വഴിതെറ്റിക്കുന്നത്, സംഗീത ഉപകരണങ്ങൾ പിടിച്ചെടുത്ത് കത്തിച്ച് താലിബാൻ ഭരണകൂടം

0

അഫ്‌ഗാനിസ്ഥാനിൽ ഹെറാത്ത് നഗരത്തിൽ നിന്ന് ശേഖരിച്ച സംഗീതോപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാൻ ഭരണകൂടം. സംഗീതം മതവിരുദ്ധവും അധാർമികമാണെന്നാണ് താലിബാൻ മത നിയമം.

നഗരത്തിലെ കല്യാണ മണ്ഡപങ്ങളിൽ നിന്നും മറ്റും കണ്ടുകെട്ടിയ നൂറുകണക്കിന് ഡോളർ വിലവരുന്ന സംഗീതോപകരണങ്ങളാണ് കത്തിച്ചത്. ഗിറ്റാറുകൾ, തബലകൾ, ഡ്രം, ആംപ്ലിഫയറുകൾ, സ്‌പീക്കറുകൾ എന്നിവ കത്തിച്ചവയിൽ ഉൾപ്പെടുന്നു.

“സംഗീതം പ്രോത്സാഹിപ്പിക്കുന്നത് ധാർമികതയ്ക്ക് വിരുദ്ധമാണ്, അത് ഉപയോഗിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കും,” ദുര്‍മാര്‍ഗം തടയാനും സദാചാരം വളര്‍ത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ (Ministry for the Prevention of Vice and Propagation of Virtue) ഹെറാത്ത് വിഭാഗം മേധാവി അസീസ് അൽ-റഹ്മാൻ അൽ-മുഹാജിർ പറഞ്ഞു. നേരത്തെ പൊതുസ്ഥലത്ത് സംഗീതം പ്ലേ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ താലിബാൻ നിരോധിച്ചിരുന്നു.

ഒരു മാസത്തിനുള്ളില്‍ എല്ലാ ബ്യൂട്ടി പാര്‍ലറുകളും അടയ്ക്കാൻ ജൂണിൽ മുന്നറിയിപ്പ് നൽകിയിരുന്നു. സലൂണ്‍ അടച്ചുപൂട്ടിയതായുള്ള റിപ്പോര്‍ട്ട് മന്ത്രാലയത്തിന് മുന്‍പില്‍ സമര്‍പ്പിക്കണം എന്നും ആവശ്യപ്പെട്ടു.

നേരത്തെ തന്നെ പൊതുസ്ഥലങ്ങളിൽ ഹിജാബ് നിർബന്ധമാക്കിയിട്ടുണ്ട്. കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും സ്‌കൂളുകളിലും സർവ്വകലാശാലകളിലും പോകുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പാർക്കുകൾ, കളിസ്ഥലങ്ങൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

യുനിസെഫിന്റെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 64 ശതമാനം കുടുംബങ്ങളും പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാന്‍ കഴിയാത്ത അത്ര ദരിദ്രാവസ്ഥയിലാണ് ജീവിക്കുന്നത്.  2021 ഓഗസ്റ്റില്‍ അമേരിക്കയുടെ നാറ്റോ സേന അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയതോടെയാണ് മത ഭ്രാന്ത് മൂത്ത അഫ്ഗാൻ താലിബാൻ ഇവിടെ വീണ്ടും പിടിമുറുക്കിയത്.

2023 ഒക്‌ടോബർ വരെ 1.5 കോടിയിലധികം ആളുകൾക്ക് ഭക്ഷ്യക്ഷാമം നേരിട്ടേക്കാം. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ 17 എണ്ണത്തിലും ഗുരുതരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ 13.3 കോടി ആളുകൾക്ക് ആരോഗ്യ സേവനങ്ങളും ലഭ്യമല്ല. ഏകദേശം 8.7 കോടി കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ആവശ്യമാണെന്നും റിപ്പോർട്ട് കണ്ടെത്തി.

ഐക്യരാഷ്ട്ര സഭയിലോ എന്‍ജിഒകളിലോ ജോലിചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കിയിട്ടുണ്ട് , ആയിരക്കണക്കിന് പേര്‍ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു.

തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കുട്ടിയുടെ വീട്ടിൽ ഒടുവിൽ വീണ ജോർജ് എത്തി

ആലുവയിൽ തട്ടിക്കൊണ്ടു പോയി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ ആരോഗ്യ മന്ത്രി വീണാ ജോർജ് കുട്ടിയുടെ വീട്ടിലെത്തി. എറണാകുളം ജില്ലാ കളക്ടറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

വീട്ടിലെത്തിയ മന്ത്രി കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. 

അന്ത്യ കർമ്മങ്ങൾ ചെയ്യാൻ സന്നദ്ധമായി ആരുമില്ല, ഒടുവിൽ പൊതു പ്രവർത്തകൻ എത്തി

ക്യാൻസർ രോഗികള്‍ക്കായി സ്വന്തം ഓട്ടോറിക്ഷയിൽ യാത്രാ സൗകര്യമൊരുക്കുന്ന ത്യശൂർ സ്വദേശി രേവന്താണ് ആലുവയിലെ അഞ്ച് വയസുകാരിക്ക് പൂജാ കർമങ്ങൾ ചെയ്തത്. അന്ത്യകർമങ്ങള്‍ ചെയ്യാൻ പൂജാരിമാരെ കിട്ടാതെ വന്നതോടെ രേവന്ത് ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

ആ കുട്ടിയുടെ അച്ഛനാണ് പൂജ ചെയ്യാൻ ആവശ്യപ്പെട്ടത്. അതിനായി പൂജാരിമാരെ അന്വേഷിച്ച് നടന്നെങ്കിലും കിട്ടിയിരുന്നില്ല. അപ്പോൾ അറിയാവുന്ന രീതിയിൽ താൻ തന്നെ പൂജാകർമങ്ങൾ ചെയ്യുകയായിരുന്നുവെന്ന് രേവന്ത് പറഞ്ഞു. മുൻപും ഇതുപോലെ മറ്റൊരാൾക്ക് അന്ത്യകർമം ചെയ്തിട്ടുണ്ട്. ആ കുഞ്ഞിന്റെ ആത്മാവിന് വേണ്ടിയാണ് താനത് ചെയ്തതെന്നും രേവന്ത് പറയുന്നു.

ഭർത്താവിനെ കൊന്നതായി പറഞ്ഞത് പീഡനത്തെ തുടർന്ന്, വായിൽ കുരുമുളക് സ്പ്രേ അടിച്ചു, ഉറങ്ങാൻ സമ്മതിക്കാതെ മർദ്ദിച്ച് ഉണർത്തി

പോലീസിനെതിരേ കടുത്ത പീഡന പരാതിയുമായി നൗഷാദിന്റെ ഭാര്യ അഫ്‌സാന. നൗഷാദിനെ കൊന്നെന്ന് പറയേണ്ടി വന്നത് പോലീസ് മര്‍ദ്ദനം സഹിക്കാതെയാണെന്നും അഫ്‌സാന പറഞ്ഞു. ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയില്‍വെച്ച് കുരുമുളക് സ്‌പ്രേ അടിച്ചു ഉറങ്ങാൻ സമ്മതിക്കാതെ മർദ്ദിച്ച് ഉണർത്തി നിർത്തി.

കൊന്നു കുഴിച്ചു മൂടിയെന്ന് പൊലീസ് ചോദ്യം ചെയ്യലിനിടെ ഭാര്യയുടെ കുറ്റ സമ്മതം, മൃതദേഹം തിരയുന്നിതിനിടെ ഭർത്താവ് ജീവനോടെ എത്തി

പോലീസിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അഫ്സാന പറഞ്ഞു. മർദ്ദനവും മാനസിക പീഡനവും കാരണം രോഗ ബാധയാൽ ആശുപത്രിയിലാണ് അഫ്സാന ഇപ്പോൾ.

കൊന്നെന്ന് വെറുതെ പറയേണ്ടി വന്നു

വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം എല്ലാവരും ഉപദ്രവിച്ചിട്ടുണ്ട്. വായിലേക്ക് കുരുമുളക് സ്‌പ്രേയടക്കം അടിച്ച് മര്‍ദിച്ചു. പുറത്തും അകത്തും മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ അടികൊണ്ടിട്ടില്ല. ശരിക്ക് നില്‍ക്കാന്‍ പോലും കഴിയാത്ത വിധം മര്‍ദിച്ചു. മുഖത്തുനോക്കി അസഭ്യങ്ങള്‍ പറഞ്ഞു. ഇതിനൊക്കെപ്പുറമേ കുഞ്ഞുങ്ങളെ ഇനി കാണിക്കില്ലെന്നും കുടുംബത്തെ പ്രതിചേര്‍ക്കുമെന്നും പറഞ്ഞപ്പോള്‍ നൗഷാദിനെ കൊന്നെന്ന് സമ്മതിക്കുകയായിരുന്നെന്ന് അഫ്‌സാന പറഞ്ഞു.

