വെല്ലുവിളികളുടെ കാലത്ത് കൂടെ നിന്നു, വളർന്ന് താരമായപ്പോൾ തഴഞ്ഞു, അക്ഷയ് കുമാറിനെതിരെ ശാന്തിപ്രിയ

താരലോകത്തെ ബന്ധങ്ങളുടെ നിഷ്ഫലത തുറന്നടിച്ച് മുൻകാല നായിക ശാന്തി പ്രിയ. വിവാഹശേഷം അഭിനയരം​ഗം വിട്ട നടി ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് ശ്രമിച്ചപ്പോ പ്രിയപ്പെട്ട സുഹൃത്തിൽ നിന്നും നേരിട്ട അനുഭവമാണ് ബോളിവുഡ് നായിക വിവരിക്കുന്നത്. വിവാഹ ശേഷം തിരിച്ചു വരവിന് ശ്രമിച്ചപ്പോൾ നടൻ അക്ഷയ്കുമാറിൽ നിന്നും നിശ്ശബ്ദതയും നിരുത്സാഹപ്പെടുത്തുന്ന വാക്കുകളുമാണ് ലഭിച്ചത്.

സൂപ്പർതാരമായ അക്ഷയ് കുമാറിൻ്റെ ആദ്യനായിക കൂടിയാണ് അവർ. 1991-ൽ പുറത്തിറങ്ങിയ സൗഗന്ധ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. മുപ്പതോളം ചിത്രങ്ങളിൽ ശാന്തിപ്രിയ ശ്രദ്ധ നേടിയിരുന്നു. അക്ഷയ് കുമാർ വളർച്ചയ്ക്കായി അവരെ ആശ്രയിക്കയും ചെയ്തു.

അടുത്തിടെ ഹോളിഡേ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ശാന്തിപ്രിയ അനുഭവം തുറന്നു പറഞ്ഞത്. അഭിനയത്തിലേക്ക് മടങ്ങിവരാനായി ചാൻസ് ചോദിച്ച് അക്ഷയ് കുമാറിന് നിരവധി തവണ മെസേജ് അയച്ചിരുന്നു. മറുപടി ലഭിച്ചില്ല. അക്ഷയ് കുമാറിനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അമ്മയെ അത് വേദനിപ്പിച്ചു. മെസേജ് അയയ്ക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. അത് അനുഭവം ഹൃദയഭേദകമായിരുന്നു. സിനിമാ മേഖലയിൽ പ്രതീക്ഷവെയ്ക്കേണ്ടെന്ന് മനസിലായെന്നും ശാന്തിപ്രിയ പറഞ്ഞു.

നേരിൽ കണ്ടുമുട്ടി, പക്ഷെ പ്രതികരണം …..

“ഹോളിഡേ സിനിമയുടെ സെറ്റിൽവെച്ചുകണ്ടത് ആ പഴയ അക്ഷയെ തന്നെയായിരുന്നു. അദ്ദേഹമെന്നോട് വിശേഷങ്ങൾ തിരക്കി. എന്റെ മക്കളെക്കുറിച്ചന്വേഷിച്ചു. തന്റെ ആദ്യനായികയാണെന്നുപറഞ്ഞ് നടി സോനാക്ഷി സിൻഹയ്ക്ക് എന്നെ പരിചയപ്പെടുത്തി. ഞാൻ സിനിമയിലേക്ക് തിരികെ വരാൻ ആ​ഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ നിനക്ക് ഒരു മാറ്റവുമില്ലെന്നും എന്നാൽ നായികയാവാൻ പറ്റില്ലെന്നുമാണ് അക്ഷയ് കുമാർ പറഞ്ഞത്. നിങ്ങൾക്ക് ഇപ്പോഴും നായകനായി തുടരാൻ കഴിയുന്നുണ്ടെങ്കിൽ എനിക്ക് എന്തുകൊണ്ട് നായികയായിക്കൂടാ എന്ന് ഞാൻ തിരിച്ചുചോദിച്ചു. വിവാഹത്തിന് മുമ്പ് പരി​ഗണിച്ച പോലെ ആയിരിക്കില്ല അതിന് ശേഷം ഒരു നടിയെ സിനിമാമേഖല പരി​ഗണിക്കുകയെന്നാണ് ഇതിനോട് അക്ഷയ് പ്രതികരിച്ചത്.” ശാന്തിപ്രിയ വ്യക്തമാക്കി.

