വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ച് ജപ്പാനും സ്‌പെയ്‌നും . ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ കോസ്റ്ററീക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ജപ്പാന്‍ കുതിപ്പ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായാണ് അവർ നോക്കൗട്ട് ഉറപ്പിച്ചത്.
ഗ്രൂപ്പ് സിയിൽ നിന്നും സാംബിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് രണ്ട് കളികളില്‍ നിന്ന് ആറ് പോയന്റുമായാണ് സ്‌പെയ്‌നിന്റെ നോക്കൗട്ട് പ്രവേശനം. സ്‌പെയ്ന്‍ ആദ്യ മത്സരത്തില്‍ കോസ്റ്ററീക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിര്‍ണയിക്കാന്‍ തിങ്കളാഴ്ച നടക്കുന്ന സ്‌പെയ്ന്‍ – ജപ്പാന്‍ മത്സരം വരെ കാത്തിരിക്കണം.
ആദ്യ മത്സരത്തില്‍ സാംബിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ജപ്പാന്‍ രണ്ടാം മത്സരത്തിലെ ജയത്തോടെ നോക്കൗട്ട് ഉറപ്പിക്കുകയായിരുന്നു. 25-ാം മിനിറ്റില്‍ ഹികാരു നൊമോട്ടോയും 27-ാം മിനിറ്റില്‍ ഓബ ഫുജിനോയുമാണ് ജപ്പാനുവേണ്ടി സ്‌കോര്‍ ചെയ്തത്.
മണിപ്പൂർ കലാപത്തിൽ നടപടിയാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുദ്രാവാക്യം വിളിച്ചു നൽകിയ ആളടക്കമാണ് പിടിയിലായത്. മതവികാരം വ്രണപ്പെടുത്തല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.
വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ പ്രവർത്തകൻ അബ്ദുൽ സലാമിനെയാണ് പുറത്താക്കിയത്. ഇയാളെ അടക്കമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബി.ജെ.പി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്തിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്
തള്ളിപ്പറഞ്ഞും ഖേദം പ്രകടിപ്പിച്ചും നേതൃത്വം
സംഭവത്തിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഖേദം പ്രകടിപ്പിച്ചു. പാർട്ടിയുടെ ആശയങ്ങൾക്ക് വിരുദ്ധമായും മതസൗഹാർദത്തിന് കോട്ടം തട്ടുന്ന രീതിയിൽ പ്രവർത്തിക്കുന്നവരെയും സംഘടനയിൽ വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
റബ്ബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി കസ്റ്റംസ് ഡ്യൂട്ടി 20-ല്‍നിന്ന് 30 ശതമാനമായി കൂട്ടുക മാത്രമാണ് ചെയ്തതെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ലോക്‌സഭയില്‍ മറുപടി നൽകി. ഡീന്‍ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
റബ്ബര്‍ വില 300 രൂപയാക്കി വര്‍ധിപ്പിക്കാനുള്ള രാഷ്ട്രീയ ആവശ്യം വിവാദമായിരുന്നു. ഇതിന് തുടർച്ചയായി നടപടികള്‍ സംബന്ധിച്ച ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. 300 രൂപ എന്ന രാഷ്ട്രീയ ആവശ്യം പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ മറുപടി നല്‍കി.
കേരള സർക്കാർ ആവശ്യപ്പെട്ടിരുന്നു
കേരള സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒരു പാക്കേജിനായി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. അക്കാര്യവും മന്ത്രി സമ്മതിച്ചു. മാത്രമല്ല റബ്ബര്‍ ബോര്‍ഡ് വഴി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇറക്കുമതി ചെയ്യുന്ന റബ്ബര്‍ ആറുമാസത്തിനകം ഉപയോഗിക്കകണം. കോമ്പൗണ്ട് റബ്ബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി വര്‍ധിപ്പിച്ചതായും അവര്‍ പറഞ്ഞു.
തിരിച്ചടിച്ച സഭാ രാഷ്ട്രീയം
റബ്ബര്‍ വില കിലോയ്ക്ക് മുന്നൂറ് രൂപയാക്കിയാല്‍ മലയോര കര്‍ഷകര്‍ ബി.ജെ.പി.യെ പിന്തുണക്കുമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് മണിപ്പുര്‍ കലാപം വംശഹത്യയായി പരിണമിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി. 2002-ലെ ഗുജറാത്ത് കലാപത്തോട് മണിപ്പുരിനെ ഉപമിച്ചു.
ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബീച്ചുകളിലേക്കും മറ്റു ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം പൂര്‍ണമായി നിരോധിച്ച് ഉത്തരവ്. കോഴിക്കോട് ജില്ലയിൽ ഖനന നിരോധനവും രാത്രിയാത്രകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ നിയന്ത്രണം തുടരും.
നിർമ്മാണ മേഖലയിലും നിയന്ത്രണം
ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കും കോഴിക്കോട് ജില്ലയില്‍ പ്രവേശനം നിരോധിച്ചു. ക്വാറി പ്രവര്‍ത്തനങ്ങള്‍, മണ്ണെടുക്കല്‍, ഖനനം, മണലെടുക്കല്‍, കിണര്‍ നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശമുണ്ട്. മലയോര-ചുരം പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം വരുത്തി. രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുവരെയാണ് യാത്രാനിയന്ത്രണം.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് ആവർത്തിച്ചു
മൂന്നാമത്തെ അവസരത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മൂന്നാമതും പ്രധാനമന്ത്രി പഥത്തിൽ എത്തുമെന്ന് ഉറപ്പിച്ചാണ് പ്രസ്താവന. ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ രാജ്യാന്തര എക്സിബിഷന്‍ – കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘എന്റെ മൂന്നാം ടേമില്‍ ഇന്ത്യ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളുടെ കൂട്ടത്തില്‍ നില്‍ക്കും. ഇത് മോദിയുടെ ഉറപ്പാണ്’ – അദ്ദേഹം അവകാശപ്പെട്ടു.
തങ്ങളുടെ ഒന്നാം ടേമില്‍ സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ആദ്യ പത്തില്‍ ആയിരുന്നു. തന്റെ രണ്ടാം മേടില്‍ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍, മൂന്നാം ടേമില്‍ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുമെന്ന് താന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്നും മോദി പ്രസംഗിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി അവകാശപ്പെട്ടു. ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം അവസാനിക്കാനിരിക്കുകയാണെന്ന് അന്താരാഷ്ട്ര ഏജന്‍സികളെ ഉദ്ദരിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കൈക്കൊണ്ട തീരുമാനങ്ങളും നയങ്ങളും രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകുന്നുവെന്ന് ഇത് കാണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കള്ള് ഷാപ്പുകളുടെ പരിഷ്കരണവും വിനോദ സഞ്ചാര സാധ്യത പ്രയോജനപ്പെടുത്തലും പ്രസംഗങ്ങളിൽ കേട്ടു മടുത്ത കേരകർഷകർ പ്രതീക്ഷയിലാണ്. പുതിയ മദ്യനയം സർക്കാർ അംഗീകരിച്ചപ്പോൾ പഴയ വാക്കുകൾ അപ്പടി ആവർത്തിച്ചിട്ടുണ്ട്. നടക്കുമോ മദ്യലോബി അതിനു സമ്മതിക്കുമോ എന്നാണ് കാത്തിരിക്കേണ്ടി വരിക.
പ്രകൃതി ദത്തമായ കള്ളിൽ വിശ്വാസം നഷ്ടപ്പെടുത്താൻ ഇക്കാലമത്രയും മാറിമാറി വന്ന സർക്കാരുകളും കൂട്ടു നിന്നു എന്നതായിരുന്നു കർഷകൻ്റെ അനുഭവം. വണ്ടി കള്ള് എന്നത് എവിടെ നിന്ന് വരുന്നു. അതിൽ എത്ര ഇടനിലകളും കമ്മീഷനും മേൽനോട്ടക്കാശും മറയുന്നു. അതെല്ലാം കഴിഞ്ഞ് ശുദ്ധമായ കള്ള് എവിടെ ലഭിക്കുന്നു എന്നത് സർക്കാരിന് പോലും പറയാൻ പറ്റാത്ത അവസ്ഥയാണ്.
ഗോവൻ ഫെനിയും ശ്രീലങ്കയുടെ കള്ളിൽ നിന്നുള്ള ബ്രാൻ്റുകളും ചത്തീസ്ഗഢിലെ മഹുവയും എല്ലാം ബോട്ടിൽ ചെയ്ത് വിപണി കീഴടിക്കയപ്പോൾ കേരളത്തിലെ കള്ളിന് പ്രിയം ഉണ്ടായിട്ടും വിശ്വാസം നേടാനായില്ല. ഇതിനു പിന്നിൽ വലിയ ഉഗ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ട് തന്നെ ഉണ്ടെന്നത് നാട്ടുകാർ പച്ചയായി പറയുന്ന കാര്യമാണ്.
