ഓണം ബോണസും അഡ്വാൻസും പ്രഖ്യാപിച്ചു

 ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നൽകുമെന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം – കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ – സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കും ഈ തുക എത്തും.

കുർബാന തർക്കം, മാർപ്പാപ്പയുടെ പ്രതിനിധിക്ക് നേരെ കുപ്പിയേറ്

കുർബാന തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടരുന്നതിനിടെ മാർപ്പാപ്പയുടെ പ്രതിനിധിക്ക് നേരെ പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികൾ. കേരളത്തിലെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രാർത്ഥനക്ക് എത്തിയതോടെ സംഘർഷാവസ്ഥയും ഉടലെടുത്തു.

പ്രാർത്ഥനയ്ക്ക് എത്തിയ വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരായ വിശ്വാസികൾ ആർച്ച് ബിഷപ്പിനെ തടഞ്ഞു.ആർച്ച് ബിഷപ്പിന് നേരെ കുപ്പി എറിഞ്ഞു. വൻ പൊലീസ് സന്നാഹം ഇതിനിടയിൽ നിലയുറപ്പിച്ചിരുന്നു.

പൊലീസ് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി ആർച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാർ പൊലീസിനെതിരെയും തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.

എകീകൃത കുർബാന വിഷയമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്.  ആർച്ച് ബിഷപ്പ് എത്തിയാൽ വലിയ രീതിയിൽ ഉള്ള പ്രധിഷേധം ഉണ്ടാകും എന്ന മുന്നറിയിപ്പ് പല അൽമായ സംഘടനകളും കൊടുത്തിരുന്നു. എന്നാൽ പ്രാർത്ഥന നടത്തണം എന്ന് അർച്ച് ബിഷപ്പ് സിറിൽ തീരുമാനിക്കുകയായിരുന്നു. ഒരു വിഭാഗം വിശ്വാസികൾ വലിയ രീതിയിൽ പ്രധിഷേധം ഉയർത്തുകയുിം വൈദികർക്ക് നേരെ അസഭ്യ വർഷം നടത്തുകയും ചെയ്തു.

എകീകൃത കുർബാനയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് വത്തിക്കാനിൽ നിന്ന് ആർച്ച് ബിഷപ്പ് സിറിൽ വസിൽ എത്തിയത്. തർക്കത്തിൽ ജനുവരി മുതൽ കൊച്ചി സെൻറ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് അർച്ച് ബിഷപ്പ് വന്നതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.

പ്രശ്ന പരിഹാരത്തിനായി മാർപാപ്പ നിയോഗിച്ച ആർച്ച് ബിഷപ്പ് സിറിൽ വാസിൽ ഏക പക്ഷീയമായാണ് നിലപാട് സ്വീകരിക്കുന്നുവെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന സിനഡ് തീരുമാനം പ്രാവർത്തികമാക്കാൻ സഹകരിക്കണമെന്ന് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ നയം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പ്രതിഷേധത്തിന്റെ സാഹചര്യം ഉടലെടുത്തത്.

വിമതരുമായി നടത്തിയ ചർച്ചയിലും ആർച്ച് ബിഷപ്പ് നിലപാടിൽ ഉറച്ചു നിന്നിരുന്നു. ഇതോടെയാണ് ഇനി ചർച്ചയ്ക്കില്ലെന്ന് വൈദിക സമിതിയും അൽമായ മുന്നേറ്റവും തീരുമാനിച്ചത്. 

പ്രൈമറി സ്കൂൾ അധ്യാപകരാവാൻ ബി എഡ് യോഗ്യതയല്ല- സുപ്രീം കോടതി

പ്രൈമറി തലത്തിലുള്ള അധ്യാപന യോഗ്യതയായി ബി.എഡ് ഉള്‍പ്പെടുത്തി 2018 ജൂണ്‍ 28ന് പുറപ്പെടുവിച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍സിടിഇ) വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കി.

