ചേത്‌ന മറൂവിൻ്റെ ആദ്യ നോവല്‍ ‘വെസ്റ്റേണ്‍ ലെയ്ന്‍'(Western Lane) ബുക്കര്‍ പ്രൈസ് ലോങ് ലിസ്റ്റില്‍. ചൊവ്വാഴ്ച പുറത്തുവിട്ട ലിസ്റ്റില്‍ 13 പുസ്തകങ്ങളാണുള്ളത്. ലണ്ടന്‍ ആസ്ഥാനമായി എഴുതുന്ന ഇവരുടെ നോവലിൻ്റെ പശ്ചാത്തലം 1980 കളിലെ ലണ്ടൻ നഗര ജീവിതമാണ്.
ഈ വർഷത്തെ പ്ലിംപ്റ്റൺ പ്രൈസ് നേടിയതും ഈ നോവലിനായിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ വംശജയാണ് ചേതന.
സങ്കീര്‍ണമായ മനുഷ്യവികാരങ്ങളെ സ്‌ക്വാഷ് ഗെയിംസിൻ്റെ തലത്തിൽ ആഖ്യനം ചെയ്യുന്നതാണ് പ്ലോട്ട്. സ്ക്വഷ് കളിക്കാരിയായ 11 കാരി ഗോപി എന്ന പെണ്‍കുട്ടിയെക്കുറിച്ചും അവളുടെ കുടുംബബന്ധത്തെക്കുറിച്ചും പറഞ്ഞു കൊണ്ടാണ് നോവൽ വികസിക്കുന്നത്. ഗുജരാത്തിൽ നിന്നും കുടിയേറിയ കുടുംബമാണ്. മാതാവ് മരണപ്പെട്ട ശേഷം പിതാവ് അവളെ കടുത്ത പരിശീലനം നൽകുന്ന സ്വക്വാഷ് ട്രെയിനിങ് സെൻ്ററിൽ ചേർക്കുന്നു.
നവംബര്‍ 26-ന് ലണ്ടനിലെ ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് ജേതാവിനെ പ്രഖ്യാപിക്കും. ‘വെസ്റ്റേണ്‍ ലെയ്നി’നൊപ്പം 3 എഴുത്തുകാരുടെ പ്രഥമ നോവലുകള്‍ കൂടി ലിസ്റ്റിലുണ്ട്.
അരുതെന്ന് മാത്രം പറയരുതെ…… കാണരുതെന്ന് മാത്രം പറയരുതേ……വാടാത്ത….ചെമ്പനീർ
സദസ്സിനോട് സംവദിച്ചും പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥകൾ പറഞ്ഞും ഗസല്‍ കച്ചേരി വേദി സംഗീതാസ്വാദകരുടെ ഇഷ്ടയിടമാക്കി മാറ്റിയ ഉമ്പായി ഓർമ്മയായിട്ട് ഇന്ന് അഞ്ച് വർഷം തികയുന്നു.
സാധാരണക്കാരുടെ പ്രിയപ്പെട്ട നിമിഷങ്ങളിലേക്കും ഉമ്പായിയുടെ ഗസൽ ഈണം ചെന്നെത്തി. ”വാകപ്പൂമരം…”, ”സുമംഗലീ നീ ഓര്‍മ്മിക്കുമോ…”, ”ചെമ്പക തൈകള്‍…”, ”ശ്യാമസുന്ദര പുഷ്പം…” തുടങ്ങിയ യേശുദാസ് ഗാനങ്ങളെ തന്റേതായ രീതിയില്‍ ആലപിച്ച് ജനഹൃദയങ്ങളിൽ ഉമ്പായി ഇടം നേടി.
2018-ൽ ജീവിതം 68-ാം വയസിൽ കാൻസർ പിടികൂടിയപ്പോഴും ഉമ്പായി സംഗീത ലോകത്ത് തന്റേതായ ഇരിപ്പിടം സൃഷ്ടിച്ചിരുന്നു. ഉമ്പായി തുടക്കം കുറിച്ച മലയാള ഗസല്‍ പുതിയ തലമുറയിലെ ഗായകര്‍ കൂടുതല്‍ കരുത്തോടെ ഇപ്പോഴും മുന്നോട്ടു കൊണ്ട് പോകുന്നു
ഉമ്മയുടെ ഉമ്പായി, സംഗീത പ്രേമികളുടെയും
ഉമ്മ ഫാത്തിമ മകനെ സ്‌നേഹത്തോടെ വിളിച്ചിരുന്ന ഓമനപ്പേരായിരുന്നു ഉമ്പായി. സംഗീതത്തോട് ഉമ്പായിക്കുള്ള തന്റെ അഗാധമായ പ്രണയം തിരിച്ചറിഞ്ഞിട്ടും ഉമ്പായിയെ ആ വഴിക്ക് നടത്താൻ പിതാവ് താല്പര്യപ്പെട്ടിരുന്നില്ല.
