സർക്കാർ നിലകൊള്ളുന്നത് ദളിതര്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും വേണ്ടി – പ്രധാനമന്ത്രി നരേന്ദ്ര മോഡി

ദളിതര്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സദ്ഭരണം നിറവേറ്റിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദരിദ്രരോ ദളിതരോ ആദിവാസികളോ മറ്റേത് പിന്നാക്ക വിഭാഗം ആണെങ്കിൽ പോലും അവരുടെ ജീവിതം മെച്ചപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലായിപ്പോഴും അങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

രാജ്‌കോട്ടില്‍ 860 കോടി രൂപയിലധികം വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ ഒന്ന്. മുന്‍കാലങ്ങളില്‍ ആശുപത്രികളിലും യൂട്ടിലിറ്റി പേയ്മെന്റ് സെന്ററുകളിലും നീണ്ട ക്യൂ, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം ജനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ ആ ബുദ്ധിമുട്ടുകളില്‍ നിന്നെല്ലാം ജനങ്ങള്‍ക്ക് ആശ്വാസം കിട്ടുകയാണ്. കഴിഞ്ഞ 9 വര്‍ഷമായി വികസിപ്പിച്ചെടുത്ത ഈ ഭരണ മാതൃക സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളും അഭിലാഷങ്ങളും കണ്ടുകൊണ്ടുള്ളതാണ്. പ്രധാനമന്ത്രി പറഞ്ഞു.

വാട്‌സാപ്പിൽ വോയിസ് ചാറ്റ് പോലെ ഇനി വീഡിയോയും ആവാം

വാട്‌സാപ്പ് ചാറ്റില്‍ ഇനി ചെറുവീഡിയോകള്‍ അയക്കാം. വോയിസ് മെസേജ് എന്ന പോലെ റെക്കോഡ് ചെയ്ത് പുഷ് ചെയ്ത് വിടാൻ കഴിയുന്നതാണ് പുതിയ സൌകര്യം. മെറ്റ അവതരിപ്പിക്കുന്ന ഈ ഇന്‍സ്റ്റന്റ് വീഡിയോ ഫീച്ചര്‍ ഉടൻ എത്തും.

ചാറ്റുകളില്‍ കൂടുതല്‍ വൈകാരികത സാധ്യമാക്കുന്നതിനും മെസേജിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് വിശദീകരണം. വീഡിയോകൾ ചിത്രീകരിച്ച് അപ് ലോഡ് ചെയ്യുന്ന സമയവും ഡാറ്റാ ആശ്രിതത്വവും ഈ സൌകര്യം വരുന്നതോടെ കുറയും. വോയ്സ് എന്ന പോലെ സെൽഫിയിൽ ചിത്രീകരിച്ച് അയക്കാം.

60 സെക്കൻ്റ് വീഡിയോ ടപ്പേ എന്നയയ്ക്കാം

വോയ്‌സ് മെസേജുകള്‍ക്ക് സമാനമാണിത് പക്ഷെ വീഡിയോ കൂടി ഉണ്ടാകും എന്ന് മാത്രം.മെസേജ് ടൈപ്പിങ് ബാറിന് വലത് വശത്തായുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍ അത് വീഡിയോ മോഡിലേക്ക് മാറും. 60 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ചിത്രീകരിച്ച് അയക്കാം. റെക്കോര്‍ഡ് ബട്ടന്‍ അമര്‍ത്തി മുകളിലേക്ക് സൈ്വപ്പ് ചെയ്താല്‍ വിരല്‍ സ്‌ക്രീനില്‍ വെക്കാതെ തന്നെ വീഡിയോ റെക്കോര്‍ഡ് ചെയ്യാം. ടെലഗ്രാമിലെ വീഡിയോ മെസേജ് ഫീച്ചറിന്റെ സമാന സൌകര്യമാണിത്.

ഇത് വൃത്താകൃതിയിലാണ് ചാറ്റില്‍ പ്രത്യക്ഷപ്പെടുക. ടെലഗ്രാമിലും അങ്ങനെ തന്നെ. മാത്രവുമല്ല ഈ വീഡിയോകള്‍ ഓട്ടോമാറ്റിക് ആയി പ്ലേ ചെയ്തുകൊണ്ടിരിക്കും. നിശബ്ദമായാണ് പ്ലേ ആവുക എങ്കിലും വീഡിയോയില്‍ ടാപ്പ് ചെയ്താല്‍ ശബ്ദം കേള്‍ക്കാം. സ്വകാര്യത ഉറപ്പാക്കാൻ എന്റ് ടു എന്റ് എന്‍ക്രിപ്ഷനുള്ള സന്ദേശമായിരിക്കും ഇത്.

മണിപ്പൂരിൽ സ്ത്രീകളെ ആക്രമിക്കുന്ന രംഗം പുറത്ത് കൊണ്ട് വന്ന വ്യക്തിയെ അറസ്റ്റ് ചെയ്തത് സർക്കാരിനെ അപകീർത്തിപ്പെടുത്തിയതിനെന്ന് അമിത് ഷാ

മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്തത് പുറത്ത് കൊണ്ടു വന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ഫോൺ പിടിച്ചെടുക്കയും ചെയ്തതിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വീഡിയോ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് പുറത്തെത്തിയത് പ്രഥമദൃഷ്ട്യാ നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ലോകമാകെ ഈ ആക്രമണ സംഭവത്തിൽ പ്രതിഷേധം പരക്കുന്നതിനിടെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി. ഇതിന് പിന്നാലെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ആക്രമണം നിയമത്തിന് മുന്നിൽ കൊണ്ടു വന്ന വ്യക്തിയുടെ അറസ്റ്റ് സംബന്ധിച്ച ഷായുടെ പ്രതികരണം.

രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷിക്കാതെ വിട്ട കേസ്

മേയ് നാലാം തീയതിയാണ് മണിപ്പുരില്‍ രണ്ട് കുക്കി യുവതികള്‍ക്കു നേരെ അതിക്രമമുണ്ടായത്. എന്നാല്‍ ഇതിന്റെ വീഡിയോ പുറത്തെത്തിയത് കഴിഞ്ഞയാഴ്ചയാണ്. മണിപ്പൂരിൽ ഇൻ്റർ നെറ്റ് സൌകര്യം അതുവരെ തടഞ്ഞിരിക്കയായിരുന്നു.

മണിപ്പുരിലെ ബിരേൻ സിങ് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പക്ഷപാതിത്വം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിതെന്ന് അമിത് ഷാ പറഞ്ഞു.

യുവതികളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തതായും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും അമിത് ഷാ സമ്മതിച്ചു. മണിപ്പുരില്‍ 1990 മുതല്‍ രൂപംകൊണ്ട കുക്കി-മെയ്ത്തി സംഘര്‍ഷത്തെ കുറിച്ചും സംസ്ഥാനത്തെ ഇന്നത്തെ സാഹചര്യത്തെ കുറിച്ചും മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. ആറ് കേസുകള്‍ സി.ബി.ഐയ്ക്ക് കൈമാറിക്കഴിഞ്ഞു. ഒരെണ്ണം കൈമാറാനുള്ള നീക്കത്തിലാണ്. മറ്റ് മൂന്നു കേസുകള്‍ എന്‍.ഐ.എയ്ക്കും കൈമാറിയിട്ടുണ്ട്, ഷാ പറഞ്ഞു.

കൊന്നു കുഴിച്ചു മൂടിയെന്ന് പൊലീസ് ചോദ്യം ചെയ്യലിനിടെ ഭാര്യയുടെ കുറ്റ സമ്മതം, മൃതദേഹം തിരയുന്നിതിനിടെ ഭർത്താവ് ജീവനോടെ എത്തി

പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ഭാര്യ അഫ്സാന ഭർത്താവിനെ കൊന്നു കുഴിച്ച് മൂടിയതാണെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതു പ്രകാരം ആറ്റിലും തോട്ടിലും എല്ലാമായി പൊലീസ് തിരയുന്നതിനിടെയാണ് ഭർത്താവ് പ്രത്യക്ഷപ്പെടുന്നത്.

നൗഷാദ് തൊടുപുഴയില്‍ ആയിരുന്നെന്നാണ് വിവരം. തൊടുപുഴ പോലീസിന്റെ കൂടി സഹായത്തോടെ കോന്നി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പൊലീസ് ചോദ്യം ചെയ്തപ്പോൾ സമ്മതിക്കേണ്ടി വന്നുവോ അതോ മനപൂർവ്വമുള്ള നാടകമോ

അന്വേഷണത്തിൻ്റെ ഒരു ഘട്ടത്തിൽ പോലീസ് അഫ്‌സാനയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനിടെ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി അവർ സമ്മതിച്ചതായാണ് പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. മൃതദേഹം ആറ്റിലെറിഞ്ഞെന്നും അവർ പിന്നീട് മൊഴി മാറ്റിമാറ്റിപ്പറഞ്ഞത് പൊലീസ് അന്വേഷണം ആ വഴിക്കാക്കി. ഇതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്.

മകനെ കാണാനില്ലെന്ന് 2021 ൽ ബാപ്പ നൽകിയ പരാതി

പരുത്തിപ്പാറയില്‍നിന്ന് നൗഷാദിനെ കാണാതായെന്ന് കാട്ടി ഇയാളുടെ ബാപ്പ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത്. അന്ന് പോലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കേസിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.

അടുത്ത കാലത്ത് അഫ്സാന, അടൂരില്‍വെച്ച് നൗഷാദിനെ കണ്ടതായി പോലീസിനോട് പറഞ്ഞു. എന്നാൽ ഇത് അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലയ്ക്ക് എടുത്തില്ല. ഈ മൊഴിയാണ് കൊലപാതകമെന്ന സംശയത്തിലേക്കും അഫ്സാനയുടെ നേരേയുമുള്ള അന്വേഷണത്തിലേക്കും പൊലീസിനെ എത്തിച്ചത്.

ഭാര്യയുടെ മൊഴി പ്രകാരം നൗഷാദിനെ കണ്ടുവെന്ന് പറയുന്ന സ്ഥലത്തെ സി.സി.ടി.വി. ഉള്‍പ്പടെയുള്ളവ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല എന്നാണ് പൊലീസ് പറഞ്ഞത്.

ജീവനോടെ കണ്ടു എന്നു ഭാര്യ പറഞ്ഞിട്ടും അവരെ സംശയിച്ച് ചോദ്യം ചെയ്തു

പിന്നീട് അഫ്സാനയെ കൂടുതല്‍ ചോദ്യംചെയ്തു. ഇതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ബുധനാഴ്ച വീണ്ടും ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന മൊഴി നൽകേണ്ടി വന്നത്.

