മാസപ്പടിയല്ല രണ്ട് കമ്പനികൾ തമ്മിലുള്ള വാർഷിക കരാർ തുക – സി പി എം

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമപരമായി വാർഷിക ക്രമത്തിലാണ് വീണ പണം കൈപ്പറ്റിയത്. ഇത് മാസപ്പടി എന്ന രീതിയിൽ ഉയർത്തിക്കൊണ്ടു വന്നു. മാത്രമല്ല സെറ്റില്‍മെന്റില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചത് വിസ്മയിപ്പിക്കുന്നതാണെന്നും സിപിഎം പ്രസ്താവനയില്‍ അറിയിക്കുന്നു.

കമ്പനികൾ തമ്മിലുള്ള, ബാങ്ക് വഴിയുള്ള ഇടപാട്

നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായിതന്നെ സേവന ലഭ്യതയ്ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പണം നല്‍കിയത്. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്. ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

രണ്ട് കമ്പനികള്‍ തമ്മില്‍ ഉണ്ടാക്കിയ കരാര്‍ സുതാര്യമായ ഒന്നാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം ബാങ്ക് മുഖേനയാണ് നടന്നിട്ടുള്ളത്. ഇങ്ങനെ നിയമാനുസൃതമായി രണ്ട് കമ്പനികള്‍ തമ്മില്‍ നടത്തിയ ഇടപാടിനെയാണ് മാസപ്പടിയെന്ന് ചിത്രീകരിച്ചത്.

സി.എം.ആര്‍.എല്‍ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുമ്പിലേക്ക് പോയത്. ഈ വിഷയത്തില്‍ വീണയുടെ കമ്പനി ഇതില്‍ കക്ഷിയേ അല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല. എന്നിട്ടും അവരെ ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് പുതുപ്പള്ളി ഇലക്ഷന്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെയുണ്ടായിട്ടുള്ളത്.

രാഷ്ട്രീയ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് നിയമാനുസൃതമായ ഏത് തൊഴിലും ചെയ്യുന്നതിന് മറ്റെല്ലാ പൗരന്മാര്‍ക്കുമെന്ന പോലെ അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വീണയും ഒരു കണ്‍സള്‍ട്ടിങ് കമ്പനി ആരംഭിച്ചത്. അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യവുമാണ്. ഇതുമായി ബന്ധപ്പെട്ട് യാതൊരു തെറ്റായ കാര്യങ്ങളും ഉണ്ടായിട്ടില്ലെന്ന് പണം നല്‍കിയ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മുഖ്യമന്ത്രിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന കാര്യവും വ്യക്തമാണ്.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള സ്ഥിരം ഇടപാട്

ആദായ നികുതിയുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുമായിട്ടുണ്ടായ പ്രശ്നത്തെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി കേന്ദ്ര ഗവണ്‍മെന്റും, അതിന്റെ വിവിധ ഏജന്‍സികളും രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നതിന് കുടുംബാംഗങ്ങള്‍ക്ക് നേരെ തിരിയുന്ന രീതി ഉയര്‍ന്നുവന്നിട്ടുണ്ട്. തെലങ്കാനയിലും, ബീഹാറിലുമെല്ലാം ഇത്തരം ഇടപെടലുകള്‍ നടന്നുവരുന്നുമുണ്ട്.

ഈ സെറ്റില്‍മെന്റ് ഓഡറില്‍ അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിന് പിന്നിലുള്ള ഗൂഢാലോചന വ്യക്തമാണ്. വീണയുടെ അഭിപ്രായം ആരായാതെയാണ് പരാമര്‍ശം നടത്തിയെന്നതും ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. സെറ്റില്‍മെന്റിനായി വിളിച്ച കമ്പനിയെ പൂര്‍ണ്ണമായി കോടതി നടപടികളില്‍ നിന്നും, പിഴയില്‍ നിന്നും ഒഴിവാക്കിയ സെറ്റില്‍മെന്റ് ഓര്‍ഡറിലാണ് ഇത്തരം പരാമര്‍ശം നടത്തിയത് എന്നതും വിസ്മയിപ്പിക്കുന്നതാണ്.

കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്നതും, അല്ലാത്തതുമായ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുന്ന രീതി വലതുപക്ഷ മാധ്യമങ്ങള്‍ കേരളത്തില്‍ വികസിപ്പിച്ചിട്ട് കുറേക്കാലമായി. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇത്തരക്കാര്‍ തയ്യാറാവാറുമില്ല. അതിന്റെ ഭാഗമെന്ന നിലയിലാണ് ഈ മാധ്യമ വാര്‍ത്തകളേയും വിലയിരുത്തേണ്ടത്.

