ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറി പ്രദീപ്സിങ് വഘേല രാജി വെച്ചു

ഗുജറാത്ത് ബി.ജെ.പിയിലെ കലാപം പരസ്യമായ ബലാബലത്തിലേക്ക്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാവ് പ്രദീപ്‌സിങ് വഘേല പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചു. സംസ്ഥാന ഓഫീസിൻ്റെ ചുമതലക്കാരനായ ഇദ്ദേഹം 2010 മുതൽ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന നേതാവുമാണ്.

സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. സി.ആര്‍. പാട്ടീലിനെതിരേ തെക്കൻ ഗുജറാത്തിൽ കലാപം കടുക്കുന്നെന്ന് വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് രാജി. ഏതാനും ദിവസം മുൻപ് തന്നെ രാജി നൽകിയിരുന്നതായി വഘേലയുടെ തുറന്നു പറയുകയും ചെയ്ത.

2010 ഓഗസ്റ്റ് പത്തിനാണ് വഘേല ഗുജറാത്ത് ബി.ജെ.പി. ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. എന്തുകൊണ്ട് രാജിവെച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ബി.ജെ.പി. സംസ്ഥാന ആസ്ഥാനം ശ്രീകമലത്തിന്റെ ചുമതലക്കാരന്‍ കൂടിയാണ്.

പാർട്ടി ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ അഴിമതി, പരാതിപ്പെട്ടവർക്കെതിരെ കേസ്

സി.ആര്‍. പാട്ടീലിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച സൗത്ത് ഗുജറാത്തില്‍നിന്നുള്ള മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകരെ ഈയാഴ്ച ആദ്യം സൂറത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. നേതാവിനെതിരെ അഴിമതി പരസ്യപ്പെടുത്തിയതാണ് വിനയായത്. വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് ചുമതലകള്‍ നല്‍കുന്നതില്‍ അഴിമതി കാണിച്ചുവെന്നായിരുന്നു പാട്ടീലിനെതിരെ ഉയര്‍ത്തിയ ആരോപണം. ചോര്യാസി മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി. എം.എല്‍.എ. സന്ദീപ് ദേശായിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

മണിപ്പൂരിൽ സൈനിക സുരക്ഷാ സോൺ കടന്നെത്തിയ കലാപകാരികൾ മൂന്നു ഗ്രാമീണരെ വെടിവെച്ച് കൊന്നു

മണിപ്പൂർ ബിഷ്ണുപുരിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ജില്ലയിലെ കത്തെ പ്രദേശത്തിന് സമീപം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അക്രമം. തോക്കിനിരയായ രണ്ടു പേർ അച്ഛനും മകനുമാണ്. ഇവരുടെ അയൽവാസിയും കൊല്ലപ്പെട്ടു.

കേന്ദ്രസേനയുടെ ഉൾപ്പടെ കാവലേർപ്പെടുത്തിയ അതീവ സുരക്ഷാമേഖലയിലൂടെയാണ് അക്രമികളെത്തിയത്. ബഫർ സോൺ പ്രഖ്യാപിച്ചത് മുറിച്ചു കടന്നാണ് ആയുധങ്ങളുമായി ഗ്രാമത്തിലേക്ക് കടന്നത്.

ഉറങ്ങിക്കിടക്കുകയായിരുന്നവർക്ക് നേരെയാണ് വെടിയുതിർത്തത്. വാളുപയോഗിച്ച് വെട്ടിമുറിവേൽപ്പിക്കുകയും ചെയ്തു. കുകികളും കേന്ദ്രസേനയുമായി ഏറ്റുമുട്ടലിന് തുർച്ചയായി നിരവധി കുകി വിഭാഗക്കാരുടെ വീടുകള്‍ കത്തിച്ചു. സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ കര്‍ഫ്യൂ ഇളവുകള്‍ പിൻവലിച്ചിരിക്കയാണ്.

കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുന്നതിനെതിരെ കാങ്‌വായി ഫൗഗാക്‌ചോ പ്രദേശങ്ങളില്‍ പ്രതിഷേധം നടത്തിയവര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. 35 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. 60 പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും ഇഫാലിലെ മോർച്ചറിയിൽ കിടക്കുകയാണ്. ഇവ തിരിച്ചറിയാനുള്ള സംവിധാനം പോലും ഉണ്ടായില്ലെന്ന് ഇൻഡിജിനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറം പരാതിപ്പെട്ടു. പ്രതിഷേധകർക്കാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റത്.

മെഹ്ബൂബ മുഫ്തി വീട്ടു തടങ്കലിൽ, 370 ാം വകുപ്പ് റദ്ദാക്കിയ വാർഷിക പരിപാടികൾക്കിടെ തടവ്

 ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി വീട്ടുതടങ്കലില്‍. മുതിര്‍ന്ന പി.ഡി.പി. നേതാക്കള്‍ക്കൊപ്പം തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് അവർ തന്നെയാണ് ട്വീറ്റ് ചെയ്ത് അറിയിച്ചത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയ 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ നാലാംവാര്‍ഷിക ദിനത്തില്‍ മെഹബൂബയുടെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സെമിനാർ ആസൂത്രണം ചെയ്തിരുന്നു. ഇതിന് അധികൃതര്‍ അനുമതി നിഷേധിച്ചു. തുടർന്നാണ് അവരെ വീട്ടുതടങ്ങലിലാക്കിയത്.

വീട് പൂട്ടി താഴിട്ടതിൻ്റെ ചിത്രം സഹിതമാണ് അവർ ട്വീറ്റ് ചെയ്തത്.

പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് സ്‌റ്റേഷനില്‍ തടങ്കലില്‍ വെച്ചിരിക്കയാണ്. മനോവിഭ്രാന്തിയില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളാണ് ഇവ. കശ്മീര്‍ സമാധാനപരമാണെന്ന കോടതിയിലെ അവരുടെ തന്നെ പൊള്ളയായ വാദത്തെ തുറന്നുകാട്ടുന്നു’ – അവര്‍ ട്വിറ്ററില്‍ കുറിച്ചു.

370-ാം വകുപ്പ് എടുത്തുകളഞ്ഞത് ആഘോഷിക്കാന്‍ കശ്മീരികളോട് ആവശ്യപ്പെടുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ ശ്രീനഗറിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ജനങ്ങളുടെ യഥാര്‍ഥ വികാരത്തെ ശ്വാസം മുട്ടിക്കാന്‍ മൃഗീയമായ അധികാരം ഉപയോഗിക്കുകയാണ്. 370-ാം വകുപ്പുമായ ബന്ധപ്പെട്ട വാദം മുന്നിലെത്തുമ്പോള്‍ സുപ്രീംകോടതി ഇവ കൂടി പരിഗണിക്കുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു.

ജി മെയിൽ ഉപയോഗിക്കാത്തത് എത്ര കാലമായി ? രണ്ടു വർഷം കഴിഞ്ഞവ ഡീലീറ്റ് ചെയ്യാൻ ഗൂഗിൾ ഒരുങ്ങുന്നു

ഉപയോഗിക്കാതെ കിടക്കുന്ന മെയിൽ അക്കൌണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഒരുങ്ങി ഗൂഗിൽ. ജി മെയിൽ അക്കൌണ്ട് എടുത്ത ശേഷം ദീർഘകാലമായി ലോഗിൻ ചെയ്യാതെ ഇരിക്കയോ പുതിയ സെക്യൂരിറ്റി പാസ് ഉപയോഗിക്കയോ ചെയ്യാത്തവർക്ക് അക്കൌണ്ട് നഷ്ടമാവും.