കുഴിച്ചിട്ടതായി പറഞ്ഞിട്ടില്ല, എല്ലാം പൊലീസ് ഭാവന

നൗഷാദിനെ കുഴിച്ചിട്ടതെന്ന തരത്തില്‍ ശ്മശാനത്തിനടുത്ത് പോയതും വാടക വീട്ടില്‍ പോയതുമെല്ലാം പോലീസ് പറഞ്ഞതു പ്രകാരമായിരുന്നു. അവിടങ്ങളില്‍ കൊന്ന് കുഴിച്ചിട്ടതായിട്ടൊന്നും മൊഴി നല്‍കിയിരുന്നില്ല. പോലീസ് പറയുന്നിടത്തേക്കു പോവുക മാത്രമാണ് ചെയ്തത്. കൊലക്കുറ്റം തന്റെ മേല്‍ ചാര്‍ത്താന്‍ വേണ്ടിയായിരുന്നു ഈ നാടകങ്ങളൊക്കെയെന്ന് വാര്‍ത്തകള്‍ കേട്ടപ്പോഴാണ് മനസ്സിലായതെന്നും അഫ്‌സാന പറഞ്ഞു. നൗഷാദിനെ എവിടെക്കണ്ടാലും അറിയിക്കണമെന്ന് സ്റ്റേഷനില്‍ പുതിയതായി വന്ന മാഡം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറിയിച്ചതെന്നും അഫ്‌സാന പറഞ്ഞു.

നേരാംവണ്ണം ഭക്ഷണമോ വെള്ളമോ തന്നിരുന്നില്ല. ഉറങ്ങിയാല്‍ അടിയായിരുന്നു. കുരുമുളക് സ്‌പ്രേ വായിലടപ്പിച്ചാണ് ഇല്ലാത്തതെല്ലാം സമ്മതിപ്പിച്ചത്. വാടകവീട്ടില്‍ നൗഷാദിനെത്തേടി കുഴിച്ച കാര്യം പോലും അവിടെ പോലീസ് പരിശോധനയ്‌ക്കെത്തിച്ചപ്പോഴാണ് അറിഞ്ഞത്.

നൌഷാദിന് മാനസിക പ്രശ്നം, വീട്ടിൽ മർദ്ദനം പതിവ്

കുഞ്ഞുങ്ങളെ നൗഷാദിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നൗഷാദിന് മാനസിക പ്രശ്‌നങ്ങളുണ്ട്. ആറു വര്‍ഷമായി അത് അനുഭവിച്ചിട്ടുമുണ്ട്. തന്നെ നൗഷാദ് മര്‍ദിക്കുമ്പോഴൊന്നും നൗഷാദിന്റെ മാതാപിതാക്കള്‍ ഇടപെട്ടിരുന്നില്ല. മദ്യപിച്ചുകഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ തന്റേതല്ലെന്നു പറഞ്ഞ് വഴക്കുണ്ടാക്കും. മദ്യപിക്കാത്തപ്പോള്‍ കുഞ്ഞുങ്ങളോട് സ്‌നേഹമാണ്. നൗഷാദിനെ സുഹൃത്തുക്കളെക്കൂട്ടി മര്‍ദിച്ചെന്നു പറയുന്നത് കള്ളമാണ്. അത്തരത്തില്‍ ഒരു സംഭവമുണ്ടായിട്ടില്ലെന്നും അഫ്‌സാന പറയുന്നു.