ഇതിനിടെ നീര അവതരിപ്പിച്ചു പരാജയപ്പെടുത്തി. പലവിധ നിയമ കെട്ടുകളിൽ കുരുക്കിയായിരുന്നു നീര ചെത്തും വിതരണവും. കർഷകർക്ക് സ്വന്തം വിളയിലെ ഒരു ഉല്പന്നം നിർമ്മിച്ച് വിതരണം ചെയ്യാൻ സർക്കാർ വിലങ്ങിട്ടു വെച്ച സംസ്ഥാനം എന്നത് ഭാവിയിൽ ചരിത്രവിദ്യാർഥികൾക്ക് കൌതുകമാവും. നാളികേര ഉൽപാദനവും വിപണി വിലയും തമ്മിൽ കൂറ്റൻ അന്തരമാണ് നിലനിൽക്കുന്നത്. ഏറ്റവും മികച്ച വില കിട്ടിയപ്പോൾ പോലും കൂലി ചിലവ് ലഭിക്കില്ല എന്നതാണ് യഥാർത്ഥ കർഷകൻ്റെ അവസ്ഥ. ഇടനിലക്കാരിലാണ് താങ്ങു വില പോലും ചോർന്നു പോകുന്നത്.
പുതിയ മദ്യനയത്തിൽ കള്ള്
കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കും. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളത്തിൽ എല്ലാ പ്രദേശത്തും സ്ഥലങ്ങൾ കണ്ടെത്തി കള്ള് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും.
കള്ള് ഉൽപാദനം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്ലാന്റേഷൻ അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കും. തെങ്ങിൽ നിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനക്രമീകരിക്കും. കേരളാ ടോഡി എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യും.
കർഷകന് അനുമതിയില്ല, ത്രീ സ്റ്റാർ ആയാൽ അനുമതി
മൂന്ന് സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകൾക്കും, വിനോദ സഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന റിസ്സോർട്ടുകൾക്കും അതാത് സ്ഥാപനങ്ങൾക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉത്പാദിപ്പിച്ച്, അതിഥികൾക്ക് നൽകുന്നതിന് അനുവാദം നൽകും. അതാത് ദിവസങ്ങളിലെ വിൽപ്പനയ്ക്ക് ശേഷം അധികമുള്ള കള്ള് ഒഴുക്കിക്കളയുന്നതിന് പകരം, അതിൽ നിന്നും വിനാഗിരി പോലെയുള്ള മൂല്യ വർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും. കള്ള് കൊണ്ടുപോകുന്നത് കൃത്യമായി നിരീക്ഷിക്കാൻ ട്രാക്ക് ആൻഡ് ട്രെയ്സ് സംവിധാനം നടപ്പിലാക്കും. കള്ള് ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ സ്റ്റാർ പദവി നല്‍കാനും തീരുമാനമായി.
സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപാദിപ്പിക്കും
പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും.
ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും ശുപാർശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം. വിമുക്തി, കള്ളുചെത്ത് മേഖല, വിദേശ മദ്യം എന്നിങ്ങനെ പ്രധാനമായും മൂന്ന് മേഖലകളാണ് നയത്തിലുള്ളത്. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. അവർക്ക് വഴങ്ങി. ഏപ്രിലിൽ പ്രഖ്യാപിക്കാനിരുന്നതാണ്.
മദ്യത്തിന് അടിമയായവർക്ക് ചികിത്സ
ലഹരി മുക്ത പ്രവർത്തനം ശക്തിപ്പെടുത്താനാണ് മദ്യനയം ഊന്നൽ നല്‍കുന്നതെന്ന് മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിമുക്തിയുടെ പ്രവർത്തനങ്ങള്‍ സജീവമായി സ്കൂള്‍തലം മുതൽ നടന്നുവരുന്നുണ്ടെന്ന് സ്കൂളുകളിൽ വിമുക്തി ക്ലബ്ബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, കായികവകുപ്പ്, ആരോഗ്യവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും, ലൈബ്രറി കൌൺസിൽ, റസിഡന്റ് അസോസിയേഷൻ, സാംസ്കാരിക സംഘടനകള്‍ എന്നിങ്ങനെ പൊതുരംഗത്തുള്ളവരെക്കൂടി ഉള്‍പ്പെടുത്തിയും വിമുക്തി പ്രവർത്തനം വ്യാപിപ്പിക്കും.
