പിഴ അടച്ചില്ലെങ്കിൽ ഇൻഷൂറൻസ് പുതുക്കൽ തടയും, വാഹന ഉടമകൾക്ക് കുരുക്ക് മുറുകുന്നു

ഇൻഷുറൻസ് പുതുക്കുന്നതിനു മുന്‍പ് ഗതാഗത നിയമ ലംഘനങ്ങളുടെ പിഴത്തുകയും അടയ്ക്കണമെന്ന് വ്യവസ്ഥ കൊണ്ടുവരുന്നു. ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു. സംസ്ഥാനത്ത് എ ഐ ക്യാമറ വഴിയുള്ള ഗതാഗത പരിഷ്കാരം നടപ്പിലാക്കിയ ശേഷമുള്ള സമ്പൂർണ വിവരങ്ങൾ പങ്കുവെച്ചതിന് ഒപ്പമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ക്യാമറ ഫൈനുകൾ സംബന്ധിച്ച പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസല്‍ ആപ്ലിക്കേഷന്‍ സെപ്റ്റംബർ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 1994 മുതല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കും.

എ ഐ ക്യാമറ പ്രവ‍ർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടു വരെയുള്ള കണക്കുകൾ മന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവച്ചു. ഇക്കാലയളവിൽ 3242277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 1583367എണ്ണം വെരിഫൈ ചെയ്യുകയും 589394 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 382580 എണ്ണം ചെല്ലാനുകൾ തയ്യാറാക്കുകയും 323604 എണ്ണം തപാലിൽ അയക്കുകയും ചെയ്തെന്ന് മന്ത്രി വിവരിച്ചു.

പോസ്റ്റ് വായിക്കാം

സംസ്ഥാനത്ത് എ.ഐ. ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായി. 2022 ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് 3316 റോഡ് അപകടങ്ങളില്‍ 313 പേര്‍ മരിക്കുകയും 3992 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എന്നാല്‍ എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം രണ്ടാം മാസമായ 2023 ജൂലൈയിൽ സംസ്ഥാനത്ത് 1201 റോഡപകടങ്ങളില്‍ 67 പേര്‍ മരിക്കുകയും 1329 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. റോഡ് അപകടങ്ങളിൽ പരിക്കു പറ്റിയവർ ആശുപത്രികളിലുള്ളതിനാൽ മരണത്തിന്റെ എണ്ണത്തില്‍ ഇനിയും വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ മാസങ്ങളിൽ തന്നെ നിരവധി വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചു. ക്യാമറകളുടെ പ്രതിമാസ അവലോകനം ഇന്ന് ചേർന്ന ഉന്നതതല സമിതി വിലയിരുത്തി. 
ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടു വരെ 3242277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 1583367എണ്ണം വെരിഫൈ ചെയ്യുകയും 589394 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും382580 എണ്ണം ചെല്ലാനുകൾ തയ്യാറാക്കുകയും 323604 എണ്ണം തപാലിൽ അയക്കുകയും ചെയ്തു. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിൽ ആക്കിയതിനാലും കൂടുതൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മൾട്ടി ലോഗിൻ സൗകര്യം അനുവദിച്ചതിനാലും കഴിഞ്ഞ മാസത്തിലേക്കാൾ വളരെ കൂടുതൽ നിയമ ലംഘനങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ സാധിച്ചു.

ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ്  ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ, 221251. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 150606. കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-186673, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത്- 170043, മൊബൈൽ ഫോൺ ഉപയോഗം 6118, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ  റൈഡ് 5886  തുടങ്ങിയവയാണ് ജൂണ്‍ 5 മുതൽ ഓഗസ്റ്റ് രണ്ടുവരെ വരെ കണ്ടെത്തിയ നിയമലംഘനങ്ങൾ. 25 കോടി 81 ലക്ഷം രൂപയുടെ ചെല്ലാൻ തയ്യാറാക്കിയെങ്കിലും ഇതുവരെ മൂന്നു കോടി 37 ലക്ഷം രൂപ മാത്രമേ പിഴ ലഭിച്ചിട്ടുള്ളൂ. പ്രതിവർഷം ഇൻഷുറൻസ് പുതുക്കുന്നതിനു മുന്‍പ് ഗതാഗത നിയമ ലംഘനങ്ങളുടെ പിഴത്തുകയും അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുവാൻ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തും. പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസല്‍ ആപ്ലിക്കേഷന്‍ സെപ്റ്റംബർ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 1994 മുതല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കും. ഉന്നതതല യോഗത്തില്‍ അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, കെല്‍ട്രോണ്‍ സി.എം.ഡി. നാരായണ മൂര്‍ത്തി, എന്‍.ഐ.സി. ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടതായുള്ള പരാതിയില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി.