വിദ്യാഭ്യാസത്തിനായി മകനെ മുംബൈയ്ക്ക് പറഞ്ഞു വിട്ടെങ്കിലും പരീക്ഷകളിൽ ജയിക്കാനാകാതെ പഠിത്തം പാതിവഴിയിലാക്കി ഉമ്പായി. മകൻ ഇലക്ട്രീഷ്യനായി തിരിച്ചു വരുന്നതും കാത്തിരുന്ന പിതാവിന്റെ പ്രതീക്ഷകളെ നിശപ്പെടുത്തിയാണ് ഉമ്പായി തിരിച്ചെത്തുന്നത്. തന്റെ അഭിരുചി സംഗീതമാണെന്ന് എപ്പോഴോ തിരിച്ചറിഞ്ഞ ഉമ്പായി ആ വഴിയിലൂടെ തന്നെ സഞ്ചരിക്കാൻ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു.
മുംബൈയിൽ വച്ച് ഉമ്പായി ആദ്യം പരിചയപ്പെടുന്നത് ഉസ്താദ് മുനവറലി ഖാനെയാണ്. ഏഴ് വർഷത്തെ ഗുരു-ശിഷ്യ ബന്ധവും പരിശീലനവും ഉമ്പായിയെ ഗസലിലെ പകരക്കാരനില്ലാത്ത പ്രതിഭയാക്കി മാറ്റി. ഹോട്ടലിൽ ഗായകനായി കഴിഞ്ഞിരുന്ന വേളയിൽ വേണു വി ദേശത്തെ കണ്ടുമുട്ടുകയും ആദ്യ ആൽബമായ ‘പ്രണാമം’ പുറത്തിറക്കുകയും ചെയ്തു. അതായിരുന്നു ഉമ്പായിയുടെ ജീവിതത്തിലെ വഴിതിരിവ്. ഒഎൻവി കുറുപ്പും, യൂസഫലി കേച്ചേരിയും, സച്ചിതാനന്ദനുമൊക്കെ കുറിച്ചിട്ട വാക്കുകൾക്ക് ഉമ്പായിയുടെ ശബ്ദത്തിൽ മലയാളിയുടെ ഈണമായി മാറി. ഇരുപതോളം ആൽബങ്ങളാണ് അദ്ദേഹം പുറത്തിറക്കിയത്. ‘നോവൽ’ എന്ന സിനിമയ്ക്ക് സംഗീതവും നൽകി.
പ്രതിഭകൾക്ക് ഒപ്പം
ഫോർട്ട് കൊച്ചി നെല്ലുകടവ് പടിഞ്ഞാറെ വീട്ടിൽ അബു–പാത്തുമ്മ ദമ്പതികളുടെ മകനായി 1950 ജൂൺ 10നു ജനിച്ച ഉമ്പായിയുടെ ജീവിതം ആകസ്മികതകൾ നിറഞ്ഞതായിരുന്നു. ഉമ്പായിയുടെ സംഗീതാഭിരുചിയെ പിതാവ് അനുകൂലിച്ചില്ല. പരീക്ഷകളിൽ തോറ്റു സ്കൂളിനോടു വിടപറഞ്ഞ മകനെ ഇലക്ട്രീഷ്യനായി മാറ്റാൻ അദ്ദേഹം മുംബൈയിൽ അമ്മാവന്റെ അടുത്തേക്കയച്ചു. ഇതായിരുന്നു ഉമ്പായിയുടെ ജീവിതം മാറ്റിമറിച്ചത്.
മുംബൈയിൽ കണ്ടുമുട്ടിയ ഉസ്താദ് മുനവറലി ഖാൻ ഉമ്പായിയെ ശിഷ്യനായി സ്വീകരിച്ചു. ഏഴു വർഷം അദ്ദേഹത്തിനു കീഴിൽ സംഗീതം പഠിച്ചതോടെ ഉമ്പായി പൂർണമായും മാറി. സംവിധായകൻ ജോൺ ഏബ്രഹാം ആണ് ഉമ്പായിയെ കേരളത്തിന്റെ ഗസൽ ചക്രവർത്തിയായി വിശേഷിപ്പത്. ജോണിന്റെ അമ്മ അറിയാൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്.
വിപ്ലവം സംഗീതം
സംഭവ ബഹുലമായിരുന്നു ജീവിതം. മൂന്ന് പേരെയാണ് ഉമ്പായി തന്റെ ജീവിത വഴികാട്ടികളായി വിലയിരുത്തിയിരുന്നത്. അതില്‍ ആദ്യത്തെ ആള്‍ ഇ.എം.എസ് ആയിരുന്നു. രണ്ടാമത്തെയാള്‍ ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസനും മൂന്നാമത്തെയാള്‍ പണ്ഡിറ്റ് ജസ്‌രാജുമായിരുന്നു. ഇവര്‍ മൂന്ന് പേരുമാണ് തന്റെ കാഴ്ചപ്പാടുകളെ നിര്‍മിച്ചതെന്ന് ഉമ്പായി പറയുമായിരുന്നു.
ഗസലിനെ അതിന്റെ കാവ്യാംശം നഷ്ടപ്പെടാതെ മലയാളീകരിച്ചു എന്നതാണ് ഉമ്പായിയുടെ ഏറ്റവും വലിയ സംഭാവന. ഉറുദു പാരമ്പര്യത്തില്‍ കൃത്യമായ നിയമങ്ങളുള്ള ഗസലുകള്‍ മലയാളികരിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു വിമര്‍ശകരുടെ പക്ഷം. എന്നാല്‍ ഗസല്‍ എന്നതിന്റെ അര്‍ത്ഥം തന്നെ പ്രിയതമയുമായുളള സംഭാഷണം എന്നതാണെന്നായിരുന്നു ഉമ്പായിയുടെ മറുപടി. അത് ഹൃദയത്തില്‍ നിന്ന് വന്നാല്‍ മാത്രം മതിയെന്നും ഉമ്പായി വിശ്വസിച്ചിരുന്നു. തന്റെ ഗാനം മറ്റാരെക്കാളും ആസ്വദിച്ചിരുന്നതും ഉമ്പായിയായിരുന്നു.
ഗസലിനെ കേരളത്തില്‍ ജനകീയമാക്കാന്‍ ഉമ്പായിയോളം സംഭാവന നല്‍കിയ മറ്റൊരാളുമുണ്ടായിരുന്നില്ല.
മണിപ്പുരില്‍ ഭരണസംവിധാനവും ക്രമസമാധാനവും തകര്‍ന്നെന്ന വാദം ശരിവെച്ച് സുപ്രീം കോടതി. സംസ്ഥാനത്ത് ക്രമസമാധാനം അവശേഷിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കേസുകളിലെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നതെന്ന് വ്യക്തമാണ്. മാത്രമല്ല കേസുകളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ വിവരങ്ങള്‍ അവ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസില്‍ മണിപ്പുര്‍ ഡി.ജി.പിയോട് നേരിട്ട് ഹാജരാകാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
കലാപത്തില്‍ തല അറുത്ത് മാറ്റിയ കേസിലെ പ്രതികളെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കുക്കി വിഭാഗം സുപ്രീം കോടതിയില്‍ ആരോപിച്ചു. മെയ്തി വിഭാഗത്തില്‍പെട്ട യുവതിക്ക് നേരെ ഉണ്ടായ അക്രമത്തെ കുറിച്ച് അന്വേഷണം വേണം എന്ന് മെയ്തി വിഭാഗവും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
സർക്കാരും പൊലീസും പരാജയപ്പെട്ടു
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മണിപ്പുര്‍ സര്‍ക്കാരിനും സംസ്ഥാന പോലീസിനും സുപ്രീം കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം ലഭിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ മണിപ്പുര്‍ പോലീസ് അശക്തരാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മെയ് മൂന്ന് മുതല്‍ ജൂലൈ 30 വരെ കലാപവുമായി ബന്ധപ്പെട്ട് മണിപ്പുരില്‍ 6,523 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ 11 കേസുകള്‍ സ്ത്രീകള്‍ക്ക് എതിരെ നടന്ന ലൈംഗിക പീഡനത്തിന് രജിസ്റ്റര്‍ ചെയ്തവയെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
ക്രമസമാധാനം തകർന്നിടത്ത് എങ്ങനെ നീതി പുലരും
സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങളില്‍ ഒന്നോ രണ്ടോ കേസുകളില്‍ മാത്രമാണ് അറസ്റ്റ് ഉണ്ടായതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി പുലരുമെന്ന് സുപ്രീം കോടതി ആരാഞ്ഞു. തങ്ങളെ കലാപകാരികള്‍ക്ക് കൈമാറിയത് പോലീസ് ആണെന്ന് ലൈംഗികപീഡനത്തിന് ഇരയായ കുക്കി വനിതകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ പോലീസുകാര്‍ക്കെതിരേ എന്ത് നടപടി എടുത്തുവെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.
പല അക്രമസംഭവങ്ങളും നടന്ന് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തെന്ന് കോടതി എടുത്ത് പറഞ്ഞു. പ്രതികളെ കണ്ടെത്താന്‍ പോലും ശ്രമം ഉണ്ടായില്ല. ഇരകളുടെയും പരാതിക്കാരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ അവ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ ഡി.ജി.പിയോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.
പുരസ്കാര വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പിന്തുണച്ച് സംസാരിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനോട് ചോദ്യവുമായി സംവിധായകൻ വിനയൻ.
അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നൊന്നും അല്ല പ്രശ്നം എന്നും അവാർഡ് നിർണ്ണയത്തിൽ സർക്കാരിന്റെ പ്രതിനിധിയായ അക്കാദമി ചെയർമാൻ ഇടപെട്ടോ എന്നതാണ് ഗുരുതരമായവിഷയം. ഇത് മന്ത്രി ശ്രദ്ധിച്ചിരുന്നുവോ. അവാർഡ് നിർണ്ണയത്തിൻെറ പ്രൊജക്ഷൻ നടക്കുമ്പോഴും ഡിസ്കഷൻ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ പിന്നെയെങ്ങനെ ചെയർമാൻ ഇടപെട്ടില്ലെന്ന് മന്ത്രി പറയുന്നത്.
അങ്ങയുടെ പി എസ്സി നോടെങ്കിലും ചോദിക്കണമായിരുന്നു സാർ.. താങ്കളുടെ പി സ്സ് ആയ മനു സി പുളിക്കനോട് തുടക്ക ദിവസങ്ങളിൽ തന്നെ ചെയർമാൻ രഞ്ജിത്ത് അനാവശ്യമായി ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറഞ്ഞിരുന്നു സാർ. അങ്ങ് സെക്രട്ടറിയോട് ഒന്നന്വേഷിക്ക്.. ശ്രീ മനു അത് നിയന്ത്രിക്കാൻ ശ്രമിച്ചെന്നും അറിഞ്ഞു. എന്നിട്ടും താങ്കളറിഞ്ഞില്ലന്നു പറഞ്ഞാൽ കഷ്ടമാ. വിനയൻ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സ്റ്റേറ്റ് സിനിമാ അവാർഡ് ജൂറി അംഗം ശ്രീ നേമം പുഷ്പരാജ് പറഞ്ഞതും അതിൻപ്രകാരം ഞാൻ ആരോപിച്ചതുമായ കാര്യങ്ങൾ തള്ളിക്കളഞ്ഞ് കൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ സജി ചെറിയാൻ അക്കാദമി ചെയർമാൻ ശ്രി രഞ്ജിത്തിന് ക്ലീൻ ചീട്ട് കൊടുത്തതായി ന്യൂസിൽ കണ്ടു.. ചെയർമാൻ ഒരിടപെടലും നടത്തിയിട്ടില്ലത്രേ..
അങ്ങയോടല്ലല്ലോ ഞങ്ങളത് ചോദിച്ചത് ശ്രീ രഞ്ജിത്തിനോടല്ലേ?. രഞ്ജിത്ത് ഉത്തരം പറയട്ടെ എന്നിട്ടു ബാക്കി പറയാമെന്നാണ് അങ്ങുതന്നെ നിയമിച്ച ജൂറി അംഗം ശ്രീ നേമം പുഷ്പ രാജ് പറഞ്ഞിരിക്കുന്നത്. അതിനു മുൻപ് ഈ വിധി പറച്ചിൽ വേണമായിരുന്നോ? അവാർഡ് നിർണ്ണയത്തിൻെറ പ്രൊജക്ഷൻ നടക്കുമ്പോഴും ഡിസ്കഷൻ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ? പിന്നെങ്ങനാണ് താങ്കൾ ഇത്ര നിസ്സംശയം പറഞ്ഞത് ചെയർമാൻ ഇടപെട്ടിട്ടില്ലന്ന്. ചുരുങ്ങിയ പക്ഷം അങ്ങയുടെ പി എസ്സി നോടെങ്കിലും ചോദിക്കണമായിരുന്നു സാർ.. താങ്കളുടെ പി സ്സ് ആയ മനു സി പുളിക്കനോട് തുടക്ക ദിവസങ്ങളിൽ തന്നെ ചെയർമാൻ രഞ്ജിത്ത് അനാവശ്യമായി ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറഞ്ഞിരുന്നു സാർ. അങ്ങ് സെക്രട്ടറിയോട് ഒന്നന്വേഷിക്ക്.. ശ്രീ മനു അത് നിയന്ത്രിക്കാൻ ശ്രമിച്ചെന്നും അറിഞ്ഞു. എന്നിട്ടും താങ്കളറിഞ്ഞില്ലന്നു പറഞ്ഞാൽ കഷ്ടമാ.
അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നൊന്നും അല്ല ഇവിടെ പ്രശ്നം. അവാർഡ് നിർണ്ണയത്തിൽ സർക്കാരിൻെറ പ്രതിനിധി ആയ അക്കാദമി ചെയർമാൻ ഇടപെട്ടോ? അതാണ് ഗുരുതരമായവിഷയം. ജൂറി മെമ്പർമാരോട് സംസാരിച്ച രഞ്ജിത്തോ അതുകേട്ട ജൂറി മെമ്പാമാരോ അല്ലേ അതിനുത്തരം പറയേണ്ടത്, നേമം പുഷ്പരാജിനെ കുടാതെ മറ്റൊരു ജൂറി അംഗമായ ശ്രീമതി ജിൻസി ഗ്രിഗറിയും ഇന്ന് വെളിപ്പെടുത്തിയിട്ടുണ്ട് ശ്രീ രഞ്ജിത്തിൻെറ ഇടപെടലിനെപ്പറ്റി. അതൊക്കെ ഒന്നന്വേഷിച്ചിട്ടു വേണമായിരുന്നു അങ്ങ് ഈ ക്ലീൻ ചീട്ട് കൊടുക്കാൻ. അതോ വിശ്വ വിഖ്യാത സംവിധായകർ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്നാണോ? അതിനു നിയമോം ചട്ടോം ഒന്നുംനോക്കേണ്ടതില്ലേ.
ഏതായാലും അക്കാദമി ചെയർമാൻ രഞ്ജിത് പറയട്ടേ നേമം പുഷ്പ രാജിൻെറ ആരോപണത്തിനുള്ള മറുപടി. ഇങ്ങനൊന്നും ചെയ്തിട്ടില്ലാന്ന് പറയാനുള്ള ധൈര്യം രഞ്ജിത്തു കാണിച്ചാൽ അതിനുള്ള മറുപടിയുമായി ശ്രീ പുഷ്പരാജ് എത്തിക്കോളും, പുറകേ മാത്രമേ ഞാൻ വരേണ്ടതുള്ളു. അതിനു മുൻപ് ആരും മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്ടപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം.
രഞ്ജിത്ത് ഇതിഹാസതുല്യനാണ് എന്ന പ്രതികരണമാണ് ആദ്യമന്ത്രി നടത്തിയത്. ഇത് വ്യാപകമായ ട്രോളുകൾക്ക് ഇടയാക്കി.
ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അർഹതപ്പെട്ടവർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു. തെളിവുണ്ടെങ്കിൽ അവർ നിയമപരമായി നീങ്ങട്ടെ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെജ്‌രിവാള്‍സര്‍ക്കാരിന് സുപ്രീം കോടതി നല്‍കിയ അനുകൂല വിധി മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
സുപ്രീംകോടതി വിധിയെ മറികടക്കാനായി ബില്‍ കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്റിനില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്‍ അവതരണത്തെ എതിര്‍ത്തു. രാഷ്ട്രീയ പ്രേരിതമായ ബില്ലിനെ പ്രതിപക്ഷം എതിർത്തപ്പോൾ ഡല്‍ഹിയെ സംബന്ധിച്ച് ഏത് നിയമനിര്‍മാണവും നടത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധി വ്യക്തതവരുത്തിയിട്ടുണ്ടെന്ന് അമിത് ഷാ അവകാശപ്പെട്ടു. തുടര്‍ന്ന് ശബ്ദവോട്ടോടെ ലോക്സഭ അവതരണാനുമതി നല്‍കി.
ബില്ലില്‍ ബിജെപിയെ അനുകൂലിച്ച് ഒഡീഷ മുഖ്യമന്ത്രി നവിന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ രംഗത്തെത്തിയത് രാഷ്ട്രീയ കൌതുകം ഉണർത്തി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും ബില്ലിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ക്ക് ബദലായി പുതിയ ഭരണസംവിധാനത്തിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ മേയ് 19-നാണ് കേന്ദ്രം പുറത്തിറക്കിയത്. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്ക് പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതോടെ ഡൽഹി ഭരണത്തിലും ഉദ്യോഗസ്ഥ തലത്തിലും കേന്ദ്രം ഭരിക്കുന്നവർക്ക് മേൽക്കൈ വരും. ജൂലായ് 25-നാണ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. കോടതി വിധിയെ മറികടക്കാൻ ഓര്‍ഡിനന്‍സിലെ അതേ വ്യവസ്ഥകളാണ് ബില്ലിലും ഉൾപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് യാതൊരു റോളുമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത് ചലച്ചിത്ര മേഖലയിലെ ഇതിഹാസമാണെന്നും അക്കാദമിയെ നല്ല നിലയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ ആരുടെയെങ്കിലും കൈയില്‍ തെളിവുകളുണ്ടെങ്കില്‍ നിയപരമായി നീങ്ങട്ടെ എന്നും അദ്ദേഹം പറഞ്ഞു.
രഞ്ജിത്തിൻ്റെ ഇടപെടൽ സംബന്ധിച്ച സംവിധായകൻ വിനയൻ്റെ ഫേസ് ബുക്ക് പോസ്റ്റ് വന്നതോടെയാണ് വിവാദത്തിന് തുടക്കം. ഇതോടെയാണ് മന്ത്രി പ്രതികരിച്ചത്.
