വീട്ടമ്മയെ ഭർത്താവിൻ്റെ സഹോദരങ്ങൾ വീട്ടിൽ കയറി വെട്ടിക്കൊന്നു

സാമ്പത്തിക തർക്കത്തിനെ തുടര്‍ന്ന് വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ ഭർത്താവിൻ്റെ സഹോദരങ്ങൾ ചേർന്ന് വെട്ടിക്കൊന്നു. അയിരൂര്‍ കളത്തറ എം.എസ്.വില്ലയില്‍ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി(56)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ലീനയുടെ ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്‌സിന്‍, ഷാജി എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.

ഒന്നരവര്‍ഷം മുന്‍പാണ് ലീനയുടെ ഭര്‍ത്താവ് സിയാദ് മരിച്ചത്. ഇതിനുശേഷം സിയാദിന്റെ പേരിലുള്ള സ്വത്തും വസ്തുവകകളും സംബന്ധിച്ച് ഇവർ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച കേസ് കോടതിയിലുണ്ട്. ഒന്നരമാസം മുന്‍പ് സിയാദിൻ്റെ സഹോദരന്‍ അഹദും കുടുംബവും ലീനയുടെ വീട്ടില്‍ക്കയറി താമസമാക്കി. കേസിന് തുടർച്ചയായി കഴിഞ്ഞദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിരുന്നതാണ്. ഈ ഉത്തരവുമായി പോലീസ് കഴിഞ്ഞദിവസം വീട്ടിലെത്തി. ഇതിനിടയിലാണ് ഞായറാഴ്ച രാവിലെ കൊല പാതകം.

ഞായറാഴ്ച രാവിലെ ഒരു വിവാഹത്തിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ലീനയ്ക്ക് നേരേ ബന്ധുക്കള്‍ ആക്രമണം നടത്തിയത്. ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി, മുഹ്‌സിന്‍ എന്നിവര്‍ ചേര്‍ന്ന് ലീനയെ കമ്പിപ്പാര കൊണ്ട് അടിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.

അഹദിന്റെ ഭാര്യയും വീട്ടമ്മയെ ആക്രമിച്ചതായാണ് സാക്ഷി മൊഴി. ലീനയ്‌ക്കൊപ്പം 20 വര്‍ഷമായി താമസിക്കുന്ന സരസു എന്ന സ്ത്രീയാണ് മൊഴി നൽകിയത്. ഗുരുതരമായി പരിക്കേറ്റ ലീനയെ വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കരട് വന്നിട്ട് മതി സിവിൽ കോഡ് പ്രതികരണങ്ങൾ എന്ന് കോൺഗ്രസ്

ഏക സിവില്‍ കോഡ് വിഷയത്തിൽ കരട് വന്നതിന് ശേഷം മതി പരസ്യ പ്രതികരണങ്ങൾ എന്ന് കോൺഗ്രസ്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസിലെ നിയമ വിദഗ്ധ നേതാക്കള്‍ യോഗം ചേര്‍ന്ന് പാർട്ടിക്ക് നിർദ്ദേശം സമർപ്പിച്ചു. വിഷയത്തില്‍ സൂക്ഷ്മതയോടെ പ്രതികരണങ്ങള്‍ നടത്തണം. കരട് ബില്‍ വന്ന ശേഷം നിലപാട് വ്യക്തമാക്കിയാല്‍ മതിയാവും എന്നുമാണ് ധാരണ.

മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, മനു അഭിഷേക് സിങ്‌വി, മനീഷ് തിവാരി, വിവേക് തന്‍ഖ, കെ.ടി.എസ്. തുളസി തുടങ്ങിയവരാണ് ശനിയാഴ്ച ഏക സിവില്‍കോഡ് ചര്‍ച്ച ചെയ്യാന്‍ ക്ലോസ് ഡോർ മീറ്റിങ് ചേര്‍ന്നത്. നിർദ്ദേശങ്ങൾ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറും.