പാകിസ്ഥാനിൽ സ്ഫോടനം 39 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ രാഷ്ട്രീയ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടത്തിൽ 39 പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബജൗര്‍ ജില്ലയിലെ ഖര്‍ നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം. ജാമിയത്ത് ഉലമ-ഇ- ഇസ്‌ലാം ഫസല്‍ (ജെ.യു.ഐ.എഫ്. ) പാർട്ടി കണ്‍വെന്‍ഷന്‍ നടക്കുമ്പോഴാണ് സ്ഫോടനം. നൂറിൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

ആശുപത്രിയില്‍ 39 മൃതദേഹങ്ങള്‍ എത്തിയതായും 123 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഖൈബര്‍ പഖ്തുന്‍ഖ്വയുടെ ആരോഗ്യമന്ത്രി റിയാസ് അന്‍വര്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടു പ്രതികരിച്ചു. പരിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനവരിയിൽ പെഷവാറിൽ പള്ളിയിലുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ 100 ൽ അധികം പേർ മരിച്ചിരുന്നു. പൊലീസ്‌ സൂപ്രണ്ട്‌ ഓഫീസിന്‌ സമീപമുള്ള അതിസുരക്ഷാ മേഖലയായ പൊലീസ്‌ ലൈനിലായിരുന്നു അന്ന് പൊട്ടിത്തെറി.

“ഞാൻ ജനവിധി നേടിയാണ് ജയിച്ചത് നിങ്ങളുടെ മകൻ എത്ര റൺസ് എടുത്തു” അമിത് ഷായോട് ഉദയനിധി സ്റ്റാലിൻ

ഡി.എം.കെ. കുടുംബാധിപത്യ പാര്‍ട്ടിയാണെന്ന് പ്രസ്താവിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കടുത്ത മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍. അമിത് ഷായുടെ മകന്‍ ജയ് ഷാ, ബി.സി.സി.ഐ. സെക്രട്ടറി സ്ഥാനത്തെത്തിയത് എന്ത് കഴിവിലാണെന്ന് ഉദയിനിധി ആരാഞ്ഞു.

തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ പദയാത്ര രാമേശ്വരത്ത് ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഡി.എം.കെയ്ക്കെതിരേ അമിത് ഷാ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സ്റ്റാലിനും ഡി.എം.കെ. സഖ്യകക്ഷികളും കുടുംബാധിപത്യ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും ഡി.എം.കെ. കുടുംബാധിപത്യ പാര്‍ട്ടിയാണെന്നുമായിരുന്നു അമിത് ഷായുടെ വിമര്‍ശനം.

വിമർശനത്തിന് വായടപ്പിച്ച് മറുപടി

ചെന്നൈയില്‍ ഡി.എം.കെയുടെ യുവജന വിഭാഗത്തിന്റെ പുതിയ ഭാരവാഹികളെ അഭിസംബോധന ചെയ്യവേയാണ് അമിത് ഷായ്ക്ക് തമിഴ്‌നാട് കായികവകുപ്പു മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി അതേ അച്ചിൽ മറുപടി നൽകിയത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് താന്‍ എം.എല്‍.എ. ആയതെന്നും അതിന് പിന്നാലെയാണ് മന്ത്രിസ്ഥാനം ലഭിച്ചതെന്നും ഉദയനിധി ഓർമ്മിപ്പിച്ചു.

അമിത് ഷാ പറഞ്ഞു, എന്നെ മുഖ്യമന്ത്രിയാക്കുകയാണ് ഞങ്ങളുടെ പാര്‍ട്ടിയിലെ നേതാക്കളുടെ ലക്ഷ്യമെന്ന്. എന്നാല്‍ ഞാന്‍ അമിത് ഷായോട് ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്, നിങ്ങളുടെ മകന്‍ എങ്ങനെയാണ് ബി.സി.സി.ഐയുടെ സെക്രട്ടറിയായത്? എത്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ജയ് ഷാ കളിച്ചിട്ടുണ്ട്? എത്ര റണ്‍സ് എടുത്തിട്ടുണ്ട്?, ഉദയനിധി ചോദിച്ചു.

പൊലീസ് സേനാ വയർലെസ് സന്ദേശങ്ങൾ ചോർത്തി, ഷാജൻ സ്കറിയയ്ക്ക് എതിരെ പുതിയ കേസ്

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് എതിരെ വീണ്ടും കേസ്. പൊലീസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയെന്ന പരാതിയിലാണ്. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ് ആക്‌ട്, ഐടി ആക്‌ട് എന്നിവ പ്രകാരമാണ് കേസ്.

പി വി അന്‍വര്‍ എംഎല്‍എ യുടെ പരാതിയിലാണ് കേസ്.