തുടര്‍ന്ന് അഫ്‌സാനയുടെ മൊഴി പ്രകാരം ഇവര്‍ താമസിച്ചിരുന്ന അടൂര്‍ പരുത്തിപ്പാറയിലെ വാടകവീടിന്റെ പരിസരത്ത് അഞ്ചുമണിക്കൂറോളം പരിശോധിച്ചു. മാധ്യമങ്ങളും ഫോട്ടോഗ്രാഫറും ഒക്കെയായി നാടകീയമായി നടത്തിയ തിരച്ചിലിൽ മൃതദേഹാവശിഷ്ടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഭർത്താവിനെ കൊന്നവളാക്കി റിമാൻ്റിൽ ജയലിലേക്ക് അയച്ചു

അഞ്ചുമണിക്കൂറിനിടെ അഞ്ചുതവണ ഇവര്‍ മൊഴി മാറ്റിപ്പറഞ്ഞു എന്നാണ് പൊലീസ് പറയുന്നത്. എന്നിട്ടും ഇതിലെ വൈരുദ്ധ്യം കണ്ടെത്താനായില്ല. ഭർത്താവിനെ കണ്ടും എന്ന് പറഞ്ഞത് വിശ്വസിക്കാനും തയാറായില്ല. അഫ്സാന ചോദ്യം ചെയ്യലിൽ മൃതദേഹം സംസ്‌കരിച്ചെന്ന് പറഞ്ഞ സ്ഥലത്തെല്ലാം കുഴിയെടുത്ത് പരിശോധിച്ചെങ്കിലും ഫലം ഉണ്ടായില്ല.

കോന്നി ഡിവൈ.എസ്.പി രാജപ്പന്‍ റാവുത്തര്‍, കൂടല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പുഷ്പകുമാര്‍, എസ്.ഐ. ഷെമിമോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വ്യാഴാഴ്ചയാണ് അഫ്സാനയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.അഫ്സാനയെ കോടതി റിമാന്‍ഡ് ചെയ്യുകയും ഉണ്ടായി.

ഇത്തവണ ദേശീയ താത്പര്യം, ഇ ഡി ഡയറക്ടറുടെ കാലാവധി പിന്നെയും നീട്ടി നൽകി സുപ്രീം കോടതി

ഇഡി ഡയറക്ടർ സ്ഥാനത്ത് എസ്കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടി നൽകി. കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ ദേശീയ താത്പര്യം മുൻനിർത്തിയാണ് കാലാവധി ഒരിക്കൽ കൂടി നീട്ടുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി വീണ്ടും കാലാവധി നീട്ടില്ലെന്നും അതിനായി ഒരു അപേക്ഷയും സ്വീകരിക്കില്ലെന്നും സുപ്രീം കോടതി ആവർത്തിച്ചു. എഫ് എ ടി എഫ് റിവ്യൂ കണക്കിലെടുത്താണ് ഇപ്പോൾ സുപ്രീം കോടതി തീരുമാനം. സെപ്തംബർ 15 ന് എസ് കെ മിശ്ര സ്ഥാനമൊഴിയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 11നാണ് എസ്കെ മിശ്രയെ ഇഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സുപ്രീം കോടതി വിധിച്ചത്. ജൂലൈ 31 വരെയായിരുന്നു അദ്ദേഹത്തിന് സുപ്രീം കോടതി വിധി പ്രകാരം സ്ഥാനത്ത് തുടരാനാവുക. എന്നാൽ കേന്ദ്ര സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് അന്തർദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എസ്കെ മിശ്ര സ്ഥാനത്ത് തുടരേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് രണ്ടാഴ്ച കൂടി എസ്കെ മിശ്രയെന്ന സഞ്ജയ് കുമാർ മിശ്രയെ സ്ഥാനത്ത് തുടരാൻ അനുവദിച്ചത്.

സഞ്ജയ് കുമാർ മിശ്രയെന്ന എസ്കെ മിശ്ര 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ്. 2018 ലാണ് ഇഡി ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി. ഇതിനെതിരെ പരാതികൾ കോടതിയിലെത്തിയപ്പോൾ സുപ്രീം കോടതി നിർദ്ദേശം മറികടന്ന്, സെൻട്രൽ വിജിലൻസ് കമ്മീഷൻ ആക്ട് ഭേദഗതി ചെയ്ത് കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടി. ഇതിന്റെ ഓർഡിനൻസും പുറപ്പെടുവിച്ചു. എന്നാൽ സുപ്രീം കോടതിയിൽ കേസെത്തിയപ്പോൾ കേന്ദ്രസർക്കാരിന് രൂക്ഷ വിമർശനം കോടതിയിൽ നിന്ന് നേരിടേണ്ടി വന്നു. കൂടാതെ എസ്കെ മിശ്രയ്ക്ക് പുറത്തേക്ക് വഴിയും തെളിഞ്ഞു. എന്നാൽ അവസാനവട്ട ശ്രമമെന്നോണമാണ് കേന്ദ്രസർക്കാർ എസ്കെ മിശ്രയ്ക്ക് വേണ്ടി വീണ്ടും കോടതിയിലെത്തിയത്.