തിടുക്കത്തില്‍ എതിര്‍പ്പുയര്‍ത്തുന്നതും അനുകൂലിക്കുന്നതും തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ നേരത്തെ കോണ്‍ഗ്രസ് നടത്തിയിരുന്നു. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന് തലവെച്ച് കൊടുക്കാതിരിക്കുക എന്നതാണ് സമീപനം. കരട് ബില്‍ വരുന്നത് വരെ കാത്തിരിക്കാനാണ് നേരത്തെ ഇത് സംബന്ധിച്ച് ആ മാസം ആദ്യം ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ തീരുമാനമായത്. വൈവിധ്യങ്ങള്‍ക്ക് മേലുള്ള ആക്രമണമാണ് ഏക സിവില്‍കോഡെന്ന് യോഗത്തില്‍ അന്ന് അഭിപ്രായം ഉയർന്നിരുന്നു.

‘സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കും അതിനോടുള്ള ഞങ്ങളുടെ യോജിപ്പും വിയോജിപ്പും. തുല്യതയുടെ വശങ്ങളെ പിന്തുണയ്ക്കും. ആത്മര്‍ത്ഥതയോടെയാണോ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണോ നീക്കമെന്ന് തിരിച്ചറിയേണ്ടതുണ്ട്’ എന്നാണ് കോൺഗ്രസ് പ്രതികരണം.

.

എൽ ഡി ക്ലാർക്ക് നിയമനം ലഭിച്ചതായി വ്യാജ രേഖകളുമായി ജോയിൻ ചെയ്യാൻ എത്തിയ യുവതി അറസ്റ്റിൽ

വ്യാജമായി നിർമ്മിച്ച പി.എസ്.സി നിയമന ഉത്തരവുമായി സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി പിടിയിൽ. കൊല്ലം വാളത്തുങ്കൽ സ്വദേശിനി ആർ രാഖിയാണ് പിടിയിലായത്. പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടെന്ന രേഖകൾ വ്യാജമായി നിർമിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ യുവതി പൊലീസിനോട് സമ്മതിച്ചു.

ഒറിജിനലിനെ വെല്ലുന്ന വ്യാജരേഖകളുമായിയാണ് കൊല്ലം വാളത്തുങ്കൽ സ്വദേശി രാഖി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ നിയമനത്തിന് എത്തിയത്. റവന്യൂ വകുപ്പിൽ എൽ.ഡി ക്ലാർക്കായി നിയമനം ലഭിച്ചെന്ന ഉത്തരവുമായി കുടുംബത്തിന് ഒപ്പമാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ രാഖി എത്തിയത്. 2022 ആഗസ്ത് ഒന്നിന് പ്രസിധീകരിച്ച ലിസ്റ്റിൽ 21 ാം റാങ്കാണ് അവകാശപ്പെട്ടത്. യഥാർത്ഥത്തിൽ ഇത് അമൽ എന്ന യുവാവിൻ്റെ അവസരമായിരുന്നു.

തഹസീൽദാർക്ക് തോന്നിയ സംശയം

റവന്യൂവകുപ്പിൽ ജോലി നേടുന്നവരുടെ നിയമന ഉത്തരവിൽ ഒപ്പിടുന്നത് ജില്ലാ കളക്ടറാണ്. എന്നാൽ റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥൻറെ ഒപ്പായിരുന്നു രാഖിയുടെ ഉത്തരവിലുണ്ടായിരുന്നത്. ​ഉത്തരവിൽ സംശയം തോന്നിയ കരുനാഗപ്പള്ളി തഹസീൽദാർ ജില്ലാ പി.എസ്.സി ഓഫീസിനെ സമീപിച്ച ശേഷം എത്താന യുവതിയോട് നിർദേശിച്ചു. ഇതു പ്രകാരം യുവതിക്ക് കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിൽ ഹാജരാവേണ്ടി വന്നു.

