അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പ്രതി നേരത്തെയും പീഡനക്കേസിൽ ജയിലിലായ വ്യക്തി

 ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണെന്ന് കണ്ടെത്തൽ. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 2018 ൽ ഇയാളെ ​ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 

അസ്ഫാക്കിനെ പ്രധാന സാക്ഷി താജുദ്ദീൻ തിരിച്ചറിഞ്ഞു. കുഞ്ഞുമായി പ്രതി ആലുവ മാർക്കറ്റിലേക്ക് പോകുന്നത് താജുദ്ദീൻ കണ്ടിരുന്നു. ആരുടെ കുഞ്ഞാണിതെന്നും എന്തിനാണ് മാർക്കറ്റിലേക്ക് വന്നതെന്നും ചോദിച്ച് താജുദ്ദീൻ പ്രതിയെ ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാൽ തന്റെ കുഞ്ഞാണെന്നും മദ്യപിക്കാൻ വന്നതാണെന്നുമായിരുന്നു പ്രതിയുടെ മറുപടി. ഇത് സത്യമെന്ന് താജുദ്ദീൻ വിശ്വസിച്ചു. പിറ്റേദിവസം മാധ്യമങ്ങളിൽ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത കാണുന്നതും സംഭവങ്ങൾ അറിയുന്നതും. ഇതോടെ മാനസികമായി തകർന്നു. കുഞ്ഞുമായി പോകുന്നത് കണ്ടെങ്കിലും തടയാൻ കഴിയാതെ പോയതിൽ അതിയായ ദുഖമുണ്ടെന്നും അപ്പോഴത്തെ സാഹചര്യം അതായിരുന്നുവെന്നും താജുദ്ദീൻ പറഞ്ഞു.

കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന കുടുംബത്തിന്റെ സംശയത്തിൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പൊലീസ്. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് പ്രതി സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പരിശോധനക്കാണ് പൊലീസ് നീങ്ങുന്നത്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ അടക്കം 9 കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെയുളളത്. 

ആലുവ സബ് ജയിലിലാണ് പ്രതിയിപ്പോൾ ഉള്ളത്. അതിക്രൂര പീഡനത്തിനിരയാക്കിയെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗങ്ങളിലും ആന്തരീകാവയവങ്ങളിലും ​ഗുരുതരമുറിവുകളാണ് കണ്ടെത്തിയത്.

ആകാശം തൊട്ട കയറ്റക്കാരൻ, ഏത് കെട്ടിടത്തിലും എത്ര ഉയരത്തിലും കയറും, അവസാനം 49 ാം നിലയിൽ നിന്ന്…..

0

അംബരചുംബികളായ കെട്ടിടങ്ങൾക്ക് മുകളിൽ കയറി ആകാശത്തോളം ഉയരത്തിൽ നിന്ന് അഭ്യാസങ്ങൾ കാണിച്ച് ലോകത്തെ ശ്വാസം മുട്ടിച്ച അൽഭുത മനുഷ്യൻ, ഫ്രഞ്ച് സാഹസികന്‍ റെമി ലൂസിഡി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. ഹോങ് കോങ്ങിലെ 68 നില കെട്ടിടത്തിൻ്റെ മുകളില്‍നിന്നായിരുന്നു വീഴ്ച.

daredevil എന്ന് വിളപ്പേരുള്ള റെമിയ്ക്ക് 30 വയസ്സായിരുന്നു. ട്രെഗുണ്ടര്‍ ടവര്‍ കോംപ്ലക്‌സിന്റെ മുകളില്‍നിന്ന് വീണതിനെ തുടര്‍ന്നാണ് മുപ്പതുകാരനായ റെമി മരിച്ചതെന്ന് സൌത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

കയറ്റത്തിനിടെ കുടുങ്ങിപ്പോയ റെമി സഹാത്തിനായി ചില്ലു ജാലകത്തിൽ തട്ടി അകത്തുള്ള സ്ത്രീയെ വിളിച്ചിരുന്നു. ഇതിനിടെ കാലുതെറ്റിയതാവാം അപകടം എന്നാണ് വാർത്ത.