പഞ്ചായത്തുകളെ ‘വിമുക്തി മാതൃകാ പ്രവർത്തന പഞ്ചായത്ത്’ ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മയക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കുന്നതിന് സഹായിക്കുന്നതിന് വിപുലമായ പഠനം നടത്താൻ സ്റ്റുഡന്റ് പൊലീസിനെ എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം നിയോഗിച്ചിട്ടുണ്ട്. ഉറവിടം, ഉപയോഗിക്കുന്ന ലഹരി പദാർഥങ്ങള്‍, കൗമാരക്കാരെ ആകർഷിക്കുന്നതിനുള്ള കാരണങ്ങള്‍ ഇവയെല്ലാം പഠനവിധേയമാക്കും. ലഹരിക്ക് അടിമപ്പെടുന്നവർക്ക് ചികിത്സ നൽകുന്ന ഡി അഡിക്ഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.
ബിയറും മദ്യവും സംസ്ഥാനത്ത് തന്നെ
വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളിൽ തന്നെ നിർമ്മിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ ക്രമീകരണം വരുത്തും. മദ്യത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന ഉയർന്ന ബ്രാൻഡ് രജിസ്ട്രേഷൻ ഫീസും എക്സ്പോർട്ട് ഫീസും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പുനക്രമീകരിക്കും.
സംസ്ഥാനത്ത് മദ്യ ഉൽപാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോള്‍ കേരളത്തിൽ തന്നെ ഉദ്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകും. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ മദ്യ ഉദ്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പാലക്കാടുള്ള മലബാർ ഡിസ്റ്റിലറിയിലെ മദ്യ ഉൽപാദനം ഈ വർഷം ആരംഭിക്കും.
സംസ്ഥാനത്ത് ലഭ്യമാകുന്ന പഴ വർഗങ്ങളിൽ നിന്ന് (ധാന്യേതരമായ) വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതാണ്.
വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്ററന്റുകള്‍ക്ക് ടൂറിസം സീസണിൽ മാത്രം ബിയർ വൈൻ തുടങ്ങിയവ വിൽപ്പന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിക്കും. സംസ്ഥാനത്ത് നിലവിൽ 559 വിദേശ മദ്യ ചില്ലറ വിൽപ്പന ശാലകള്‍ക്കാണ് അനുമതിയുള്ളത്. എന്നാൽ 309 ഷോപ്പുകളാണ് തുറന്നുപ്രവർത്തിക്കുന്നത്. അവശേഷിപ്പിക്കുന്നവ തുറന്നുപ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കും. ക്ലാസിഫിക്കേഷൻ പുതുക്കി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് മറ്റ് നിയമപരമായ തടസങ്ങളില്ലെങ്കിൽ ക്ലാസിഫിക്കേഷൻ കമ്മിറ്റിയുടെ പരിശോധന നടത്തുന്നത് വരെ ബാർലൈസൻസ് പുതുക്കി നൽകും. ഐടി പാർക്കുകളിൽ വിദേശ മദ്യം വിതരണം ചെയ്യുന്നതിന് ചട്ടഭേദഗതി പുരോഗതിയിലാണ്. ഇതുപോലെ ഐടി സമാനമായ വ്യവസായ പാർക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് അനുവദിക്കുന്നതിന്, വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിർമ്മിക്കും.
ബാർ ലൈസൻസ് ഫീസ് 30,00,000ൽ നിന്ന് 35,00,000 രൂപയായി വർദ്ധിപ്പിക്കും. സീ-മെൻ, മറൈൻ ഓഫീസേഴ്സ് എന്നിവർക്കുള്ള ക്ലബ്ബുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസ് ഫീസ് (FL-4) 50,000ൽ നിന്ന് 2,00,000/- രൂപയായി വർദ്ധിപ്പിക്കും. സംസ്ഥാന ബെവ്റിജസ് കോർപറേഷൻ വഴി വിൽക്കുന്ന മദ്യക്കുപ്പികളിൽ ക്യു ആർ കോഡ് പതിക്കുന്ന നടപടികള്‍ ഈ വർഷം പൂർത്തിയാക്കി, മദ്യവിതരണത്തിൽ സുതാര്യത ഉറപ്പാക്കും.
സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതൽ കാസർകോട് വരെ 8 ജിലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല.
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങും കുടുംബവും കയ്യാളിയിരുന്ന ആധിപത്യത്തിന് വെട്ട്. ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടര്‍ പട്ടികയില്‍നിന്ന് ലൈംഗിക പീഡന കേസിൽ പ്രതിയായ ബി.ജെ.പി. എം.പി. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ ഒഴിവാക്കി. ബ്രിജ് ഭൂഷണ്‍ ശരണിന്റെ ഇളയ മകന്‍ കരണ്‍ പ്രതാപിൻ്റെ പേരും വോട്ടര്‍ പട്ടികയില്‍ ഇത്തവണ ഇല്ല.