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ച് പീഡിപ്പിച്ച സംഭവം ചിത്രീകരിച്ച് പുറത്തെത്തിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തു

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തിയ സംഭവം പുറം ലോകത്ത് എത്തിച്ച മൊബൈൽ ഫോൺ ഉടമയെ അറസ്റ്റു ചെയ്തു. ഫോൺ പിടിച്ചെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇതിനു പിന്നാലെ അന്വേഷണം സി.ബി.ഐയുടെ കൈകളിലേക്ക് എത്തിച്ചതായും എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്ത് വൻ തോതിൽ പ്രതിഷേധങ്ങൾക്കിടയാക്കിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ. അന്വേഷണത്തിന് ശുപാർശ ചെയ്തത്.

മൂന്നു മാസമായി തുടരുന്ന മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറത്തുവെച്ച് നടത്താനും നീക്കം തുടങ്ങി.

സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഫോൺ ഉടമയെ അറസ്റ്റ് ചെയ്തതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് ക്രൂര കൃത്യത്തിൻ്റെ വിവരം പുറത്ത് എത്തിച്ചത്.

വീഡിയോ പുറത്തുവന്നതോടെ രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നു. സംഭവത്തിൽ നടപടി എടുക്കേണ്ടി വന്ന സാഹചര്യം ഉണ്ടായി. പ്രതിപക്ഷ പാർട്ടികളും മണിപ്പൂരിലെ സംഘർഷത്തിന് അയവുവരുത്താൻ വേണ്ടി കേന്ദ്ര സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

മണിപ്പൂരിൽ സാഹചര്യം രൂക്ഷമായതോടെ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവയ്ക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാജിവെക്കാൻ എന്ന വ്യാജേന നാടകം നടത്തി ബിരേൻ സിങ് അധികാരത്തിൽ തുടരുകയായിരുന്നു. ഇപ്പോൾ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാലല്ലാതെ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ബിരേൻ സിങ്.

ബാർബി മുന്നേറുമ്പോൾ ഓപ്പൺ ഹൈമർക്ക് ഇന്ത്യൻ പ്രേക്ഷകരുടെ കൈത്താങ്ങ്

ബോക്സോഫീസിൽ കുതിപ്പ് തുടരുകയാണ് ഹോളിവുഡ് ചിത്രങ്ങളായ ബാർബിയും ഓപ്പൻഹെെമറും. അടുത്ത കാലത്തെ രണ്ടു കിടിലൽ ചലച്ചിത്രങ്ങൾ തലമുറ വ്യത്യാസമില്ലാതെ ഹിറ്റാണ്.

എന്നാൽ ആ​ഗോള ബോക്സോഫീസ് കളക്ഷനിൽ ഗ്രേറ്റയുടെ ബാർബിയാണ് മുന്നിൽ നിൽക്കുന്നത്. ഇന്ത്യയിൽ ബാർബിയെക്കാൾ പ്രിയങ്കരമായിരിക്കുന്നത് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൻഹെെമറാണ്.

എന്താണ് രഹസ്യം. സയൻസിനോടുള്ള താത്പര്യമോ, അതോ കോമിക് ഫിക്ഷനോടുള്ള അകൽച്ചയോ എന്നാണ് ചർച്ച. പക്ഷെ ബാർബി അത്ര വ്യാപകമായി വിതരണത്തിന് എത്തിയില്ല എന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. വിനോദമാണ് ബാർബി നൽകുന്നത്. ഓപ്പൺഹൈമർ ശാസ്ത്രവും ചരിത്രവും.

റിലീസ് ചെയ്ത് ആദ്യ ആറ് ദിനങ്ങൾ കൊണ്ട് 67.85 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ഓപ്പൻഹെെമർ നേടിയത്. ആറാം ​​ദിവസം മാത്രം 5.85 കോടി രൂപ ചിത്രം നേടിയെന്നാണ് കണക്കുകൾ. ബാർബി പക്ഷെ ഇന്ത്യയിൽ 23 കോടിയിൽ നിന്നും മെല്ലേ കുതിക്കാൻ തുടങ്ങുന്നേയുള്ളൂ.

പ്രേക്ഷകരുടെ ലോകത്തിൽ ബാർബി ഇരട്ടി ദൂരം മുന്നിൽ

500 മില്യൺ ഡോളറിലേയ്ക്ക് എത്തുകയാണ് ബാർബിയുടെ കളക്ഷൻ. ഓപ്പൻഹെെമറിന്റേത് 220 മില്യൺ ഡോളറാണ്. യു.എസ്, യു.കെ എന്നിവിടങ്ങൾ കഴിഞ്ഞാൽ ഇന്ത്യയാണ് ഓപ്പൻഹെെമറിന്റെ ഏറ്റവും വലിയ മാർക്കറ്റ്. 2023 ജൂലെെ 21-നാണ് ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയത്.

2020-ൽ‍ പുറത്തിറങ്ങിയ ടെനെറ്റിനു ശേഷം നോളൻ ഒരുക്കുന്ന ചിത്രം കൂടിയാണ് ’ഓപ്പൻഹൈമർ’. ‘അണുബോംബിന്റെ പിതാവെ’ന്നറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൻഹൈമറുടെ ജീവിതം പറയുകയാണ് ചിത്രത്തിലൂടെ. ഇൻ്റർസ്റ്റെല്ലാർ സയൻസ് ആരാധകരുടെ മനം കവർന്നിരുന്നു.