ഇനിയും വരാനുണ്ടോ എന്നും
കമലാ ഇന്റര്‍നാഷണല്‍, കൊട്ടാരം പോലുള്ള വീട്, ടെക്കനിക്കാലിയ, നൂറ് വട്ടം സിംഗപ്പൂര്‍ യാത്ര, കൈതോലപ്പായ ഇങ്ങനെയുള്ള നട്ടാല്‍പ്പൊടിക്കാത്ത നുണകളെല്ലാം പൊലിഞ്ഞുപോയ മണ്ണാണ് കേരളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ട് നടത്തിയ പ്രചരണങ്ങളും കാറ്റുപിടിക്കാതെ പോയി. അതിന്റെ തുടര്‍ച്ചയായിതന്നെ ഈ കള്ളക്കഥയും കാലത്തിന്റെ ചവറ്റുകൊട്ടയില്‍ തന്നെ സ്ഥാനം പിടിക്കുമെന്നും സിപിഎമ്മിന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നു.

റേഷൻ കടകളിൽ 10 രൂപ 90 പൈസയ്ക്ക് 5 കിലോ അരി, ഓണം സ്പെഷ്യൽ വിതരണം വെള്ളിയാഴ്ച മുതൽ

ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ഓഗസ്റ്റ് 11ന് ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനില്‍ അറിയിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരി ലഭിക്കും.

13 ഇനം  നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ കൺസ്യൂമർ ഫെഡ് സ്റ്റോറുകൾ വഴി വാങ്ങിക്കാം.  സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകളാണ് ഈ മാസം 19 മുതല്‍ പ്രവര്‍ത്തനം തുടങ്ങുക. സര്‍ക്കാര്‍ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയിലെ അതേ വിലയില്‍ സാധാരണക്കാരന് ലഭ്യമാകും.

നോണ്‍ സബ്സിഡി സാധനങ്ങള്‍ക്ക് പൊതു വിപണിയേക്കാള്‍ പത്ത് മുതല്‍ നാല്‍പ്പത് ശതമാനം വരെ വിലക്കുറവുണ്ടാകും. സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സ്ഥിതി ഓണച്ചന്തകളിലുണ്ടാകില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായി വിപണന കേന്ദ്രങ്ങളില്‍ മുന്‍കൂര്‍ കൂപ്പണുകള്‍ നല്‍കും.കണ്‍സ്യൂമര്‍ഫെഡിന്‍റെ ത്രിവേണി സ്റ്റോറുകള്‍,ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകള്‍,പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ എന്നിവ മുഖനയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക.

ഓണക്കാലത്ത് 200 കോടി രൂപയുടെ വില്‍പ്പനയാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നത്.  ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 20ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

“മുഖ്യമന്ത്രിയുടെ മകൾക്ക് കരിമണൽ കമ്പനിയുടെ മാസപ്പടി” ആരോപണത്തിലെ രഹസ്യ ഡയറി വർഷങ്ങളോളം മറച്ചു വെച്ചത് എന്തിനെന്നതിൽ പുതിയ വിവാദം

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തില്‍ സിഎംആർഎൽ റെയ്ഡിനിടെ കിട്ടിയ മാസപ്പടി ഡയറിയാണ് ആദായനികുതി വകുപ്പിന് പിടിവള്ളിയായത്. സോഫ്റ്റ് വെയർ അപ്ഡേഷൻ എന്ന പേരിലും കടമായിട്ടുമാണ് വീണയുടെ സ്ഥാപനത്തിന് ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപ പലപ്പോഴായി നൽകിയെന്നായിരുന്നു സിഎംആർഎൽ വിശദീകരണം. പല പാർട്ടികളിലേയും മുതിർന്ന നേതാക്കൾ മുതൽ പൊലീസ് ഉദ്യോഗസ്ഥർ വരെ മാസപ്പടി പറ്റുന്നവരുടെ കണക്കും ഈ ഡയറിയിലുണ്ടായിരുന്നു.

എന്നാൽ വീണയുടെ സ്ഥാപനവുമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെന്നും ഒന്നും ഓർക്കുന്നില്ലെന്നുമാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ നിലപാട്. ആദായ നികുതി വകുപ്പിന്‍റെ പക്കലുളള മാസപ്പടി ഡയറിയിലെ വിവരങ്ങൾ നേരത്തെ തന്നെ ഇഡി അടക്കമുളള കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. എങ്കിൽ പിന്നെ ഈ ഡയറി ഇതുവരെ രഹസ്യമാക്കി വെച്ചതിലെ ദുരൂഹതയും ഉയരുകയാണ്. ഇത്രയും ഉന്നതരും രാഷ്ട്രീയ പ്രതിയോഗികളും ഡയറിയിൽ പേരു സഹിതം പരാമർശിക്കപ്പെട്ടിട്ടും എന്തിന് ഇതുവരെ രഹസ്യമാക്കി എന്ന ചോദ്യമാണ് ഉയരുന്നുത്.

