുനീരും വീഴുമ്പോൾ…

മനസിലെ അവന്റെ കനപ്പ് തീരട്ടെ…

പെയ്തൊഴിയട്ടെ അവൻ. ജീവിതമാണ് ഏറ്റവും വലിയ ലഹരി എന്ന് അവൻ തിരിച്ചറിയട്ടെ.

എന്റെ രാത്രി /പകൽ സങ്കടങ്ങളെ കേൾക്കാൻ എനിക്ക് എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുണ്ട്. അല്ലെങ്കിൽ ഞാൻ ഹൃദയത്തോടെ ചേർത്തുവയ്ക്കുന്ന/എന്നെ ചേർത്തുവച്ച ചില മനുഷ്യരുണ്ട് എന്റെ അഹങ്കാരം.

അവനു പറയാൻ ആരും ഉണ്ടായിരിക്കില്ല… അത് അതാവും എന്നെ വിളിച്ചത്. എനിക്ക് സംസാരിക്കണം എന്ന് പറഞ്ഞ്.

എന്നെ വിളിക്കുമ്പോൾ ഞാൻ അവന്റെ കഥ കേൾക്കുന്നു. ഇനി ഒരിക്കലും ജീവിതം എന്ന ലഹരി അല്ലാതെ മറ്റൊന്നും അവന് ഉപയോഗിക്കില്ല… അവൻ ഉറപ്പു തരുന്നു..

അവൻ തെളിമയോടെ ഇനിയും ജീവിതത്തിലേക്ക് മടങ്ങാൻ സമയമെടുക്കും എനിക്കറിയാം. എങ്കിലും ഞാനും അവനോടൊപ്പം ഉണ്ടാവും ജീവിതത്തിന്റെ വെള്ളിവെളിച്ചം നിറഞ്ഞ വഴിയിലേക്ക് അവൻ എത്തുന്നതും കാത്ത്… ചിലതൊക്കെ മറവിയുടെ ആഴങ്ങളിലേക്ക് തള്ളിവിടാൻ ഞാൻ അവനോട് പറഞ്ഞു. ഒരിക്കലും ഇനി അവൻ ആ ലഹരി ഉപയോഗിക്കാതിരിക്കട്ടെ…
സ്വന്തം തൊഴിലിനെ, മനുഷ്യരെ, യാത്രകളെ, തന്റെ പ്രണയിനിയെ, അച്ഛനെ, അമ്മയെ, അങ്ങനെ ലഹരിയുടെ പര്യായമായി അവൻ കാണുന്ന ദിവസം വരും എനിക്ക് ഉറപ്പാണ്. അല്ലെങ്കിലും അവൻ കോഴിക്കോടൻ ഹൽവയെക്കാൾ മധുരമുള്ള സ്നേഹം തരുന്ന, കഥ പറഞ്ഞു ഉറക്കുന്ന, രുചി പറക്കുന്ന മാനാഞ്ചിറയുടെയും മിഠായിതെരുവിന്റെയും പുത്രനല്ലേ… എന്റെ കൂടെപ്പിറപ്പാണ് അവൻ. രക്തബന്ധത്തിനും സ്നേഹബന്ധങ്ങൾക്കും അപ്പുറം നൂഴിലകൾ ചേർത്ത് വച്ച ജന്മമാന്തര ബന്ധമില്ലേ…

ഇൻറർ സിറ്റിക്ക് അവനെ യാത്രയാക്കി കോട്ടയം റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നിറകണ്ണുകളുമായി തിരിച്ചു നടക്കുമ്പോൾ ഞാൻ ആലോചിച്ചത് കെട്ടിപ്പിടുത്തങ്ങളെ പറ്റിയാണ്…

ഏങ്ങൽ അടിച്ച് ഒന്ന് കരഞ്ഞ്, നെഞ്ചോട് ചേർത്ത് ഒരു മനുഷ്യനെ കെട്ടിപ്പിടിക്കുമ്പോൾ…

എന്തുമാത്രം ഇമോഷൻസ് ആണ് പ്രസരിക്കുന്നത്, പര്യായങ്ങൾ പറയാനാവാത്ത എന്തുമാത്രം വികാരങ്ങൾ. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് വാക്കുകൾ കൊണ്ട് സംവദിക്കുന്നതിനും അപ്പുറമാണ് അത്. ചേർത്തുള്ള കെട്ടിപ്പിടുത്തങ്ങൾ ഉള്ളുലഞ്ഞു ഇല്ലാതാകുന്ന ചില മനുഷ്യരെ പരിഗണിക്കുകയാണ്.

എന്തുമാത്രം Hug ആണ് ലോകത്തുള്ളത് സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, പ്രണയത്തിന്റെ, രതിയുടെ, കരുതലിന്റെ, അങ്ങനെ എന്തുമാത്രം… അത് വെറും വാക്കിനും അപ്പുറം ഒരു ഹഗ് നിങ്ങളുടെ, അയാളുടെ ഇമോഷൻസ് ലോക്കാകുന്നു.

Hug കൾ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ. നിരാർദ്രമായ ലോകത്ത് ആർദ്രമായി കെട്ടിപ്പിടിക്കുക… ആർദ്രമായി കെട്ടിപ്പിടിക്കുക.
“Hugs are the universal medicines”