2005-ലെ പുലിറ്റ്‌സർ സമ്മാനത്തിന് അർഹമായ ‘അമേരിക്കൻ പ്രൊമിത്യൂസ്: ദി ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് ഓപ്പൺഹൈമർ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ടാം ലോകയുദ്ധവും അണുബോംബ് കണ്ടുപിടിച്ചതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കിലിയൻ മർഫിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എമിലി ബ്ലണ്ട്, റോബർട്ട് ഡൗണി ജൂനിയർ, മാറ്റ് ഡാമൺ, ഫ്ലോറൻസ് പഗ്, റാമി മാലെക്ക് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

“കള്ള് നല്ലൊരു ആരോഗ്യ പാനീയമാണ്” കുത്തകയാക്കിയ സംഘടനകളെ തൊടാതെ കാര്യം പറഞ്ഞ് ഇ പി ജയരാജൻ

കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നമായ കള്ളിനെയും നീരയെയും ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. യഥാര്‍ഥത്തില്‍ കള്ള് ലിക്കര്‍ അല്ല. അത് നല്ലൊരു പോഷകാഹാര വസ്തുവാണ്. അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നെ എന്തിനാണ് മദ്യത്തിനുള്ള നിയന്ത്രണങ്ങൾ കള്ളിനു മേൽ ചാർത്തി കർഷകരെ പിച്ചതെണ്ടിക്കുന്നത് എന്നതിന് അദ്ദേഹം വിശദീകരണം നൽകിയില്ല.

കേരളത്തിന്റെ തനതായ “കേരള ടോഡി” ബ്രാന്‍ഡ് ചെയ്യുന്നതിന് മദ്യനയത്തിൽ നിർദ്ദേശം വെച്ച സര്‍ക്കാരിൻ്റെ നീക്കത്തെ പുകഴ്ത്തി സംസാരിക്കുകയായിരുന്നു ഇ.പി ജയരാജന്‍.

ഇതറിയാമെങ്കിൽ എന്തിന് കള്ള് സർക്കാർ കുത്തകയാക്കി

“കള്ള് ലിക്കര്‍ അല്ല. കള്ള് യഥാര്‍ഥത്തില്‍ നല്ലൊരു പോഷകാഹാര വസ്തുവാണ്. അത് രാവിലെ എടുത്ത ഉടന്‍തന്നെ കഴിക്കുന്നതില്‍ വലിയ കുറ്റംപറയാന്‍ പറ്റില്ല. അപ്പോഴത് വലിയ ലഹരിയായി മാറുന്നില്ല. പിന്നീടാണത് ലഹരിയായിത്തീരുന്നത്. കള്ളിന്റെയും നീരയുടെയും ഉല്‍പാദനം വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍സാധ്യത കേരളത്തില്‍ ഉണ്ടാകും. ഇപ്പോള്‍ ആളുകള്‍ കള്ളുഷാപ്പില്‍ പോകുന്നത് ഒളിസങ്കേതത്തില്‍ പോകുന്നതുപോലെയാണ്. കള്ളുഷാപ്പുകള്‍ പ്രാകൃത രീതിയിലാണ്. കള്ളുഷാപ്പുകള്‍ പ്രാകൃത കാലഘട്ടത്തില്‍നിന്ന് മാറി ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകളോടുകൂടി കൊണ്ടുവരാന്‍ സാധിക്കും. ലഹരി ഇല്ലാത്ത ഒരു പാനീയമാക്കി ഉപയോഗിച്ചാല്‍ കള്ള് നല്ലതാണ്,” ജയരാജന്‍ പറഞ്ഞു.

എതിർപ്പ് ഉയർത്തിയ സംഘടനകളെ എങ്ങിനെ കൈകാര്യം ചെയ്യും, കർഷകൻ ചെത്തിയാലെന്താണ്

നാളികേരത്തിന്റെ നാട്ടില്‍ നാളികേരത്തെ ഉപയോഗിച്ചുകൊണ്ടുള്ള വ്യവസായങ്ങള്‍ ഉണ്ടാകണം. തടിയും ചകിരിയും ചിരട്ടയും അടക്കമുള്ളവയ ഉപയോഗപ്പെടുത്താന്‍ സാധിക്കണം. അങ്ങനെ പുതിയ വികസനത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കും. കൃത്രിമകള്ളിനെ ഒഴിവാക്കി നല്ല ശുദ്ധമായ കള്ള് കേരളത്തിന്റെ ബ്രാന്‍ഡ് ആയി വന്നാല്‍ അത് നല്ല ആശയമായാണ് തോന്നിയിട്ടുള്ളത്. പൊതുവെ എല്ലാ സംഘടനകളും അത് അംഗീകരിക്കുമെന്നാണ് കരുതുന്നത്. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് ചര്‍ച്ചചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ.

ഇത് നമ്മുടെ കാര്‍ഷിക ഉല്‍പന്നത്തെ ഉപയോഗിക്കലാണ്

റിസോര്‍ട്ടില്‍ ഉള്ള തെങ്ങില്‍നിന്ന് വിനോദസഞ്ചാരത്തിനെത്തുന്ന വിദേശികളുടെ കണ്‍മുന്നില്‍ വെച്ച് തെങ്ങിന്റെ മുകളില്‍ കയറി തെങ്ങില്‍ കയറി കള്ള് എടുത്ത് കൊടുത്താല്‍ അവര്‍ക്കത് പുതിയ അനുഭവമായിരിക്കും. അത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കും എന്നത് യാഥാര്‍ഥ്യമാണ്. വാറ്റുക എന്നുപറഞ്ഞാല്‍ മറ്റൊരു കാര്യമാണ്. എന്നാല്‍, ഇത് നമ്മുടെ കാര്‍ഷിക ഉല്‍പന്നത്തെ ഉപയോഗിക്കലാണ്.