നാല്‍പ്പതാമത്തെ നിലയിലുള്ള സുഹൃത്തിനെ കാണാന്‍ എത്തിയത് എന്നാണ് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനോട് പറഞ്ഞിരുന്നത്. സുരക്ഷാ ജീവനക്കാരന്‍ അവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെ എലവേറ്ററിലൂടെ റെമി മുകളിലേക്ക് കയറി പോവുകയായിരുന്നു.

മുകളിലെ നിലയിലെത്തിയ റെമി, കെട്ടിടത്തിന്റെ പുറത്ത് കുടുങ്ങി. ഇതോടെ രക്ഷപ്പെടുന്നതിന് റെമി കെട്ടിടത്തിന്റെ ജനാലയില്‍ നിരവധി തവണ തട്ടിവിളിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഒരു ജോലിക്കാരി പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ അതിനിടെ കാല്‍വഴുതി സംഭവസ്ഥലത്തുനിന്ന് റെമിയുടെ ക്യാമറ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മണിപ്പൂരിൽ നടക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നു എന്ന നിസ്സാരവൽക്കരണം വേണ്ട- സുപ്രീം കോടതി

മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നുണ്ടെന്ന് ആരോപിച്ച് അതിനെ ന്യായീകരിക്കാനും നിസ്സാരവത്ക്കരിക്കാനുമാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മണിപ്പൂരിലെ അക്രമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം .

‘വംശീയ വിദ്വേഷത്താല്‍ സ്ത്രീകളെ ആക്രമിച്ച സംഭവമാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ബംഗാളിലും സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ് മണിപ്പൂരിലെ സംഭവത്തെ നിസ്സാരവത്കരിക്കാനാകില്ല. രാഷ്ട്രീയലാഭത്തിനായി ഇതിനെ ഉപയോഗിക്കരുത്. മണിപ്പൂരിലെയും ബംഗാളിലെയും രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. മണിപ്പൂര്‍ കലാപത്തില്‍ എന്ത് നിര്‍ദേശമാണ് കേന്ദ്രത്തിന് ഇനി മുന്നോട്ടുവയ്ക്കാനുള്ളത്’. ചീഫ് ജസ്റ്റിസ് ചോദിച്ചു.

എല്ലായിടത്തും എന്ന് നിസ്സാരവൽക്കരിക്കാനുള്ള ശ്രമം തടഞ്ഞു

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസ് പരിഗണിക്കവേ ബംഗാളിലും, രാജസ്ഥാനിലും, ഛത്തീസ്ഗഡിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന ഒരു അഭിഭാഷകന്റെ വാദത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ എല്ലാ ഭാഗങ്ങളിലും നടക്കുന്നുണ്ടെന്ന വസ്തുത പറഞ്ഞിട്ട് ഒരു നേട്ടവുമില്ല. മറ്റ് സ്ഥലങ്ങളിലും കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ് നിങ്ങള്‍ക്ക് മണിപ്പൂരിലെ സംഭവങ്ങളെ ന്യായീകരിക്കാന്‍ പറ്റില്ല.

മണിപ്പൂരിനെ എങ്ങനെയാണ് നാം സമീപിക്കുന്നതെന്നതാണ് ചോദ്യം. ഇന്ത്യയിലെ എല്ലാവരെയും സംരക്ഷിക്കുവെന്നാണോ അതോ ആരെയും സംരക്ഷിക്കരുതെന്നാണോ നിങ്ങള്‍ പറയുന്നത്?’ ചന്ദ്രചൂഡ് ചോദിച്ചു.

മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ സ്ത്രീകള്‍ക്ക് സംഭവിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിശാലമായ സംവിധാനം വേണം.

ആഭ്യന്തര സെക്രട്ടറിയുടെ സത്യവാങ്മൂലത്തില്‍ നിന്ന് ഇത് വ്യക്തമാണ്. രണ്ട് സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ, മറ്റെല്ലാ സ്ത്രീകള്‍ക്കും നീതി ലഭ്യമാകുന്ന ഒരു സംവിധാനം കൊണ്ടുവരാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

പരാതികള്‍ ഫയല്‍ ചെയ്യപ്പെടുന്നുവെന്നും എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ എത്ര എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചന്ദ്രചൂഡ് അറ്റോര്‍ണി ജനറലിനോട് ചോദിച്ചു.