പി.എസ്.സിയുടെ റാങ്ക് ലിസ്റ്റ്, പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ, റവന്യൂവകുപ്പിലെ നിയമന ഉത്തരവ് എന്നീ രേഖകൾ പരിശോധിച്ച പി.എസ്.സി ഉദ്യോഗസ്ഥർക്കും സംശയമായി. ഇവർ രാഖിയേയും കൂടെയെത്തിയ ബന്ധുക്കളേയും തടഞ്ഞുവെച്ചു.

പൊലീസ് പി.എസ്.സി ഓഫീസിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചില്ല. പിന്നീട് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയായാണ് കള്ളക്കളിയുടെ ചുരുൾ അഴിയുന്നത്.

എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ 22ാം റാങ്ക് ലഭിച്ചെന്ന റാങ്ക് ലിസ്റ്റ് രാഖി വ്യാജമായി നിർമ്മിച്ചു. ഒൻപത് മാസങ്ങൾക്ക് മുമ്പ് അഡ്വൈസ് മെമോ വ്യാജമായി നിർമിച്ച് സ്വന്തം വിലാസത്തിലേക്ക് അയച്ചു. ഇന്ന് ജോലിക്ക് കയറണമെന്ന് കാട്ടിയുള്ള വ്യാജനിയമന ഉത്തരവും സ്വന്തം വിലാസത്തിലേക്ക് അയച്ചു. മൊബൈൽ ഫോണിൻറെ സഹായത്തോടെ എല്ലാ രേഖകളും വ്യാജമായി നിർമിച്ചതാണെന്ന് പ്രതി സമ്മതിച്ചു.

ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റാരുടെയെങ്കിലും സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പി.എസ്.സി ഉദ്യോഗസ്ഥർ പൊലീസിന് പരാതി നൽകിയിരുന്നു.

CUET UG പരീക്ഷാ ഫലം വന്നു

0

രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനം നേടാനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്(cuet ug 2023) ന്റെ ഫലം യു.ജി.സി പുറത്ത് വിട്ടു. യു.ജി.സി ചെയര്‍മാന്‍ മമിദാല ജഗദേഷ് കുമാര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഫല പ്രഖ്യാപനം നടത്തിയത്.

ഇത്തവണ 14,99,796 വിദ്യാര്‍ത്ഥികളാണ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 11,16,018 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതായും യു.ജി.സി അറിയിച്ചു. കേന്ദ്ര സര്‍വകലാശാലകളടക്കം 249 യൂണിവേഴ്‌സിറ്റികളിലേക്കുള്ള ഏകീകൃത പരീക്ഷയാണ് നടന്നത്. 9 ഘട്ടങ്ങളിലായി രാജ്യത്തിനകത്തും പുറത്തുമുള്ള 253 നഗരങ്ങളില്‍ വെച്ചാണ് ഇത്തവണ പരീക്ഷ നടന്നത്.

പ്രവേശനം റാങ്ക് അടിസ്ഥാനത്തിൽ

ഇരുപത്തി രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇത്തവണ നൂറ് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയിട്ടുണ്ട്. പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

യു.ജി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം 5685 വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയിട്ടുണ്ട്. 4850 വിദ്യാര്‍ത്ഥികള്‍ ബയോളജി സ്റ്റഡീസിനും, 2357 വിദ്യാര്‍ത്ഥികള്‍ ബിസിനസ് സ്റ്റഡീസിനും നൂറ് ശതമാനം മാര്‍ക്ക് കരസ്ഥമാക്കി. അതേസമയം ഇക്കണോമിക്‌സിന് 2836 വിദ്യാര്‍ത്ഥികളും പൊളിറ്റിക്കല്‍ സയന്‍സിന് 1796 പേരും നൂറ് ശതമാനം മാര്‍ക്ക് നേടിയിട്ടുണ്ട്.

മലയാളം, മറാത്തി, ആസാമീസ്, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നട, പഞ്ചാബി, ഒഡിയ, ഉറുദു എന്നിങ്ങനെ 13 ഭാഷകളിലാണ് ഇത്തവണ പരീക്ഷ നടന്നത്.

ഫലം അറിയാൻ

1- ആദ്യം യു.ജി.സിയുടെ cuet.samarth.ac.in എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്യുക.