അവാര്‍ഡ് നിര്‍ണയ സമിതിക്കാണ് ഉത്തരവാദിത്തം. അവര്‍ അവാര്‍ഡ് നിര്‍ണയിച്ച് എന്റെ കയ്യില്‍ തന്നു. അത് അവതരിപ്പിക്കേണ്ട ഉത്തരവാദിത്തമായിരുന്നു എന്റേത്. അത് ഞാന്‍ അവിടെ വെച്ച് പൊട്ടിച്ച് വായിച്ചു. ആരോപണങ്ങളില്‍ തെളിവുണ്ടെന്ന് പറയുന്നവര്‍ നിയമപരമായി നീങ്ങട്ടെ,’ എന്ന നിലപാടിലാണ് മന്ത്രി സജി ചെറിയാന്‍ അവസാനിപ്പിച്ചത്.
മന്ത്രി പറഞ്ഞത്
‘ നിക്ഷ്പക്ഷമായ ഒരു ജൂറിയെയാണ് ഇത്തവണ അവാര്‍ഡ് നിര്‍ണയത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. ലോക പ്രശസ്തരായവരെയാണ് ജൂറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെയാണ് മുഴുവന്‍ അവാര്‍ഡും ലഭിച്ചിരിക്കുന്നത്. അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഒരു റോളുമില്ല. കാരണം രഞ്ജിത് ജൂറിയില്‍ അംഗമല്ല. അദ്ദേഹത്തിന് ജൂറിയിലുള്ള ഒരാളുമായും സംസാരിക്കാന്‍ കഴിയില്ല. ജൂറിയെ സെലക്ട് ചെയ്തതും അദ്ദേഹമല്ല. നടപടിക്രമങ്ങളിലൂടെയാണ് ജൂറിയെ തെരഞ്ഞെടുത്തിട്ടുള്ളത്.
രഞ്ജിത് വളരെ മാന്യനായിട്ടുള്ള ചലച്ചിത്ര രംഗത്തെ ഇതിഹാസമാണ്. വളരെ ഭംഗിയായി അദ്ദേഹത്തിന്റെ കീഴില്‍ ചലച്ചിത്ര അക്കാദമി മുന്നോട്ട് പോയി എന്നതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. വളരെ ഭംഗിയായിട്ടാണ് അവാര്‍ഡ് വിതരണം സംഘടിപ്പിക്കുന്നത്. സാസ്‌കാരിക വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനം എന്ന നിലയില്‍ ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനുണ്ട്. അതിന്റെ ചെയര്‍മാനാണ് രഞ്ജിത്.
അവാര്‍ഡ് ലഭിക്കാത്തവര്‍ മോശമാണെന്ന് ഞാന്‍ പറയില്ല. മമ്മൂട്ടിക്ക് അവാര്‍ഡ് കൊടുത്തത് വേണ്ട എന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ. മമ്മൂട്ടിയെ പോലെ തന്നെ അഭിനയിച്ചു വന്ന മറ്റു അഭിനേതാക്കളുമുണ്ട്, അവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും നല്‍കുന്നുണ്ട്. ഒരു മാര്‍ക്ക് വ്യത്യാസത്തില്‍ ഫുള്‍ എ പ്ലസ് കിട്ടാത്തവര്‍ മോശമാണെന്ന് പറയാന്‍ പറ്റില്ലല്ലോ. അത്തരം കലാകാരന്‍മാര്‍ക്കും അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷയുണ്ടാകും. മാറ്റുരച്ച് ഏറ്റവും നല്ല തങ്കം കണ്ടെത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. ഒരാള്‍ക്കും ഒരു പരാതിയും പറയാന്‍ കഴിയില്ല.
ഹരിയാണയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ തിങ്കളാഴ്ച രാത്രി ഗുരുഗ്രാമിലെ ആരാധനാലയത്തിന് അക്രമികള്‍ തീവെച്ചു. ആക്രമണത്തില്‍ നായിബ് ഇമാം എന്നയാൾ കൊല്ലപ്പെട്ടു. എൺപതോളം വരുന്ന ആള്‍ക്കൂട്ടം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആരാധനാലയത്തിന് തീയിട്ടത് എന്ന് ഡപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ്(ഈസ്റ്റ്) നിതിഷ് അഗർവാൾ പറഞ്ഞു . ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഗുരുഗ്രാം സെക്ടര്‍ 57-ല്‍ ആരാധനാലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞതായും ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. അക്രമികള്‍ കല്ലേറു നടത്തുകയും വെടിയുതിര്‍ക്കകയും ചെയ്തു.