അതേസമയം മണിപ്പൂരില്‍ എത്ര കേസുകള്‍ നടക്കുന്നുവെന്ന ഡാറ്റ പോലും സര്‍ക്കാരിന്റെ പക്കലില്ലെന്ന് കുകി വനിതകള്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.

സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് പകർത്തിയ വീഡിയോയെ ഭീകരമെന്നാണ് ബെഞ്ചിലെ മറ്റംഗങ്ങളായ ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ജസ്റ്റിസ് മനോജ് മിശ്രയും വിശേഷിപ്പിച്ചത്. സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നുവെന്നും മണിപ്പൂരിന് ശാന്തി ആവശ്യമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

14 ദിവസം പൊലീസ് എന്തു ചെയ്യുകയായിരുന്നു

മെയ് നാലിന് നടന്ന സംഭവം പുറത്തറിഞ്ഞ ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 14 ദിവസമെടുത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം കൈകാര്യം ചെയ്യാന്‍ ശക്തമായ സംവിധാനം വേണം. കൂടാതെ മെയ് മുതല്‍ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങളില്‍ നടന്ന അറസ്റ്റുകളെക്കുറിച്ചും അക്രമത്തില്‍ നാശനഷ്ടം നേരിട്ടവർക്കുള്ള പുനരധിവാസത്തെക്കുറിച്ചും സഹായ പാക്കേജുകളെക്കുറിച്ചും അറിയിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിന് നിർദേശം നല്‍കി.

പശുക്കടത്തിൻ്റെ പേരിൽ രണ്ടു പേരെ ചുട്ടു കൊന്ന പ്രതി റാലിയിൽ; വി എച്ച് പി യാത്രയ്ക്ക് പിന്നാലെ ഹരിയാണയിൽ സംഘർഷം

ഹരിയാണയിലെ നൂഹില്‍ വിശ്വഹിന്ദു പരിഷത്ത് ബജ്രംഗ് ദൾ റാലിക്കു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയും റോഡുകൾ ഉപരോധിച്ചും ജനക്കൂട്ടം അക്രമം തുടരുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കയും ഇന്റര്‍നെറ്റ് സേവനങ്ങൾ നിര്‍ത്തിവെക്കുകയും ചെയ്തു.

ഇരു സംഘടനകളും സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്രയിൽ ബജ്രംഗ് ദള്‍ പ്രവര്‍ത്തകനും ഗോരക്ഷകനുമായ മോനു മനേസറിന്റെ സാന്നിധ്യമാണ് അക്രമത്തിന് ഇടയാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. രാജസ്ഥാനില്‍ രണ്ട് യുവാക്കളെ പശുക്കടത്തിൻ്റെ പേരിൽ ചുട്ടു കൊന്ന കേസിൽ കേസില്‍ പോലീസ് തിരയുന്നയാളാണ് മോനു മനേസര്‍.

ഒളിവിൽ കഴിഞ്ഞ പ്രതി മുൻകൂട്ടി പ്രഖ്യാപിച്ച് റാലിക്കെത്തി

വി.എച്ച്.പിയുടെ റാലിയിൽ പ്രതി പ്രത്യക്ഷപ്പെട്ടതോടെ കല്ലേറ് ഉണ്ടായി. ഇതിന് തുടർച്ചയായി ഗുരുഗ്രാം – ആള്‍വാര്‍ ദേശീയപാതയിലുള്ള നൂഹ് നഗരത്തില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. പോലീസിന് നേരെ കല്ലേറുണ്ടായി. അക്രമം നിയന്ത്രിക്കാന്‍ 1000-ത്തിലധികം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചു. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. നൂഹ് നഗരത്തിലെ കടകമ്പോളങ്ങള്‍ അടച്ചിട്ടിരിക്കയാണ്.