അധിക യോഗ്യതയ്ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന് അർത്ഥമില്ല

പ്രൈമറി സ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ ബോധനശാസ്ത്രം (Pedagogical Training) ബി.എഡ് അധ്യാപകര്‍ നേടുന്നില്ല. പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ ബി.എഡ് അധ്യാപകര്‍ക്കാവില്ല. അധികയോഗ്യത എന്നാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നതിനര്‍ത്ഥമില്ല. പ്രാഥമിക വിദ്യാഭ്യാസം നല്ല നിലവാരമുള്ളതായിരിക്കണം, അല്ലാതെ ഒരു ആചാരമോ ഔപചാരികമോ മാത്രമല്ലെന്നും കോടതി പ്രത്യേകം പറഞ്ഞു.

ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാന്‍ഷു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. പ്രൈമറി ക്ലാസുകളിലെ അധ്യാപകരാകാന്‍ ബി.എഡ് ബിരുദമുള്ളവര്‍ യോഗ്യരല്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഇത് ശരിവെച്ചാണ് സുപ്രീം കോടതി നടപടി. പ്രൈമറിക്ലാസുകളിലെ അധ്യാപന യോഗ്യതയായി ബി.എഡ് ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും സുപ്രീം കോടതി പറഞ്ഞു.

ബി എഡ് യോഗ്യതക്കാരെ യു പി ക്ലാസിൽ നിയമിച്ചത് വിനയാകും

‘ബി.എഡ് എന്നത് പ്രൈമറി ക്ലാസുകളിലെ പ്രൈമറി തലത്തില്‍ പഠിപ്പിക്കുന്നതിനുള്ള ഒരു യോഗ്യതയല്ല. പ്രൈമറി ക്ലാസുകളുടെ പശ്ചാത്തലത്തില്‍ മെച്ചപ്പെട്ടതോ ഉയര്‍ന്നതോ ആയ യോഗ്യതയാണ്. പ്രൈമറി ക്ലാസുകളില്‍ നിയമിക്കപ്പെടുന്ന ബി.എഡ് യോഗ്യതയുള്ള എല്ലാ അധ്യാപകരും രണ്ട് വര്‍ഷത്തിനുള്ളില്‍ ബോധനശാസ്ത്ര കോഴ്സിന് വിധേയരാകണമെന്ന എന്‍സിടിഇ നിബന്ധനയിലൂടെ തന്നെ കാര്യം വ്യക്തമാണ്’

ബിഎഡുകാര്‍ക്ക് 1- 5 ക്ലാസുകളില്‍ അധ്യാപകരാകാമെന്ന് 2018-ല്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍സിടിഇ) പ്രഖ്യാപിച്ചിരുന്നു. ഈ വിജ്ഞാപനം അസാധുവാണെന്നും ബി.എഡ് യോഗ്യതയുള്ളവര്‍ പ്രൈമറി അധ്യാപകരാകാന്‍ അയോഗ്യരാണെന്നും അന്ന് ഹൈക്കോടതി വിധിച്ചു. രാജസ്ഥാൻ ഹൈക്കോടതിയുടെ ഈ വിധിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

ദേ…. സിനിമ തിയറ്ററുകളിലേക്ക് തിരിച്ച് വരുന്നു, ഈ ആഴ്ച ഇടിച്ചു കയറിയത് 2.10 കോടി പ്രേക്ഷകർ

കൊറോണ ബാധിച്ച് തിയറ്ററുകളിൽ നിന്നും ഇറങ്ങിയ സിനിമ തിരിച്ചു വരുന്നു. കൂടുൽ പ്രേക്ഷകരെ ആകർഷിച്ച് കൊണ്ട് തിയറ്ററുകളിലെ തിക്കി തിരക്കൽ വീണ്ടെടുക്കുകയാണ്. ഒ ടി ടി പ്ലാറ്റ് ഫോമുകളിൽ നിന്നും വീടുകൾക്ക് അകത്തെ തിയറ്റർ റൂമുകളിൽ നിന്നും സിനിമ തേടി പ്രേക്ഷകർ തിയറ്ററികളിലേക്ക് തിരിച്ചെത്തി തുടങ്ങി.