നീരയും കള്ളുമൊക്കെ ഉപയോഗിക്കാവുന്നതാണ്. അത്തരം കാര്യങ്ങളേക്കുറിച്ചാണ് നമ്മള്‍ ചര്‍ച്ചചെയ്യേണ്ടത്

നിയമംകൊണ്ടൊന്നും മദ്യപാനത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ബോധവത്കരണമാണ് വേണ്ടത്. ബോധവത്കരണത്തിലൂടെ ലിക്കര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനുള്ള നല്ല പ്രചാരണങ്ങളും സന്ദേശങ്ങളും ഉണ്ടാവണം. അതേസമയം അപകടമല്ലാത്തനിലയില്‍ നമ്മുടെ കാര്‍ഷിക വിഭങ്ങളെ ഉപയോഗിക്കാം. നീരയും കള്ളുമൊക്കെ ഉപയോഗിക്കാവുന്നതാണ്. അത്തരം കാര്യങ്ങളേക്കുറിച്ചാണ് നമ്മള്‍ ചര്‍ച്ചചെയ്യേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

കെ എസ് ചിത്ര; പാട്ടിൻ്റെ പ്രിയതമയ്ക്ക് ഇന്ന് അറുപത്

അറുപതാം പിറന്നാളിന്റെ നിറവിലാണ് ഗായിക ചിത്ര. നാല് പതിറ്റാണ്ടായി ചിത്രയുടെ നാദമാധുരി മലയാളത്തിന് ഒപ്പമുണ്ട്.

മികച്ച ഗായികയ്‍ക്കുള്ള ദേശീയ അവാര്‍ഡ് ചിത്രയ്‍ക്ക് ആറ് പ്രാവശ്യം ലഭിച്ചു. കേരള സംസ്ഥാന പുരസ്‍കാരം 16 തവണയും ലഭിച്ചു. നാല് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ അവാര്‍ഡും മലയാളത്തിന്റെ വാനമ്പാടിക്ക് ലഭിച്ചു. പത്മഭൂഷൻ നല്‍കി രാജ്യം ആദരിച്ചു.

1968 ല്‍ ആകാശവാണിയിലൂടെയാണ് ചിത്രയുടെ ശബ്ദം ആദ്യമായി മലയാളി കേട്ടു തുടങ്ങിയത്. അന്ന് ഗായികയ്ക്ക് പ്രായം വെറും അഞ്ചര വയസ്സായിരുന്നു. പതിനയ്യായിരത്തോളം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും നാലായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്.

ചിത്ര ആസ്വാദക ശ്രദ്ധയിലേക്ക് ആദ്യമായി എത്തുന്നത് 1978 ലെ കലോത്സവ വേദിയില്‍ വച്ചാണ്. പാട്ട് കേട്ട് അന്നത്തെ മുഖ്യമന്ത്രി സി അച്യുത മേനോന്‍ ഉള്‍പ്പെടെയുള്ളവർ ആ വിദ്യാർഥിനിയെ അഭിനന്ദിച്ചു. തിരുവനന്തപുരത്ത് സംഗീത കുടുംബത്തിൽ ജനിച്ച ചിത്രക്ക് അച്ഛനായിരുന്നു വഴികാട്ടി. ചെറിയ പ്രായത്തില്‍ പാട്ടിൽ മികവ് പുലർത്തിയ ചിത്ര സംഗീത വിദുഷി പ്രൊഫ. കെ ഓമനക്കുട്ടിയുടെ പ്രിയ ശിഷ്യയായി. സ്‍കൂൾ പഠനത്തിനു ശേഷം സംഗീതം തന്നെ ഉപരിപഠനത്തിനു തെരഞ്ഞെടുത്തു. താമസിയാതെ സിനിമാ പിന്നണി ഗാനരംഗത്തേക്കും എത്തപ്പെട്ടു.

എം ജി രാധാകൃഷ്‍ണനാണ് ചിത്രയെ സിനിമയില്‍ അവതരിപ്പിക്കുന്നത്. ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ചെല്ലം ചെല്ലം എന്നു തുടങ്ങുന്ന ഗാനം.പത്മരാജൻ്റെ നവംബറിൻ്റെ നഷ്ടത്തിലും ശബ്ദമാധുരി ആദ്യമായി ആസ്വദകർക്ക് മുന്നിലെത്തി.

‘അട്ടഹാസ’ത്തിനും മുന്‍പ് യേശുദാസിന്റെ ഗാനത്തിനുവേണ്ടി ഹമ്മിങ്ങും സ്വരങ്ങളും പാടിയിരുന്നു. 1982ല്‍ ഇലന്തൂര്‍ വിജയകുമാര്‍ സംവിധാനം ചെയ്ത ‘അമ്പിളി അമ്മാവന്‍’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അത്. അന്ന് 251 രൂപയാണ് ചിത്രയ്ക്ക് ലഭിച്ച പ്രതിഫലം.

പിന്നീട് ഇളയരാജ വഴി തമിഴകത്തും ചുവടുറപ്പിച്ചു. ഇക്കാലത്തിനിടെ ഇരുപത്തയ്യായിരത്തോളം ഗാനങ്ങളാണ് ചിത്ര ആലപിച്ചിട്ടുള്ളത്. ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്തതും ഇളയരാജയുടെ പാട്ടാണ്. സിന്ധുഭൈരവിയിലെ പാടറിയേ പഠിപ്പറിയേ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. 