സിനിമ പഠിച്ചു വരുന്ന കാലത്ത് നായക സ്ഥാനം നൽകി

തെന്നിന്ത്യൻ ചിത്രങ്ങളിൽ ശ്രമിച്ചുകൂടേ എന്ന് അക്ഷയ് കുമാർ ചോദിച്ചതായും ശാന്തിപ്രിയ പറഞ്ഞു. എന്നാൽ മക്കൾ മുംബൈയിലായതുകൊണ്ടാണ് ബോളിവുഡിൽ ശ്രമിക്കുന്നതെന്ന് താൻ മറുപടി പറയുകയാണ് ചെയ്തത്. ഒരു ദിവസം അദ്ദേഹത്തിന്റെ സെക്രട്ടറി തന്നെ ബന്ധപ്പെട്ടു. ഒരു സിനിമയ്ക്ക് വേണ്ടി ചിത്രങ്ങൾ അയച്ചുകൊടുക്കാൻ പറഞ്ഞു. അപ്പോൾ തന്നെ ഫോട്ടോ അയച്ചു. എന്നാൽ പിന്നെ അവരുടെ വിവരമൊന്നുമുണ്ടായില്ല.

നിരവധി തവണ അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോൺ എടുക്കുകയോ സന്ദേശത്തിന് മറുപടി നൽകാനോ നടൻ തയാറായില്ല. മെസേജുകളെല്ലാം എല്ലാം നടൻ കാണുന്നുണ്ടായിരുന്നു. ഒന്നുമല്ലാതിരുന്ന സമയത്ത് പഠിച്ച് വരുമ്പോൾ താനായിരുന്നു അക്ഷയ് കുമാറിനെ തന്റെ നായകനാക്കാൻ സമ്മതിച്ചത്. ഇന്ന് സഹായിക്കാനുള്ള അവസരം വന്നപ്പോൾ തന്നെ അവഗണിച്ചു

കോഴിക്കോട് 20 വസ്ത്രക്കടകളിൽ ജി എസ് ടി റെയിഡ്; ഇതര സംസ്ഥാനങ്ങളിൽ നികുതി അടച്ചതായി വ്യാജ രേഖ കണ്ടെത്തി

 കോഴിക്കോട്ടെ മിഠായിത്തെരുവിലെ വസ്ത്ര കടകളിൽ ജി.എസ്.ടി. വകുപ്പ് റെയ്ഡ്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ പൂട്ടിയിട്ടതായി പരാതി ഉണ്ടായി. ഇതോടെ പൊലീസ് ഇടപെട്ടു. 27 കോടിയുടെ നികുതി വെട്ടിപ്പുകൾ കണ്ടെത്തിയാണ് ജി എസ് ടി പരിശോധനയ്ക്ക് എത്തിയത്.

മിഠായിത്തെരുവിലെ 20 കടകളിലും കോഴിക്കോട്ടെ നാല് വീടുകളിലും മലപ്പുറത്തെ ഒരു വീട്ടിലുമാണ് പരിശോധന നടത്തിയത്. തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ജി.എസ്.ടി. ഇന്റലിജന്‍സ് ജോയിന്റ് കമ്മിഷണര്‍ ടി.എ. അശോകന്‍ പറഞ്ഞു.

ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കടകളില്‍ വില്‍പ്പനയ്ക്കുള്ള സധനങ്ങള്‍ വാങ്ങിയതായി വ്യാജരേഖയുണ്ടാക്കി നികുതി വെട്ടിച്ചതായാണ് കണ്ടെത്തൽ.