താൻ സംവിധാനം ചെയ്ത ’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച് രഞ്ജിത്ത് നടത്തിയ ഇടപെടലുകൾ തുറന്നു കാട്ടി സംവിധായകൻ വിനയന്‍ സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. തെളിവായി അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും പരസ്യപ്പെടുത്തി. ഇവ പരാതിക്കൊപ്പം തെളിവായി വിനയൻ നല്‍കിയിട്ടുണ്ട്.

ഇടപെടൽ തുടർക്കഥയെന്ന് മെെക്ക്

തുടർച്ചയായി രണ്ടാംവർഷവും സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ഇടപെട്ടിരിക്കുന്നു എന്ന്‌ തെളിഞ്ഞ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത്ത് യോഗ്യനല്ലെന്ന് മൂവ്‌മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്) അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞവർഷം പ്രാഥമിക ജൂറി തഴഞ്ഞ സിനിമയെ വിളിച്ചുവരുത്തി വേണ്ടപ്പെട്ടവർക്ക് അവാർഡ് കൊടുക്കുകയായിരുന്നുവെങ്കിൽ ഇത്തവണ ചില സിനിമകൾക്ക് അവാർഡ് കിട്ടാതിരിക്കാൻ ജൂറിയെ സ്വാധീനിക്കുകയായിരുന്നു. അക്കാദമി സെക്രട്ടറി മെമ്പർ സെക്രട്ടറിയായി ജൂറിയിലിരിക്കുന്നതിനെ നിയമപരമായി ചോദ്യംചെയ്തിട്ടുള്ള സംഘടനയാണ് മൈക്ക്. ജൂറിയിൽ മെമ്പർ സെക്രട്ടറിയുടെ സാന്നിധ്യംപോലും ചില കൈകടത്തലുകൾക്ക് കാരണമാകും -ഭാരവാഹികൾ പറഞ്ഞു.

വ്യക്തിഗത വിവരങ്ങളിലേക്കും കടന്നു കയറാം, ഇ ഡിക്ക് എതിരായ ആരോപണങ്ങൾക്ക് പിന്നാലെ ഡാറ്റ സംരക്ഷണ ബിൽ

സൈബർ ലോകത്തെ സ്വകാര്യതയിലേക്ക് സർക്കാർ ഏജൻസികൾക്ക് നിയമപരമായി കടന്നു കയറാൻ അവരസം ഒരുക്കുന്നത് എന്ന് വിമർശിക്കപ്പെട്ട വ്യക്തിഗത ഡേറ്റാ സംരക്ഷണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ രാജ്യത്തെ ചില ഏജന്‍സികള്‍ക്ക് മാനദണ്ഡങ്ങളോടെ ഉപയോഗിക്കാം എന്ന ഭേദഗതികള്‍ ഉള്‍പ്പെടുന്ന ബില്ലാണ് കേന്ദ്രം ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

രാജ്യസഭയിലും ചോദ്യം ചെയ്യാനാവില്ല

ബില്ല് പണ ബില്ലായി അവതരിപ്പിക്കുകയായിരുന്നു. പണ ബില്ല് പാസായിക്കഴിഞ്ഞാല്‍ രാജ്യസഭ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ ലോക്‌സഭയ്ക്ക് ബാധ്യതയില്ല. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തുവന്നത്. എന്നാല്‍ എതിര്‍പ്പ് വോട്ടിനിട്ട് തള്ളി.

ബില്ല് സ്വകാര്യതയ്ക്കുള്ള അവകാശത്തിനെതിരാണ്. സംയുക്ത സമിതിയുടെ ശുപാര്‍ശകള്‍ പരിശോധിക്കാതെയാണ് പുതിയ ബില്ല് അവതരിപ്പിച്ചത് എന്നീ കാര്യങ്ങൾ പ്രതിപക്ഷം ചൂണ്ടി കാട്ടി. ബില്ല് സാധാരണ ബില്ലായി പരിഗണിച്ച് വീണ്ടും സംയുക്ത സഭാസമിതിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, അവതരിപ്പിച്ചത് പണബില്ലല്ലെന്നും പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ക്ക് ചര്‍ച്ചയില്‍ മറുപടി നല്‍കുമെന്നും മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

സ്വകാര്യ ഡേറ്റ പരിരക്ഷിക്കാനുള്ള സാധാരണക്കാരുടെ അവകാശവും, നിയമപരമായ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഉള്‍പ്പെടെ വ്യക്തിഗത ഡേറ്റ ഉപയോഗിക്കാനുള്ള അനുമതിയും അംഗീകരിക്കുന്നതാണ് പുതിയ ബില്‍.