പള്ളിക്കു നേരെ കല്ലെറിയുകയും കത്തിക്കുകയും ചെയ്ത ശേഷം അകത്തുണ്ടായിരുന്ന ഇമാമിനും സഹായികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ പള്ളി ഇമാം 22കാരനായ ഹാഫിസ് മുഹമ്മദ് ഷഅദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഇമാമിനോടുപ്പമുണ്ടായിരുന്ന ഖുര്‍ഷിദ്, ഷഹാബുദ്ദീന്‍, മുഹമ്മദ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
പ്രകോപനം റാലിക്ക് മുൻപേ തുടങ്ങി, പ്രതിയെ അറസ്റ്റ് ചെയ്യാൻ രാജസ്ഥാൻ പൊലീസ് കാത്തു നിന്നു
തിങ്കളാഴ്ച നൂഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘര്‍ഷമാണ്. സംഘപരിവാർ സംഘടനകളായ ബജ്‌റംഗദളും വിഎച്ച്‌പിയും സംഘടിപ്പിച്ച ബ്രിജ്‌മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് പിന്നാലെയാണിത്. പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയായ സംഘപരിവാർ പ്രവർത്തകൻ മോനു മനേസറും സംഘവും യാത്രയുടെ പ്രമോഷനിൽ പങ്കാളികളായത് സംഘർഷത്തിന് പ്രകോപനമായി. ഇതോടൊപ്പം ഒരു വിഎച്ച്‌പി പ്രവർത്തകൻ സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിന് വഴിയൊരുക്കി.
മോനു മനസേർ വി എച്ച് പി റാലിയിൽ പങ്കെടുക്കുന്നതായുള്ള വീഡിയെ സന്ദേശമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ രണ്ട് ഹോംഗാര്‍ഡുമാരടക്കം അഞ്ച് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. സംഘർഷം തുടങ്ങിയതോടെ മോനു മനസേർ റാലിയിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് പ്രസ്താവന ഇറിക്കിയിരുന്നു. രാജസ്ഥാനിൽ നിന്നുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യാനായി എത്തിയിരുന്നു.
അഭയമായത് ക്ഷേത്രം
ജൽമണ്ഡൽ യാത്ര നൂഹ് പിന്നിടുമ്പോഴാണ് സംഘർഷം തുടങ്ങിയത്. മോനു മനസേറിനെ സംബന്ധിച്ച് പൊലീസുമായുണ്ടായ തർക്കം പെട്ടെന്ന് കല്ലേറിലേക്കും സംഘർഷത്തിലേക്കും നയിച്ചു. റാലിയിൽ ഉണ്ടായിരുന്നവർക്ക് അടുത്ത ക്ഷേത്രങ്ങളാണ് അഭയമായത്. നൂറുകണക്കിന് ആളുകൾ ക്ഷേത്രത്തിൽ അഭയം തേടി. പിന്നീട് പൊലീസ് സേന എത്തി ഇവരെ അവരവരുടെ സുരക്ഷിതി സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു കൊണ്ടു പോയി. സർക്കാർ വാഹനങ്ങൾക്ക് നേരെയാണ് തുടക്കത്തിൽ ആക്രമണം ഉണ്ടായത്. അവ പിടിച്ചെടുത്ത് തീയിട്ടു. കനത്ത പൊലീസ് സന്നാഹത്തിന് കീഴിലാണ് ഇപ്പോൾ ഈ പ്രദേശങ്ങൾ.
ജൽമണ്ഡൽ യാത്രാ കേന്ദ്രമായ പൌരാണിക ക്ഷേത്രം
സംഘര്‍ഷം വ്യാപിച്ചതോടെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചിട്ടുണ്ട്. കര്‍ഫ്യു ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ സേനയെ കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. സംഘര്‍ഷങ്ങള്‍ക്കിടെ നിരവധി വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കപ്പെട്ടിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇരു വിഭാഗത്തിൽപ്പെട്ടവരുമായി ചർച്ച നടത്തി വരുന്നതായി കമ്മിഷണർ കല രാമചന്ദ്രൻ അറിയിച്ചു.
ഹരിയാനയിൽ ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള മേഖലകളിലൊന്നാണ് നൂഹ് ജില്ല. സംഘപരിവാറിന്റെ ജലാഭിഷേക് യാത്രയ്‌ക്ക് തിങ്കളാഴ്‌ച ഗുഡ്‌ഗാവിൽനിന്നാണ് തുടക്കമായത്. നൂഹിലേക്ക് യാത്ര പ്രവേശിച്ചതിനു പിന്നാലെയാണ് സംഘർഷം.
മണിപ്പുര്‍ സംഘര്‍ഷ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതായുള്ള പരാതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ ഈ മാസം എട്ടിന് ചര്‍ച്ച. പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമേയത്തിന് മറുപടി പറയും.
കോണ്‍ഗ്രസ് സഭാ കക്ഷി ഉപനേതാവും അസമില്‍ നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ഓം ബിര്‍ള അവതരണാനുമതി നല്‍കി. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍ എല്ലാവരും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്.