നീണ്ട കാലത്തോളം നിഷ്‌ക്രിയമായി കിടന്ന അക്കൗണ്ട് ഒന്നെങ്കിൽ ക്രെഡൻഷ്യൽസ് മറന്നുപോയതുകൊണ്ടോ മറ്റോ നിഷ്ക്രിയമായതായിരിക്കാം. അതുകൊണ്ട് തന്നെ ഈ അക്കൗണ്ടുകളിലൊന്നും two-factor authentication സജ്ജീകരിച്ചിട്ടുണ്ടാകില്ല. അതിനാൽ ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ സുരക്ഷിതമാകാതിരിക്കാനും സാധ്യതയുണ്ട്. അക്കൗണ്ടുകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗൂഗിൾ പ്രൊഡക്‌റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി ഗൂഗിളിൽ സൈൻ ഇൻ ചെയ്‌തിട്ടില്ലെങ്കിൽ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും. എങ്കിലും Gmail, Drive, Docs, Photos, Meet, Calendar തുടങ്ങിയ സേവനങ്ങളിൽ നിന്ന് അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുമ്പ്, ഉപയോക്താക്കളെ അറിയിക്കുമെന്നും വ്യക്തമാക്കി.

2023 ഡിസംബർ 31 മുതലാവും ഡിലീറ്റിങ്

ഒരു അക്കൗണ്ട് ഇല്ലാതാക്കിക്കഴിഞ്ഞാൽ, ഒരു പുതിയ അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുന്നതിന് അനുബന്ധ Gmail വിലാസം ഉപയോഗിക്കാൻ കഴിയില്ല. നിങ്ങൾ അപൂർവ്വമായി ഉപയോഗിക്കുന്ന അക്കൗണ്ട് നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോ രണ്ട് വർഷത്തിലും ലോഗിൻ ചെയ്യുക, Google അത് നിഷ്‌ക്രിയമായി ഫ്ലാഗ് ചെയ്യില്ല.

Google ഡ്രൈവ് ഉപയോഗിക്കുക, YouTube-ൽ തിരയുക അല്ലെങ്കിൽ വീഡിയോകൾ കാണുക, മറ്റ് വെബ്‌സൈറ്റുകളിൽ Google ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. എന്നിങ്ങനെ എന്തെങ്കിലും ആക്ടിവിറ്റി വേണം.

കമന്റുകൾ, ചാനലുകൾ, വീഡിയോകൾ എന്നിവയോ യു ട്യൂബ് ആക്ടിവിറ്റിയോ ഇല്ലെങ്കിൽ പണ ബാലൻസ് ഉള്ള അക്കൗണ്ടുകൾ എങ്കിലും ആയിരിക്കണം. ഒരു Google അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്ക് ‘Google Takeout’ സേവനം ഉപയോഗിക്കാം.

ഹരിയാണയിലും ബുൾഡോസർ നീതിന്യായം, കലാപത്തിന് പിന്നാലെ 250 കുടിലുകൾ പൊളിച്ചു മാറ്റി

ഹരിയാണയിലെ സംഘര്‍ഷ ബാധിത ജില്ലയില്‍ സര്‍ക്കാരിൻ്റെ ബുള്‍ഡോസര്‍ നീതിന്യായം. നൂഹി മേഖലയ്ക്ക് അടുത്ത് 20 വ്യത്യാസത്തിലുള്ള ടൗറുവിലെ 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. സര്‍ക്കാര്‍ ഭൂമി കൈയടക്കി എന്ന പേരിലാണ് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ നടപടിക്ക്‌ ഉത്തരവിട്ടത്.

പോലീസ്, പാരാമിലിട്ടറി വിഭാഗങ്ങളെയടക്കം വിന്യസിച്ച് വന്‍ സുരക്ഷയൊരുക്കിയാണ് പൊളിക്കല്‍ നടത്തിയത്. സംസ്ഥാനത്തുണ്ടായ കലാപത്തില്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും ജില്ലാ ഭരണകൂടവും നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു.

ബംഗ്ലാദേശില്‍നിന്ന് അസമിലേക്ക് എത്തിയവർ ഹരിയാണയിലേക്ക് കടന്ന് താമസമാക്കി എന്നാണ് വിശദീകരണം. ഒരേക്കറോളം വരുന്ന സ്ഥലത്ത് തിങ്ങി നിറഞ്ഞ് 250 കുടിലുകളിലായി വർഷങ്ങളായി താമസിച്ചു വരുന്ന തൊഴിലാളി കുടുംബങ്ങളാണ്.