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊന്നത് കഴുത്ത് ഞെരിച്ച്, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം തേടി പൊലീസ്

ആലുവയിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിനെ കൊന്നത് കഴുത്ത് ഞെരിച്ചെന്ന് പോസ്ററ്മോർട്ടം റിപ്പോർട്ട്. അഞ്ചു വയസുകാരി പീഡനത്തിനും ഇരയായി. പ്രതി ഒറ്റയ്ക്ക് തന്നെയാണ് ക്രൂര കൃത്യം ചെയ്തത് എന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇയാളുടെ ക്രിമിനിൽ പശ്ചാത്തലം അന്വേഷിക്കുന്നുണ്ട്. നേരത്തെ ഡൽഹിയിൽ പീഡനക്കേസ് ഉണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് ബിഹാറിലേക്ക് പോകും.

കുടുംബത്തിന് 10 ലക്ഷം

 ധനസഹായം മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി. രാജീവ്, എം.ബി രാജേഷ് എന്നിവർ നേരിട്ടെത്തി കൈമാറി. സഹായധനവുമായി ബന്ധപ്പെട്ട ഉത്തരവാണ് കെെമാറിയത്. സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ കളക്ടർ വഴിയാവും നൽകുക.

കുടുംബത്തിന്റെ ജോയന്റ് അക്കൗണ്ടിലേക്ക് പണം നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. പണം ഇന്നോ നാളെയോ കളക്ടറുടെ അക്കൗണ്ടിലേക്കെത്തും. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മികച്ച രീതിയില്‍ അന്വേഷണം മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച വെെകീട്ട് മൂന്നരയോടെ പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തു.

മാപ്പ് പറയാൻ തയാറല്ല, നിലപാടിൽ ഉറച്ച് രാഹുൽ ഗാന്ധി

അപകീര്‍ത്തിക്കേസില്‍ മാപ്പ് പറയാൻ തയാറല്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കി.

താന്‍ കുറ്റക്കാരനല്ല. ആരോപിക്കപ്പെട്ട കുറ്റം നിലനില്‍ക്കുന്നതല്ല. മാപ്പു പറയണമായിരുന്നെങ്കില്‍ അത് നേരത്തെ ആകാമായിരുന്നു – രാഹുല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

മോദി പരാമർശത്തിൻ്റെ പേരിൽ എടുത്ത കേസിലെ രണ്ടുകൊല്ലത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്നും അതിലൂടെ ലോക്‌സഭയുടെ നിലവിലെ സമ്മേളനത്തിലും തുടര്‍ സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ അവസരം നല്‍കണമെന്നും രാഹുല്‍ കോടതി മുൻപാകെ അഭ്യർഥിച്ചു.

2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗമാണ് രാഹുലിനെതിരായ പരാതിക്കാരൻ ഉന്നയിച്ചത്. ഇത് കേസെടുക്കുന്നതിലും തുടർന്ന് എം.പി.സ്ഥാനം നഷ്ടമാകുന്നതിലും കലാശിച്ചു. മോദി സമുദായത്തെ ഒട്ടാകെ അപമാനിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് കാണിച്ച് ഗുജറാത്തില്‍നിന്നുള്ള എം.എല്‍.എ. പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

മാപ്പ് പറയാന്‍ വിസമ്മതിച്ചെന്ന ഒറ്റക്കാരണത്താലാണ് പൂര്‍ണേഷ് മോദി തന്നെ വിശേഷിപ്പിക്കാന്‍ ‘ധിക്കാരി’ തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍ ചൂണ്ടിക്കാണിച്ചു.

ജനന മരണ റജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാർ നിർബന്ധമാക്കിയ ബില്ലിന് അംഗീകാരമായി,

രാജ്യത്ത് ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളില്‍ ജനന-മരണ രജിസ്‌ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിര്‍മ്മിക്കുകയെന്നതാണ് ഭേഭഗതിയുടെ പിന്നിലെ ലക്ഷ്യം. രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയതലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കുമെന്ന് ബില്ലില്‍ പറയുന്നു. 

ഭാവിയിൽ രാജ്യത്തെ ജനങ്ങളുടെ മുഴുവൻ ഡാറ്റാബേസാവും ഇത്. ആധാരം പോലെ കുടുംബ ചരിത്രം വരെ ഭരണകൂടത്തിന് പ്രയോജനപ്പെടുത്താനാവും.

ജനസംഖ്യ രജിസ്റ്റര്‍, തെരഞ്ഞെടുപ്പുകള്‍, റേഷന്‍കാര്‍ഡുകള്‍ എന്നിവ തയ്യാറാക്കുമ്പോള്‍ ഡാറ്റാ ബേസ് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. കുഞ്ഞിന്റെ ജനന സമയത്ത് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിശ്ചിത തുക നല്‍കി ജില്ല രജിസ്ട്രാറില്‍ പിന്നീട് ചെയ്യാം. വിദ്യാഭ്യാസം, തെരഞ്ഞെടുപ്പുകള്‍, ജോലി, വിവാഹം, സര്‍ക്കാര്‍ ജോലി തുടങ്ങിയവയ്ക്ക് പ്രധാന രേഖയായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ്. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വ്യക്തിക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. മരിച്ച വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമ്പോള്‍, അതിന്റെ പകര്‍പ്പ് രജിസ്ട്രാര്‍ക്കും നല്‍കേണ്ടതാണെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു.

പ്രണയ വിവാഹം ഇല്ലാതാക്കാൻ ഗുജറാത്ത് മുന്നിട്ടിറങ്ങി

പ്രണയ വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. മെഹ്‌സാന ജില്ലയില്‍ പാട്ടിദാര്‍ സമാജത്തിന്റെ ഒത്തുകൂടലില്‍ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.  .

    പ്രണയ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മാതാപിതാക്കളുടെ ഒപ്പ് വേണമെന്നും അതേ താലൂക്കില്‍ തന്നെ രജിസ്‌ട്രേഷന്‍ നിലനില്‍ക്കണമെന്നുമുള്ള ആവശ്യം യാഥാസ്ഥിക സമൂഹത്തിൽ നിന്നും കക്ഷി ഭദമന്യേ ഉയർന്നിരുന്നു. ഇതിനെ സംതൃപ്തമാക്കലാണ് നിയമ പ്രഖ്യാപനത്തിലൂടെ ലക്ഷ്യം. നേരത്തെ തന്നെ ജാതി മത ചട്ടക്കൂടിന് അകത്ത് മാത്രം വിവാഹം നടക്കുന്നതിനുള്ള നിയമം പാസ്സാക്കി എടുത്തിട്ടുണ്ട്. ഇപ്പോൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുകയാണ്.


കൊല്ലപ്പെട്ടത് ആറുപേർ, വീണ്ടും റാലിയുമായി വിഎച്ച്പി, ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ലാൽ ഘട്ടർ

ഹരിയാനയിൽ വിഎച്ച്പി റാലിക്ക് തുടർച്ചയായി ഉണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 116 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോ​ഹർ ലാൽ ഘട്ടർ പറഞ്ഞു.

ഹരിയാന ഹോംഗാർഡിലെ രണ്ട് അംഗങ്ങളും മറ്റു നാലു പേരുമാണ് ഹരിയാനയിൽ  കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ  ബജ്രംഗ്ദൾ പ്രവർത്തകനാണെന്ന് സംഘടന അവകാശപ്പെട്ടു. ഗുരുഗ്രാമിലെ മസ്ജിദിനു നേരെ ഉണ്ടായ അക്രമത്തിൽ മുഖ്യ പുരോഹിതനെ കൊലപ്പെടുത്തിയിരുന്നു.  ഇതുവരെ സംഘർഷവുമായി ബന്ധപ്പെട്ട് 41 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റക്കാർ ആരെയും വെറുതെവിടില്ലെന്നും മുഖ്യമന്ത്രി മനോഹർലാൽ ഘട്ടാർ പറഞ്ഞു.

ഘോഷയാത്ര സംഘടിപ്പിച്ചവർ പരിപാടിയെ കുറിച്ച് പൂർണ വിവരങ്ങൾ അധികൃതർക്ക് കൈമാറിയിരുന്നില്ല. ഇതാണ് സംഘർഷത്തിന് കാരണമായതെന്നും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. 

ഘോഷയാത്ര സംഘടിപ്പിച്ചവർ പരിപാടിയെ കുറിച്ച് പൂർണ വിവരങ്ങൾ അധികൃതർക്ക് കൈമാറിയിരുന്നില്ല. ഇതാണ് സംഘർഷത്തിന് കാരണമായതെന്നും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. 

ഗുരുഗ്രാമിലെ പ്രദേശങ്ങളില് കൂടുതല് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.  20 കമ്പനി കേന്ദ്രസേനയെയാണ് ഹരിയാനയിലാകെ വിന്യസിച്ചത്. സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കി.  പശുക്കടത്ത് ആരോപിച്ച് രണ്ട് രാജസ്ഥാനിൽ രണ്ട് യുവാക്കളെ ചുട്ട് കൊന്ന കേസിലെ പ്രതിയും ബജ്റം​ഗ്ദൾ നേതാവുമായ മോനുമനേസർ ഘോഷയാത്രക്കെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. യാത്ര തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുന്പ് സമൂഹമാധ്യമങ്ങളിൽ ഈ അറിയിപ്പ് നൽകി വീഡിയോ പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇരുവിഭാ​ഗങ്ങൾ തമ്മിൽ വാക്പോര് രൂക്ഷമായിരുന്നു. രാജസ്ഥാനിൽ നിന്നുള്ള പൊലീസ് സംഘം മോനു മനേസറിനെ അറസ്റ്റ് ചെയ്യാൻ എത്തിയിരുന്നു. പക്ഷെ ഇയാൾ റാലിക്ക് എത്തിയിരുന്നില്ല എന്നാണ് ഇപ്പോൾ റിപ്പോർട്ട്. സംഘർഷ സാധ്യത ഉണ്ടായിട്ടും അക്രമം തടയാന് പോലീസ് ജാ​ഗ്രത കാട്ടിയില്ലെന്നാണ് വിമർശനം.

കൊലപാതക കേസില്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ് വിവിധ കേസുകളിൽ പ്രതിയായ മോനു മനേസർ.  നൂഹിലും സമീപ ജില്ലകളിലും നിരോധനാജ്ഞ തുടരുകയാണ്. സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും ഇന്ന് ഭാ​ഗികമായി പ്രവർത്തിച്ചു. നൂഹില് ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. ഗുരുഗ്രാമിൽ നിരവധി കടകൾ ഇന്നലെ അക്രമികൾ കത്തിച്ചു. രാജസ്ഥാനിലെ അൽവറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്

കൊലപാതക കേസില്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ് വിവിധ കേസുകളിൽ പ്രതിയായ മോനു മനേസർ.

തുടർ റാലികളുമായി വി എച്ച് പിയും ബജ്രങ് ദളും

ഡല്‍ഹിയില്‍ മാത്രം മുപ്പതോളം ഇടങ്ങളിലാണ് വി.എച്ച്.പിയുടെയും ബജ്‌രംഗ് ദളിന്റെയും പ്രതിഷേധ റാലി നടക്കുന്നത്. ഹരിയാണയിലെ സംഘര്‍ഷങ്ങളില്‍ എന്‍.ഐ.എ. അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.

ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അനിഷ്ട സംഭവങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി.

കനത്ത സുരക്ഷയും സി.സി.ടി.വി. നിരീക്ഷണവും ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിഷേധ റാലികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. റാലികള്‍ സാമുദായിക സംഘര്‍ഷം ആളിക്കത്തിക്കുമെന്നും ആളുകളെ അക്രമത്തിലേക്ക് നയിക്കുമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

പ്രതിഷേധ പ്രകടനത്തിനിടെ വിദ്വേഷ പ്രസംഗങ്ങളും അക്രമവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിച്ചു. അര്‍ധ സൈനികരെ ഉള്‍പ്പെടെ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ അടുത്ത വാദം ഓഗസ്റ്റ് നാലിന് നടക്കും.

എല്ലാ കാര്യങ്ങളും റെക്കോഡ് ചെയ്യാനായി സി.സി.ടി.വികള്‍ പയോഗപ്പെടുത്തണമെന്നും കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ഉത്തര്‍ പ്രദേശ്, ഹരിയാണ, ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

സുകുമാരൻ നായർ പ്രയോഗിക്കുന്നത് അപരവിദ്വേഷത്തിൻ്റെ രാഷ്ട്രീയ തന്ത്രം- പി ജയരാജൻ

എ.എന്‍. ഷംസീറിന്റെ വിവാദ പ്രസംഗത്തിനെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി ആരംഭിച്ച കാമ്പയിന് എതിരെ സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. കമ്മ്യൂണിസ്റ്റുകാരനായ ഷംസീറിന്റെ കുടുംബത്തിന്റെ മതവും രാഷ്ട്രീയവുമെല്ലാം പ്രതിസ്ഥാനത്ത് നിര്‍ത്തി അപരവിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് എൻ എസ് എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ സംസാരിക്കുന്നതെന്ന് പി. ജയരാജന്‍ ഫെയ്ബുക്കില്‍ തുറന്നടിച്ചു.

ലക്ഷ്യം വർഗ്ഗീയ രാഷ്ട്രീയം വളർത്തൽ

വര്‍ഗീയവിഭജനം സൃഷ്ടിച്ച് ലാഭമുണ്ടാക്കുക എന്ന രാഷ്ട്രീയ ഹിന്ദുത്വ അജണ്ടയുടെ ലക്ഷ്യമാണ് തീവ്രവലതുപക്ഷ സമുദായനേതൃത്വവും ആര്‍.എസ്.എസും ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്. രാഷ്ട്രീയ ഹിന്ദുത്വയോടുള്ള വിമര്‍ശനത്തെ വിശ്വാസത്തോടുള്ള വിമര്‍ശനമാക്കി ചിത്രീകരിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. രാമനേക്കാള്‍ കേരളത്തില്‍ പ്രചാരമുള്ള ഹൈന്ദവദൈവമായ ഗണപതിയെ മുന്‍നിര്‍ത്തി വിശ്വാസികളില്‍ ചലനം സൃഷ്ടിക്കാനുള്ള ദുഷ്ടലാക്കാണ് ഈ പ്രചരണത്തിന്റെ അടിസ്ഥാനമെന്നും പി. ജയരാജന്‍ കുറിച്ചു.

‘ഷംസീര്‍ പറഞ്ഞത് ഗണപതിക്കോ മറ്റതെങ്കിലും ആരാധനാമൂര്‍ത്തികള്‍ക്കോ വിശ്വാസത്തിനോ ഒന്നും എതിരായിട്ടല്ല. വാക്കുകള്‍ വളച്ചൊടിച്ച് രാഷ്ട്രീയഹിന്ദുത്വത്തിന്റെ ശാസ്ത്രീയവിരുദ്ധതക്കെതിരെയുള്ള വിമര്‍ശനം ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയാണ് എന്നു വരുത്തിത്തീര്‍ക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനുമുള്ള ശ്രമമാണ് നടക്കുന്നത്. വിശ്വാസവും ശാസ്ത്രവും തമ്മില്‍ ഒരു സംഘര്‍ഷവും ഈ വിഷയത്തിലില്ല.

ശാസ്ത്രത്തെ നിഷേധിച്ചും പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കിയും കപടശാസ്ത്രങ്ങളെ പ്രോല്‍സാഹിപ്പിച്ചും രാഷ്ട്രീയഹിന്ദുത്വം നടത്തുന്ന രാഷ്ട്രീയ അജണ്ടയെ ഇടതുപക്ഷം എതിര്‍ക്കുക തന്നെ ചെയ്യുമെന്നും, പി. ജയരാജന്‍ കുറിച്ചു.

പി ജയരാജൻ്റെ പോസ്റ്റ്

കേരളത്തിന്റെ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനു നേരെയുള്ള ആക്രോശങ്ങളുമായി ഇന്ന് എന്‍ എസ് എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായരുടെ ആഹ്വാനപ്രകാരം ജാഥകള്‍ നടക്കുകയാണ്. എന്തിന്? ശാസ്ത്രമാണ് ഇന്ന് സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്നു പ്രസംഗിച്ചതിന്. ഗണപതിയെക്കുറിച്ചുള്ള പരാമര്‍ശം തങ്ങളുടെ വികാരം വ്രണപ്പെടുത്തി എന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. വിശ്വഹിന്ദു പരിഷത്തും ആര്‍ എസ് എസുമെല്ലാം കൂടെയുണ്ട്. ഷംസീര്‍ പറഞ്ഞത് ഗണപതിക്കോ മറ്റതെങ്കിലും ആരാധനാമൂര്‍ത്തികള്‍ക്കോ വിശ്വാസത്തിനോ ഒന്നും എതിരായിട്ടല്ല. അവയെല്ലാം ഉപയോഗപ്പെടുത്തി ആര്‍ എസ് എസും കേന്ദ്രഭരണകൂടവും നടത്തുന്ന ശാസ്ത്രനിരാസപ്രവര്‍ത്തനങ്ങള്‍ക്കും പ്രസ്താവങ്ങള്‍ക്കും എതിരെയാണ്. ആ വാക്കുകള്‍ വളച്ചൊടിച്ച് രാഷ്ട്രീയഹിന്ദുത്വത്തിന്റെ ശാസ്ത്രീയവിരുദ്ധതക്കെതിരെയുള്ള വിമര്‍ശനം ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയാണ് എന്നു വരുത്തിത്തീര്‍ക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനുമുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്.

ഷംസീറിനു നേരെ മാത്രമുള്ള ആക്രമണമായി ഇതിനെ ചുരുക്കിക്കാണേണ്ടതില്ല. ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ നിലപാടിനും അതിന് കേരളത്തിലുള്ള രാഷ്ട്രീയാംഗീകരത്തെയുമാണ് ഇവരെല്ലാം ലക്ഷ്യമിടുന്നത്. വര്‍ഗീയവിഭജനം സൃഷ്ടിച്ച് ലാഭമുണ്ടാക്കുക എന്ന രാഷ്ട്രീയ ഹിന്ദുത്വ അജണ്ടയുടെ ലക്ഷ്യമാണ് തീവ്ര വലതുപക്ഷ സമുദായനേതൃത്വവും ആര്‍ എസ് എസും ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്. അതിന് സ്പീക്കറുടെ പ്രസ്താവനയെ ഉപയോഗിക്കുകയാണ്. ഷംസീര്‍ കമ്മ്യൂണിസ്റ്റുകാരനാണ്, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മതവും രാഷ്ട്രീയവുമെല്ലാം പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ട് അപര വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് സുകുമാരന്‍ നായര്‍ സംസാരിക്കുന്നത്.