കൊവിഡ് അവസാനിച്ച് തിയറ്ററുകള്‍ തുറന്നപ്പോള്‍ പ്രേക്ഷകര്‍ പഴയതുപോലെ എത്തുയിരുന്നില്ല. പതിയെ ദക്ഷിണേന്ത്യൻ ചിത്രങ്ങള്‍ തിയറ്ററുകളെ സജീവമാക്കി എങ്കിലും ബോളിവുഡിന് വിജയം നേടാൻ കഴിഞ്ഞിരുന്നില്ല.

പഠാനിലൂടെ ഷാരൂഖ് തുറന്ന വഴി ഉത്തരേന്ത്യയിലും

ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലൂടെയാണ് ബോളിവുഡിന് ഒരു തുടക്കം കിട്ടിയത്. ഇന്നലെ അവസാനിച്ച വാരാന്ത്യത്തോടെ രാജ്യത്തെ സിനിമാവ്യവസായം ഇക്കാലമത്രയും കാത്തിരുന്നത് സംഭവിച്ചിരിക്കുകയാണ് എന്ന പ്രഖ്യാപനം വന്നു. ഇന്ത്യന്‍ സിനിമാ മേഖല തിയറ്റര്‍ കളക്ഷനില്‍ ഒരു വന്‍ തിരിച്ചുവരവ് സംഭവിച്ചു.

രജനികാന്ത് നായകനാവുന്ന തമിഴ് ചിത്രം ജയിലര്‍ ആണ് അക്കൂട്ടത്തില്‍ പ്രധാനം. തെലുങ്കില്‍ നിന്ന് ചിരഞ്ജീവി ചിത്രം ഭോലാ ശങ്കറും ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാര്‍ ചിത്രം ഒഎംജി 2 ഉും സണ്ണി ഡിയോള്‍‌ ചിത്രം ഗദര്‍‌ 2 ഉും ഈ വാരാന്ത്യത്തില്‍ പ്രദര്‍‌ശനത്തിനെത്തി.

 ഈ നാല് ചിത്രങ്ങളും ചേര്‍ന്ന് ഇന്ത്യന്‍ ബോക്സ് ഓഫീസിന് മൊത്തത്തില്‍ ഉണ്ടാക്കിയിരിക്കുന്ന നേട്ടം ശരിക്കും പ്രതീക്ഷ പകരുന്നതായി. ഇതേക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഇന്ത്യയിലെ മള്‍ട്ടിപെക്സുകളുടെ പ്രധാന കൂട്ടായ്മയായ മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും വാർത്താ കുറിപ്പ് ഇറക്കി.

കഴിഞ്ഞ 10 വർഷത്തെ കളക്ഷൻ റെക്കോഡുകൾ തകർത്ത് സിനിമാ പ്രേമികൾ

ഇക്കഴിഞ്ഞ ആഴ്ച അവസാനത്തെ മൂന്നു ദിവസങ്ങളിലായി  രാജ്യമാകെയുള്ള സിനിമാ തിയറ്ററുകളിലേക്ക് എത്തിയ സിനിമാപ്രേമികളുടെ ആകെ എണ്ണം 2.10 കോടിക്ക് മുകളിലാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഈ മൂന്ന് ദിവസങ്ങളിലായി ഈ നാല് പ്രധാന ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയ കളക്ഷന്‍ 390 കോടിയില്‍ അധികമാണെന്നും. 2.10 കോടി ആളുകള്‍ തിയറ്ററുകളിലെത്തിയ വാരാന്ത്യമെന്നത് കൊവിഡ് കാലത്തിന് ശേഷമെന്നല്ല കഴിഞ്ഞ 10 വര്‍ഷത്തെ റെക്കോര്‍ഡ് ആണെന്നും വ്യക്തമാക്കുന്നു. ജയിലര്‍ തിയറ്ററുകളിലെത്തിയ വ്യാഴാഴ്ച ദിവസത്തെ കളക്ഷന്‍ കൂട്ടാതെയാണ് ഈ 390 കോടി

ടിക്കറ്റ് നിരക്കുകൾ കൂടി എങ്കിലും ഇത്രയും ആളുകൾ എത്തി

വാരാന്ത്യത്തില്‍ 390 കോടി എന്നത് ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷത്തിലധികമുള്ള ചരിത്രത്തില്‍ ആദ്യമായാണ്! ചിത്രങ്ങളുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ളതാണ്, ഇന്ത്യന്‍ സിനിമ ട്രാക്കിലേക്ക് തിരിച്ചെത്തിയെന്ന് ആത്മവിശ്വാസത്തോടെ ഈ സംഘടനകള്‍ അറിയിക്കുന്നത്. 

ആദിവാസികളെ വനവാസികൾ എന്നു വിളിക്കുന്നവരുടെത് ദുരുദ്ദേശം – രാഹുൽ

ആദിവാസി സമൂഹത്തെ വനവാസികളെന്ന് വിളിക്കുന്നത് ദുരുദ്ദേശപരമാണെന്ന് രാഹുല്‍ഗാന്ധി എം പി. രാജ്യത്തുടനീളം സഞ്ചരിക്കുമ്പോള്‍ ആദിവാസി സമൂഹങ്ങളെ കാണാറും സംസാരിക്കാറുമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനത്തിലെ ആദിവാസി സമൂഹം പങ്കെടുത്ത യോഗത്തില്‍ സംസാരിച്ചു. രാജ്യത്തെ രണ്ട് ആശയങ്ങളെ കുറിച്ചാണ് അന്ന് സംസാരിച്ചത്. നമ്മള്‍ പട്ടികവര്‍ഗ സമൂഹത്തെ ആദിവാസികളെന്നാണ് വിളിക്കാറുള്ളത്. ആദിവാസി എന്നാല്‍ ഭൂമിയുടെ യഥാര്‍ത്ഥ അവകാശിയെന്നതാണ് അര്‍ത്ഥം. ഒരു പ്രത്യേക ചിന്താരീതിയാണത്. ഭൂമിയുടെ ഘടനയെ കുറിച്ചും പാരിസ്ഥിതിയെ കുറിച്ചും അറിവുള്ളവര്‍ എന്നാണതിനര്‍ത്ഥം.

ആദിവാസി സമൂഹമെന്നാല്‍ പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ്. അവരുടെ ഭൂമിയുടെ അവകാശം പൂര്‍ണമായി നല്‍കുകയും, അവിടെ പരിപാലനം നടത്താനുള്ള അനുമതിയും നല്‍കണം. ആദിവാസിവിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും ഡോക്ടര്‍മാരും, എന്‍ജിനീയര്‍മാരും കമ്പ്യൂുട്ടര്‍ എന്‍ജിനീയര്‍മാരുമെല്ലാം ഉണ്ടാവണം. മികച്ച വിദ്യാഭ്യാസം അവര്‍ക്ക് ലഭിക്കും. വനാവകാശ നിയമം അനുസരിച്ചുള്ള ഭൂമിയും വീടും വെക്കാനുള്ള അനുമതിയും വേണം. എന്നാല്‍ ഒരു പ്രത്യേക വിഭാഗമായി അവരെ പരിമിതപ്പെടുത്തരുത്. ഇതാണ് ആദിവാസി സമൂഹമെന്ന ആശയം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പുതിയൊരു ആശയവുമായി ചിലര്‍ എത്തിയിട്ടുണ്ട്. അവര്‍ ആദിവാസി സമൂഹത്തെ വിളിക്കുന്നത് വനവാസി എന്നതാണ്. വനവാസി എന്ന് വിളിക്കുന്നതില്‍ ദുരുദ്ദേശമുണ്ട്. വനത്തിന്റെ അവകാശിയാണെന്ന് പറയുമ്പോഴും വനവാസി എന്ന വാചകം കൊണ്ട് അര്‍ത്ഥമാക്കുന്നത് വനംവിട്ട് എവിടെയെും പോകാന്‍ പാടില്ലെന്നും, അവരെ അവിടെ തന്നെ പരിമിതപ്പെടുത്തുകയെന്ന് കൂടിയാണ്.

ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത് ചരിത്രത്തെയും സംസ്‌ക്കാരത്തെയും അട്ടിമറിക്കുന്നതാണ്. അവരുടെ രാജ്യവുമായുള്ള ബന്ധത്തെ തകര്‍ക്കുന്നതാണ്. ആദിവാസി സമൂഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഇന്ന് പരിസ്ഥിതി ഒരു ഫാഷനായി മാറിയിരിക്കുകയാണ്. എന്നാല്‍ ആദിവാസി സമൂഹം പരിസ്ഥിതി സംരക്ഷണം നടത്തുന്നവരാണ്.

അത് അവരുടെ ജീവിതത്തില്‍ നിന്ന് തന്നെ പഠിക്കാനാവുന്നതാണ്. അതുകൊണ്ട് തന്നെ ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക് നല്ല വിഭ്യാഭ്യാസം, ആശുപത്രി, മറ്റെല്ലാ സൗകര്യങ്ങളും ലഭ്യമാകണം. ഇക്കാര്യത്തില്‍ ഞങ്ങളെല്ലാം നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും സഹായിക്കാനും നില്‍ക്കുന്നവരാണെന്നും രാഹുല്‍ പറഞ്ഞു.

വയനാട് ജില്ലാ ക്യാന്‍സര്‍ സെന്ററായ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൈ ടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈതോലപ്പായിലെ കോടികൾ ആരോപണ പൊതിയായി; കേസ് മടക്കുന്നു

കൈതോലപ്പായ വിവാദത്തില്‍ അന്വേഷണം വഴമുട്ടി. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചുനടത്തിയ ഫെയ്‌സ്ബുക് പരാമര്‍ശത്തിൽ കൂടുതൽ ഒന്നു പറയാനില്ലെന്ന് നിലപാട് എടുത്തതോടെ കേസിന് തുടർച്ച നഷ്ടപ്പെട്ടു. ഇതിനു പിന്നാലെയാണ് നടപടികള്‍ അവസാനിപ്പിക്കുന്നത്.

ശക്തിധരന്‍ ആരോപണത്തിന് അപ്പുറം ഒന്നും വെളിപ്പെടുത്താൻ ഇല്ലെന്ന നിലപാടിലേക്ക് മാറിയതായാണ് പൊലീസ് റിപ്പോർട്ട്. ഫെയ്‌സ്ബുക്കില്‍ കുറിച്ചതിനപ്പുറം തനിക്കൊന്നും പറയാനില്ല. ഉദ്ദേശിച്ച വ്യക്തികളുടെ പേരുകള്‍ പറയാന്‍ ഇപ്പോള്‍ താത്പര്യമില്ല എന്ന നിലപാടാണ് ശക്തിധരന്‍ എടുത്തത്.

വെളിപ്പെടുത്തലിൽ, വ്യക്തമായ മൊഴി ശക്തിധരൻ നൽകിയില്ല. പണം കടത്തിയെന്ന് ആരോപിച്ച നേതാക്കളുടെ പേര് പൊലീസിനോട് വെളിപ്പെടുത്തിയില്ല. പറയാനുളളതെല്ലാം ഫേസ് ബുക്കിൽ പറഞ്ഞെന്നും കൂടുതൽ പറയാനില്ലന്നുമാണ് മൊഴി നൽകിയതും.