നൂഹ് ജില്ലയിലുണ്ടായ കലാപത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. വിശ്വ ഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയിൽ പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ ചുട്ടുകൊന്ന പ്രതി പങ്കെടുക്കുന്നു എന്ന സന്ദേശമാണ് കലാപത്തിലേക്ക് നയിച്ചത്. പരസ്പരം കൊലപാതകങ്ങളും കടകളും വാഹനങ്ങളും തീയിട്ടു നശിപ്പിക്കലും അടക്കമുള്ളവ അരങ്ങേറി.

സംഭവത്തില്‍ 176 പേര്‍ക്കെതിരേ കേസെടുക്കുകയും 90 പേരെ ജയിലിലടയ്ക്കുകയും ചെയ്തു. 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

രാഹുൽ ഗാന്ധി എം പി; ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായ അപകീർത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ വയനാട് ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതായി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരുടെ അവകാശങ്ങൾകൂടി കണക്കിലെടുത്താണ് തീരുമാനമെന്ന്‌ കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച രാഹുലിന് അനുകൂലമായ വിധി പ്രസ്താവിച്ചത്.

രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മിന്നൽ വേ​ഗത്തിൽ അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു. രാഷ്ട്രീയ പകപോക്കൽ ഇനിയും തുടരാം എന്ന സാഹചര്യം ഉണ്ട്. എം.പി സ്ഥാനം പുന:സ്ഥാപിച്ചുകൊണ്ട്‌ ഉത്തരവ് പുറത്ത് ഇറക്കുന്നതിന് ലോക്‌സഭാ സെക്രട്ടറിയേറ്റ് തയാറാവേണ്ടതുണ്ട്. വെള്ളിയാഴ്ച തന്നെ വിധിപ്പകര്‍പ്പ് ലോക്‌സഭാ സെക്രട്ടറിയേറ്റിന് കൈമാറുമെന്ന് രാഹുലിന്റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്‌.

രാഹുലിന് ലോക് സഭയിൽ എത്താം

അപകീര്‍ത്തി കേസില്‍ പരാമവധി ശിക്ഷ രണ്ട് വര്‍ഷത്തെ തടവാണ്. അതാണ് രാഹുലിന്റെ പരാമര്‍ശത്തിന് ഗുജറാത്തിലെ കോടതി വിധിച്ചത്. ഹൈക്കോടതിയും ഈ വിധി ശരിവെച്ചു. അതോടെയാണ് കോണ്‍ഗ്രസ് അവസാന പ്രതീക്ഷയെന്നോണം സുപ്രീംകോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്കുണ്ട്. അതായത് ശിക്ഷ സ്റ്റേ ചെയ്തില്ലായിരുന്നെങ്കില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് മത്സരിക്കാനും അവസരം ലഭിക്കില്ല എന്നതായിരുന്നു അതിലെ പ്രാധാന്യം. അതോടൊപ്പം മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുലിന് പങ്കെടുക്കാനുമാകും.

‘ഇന്ത്യാ’ സഖ്യം രൂപംകൊണ്ടതിന് പിന്നാലെ നടക്കുന്ന ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

അയോഗ്യത കല്പിച്ചത് മിന്നൽ വേഗത്തിൽ, മറ്റ് എവിടെയും ഇല്ലാത്ത വിധി

എല്ലാ കള്ളന്മാരുടെപേരിലും മോദി എന്നുവരുന്നത് എന്തുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. കുറ്റംചെയ്തിട്ടില്ലെന്നും മാപ്പുപറഞ്ഞ് ശിക്ഷയൊഴിവാക്കാനാണെങ്കില്‍ നേരത്തേയാവാമായിരുന്നെന്നും അദ്ദേഹം കഴിഞ്ഞദിവസം നല്‍കിയ അധിക സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു.

മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടാണെന്ന പരാമര്‍ശം അപകീര്‍ത്തിയുണ്ടാക്കിയെന്ന കേസിലാണ് മാര്‍ച്ച് 23-ന് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ തിരഞ്ഞെടുപ്പുപ്രസംഗത്തിലായിരുന്നു ക്രിമിനല്‍ മാനനഷ്ടക്കേസിന് ആധാരമായ പരാമര്‍ശം. ബി.ജെ.പി.യുടെ എം.എല്‍.എ.യായ പൂര്‍ണേഷ് മോദിയാണ് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രാഹുലിനെതിരേ പരാതിനല്‍കിയത്.