ശാസ്ത്രമല്ല, വിശ്വാസമാണ് പ്രധാനം എന്നാണ് ഇപ്പോള്‍ സുകുമാരന്‍ നായര്‍ പറയുന്നത്. വിശ്വാസവും ശാസ്ത്രവും തമ്മില്‍ ഒരു സംഘര്‍ഷവും ഈ വിഷയത്തിലില്ല. ഷംസീര്‍ സംസാരിച്ചതില്‍ വിശ്വാസത്തോടോ ഏതെങ്കിലും മതത്തോടോ ഉള്ള വിമര്‍ശനവുമില്ല. രാഷ്ട്രീയ ഹിന്ദുത്വയോടുള്ള വിമര്‍ശനത്തെ വിശ്വാസത്തോടുള്ള വിമര്‍ശനമാക്കി ചിത്രീകരിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് കേരളം ഒന്നിച്ചുനിന്ന് ചെറുക്കേണ്ടതാണ്.

രാഷ്ട്രീയഹിന്ദുത്വത്തിന് ഇന്നും ആഗ്രഹിക്കുന്ന മട്ടില്‍ കേരളത്തില്‍ സ്ഥാനം ലഭിക്കാത്തതിന്റെ കാരണം മതമോ വിശ്വാസമോ ഉപയോഗപ്പെടുത്തി ആര്‍ എസ് എസ് മറ്റുപലയിടത്തും നടക്കുന്ന കുളംകലക്കല്‍ രാഷ്ട്രീയം ഇവിടെ വിലപ്പോവാത്തതു കൊണ്ടാണ്. ആര്‍ എസ് എസ് ദേശീയതലത്തില്‍ രാഷ്ട്രീയ ആയുധമാക്കി പ്രയോജനപ്പെടുത്തുന്ന രാമനേക്കാള്‍ കേരളത്തില്‍ പ്രചാരമുള്ള ഹൈന്ദവദൈവമായ ഗണപതിയെ മുന്‍നിര്‍ത്തി വിശ്വാസികളില്‍ ചലനം സൃഷ്ടിക്കാനുള്ള ദുഷ്ടലാക്കാണ് ഈ പ്രചരണത്തിന്റെ അടിസ്ഥാനം.

വിശ്വാസികളായ സഹോദരങ്ങള്‍ മനസ്സിലാക്കേണ്ടത് ഇവരുടെ പ്രശ്‌നം വിശ്വാസമോ ദൈവമോ ഒന്നുമല്ല മറിച്ച് അവരുടെ വര്‍ഗീയ താല്‍പര്യങ്ങളാണ് എന്നതാണ്. ഒരു വിശ്വാസത്തിനും വിശ്വാസിക്കും സ്പീക്കറോ അദ്ദേഹമുള്‍പ്പെടുന്ന ഇടതുപക്ഷമോ എതിരല്ല. എന്നാല്‍ ശാസ്ത്രത്തെ നിഷേധിച്ചും പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കിയും കപടശാസ്ത്രങ്ങളെ പ്രോല്‍സാഹിപ്പിച്ചും രാഷ്ട്രീയഹിന്ദുത്വം നടത്തുന്ന രാഷ്ട്രീയ അജണ്ടയെ ഇടതുപക്ഷം എതിര്‍ക്കുന്നു. അത് നമ്മുടെ കുട്ടികള്‍ ശാസ്ത്രബോധത്തോടെ വളരാനാണ്. ആധുനികലോകത്ത് അവര്‍ പിന്തള്ളപ്പെടാതിരിക്കാനും ഇന്ത്യയുടെ ശാസ്ത്രപൈതൃകം സംരക്ഷിക്കപ്പെടാനുമാണ്.

ഓസ്ട്രേലിയൻ തീരത്ത് കണ്ടെത്തിയ ‘പറക്കും തളിക’ ഇന്ത്യൻ നിർമ്മിതം തന്നെ; ഐഎസ്ആർഓയും സ്ഥിരീകരിച്ചു

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയിലെ ജൂരിയന്‍ ബേയ്ക്കടുത്ത് കടല്‍ തീരത്തടിഞ്ഞ അജ്ഞാതമായ ഭീമന്‍ ലോഹവസ്തു പറക്കും തളികയല്ല. ഏറെ നാള്‍ വെള്ളത്തില്‍ കിടന്ന ലോഹഭാഗത്തിന് സംഭവിക്കുന്ന പരിവർത്തനം ആദ്യം തന്നെ സംശയിച്ചിരുന്നു. പറക്കും തളികയോ ഉൽക്കാ കഷണമോ ആകാൻ ഇടയില്ലെന്ന് തിരിച്ചറിയുവോളം കഥകൾ പലതും പ്രചരിച്ചു.