മറ്റാർക്കും എത്തിപ്പിടിക്കാവാത്ത നാദഗിരിമ

1985 ലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഗായികയ്ക്കുളള പുരസ്കാരം ആദ്യമായി ചിത്രയെ തേടിയെത്തിയത്. നിറക്കൂട്ടിലെ പൂമാനമേ, കാണാക്കുയിലിലെ ഒരേ സ്വരം ഒരേ നിറം, നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്നീ ഗാനങ്ങള്‍ക്കായിരുന്നു പുരസ്കാരം. 1985 മുതല്‍ 1995 വരെ തുടര്‍ച്ചയായി കേരള സര്‍ക്കാരിന്‍റെ മികച്ച ഗായിക ചിത്രയായിരുന്നു. 1988ല്‍ വൈശാലി എന്ന ചിത്രത്തിലെ ഇന്ദു പുഷ്പം ചൂടി എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ അവാർഡ് ചിത്ര സ്വന്തമാക്കി. ഇതുവരെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത നേട്ടം. 1999, 2001, 2002, 2005, 2016 വര്‍ഷങ്ങളിലും സംസ്ഥാന പുരസ്കാരം ചിത്രയെ തേടിയെത്തി.

1996ൽ എ ആർ റഹ്മാൻ ഈണം നൽകിയ മിൻസാരക്കനവ് എന്ന ചിത്രത്തിനും 1997ൽ അനു മാലിക്ക് ഈണം നൽകിയ വിരാസത്ത് എന്ന ഹിന്ദി ചിത്രത്തിനും 2004ൽ ഭരദ്വാജ് ഈണം നൽകിയ ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിനും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി ഏറ്റവും കൂടുതല്‍ തവണ ദേശീയപുസ്കാരം നേടുന്ന പിന്നണി ഗായിക എന്ന നേട്ടം ചിത്ര സ്വന്തമാക്കി.

തമിഴിലും തെലുഗിലും ഹിന്ദിയിലും ഇഷ്ട ഗായിക

1988 ലാണ് തമിഴ്നാടിന്‍റെ മികച്ച ഗായികക്കുളള പുരസ്കാരം ആദ്യമായി ചിത്രക്ക് ലഭിക്കുന്നത്. അഗ്നി നച്ചത്തിരം എന്ന ചിത്രത്തിലെ നിന്നുകൂരി വര്‍ണം എന്ന ഗാനത്തിനായിരുന്നു അത്. 1990 ല്‍ കിഴക്കുവാസലിലെ വന്തതേയ് കുങ്കുമം, 1995 ല്‍ ബോംബെയിലെ കണ്ണാളനേ, 2004 ല്‍ ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനങ്ങള്‍ക്കും തമിഴ്നാട് പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചു.

11 തവണയാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്‍റെ മികച്ച ഗായികക്കുളള നന്ദി പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചത്. കര്‍ണാടക, ഒഡീഷ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളുടെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രക്ക് ലഭിച്ചിട്ടുണ്ട്.

മൂന്നു തവണ തമിഴ്, രണ്ടു തവണ മലയാളം, ഒരു തവണ ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് 6 തവണ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തിയത്. മികച്ച ചലച്ചിത്ര പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ ഗായികയും ചിത്ര തന്നെ.

1997 ല്‍ തമിഴ്നാട് സര്‍ക്കാര്‍ പരമോന്നത പുരസ്കാരമായ കലൈമാമണി നല്‍കിയാണ് ചിത്രയെ ആദരിച്ചത്. 1985 ല്‍ ഇളയരാജയാണ് ചിത്രയെ തമിഴില്‍ പരിചയപ്പെടുത്തുന്നത്. അക്കൊല്ലം ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ 11 ചിത്രങ്ങളിലാണ് ചിത്ര പാടിയത്. ഇളയരാജയെ കൂടാതെ എ ആര്‍ റഹ്‌മാന്‍, എം എസ് വിശ്വനാഥന്‍, കീരവാണി, ഗംഗൈ അമരന്‍, ഹംസലേഖ, എസ് പി വെങ്കിടേഷ്, ശങ്കര്‍-ഗണേഷ്, വിദ്യാസാഗര്‍, ചന്ദ്രബോസ്, ദേവ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്ക് വേണ്ടി ചിത്ര പാടി. തമിഴ് സിനിമകള്‍ക്ക് മാത്രമായി ചിത്ര പാടിയത് രണ്ടായിരത്തിലേറെ ഗാനങ്ങള്‍.

ഏക മകളുടെ മരണം തീവ്ര ദുഖമായി

2011ൽ ദുബായിയിലെ വില്ലയിലുള്ള നീന്തൽക്കുളത്തിൽ വീണ് ഏക മകൾ നന്ദന മരിച്ചത് വലിയ ദുരന്തമായിരുന്നു. അന്ന് ഒൻപത് വയസ് ആയിരുന്നു നന്ദനയുടെ പ്രായം. പ്രിയ മകളുടെ അകാല വിയോഗത്തിന്റെ ആഘാതം താങ്ങാൻ ചിത്രയ്ക്ക് സാധിച്ചില്ല. പിന്നണി ഗാനരംഗത്തേക്കോ സംഗീത ജീവിതത്തിലേക്കോ തിരിച്ചുവരാൻ കഴിയില്ലെന്ന ഘട്ടത്തിലൂടെ കടന്നു പോയി.