2- ശേഷം ഹോം പേജിലെ cuet ug 2023 എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക.

3- വിദ്യാര്‍ത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക.

4- സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ റിസള്‍ട്ട് പബ്ലിഷ് ആവുന്നതാണ്.

5- റിസള്‍ട്ട് പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം പേജ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

ബിയർ കുപ്പിപൊട്ടിച്ച് ഭീഷണിപ്പെടുത്തി ചൈൽഡ് ലൈൻ ഓഫീസിൽ നിന്നും 16 കാരിയായ കൂട്ടുകാരിയുമായി കടന്ന യുവാവിനെ കണ്ടെത്തി

റെയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ ജീവനക്കാരിയെ ആക്രമിച്ച അതിഥി തൊഴിലാളി യുവാവിനെയും കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെയും കണ്ടെത്തി. ശനിയാഴ്ച രാവിലെ തൃശ്ശൂര്‍ പുതുക്കാടുനിന്നാണ് ഛത്തീസ്ഗഢ് സ്വദേശികളായ ദീപക് കുമാറി(20)നെയും 16-കാരിയെയും പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി ദുരൂഹസാഹചര്യത്തില്‍ യുവാവിനൊപ്പം സ്റ്റേഷനില്‍ കണ്ടതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ പിടിച്ചുവെക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ ജീവനക്കാരി സിനിയെ ആക്രമിച്ചാണ് പ്രതി കടന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ ജീവനക്കാരിയെ ആക്രമിച്ച് കൂടെവന്ന പെണ്‍കുട്ടിയുമായി ദീപക് കുമാര്‍ കടന്നുകളഞ്ഞത്.

യാത്രക്കാർ സംശയം ഉന്നയിച്ചു

സംഭവത്തെക്കുറിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞത്. ബുധനാഴ്ച രാത്രി ന്യൂഡല്‍ഹി-കേരള എക്സ്പ്രസിലാണ് ഛത്തീസ്ഗഢ് സ്വദേശിയായ യുവാവും പെണ്‍കുട്ടിയും സ്റ്റേഷനിലിറങ്ങിയത്. ഇവര്‍ പുലര്‍ച്ചെ വരുന്ന ധന്‍ബാദ് ട്രെയിനില്‍ പോകാനുള്ളവരാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലെ ജീവനക്കാരന്‍ ഇവരുടെ കാര്യം വീണ്ടും ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഇരുവരെയും ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ അന്വേഷിച്ചു. യുവാവ് തന്റെ ആധാര്‍ കാര്‍ഡ് കാണിച്ചു. എന്നാല്‍, പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍രേഖകളൊന്നും ഉണ്ടായിരുന്നില്ല.

തൃശ്ശൂരിലെ നന്തിക്കരയിലുള്ള സുഹൃത്തിനെ കാണാനാണ് എത്തിയതെന്നാണ് യുവാവ് പറഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചപ്പോള്‍ പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിയുമായി അഞ്ചുദിവസംമുന്‍പ് യുവാവ് നാടുവിട്ടതാണെന്ന് അറിഞ്ഞു. ഏഴുമാസംമുമ്പ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് വീട്ടുകാര്‍ യുവാവ് കുട്ടിയുമായി ബന്ധപ്പെടുന്നതില്‍നിന്ന് വിലക്കിയിരുന്നു. കുട്ടിയെ തങ്ങളെത്തുംവരെ സൂക്ഷിക്കണമെന്ന് വീട്ടുകാര്‍ നിര്‍ദേശിച്ചു. രാവിലെ പത്തിന് ശിശുക്ഷേമസമിതിക്കു മുന്നില്‍ ഹാജരാക്കാനും തീരുമാനമായി.