രണ്ടാഴ്ച ഇത് കടപ്പുറത്ത് വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും പറക്കും തളികാ വാദികൾക്കും വിഷയമായി കിടന്നു. തിങ്കളാഴ്ചയാണ് ശസ്ത്രീയമായ സ്ഥിരീകരണം ഉണ്ടായത്.

ഏതോ രാജ്യം വിക്ഷേപിച്ച റോക്കറ്റിൻ്റെ ഭാഗമാണിതെന്ന അഭിപ്രായം ആദ്യം തന്നെ ഉയർന്നു എങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. അജ്ഞാതവസ്തു എന്താണെന്ന് സ്ഥിരീകരിച്ചിതോടെയാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐ എസ് ആർ ഓയുമായി ബന്ധപ്പെട്ടത്.

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐ.എസ്.ആർ.ഒ.) വിക്ഷേപിച്ച പിഎസ്എല്‍വി റോക്കറ്റിന്റെ മൂന്നാം സ്‌റ്റേജിന്റെ ഭാഗമാണിതെന്നാണ് ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി സ്ഥിരീകരിച്ചു. നാല് സ്റ്റേജുകൾ ഉള്ളതാണ് ഇന്ത്യയുടെ ഈ റോക്കറ്റ്. ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയുടെ കൈവശാണ് ഇപ്പോള്‍ ഈ റോക്കറ്റ് അവശിഷ്ടമുള്ളത്.തുടര്‍ നടപടികള്‍ക്കായി ഐ.എസ്.ആർ.ഒയുമായി സംസാരിച്ചുവരികയാണെന്നും എ.എസ്എ അറിയിച്ചു.

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ തീരത്ത് ഈ അവശിഷ്ടം കണ്ടെത്തിയത്. ഈ വസ്തു പരിശോധിക്കാതെ തങ്ങളുടേതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നായിരുന്നു അന്നത്തെ ഐ.എസ്.ആർ.ഒയുടെ പ്രതികരണം. അതേസമയം, ഇത് ചന്ദ്രയാന്‍ 3 റോക്കറ്റിന്റെ ഭാഗമല്ലെന്ന് പ്രഥമിക വിവരങ്ങളിൽ നിന്നു തന്നെ കണ്ടെത്തി.

ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം

ലൈഫ് മിഷൻ കേസിൽ ആറ് മാസമായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം സുപ്രീം കോടതി തള്ളി. 

ജാമ്യം അനുവദിക്കുന്നത് ഏത് വിധേനെയും തടയാനായിരുന്നു എൻഫോഴ്സ്മെന്റ് നീക്കം. ചികിത്സ നടത്താൻ ജാമ്യം വേണമെന്ന് കോടതിയിൽ ശിവശങ്കർ വാദിച്ചപ്പോൾ, ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു. ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വാദമാണ് ഇഡി കോടതിയിൽ ഉയർത്തിയത്.

ലൈഫ് മിഷൻ അഴിമതിക്കേസിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 15 നാണ് ലൈഫ് കോഴ കേസിൽ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ആറ് മാസമായി ജയിലിൽ കഴിയുകയായിരുന്നു അദ്ദേഹം. സുരേഷ് അടക്കമുളള കൂട്ടു പ്രതികളുടെ മൊഴികൾ മാത്രം കണക്കിലെടുത്താണ് ശിവശങ്കറിനെതിരെ കുറ്റം ചുമത്തിയതെന്നാണ് സുപ്രീം കോടതിക്ക് മുൻപാകെ എതിർ ഭാഗം ചൂണ്ടി കാണിച്ചത്. 

കേസിലെ കിംങ് പിൻ ശിവശങ്കറാണെന്നാണ് ഇഡി നിലപാട്. വിചാരണ ഉടൻ തുടങ്ങുന്നതിനാൽ ശിവശങ്ക‍ർ പുറത്തിറങ്ങുന്നത് കേസിനെ ബാധിക്കും. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് സ്വർണക്കളളക്കടത്തുകേസിൽ ജാമ്യം നേടി ശിവശങ്കർ തൊട്ടു പിന്നാലെ ജോലിയിൽ പ്രവേശിച്ചുവെന്നും കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും ഇഡി നേരത്തെ ആരോപിച്ചിരുന്നു.