2014-ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമത്തെ അവിശ്വാസ പ്രമേയത്തെയാണ് നേരിടാന്‍ പോകുന്നത്. 2018-ലായിരുന്നു ആദ്യത്തേത്.
എന്‍ഡിഎയിലും പ്രതിപക്ഷ സഖ്യത്തിലും ഇല്ലാത്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ബിജെഡിയും സര്‍ക്കാരിനെ പിന്തുണയ്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിആര്‍എസ് വേറിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചില്ല. കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ ബിആര്‍എസ് പിന്തുണയ്ക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.
മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. പ്രധാനമന്ത്രി ഇതു സംബന്ധിച്ച് ഉരിയാടാനോ മണിപ്പൂരിൽ നിന്നുള്ള ജനപ്രതിനിധി സംഘത്തെ കാണാനോ തയാറാകാതിരുന്നതും കടുത്ത വിമർശനങ്ങൾക്ക് വിധേയമായി.
ലോക് സഭയിൽ ഇപ്പോൾ 543 ആണ് അംഗബലം, അഞ്ചു സീറ്റുകൾ ഒഴിഞ്ഞു കിടപ്പാണ്. എൻ ഡി എ സംഖ്യം 330 പേരുടെ പിന്തുണയുള്ളതാണ്. ഇന്ത്യ സംഖ്യത്തിന് കീഴിൽ 140 പേരാണ് ഇപ്പോഴത്തെ അവസ്ഥയിൽ ഉള്ളത്. 60 പേർ ഇരുമുന്നണികളിലും അല്ലാതെയും ഉണ്ട്.
പോപ്പുലർ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ളതായി കണ്ടെത്തിയ മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി.10 ഹെക്ടർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ ആയുധപരിശീലനവും കായിക പരിശീലനവും നടന്നിരുന്നുവെന്ന കേസിലാണ് നടപടി.
സ്ഫോടക വസ്തുക്കളടക്കം പരീക്ഷിച്ചെന്ന് എൻ ഐ എ അന്വേഷണത്തിൽ റിപ്പോർട്ട് നൽകിയിരുന്നു. മഞ്ചേരിയിലെ ഈ പരിശീലന കേന്ദ്രം പിഎഫ്ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്മെന്‍റ് ഫ്രണ്ട് നേരത്തേ ഉപയോഗിച്ചിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തി.
കൊച്ചി എന്‍ഐഎ യൂണിറ്റില്‍ നിന്നുള്ള സംഘമാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഗ്രിന്‍വാലി അക്കാദമി കണ്ടുകെട്ടിയത്.പോപ്പലര്‍ ഫ്രണ്ട് നിരോധിച്ചതിനു ശേഷം , കേരളത്തിലെ ആറാമത്തെ കായിക പരിശീലന കേന്ദ്രവും, സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് എന്‍ഐഎ പിടിച്ചെടുത്തത്.യുഎപി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി.
പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസീൻ ഉൾപ്പെടെ ഏഴ് പേർ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു. രാജിക്കത്ത് ജില്ല എക്സിക്യൂട്ടീവ് ഇന്ന് ചർച്ച ചെയ്യും. നേതൃത്യത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് രാജിവെക്കുന്നു എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
കാനം രാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കമ്മിറ്റി കഴിഞ്ഞ സമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെട്ടിരുന്നു. ഇസ്മായില്‍ വിഭാഗം പിടിച്ചെടുക്കുകയായിരുന്നു. ജില്ലാ സമ്മേളനത്തിനിടെ വലിയ തരത്തിൽ വിഭാഗീയ പ്രവർത്തനം നടന്നതായി 3 അംഗ കമ്മീഷൻ കണ്ടെത്തിയ സംഭവവും ഉണ്ടായി. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൂഹസീനെ ജില്ല എക്സിക്യൂട്ടിവിൽ നിന്ന് കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. പട്ടാമ്പി മണ്ഡലം സെക്രട്ടറി, സുഭാഷ്, പട്ടാമ്പിയില്‍നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.
ഇതോടെ പാർട്ടിയിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. വിവിധ മണ്ഡലം കമ്മിറ്റികളിൽ നിന്ന് അംഗങ്ങൾ കൂട്ടത്തോടെ രാജി വെച്ച സംഭവം ഉണ്ടായി.കാനം പക്ഷക്കാരനായ സി പി ഐ ജില്ല സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി എടുത്തതെന്നാണ് മറുവിഭാഗത്തിൻ്റെ ആരോപണം. അതെ സമയം ജില്ലാ കൗൺസിൽ അംഗങ്ങളായ 22 പേർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ എംഎൽഎയോ ജില്ല സെക്രട്ടറിയോ തയാറായിട്ടില്ല.