കൂട്ടുകാരിയെ സനിമാ സ്റ്റൈലിൽ കടത്തിക്കൊണ്ടു പോയി

യുവാവിനെ ഓഫീസിനു പുറത്തും പെണ്‍കുട്ടിയെ അകത്തുമാണ് നിര്‍ത്തിയിരുന്നത്. ഇതിനിടെ കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി വന്ന സമയത്ത് രണ്ട് ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോഴാണ് യുവാവ് പൊട്ടിച്ച കുപ്പിയുമായി അകത്തുകടന്ന് ആക്രമിച്ചത്. സിനിയെ കൂടാതെ കൗണ്‍സലറായ യുവതിയാണ് ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ ഉണ്ടായിരുന്നത്.

സിനിയെ കുനിച്ചുനിര്‍ത്തി കുപ്പിവെച്ച് കുട്ടിയുമായി ഇയാള്‍ ഓടി ട്രെയിനില്‍ കയറി. ബഹളം കേട്ട് മാല പൊട്ടിച്ചോടിയതാണെന്ന് കരുതി ട്രെയിനിലെ യാത്രക്കാരിലൊരാള്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി. ഇതോെട യുവാവ് കുട്ടിയുമായി രണ്ടാം പ്ലാറ്റ്ഫോമില്‍ ചാടിയിറങ്ങിയോടി. ഇതിനിടെ ഇവരെ തടഞ്ഞുനിര്‍ത്താന്‍ ഒരു പോര്‍ട്ടര്‍ ശ്രമിച്ചു. ഉടനെ യുവാവ് പെണ്‍കുട്ടിയുടെ കഴുത്തില്‍ത്തന്നെ കുപ്പിവെച്ച് ഭീഷണിപ്പെടുത്തി ഓടിരക്ഷപ്പെട്ടു.

ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയെ കൂട്ടുകാരൻ കുത്തിക്കൊന്നു

ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ സുഹൃത്തായ യുവാവ് കുത്തിക്കൊന്നു. ആലപ്പുഴ തുറവൂർ സ്വദേശിനി ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. എറണാകുളം അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിയിൽ ആക്രമം നടത്തിയ പ്രതി ആലുവ സ്വദേശി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തിയതായിരുന്നു ലിജി. ഇവരുടെ മുൻ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ് ആശുപത്രിയിലേക്ക് എത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കൈയ്യിൽ കരുതി കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. കുത്തേറ്റ് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് മുറിയുടെ മൂലയിൽ ഇട്ട് കുത്തിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെ നാലാം നിലയിലാണ് കൊലപാതകമുണ്ടായത്. 

ലിജിയുടെ നിലവിളി കേട്ടാണ് ആശുപത്രിയിലുണ്ടായിരുന്നവർ വിവരമറിഞ്ഞത്. ഓടിയെത്തിയ ജീവനക്കാർ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരെയും കത്തിവീശി. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് മഹേഷിനെ പിടികൂടിയത്.  

എം ഡി സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി കെ എസ് ആർ ടി സി എംഡി

കെഎസ്ആര്‍ടിസി എം ഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി  പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് ബിജു പ്രഭാകർ പറഞ്ഞു.20 ന് ഹൈക്കോടതിയിലെ കേസ് പരിഗണിച്ച ശേഷം തീരുമാനമുണ്ടാകും.ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചി വീട്ടിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തിയതിന് പിന്നാലെയാണ് എംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി അദ്ദേഹം സര്‍ക്കാരിന് മുന്നിലേക്ക് എത്തിയത്.

സിഎംഡിയുടെ രാജിസന്നദ്ധത  അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.അങ്ങനെയൊരു കാര്യം സി എം ഡി സംസാരിച്ചിട്ടില്ലസർക്കാർ പ്രഖ്യാപിച്ച പണം കൃത്യമായി നൽകിയാൽ തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസിയിലെ പ്രതിസന്ധി സമ്മതിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി.ബുദ്ധിമുട്ടിലൂടെയും പ്രതിസന്ധിയിലൂടെയും തന്നെയാണ് കടന്ന് പോവുന്നത്.സിഎംഡിയുടെ പ്രതികരണം ശ്രദ്ധയിൽ പെട്ടിട്ടില്ല.സിഎംഡിയുടെ അവധി ആവശ്യം ഔദ്യോഗികമായ വിഷയമാണ്.ഇത് സർക്കാരിന്‍റെ   ശ്രദ്ധയിൽ വന്നിട്ടില്ല.ശമ്പളം നൽകാൻ വൈകിയത് സാങ്കേതിക കാരണങ്ങൾ കൊ

