മണിപ്പൂരിലെ കായികതാരങ്ങൾക്ക് തമിഴ്നാട്ടിലേക്ക് വരാം, സൌജന്യ പരിശീലനം വാഗ്ദാനം ചെയ്ത് സ്റ്റാലിൻ

കലാപബാധിത മണിപ്പുരില്‍നിന്നുള്ള കായികതാരങ്ങൾക്ക് തമിഴ്‌നാട്ടിലേക്ക് വരാം. സൌജന്യ പരിശീലനം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ മകനും കായികവകുപ്പുമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിര്‍ദേശം നല്‍കിയതായും സ്റ്റാലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

മികച്ച താരങ്ങൾ കലാപ കുരുക്കിൽ

താരങ്ങള്‍ക്ക് ഖേലോ ഇന്ത്യ, ഏഷ്യന്‍ ഗെയിംസ് പോലുള്ള കായികപരിപാടികള്‍ക്ക് സജ്ജരാകാനുള്ള സാഹചര്യമല്ല മണിപ്പുരില്‍ നിലവിലുള്ളത്. 2024 ഖേലോ ഇന്ത്യയുടെ ആതിഥേയര്‍ തമിഴ്‌നാടാണ്. മണിപ്പുരില്‍നിന്നുള്ള കായികതാരങ്ങള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള സൗകര്യങ്ങള്‍ തമിഴ്‌നാട് കായികവകുപ്പിന്റെ ഭാഗമായി ഒരുക്കിക്കൊടുക്കുമെന്ന് ഉദയനിധി സ്റ്റാലിനും പ്രഖ്യാപിച്ചു.

ചാമ്പ്യന്മാരെയും പ്രത്യേകിച്ച് വനിതാ ചാമ്പ്യന്മാരെയും സൃഷ്ടിക്കുന്നതില്‍ മണിപ്പുര്‍ മുന്നിലാണ്. ഏറെ ആശങ്കയോടെയും വേദനയോടെയുമാണ് സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികളെ തമിഴ്‌നാട് നോക്കിക്കാണുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

സ്നേഹവും കരുതലുമാണ് തമിഴ് സംസ്കാരത്തിന്‍റെ മുഖമുദ്രയെന്ന് പറഞ്ഞ സ്റ്റാലിൻ, “എല്ലാ സ്ഥലവും എന്‍റേതാണ്, എല്ലാ ആളുകളും എന്‍റെ ബന്ധുക്കളാണ്” എന്ന പ്രസിദ്ധ വചനവും ചൂണ്ടിക്കാട്ടി. മണിപ്പൂർ കായികതാരങ്ങൾക്ക് തമിഴ്‌നാട്ടിൽ പരിശീലനം നൽകുന്നതിനുള്ള നിർദേശത്തിന്‍റെ അടിസ്ഥാനം ഇതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പരിശീലനം നടത്താനാകുന്നില്ലെന്ന പരാതിയുമായി മണിപ്പൂരിലെ നിരവധി കായിക താരങ്ങൾ രംഗത്തുവന്നിരുന്നു.

ഉമ്മൻചാണ്ടിയുടെ ഇന്ദിരാഭവനിലെ പൊതുദർശനത്തിനിടെ വ്യാപകമായ പോക്കറ്റടി, പിന്നിൽ ക്രിമിനൽ സംഘമെന്ന് സംശയം

 ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെ.പി.സി.സി. ഓഫീസിലെ ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ വ്യാപകമായ പോക്കറ്റടി. തടിച്ചുകൂടിയ ആളുകളില്‍ പലരുടെയും പഴ്‌സ് നഷ്ടപ്പെട്ടു. ഇവയിൽ പതിനഞ്ചോളം പഴ്‌സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായി അധികൃതര്‍ അറിയിച്ചു. കാശ് കൈക്കലാക്കിയ ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