കേസും വാർത്തകളും ഇങ്ങനെ

വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിക്കും കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് അനധികൃതമായി പണം ലഭിച്ചെന്ന് ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തി. ഒരു സ്വകാര്യ കമ്പനി സേവനം ചെയ്യുന്ന മറ്റ് ഒരു കമ്പനിക്ക് കാശ് കൊടുത്തു എന്നതാണ്. എന്നാൽ ഒരു സേവനവും നൽകാതെ കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടിയായി 1.72 കോടി രൂപ കൈപ്പറ്റി.

ഒരു പ്രമുഖ വ്യക്തിയുമായുള്ള ബന്ധമാണ് ഈ കമ്പനി കമ്പനി വീണ നേതൃത്വം നൽകുന്ന കമ്പനിക്ക് പണം നൽകാൻ കാരണമെന്നാണ് ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ നിരീക്ഷണം. ഇതിലാണ് രാഷ്ട്രീയ വിവാദം.

കൊച്ചി ആസ്ഥാനമായുള്ള കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ എന്ന കമ്പനിയിൽ 2019 ജനുവരി 25ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളിൽ വീണാ വിജയനുമായുള്ള സാമ്പത്തിക ഇടപാടിന്റെ ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സേവനം ഒന്നും നൽകാതെ വീണയും അവരുടെ സ്ഥാപനവും മാസപ്പടി കൈപ്പറ്റിയതായി തർക്ക പരിഹാര ബോർഡ് വിശദീകരിക്കുന്നത്. കൺസൽട്ടൻസി ഐടി, സേവനങ്ങൾക്ക് വീണാ വിജയനുമായും വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായ എക്സാലോജിക്കുമായും സിഎംആർഎല്ലിന് കരാർ വെച്ചാണ് പണം കൈപ്പറ്റിയത്.

എങ്കിൽ പിന്നെ ഡയറി എന്തിന് പൂഴ്ത്തി വെച്ചു

2019 ജനുവരി 25നായിരുന്നു കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടെയിൽ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരൻ കർത്തയുടെ വീട്ടിലും ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ യാദൃശ്ചികമായിക്കിട്ടിയ ഡയറിയിലായുന്നു മാസപ്പടികണക്കുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനിക്ക് 2017 മുതൽ മൂന്ന് വ‍ർഷം നൽകിവന്ന പണത്തിന്‍റെ കണക്കും ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എതിർകക്ഷികൾക്ക് വിശദീകരിക്കാനാകാത്ത ഇടപാടുകളെന്ന് കേന്ദ്ര ഏജൻസി ഇപ്പോൾ വിശദീകരിക്കുന്നത്.

കേരളതീരത്തെ കരിമണൽ ഖനനത്തിനായി പതിറ്റാണ്ടുകളായി ശ്രമം നടത്തുന്ന സിഎംആർഎല്ലിന്‍റെ സോഫ്റ്റ് വെയർ അ‍പ്ഡേഷനുവേണ്ടിയാരുന്നു വീണാ വിജയന്‍റെ ഉടമസ്ഥയിലുള്ള എക്സാലോജിക്കിന് പണം നൽകിയതെന്നായിരുന്നു വിശദീകരണം. 

സോഫ്റ്റ് വെയർ അപ്ഡേഷൻ ഈ സ്ഥാപനത്തിൽ നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നത്. ബാങ്ക് മുഖേനയാണ് പണം കൈമാറിയതെന്നും കളളപ്പണ ഇടപാടല്ലെന്നുമായിരുന്നു സിഎംആർഎൽ നിലപാട്.

ഇല്ലാത്ത സേവനത്തിന് മാസം തോറും പണം നൽകിയത് വഴിവിട്ട ഇടപാടെന്ന നിലയിലിയിരുന്നു ഇൻക് ടാക്സ്. ഇത് സാധൂകരിച്ചു കൊണ്ടാണ് ഇപ്പോൾ ആദായ നികുതി വകുപ്പ് തർക്കപരിഹാര ബോർഡ് കണ്ടെത്തൽ എന്ന വാർത്ത പുറത്താവുന്നത്.

കെ സുധാകരൻ

വീണാ വിജയനെതിരായ ‘മാസപ്പടി’ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഞാൻ 10 ലക്ഷം രൂപ വാങ്ങിയെന്ന് ആരോപിച്ച് അന്വേഷണം പൊടിപൊടിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങൾ വന്നിട്ടും അന്വേഷണമില്ല. കോൺഗ്രസ് നേതാക്കളുടെ പേരുണ്ടെങ്കിൽ അതിലും അന്വേഷണം നടക്കട്ടെ. കേന്ദ്ര ഏജൻസികളുടെ ആരോപണമാണിതെന്നും കെ സുധാകരൻ പറഞ്ഞു.