ചന്ദ്രയാൻ പേടകത്തിൻ്റെ സഞ്ചാരം ഭ്രമണപഥം ഉയർത്തുന്ന ഘട്ടത്തിലേക്ക്

ചന്ദ്രയാൻ പേടകത്തിന്‍റെ ഭ്രമണപഥം ഉയർത്തുന്ന ഘട്ടത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രൻ്റെ ഭ്രമണപഥത്തിലേക്ക് ക്രമേണ ചന്ദ്രയാൻ 3 പേടകത്തെ എത്തിക്കുകയാണ് ഇതു വഴി ചെയ്യുക. ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഉച്ചയോടെ ആരംഭിച്ചു. ബെംഗളൂരുവിലെ ഇസ്രൊ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക് വഴിയാണ് ഇനി പേടകവുമായുള്ള ആശയവിനിമയം നടക്കുക. ഇത്തരത്തിൽ നാല് ഭ്രമണപഥ മാറ്റങ്ങളാണ് ആകെ നടക്കാനുള്ളത്. 

അടുത്ത മാസം ഒന്നോടെ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ഇതോടെ ഭൂഗുരത്വ മേഖലയിൽ നിന്ന് മാറി പേടകം ചന്ദ്രൻ്റെ ആകർഷണത്തിലാകും. ആഗസ്റ്റ് 23ന് വൈകിട്ട് 5.47നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്.

ചന്ദ്രമണ്ഡലത്തിലേക്ക് കടന്നാൽ

ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേ‌ർപ്പെടും. ആ​ഗസ്റ്റ് 17നായിരിക്കും ഇത് നടക്കുക.

ലാൻ്റിങ് എന്ന വെല്ലുവിളി

പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് അഞ്ച് നാൽപ്പത്തിയേഴിന് പേടകം ചന്ദ്രനിൽ കാൽ  തൊടുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ്  യു ഗർത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും  റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.

ശസ്ത്രക്രിയാനന്തര മുറിയിലെ പീഡനം; മുഖം തുറന്നു കാണിക്കാൻ ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി അതിജീവിത

പീഡന പരാതി നൽകിയതിന് പിന്നാലെ  സർക്കാർ സംവിധാനങ്ങളിൽ നിന്നുണ്ടായത് ക്രൂരാനുഭവങ്ങളാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽവെച്ച് പീഡനത്തിനിരയായ യുവതി. മെഡിക്കൽ കോളേജ് ജീവനക്കാരനെതിരെ പരാതിയുമായെത്തിയ തന്നോട് മാസ്ക് മാറ്റി മുഖം കാണിക്കാൻ സർക്കാർ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിന് മുന്നിൽ വെളിപ്പെടുത്തി.

വനിതാ കമ്മീഷൻ സിറ്റിംഗിന് പോയി മടങ്ങുമ്പോഴാണ് സംഭവമുണ്ടായത്. ഇതൊരു ഒറ്റപ്പെട്ട സംഭവമോ അനുഭവമോ അല്ലെന്നും ആശുപത്രിയിലെ ഉന്നതരുടെ പിന്തുണയുണ്ടെന്നും അതിജീവിത ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും മെഡി.കോളേജ് റിപ്പോർട്ട് നൽകുന്നതിൽ അനാസ്ഥ കാണിക്കുന്നത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണ്.