ആള്‍ക്കൂട്ടത്തില്‍ പഴ്‌സ് നഷ്ടപ്പെട്ടെന്നറിയിച്ച് മുഹമ്മദ് സഫര്‍ എന്നയാള്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനിലടക്കം പരാതി നല്‍കിയിരുന്നു. പത്തോളം പഴ്‌സുകള്‍ പലയിടങ്ങളിൽ നിന്നായി ലഭിച്ചത് സ്റ്റേഷനിലും എത്തിച്ചിരുന്നു. കെ.പി.സി.സി. ഓഫീസിന്റെ പരിസര പ്രദേശങ്ങളില്‍നിന്ന് കിട്ടിയ പഴ്‌സുകളിലും പണമുണ്ടായിരുന്നില്ല. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡടക്കമുള്ള രേഖകളൊന്നും നഷ്ടപ്പെട്ടിരുന്നില്ല.

കെ.പി.സി.സി. ഓഫീസിനു പരിസരത്തെ ഹോട്ടലുകളിലും ഉപേക്ഷിക്കപ്പെട്ട കുറച്ച് പഴ്‌സുകൾ ലഭിച്ചിരുന്നു. ആള്‍ക്കൂട്ടത്തില്‍ നഷ്ടപ്പെട്ടതാണെന്നു കരുതി പരാതി നല്‍കാത്തവരുമുണ്ടെന്നാണ് വിലയിരുത്തല്‍.

പോക്കറ്റടിക്ക് പിന്നിൽ ഒരു സംഘം തന്നെ പ്രവർത്തിച്ചിരിക്കാം എന്നാണ് കരുതുന്നത്. ഇത്രയും അധികം മോഷണങ്ങൾ ഒരാൾ നടത്തുക പ്രായോഗികമല്ല എന്നാണ് വിലിയിരുത്തുന്നത്. ഇതു പ്രകാരം ഏതോ ക്രിമിനൽ സംഘം ഇത്തരം സന്ദർഭം മുതലെടുക്കുന്നു എന്നാണ് മനസിലാക്കുന്നത്.

ശോഭാ സുരേന്ദ്രന് എതിരെ പരാതിയുമായി ബി ജെ പി സംസ്ഥാന ഘടകം

 ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ബി ജെ പിയിലെ ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചു. പാര്‍ട്ടിയേയും നേതാക്കളെയും ശോഭാ സുരേന്ദ്രന്‍ അവഹേളിക്കുന്നു എന്നാണ് ഔദ്യോഗിക വിഭാഗം പരാതിപ്പെടുന്നത്. വി. മുരളീധരനും കെ. സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം നടത്തിയ പരോക്ഷ പ്രയോഗങ്ങളാണ് ചേരിതിരിവ് രൂക്ഷമാക്കിയത്.

ഇതിന് തുടർച്ചയായി പരസ്യപ്രസ്താവനകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും പരാതി പാര്‍ട്ടി വേദികളില്‍ പറയണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ തുറന്നടിച്ചിരുന്നു. ആരാണ് ഈ സുധീര്‍ എനിക്ക് ഒരു സുധീറിനേയും അറിയില്ല എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.

വെള്ളിയാഴ്‌ച കോഴിക്കോട്ട്‌  ബിജെപി രാപകൽ സമരം ഉദ്‌ഘാടനത്തിന് ശോഭ സുരേന്ദ്രനെ കൊണ്ടുവന്നത് വിവാദമായിരുന്നു. പി കെ കൃഷ്‌ണദാസ്‌ പക്ഷമാണ്‌  ശോഭയെ പരിപാടികളിലേക്ക്‌ ക്ഷണിച്ചത്.

സുരേന്ദ്രനുള്‍പ്പടെ ഔദ്യോഗിക പക്ഷത്തുള്ള നേതാക്കള്‍ക്കെതിരെ പരാതിയുമായി ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എതിര്‍പക്ഷം.ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷും പ്രകാശ് ജാവദേക്കറും ശോഭാ സുരേന്ദ്രനുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ബിജെപി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.

കൊടകര കുഴല്‍പ്പണക്കേസ് പ്രതി ധര്‍മരാജുമായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുള്ള ബന്ധം അന്വേഷിക്കണം, ഔദ്യോഗിക വിഭാഗത്തിലെ പല നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ശ്രോതസ്സും അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളാണ് എതിർ പക്ഷം ആവശ്യപ്പെടുന്നത്. സുരേന്ദ്രന്‍ ഉള്‍പ്പടെ ഔദ്യോഗിക വിഭാഗത്തിലുള്ള പല നേതാക്കളും അതിവേഗമാണ് സമ്പന്നരായതെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ നേതാക്കളുടെ ആസ്തി കുത്തനെ കൂടിയെന്നും പരാതിയിലുണ്ട്.

പി ‍ടി പീരിയഡിൽ പഠനം വേണ്ട, ഉത്തരവ് വിദ്യാർഥികളുടെ പാരാതിയിൽ

ഫിസിക്കൽ ട്രെയിനിങ് പീരിയഡുകളിൽ പഠിപ്പ് വേണ്ടന്ന് സർക്കാർ. പി ‍ടി പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മീഷനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.‌

സംസ്ഥാനത്തെ മൂന്ന് മുതൽ പന്ത്രണ്ട് വരെയുളള ക്ലാസുകളിൽ കലാ-കായിക വിനോദങ്ങൾക്കുളള പി ടി പീരിയഡിന്റെ സമയങ്ങളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്ന് ഉത്തരവിൽ പറയുന്നു. ഇത് സംബന്ധിച്ച് വിദ്യാർത്ഥികളാണ് സംസ്ഥാന ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്.

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ

 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടത്താൻ തീരുമാനം. 2023-24 അധ്യായന വർഷം മുതൽ ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ചിലെ ഒന്നാംവർഷ പൊതു പരീക്ഷകൾക്കൊപ്പമാണ് നടത്തുകയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

നേരത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ചിലെ ഒന്നാംവർഷ പരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ രണ്ടാം വർഷക്കാരായ വിദ്യാർഥികൾ ഒന്നാംവർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു എന്നുള്ള വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം കൂടി പരീക്ഷകൾ മുൻവർഷത്തേതു പോലെ നടത്തുന്നത്.

നവീൻ പട്നായിക്കിന് മുഖ്യമന്ത്രി സ്ഥാനത്ത് പുതിയ റെക്കോർഡ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിസ്ഥാനം വഹച്ചത് ആരാണ്. എന്തായാലും രണ്ടാമത് ഒഡിഷ മുഖ്യമന്ത്രിയായ നവീന്‍ പട്‌നായികാണ്. നേരത്തേ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രി ജ്യോതി ബസുവിനെ പിന്തള്ളിയാണ് നവീന്‍ പട്‌നായിക് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല

സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ്ങാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ആള്‍. 1994 ഡിസംബര്‍ 12 മുതല്‍ 2019 മേയ് 27 വരെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

ദാ ഇന്നാണ് റെക്കോഡ് ഭേദിച്ചത്

അഞ്ചുതവണ ഒഡിഷ മുഖ്യമന്ത്രിയായ നവീന്‍ പട്‌നായിക് നിലവില്‍ ഈ സ്ഥാനത്ത് 23 വര്‍ഷവും 138 ദിവസവും പിന്നിട്ടു. 2000 മാര്‍ച്ച് അഞ്ചിനാണ് അദ്ദേഹം ഒഡിഷ മുഖ്യമന്ത്രിയാകുന്നത്. 1977 ജൂണ്‍ 21-ന് മുഖ്യമന്ത്രിയായ ജ്യോതി ബസു, 2000 നവംബര്‍ അഞ്ചുവരെ 23 വര്‍ഷവും 137 ദിവസവുമാണ് പദവി വഹിച്ചത്‌.

ചാംലിങ്ങിനും ബസുവിനും ശേഷം അഞ്ചുതവണ മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ നേതാവും നവീന്‍ പട്‌നായിക്കാണ്.

ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി 14കാരി സഹോദരിയെ ആക്രമിച്ച കേസിൽ ബന്ധുവിന് വധശിക്ഷ

ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി 14 വയസ്സുള്ള സഹോദരിയെ ആക്രമിക്കയും കുടുംബത്തെ ഗുരുതരമായി പരിക്കേൽപ്പിക്കയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ.

കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവ് മുഹമ്മദ് ഷാനെയാണ്  ഇടുക്കി അതിവേഗ പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 

അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷമാണ്  പ്രതി 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തിൽ വച്ച് ആക്രമിച്ചത്.   പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻറെ ആവശ്യം കോടതി അംഗീകരിച്ചു.  2021 ഒക്ടോബർ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവൽ പൊലീസാണ് കേസിൽ കുറ്റപത്രം സമ‍പ്പിച്ചത്.

കുട്ടിയെ കൊലപ്പെടുത്തിയതിനാണ് 302 വകുപ്പ് പ്രകാരം മരണം വരെ വധശിക്ഷ വിധിച്ചത്. സഹോദരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റത്തിന് പോക്‌സോ ആക്ടിലെ നാല് വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലായി 92 വര്‍ഷം തടവും പിഴയുമാണ്. പിഴയടച്ചില്ലെങ്കില്‍ 11 വര്‍ഷം കൂടെ ശിക്ഷ അനുഭവിക്കണം. ആദ്യം അനുഭവിക്കേണ്ട ശിക്ഷ ജീവപര്യന്തമാണെന്നും കോടതി വ്യക്തമാക്കി.

കുടുംബവഴക്കിന്റെ പേരിൽ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ഇയാൾ ആക്രമിക്കുകയായിരുന്നു. ആറുവയസുകാരൻ അൽതാഫ് ആണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അൽതാഫിന്റെ മാതാവ് സഫിയ, വല്യമ്മ സൈനബ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

സഫിയയെയും മകൻ അൽത്താഫിനെയും ഇയാൾ ആദ്യം ആക്രമിച്ചു. ഇരുവരും മരിച്ചു എന്ന് കരുതിയതിനു ശേഷമാണ് തൊട്ടടുത്ത വീട്ടിൽ ചെന്ന് സഫിയയുടെ മാതാവ് സൈനബയെ ആക്രമിക്കുന്നത്. ഇവരും മരിച്ചു എന്ന് കരുതിയതിനു ശേഷം പ്രതി പെൺകുട്ടിയെയുമായി പുറത്തേക്കെത്തി. ഈ കുട്ടിയെയും കൊലപ്പെടുത്താൻ ഇയാൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം വീടിനു സമീപത്തു നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പൈശാചിക സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുതുവാൻകുടിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം.

അഞ്ച് ദിവസം മഴ

0

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. 

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീന ഫലമായാണ് വരും ദിവസങ്ങളിൽ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സിനിമാ പുരസ്കാരത്തിന് എതിരെ റിയ ഇഷ, ട്രാൻസ് ജെൻഡറിൽ സ്ത്രീകളെ പരിഗണിക്കരുത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ വിയോജിപ്പുമായി ട്രാൻസ്ജെൻഡർ നായിക റിയ ഇഷ. അവാർഡിന് പരിഗണിച്ച വർഷം ട്രാൻസ്ജെൻഡർ സിനിമകളുണ്ടായിരുന്നു. എന്നാല്‍ ആ സിനിമകളെ അവാർഡിൽ തഴഞ്ഞു.

ജൂറി എല്ലാ നോമിനേഷനുകളും കണ്ടില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സ്ത്രീകളെ പരിഗണിക്കരുതെന്നും അവാർഡ് പുനർ പരിശോധിക്കണമെന്നും റിയ ആവശ്യപ്പെട്ടു. നിയമപരമായി മുന്നോട്ട് പോകുമെന്നും റിയ ഇഷ അറിയിച്ചു.