വി മുരളീധരൻ

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടി ഇനത്തില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്ന വിഷയത്തില്‍ സ്വതന്ത്ര അനേഷണത്തിന് മുഖ്യമന്ത്രി തയ്യറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആവശ്യപ്പെട്ടു. മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂ എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രി എത്രയും വേഗം സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം. കൂടാതെ വിഷയത്തില്‍ മന്ത്രി റിയാസിന്റെ വിശദീകരണമെന്താണെന്നും മുരളീധരന്‍ ചോദിച്ചു. ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിനെ മോദി സര്‍ക്കാര്‍ തൊടില്ല എന്ന ആരോപണം പിന്‍വലിക്കാന്‍ ഈ അവസരത്തില്‍ കോണ്‍ഗ്രസ് തയാറാകണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു. കരിമണല്‍ കമ്പനിക്കു വേണ്ടി എന്തെല്ലാം സഹായം ചെയ്തു എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തുവരണം. ജുഡീഷ്യല്‍ അന്വേഷണമല്ല വേണ്ടത്. സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തയാറാവുകയാണ് വേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വാഴവെട്ടിയ സംഭവത്തിൽ വൈദ്യുതി വകുപ്പിനോട് മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി. ചെയര്‍മാനോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മിഷന്‍. 15 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സുരക്ഷാ കാരണങ്ങള്‍ കാണിച്ച് കോതമംഗലം വാരപ്പെട്ടിയിൽ ഒരു കർഷകൻ്റെ നാന്നൂറിലേറെ കുലവാഴകള്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പില്ലാതെ വെട്ടി നശിപ്പിച്ചിരുന്നു. ഓണവിപണി ലക്ഷ്യമാക്കി വളര്‍ത്തിയിരുന്ന വാഴകളാണ്. ഹെവി ലൈനിനിന് കീഴിൽ ആയതിനാൽ തീപ്പിടുത്തം ഉണ്ടാക്കും എന്ന് വിശദീകരിച്ചായിരുന്നു നടപടി.

സംഭവത്തില്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇത് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു. ക്രൂരതയാണെന്ന് വ്യക്തമാക്കി കൃഷിമന്ത്രി പി.പ്രസാദ് തന്നെ പ്രസ്താവന ഇറക്കി.

ഇതിനിടെയാണ് വിശദീകരണം തേടിയത്

പാർലമെൻ്റിൽ ഫ്ളയിങ് ക്വിസ് വിവാദം; അസഭ്യമെന്ന് രാഹുലിനെതിരെ സ്മൃതി ഇറാനി

 മണിപ്പുര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് ഇടയിൽ ഫ്ലയിങ് ക്വിസ് വിവാദം. പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന് ആരോപിച്ച് സ്മൃതി ഇറാനി. രാഹുലിന് ശേഷമായിരുന്നു സ്മൃതി ഇറാനിയുടെ പ്രസംഗം. ഇതിനിരയിലാണ് സഭയില്‍ ആരോപണം ഉന്നയിച്ചത്.

ബിജെപി വനിതാ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കും. സ്ത്രീ വിരുദ്ധനായ ഒരാള്‍ക്ക് മാത്രമേ പാര്‍ലമെന്റില്‍ സ്ത്രീകളുടെ സീറ്റുകളിലേക്ക് നോക്കി ഫ്‌ളൈയിങ് കിസ് നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് സ്മൃതി പറഞ്ഞു.

‘എനിക്ക് മുമ്പായി സംസാരിക്കാന്‍ അവസരം ലഭിച്ചയാള്‍ പോകുന്നതിന് മുമ്പ് ഒരു അസഭ്യം പ്രകടിപ്പിച്ചു. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്നതിന് നേരെ ഒരു ഫ്‌ളൈയിങ് ക്വിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല എന്നും’ സ്മൃതി ഇറാനി കൂട്ടത്തിൽ ആരോപിച്ചു.

പേടിക്കേണ്ട ഞാൻ അദാനിയെ കുറിച്ച് പറയുന്നില്ല

കനത്ത പരിഹാസവും മൂർച്ചയേറിയ ആക്ഷേപ ഹാസ്യവും ഉപയോഗിച്ചാണ് രാഹുൽ പ്രതിപക്ഷത്തെ കടന്നാക്രിമിച്ചത്.

കഴിഞ്ഞ തവണ അദാനിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് നിങ്ങളുടെ നേതാവിന് ഒരുപാട് വേദനിച്ചു, ഇത്തവണ പേടിക്കേണ്ടതില്ല, ഇന്ന് അദാനിയെ കുറിച്ച് സംസാരിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ലോക്‌സഭയില്‍ തന്റെ പ്രസംഗം ആരംഭിച്ചത് തന്നെ.

‘ഞാന്‍ അവസാനമായി സംസാരിച്ചപ്പോള്‍, അദാനിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. നിങ്ങളുടെ മുതിര്‍ന്ന നേതാവ് വേദനിച്ചിരിക്കാം… ആ വേദന നിങ്ങളെയും ബാധിച്ചിട്ടുണ്ടാകും. അതിന് ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പക്ഷെ, ഞാന്‍ സത്യം പറഞ്ഞു. ഇന്ന് ബിജെപിയിലെ എന്റെ സുഹൃത്തുക്കള്‍ ഭയപ്പെടേണ്ടതില്ല, കാരണം ഇന്നത്തെ എന്റെ പ്രസംഗം അദാനിയെക്കുറിച്ചല്ല’, രാഹുല്‍ പറഞ്ഞു..

അർത്ഥമില്ലാത്ത വാക്കുകൾക്ക് എതിരെ താക്കീത് നൽകി ഇറങ്ങി മോഡിയെ കെട്ടിപ്പിടിച്ചു

2018ല്‍ മോദി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപിടിച്ചത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചു. കനത്ത വിമർശനങ്ങൾ ഉയർത്തി. എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ അന്നത്തെ പ്രസംഗം.

വാഗ്ദാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, പറയുന്ന വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടാകണമെന്നും രാഹുല്‍ അന്ന് മുഖത്ത് അടിച്ച പോലെ പറഞ്ഞു. പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയെ ആലിംഗനം ചെയ്യുക കൂടി ചെയ്താണ് അന്ന് പുറത്ത് പോയത്.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ സ്ഥാനാർഥി, സെപ്തംബർ 5 ന് വോട്ടെടുപ്പ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മൻ തന്നെയാവും യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ചാണ്ടി ഉമ്മന്‍റെ പേര് സ്ഥിരീകരിച്ചു.

27 ദിവസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. സെപ്തംബർ എട്ടിന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും നടക്കും.

53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി നിലനിർത്തിയ മണ്ഡലത്തിൽ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ താഴ്ത്താൻ എൽ ഡി എഫിന് കഴിഞ്ഞിരുന്നു. സിപിഎം സ്ഥാനാർത്ഥി നിർണയത്തിലേക്ക് നീങ്ങി കഴിഞ്ഞു. 11 ന് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ തീരുമാനം ഉണ്ടാകും എന്നാണ് വിവരം. റെജി സഖറിയ, ജെയ്ക് സി.തോമസ്, കെ എം രാധാകൃഷ്ണൻ തുടങ്ങിയ പേരുകൾ പരിഗണനയിലുണ്ട്.

പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഓണക്കാലത്തിന്റെ ആഘോഷത്തിലേക്ക് നീങ്ങിയ കേരളത്തെ ചൂടേറിയ രാഷ്ട്രീയ പോർമുഖത്തേക്ക് വഴിതിരിച്ചു വിടുന്നതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം.

സംവിധായകൻ സിദ്ദീഖ് അന്തരിച്ചു

മലയാള സിനിമാ രംഗത്തെ ശ്രദ്ധേയമായ വിനോദ ചിത്രങ്ങളുടെ സംവിധായകൻ സിദ്ദീഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസമായി സിദ്ദിഖിന്റെ ആരോ​ഗ്യ നില മാറ്റമില്ലാതെ തുടരുന്നു. എക്മോ സപ്പോർട്ടിലാണ് ഇതുവരെ ജീവൻ നിലനിർത്തിയിരുന്നത്.

ഭാഷയുടെ അതിരുകൾ കടന്ന സംവിധായകൻ

മലയാളത്തിലും തമിഴിലും ഹിന്ദിയിലും വരെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ്. സിദ്ദീഖ് ലാൽ എന്ന കൂട്ടുകെട്ടിലൂടെയാണ് മലയാളി മനസിൽ ഇടം പിടിക്കുന്നത്. 1954 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോൾസ് കോളേജിൽ നിന്നാണ് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.  കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ വിനോദരംഗത്ത് എത്തി.

ഫാസിലിൻ്റെ സഹസംവിധായകരായിട്ടാണ് സിദ്ദീഖ് ലാൽ കുട്ട് കെട്ട് ഈ രംഗത്ത് തുടക്കമിടുന്നത്.

1986 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയ്ക്ക് തുടക്കമാവുകയായിരുന്നു. മോഹൻലാൽ-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ അസോസിയേറ്റ് സംവിധായകരായി ഇരുവരും പ്രവർത്തിച്ചു.

1989 ൽ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാൽ ജോഡിയുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. ഏറ്റവും ജനകീയമായി തീർന്ന സിനിമകളിലൂടെ മലയാള ചലച്ചിത്രത്തിലെ പ്രിയപ്പെട്ടവരായി ഇതോടെ ഇരുവരും മാറി. ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചു.

ഗോഡ് ഫാദർ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരവും ഗോഡ്ഫാദറിനെ തേടിയെത്തി. ഹൽചൽ എന്ന പേരിൽ 2004 ൽ പ്രിയദർശൻ ഗോഡ്ഫാദർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.

മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ സൂപ്പർഹിറ്റുകളുടെ കഥയും തിരക്കഥയും സിദ്ദിഖ്-ലാലിന്റേതാണ്. കമൽ സംവിധാനം ചെയ്ത അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ കഥയും സിദ്ദിഖിന്റേതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനാണ്.

സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷവും ഇരുവരും തുടര്‍ച്ചയായി ഹിറ്റുകളില്‍ പങ്കാളിയായി. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ധിഖ് സംവിധാനം ചെയ്‍തത് മമ്മൂട്ടി നായകനായ ‘ഹിറ്റ്‍ലെര്‍’ ആയിരുന്നു. ചിത്രത്തിന്റെ നിര്‍മാണത്തില്‍ ലാലും പങ്കാളിയായി. മലയാളത്തിന്റെ ചിരിവിരുന്നായ ‘ഫ്രണ്ട്‍സ്’ സിദ്ധിഖിന്റെ സംവിധാനത്തില്‍ തമിഴിലും ഹിറ്റായി. ‘ഫുക്രി’, ‘ബിഗ് ബ്രദര്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ സിദ്ധിഖ് നടനായും എത്തിയിട്ടുണ്ട്.

സിദ്ധിഖ് നിരവധിടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ‘മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡി’ന്റെ ജഡ്‍ജ് ആയിരുന്നു. കോമഡി സ്റ്റാര്‍ സീസണ്‍ 2 ഷോയിലും ജഡ്‍ജായെത്തി. സിനിമാ ചിരിമ എന്ന ടെലിവിഷൻ ഷോയുടെ അവതാരകനായിരുന്നു. 

ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതവും ഉണ്ടായി. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംവിധായകൻ സിദ്ദീഖ് ഗുരുതരാവസ്ഥയിൽ

ഇടിച്ചു നിരത്തലിൽ നിയമമോ വംശീയ ഉന്മൂലന ലക്ഷ്യമോ ? – ഹൈക്കോടതി

ഹരിയാനയിലെ നൂഹിലെ കെട്ടിടം പൊളിക്കൽ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നത്തിന്റെ മറവിൽ പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുകയും വംശീയ ഉന്മൂലനം നടത്തുകയും ചെയ്യുന്നുണ്ടോ എന്ന്  കോടതി ചോദിച്ചു.

നിയമം പാലിക്കാതെ കെട്ടിടം പൊളിക്കുന്നു എന്നതിനെ മറയാക്കുന്നു. ഇതിന് ക്രമസമാധാന പ്രശ്നം തന്ത്രപരമായി ഉപയോഗിയുന്നു എന്ന ന്യായീകരണം നൽകുന്നു. ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 

ഹരിയാനയിലെ നൂഹിൽ വിഎച്ച്പിയും ബജ്രംഗ്ദളും ചേര്‍ന്ന് സംഘടിപ്പിച്ച പദയാത്രക്ക് നേരെ കല്ലെറിഞ്ഞവര്‍ കയറിയിരുന്നതായി ആരോപിച്ച് ഒരു കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മൂന്ന് നിലയുള്ള ഹോട്ടല്‍ കെട്ടിടമാണ് ഹരിയാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. ഞായറാഴ്ച നൂഹ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 94 സ്ഥിരമായ നിര്‍മ്മിതികളും 212 താല്‍ക്കാലിക കുടിലുകളും സര്‍ക്കാര്‍ പൊളിച്ച് നീക്കി. ഇവയെല്ലാം ഒരു സമുദായത്തിൻ്റെ മാത്രമായിരുന്നു.

തദ്ദേശീയരായ ആളുകളുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്. നിലവില്‍ പൊളിച്ച് നീക്കിയ കെട്ടിടങ്ങളില്‍ നിന്ന് കല്ലേറുണ്ടായെന്ന് പ്രാദേശിക ഭരണകൂടം റിപ്പോർട്ട് നൽകുകയും. പിന്നാലെ സര്‍ക്കാര്‍ നടപടി തുടങ്ങുകയും ചെയ്യുന്ന രീതിയാണ് പിന്തുടർന്നത്.

ആരവല്ലി മലയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ബുള്ളറ്റുകളുടെ ഷെല്ലുകളും അനധികൃത ആയുധങ്ങളും പെട്രോള്‍ ബോംബുകളും കണ്ടെത്തിയതായി പറയുന്നു. കുറ്റാരോപിതര്‍ക്ക് കീഴടങ്ങാന്‍ പൊലീസ് ഞായറാഴ്ച അന്ത്യ ശാസനം നല്‍കിയിട്ടുണ്ട്.

വിഭാഗീയതയ്ക്ക് തീയിടുന്നു, സാമ്പത്തിക ബഹിഷ്കരണത്തിനും ആഹ്വാനം

അതിനിടെ കര്‍ഫ്യൂ ലംഘിച്ച് നടന്ന മഹാപഞ്ചായത്തില്‍ നൂറ് കണക്കിന് പേര്‍ പങ്കെടുത്തതായാണ്  ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഗുരുഗ്രാമിലെ തിഗ്ര്‍ ഗ്രാമത്തിലാണ് മഹാപഞ്ചായത്ത് നടന്നത്. മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്കെതിരെ സാമ്പത്തിക ബഹിഷ്കരണത്തിന് മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്. നൂഹിന്‍റെ ജില്ലാ പദവി നീക്കണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു. ഗുരുഗ്രാം, ഫരീദബാദ്, പാല്‍വാല്‍, രേവരി എന്നിവയുടെ ഭാഗങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ജില്ലയാണ് നൂഹെന്ന് ചൂണ്ടിക്കാണിച്ചാണ് ആവശ്യം.

കലാപത്തിന്‍റെ പേരില്‍ തങ്ങളുടെ യുവാക്കൾക്ക് എതിരായ പൊലീസ് നടപടിയെ എതിര്‍ക്കാനും മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്. നൂഹിൽ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഗുരുഗ്രാമിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് ഹോം ഗാർഡുകളും പള്ളിക്ക് അകത്ത് ഇരിക്കയായിരുന്ന മതപണ്ഡിതനുമടക്കം ആറ് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഓടിക്കൊണ്ടിരിക്കെ കാറുകൾ തീപിടിച്ച് നശിക്കുന്നു, അന്വേഷണവും തുടർ നടപടിയുമില്ലാതെ അധികാരികൾ

കോട്ടയം പാണ്ടൻചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടിൽ സാബു (57) ന് ഗുരുതരമായി പൊള്ളലേറ്റു.  വീടിനു സമീപമെത്തിയപ്പോൾ കാറിന് വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു.  പൂർണ്ണമായും കത്തി നശിച്ചു. രക്ഷപെട്ടെങ്കിലും ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

കാറുകൾക്ക് തീപിടിക്കുന്നത് തുടർച്ചയാവുന്നു, ഒരു പരിശോധനാ ഫലത്തിലും നടപടി ഇല്ല

ഇന്നലെയാണ് കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. മാവേലിക്കര കണ്ടിയൂരിലാണ് കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്ന 35കാരന്‍ മരിച്ചു. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന് കൃഷ്ണ പ്രകാശ് എന്ന കണ്ണൻ ആണ് മരിച്ചത്.

സമാനമായ മറ്റൊരു സംഭവത്തില്‍ ജൂലൈ രണ്ടാം വാരത്തില്‍ ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചിരുന്നു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരിക്കെയാണ് റിസ്വാന്റെ കാറിന് തീ പിടിച്ചത്. തീ പടർന്നതും റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ തന്നെ കാറിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഫയർഫോഴ്സെത്തി ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് തീ അണച്ചത്. കാറിന്റെ ഉൾഭാ​ഗം സംഭവത്തില്‍ മുഴുവനും കത്തി നശിച്ചു. 

വയനാട് വൈത്തിരിയിലും മെയ് മാസം ഇത്തരമൊരു അപകടം നടന്നിരുന്നു. വൈത്തിരി അമ്പലപടിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചത്. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്. മണ്ണാർക്കാട് നിന്നും മേപ്പാടിക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രക്കാർക്ക് പരിക്കൊന്നുമില്ല. കാർ ഓടുന്നതിനിടെ ക്ലച്ച് കിട്ടാതെ വന്നപ്പോൾ ബോണറ്റ് തുറന്ന് നോക്കിയ സമയത്താണ് പുക ഉയരുന്നത് കണ്ടത്. പെട്ടെന്ന് തന്നെ തീയാളി പടർന്നു. ഫയർഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.

ഏക സിവിൽ കോഡിനെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കി

ഏക സിവിൽ കോഡിനെതിരെ കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി. ഇത്തരത്തിൽ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. മുഖ്യമന്ത്രി തന്നെയാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.

ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. 

ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത്. ഇത്‌ വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയുളവാക്കുകയാണ്. ഈ ആശങ്ക കേരള നിയമസഭയും പങ്കുവെക്കുന്നുവെന്ന് പ്രമേയം സൂചിപ്പിക്കുന്നു. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഏക സിവിൽ കോഡെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഇത്‌ ഹാനികരമാണെന്നും പ്രമേയം പറയുന്നു.

രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള നിയമസഭ ഏകകണ്‌ഠേന ആവശ്യപ്പെട്ടു.

നേരത്തെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ നിയമസഭയയും കേരള നിയമസഭയായിരുന്നു. 2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരള നിയമസഭ ഏകകണ്‌ഠേന പ്രമേയം പാസ്സാക്കിയത്.

മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം
ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തുന്നു. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നു.

ഭരണഘടന അതിന്റെ നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമാണ് പൊതു സിവില്‍ നിയമത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത്. നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമായി ഇതു പരിമിതപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. നടപ്പാക്കണമെന്ന നിര്‍ബന്ധ സ്വഭാവമുള്ളവയല്ല നിര്‍ദ്ദേശക തത്വങ്ങള്‍. മൗലികാവകാശങ്ങള്‍ നിര്‍ബന്ധിതമായി നടപ്പാക്കാന്‍ കോടതിക്കു കല്‍പിക്കാം. എന്നാല്‍, കോടതിക്ക് പോലും നിര്‍ബ്ബന്ധിതമായി നടപ്പാക്കണം എന്ന് കല്‍പിക്കാനാവാത്തതാണു ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലെ നിര്‍ദ്ദേശക തത്വങ്ങള്‍. ഭരണഘടനാ ശില്‍പികള്‍ എത്രമേല്‍ ആലോചിച്ചാണിങ്ങനെ ചെയ്തത് എന്നും എന്തുകൊണ്ടാണിങ്ങനെ ചെയ്തത് എന്നും മനസ്സിലാക്കണം.

ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഏതു മതത്തില്‍ വിശ്വസിക്കാനും അതിന്‍പ്രകാരം ജീവിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം മൗലികാവകാശങ്ങളുടെ ഭാഗമാക്കിത്തന്നെ ഭരണഘടന ഉറപ്പു നല്‍കുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ആ മതസ്വാതന്ത്ര്യം മതപരമായ വ്യക്തിനിയമങ്ങള്‍ അനുസരിക്കാനും ജീവിതത്തില്‍ ആചരിക്കാനുമുള്ള അവകാശത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണെന്നിരിക്കെ, ആ ആചരിക്കലിനെ വിലക്കുന്ന നിയമനിര്‍മ്മാണം, ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ നിഷേധവും ലംഘനവുമാവും. സ്വന്തം മതവിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കുക എന്നതു മൗലികമായ വ്യക്തി സ്വാതന്ത്ര്യമായിരിക്കെ, അതു നിഷേധിക്കലാവും.

ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ പറയുന്നത് ഒരു പൊതു സിവില്‍ നിയമസംഹിത സംപ്രാപ്തമാക്കുവാന്‍ രാഷ്ട്രം യത്‌നിക്കേണ്ടതാണ് എന്നു മാത്രമാണ്. അഭിപ്രായസമന്വയത്തിലൂടെ, വ്യത്യസ്ത മതവിഭാഗങ്ങളുമായുള്ള ആശയസംവാദത്തിലൂടെ കാലക്രമത്തില്‍ മാത്രം സാധിക്കേണ്ടതാണത് എന്നതാണ് അതിന്റെ സൂചന. അത്തരത്തിലുള്ള ഒരു ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത് എന്നത് വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയുളവാക്കുന്നു. കേരള നിയമസഭയും ആ ആശങ്ക പങ്കുവെക്കുന്നു. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഇത് എന്നും, രാഷ്ട്രത്തിന്റെ ഐക്യത്തിന് ഹാനികരമാണ് ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ എന്നും വിലയിരുത്തുന്നു.

കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ തന്നെ ഏക സിവില്‍ നിയമത്തെ സംബന്ധിച്ച വ്യത്യസ്താഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ആ അവസരത്തില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഇക്കാര്യത്തിലെടുത്ത നിലപാട് ശ്രദ്ധേയമാണ്. ഇന്ത്യയുടെ സങ്കീര്‍ണമായ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കുന്നതും വ്യത്യസ്ത മതവിഭാഗങ്ങളുടെ സമന്വയത്തെ ശക്തമാക്കുന്നതുമായിരുന്നു അംബേദ്കറുടെ നിലപാട്. വൈവിധ്യത്തിലെ ഏകത്വത്തെ അംഗീകരിക്കുന്നതായിരുന്നു അത്.

വ്യക്തിനിയമങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം പൗരജനങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പൊതു സിവില്‍ നിയമത്തിനായി വേണമെങ്കില്‍ പാര്‍ലമെന്റിനു ശ്രമിക്കാമെന്നു പറഞ്ഞ അംബേദ്കര്‍ അതുപോലും നിര്‍ബ്ബന്ധമായി വേണമെന്നു ശഠിച്ചില്ല. കേവലം ഒരു സാധ്യത സൂചിപ്പിക്കുക മാത്രമാണദ്ദേഹം ചെയ്തത്. അതിന്റെ പ്രതിഫലനമാണ് പൊതു സിവില്‍ നിയമ പരാമര്‍ശം നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടത്.

രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ ഏത് നീക്കം നടത്തുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ഈസഭ ഏകകണ്ഠേന ആവശ്യപ്പെടുന്നു.