ഡിജിപിക്കാണ് പരാതി നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കും ഇ മെയില്‍ വഴി പരാതി അയച്ചിരുന്നു. സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് സന്ദേശങ്ങള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്നും അത് പരിശോധിക്കണമെന്നും അന്‍വര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പൊലീസ് തലപ്പത്ത് മാറ്റം; വിനോദ് കുമാർ ഡിജിപി, മനോജ് എബ്രഹാം വിജിലൻസ് മേധാവി

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വീണ്ടും ഇളക്കി പ്രതിഷ്ഠകൾ. എ.ഡി.ജി.പി.യായിരുന്ന ടി.കെ. വിനോദ്കുമാറിന്‌ ഡി.ജി.പി.യായി സ്ഥാനക്കയറ്റം നൽകി. ഇദ്ദേഹത്തിന് വിജിലന്‍ ഡയറക്ടറായി നിയമനം നൽകി. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാം ഇൻ്റലിജൻസ് മേധാവിയാവും. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി അജിത് കുമാർതുടരും. ഒപ്പം സായുധ പോലീസ് മേധാവിയുടെ അധിക ചുമതലകൂടി വഹിക്കും.

കെ. പദ്മകുമാറാണ് പുതിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവി. ഈ സ്ഥാനം വഹിച്ചിരുന്ന ഡോ. സന്‍ജീബ് കുമാര്‍ പത്‌ജോഷിയെ പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ അധ്യക്ഷനാക്കി. ജയില്‍ ഡി.ജി.പി.യായിരുന്ന കെ. പദ്മകുമാറിനു പകരമായി ആ സ്ഥാനത്തേക്ക് ബല്‍റാം കുമാര്‍ ഉപാധ്യായയെ നിയമിച്ചു.

ക്രൈം എ.ഡി.ജി.പി. എച്ച്. വെങ്കടേഷിന് സൈബര്‍ ഓപറേഷന്റെയും ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെയും ചുമതല നല്‍കി. റെക്കോർഡ്സ് ബ്യൂറോ എഡിജിപി യോഗേഷ് ഗുപ്തയെ ബിവറേജസ് കോർപറേഷന്റെ എം ഡിയാക്കി. ബിവറേജസ് കോർപറേഷന്റെ എം ഡി സ്ഥാനം എഡിജിപി സ്ഥാനത്തിന് തത്തുല്യമാക്കി ഉയർത്തിയാണ് നിയമനം. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനമാറ്റം.

പി പ്രകാശ് മനുഷ്യാവകാശ കമ്മീഷൻ ഐജിയാവും

ഇന്റലിജന്‍സ് ഐ.ജി. പി. പ്രകാശിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പുതിയ ഐ.ജി.യായി നിയമിച്ചു. കൊച്ചിയിലെ പോലീസ് ആന്‍ഡ് കമ്മിഷണര്‍ ഐ.ജി.യായിരുന്ന കെ. സേതുരാമനെ നോര്‍ത്ത് സോണിലെ ഐ.ജി.യായും സ്ഥാനമാറ്റം നിയമിച്ചിട്ടുണ്ട്. നോര്‍ത്ത് സോണ്‍ ഐ.ജി.യായിരുന്ന നീരജ് കുമാര്‍ ഗുപ്തയെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി.യായും ട്രാഫിക്, റോഡ് സുരക്ഷാ വിഭാഗം ഐ.ജി.യായിരുന്ന എ. അക്ബറിനെ കോച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഐ.ജി.യായും നിയമിച്ചു.

കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി.യായിരുന്ന പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഡി.ഐ.ജി.യായും പോലീസ് ജനറല്‍ ഡി.ഐ.ജി.യായിരുന്ന തോംസണ്‍ ജോസിനെ കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി.യായും നിയമിച്ചു.

ജില്ലകളിലും മാറ്റം

കോഴിക്കോട് റൂറൽ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസിനെ സ്പെഷൽ ബ്രാഞ്ച് (സെക്യൂരിറ്റി) എസ്പിയായി നിയമിച്ചു. എറണാകുളം റൂറൽ എസ്പി കെ കാർത്തിക് കോട്ടയം എസ്പിയാകും. കൊല്ലം സിറ്റി കമ്മീഷണറായിരുന്ന ടി നാരായണൻ പൊലീസ് ആസ്ഥാനത്ത് അഡീഷണൽ ഐജിയാകും. പൊലീസ് ആസ്ഥാനത്ത് എസ്പിയായിരുന്ന മെറിൻ ജോസഫാണ് പുതിയ കൊല്ലം കമ്മീഷണർ.