പിന്നിലെ ഉദ്യോഗസ്ഥ സംഘത്തെ ആര് അടക്കും

ശസ്ത്രക്രിയ കഴിഞ്ഞ് മയക്കത്തിലായിരിക്കുമ്പോൾ ലൈംഗികാതിക്രമത്തിനിരയായതിനേക്കാൾ വേദനയും അപമാനവുമാണ് താൻ ഇപ്പോഴനുഭവിക്കുന്നതെന്നും അതിജീവിത പറയുന്നു. നാലുമാസത്തിനിടയിൽ ശസ്ത്രക്രിയയുടെ വേദനയുമായി പലവട്ടം സർക്കാർ ഓഫീസുകള്‍ കയറിയിറങ്ങി. കടുത്ത മാനസിക സമ്മർദ്ദത്തിലും പ്രതീക്ഷയോടെയാണ് രണ്ടു വട്ടം വനിതാകമ്മീഷൻ സിറ്റിങ്ങിനെത്തിയത്. മെഡിക്കല്‍ കോളജ് അധികൃതരുടെ നിസംഗതയെത്തുടര്‍ന്ന് രണ്ടു വട്ടവും നിരാശയോടെ മടങ്ങേണ്ടി വന്നു.

മാതൃകാ നടപടി വേണ്ടിടത്ത് ക്രിമിനൽ മൈൻഡുകൾക്ക് വകുപ്പ് സംരക്ഷണം

കേരളത്തിന്‍റെ ആരോഗ്യ മേഖലയ്ക്കാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പ്രതിയായ അറ്റന്റർ ശശീന്ദ്രനെ അറസ്റ്റ് ചെയ്തെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല. മൊഴി മാറ്റാൻ യുവതിയെ ഭീഷണിപ്പെടുത്തിയ ആശുപത്രി ജീവനക്കാരെ തിരിച്ചെടുത്ത നടപടിയും വിവാദമായതോടെയാണ് പിൻവലിച്ചത്. മെഡിക്കൽ കോളേജ് നിരന്തരം തുടരുന്ന അനാസ്ഥ രാഷ്ട്രീയ സമ്മർദ്ദം മൂലമെന്നാണ് അതിജീവിതയുടെ ആരോപണം. അതിനിടെ, കോഴിക്കോട് മെഡി. കോളേജ് വനിതാ കമ്മീഷന് റിപ്പോർട്ട് കൈമാറി. റിപ്പോര്‍ട്ട് വൈകിപ്പിച്ച നടപടി ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കമ്മീഷന്‍ അധ്യക്ഷ പി സതീഡദേവി മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെയാണ് പ്രിന്‍സിപ്പല്‍ എന്‍ അശോകന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മണൽ മാഫിയ ബന്ധം, ചാരപ്രവർത്തനം; ഏഴ് പൊലീസുകാരെ പുറത്താക്കി

മണൽ മാഫിയക്ക് സഹായം ചെയ്ത ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തു. നിലവിൽ കണ്ണൂർ റേഞ്ചിൽ ജോലി ചെയ്യുന്നവരാണ് എല്ലാവരും. മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാർക്കും അഞ്ച് സിവിൽ പോലീസ് ഓഫീസർമാർക്കും എതിരെയാണ് നടപടി.  കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇത് സംബന്ധിചച് ഉത്തരവ് പുറപ്പെടുവിച്ചത്.

കുന്ദംകുളം പോലീസ് സ്റ്റേഷനിലും പേരാമംഗലം, മണ്ണുത്തി ഹൈവേ പട്രോൾ വാഹനങ്ങളിലും ജോലി ചെയ്തുവരവേ മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പോലീസ് ഓഫീസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമാണ് നടപടി.

ഗ്രേഡ് എ എസ് ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറൽ), ഗോകുലൻ സി (കണ്ണൂർ റൂറൽ), സിവിൽ പൊലീസ് ഓഫീസർമാരായ നിഷാർ പി എ (കണ്ണൂർ സിറ്റി), ഷിബിൻ എം വൈ (കോഴിക്കോട് റൂറൽ), അബ്ദുൾ റഷീദ് ടി.എം (കാസർഗോഡ്), ഷെജീർ വി എ (കണ്ണൂർ റൂറൽ), ഹരികൃഷ്ണൻ ബി (കാസർഗോഡ്) എന്നിവരെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്.

മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പൊലീസ് ഓഫീസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമാണ് നടപടി. ഈ പ്രവൃത്തി വഴി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടു.