പ്രസംഗം പിടിവള്ളിയായി, ഷംസീറിനെ മുൻനിർത്തി പുതിയ രാഷ്ട്രീയ കരുനീക്കം

വിശ്വാസങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ച് സ്പീക്കര്‍ എ എൻ ഷംസീറിനെതിരെ പരാതി സമരവുമായി തീവ്ര രാഷ്ട്രീയ സംഘടനകൾ. ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനം. ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും വിശ്വ ഹിന്ദു പരിഷത്ത് നിവേദനം നൽകും.

30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോർഡ് യോഗത്തിൽ മറ്റ് പ്രതിഷേധ പരിപാടികളെ കുറിച്ച് തീരുമാനമെടുക്കും. സ്പീക്കർ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്ന് പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഉണ്ടായതെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ പറഞ്ഞു. സ്പീക്കര്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടിരുന്നു.

പരസ്യ പരാതിയുമായി ബി ജെ പിയും

ഷംസീറിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിജെപിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവ് ആണ് കമ്മിഷണർക്ക് പരാതി നൽകിയത്. ഗണപതി എന്ന ഹൈന്ദവ ആരാധനാമൂർത്തി കേവലം മിത്തു മാത്രമാണെന്ന് ഷംസീർ പ്രസംഗിച്ചതാണ് പരാതിയായി രേഖപ്പെടുത്തിയിട്ടുള്ളത്. യുക്തിചിന്ത വളർത്തുകയാണ് എന്ന വ്യാജേന ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് സ്പീക്കര്‍ ചെയ്യുന്നതെന്ന് ബിജെപി നേതാവിന്‍റെ പരാതിയിൽ ആരോപിക്കുന്നു.

ഇതിനിടെ ഷംസീര്‍ പരസ്യമായി ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മണിക്ക് പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.

ശാസ്ത്ര ചിന്ത ആഹ്വാനം ചെയ്തു, മിത്തുകളിൽ രാഷ്ട്രീയം പടർന്നു

ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം പുരാണത്തിലെ മിത്തുകളാണ് ശാസ്ത്രമെന്ന പേരിൽ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞു.

വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സർജറിയുമെല്ലാം പുരാണ കാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്. എന്നാൽ, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക സമൂഹത്തെ മിത്തുകളിൽ ബന്ധിക്കലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മണിപ്പൂർ വിഷയത്തിൽ വാതുറക്കാതെ പ്രധാനമന്ത്രി, പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ദം

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തില്ലെന്ന വാശി തുടരവെ കേന്ദ്രസർക്കാർ തുടരുന്നതാണ് ഇന്നും പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.

മണിപ്പൂർ വിഷത്തിൽ നിസ്സംഗത തുടരവെ രാജസ്ഥാനിലെ ലൈംഗിക അതിക്രമം ചൂണ്ടിക്കാട്ടി ഹ്രസ്വ ചർച്ചയ്ക്ക് ബിജെപി നേതാക്കൾ നൽകിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ പറഞ്ഞു. ഇത് കനത്ത പ്രതിഷേധത്തിന് ഇടയാക്കി.

രാവിലെ ചേർന്ന ഇന്ത്യ സഖ്യത്തിൻ്റെ യോഗത്തിൽ അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്നതിനുള്ള ആലോചന നടന്നു. അവിശ്വാസ പ്രമേയമാണെങ്കിൽ പ്രധാനമന്ത്രിക്ക് മറുപടി നൽകേണ്ടി വരുമെന്നാണ് വിലയിരുത്തൽ. പാർട്ടികൾക്കുള്ളിൽ ചർച്ച നടന്ന ശേഷം ഇക്കാര്യം തീരുമാനിക്കും.

മണിപ്പൂരിൽ മൌനം പ്രതിപക്ഷത്തിന് പരിഹാസം

ബിജെപി പാർലമെൻററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പ്രതിപക്ഷത്തിന് ദിശാബോധമില്ലെന്ന് ആഞ്ഞടിച്ചു. ഇന്ത്യ എന്ന പേര് സഖ്യത്തിന് നൽകിയതു കൊണ്ട് എല്ലാമായെന്നാണ് പ്രതിപക്ഷം കരുതുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദ്ദീനിലും പോപ്പുലർ ഫ്രണ്ടിലും ഇന്ത്യയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പ്രതിപക്ഷ സഖ്യത്തെ ഇവയോട് പരോക്ഷമായി ഉപമിച്ചു.

ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിനെ സസ്പെൻഡ് ചെയ്തതിനെതിരെ പാർലമെൻറ് വളപ്പിലെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. രാത്രിയിലും പ്രതിപക്ഷ അംഗങ്ങൾ ധർണ്ണ തുടർന്നിരുന്നു. മണിപ്പൂരിലെ കാഴ്ചകൾ തിരിച്ചടിയായിരിക്കുമ്പോഴും പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്ന ആവശ്യത്തിന് വഴങ്ങേണ്ടെന്നാണ് എൻഡിഎ തീരുമാനം.

അതിനിടെ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധി രംഗത്ത് വന്നു. മോദിക്ക് ഞങ്ങളെ എന്തുവേണമെങ്കിലും വിളിക്കാം. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരില്‍ ഞങ്ങള്‍ സമാധാനം കൊണ്ടുവരും. സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീര്‍ തുടയ്ക്കും. ഇന്ത്യയെന്ന ആശയത്തെ മണിപ്പൂരില്‍ വീണ്ടും പടുത്തുയർത്തുമെന്നും രാഹുല്‍ഗാന്ധി വെല്ലുവിളിച്ചു.

ഐ ആർ സി ടി സി സൈറ്റ് പണിമുടക്കി, യാത്രക്കാർ കുരുങ്ങി

റെയിൽവേ യാത്രക്കാർ ഏറ്റവും അധികം ആശ്രയിച്ചിരുന്ന ഐ ആർ സി ടി സി സൈറ്റ് പണിമുടക്കി. സാങ്കേതിക തകരാർ അണെന്നും പുനസ്ഥാപിക്കാനായുള്ള ശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് സൈറ്റ് വഴിയും ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല.

ചൊവ്വാഴ്ച പത്തുമണിയോടെയാണ് ടിക്കറ്റ് സേവനത്തില്‍ തകരാറുള്ളതായി ഐ.ആര്‍.സി.ടി.സി. അറിയിച്ചത്. രാവിലെ എട്ടുമണിയോടെ തന്നെ പലര്‍ക്കും ടിക്കറ്റ് ബുക്കിങ്ങില്‍ സാങ്കേതിക പ്രശ്‌നം നേരിടുന്നതായി പരാതിയുണ്ടായിരുന്നു.

വട്ടം കറക്കുന്ന സൈറ്റ്, പുതുക്കിയപ്പോൾ പരസ്യങ്ങളുടെയും സാങ്കേതികതയുടെയും കുരുക്ക്

നേരത്തെ വളരെ എളുപ്പം ടിക്കറ്റ് ബുക്കിങും അനുബന്ധ സൌകര്യങ്ങളും ലഭിച്ചിരുന്ന സൈറ്റാണ് ഐ ആർ സി ടി സിയുടെത്. എന്നാൽ പിന്നീട് സൈറ്റ് പരിഷ്കരിച്ചു. പരസ്യങ്ങൾ ഉപയോഗിച്ചുള്ള കാപ്ച്ചയും വട്ടം കറക്കുന്ന സ്റ്റെപ്പുകളും കൂട്ടിച്ചേർത്തു. കാശ് മുൻകൂട്ടി പേ ചെയ്താൽ പിന്നീട് അക്കൌണ്ട് പുതുക്കാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള പലവിധ ആശയ കുഴപ്പങ്ങൾ സൃഷ്ടിച്ചു. ഇതോടെ വലിയ തോതിൽ ഉപയോക്താക്കൾ വിട്ടു പോയി. ഇപ്പോൾ സൈറ്റ് തന്നെയും നിലച്ചിരിക്കയാണ്.

ടിക്കറ്റ് ബുക്കിങ്ങിനായി ആമസോണ്‍, മെയ്ക്ക് മൈട്രിപ്പ് പോലുള്ള സൈറ്റുകളേയും ആപ്പുകളേയും ആശ്രയിക്കാം. സാങ്കേതിക വിഭാഗം തകരാര്‍ പരിശോധിച്ചുവരികയാണ്. സേവനം പുനഃസ്ഥാപിച്ചാല്‍ ഉടന്‍ അറിയിക്കാമെന്നും ഐ.ആര്‍.സി.ടി.സി. അറിയിച്ചു.

വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മകളുടെ മകൻ അറസ്റ്റിൽ

തൃശൂര്‍ വടക്കേക്കാട് വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മകളുടെ മകൻ അറസ്റ്റിൽ.

പനങ്ങാവില്‍ അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. മകളുടെ മകനായ അക്മലാണ് പിടിയിലായത്. ലഹരി ഉപയോഗിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

നാടിനെ നടുക്കിയ ക്രൂരത

വടക്കേക്കാടിനടുത്ത് വെലത്തൂരില്‍ ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. എഴുപത്തിയഞ്ചുകാരന്‍ അബ്ദുള്ളയും  അറുപത്തിനാല് കാരി ഭാര്യ ജമീലയും കൊച്ചുമകന്‍ അക്മലുമായിരുന്നു ഇവിടെ താമസം.

വൃദ്ധ ദമ്പതികളുടെ മകളുടെ മകനാണ് അക്മല്‍. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് മകൾ പുനര്‍ വിവാഹം ചെയ്ത് കൊല്ലത്താണ് താമസിക്കുന്നത്. അക്മൽ വൃദ്ധ ദമ്പതികളുടെ സംരക്ഷണയിലുമായിരുന്നു. മംഗലാപുരത്ത് ഡിഗ്രി പഠനത്തിനായി പോയത് മുതല്‍ ഇയാള്‍ ലഹരിക്കടിമയായിരുന്നെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. പഠനം പാതിവഴിയിലുപേക്ഷിച്ച് മടങ്ങിയെത്തിയ അക്മല്‍ പണത്തിനായി വൃദ്ധ ദമ്പതികളെ സമ്മർദ്ദത്തിലാക്കാറുണ്ട് എന്നു പറയുന്നു.

മനോനില തെറ്റിയ അക്മലിനെ തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. നാല് മാസം മുമ്പാണ് തിരികെയെത്തിച്ചത്.

കഴുത്തറുത്ത് കോണിപ്പടിയിൽ വെച്ചു

ഇന്ന് രാവിലെ ഭക്ഷണവുമായി തൊട്ടടുത്ത് താമസിക്കുന്ന മകനെത്തിയപ്പോഴാണ് അരും കൊല പുറം ലോകം അറിഞ്ഞത്. ജമിലയുടെ കഴുത്തറുത്ത് കോവണിപ്പടിയില്‍ വച്ച നിലയിലായിരുന്നു. കാണാതായ അക്മലിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് മംഗലാപുരം ഭാഗത്ത് നിന്നും പിടിയിലാവുന്നത്.

പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

കണ്ണൂർ കോഴിക്കോട് വയനാട് ജില്ലകളിൽ ചൊവ്വാഴ്ചയും വിദ്യാലയങ്ങൾക്ക് അവധി

0

കാലവർഷം തീവ്രമാകുന്ന സാഹചര്യത്തിൽ കണ്ണൂർ കോഴിക്കോട് വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ഐ.സി.എസ്.സി./സി.ബി.എസ്.ഇ. സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) ചൊവ്വാഴ്ച (25.07.2023) അവധി പ്രഖ്യാപിച്ചതായി കലക്ടർ അറിയിച്ചു. എന്നാൽ പി.എസ്.സി. പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല.

ട്വിറ്ററിൻ്റെ കിളി പോയി ഇനി X, ഓൺലൈൻ രംഗത്തെ ഏറ്റവും വലിയ ബ്രാൻ്റ് മാറ്റം

ട്വിറ്റർ അടിമുടി മാറി. കിളിയിൽ നിന്നും എക്സിലേക്കുള്ള മാറ്റം കമ്പനിയുടെ അടുമുടി പതുക്കലായി. ഇലോൺ മസ്കും സംഘവും ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇത്രയും വരില്ലെന്നായിരുന്നു ചർച്ചകൾ. 

പേരും മാറി ലോഗോയും മാറി

ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു.  പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയെ വരവേറ്റിരിക്കുകയാണ് ട്വിറ്റര്‍. ‘കിളി’ പോയി ഇനി ‘എക്സ്’ എന്ന് അറിയപ്പെടും.

വെബ്സൈറ്റിൽ നിന്ന് കിളിയും പേരും പുറത്തായിക്കഴിഞ്ഞു. മൊബൈൽ ആപ്പുകളിൽ മാറ്റം വൈകാതെയെത്തുമെന്നാണ് പ്രഖ്യാപനം. ആശയങ്ങളും സേവനങ്ങളും അവസരങ്ങളും ഒത്തുചേരുന്ന ഇടമായി എക്സ് മാറുമെന്ന് ട്വിറ്റർ സിഇഒ ലിൻഡ യക്കാറിനോ പ്രതികരിച്ചു.

മറ്റൊരു കമ്പനിക്കും ചിന്തിക്കാൻ പോലുമാകാത്ത ഒരു റീ ബ്രാൻഡിങ്ങാണ്. എക്സ്. കോം എന്ന ഓൺലൈൻ ബാങ്കിങ്ങ് വെബ്സൈറ്റുമായാണ് മസ്ക് ഐടി രംഗത്ത് ആദ്യമായി ചുവടുറപ്പിച്ചത്. എക്സും കോൺഫിനിറ്റിയും ചേർന്ന് പിന്നീട് പേ പാലായി മാറി. പേ പാലിനെ വിറ്റപ്പോൾ എക്സ്.കോം എന്ന ഡൊമൈൻ മസ്ക് സ്വന്തം പേരിലാക്കി. ഇപ്പോൾ ട്വിറ്റർ ചുരുങ്ങുന്നത് ആ ഡൊമെയ്നിലേക്കാണ്. എക്സ്,കോം എന്ന് ടൈപ്പ് ചെയ്താൽ ഇപ്പോൾ ട്വിറ്റർ.കോമിലേക്ക് വഴി തുറക്കും. വൈകാതെ എക്സ്.കോം ആ സമൂഹമാധ്യമത്തിന്റെ ഒന്നാം വിലാസമായി മാറും. ട്വിറ്ററെന്ന പേരും ഓർമ്മയാകും.

ചൈനയിലെ വീചാറ്റ് മാതൃകയിൽ പണമിടപാടും, മെസേജിങ്ങും, വീഡിയോയും എല്ലാം ഒത്തു ചേരുന്നൊരു സൂപ്പർ ആപ്പാണ് എക്സിൽ വരുന്നത്.
ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറുകളിൽ പേര് മാറ്റം എങ്ങനെ നടപ്പാക്കുമെന്നാണ് ഇനി അറിയേണ്ടത്. ആപ്പിൽ എത്ര നാൾ എടുക്കും എന്നു വ്യക്തമല്ല.

ഓണക്കിറ്റ് ഉണ്ടാവും എന്നാൽ എല്ലാവർക്കും ഇല്ല; ധനമന്ത്രി

സപ്ലൈക്കോയ്ക്ക് ഈയാഴ്ച തന്നെ കുറച്ച് തുക അനുവദിക്കും. എന്നാൽ ഓണക്കിറ്റിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കോവിഡിന്റെ സമയത്ത് ലഭിച്ചിരുന്നതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണ ലഭിക്കില്ല. മാത്രമല്ല മുന്‍പ് എല്ലാവര്‍ക്കും നല്‍കിയതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളാണ് പൊതുമേഖലയെ ആകെ ബാധിക്കുന്നത്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പിന്തുണ നല്‍കുകയുമാണ് ചെയ്യുന്നത്.

കെ.എസ്.ആര്‍.ടി.സി.ക്ക് ശമ്പളത്തിനും പെന്‍ഷനുമായി ഒരുമാസം 120 കോടി രൂപയിലധികമാണ് ചെലവുവരുന്നത്. അത് സ്ഥിരമായി നല്‍കാമെന്ന് സര്‍ക്കാര്‍ ഏറ്റിട്ടില്ല. എന്നാല്‍ നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. കേന്ദ്രത്തില്‍നിന്ന് മുന്‍പ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന നികുതി വിഹിതം ഇപ്പോള്‍ ലഭിക്കുന്നില്ല. അത് ലഭിച്ചാല്‍ത്തന്നെ പ്രതിവര്‍ഷം 20,000 കോടി രൂപ അധിക വരവുണ്ടാകും. ഈ പണം കേരളത്തിന് ലഭിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓ… അർജൻ്റീന; വനിതാ ലോക കപ്പിലെ ആദ്യമത്സരത്തിൽ അവസാന നിമിഷത്തിൽ ഇറ്റലിയുടെ ആദ്യ ഗോൾ

വനിതാ ഫുട്‌ബോള്‍ ലോകകപ്പിലെ കന്നിയങ്കത്തിൽ അര്‍ജന്റീന വീണു. ഗ്രൂപ്പ് ജിയിൽ ടൂർണമെൻ്റിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇറ്റലിയാണ് അര്‍ജന്റീനയ്ക്ക് ഷോക്ക് നൽകിയത്. നിശ്ചിത സമയം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു ഇടിവെട്ട്.ക്രിസ്റ്റീന ജിറെല്ലിയാണ് ഇറ്റലിയുടെ കപ്പിലെ തന്നെ ആദ്യഗോൾ പായിച്ചത്.

വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ 10 മത്സരങ്ങള്‍ മാത്രം കളിച്ച അര്‍ജന്റീനയ്ക്ക് ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാനായിട്ടില്ല. രണ്ട് മത്സരങ്ങള്‍ സമനിലയായപ്പോള്‍ എട്ടിലും തോറ്റു.

പകരക്കാരിയായി ഇറങ്ങി വലകുലുക്കി

83-ാം മിനിറ്റില്‍ പകരക്കാരിയായി കളത്തിലിറങ്ങി നാല് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു ജിറെല്ലിയുടെ ഗോള്‍. ഇടതുവിങ്ങില്‍ നിന്ന് ലിസ ബോട്ടിന്‍ നല്‍കിയ ക്രോസ് ഒരു ഹെഡറിലൂടെ ജിറെല്ലി സാക്ഷാത്കരിക്കയായിരുന്നു.

കോഴിക്കോടും വയനാടും വിദ്യാലയങ്ങൾക്ക് നാളെ അവധി

കോഴിക്കോട് വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 24) അവധിയാണ്. ഈ ജില്ലകളിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല.

അവധിയായതിനാൽ കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

പൊതു രംഗത്തേക്കില്ലെന്ന് അച്ചു ഉമ്മൻ, പുതുപ്പള്ളി ചാണ്ടി ഉമ്മന് ഉറപ്പിക്കാൻ നീക്കം തുടങ്ങി

രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് അച്ചു ഉമ്മൻ ഇക്കാര്യം അറിയിച്ചത്. സഹോദരന്‍ ചാണ്ടി ഉമ്മന്റെ പേര് മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാൽ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും അച്ചു ഉമ്മന് പറഞ്ഞു.

പറഞ്ഞും പറയാതെയും സുധാകരൻ

ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ കുടുംബവുമായി ആലോചിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പിന്നീട് തിരുത്തി.

ഇതിനിടെയാണ് മത്സരത്തിനില്ലെന്ന് അറിയിച്ച് അച്ചു ഉമ്മന്‍ രംഗത്തെത്തിയിരിക്കുന്നത്’ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയുള്ള ആളാണ്. എന്നാല്‍ സ്ഥാനാര്‍ഥി ആരാകണം എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് എന്ന് പറഞ്ഞ് ഉറപ്പിക്കയും ചെയ്തു.

തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഇത്ര നേരത്തെ വേണ്ടിയിരുന്നില്ല എന്നും കൂട്ടിച്ചേർത്തു.