ഇടുക്കി എസ്പി കറുപ്പുസ്വാമിയെ കോഴിക്കോട് റൂറൽ എസ്പിയായി നിയമിച്ചു. വയനാട് എസ്പി അരവിന്ദ് സുകുമാർ കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റാകും. കോട്ടയം എസ്പിയായിരുന്ന ഡി ശിൽപയെ വനിതാ സെൽ എസ്പിയായി നിയമിച്ചു. ഇവർക്ക് വനിതാ ബറ്റാലിയൻ കമാൻഡന്റിന്റെ അധിക ചുമതലയും ഉണ്ടാകും. പൊലീസ് ആസ്ഥാനത്തെ അഡീഷണൽ എഐജി ആർ ആനന്ദിനെ വയനാട് എസ്പിയായും നിയമിച്ചിട്ടുണ്ട്.

കേരളത്തിലും യുപി മോഡൽ പൊലീസിങ്ങ് വേണമെന്ന് കെ സുരേന്ദ്രൻ

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ സാഹചര്യത്തില്‍ യു.പി. മോഡല്‍ നിയമ പാലനം നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആലുവയില്‍ പീഡനത്തിന് ഇരയായി കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞു. യു.പി.യില്‍ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യംചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം. ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. യുപിയിൽ പൊലീസ് നേതൃത്വത്തിൽ കേസിൽ അകപ്പെട്ടവരെ വെടിവെച്ചും ഏററുമുട്ടൽ മാതൃകയിലും കൊലപെടുത്തുകയും ബുൾഡോസർ പ്രയോഗിക്കയും ചെയ്യുന്ന ആൾക്കൂട്ട നീതി അടുത്തകാലത്ത് ചർച്ചയായിരുന്നു.

വരുന്നവരെയും പോകുന്നവരെയും നിരീക്ഷിക്കാൻ സംവിധാനമില്ല

18 മണിക്കൂര്‍ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല എന്നത് ചെറിയ കാര്യമല്ല. അതിഥി തൊഴിലാളികളെക്കുറിച്ചും അവര്‍ക്കിടയിലുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും ശക്തമായ നിരീക്ഷണം ആവശ്യമുണ്ട്. ഇതിനായി പ്രത്യേക പൊലീസ് സംവിധാനം വേണം. സംസ്ഥാനത്തേക്ക് ആരെല്ലാം വരുന്നു, അവര്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് അന്വേഷിക്കാനുള്ള സംവിധാനം കേരളാ പൊലീസിനില്ല. കേരളത്തില്‍ നിരന്തരമായി ലോകത്തെവിടെയും കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. കേരളം നാണംകെട്ട് തലതാഴ്ത്തുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

അതിഥി തൊഴിലാളികൾ എന്നു പറയുന്നവർ എവിടെ നിന്ന് വരുന്നു, ചോദ്യവുമായി വി മുരളീധരനും

മുഖ്യമന്ത്രി അതിഥി തൊഴിലാളികള്‍ എന്നൊക്കെ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹത്തിന്‌ അറിയുമോ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ചോദിച്ചു. നാട്ടിലേക്ക് വരുന്ന അതിഥിയെക്കുറിച്ച് ഒരു ധാരണ വേണം.

അതിഥികൾ ഉൾപ്പെട്ട 159 കേസുകൾ

പ്രതി ഇപ്പോഴും ഏത് സംസ്ഥാനക്കാരനാണെന്ന് പോലീസിന് ഉറപ്പില്ല. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ 159 കുറ്റകൃത്യങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളാണെന്ന് പറയുന്നു. ഈ അതിഥി ആരാണെന്ന് അറിയാൻ പോലീസിന് സംവിധാനമുണ്ടോ? ആലുവയിലെ തൊഴിലാളി ക്യാമ്പുകളിൽ പോലീസ് പരിശോധന നടത്തുന്നുണ്ടോ – മുരളീധരൻ ചോദിച്ചു.