വെടിവെപ്പ്, മരണം

സംഘര്‍ഷത്തിനിടെ ഒരു ഹോംഗാര്‍ഡ് കൊല്ലപ്പെട്ടതായും ഒരു പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അക്രമ സംഭവങ്ങള്‍ അരങ്ങേറിയ പ്രദേശത്തേക്ക് കൂടുതല്‍ പോലീസിനെ അയക്കുമെന്നും സുരക്ഷാസേനയെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം പ്രദേശത്ത് എത്തിക്കാന്‍ ശ്രമിക്കുമെന്നും ഹരിയാണ ആഭ്യന്തരമന്ത്രി അനില്‍ വിജ് മാധ്യമങ്ങളോട് പറഞ്ഞു

മെഗാ റാലിയിൽ എല്ലാവരോടും പങ്കെടുക്കാൻ മോനു മനേസർ സാമൂഹ്യമാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്തിരുന്നു. ഒളിവിലായിരുന്ന ഇയാൾ റാലിയിലെത്തി എന്ന വിവരത്തിന് പിന്നാലെയാണ് കല്ലേറുണ്ടാകുന്നതും വൻ സംഘർഷങ്ങളിലേക്ക് നീങ്ങുന്നതും.

ഫെബ്രുവരി 16നാണ് ഹരിയാനയിലെ ഭിവാനിയിലെ ലോഹറുവിലെ ബർവാസ് ഗ്രാമത്തിന് സമീപം കത്തിക്കരിഞ്ഞ ബൊലേറോയിൽ നിന്ന് രണ്ട് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. നസീർ (25), ജുനൈദ് (35) എന്നിവരാണ് മരിച്ചത്. ഭരത്പൂരിൽ നിന്ന് ഇരുവരെയും ബജ്‌റംഗ്ദൾ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്. സംഭവത്തിൽ പൊലീസ് തിരയുന്ന പ്രതിയാണ് മോനു മനേസർ. ഇയാളെ അറസ്റ്റ് ചെയ്യാൻ രാജസ്ഥാനിൽ നിന്നുള്ള വൻ പൊലീസ് സംഘം നൂഹിൽ എത്തിയിരുന്നു.

“2024 കഴിയുന്നതോടെ മോഡി വിദേശത്ത് സ്ഥിര താമസമാവും” പരിഹാസം കടുപ്പിച്ച് ലാലു പ്രസാദ് യാദവ്

2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് കഴിയുന്നതോടെ മോദി രാജ്യം വിടുമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പരിഹസിച്ചു. തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമെന്ന പേടിയിലാണ് പ്രധാനമന്ത്രി. 2024 കഴിഞ്ഞ് വിദേശത്ത് അഭയം തേടാനുള്ള ആലോചനയിലാണെന്നും ലാലു പറഞ്ഞു.

പ്രതിപക്ഷസഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസിവ് അലയന്‍സിനെ(ഇന്ത്യ) വിമര്‍ശിച്ച നരേന്ദ്ര മോദി കടുത്ത പരിഹാസ പ്രയോഗങ്ങൾ നടത്തിയിരുന്നു. അഴിമതിക്കാരുടെ കൂട്ടം എന്ന വിശേഷിപ്പിച്ച് പ്രതിപക്ഷ ഐക്യത്തിനെതിരെ ക്വിറ്റ് ഇന്ത്യ എന്ന പരിഹാസപരാമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു. മോദിയുടെ ഈ ക്വിറ്റ് ഇന്ത്യ പരാമര്‍ശത്തിന് മറുപടിയായാണ് ലാലു പ്രസാദിന്റെ പരിഹാസം.

മോദിയാണ് രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നത്. അക്കാരണം കൊണ്ടാണ് അദ്ദേഹം ഇത്രയധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും. സുഖമായി വിശ്രമിക്കാനും പിസ്സയും മോമോസയും ചൗമീനും പോലെയുള്ള ഭക്ഷണങ്ങളൊക്കെ ആസ്വദിച്ചു കഴിക്കാനും പറ്റിയ ഒരു സ്ഥലത്തിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് അദ്ദേഹം, ലാലുപ്രസാദ് പറഞ്ഞു.

മകനും ബിഹാര്‍ പരിസ്ഥിതി മന്ത്രിയുമായ തേജ് പ്രതാപ് യാദവ് നടത്തിയ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ബിഹാറിൽ നിതീഷ് കുമാറുമായി ഒരുമിച്ച് തിരഞ്ഞെടുപ്പ് നേരിട്ടപ്പോഴും കടുത്ത പരിഹാസ വാക്കുകളിലാണ് ലാലു മോഡിയെ നേരിട്ടിരുന്നത്. ഇതിൽ മോഡിയുടെ ജാതി എന്നാണ് സവർണ്ണ തട്ടിൽ നിന്നും പിന്നോക്ക വിഭാഗത്തിൽ എത്തിയത് എന്ന് ഡേറ്റ് സഹിതം വ്യക്തമാക്കിയുള്ള പരിഹാസം വലിയ ചർച്ചയായിരുന്നു. പിൽക്കാലത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ അപൂര്‍വമായാണ് ലാലു പ്രസാദ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇന്ത്യ രംഗത്ത് എത്തിയതോടെ സജീവത അറിയിക്കുകയാണ്.