കേസില്‍ രാഹുലിനെ കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതോടെ എം.പി.സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടു. രാഹുല്‍ഗാന്ധിക്ക് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയുള്ള പശ്ചാത്തലമുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാല്‍, ഇത്തരം പരാതികളെല്ലാം തന്റെ രാഷ്ട്രീയ എതിരാളികള്‍ നല്‍കിയതാണെന്നും ഒന്നില്‍പ്പോലും താന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മറുപടിയായി ചൂണ്ടിക്കാട്ടിയിരുന്നു.

ഗുജറാത്ത് കോടതി നൽകിയത് പരമാവധി ശക്ഷ

കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലോക്‌സഭ സെക്രട്ടേറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കുന്നത്. കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്കാണ് രാഹുലിന് ശിക്ഷ വിധിച്ചത്. അപകീര്‍ത്തി കേസില്‍ ലഭിക്കുന്ന പരാമാധി ശിക്ഷയാണ് കോടതി രാഹുലിന് നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്.

എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് തുഗ്ലക്ക് ലെയിന്‍ 12-ലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് രാഹുലിനോട് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. 2004-ല്‍ ലോക്‌സഭാ അംഗമായതുമുതല്‍ ഉപയോഗിച്ചുവരുന്ന വസതി ഒഴിപ്പിച്ച് പ്രതികാരം വീട്ടിയതും വാർത്തയായി.

ഒന്നും ജനങ്ങളിൽ എത്തിക്കാനാവുന്നില്ല; കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ കനുഗോലു കേരളത്തിലേക്ക്

  തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലു കേരളത്തിലേക്ക്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനായി വ്യാഴാഴ്ച ചേർന്ന യോ​ഗത്തിലാണ് തീരുമാനം. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺ​ഗ്രസിനെ വിജയത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. കർണ്ണാടക ഇലക്ഷനിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയുക്കുന്നതിന് പഠന പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയാണ് സുനിൽ കനഗോലു.

എം പിമാരുടെ പ്രവർത്തനങ്ങൾ പഠിക്കുന്നു

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കനുഗോലുവിന് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. 20 മണ്ഡലങ്ങളെക്കുറിച്ചും രണ്ടാഴ്ചയ്ക്കകം അദ്ദേഹം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. എം.പിമാരുടെ പ്രവര്‍ത്തനവും ഇടപെടൽ ശേഷിയും സ്വാധീനവും സംബന്ധിച്ചും റിപ്പോര്‍ട്ട് വിലയിരുത്തും.

2019 ലെ തിരഞ്ഞെടുപ്പിൽ 20 ൽ 10 സീറ്റിൽ യു ഡി എഫിന് ജനങ്ങൾ വിജയ സമ്മതി നൽകിയിരുന്നു. കോൺഗ്രസ് 17 മുസ്ലീം ലീഗ് രണ്ട്, മാണി ഗ്രൂപ്പ് ഒന്ന് എന്നിങ്ങനെയായിരുന്നു അന്ന് മത്സര രംഗത്ത് ഇറങ്ങിയത്. മാണി ഗ്രൂപ്പ് ഇപ്പോൾ കൂടെ ഇല്ല.

ജനങ്ങളിൽ എത്തിക്കുന്നതിൽ പരാജയം സമ്മതിച്ചു

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അവരുടെ വീഴ്ചകൾ സംബന്ധിച്ച് നിരവധി വിഷയങ്ങളുണ്ടായിട്ടും അവയൊന്നും ജനങ്ങളിലേക്കെത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് വിലയിരുത്തല്‍ . സംഘടനാപരമായ പ്രശ്‌നങ്ങളാണ് ഇത്തരം വിഷയങ്ങൾക്ക് കാരണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