ഈ വർഷത്തെ സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിൽ സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ശ്രുതി ശരണ്യത്തിനാണ്. ബി 32 മുതല്‍ 44 വരെ എന്ന സിനിമയിലൂടെയാണ് പുരസ്‌കാരം ലഭിച്ചത്. വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിത ചിത്രീകരണത്തിലൂടെ ലിംഗസ്വത്വം, ആണ്‍കോയ്മ എന്നിവയെ സംബന്ധിച്ച ശക്തമായ രാഷ്ട്രീയ പ്രസ്താവന മുന്നോട്ടുവെയ്ക്കുന്ന ചിത്രം അണിയിച്ചൊരുക്കിയതിനാണ് ശ്രുതി ശരണ്യത്തിന് പുരസ്‌കാരം ലഭിച്ചത്.

Riya Isha

The first transgender judge of a Lok Adalat, the first transgender college student in Malappuram, the first transgender student to take part in the University of Calicut C-zone fest, a member of Kerala State Human Rights Commission as well as Malappuram Justice Board and a participant of Kerala Fashion League

അക്രമികൾ നഗ്നയായി നടത്തിച്ച് പീഡിപ്പിച്ചത് കാർഗിൽ യുദ്ധവീരൻ്റെ ഭാര്യയെ

മണിപ്പൂരിൽ ആക്രമികൾ ന​ഗ്നയാക്കി നടത്തിച്ച യുവതികളിലൊരാൾ കർ​ഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യ. സുബേദാറായിട്ടാണ് ഇദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചത്. കലാപത്തിൽ വീട് അക്രമികൾ തീയിട്ട് നശിപ്പിച്ചതിനാൽ ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലാണ് 42 കാരിയായ ഇവരിപ്പോൾ കഴിയുന്നത്.

”ജീവിതത്തിൽ ഇതുവരെ നേടിയ സമ്പാദ്യവും അന്തസും അഭിമാനവുമെല്ലാം നഷ്ടമായെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. പൊതുമധ്യത്തിൽ അക്രമികളായ ആൾക്കൂട്ടം തോക്കിൻ മുനയിൽ ഞങ്ങളുടെ വസ്ത്രം അഴിപ്പിച്ചു. വസ്ത്രം അഴിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവർ ഞങ്ങളെ നൃത്തം ചെയ്യിപ്പിക്കുകയും തള്ളിയിടുകയും നടത്തിക്കുകയും ചെയ്തു. വന്യമൃഗങ്ങളെപ്പോലെയാണ് പെരുമാറിയത്”- സൈനികന്റെ ഭാര്യ പറഞ്ഞു. സംഭവ ശേഷം ഭാര്യ  കടുത്ത മാനസിക സമ്മർദ്ദം നേരിടുകയും വിഷാദത്തിലേക്ക് പോകുകയും ചെയ്തെന്ന് സൈനികൻ പറഞ്ഞു. കാർഗിൽ യുദ്ധമുന്നണിയിൽ യുദ്ധം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ എന്റെ സ്വന്തം നാട് യുദ്ധക്കളത്തേക്കാൾ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് 3, 4 തീയതികളിലായി ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം പ്രദേശത്തെ ഒമ്പതോളം ഗ്രാമങ്ങളിൽ റെയ്ഡ് നടത്തുകയും വീടുകളും  പള്ളിയും കത്തിക്കുകയും വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്തു. മെയ് 4 ന് അവർ ഞങ്ങളുടെ ഗ്രാമത്തിൽ വന്നു. വീടുകൾ കത്തിക്കാൻ തുടങ്ങിയപ്പോൾ ​ഗ്രാമവാസികളെല്ലാം പ്രാണനും കൊണ്ടോടി. എന്റെ ഭാര്യയും ഞാനും രണ്ടുവഴിക്കായി. അവളും മറ്റ് നാല് പേരും കാട്ടിലെ ഒരു മരത്തിന് പിന്നിൽ ഒളിച്ചു. അക്രമികളിൽ ചിലരും കാട്ടിലെത്തി. ഭാര്യയെയും മറ്റുള്ളവരെയും അക്രമികൾ കണ്ടുപിടിച്ചെന്നും ഇദ്ദേഹം പറഞ്ഞു. 

മറ്റൊരു യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരുപിതാവിനെയും സഹോദരനെയും അക്രമികൾ കൊലപ്പെടുത്തി. ഭാര്യയും കുറച്ച് പേരും സമീപത്തെ പൊലീസ് വാഹനത്തിൽക്കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അക്രമികൾ അവരെ വാഹനത്തിൽ നിന്ന് വലിച്ചിഴച്ചു. അവർ എന്റെ ഭാര്യയെയും മറ്റ് നാല് പേരെയും കൊണ്ടുപോകുന്നത് എനിക്ക് കാണാമായിരുന്നു. മൂന്ന് സ്ത്രീകളും വസ്ത്രമഴിക്കാൻ നിർബന്ധിതരായി. കൈക്കുഞ്ഞുള്ള യുവതിയെ അവർ പോകാൻ അനുവദിച്ചു.

മറ്റൊരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവളുടെ അച്ഛനും ഇളയ സഹോദരനും എതിർത്തു. അവരെ സംഭവ സ്ഥലത്തുവെച്ചുതന്നെ കൊലപ്പെടുത്തിയെന്നും ഇദ്ദേഹം പറഞ്ഞു. ഈ പെൺകുട്ടിയെ പിന്നീട് പകൽ വെളിച്ചത്തിൽ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. ഞാൻ എന്റെ ഭാര്യയുമായി ഒരു നാഗ ഗ്രാമത്തിൽ എത്തി. പീഡനത്തിനിരയായ പെൺകുട്ടിയെ അവളുടെ കാമുകൻ കൂട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. 

പാർലമെൻ്റ് പ്രക്ഷുബ്ധം

മണിപ്പൂര്‍ കലാപത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ബഹളത്തില്‍ സഭ നടപടികള്‍ സ്തംഭിച്ചു.

ലോക്സഭ തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷം മണിപ്പൂരില്‍ അടിയന്തര  ചര്‍ച്ചയാവശ്യപ്പെട്ടു. പത്തിലേറെ അടിയന്തരപ്രമേയങ്ങള്‍ കൊണ്ടുവന്ന പ്രതിപക്ഷം പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. നിയന്ത്രിക്കാന്‍ സ്പീക്കര്‍ വടിയെടുത്തെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് മന്ത്രി രാജ് നാഥ് സിംഗ് എഴുന്നേറ്റ് ചര്‍ച്ചയുണ്ടാകുമെന്നും, സര്‍ക്കാര്‍ തന്നെ ചര്‍ച്ചയാഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തെ അപലപിച്ചു. നടപടികളിലേക്ക് കടന്ന രാജ്യസഭയും പെട്ടെന്ന് പ്രക്ഷുബ്ധമായി. ബഹളം വച്ച പ്രതിപക്ഷത്തെ ഇരുത്താന്‍ ചെയര്‍മാന്‍ ജഗധീപ് ധന്‍കര്‍ ശ്രമിച്ചെങ്കിലും തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാനടക്കം നേര്‍ക്ക് നേര്‍ പോര്‍ വിളിച്ചു.

മണിപ്പൂരില്‍ പ്രതിപക്ഷം നിലപാട് ശക്തമാക്കുമ്പോള്‍, ഭരണപക്ഷവും തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേതടക്കം കലാപങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാര്‍ ഇരുസഭകളിലും നോട്ടീസ് നല്‍കിയിരിക്കുകയാണ്. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കിയ സംഭവത്തില്‍ പ്രതികരിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെയും, ഛത്തീസ്ഗഡിലെയും സാഹചര്യങ്ങളെ താരതമ്യം ചെയ്ത് സംസാരിച്ചിരുന്നു. അതേസമയം മണിപ്പൂരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കാന്‍ സംയുക്ത പ്രതിപക്ഷ സഖ്യം ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്ന എംപിമാരും മുഖ്യമന്ത്രിമാരും സംഘത്തിലുണ്ടാകും.