ഷംസീറിൻ്റെ പ്രസംഗം ഏറ്റുപിടിച്ച് എൻ എസ് എസ്; മാപ്പു പറയണമെന്ന് ആവശ്യം

സ്പീക്കര്‍ എ.എന്‍. ഷംസീറിൻ്റെ പ്രസംഗം ഏറ്റുപിടിച്ച് നായര്‍ സര്‍വീസ് സൊസൈറ്റി. പരാമര്‍ശം സ്ഥാനത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. പ്രസ്താവന അതിരുകടന്നുപോയി. മാപ്പു പറയണം അല്ലെങ്കിൽ സർക്കാർ നടപടി സ്വീകരിക്കണം എന്നാണാവശ്യം.

പറഞ്ഞ സാഹചര്യം എന്തായാലും ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. പ്രസ്താവന അതിരുകടന്നുപോയി. ”ഗണപതി ഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമര്‍ശിച്ചുകൊണ്ടുള്ള സ്പീക്കര്‍ ഷംസീറിന്റെ നിരൂപണം ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായാലും, പ്രത്യേകിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലായ അസംബ്ലിയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിച്ചതല്ല. പറഞ്ഞ സാഹചര്യം എന്തായാലും അത് ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല. ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ല.

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല. ഈ സാഹചര്യത്തില്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നതിനുതന്നെ അര്‍ഹതയില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുവിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അവരോട് മാപ്പുപറയുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ പത്ര കുറിപ്പിൽ പറഞ്ഞു.

ഗ്യാൻവാപി മസ്ജിദ് എന്ന് പറയരുത്, അങ്ങിനെയെങ്കിൽ അവിടെ തൃശൂലം എങ്ങിനെ വന്നു – യോഗി ആദിത്യനാഥ്

ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ചരിത്രപരമായ പിഴവ് സംഭവിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ജ്യോതിര്‍ലിംഗവും വിഗ്രഹങ്ങളും അവിടെയുണ്ട്. ചരിത്രപരമായ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. ഈ തെറ്റിന് പരിഹാരം കാണുന്നതിനായി മുസ്ലീം ഭാഗത്തുനിന്ന് ഒരു നിര്‍ദേശം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഗ്യാന്‍വാപി തര്‍ക്കവുമായി ബന്ധപ്പെട്ട് സര്‍വേ നടത്താന്‍ ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ട് വാരണാസി ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് എതിരായ ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി വിധി പറയാനിരിക്കെയാണ് യു.പി. മുഖ്യമന്ത്രിയുടെ മുൻകൂർ പ്രസ്താവന.

ഗ്യാന്‍വാപിയെ മസ്ജിദ് എന്ന് വിളിക്കുന്നത് വിവാദത്തിനും തര്‍ക്കത്തിനും ഇടയാക്കുമെന്നും യോഗി ആദിത്യനാഥ് ആവകാശപ്പെട്ടു. അത് മസ്ജിദാണെങ്കില്‍ ത്രിശൂലം എങ്ങനെ വന്നുവെന്ന് ആളുകള്‍ ചിന്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ പ്രതികരണം.

അസമിലേക്കില്ല, സിബിഐ വേണ്ട, സ്വതന്ത്ര അന്വേഷണം വേണമെന്ന് മണിപ്പൂരിൽ പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഇരയായ സ്ത്രീകള്‍. സിബിഐക്ക് പകരം സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കേസ് അസമിലേക്ക് മാറ്റുന്നതിനോടും യോജിപ്പില്ലെന്നും ഇരകള്‍ അറിയിച്ചു. 

അതേസമയം, കേസ് അസമിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിചാരണ എവിടെ വേണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതിനോട് യോജിപ്പാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. 

