പ്രകൃതി വിരുദ്ധ പീഡനം, ഒളിവിൽ പോയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കല്ലായി പന്നിയങ്കര സ്വദേശി മുഹമ്മദ് നജ്മുദ്ദീനെ(26)യാണ് ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ചാവക്കാട് പോലീസ് കേസെടുത്ത വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് അജ്മീര്‍ ദര്‍ഗയിലും മഹാരാഷ്ട്ര, ബിഹാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണം വിറ്റ് മുക്കുപണ്ടം പകരം വെച്ചു; പ്രതി നേരത്തെയും ആരോപണ വിധേയനായ ജീവനക്കാരൻ

സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വെച്ച സ്വർണ്ണത്തിൽ ഒരു ഭാഗം തിരിമറിനടത്തി വിറ്റ സംഭവത്തില്‍ ബാങ്ക് ജീവനക്കാരനും കൂട്ടു നിന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരും അറസ്റ്റിൽ. സുഹൃത്തും. കൊല്ലം ജില്ലയിലെ പുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തേവലപ്പുറം പാറയില്‍ ശാഖയിലാണ് വെട്ടിപ്പ് നടന്നത്.

ബാങ്ക് ജീവനക്കാരന്‍ തേവലപ്പുറം കരുവായം വിഷ്ണുഭവനില്‍ വിഷ്ണു (35), സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ മാനേജര്‍ കാരിക്കല്‍ കൃഷ്ണഭവനില്‍ ഗീതാകൃഷ്ണന്‍ (38) എന്നിവരാണ് കേസിലെ പ്രതികൾ.

കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് തേവലപ്പുറം സ്വദേശി സ്വര്‍ണം ബാങ്കില്‍ പണയം വയ്ക്കുന്നത്. പണയം പുതുക്കിവയ്ക്കാനായി ഉടമ ബാങ്കില്‍ എത്തിയപ്പോഴാണ് സ്വർണ്ണത്തിൽ ഒരു ഭാഗം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ജീവനക്കാരെയുള്‍പ്പെടെ ചോദ്യംചെയ്യുകയും മറ്റ് വിവരങ്ങള്‍ശേഖരിക്കുകയും ചെയ്തപ്പോഴാണ് അന്വേഷണം ഒന്നാംപ്രതിയായ വിഷ്ണുവിലേക്ക് നീണ്ടതും കുറ്റം സമ്മതിക്കുകയും ചെയ്തത്.

പലതവണയായി പണയം വെച്ച സ്വർണ്ണത്തിൽ ഒരു ഭാഗം മാറ്റി മുക്കുപണ്ടം വെച്ചു

തേവലപ്പുറം സ്വദേശി അഞ്ച് പ്രാവശ്യമായി പണയംവെച്ച മുതലാണ്. ഇത് 262 ഗ്രാം സ്വര്‍ണം വരും. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ 96 ഗ്രാം സ്വര്‍ണമാണ് തിരിമറി നടത്തിയത്. 55.5 ഗ്രാം, 40.5 ഗ്രാം എന്നീ തൂക്കത്തിലുള്ള സ്വര്‍ണ ഉരുപ്പടികൾ എടുത്തുമാറ്റി പകരം മുക്കുപണ്ടം വെക്കുകയാരുന്നു എന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ബാങ്ക് സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ പോലീസ് മേധാവി പുത്തൂര്‍ ഐ.എസ്.എച്ച്.ഒ. ജി.സുഭാഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

കൊട്ടാരക്കരയിലെ ബ്യൂട്ടി പാര്‍ലറില്‍നിന്ന് ഗീതാകൃഷ്ണനാണ് മുക്കുപണ്ടംവാങ്ങി വിഷ്ണുവിനെ ഏല്‍പ്പിച്ചത്. ലോക്കര്‍ തുറന്ന് സ്വര്‍ണം കൈവശപ്പെടുത്തി വിഷ്ണു പകരം മുക്കുപണ്ടങ്ങള്‍ വെച്ചു. തുടര്‍ന്ന് സ്വകാര്യ ധനഇടപാട് സ്ഥാപനങ്ങളില്‍ പണയംവയ്ക്കുകയും പിന്നീട് എടുത്ത് രണ്ടുപേരുംചേര്‍ന്നു വില്‍ക്കുകയുമായിരുന്നു.

നേരത്തെയും പരാതികൾ, സർവ്വീസിൽ തുടർന്നു

മുമ്പും തിരിമറികള്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്ന് വിഷ്ണുവിനെ ജോലിയില്‍ തരംതാഴ്ത്തിയിരുന്നു. വില്‍പ്പന നടത്തിയ സ്വര്‍ണം കണ്ടെത്തേണ്ടതുണ്ടെന്നും മറ്റാരെങ്കിലും ഇവരെ സഹായിച്ചിരുന്നോ എന്നും അന്വേഷണം നടക്കുകയാണെന്നും ശാസ്താംകോട്ട ഡിവൈ.എസ്.പി. എസ്.ഷരീഫ് അറിയിച്ചു.

സംഭവം നടന്നപ്പോൾ ആറു ജീവനക്കാര്‍ ശാഖയില്‍ ജോലിചെയ്തിരുന്നു. ഇവരിൽ രണ്ടുപേരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പക്ഷെ പ്രതി വിഷ്ണു ഉള്‍പ്പെട്ടിരുന്നില്ല. പിന്നീടാണ് വിഷ്ണുവിലേക്ക് എത്തുന്നത്. വിഷ്ണുവിനല്ലാതെ മറ്റ് ജീവനക്കാര്‍ക്കാര്‍ക്കും ഇതില്‍ പങ്കുള്ളതായി തെളിവു ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വിവരണം.

പനിബാധിച്ചെത്തിയ കുട്ടിക്ക് പേവിഷത്തിന് കുത്തിവെപ്പ്, നഴ്സിനെ പുറത്താക്കി

പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള മരുന്ന്. സംഭവത്തിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ നഴ്സിന് എതിരെ നടപടി. സുപ്രണ്ട് ഡി.എം.ഒയ്ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഴ്സിനെ ആശുപത്രിയിൽ നിന്ന് മാറ്റി.

കുട്ടിയുടെ കൂടെ ആളില്ലാത്ത സമയത്ത് ആയിരുന്നു കുത്തിവെപ്പ് എടുത്തത്. ചീട്ട് പരിശോധിക്കാതെ കുത്തി വെപ്പ് നടത്തുകയായിരുന്നു. വീഴ്ചകൾ സംഭവിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു.

പനി വിട്ടുമാറാത്തതിനെ തുടർന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഒപി ടിക്കറ്റെടുക്കാൻ പോയപ്പോഴാണ് നഴ്സ് കുട്ടിയ്ക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവയ്പ്പ് മാറി നൽകിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

നഴ്സിനെതിരേ കുടുംബം പരാതി നൽകിയിട്ടില്ല. നിലവിൽ കുട്ടിക്ക് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക കുടുംബത്തിനുണ്ട്. കുട്ടിക്ക് ചികിത്സ തുടരുകയാണ്.

കൊയിലാണ്ടിയിൽ മനുഷ്യൻ്റെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ, ഊരള്ളൂർ വയലിൽ തിരച്ചിൽ

കൊയിലാണ്ടി ഊരള്ളൂരിൽ നടുവണ്ണൂർ റോഡിലെ വയലിൽ മനുഷ്യൻ്റെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ. രാവിലെ വേർപെട്ട കാലുകള്‍ കണ്ട സ്ഥലത്തുനിന്ന് ഡ്രോൺ പരിശോധനയിൽ ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് അരയ്ക്കുള്ള മുകളിലുള്ള ഭാഗവും.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഊരള്ളൂരില്‍ നടുവണ്ണൂര്‍ റോഡിലെ വയലിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ കാലുകള്‍ കണ്ടത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് കാലുകള്‍ കണ്ടെത്തിയതിന് മീറ്ററുകള്‍ക്ക് അകലെ വയലില്‍നിന്ന് ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തിയത്.

വൻ പൊലീസ് സംഘം എത്തി പരിശോധന തുടരുകയാണ് പൊലീസ് നായ ഉൾപ്പെടെ സ്ഥലത്ത് എത്തി. പുരുഷന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹാവശിഷ്ടങ്ങള്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ശേഖരിച്ചു.

“കുടുംബ ബന്ധങ്ങളെ പോലും ഭിന്നിപ്പിക്കുന്നു”- രാഹുൽ ഗാന്ധി വയനാട്ടിൽ

0

ബി.ജെ.പി. കുടുംബ ബന്ധങ്ങളെ പോലും ഭിന്നിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി. അതാണ് അവര്‍ മണിപ്പുരില്‍ ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. മണിപ്പുരിനെ കത്തിക്കാന്‍ നിങ്ങള്‍ക്ക് രണ്ടുമാസം മതിയായിരുന്നു. അഞ്ചുവര്‍ഷമെടുത്തായാലും ഞങ്ങള്‍ അവിടെ സ്‌നേഹം തിരികെ കൊണ്ടുവരും. ഈ പോരാട്ടം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. എം.പി. സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട ശേഷം വയനാട്ടിൽ എത്തിയതായിരുന്നു രാഹുൽ.

ബി ജെ പി കുടുംബങ്ങളെ തകർക്കുന്നു

ബി.ജെ.പി. കുടുംബങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യ ഒരു കുടുംബമാണ്, അവര്‍ക്ക് അത് ഭിന്നിപ്പിക്കണം. മണിപ്പുര്‍ ഒരു കുടുംബമാണ്, അത് തകര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. അവര്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ തകര്‍ത്തു. ഞങ്ങള്‍ കുടുംബങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്നു, കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നു. മണിപ്പുരിനെ വിഭജിച്ചുവെന്നും ഇല്ലാതാക്കിയെന്നും ബി.ജെ.പി. കരുതുന്നു. മണിപ്പുരിനെ നമ്മള്‍ ഒരുമിച്ച് തിരികെ കൊണ്ടുവരും. മണിപ്പുരിലേക്ക് സ്‌നേഹം തിരികെക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബം എന്താണെന്ന് പറഞ്ഞാൽ അറിയാത്ത പാർട്ടി

‘ബി.ജെ.പിക്കും ആര്‍.എസ്.എസിനും കുടുംബം എന്താണെന്ന് മനസിലാവില്ല. നമ്മളെ തമ്മില്‍ വേര്‍പ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്തോറും നമ്മള്‍ അടുക്കും. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയാല്‍ വയനാടുമായുള്ള ബന്ധം ഇല്ലാതാക്കാന്‍ കഴിയുമെന്ന് അവര്‍ വിചാരിച്ചു. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയാല്‍ വയനാടുമായുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയോയുള്ളൂ’, രാഹുല്‍ പറഞ്ഞു.

‘എന്നെ നിങ്ങള്‍ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അവര്‍ക്ക് എന്നെ അന്‍പതോ നൂറോ തവണ അയോഗ്യനാക്കാന്‍ കഴിഞ്ഞേക്കും പക്ഷേ നിങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയേ ഉള്ളൂ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ ജീവിതത്തിലെ ഭീതിതമായ കാഴ്ച

19 വര്‍ഷമായി രാഷ്ട്രീയത്തിലുള്ള താന്‍ മണിപ്പുരില്‍ കണ്ടതുപോലെയുള്ള സാഹചര്യം മറ്റെവിടെയും കണ്ടിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. മണിപ്പുരില്‍ എല്ലായിടത്തും രക്തവും കൊലപാതകവും ബലാത്സംഗവുമാണ്. പാര്‍ലമെന്റില്‍ രണ്ടുമണിക്കൂര്‍ 13 മിനിറ്റ് സംസാരിച്ച പ്രധാനമന്ത്രി മണിപ്പുരിനെക്കുറിച്ച് രണ്ടുമിനിറ്റാണ് സംസാരിച്ചത്. അദ്ദേഹം പൊട്ടിച്ചിരിച്ചു, തമാശ പറഞ്ഞു. അദ്ദേഹത്തിന്റെ മന്ത്രിമാരും അങ്ങനെ തന്നെ ചെയ്തു. രണ്ടുമിനിറ്റാണ് അദ്ദേഹം ഭാരത മാതാവിന്റെ കൊലപാതകത്തെക്കുറിച്ച് സംസാരിച്ചത്. എങ്ങനെയാണ് ഒരാള്‍ക്ക് അതിന് ധൈര്യം വരിക. എങ്ങനെയാണ് ഇന്ത്യയെന്ന ആശയത്തെ അപമാനിക്കാന്‍ കഴിയുക? എന്തുകൊണ്ട് അദ്ദേഹം മണിപ്പുരില്‍ പോയില്ല? എന്തുകൊണ്ട് അവിടെ കലാപം അവസാനിപ്പിക്കാന്‍ ശ്രമിച്ചില്ല? അദ്ദേഹം രാജ്യസ്‌നേഹിയല്ലാത്തതിനാലാണത്. ഇന്ത്യയെന്ന ആശയത്തെ കൊല്ലുന്നവര്‍ ആരായാലും അയാള്‍ രാജ്യസ്‌നേഹിയല്ലെന്നും രാഹുല്‍ഗാന്ധി ഓർമ്മപ്പെടുത്തി

കേന്ദ്ര സർക്കാരിൻ്റെ പിന്തിരിപ്പിൻ നടപടികൾ ജനാധിപത്യത്തെ ദുർബലമാക്കുന്നു- രഞ്ജൻ ചൌധരി

0

പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ബിജെപി പദ്ധതിയുടെ ഭാഗമാണ് തന്റെ സസ്‌പെന്‍ഷനെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. അസഹനീയമായ മാര്‍ഗങ്ങളിലൂടെ ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയാണ്.

തികച്ചും പിന്തിരിപ്പനായ നടപടിയാണ് ഉണ്ടായിരിക്കുന്നത്‌. അസാധാരണമായ ഒരു സാഹചര്യത്തില്‍ തന്നെ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. ജനാധിപത്യ രീതിയിലുള്ള പ്രതികരണത്തിൻ്റെ പേരിൽ താനിപ്പോള്‍ കുറ്റക്കാരനായിരിക്കുന്നുവെന്നും തുടര്‍ന്ന് വിചാരണ നേരിടേണ്ടിവരുമെന്നും ചൗധരി വ്യക്തമാക്കി. സഭാനേതൃത്വത്തിന്റെ നിര്‍ദേശത്തെ നിഷേധിക്കാന്‍ സാധ്യമല്ല. കോടതി മുഖാന്തരം പരിഹാരം തേടുകയാണ് പോം വഴി.

പാര്‍ലമെന്റിലെ ഒരംഗത്തേയും ഒരുതരത്തിലും അധിക്ഷേപിക്കാനോ അവമതിക്കാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാൽ ഒന്നോ രണ്ടോ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് നടപടി. ഇത്തരത്തിലുള്ള പിന്തിരിപ്പന്‍ നടപടികള്‍ വഴി ജനാധിപത്യവ്യവസ്ഥയുടെ അന്തഃസത്തയെ തന്നെ കളങ്കപ്പെടുത്തുകയാണ്. ഇവ ജനാധിപത്യത്തെ കളങ്കപ്പെടുത്തും – ചൗധരി പറഞ്ഞു.

സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന കാരണത്താല്‍ വ്യാഴാഴ്ചയാണ് ലോക്‌സഭയില്‍ നിന്ന് ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ചൗധരിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയായിരുന്നു പുറത്താക്കൽ. വിഷയത്തില്‍ അവകാശലംഘന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍ കാലാവധി നിശ്ചയിച്ചിട്ടുള്ളത്.

ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞു എട്ടാം തരത്തിൽ കൂടി; ബേസ് നന്നാവാൻ രക്ഷിതാക്കൾ സർക്കാർ സ്കൂളുകളെ കയ്യൊഴിയുന്ന സാഹചര്യം

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുട്ടികള്‍ കുറഞ്ഞത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അതൊരു വലിയ പ്രശ്നമായി കാണുന്നില്ലെന്നും 2 മുതൽ 10 വരെയുള്ള ക്ലാസുകളിൽ കുട്ടികള്‍ കൂടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാർ എയിഡഡ് സ്കൂളുകളിൽ 2023-24 അക്കാദമിക വർഷത്തില്‍ 10,164 കുട്ടികള്‍ കുറഞ്ഞുവെന്നാണ് സർക്കാർ പുറത്ത് വിട്ട കണക്കുകളിൽനിന്നും വ്യക്തമാകുന്നത്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞതിനൊപ്പം സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിലെ ആകെ കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 

കഴിഞ്ഞ വ‍ർഷം സ‍ർക്കാ‍ർ-എയ്ഡഡ് – അണ്‍എയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399ആയിരുന്നു. ഈ വര്‍ഷം സര്‍ക്കാര്‍-എയ്ഡഡ്-അണ്‍ എയ്ഡഡ് മേഖലകളിലെ കുട്ടിളുടെ എണ്ണം  37,46,647 ആയി കുറഞ്ഞു.  ഇതില്‍ സർക്കാർ –എയ്ഡഡ് സ്കൂളുകളില്‍ മാത്രം 34,04,724 കുട്ടികളാണുള്ളത്. കഴിഞ്ഞ വ‍ർഷം പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസില്‍ പ്രവേശനം നേടിയത് 3,95,852 കുട്ടികളും ആയിരുന്നു. അതായത് പുതുതായി ഈ വ‍ർഷം 1,27,539 കുട്ടികള്‍ കൂടുതല്‍ വന്നാല്‍ മാത്രമേ മൊത്തം കുട്ടികളുടെ എണ്ണം വർദ്ധിക്കൂവെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 

സ്വകാര്യ സ്കൂളുകളോടുള്ള പ്രിയം കുട്ടികൾക്ക് പഠത്തിലെ ബേസ് നന്നാവാൻ രക്ഷിതാക്കൾ മാറിചിന്തിക്കുന്നതാണ് എന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് മന്ത്രി തന്നെ പുറത്ത് വിട്ട കണക്കുകൾ. പ്രാഥമിക വിദ്യാലയങ്ങളുടെ നിലവാരം വർധിപ്പിക്കേണ്ട ആവശ്യകത നിലനിൽക്കയാണ്.

എൽ പി, യു പി തലത്തിൽ സർക്കാർ സ്കുളുകളെ രക്ഷിതാക്കൾ ഒഴിവാക്കുന്നു

ഈ വര്‍ഷം പുതിയതായി പ്രവേശനം നേടിയ ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എട്ടാം ക്ലാസിലാണ് പ്രവേശനം നേടിയത്. 17,011 കുട്ടികള്‍ എട്ടാം ക്ലാസില്‍ പുതിയതായി എത്തിയപ്പോള്‍ അഞ്ചാം ക്ലാസില്‍ 15,529 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്.  കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തില്‍ പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ളത് മലപ്പുറം (20.73%) ജില്ലയിലും ഏറ്റവും കുറവ് കുട്ടികള്‍ (2.21%) പത്തനംതിട്ട ജില്ലയിലുമാണ്.  ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തില്‍ മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം,എറണാകുളം ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും കുറവ്  രേഖപ്പെടുത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവ്  രേഖപ്പെടുത്തുന്നു. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളില്‍ 56% (20,96,846) പേര്‍ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരും 44% (16,49,801) പേര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണ്. 

മണിപ്പൂരിൽ കുക്കികൾക്ക് എതിരെ സൈനിക നടപടി ആവശ്യപ്പെട്ട് ബി ജെ പി സഖ്യകക്ഷി നേതാവ്

സംഘര്‍ഷം എന്നേക്കുമായി അവസാനിപ്പിക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള നടപടികള്‍ ആവശ്യപ്പെട്ട് മണിപ്പുരിലെ ബി.ജെ.പി. സഖ്യകക്ഷി നേതാവ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും എം.എല്‍.എയുമായ മയങ്ലബാം രാമേശ്വര്‍ സിങ്ങാണ് ആവശ്യവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തേക്ക് കുക്കി വിഭാഗക്കാരായ കുടിയേറ്റക്കാരും പ്രക്ഷോഭകാരികളും നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തുന്നുണ്ടെന്ന ന്യായീകരണം മുൻ നിർത്തിയാണ് ഇത്. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന കടമമെടുത്താണ് ആവശ്യത്തിന് പിന്തുണ തേടുന്നത്.

മണിപ്പൂരിൽ മാത്രം പേര രാജ്യം മുഴുവൻ സർജിക്കൽ സ്ട്രൈക്ക് ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.

കുടിയേറ്റ ഭീതി പരത്തി കുക്കികളെ ഇല്ലാതാക്കാൻ ആവശ്യം

പുറത്തുനിന്ന് നുഴഞ്ഞുകയറിയവര്‍ക്ക് സംഘര്‍ഷങ്ങളില്‍ പങ്കുണ്ടെന്ന് താന്‍ നേരത്തെ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ദേശസുരക്ഷയും അപകടത്തിലാണ്. മണിപ്പുരിനെ മാത്രമല്ല, രാജ്യത്തെ ആകെ രക്ഷിക്കേണ്ടത് പ്രധാനമാണ്. അതിനാല്‍, പ്രശ്‌നത്തെ എന്നേക്കുമായി അവസാനിപ്പിക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള നടപടികള്‍ ആവശ്യമാണെന്നും എം. രാമേശ്വര്‍ സിങ് പറഞ്ഞു.

മ്യാന്‍മറില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ കഴിഞ്ഞമാസം മണിപ്പുര്‍ സര്‍ക്കാര്‍ ശേഖരിക്കാന്‍ ആരംഭിച്ചിരുന്നു. ജൂലായില്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 700 അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് എത്തിയതില്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മണിപ്പുരില്‍ സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ ജൂലായ് 22, 23 തീയതികളില്‍ 301 കുട്ടികളടക്കം 718 കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് എത്തിയെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ കണക്ക്.

എന്നിങ്ങനെ കൃത്യമായ വിഭജിത കണക്കുകൾ സർക്കാർ തന്നെ തയാറാക്കിയിട്ടുണ്ട് എന്നാണ് രാമേശ്വർ സിങ്ങിൻ്റെ വെളിപ്പെടുത്തലിൽ വ്യക്തമാവുന്നത്. 2020 ൽ എതിർ സ്ഥാനാർത്ഥിയുടെ വിജയം അസാധുവാക്കപ്പെട്ട് കോടതി വിധിയിലൂടെ നിയമ സഭയിൽ എത്തിയ വ്യക്തിയാണ് എം രാമേശ്വർ

ഇരുവിഭാഗങ്ങളായി പൂർണ്ണമായും മെത്തേ കുക്കി ജനങ്ങളെ വിഭജിച്ചിരിക്കയാണ്. സംസ്ഥാന ഭരണ കൂടം ഇതിൽ എടുക്കുന്ന സമീപനവും പ്രസ്താവനയിലെ കണക്ക് അവതരണത്തിൽ പുറത്തു വന്നു. മണിപ്പൂരിലും മിസോറാമിലും പൌരൻമാരുടെ ബയോമെട്രിക്ക് വിവരങ്ങൾ സപ്തംബറിനകം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിരുന്നു.

തലപ്പാടിയിൽ ബി ജെ പി പിന്തുണയോടെ എസ് ഡി പി ഐ നേതാവ് പഞ്ചായത്ത് പ്രസിഡൻ്റായി

0

കർണ്ണാടകയിൽ മഞ്ചേശ്വരത്തിന് ചേർന്നുള്ള തലപ്പാടി പഞ്ചായത്തില്‍ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐയുടെ ടി. ഇസ്മയില്‍ പ്രസിഡന്റായി. ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്.

24 അംഗ പഞ്ചായത്തില്‍ ബി.ജെ.പി -13, എസ്.ഡി.പി.ഐ -10, കോണ്‍ഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് അംഗം വൈഭവ് ഷെട്ടിയും എസ്.ഡി.പി.ഐയുടെ ഡി.ബി. ഹബീബയും വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് എത്തിയിരുന്നില്ല.

ഇതോടെ അംഗങ്ങളുടെ എണ്ണം 22 ആയി. പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ഡിപിഐയുടെ ടി.ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. ടി.ഇസ്മയിലിന് എസ്ഡിപിഐയുടെ ഒമ്പത് അംഗങ്ങളെ കൂടാതെ രണ്ട് ബി.ജെ.പി സ്വതന്ത്ര അംഗങ്ങളുടെ വോട്ടുകള്‍ കൂടി ലഭിച്ചു. ഇതോടെ രണ്ട് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്കും 11 വീതം വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്നു നടന്ന നറുക്കെടുപ്പില്‍ ഇസ്മയില്‍ വിജയിച്ച് പ്രസിഡന്റാകുകയായിരുന്നു.

സംവരണം ചെയ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആ വിഭാഗം അംഗങ്ങള്‍ മത്സരിക്കാന്‍ ഇല്ലാത്തതിനാല്‍ പുഷ്പാവതി ഷെട്ടി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം, പുന പരിശോധനാ ഹർജി ഹൈക്കോടതി തള്ളി

ഈ വർഷത്തെ ചലച്ചിത്ര പുരസ്കാര നിർണയത്തിൽ അ‌ന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആരോപണങ്ങളിൽ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി. നേരത്തേ, ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.

അ‌വാർഡ് നിർണയത്തിൽ അ‌ക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന് ആരോപിച്ച് സംവിധായകൻ വിനയനാണ് ആദ്യം രംഗത്തെത്തിയത്. ചില ജൂറി അംഗങ്ങളെ ഉദ്ധരിച്ചായിരുന്നു വിനയന്റെ ആരോപണം. ഇതുസംബന്ധിച്ച് സർക്കാരിന് പരാതിയും നൽകിയിരുന്നു. എന്നാൽ, പുരസ്കാരം ലഭിച്ചവരും കലാകാരൻമാരാണെന്നും അ‌വാർഡ് സ്റ്റേ ചെയ്യാൻ കോടതിയെ സമീപിക്കില്ലെന്നും അ‌ദ്ദേഹം പറഞ്ഞിരുന്നു.

ഇതിനു ശേഷമാണ് ‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് ഹൈക്കോടതിയെ സമീപിച്ചത്. വിനയന്റെ പരാതിയിൽ നടപടി ഉണ്ടായില്ലെന്നും രഞ്ജിത്തിന്റെ ഇടപെടലുകൾ സംബന്ധിച്ച് അ‌ന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ, പരാതിയുണ്ടെങ്കിൽ വിനയനാണ് കോടതി സമീപിക്കേണ്ടതെന്ന് ഇന്ന് ഹർജി പരിഗണിക്കവേ കോടതി വ്യക്തമാക്കുകയായിരുന്നു.