മോഡി വിജയം മുതൽ കോൺഗ്രസ് വിജയം വരെ

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍ ഏകോപിപ്പിച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വലിയ ഊര്‍ജമേകിയ ഭാരത് ജോഡോ യാത്രയുടെ പിന്നണിയിലും കനുഗോലു സജീവമായിരുന്നു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ദൗത്യസംഘത്തിലും നേരത്തെ കനഗോലുവിനെ ഉള്‍പ്പെടുത്തിയിരുന്നു. ബിജെപി, ഡിഎംകെ, അണ്ണാ ഡിഎംകെ, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കായി തിരഞ്ഞെടുപ്പു രംഗത്ത് കനുഗോലു പ്രവർത്തിച്ചിട്ടുണ്ട്. 2014 ലെ നരേന്ദ്ര മോഡി ടീമിൻ്റെ വിജയത്തിന് പിന്നിൽ ഡാറ്റാ സ്ട്രാറ്റജിസ്റ്റ് ആയി അറിയപ്പെടുന്ന ഇദ്ദേഹത്തിൻ്റെ പങ്ക് നിർണ്ണായകമായിരുന്നു.

പ്രശാന്ത് കിഷോറിൻ്റെ ടീം ക്യാപ്റ്റൻ

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ പ്രചാരണത്തിന് പ്രശാന്ത് കിഷോറിനൊപ്പം ക്യാപ്റ്റൻ സ്ഥാനത്ത് കനുഗോലുവായിരുന്നു. 2016-ല്‍ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ പ്രചാരണത്തിന് തന്ത്രങ്ങള്‍ മെനഞ്ഞതും കനുഗോലുവാണ്‌. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ‘നമുക്കുനാമേ’ എന്ന പേരില്‍ നടത്തിയ പ്രചാരണത്തിന്റെ ബുദ്ധികേന്ദ്രവും അദ്ദേഹമായിരുന്നു.

കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിന്റെ പ്രചാരണതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതും സുനില്‍ കനുഗോലുവാണ്. കര്‍ണാടകയിലെ ബെല്ലാരിയില്‍ ജനിച്ച് ചെന്നൈയിൽ വളർന്ന വ്യക്തിയാണ് കനുഗോലു. ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ പാടവമുണ്ട്.

മണിപ്പൂരിൽ വീണ്ടും ആയുധ കവർച്ച, എ കെ 47 തോക്കുകൾ ഉൾപ്പെടെ വൻ ശേഖരം നഷ്ടമായി

മണിപ്പൂരില്‍ പോലീസിന്റെ ആയുധശാലയില്‍നിന്ന് വീണ്ടും വന്‍തോതില്‍ തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടു. ബിഷ്ണുപുര്‍ ജില്ലയിലുള്ള ഇന്ത്യ റിസര്‍വ് ബെറ്റാലിയന്‍ (ഐ.ആര്‍.ബി) ആസ്ഥാനത്തു നിന്നാണ് എ.കെ 47 തോക്കുകളും 19,000 വെടിയുണ്ടകളും നഷ്ടമായത്.

എ.കെ 47 തോക്കുകള്‍, ചേതക് റൈഫിളുകള്‍ പിസ്റ്റളുകള്‍ എന്നിവയ്ക്ക് പുറമെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഗ്രനേഡുകളും അടക്കമുള്ളവ കലാപകാരികൾ കൈക്കയാക്കിയതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

മണിപ്പുരില്‍ മൈത്തേ ഭൂരിപക്ഷ മേഖലയിൽ സുരക്ഷാസേനകളുടെ ആയുധങ്ങള്‍ മുന്‍പും വന്‍തോതില്‍ നഷ്ടമായിരുന്നു. തൌബലിൽ ആയുധ കവർച്ചയ്ക്കിടെ വെടിവെപ്പിൽ ഒരാൾ മരിക്കുകയും ചെയ്തു. പൊലീസിൽ നിന്നും ലഭിച്ച ഈ ആയുധങ്ങളുമായാണ് അക്രമികള്‍ ഗ്രാമങ്ങള്‍ ആക്രമിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഭരണകൂട നിഷ്ക്രിയത്വം ഇതിനെ തുടർന്ന് വലിയ വിമർശനങ്ങൾക്ക് കാരണമായി.