ബ്രിജ് ഭൂഷണ്‍ ശരണിന്റെ രണ്ടാമത്തെ മരുമകന്‍ ആദിത്യ പ്രതാപ് സിങ്ങിന്‍റെ പേരും വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ല. ദേശിയ ഗുസ്തി ഫെഡറേഷന്റെ മുന്‍ ജോയിന്റ് സെക്രട്ടറിയാണ് ആദിത്യ പ്രതാപ് സിങ്.
ശേഷിച്ചത് ഇഷ്ടക്കാരും ആജ്ഞാനുവർത്തികളും
എന്നാൽ ഫെഡറേഷനിൽ ശേഷിക്കുന്ന വോട്ടർമാരിൽ വലിയ ഒരു വിഭാഗം ബ്രിജ് ഭൂഷൻ്റെ ആജ്ഞാനുവർത്തികളും ആശ്രിതരുമാണ്. ഇവർ വഴി തിരഞ്ഞെടുപ്പിലെ സ്വാധീനം തുടരും എന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്. ബ്രിജ് ഭൂഷണ്‍ ശരണിന്റെ മകളുടെ ഭര്‍ത്താവ് വിശാല്‍ സിങ് പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. ബിഹാര്‍ ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയിലാണ് വിശാല്‍ പട്ടികയില്‍ എത്തിയിട്ടുള്ളത്.
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടര്‍പട്ടിക തയ്യാറാക്കിയത് ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാര്‍ ആണ്. വോട്ടര്‍ പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ളവര്‍ക്കു മാത്രമേ ഓഗസ്റ്റ് 12-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയൂ.
കേരള പ്രതിനിധികൾ
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ മുന്‍ സെക്രട്ടറി ജനറല്‍ വി.എന്‍. പ്രസൂദും സംസ്ഥാന ഗുസ്തി അസോസിയേഷന്‍ സെക്രട്ടറി ബി. രാജശേഖരന്‍ നായരുമാണ് കേരളത്തില്‍നിന്ന് വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചത്. വി.എം. പ്രസൂദ് രണ്ട് തവണ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ആയിരുന്നു.
സമരക്കാരുമായുള്ള ധാരണ
ഗുസ്തി ഫെഡറേഷന്റെ പുതിയ ഭാരവാഹികളായി ബ്രിജ് ഭൂഷണ്‍ ശരണിന്റെ കുടുംബത്തില്‍നിന്ന് ആരും ഉണ്ടാകരുതെന്ന് സമരത്തിന് നേതൃത്വം നല്‍കിയിരുന്ന ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സമരത്തിൽ നിന്നും പിൻമാറുമ്പോഴുള്ള ധാരണ ഇതായിരുന്നു.
സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍ പക്ഷപാതപരമായി നിലപാട് സ്വീകരിക്കുന്നുവെന്ന പരാമർശവുമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ അധികാര ലോബിയിങ്ങിനെതിരെ സുപ്രീംകോടതി. മുനിസിപ്പല്‍, ടൗണ്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് വനിതാ സംവരണം എന്ന ഭരണഘടനാ പദ്ധതി നടപ്പാക്കാത്ത നാഗാലാന്‍ഡ് സര്‍ക്കാരിനെതിരെ നടപടി സ്വീകരിക്കാത്തതിലാണ് കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനമുണ്ടായത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പോലും വനിതാ സംവരണം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് നോർത്ത് ഈസ്റ്റിൽ. പലതവണ ഇതിനായി ശ്രമം നടത്തി എങ്കിലും കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിക്കയായിരുന്നു. സ്ത്രീകൾ ഏറ്റവും അധികം സാമൂഹിക അധികാരം കയ്യാളുന്ന സംസ്ഥാനങ്ങളാണ്. എന്നാൽ ഇറക്കുമതി ചെയ്യപ്പെട്ട രാഷ്ട്രീയ അധികാരത്തിൽ സ്ത്രീകൾ പുറത്താക്കപ്പെട്ടു. അപൂർവ്വമായി അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കളും ഉന്നതരും ആയ വനിതകൾക്ക് മാത്രമാണ് നോർത്ത് ഈസ്റ്റിൽ രാഷ്ട്രീയ അധികാരത്തിൽ എത്താനായത്. ഇതാണ് സുപ്രീം കോടതി പുതു രൂപത്തിൽ ചോദ്യം ചെയ്യുന്നത്.
ഭരണഘടനാ ലംഘനം എന്ന പ്രശ്നത്തെ കേന്ദ്രം എങ്ങിനെ കാണുന്നു
കേന്ദ്രസർക്കാരുകൾ കാലങ്ങളായി നോർത്ത് ഈസ്റ്റിൽ നേരിടുന്ന പ്രതിസന്ധിയെയും നിസ്സഹായതയേയും ചോദ്യം ചെയ്യകയാണ് സുപ്രീം കോടതി.
മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിങ്ങള്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമ്പോള്‍ സ്വന്തം സര്‍ക്കാരുകള്‍ ഭരണഘടനാ ലംഘനം നടത്തുന്നതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന് ഈ വിഷയത്തില്‍ കൈ കഴുകാനാകില്ലെന്ന് ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് സുധന്‍ഷു ധുലിയ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ‘കേന്ദ്ര സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്നുവെന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കരുത്. ഒരു ഭരണഘടനാ വ്യവസ്ഥ നടപ്പിലാക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ എന്തുപങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ നിന്ന് കൈ കഴുകി പോകാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല. മറ്റു സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് വഴങ്ങാത്ത മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന അതേ പാര്‍ട്ടി (ബിജെപി) അധികാരത്തിലുള്ള സംസ്ഥാനങ്ങളിലോ, കേന്ദ്രം ഇനി എന്താണ് ചെയ്യാന്‍ പോകുന്നത്. ഏതായിരുന്നാലും കൈ കഴുകാന്‍ നിങ്ങളെ അനുവദിക്കില്ല’ കോടതി പറഞ്ഞു.
വനിതാ സംവരണം നടപ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജ് കോടതിയില്‍ വ്യക്തമാക്കി.
ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീസംവരണം നാഗാലാന്‍ഡില്‍ ബാധകമാണോ എന്നും അല്ലെങ്കില്‍ എന്തെങ്കിലും ഇളവുണ്ടോ എന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഏപ്രിലില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല.
യഥാർത്ഥത്തിൽ നോർത്ത് ഈസ്റ്റിൽ ഇതുവരെയായുള്ള ഭരണ കൂടങ്ങൾ അനുഭവിച്ചു വന്ന പ്രതിസന്ധിയെ പുതിയ സാഹചര്യത്തിൽ ചോദ്യം ചെയ്യുകയാണ് കോടതി. മിക്ക സംസ്ഥാനങ്ങളിലും വനിതാ സംവരണം മരീചികയാണ്. പണവും പവറും നിശ്ചയിക്കുന്ന നോർത്ത് ഈസ്റ്റ് രാഷ്ട്രീയത്തിലേക്ക് സുപ്രീം കോടതി എങ്കിലും വൈകിയാണെങ്കിലും എത്തുകയാണ്.
സിപിഎം സെക്രട്ടറി എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പോക്സോ കേസ് സംബന്ധിച്ച പരാമർശം മുൻനിർത്തിയാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തി കെ സുധാകരൻ മാനനഷ്ടകേസ് നൽകി.
എംവി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് കേസ്. മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്ന വാർത്തകളുണ്ടെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
കേസ് നാളെ പരിഗണിക്കും
കേസ് എറണാകുളം സിജെഎം കോടതി നാളെ പരിഗണിക്കാനായി മാറ്റി. ഇതിൽ കൂടുതൽ തന്നെ അപമാനിക്കാനില്ലെന്ന് കെ.സുധാകാരൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ പോലൊരാൾ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരിക്കലും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കാത്ത കേസിലാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. വിധി വന്ന കേസിലാണ് ആരോപണം ഉന്നയിച്ചത്. മനസാ വാചാ അറിയാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. ഏത് കാര്യവും കൃത്യമായി ഫോളോ ചെയ്യുന്ന ആളാണ് താൻ. ക്രിമിനൽ അപകീർത്തി കേസായതിനാലാണ് നേരിട്ട് കോടതിയിൽ ഹാജരായതെന്നും കെ സുധാകരൻ പറഞ്ഞു.
അതിജീവിതയുടെ മൊഴി എന്ന പേരിൽ വന്ന വാർത്ത
മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. താൻ പീഡിപ്പിക്കപ്പെടുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ സുധാകരനെതിരെ എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്. ഇതാണ് കേസിന് ആസ്പദമായിരിക്കുന്നത്.