സാധനങ്ങള്‍ വാങ്ങിയ സംസ്ഥാനത്തുതന്നെ നികുതി നല്‍കിയ വിവരങ്ങളും ഓണ്‍ലൈനായി രേഖപ്പെടുത്തും. പിന്നീട് കച്ചവടക്കാര്‍ക്ക് കേരളത്തില്‍ നികുതി നല്‍കേണ്ടതില്ല. ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖപ്പെടുത്തിയ സാധനങ്ങളൊന്നും സ്ഥാപനങ്ങളില്‍ എത്തിയില്ല എന്ന് കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ തമ്മില്‍ ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

ചൈൽഡ് ലൈൻ ഓഫീസിൽ പൊട്ടിയ ബിയർ കുപ്പിയുമായി 20 കാരൻ 16 കാരിയായ കൂട്ടുകാരിയെ കടത്തിക്കൊണ്ടു പോയി

റെയില്‍വെ സ്റ്റേഷനിലെ ചൈൽഡ് ലൈൻ ഓഫീസിൽ 20 വയസുകാരൻ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. തൃശ്ശൂർ സ്റ്റേഷനിൽ രാത്രി ആൺകുട്ടിയുടെ കൂടെ കണ്ടെത്തിയ കുട്ടിയെ കൗണ്‍സിലിങ്ങിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് 16-കാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ 20- വയസുകാരനായ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് തിരയുന്നു.

പിടികൂടിയത് സംശയത്തിൻ്റെ പേരിലോ

ഇതര സംസ്ഥാനക്കാരാണ് 20-കാരനും 16-വയസുള്ള പെണ്‍കുട്ടിയും. കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷനിലെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ യുവാവിൻ്റെ സമീപത്തുനിന്ന് മാറ്റി. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാന്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടെ ചൈല്‍ഡ് ലൈന്‍ ഓഫീസിലെത്തിയ യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് ആക്രമിക്കുമെന്ന ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. ആര്‍.പി.എഫ്. സ്റ്റേഷന് സമീപമുള്ള ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തില്‍നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കുട്ടിയുമായി ട്രെയിനില്‍ കയറിയത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരില്‍ ചിലര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ഇതോടെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് ഇയാള്‍ കുട്ടിയെയും കൊണ്ട് കടക്കുകയായിരുന്നു. അപ്പോള്‍ ഇവരെ തടയാനായി പോര്‍ട്ടര്‍മാര്‍ എത്തി. എങ്കിലും പൊട്ടിച്ച ബിയര്‍ കുപ്പി കാണിച്ച് രക്ഷപെട്ടു. പിന്നീട് ഇവരെ കണ്ടെത്താനായില്ല. സംഭവത്തില്‍ വീഴ്ച സംഭവിച്ചതിനെത്തുടര്‍ന്ന് ഒരു ആര്‍.പി.എഫ്. ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

കൗണ്‍സിലിങ്ങിനായി എത്തിച്ചതായിരുന്നു എന്ന് വിശദീകരണം

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് യുവാവും പെണ്‍കുട്ടിയും തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലെത്തുന്നത്. പുലര്‍ച്ചെ ഒരു യുവാവിനോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടതായി റെയില്‍വേയിലെ ഉദ്യോഗസ്ഥര്‍ ചൈല്‍ഡ്‌ലൈന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ കണ്ടെത്തി കൗണ്‍സിലിങ്ങിനായി എത്തിച്ചതായിരുന്നു ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍. അതോടെ യുവാവ് സ്ഥലത്തുനിന്ന് മുങ്ങി.

പിന്നീട് രാവിലെ പത്തുമണിയോടെ ബിയര്‍ ബോട്ടിലുമായി മടങ്ങിയെത്തിയ യുവാവ് ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാവിലെ പതിനൊന്നു മണിക്ക് ശിശു ക്ഷേമ സമിതിയില്‍ ഹാജരാക്കാനിരിക്കെയാണ് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍നിന്ന് കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയത്.

അസം സ്വദേശിയാണെന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിവരം. കുട്ടിയുടെ രക്ഷിതാക്കളുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതി വാങ്ങിച്ചാണ് പൊലീസ് അന്വേഷണം.

സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാനിൽ

 സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പടിയിറങ്ങി. പുതിയ സീസണില്‍ സഹല്‍ ഉണ്ടാകില്ല. സഹലിനെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയൻ്റ് സ്വന്തമാക്കി.