ഇതുവരെ നഷ്ടമായത് വൻതോതിലുള്ള ആയുധ ശേഖരം, നിസ്സഹായമായി അധികാരികൾ

സുരക്ഷാസേനകളില്‍നിന്ന് മോഷ്ടിച്ച ആയുധങ്ങള്‍ എത്രയുംവേഗം തിരിച്ചേല്‍പ്പിക്കണമെന്ന അഭ്യര്‍ഥന അധികൃതര്‍ നടത്തിയിരുന്നു. മണിപ്പുര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമനന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷവും ആയുധങ്ങള്‍ ജനങ്ങള്‍ തിരിച്ചേല്‍പ്പിക്കണമെന്ന അഭ്യര്‍ഥന അധികൃതര്‍ നടത്തി. പക്ഷെ നാമമാത്രമായവ മാത്രമാണ് തിരികെ ലഭിച്ചത്. അതിനിടെയാണ് വീണ്ടും വന്‍തോതില്‍ ആയുധ കവര്‍ച്ച നടന്നിരിക്കുന്നത്‌.

മണിപ്പുരില്‍ മെയ് മൂന്നിന് തുടങ്ങിയ അക്രമ സംഭവങ്ങളില്‍ ഇതുവരെ 160-ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതുവരെ 4000 ആയുധങ്ങളും അഞ്ച് ലക്ഷം വെടിയുണ്ടകളും സേനകളുടേതായി നഷ്ടപ്പെട്ടു. വ്യഴാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ നഷ്ടമായവയുടെ ലിറ്റ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇങ്ങിനെയാണ്.  AK series assault rifle, 25 INSAS rifles, 4 Ghatak rifles, 5 INSAS LMGs, 5 MP-5 rifles, 124 hand grenades, 21 SMC carbines, 195 SLRs, 16 9mm pistols, 134 detonators, 23 GF rifles, and 81 51mm HE bombs.

ദിലീപിൻ്റെ ആവശ്യം തള്ളി, നടിയെ ആക്രമിച്ച കേസിൽ സമയം നീട്ടി നൽകി

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ എട്ട് മാസം കൂടി സമയം അനുവദിച്ച് സുപ്രീം കോടതി. വിചാരണ അനന്തമായി നീട്ടിക്കൊണ്ട്‌ പോകാൻ പ്രോസിക്യൂഷൻ ശ്രമിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ വാദം കോടതി തള്ളി.

വിചാരണയ്ക്ക് സമയ ക്രമം നിശ്ചയിക്കാൻ കഴിയില്ലെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് അനിരുദ്ധ ബോസ് ചൂണ്ടിക്കാട്ടി. പ്രോസിക്യുഷൻ അല്ല മറിച്ച് വിചാരണ കോടതി ജഡ്ജി ആണ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുന്നത് എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ കോടതിയെ അറിയിച്ചിരുന്നു.

വിചാരണ നടപടികൾ പൂർത്തിയാക്കുന്നതിന് 2024 മാർച്ച് 31 വരെ സമയം അനുവദിക്കണെമെന്ന വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കയായിരുന്നു.

വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയ പരിധി ജൂലൈ 31 ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും ആറ് സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ടെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടികാട്ടിയിരുന്നു.

സുപ്രീം കോടതിയെ മറികടന്നു, ഡൽഹിയെ പിടിച്ചു കെട്ടി; ബിൽ ശബ്ദ വോട്ടോടെ പാസ്സായി

ഡല്‍ഹിയിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌നേഹം നടിച്ച് പിന്നില്‍നിന്ന് കുത്തുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബില്ലിനെ പിന്തുണക്കാൻ സാധുതയുള്ള ഒരു വാദംപോലും നിരത്താന്‍ അമിത് ഷായ്ക്ക് കഴിഞ്ഞില്ലെന്നും കെജ്‌രിവാള്‍ തുറന്നടിച്ചു.