ഇതില്‍ കൂടുതലൊന്നും അറിയില്ലെന്ന് ബെന്നി ബെഹനാനും മൊഴിനല്‍കിയതോടെ കേസിന്റെ തുടര്‍നടപടകള്‍ നഷ്ടമായി. ഇതുമായി ബന്ധപ്പെട്ട് ഇനിയൊരു പോലീസ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.ജി.പി.ക്ക് റിപ്പോർട്ട് ചെയ്തു.

ആരോപണത്തിൽ ഒതുങ്ങി

സി.പി.എമ്മിന്റെ ഉന്നതനായ ഒരു നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫീസില്‍വെച്ച് രണ്ടരക്കോടിയോളം രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞ്‌ കൊണ്ടുപോയെന്നായിരുന്നു ശക്തിധരന്റെ ആരോപണം. ഇതുസംബന്ധിച്ച് ബെന്നി ബഹനാന്‍ എം.പി. പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി.ക്ക് പരാതി നല്‍കിയിരുന്നു. തുടർന്ന് കേസില്‍ അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് പരിശോധിക്കാന്‍ ഡി.ജി.പി. ഈ പരാതി കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കൈമാറി. തുടര്‍ന്ന് ശക്തിധരന്റെയും ബെന്നി ബഹനാന്‍ എം.പി.യുടെയും മൊഴി രേഖപ്പെടുത്തി.

സി പി എമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ദേശാഭിമാനി ഓഫീസിൽ രണ്ട് ദിവസം ചെലവിട്ട് സമ്പന്നരിൽ നിന്ന് കൈപ്പറ്റിയ രണ്ടരക്കോടിയോളം രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് താൻ സാക്ഷിയാണെന്നും, ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നുമാണ് ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചത്.

നിലവിൽ മന്ത്രിസഭയിൽ അംഗമായ ഒരാളും കാറിലുണ്ടായിരുന്നുവെന്നും മറ്റൊരവസരത്തിൽ കോവളത്തെ ഒരു ഹോട്ടലിൽ വച്ച് പത്ത് ലക്ഷം രൂപയുടെ രണ്ടു കെട്ടുകൾ ഉന്നതൻ കൈപ്പറ്റിയെന്നും ശക്തിധരൻ ആരോപിച്ചിരുന്നു.

ഉത്തർ പ്രദേശിൽ ആശുപത്രിയിൽ നിന്നും പറഞ്ഞു വിട്ട യുവതി രാജ്ഭവന് മുന്നിൽ പ്രസവിച്ചു

 ഉത്തര്‍പ്രദേശില്‍ ഗർഭിണിയായ യുവതി രാജ്ഭവനു മുന്നില്‍ പ്രസവിച്ചു. ശുശ്രൂഷ കിട്ടാഞ്ഞതിനാൽ കുഞ്ഞ് മരിച്ചു. രാജ് ഭവനിനടുത്തുള്ള റോഡില്‍വെച്ച് ഞായറാഴ്ച രാവിലെ എട്ടുമണിക്കാണ് ഇരുപത്തെട്ടുകാരി പ്രസവിച്ചത്. പിന്നാലെ നാട്ടുകാർ ഇടപെട്ട് യുവതിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഹസ്രത്ഗനി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഗര്‍ഭിണിയായ യുവതിക്ക് കലശലായ വേദന കാരണം ആശുപത്രിയിൽ എത്തിച്ചിരുന്നു. ഭർത്താവ് യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയ്ക്കും ഇന്‍ജക്ഷനും ശേഷം വിദഗ്ധ ചികിത്സയ്ക്ക് നിർദ്ദേശിച്ചു എങ്കിലും കുടുംബത്തിന് താങ്ങാനായില്ല. ഇവർ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് പ്രസവം. ആംബുലൻസ് വിളിച്ചെങ്കിലും സമയത്ത് ലഭ്യമായില്ല.

രാജ്ഭവന് മുന്‍പിലെത്തിയപ്പോള്‍ രക്തസ്രാവമുണ്ടായി. ഇതോടെ തടിച്ചുകൂടിയ ആളുകള്‍ ഒരു സ്ത്രീയുടെ സഹായം തേടി. പിന്നാലെ യുവതി പ്രസവിച്ചു.

മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് യു.പി. മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ട്വീറ്ററിൽ ചോദിച്ചു. ബി.ജെ.പി. രാഷ്ട്രീയത്തിന് വേണ്ടത് ബുള്‍ഡോസറാണ്, ആംബുലന്‍സല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അഖിലേഷിന്റെ ട്വീറ്റ്.

വിനോദ സഞ്ചാരികളുടെ കാറിന് മേലെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു

ഇടുക്കിയിൽ വിനോദസഞ്ചാരികൾ എത്തുന്ന കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മുതിർന്ന സ്ത്രീ മരിച്ചു. കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്. കാറിലുണ്ടായിരുന്നവർ പാഞ്ചാലിമാട് ടൂറിസ്റ്റ് കേന്ദ്രത്തില്‍നിന്ന് മടങ്ങി വരുന്നതിനിടെ ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്. അഞ്ചു പേർക്ക് പരുക്കേറ്റു.

കമ്പംമേട്ട് പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ബിബിനും പോലീസ് ഉദ്യോഗസ്ഥയായ ഭാര്യ അനുഷ്‌കയും കുടുംബസമേതം പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രത്തില്‍നിന്ന് പുറപ്പെട്ടതായിരുന്നു. എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം ഇവരുടെ കൂടെയുണ്ടായിരുന്നു. ഇവരുടെ സഹായിയായി എത്തിയതാണ് മരിച്ച സോമിനി.

വളഞ്ഞങ്ങാനത്ത് എത്തിയപ്പോൾ കാര്‍ നിര്‍ത്തി യാത്രക്കാരില്‍ ചിലര്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ സോമിനി വാഹനത്തിനുള്ളില്‍ത്തന്നെ ഇരുന്നു. ഈ സമയത്താണ് കറിനു മുകളിൽ മണ്ണിടിഞ്ഞു വീണത്. കാറില്‍ത്തന്നെയുണ്ടായിരുന്ന ബിബിനും അനുഷ്‌കയും മറ്റു മൂന്നുപേരും നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ കുറെ മണിക്കൂറായി പ്രദേശത്ത് മഴയുണ്ടായിരുന്നു.