തൊണ്ണൂറ്റി മൂന്നാം വയസ്സിലും അണയാതെ ഗ്രോ വാസു; മാവോയിസ്റ്റ് എന്നപേരിൽ വെടിവെച്ച് കൊന്നവർക്കായി പ്രതിഷേധിച്ച് അറസ്റ്റ് വരിച്ചു

മാവോയിസ്റ്റ് നേതാക്കളെ പോലീസ് വെടിവെച്ചുകൊന്നതിനെതിരേ പ്രതിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു അറസ്റ്റിൽ. കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും അത് അംഗീകരിക്കാൻ തയാറാകാതെ ജയിലിലേക്ക് പോയി.

കോഴിക്കോട് കുന്ദമംഗലം കോടതിയില്‍ നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് തൊണ്ണൂറ്റി മൂന്നുകാരനായ വാസുവിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.

93 കാരൻ സംഘം ചേർന്നു മാർഗ്ഗ തടസ്സം സൃഷ്ടിച്ചു എന്ന് കേസ്

2016 നവംബറിൽ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിനെയും അജിതയെയും നിലമ്പൂരിലെ കരുളായിയിൽ പോലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുന്‍പിലായിരുന്നു ഗ്രോ വാസുവിന്റെ നേതൃത്വത്തിൽ പ്രതിഷേധം. മോര്‍ച്ചറിക്ക് മുന്‍പില്‍ സംഘം ചേരുകയും മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്.

കേസിൽ എല്‍ പി വാറന്റുണ്ടായിരുന്ന ഗ്രോ വാസുവിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പിഴ അടയ്ക്കില്ലെന്നും കോടതിയില്‍ കേസ് സ്വന്തമായി വാദിക്കുമെന്ന നിലപാടാണ് ഗ്രോ വാസു ആദ്യം സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ സ്വന്തം ജാമ്യത്തില്‍ മജിസ്‌ട്രേറ്റ് വിട്ടു. എന്നാല്‍ കുറ്റം സമതിക്കാനും ജാമ്യം സംബന്ധിച്ച രേഖകളില്‍ ഒപ്പുവയ്ക്കാനും വാസു തയാറായില്ല.

മോയിന്‍ ബാപ്പു അടക്കമുള്ള മുന്‍കാല സഹപ്രവര്‍ത്തകര്‍ കോടതിയിലെത്തി സ്വന്തം ജാമ്യത്തില്‍ പോകുന്നതു സംബന്ധിച്ച് ഗ്രോ വാസുവുമായി ചര്‍ച്ച നടത്തി. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല. ഭരണകൂടത്തോടുള്ള പ്രതിഷേധമായതിനാല്‍ കോടതി രേഖകളില്‍ ഒപ്പുവയ്ക്കില്ലെന്നായിരുന്നു വാസുവിന്റെ നിലപാട്.

വ്യാജ ഏററുമുട്ടൽ, അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

ഇത് വ്യാജ ഏറ്റുമുട്ടലല്ല അവർ ആദ്യം വെടി വെച്ചതു കൊണ്ട് തിരിച്ചു വെടി വെച്ചതാണ് എന്നായിരുന്നു പോലീസ് വാദം. പക്ഷേ മരണപ്പെട്ടവരുടെ അടുത്തു നിന്നും ഒരു ആയുധവും കിട്ടിയില്ല. പോലീസിന്റെ വാദം നിലനിന്നില്ല.

സി പി ഐ നേതാവ് കാനം രാജേന്ദ്രൻ ഈ കൊല കേന്ദ്ര സർക്കാരിന്റെ അടുത്തു നിന്ന് കാശ് കിട്ടാനുള്ള തന്ത്രം പോലീസ് കളിക്കുന്നതാണെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഏപ്രിൽ മാസത്തിൽ ഈ കാര്യത്തെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഗുരുതരാവസ്ഥയിൽ

0

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്റർ സഹായമുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. COPD (ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്), ബാധിച്ചിരുന്നു. ഭട്ടാചാര്യയുടെ ആരോഗ്യനില നിരീക്ഷിക്കാൻ ഹൃദ്രോഗ വിദഗ്ധരും പൾമണോളജിസ്റ്റും ഉൾപ്പെടെ മുതിർന്ന ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2015-ൽ സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും മാറി. 2018-ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും ഒഴിവാക്കിയിരുന്നു