പൂർണ്ണ സംസ്ഥാന പദവി ഉറപ്പു നൽകിയവർ

സ്‌നേഹം നടിച്ചുകൊണ്ട് തലസ്ഥാനത്തെ ജനങ്ങളെ പിന്നില്‍നിന്ന് കുത്തുകയാണ് നരേന്ദ്ര മോഡി. മോഡിയെ ഒരിക്കലും വിശ്വസിക്കരുത്.  “എല്ലാ തവണയും ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. 2014ൽ മോദി തന്നെ പ്രധാനമന്ത്രിയായാൽ ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഡൽഹിയിലെ ജനങ്ങളെ അവർ പിന്നിൽ നിന്ന് കുത്തി. ഇനി മുതൽ മോദിയെ വിശ്വസിക്കരുത്” – കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.

ബില്ല് പാസ്സായി, ഡൽഹി ഉദ്യോഗസ്ഥ ഭരണത്തിലേക്കോ

ഡൽഹി നിയമഭേ​ദഗതി ബിൽ പാസാക്കി ലോക്സഭ. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. ബിൽ പാസാക്കിയതിന് പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. ബിൽ രാജ്യസഭ പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്താൽ നിയമമായി മാറും.

ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ നടുത്തളത്തിലിറങ്ങി പേപ്പറുകള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ആം ആദ്മി എംപി സുശീല്‍ കുമാര്‍ റിങ്കുവിനെ സ്പീക്കർ സസ്പെൻഡ് ചെയ്തു. വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷിയാണ് സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്.

കേന്ദ്രമന്ത്രി അമിത് ഷായാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ഡൽഹിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും നിയമനിർമാണം നടത്താൻ പാർലമെന്റിന് അവകാശമുണ്ടെന്ന് ബിൽ അവതരിപ്പിച്ച് അമിത് ഷാ പറഞ്ഞു. ഡൽഹിക്ക് വേണ്ടി നിയമങ്ങൾ നിർമിക്കാൻ കേന്ദ്രത്തെ അനുവദിക്കുന്ന വ്യവസ്ഥകൾ ഭരണഘടനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തെററാണെന്ന് അറിഞ്ഞു കൊണ്ട് വിഡ്ഢിത്തം വിളമ്പുന്നു

ഡല്‍ഹിജനതയുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന പ്രസംഗമാണ് അമിത് ഷാ നടത്തിയതെന്ന് കെജ്രിവാൾ പറഞ്ഞു. ബില്ലിനെ പിന്തുണയ്ക്കുന്ന സാധുതയുള്ള ഒരു വാദംപോലും നിരത്താന്‍ അമിത് ഷായ്ക്ക് കഴിഞ്ഞില്ല. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹം സഭയില്‍ വിഡ്ഢിത്തം സംസാരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

സുപ്രീം കോടതിയെ മറികടക്കാൻ ബില്ല്

സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം നൽകുന്നതാണ് ബിൽ. നിയമനങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിനുള്ള അധികാരം ശരിവച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ അവതരിപ്പിച്ചത്. പോലീസ്, പൊതു ക്രമം, ഭൂമി എന്നിവ ഒഴികെയുള്ള ഡൽഹിയിലെ എല്ലാ സേവനങ്ങളുടെ നിയന്ത്രണവും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കൈമാറിയിരുന്നു സുപ്രീംകോടതി വിധി.

എൻഡിഎയ്ക്ക് രാജ്യസഭയിൽ 100ലധികം എംപിമാരാണുള്ളത്. കൂടാതെ സർക്കാരിന് വോട്ട് ചെയ്യുന്ന നോമിനേറ്റഡ് അംഗങ്ങളുടെയും സ്വതന്ത്രരുടെയും പിന്തുണയുമുണ്ട്. രാജ്യസഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 120 വോട്ടാണ്. 245 അംഗബലമുള്ള രാജ്യസഭയില്‍ നിലവിൽ 7 ഒഴിവുകളുള്ളതിനാൽ 238 ആണ് അംഗബലം. വൈഎസ്ആർ കോൺഗ്രസും ബിജെഡിയും പിന്തുണ പ്രഖ്യാപിച്ചതോടെ 238 അംഗ സഭയില്‍ ഭൂരിപക്ഷം നേടുകയെന്നത് പ്രയാസരഹിതമാകും