കഴിഞ്ഞദിവസമാണ് കേസില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തത്. വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. മണിപ്പൂരില്‍ നടന്നത് ഹീന കുറ്റകൃത്യമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. കേസ് സിബിഐയ്ക്ക് കൈമാറാന്‍ ശുപാര്‍ശ നല്‍കിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം. ഇതിന് സുപ്രിംകോടതി അനുവാദം നല്‍കണമെന്നും കേന്ദ്രം ആവശ്യം ഉന്നയിച്ചിരുന്നു.

അമ്മയോടൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൻ്റെ ഹാൻഡിൽ നെഞ്ചിലമർന്നു, ഒന്നാം ക്ലാസുകാരന് ദാരുണ അന്ത്യം

പത്തനംതിട്ട സീതത്തോട് കക്കാട് പവർഹൗസിന് സമീപം ഉണ്ടായ അപകടത്തിൽ അഞ്ചര വയസ്സുകാരന് ദാരുണാന്ത്യം. അമ്മയ്ക്കും സഹോദരനും ഒപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത വിദ്യാർത്ഥിയാണ് മരിച്ചത്. കൊച്ചുകോയിക്കൽ സ്വദേശി സതീഷിന്റെ മകൻ കൗശിക് എസ്. ആണ് മരിച്ചത്. രാവിലെ സ്കൂളിൽ കൊണ്ടുവിടാൻ പോകും വഴിയായിരുന്നു അപകടം. സ്കൂട്ടർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ മുന്നിൽ നിൽക്കുകയായിരുന്നു കൗശികിന്റെ നെഞ്ചിൽ ഹാൻഡിൽ അമർന്നതാകാം മരണകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു.

ശ്രീ വിദ്യാധിരാജ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ്.

വക്കം പുരുഷോത്തമൻ അന്തരിച്ചു

 മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ  വീട്ടിലായിരുന്നു അന്ത്യം. അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. കൃഷി, ആരോഗ്യം, ടൂറിസം, തൊഴിൽ, ധനകാര്യം എന്നീ വകുപ്പുകളിൽ മന്ത്രിസ്ഥാനം വഹിച്ചു.

രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കർ എന്നി പദവികളിൽ ശ്രദ്ധേയമായി.  

കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

പഞ്ചായത്തിൽ നിന്നും പാർലമെൻ്റ് വരെ

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. പഞ്ചായത്ത് അംഗമായി പാർലമെൻ്ററി ജീവിതം ആരംഭിച്ചു. ദീർഘകാലം ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി. രണ്ടു തവണ ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്‌ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 

മികച്ച സ്പീക്കർ, ഉദ്യോഗസ്ഥ ഭരണത്തെ വിറപ്പിച്ച മന്ത്രി

ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍നിന്ന് 1970,1977,1980,1982, 2001 വര്‍ഷങ്ങളില്‍ നിയമസഭയിലെത്തി. 1971-77, 1980-81, 2001-2004 കാലയളവില്‍ സംസ്ഥാന മന്ത്രിസഭകളിലും അംഗമായി. 1971-77 കാലത്തെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ വക്കം കൃഷി, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. തുടര്‍ന്ന് വന്ന നായനാര്‍ സര്‍ക്കാരില്‍ ആരോഗ്യ, ടൂറിസം മന്ത്രിയായി.

1982-84 കാലത്തും പിന്നീട് 2001 മുതല്‍ 2004 വരെയും അദ്ദേഹം സ്പീക്കര്‍ സ്ഥാനം വഹിച്ചു. 80 കളില്‍ പാര്‍ലമെന്റിലേക്ക് തട്ടകം മാറ്റിയ വക്കം 1984 മുതല്‍ 1991 വരെ ലോക്സഭാംഗമായിരുന്നു. 2004-ലില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ- എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു

1993-96 കാലത്ത് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്നു. 2011 മുതല്‍ 2014 വരെ മിസോറം ഗവര്‍ണറായിരുന്നു. 2014 ജൂണ്‍ 30 മുതല്‍ 2014 ജൂലൈ 14 വരെ ത്രിപുരയുടെ ഗവര്‍ണറായി അധിക ചുമതലയും വഹിച്ചിരുന്നു. തിരക്കുള്ള അഭിഭാഷകനായിരുന്ന വക്കം, ആര്‍.ശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.

ഡോ. ലില്ലിയാണ് വക്കം പുരുഷോത്തമന്റെ ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.