‘എന്റെ മകളുടെ മരണത്തോടുകൂടി ഞാൻ ഒരു കാര്യം മനസിലാക്കി, നമുക്ക് വരാനുള്ളത് എന്തായാലും വരും, എന്നാൽ ഇത്തരം സന്ദർഭങ്ങൾ മറികടക്കാനുള്ള ധൈര്യമാണ് നമുക്ക് ദൈവത്തിൽ നിന്ന് കിട്ടുന്നത്. അതൊരു തിരിച്ചറിവായിരുന്നു. പിന്നീട് ഞാനിങ്ങനെ ഒറ്റപ്പെട്ടിരിക്കുമ്പോൾ എന്റെ ചുറ്റുമുള്ളവരുടെ ജീവിതം കൂടിയാണ് ഞാൻ കാരണം വിഷമത്തിൽ ആകുന്നതെന്ന് മനസിലാക്കി’, എന്നാണ് ചിത്ര ഒരിക്കൽ പറഞ്ഞത്. ഈ ചിന്തകളും പിന്തുണയും ആയിരുന്നു ചിത്രയെ സംഗീത ലോകത്തേക്ക് തിരിച്ചെത്തിച്ചതും. പിന്നണിഗാന രംഗത്തേക്ക് തിരിച്ചെത്തിയ ചിത്ര വീണ്ടും അവിസ്മരണീയമായ ഗാനങ്ങൾ ആസ്വാദക ലോകത്തിന് സമ്മാനിച്ചു.

മനസുകൾ കീഴടക്കിയ സിന്ധു ഭൈരവി

Award winning Songs

കള്ള് കർഷകൻ ചെത്തിയാൽ അരാജകത്വം, മുന്നണിയിൽ എതിർപ്പുമായി എഐടിയുസി

സംസ്ഥാനത്തെ പുതിയ മദ്യനയം പുറത്ത് വന്നതോടെ മുന്നണിയിൽ എതിർപ്പ്. മദ്യനയം കള്ള് വ്യവസായത്തെ തകർക്കുമെന്നാണ് വാദ. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാൻ പാടില്ലെന്നും എഐടിയുസി ആവശ്യപ്പെട്ടു. രജിസ്ട്രേഡ് തൊഴിലാളികൾക്ക് മാത്രമേ കള്ള്  ചെത്താൻ അവകാശമുള്ളൂ. ബാഹ്യ ഏജൻസികൾക്ക് അനുമതി നൽകുന്നത് അരാജകത്വമാണെന്നെന്നാണ് എഐടിയുസിയുടെ വാദം.

ഏപ്രിൽ ഒന്നിന് നിലവിൽ വരേണ്ട മദ്യനയത്തിന് മാസങ്ങൾ വൈകി ഇന്നലെയാണ് മന്ത്രിസഭയുടെ അംഗീകാരം കിട്ടിയത്. 30 ലക്ഷമായിരുന്ന ബാര്‍ ലൈസൻസ് ഫീസ് അഞ്ച് ലക്ഷം കൂടി കൂട്ടുന്നതിൽ ബാര്‍ ഹോട്ടൽ ഉടമകൾക്ക് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു.

സ്റ്റാര്‍ പദവി പുതുക്കാൻ അപേക്ഷ നൽകിയ ഹോട്ടലുകൾക്ക് അത് കിട്ടുന്ന വരെ താൽകാലിക ലൈസൻസ് നൽകും. വിനോദ സഞ്ചാര മേഖലയിൽ സീസണടുക്കുമ്പോൾ ബിയര്‍, വൈൻ വിൽപ്പനക്ക് ലൈസൻസ് അനുവദിക്കാനാണ് തീരുമാനം.  ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളുടേയും റെസ്റ്റോറന്റുകളുടേയും ഉടമസ്ഥതയുള്ള തെങ്ങിൽ നിന്നും കള്ള് ചെത്തിയും അതിഥികള്‍ക്ക് നൽകാം. വിനോദ സഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലാണ് അനുമതി. മദ്യകയറ്റുമതി പ്രോത്സാഹിപ്പിക്കാനായി ബ്രാൻഡ് രജിസ്ട്രേഷ ഫീസും എക്സ്പോർട്ട് ഫീസും പുനക്രമീകരിക്കും. ഇനിയും തുറക്കാനുള്ള 309 ഔട്ട് ലൈറ്റുകള്‍ ഉടൻ തുറക്കും.

പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്ത് സ്പിരിറ്റ് നിർമ്മാണം പ്രോത്സാഹിപ്പിക്കും. കള്ളിൽ നിന്ന് മൂല്യവ‍ർദധിത ഉൽപ്പന്നങ്ങള്‍ കുടുംബശ്രീ നിർമ്മിക്കും. ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് കള്ളകൊണ്ടുപോകുന്ന വാഹനങ്ങള്‍ നിരീക്ഷിക്കാൻ സാങ്കേതിക സംവിധാനം കൊണ്ടുവരും. നാടൻ കർഷകരുടെ ഫലവർഗ്ഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കും. വിദ്യാഭ്യാസ – കായികവകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് ലഹരിക്കെതിരെ നടപടി ശക്തമാക്കും. കൂടുതൽ ലഹരിവിമുക്തി കേന്ദ്രങ്ങളും തുടങ്ങാനും മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്.