കുറത്തി

കരിഞ്ചൂരൽ മടയിൽ നിന്നും
ഒരു കുറത്തി വന്നു…
കരികല്ല് പോലെ കറുത്തവൾ…
മുടി മൂർദ്ദാവിൽ
കൊണ്ടയായി
കെട്ടി വെച്ചവൾ…
മുറുക്കി ചുവപ്പിച്ച
ഭാവിയെ
ഒരു കഷ്ണം പുകയില
വെച്ച് ഓർക്കാതിരിക്കാൻ
ശ്രമിച്ചവൾ…
പടി കടന്ന് വരുന്ന കുറത്തിയെ കണ്ട്
മാഷ് ഞെട്ടിപ്പോയി…
മാഷപ്പോൾ
കുറത്തി വായിക്കുകയായിരുന്നു…
കരിഞ്ചൂരൽ മടയിൽ നിന്നും
കുറത്തി എത്തുന്നു
എന്ന വരി വായിച്ച്
തൂക്ക് കസേരയിൽ നിന്നും
മാഷ് ചാടിയിറങ്ങി…
കൂട്ടിലെ സിംഹം പോലുള്ള
നായ കുറത്തിയെ കണ്ട്
കുരയ്ക്കാൻ തുടങ്ങി…
മാഷ് മെല്ലെ പറഞ്ഞു…
ഇവിടെയാരുമില്ല…
ടീച്ചർ സ്കൂളിലാണ്…
ഇവിടെയാൾതാമസമില്ല…
എനിക്ക് കൈ നോക്കണ്ട
എനിക്ക് ഭാവിയറിയണ്ട…
കുറത്തി ചിരിച്ചു
അവൾ ചിരിച്ചു കുഴഞ്ഞു…
വില കുറഞ്ഞ നൈലോൺ
സാരിയിലെ പൂവുകൾ
അടിവയറ്റിലേക്ക് വലിച്ച് കുത്തി കുറത്തി
വീണ്ടും മുറുക്കി തുപ്പി….
അയ്യോ എനിക്ക്
കൈ നോക്കണ്ട
ഇവിടെ സി.സി ടി.വിയുണ്ട്…
മാഷ് കരയാൻ തുടങ്ങി…
കുറത്തി വിടാൻ ഭാവമില്ല…
അവള് കൂട്ടിലെ തത്തയെ
പുറത്തിറക്കി…
ഭാവി പറയട്ടെ സാറെ…
കുറത്തി കോലായിൽ
കേറി ചടഞ്ഞങ്ങിരുന്നു…
സാറെ ഞാൻ ഭാവി പറഞ്ഞിട്ടേ പോകൂ…
സാറ് വലിയ രാഷ്ട്രീയക്കാരൻ…
രാഷ്ട്രീയത്തില്
സാറിന്റെ ശത്രുവിന്റെ
പേര് പറയട്ടയോ…
മൂപ്പര് ഇങ്ങക്ക്
എങ്ങിനെയാണ്
അമിട്ട് പണിയുന്നതെന്ന്
പറയട്ടയോ….
ഇങ്ങളുടെ ഭാവി ഞാൻ
പറയട്ടയോ..…
ഒരുപാട് ശത്രുക്കളുള്ള
ആ മാഷ്
സി.സി ടി.വി ഓഫാക്കി
കുറത്തിയോട് പറഞ്ഞു…
പറയു രാഷ്ടീയത്തിൽ
ആരാണ് എന്റെ ഏറ്റവും
വലിയ ശത്രു…
കുറത്തി മാഷിന്റെ
കൈയിലെ ശത്രു സംഹാര
രേഖ നോക്കി
മെല്ലെ പിറുപിറുത്തു.…
നിങ്ങളന്റെ
കറുത്ത മക്കളെ
ബേക്ക് ബെഞ്ചിൽ
ഇരുത്തിയില്ലേ…

കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ശരീരഭാഗങ്ങൾ വൈപ്പിൻ സ്വദേശിയുടെ

കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം വൈപ്പിന്‍ സ്വദേശിയായ രാജീവൻ്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മുതല്‍ രാജീവനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ബന്ധുക്കള്‍ എത്തിയാണ് മരിച്ചത് രാജീവനാണെന്ന് തിരിച്ചറിഞ്ഞത്.

പെയിന്റിങ് തൊഴിലാളിയായ രാജീവന്‍ 30 വര്‍ഷത്തിലേറെയായി കൊയിലാണ്ടിയിലാണ്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു. ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഭാര്യ നേരത്തെ മരിച്ചിരുന്നു. രണ്ട് മക്കളും വിവാഹംകഴിഞ്ഞവരാണ്. അടുത്തിടെ രാജീവൻ വീണ്ടും വിവാഹം കഴിച്ചിരുന്നു. മരണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

ഞായറാഴ്ച രാവിലെയാണ് ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലില്‍ കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ രണ്ടുകാലുകളാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസെത്തി ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അരയ്ക്ക് മുകളിലേക്കുള്ള ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തി.

മൃതദേഹം കണ്ടെത്തിയ വയലിന് സമീപം ആള്‍ത്താമസമില്ലാത്ത ഒരു വലിയ വീട് മാത്രമാണുള്ളത്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.