അഞ്ചുവര്‍ഷത്തെ കരാറിലാണ് സഹല്‍ മോഹന്‍ ബഗാനിലെത്തുന്നത്. ബ്ലാസ്‌റ്റേഴ്‌സുമായി താരത്തിന് രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. 2.5 കോടി രൂപയ്ക്കാണ് സഹലിനെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്.

സഹല്‍ ടീമിലെത്തിയ വിവരം മോഹന്‍ ബഗാന്‍ ഔദ്യോഗികമായി അറിയിച്ചു. ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കയും ചെയ്തു.

2018 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമായി മാറിയ സഹല്‍ ടീമിനായി 92 മത്സരങ്ങള്‍ കളിച്ചു. 10 ഗോളുകളും നേടി. 2017-2018 സീസണില്‍ താരം ബ്ലാസ്‌റ്റേഴ്‌സ് ബി ടീമില്‍ കളിച്ചിരുന്നു.

‘ഒരായിരം നന്ദി’ എന്ന തലക്കെട്ടോടെ സഹലിന് നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിട്ടു. സഹലിന് പകരം മോഹന്‍ ബഗാനില്‍ നിന്ന് പ്രതിരോധതാരം പ്രീതം കോട്ടാല്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തി. 1.5 കോടി രൂപയ്ക്കാണ്.

ചാന്ദ്രയാൻ 3 പേടകം ഭ്രമണപഥത്തിൽ, പ്രതീക്ഷകളോടെ ഇനി ചന്ദ്രനിലേക്ക്

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിലെ സുപ്രധാന ഘട്ടമായ ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ചു. ജൂലൈ 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നും ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ അഭിമാന റോക്കറ്റ് ജ്വലിച്ചുയർന്നു. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ആകാശത്തേക്ക് കുതിച്ചത്. വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറുയായിരുന്നു കുതിപ്പ്.

ഭ്രമണപഥത്തിൽ എത്തി

നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചയിച്ചപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3 പേടകം വിജയകരമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ് പറഞ്ഞു.

ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഭ്രമണപഥത്തിൽ നിന്നും ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കുകയാണ് ഈ ദൗത്യത്തിലെ അടുത്ത പടവ്. ചന്ദ്രയാന്‍ രണ്ടിന്റെ തുടര്‍ച്ചയായാണ് ചന്ദ്രയാന്‍ 3 ദൗത്യം. ലാന്‍ഡറിനെ ചന്ദ്രനിൽ സോഫ്റ്റായി ലാൻ്റിങ് ചെയ്യിക്കലാവും ദൗത്യത്തിലെ ഏറ്റവും പ്രധാന ഘട്ടം.

ഓഗസ്റ്റിൽ ചന്ദ്രനിൽ ഇറക്കും

ഓഗസ്റ്റ് 23 ഓടെ ചന്ദ്രയാന്‍ പേടകം ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യം. ഇതിനായി ചന്ദ്രയാന്‍ 3 യുടെ പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ലാൻ്റർ ചന്ദ്രൻ്റെ 100 കിലോമീറ്റര്‍ അടുത്ത് ഭ്രമണം ചെയ്യിക്കും. ഇതിലെ ലാന്‍ഡര്‍ മോഡ്യൂള്‍ ആണ് ചന്ദ്രനില്‍ ഇറങ്ങുക. ഇതിനുള്ളിലാണ് റോബോട്ടിക് ശേഷിയുള്ള റോവര്‍ സ്ഥാപിച്ചിട്ടുള്ളത്.

പിന്നാലെ മനുഷ്യൻ

‌ഭൂമിയിലെ 14 ദിവസമാണ് ഒരു ചാന്ദ്രദിനം. ലാൻ്ററിൻ്റെയും റോവറിൻ്റെയും ചന്ദ്രനിലെ പരീക്ഷണ നിരീക്ഷണ ദൈർഘ്യം ഒരു ചാന്ദ്രദിനമാണ്. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള അറിവുകളുടെ ശേഖരണം കൂടിയാവും ഇത്.

ലാന്‍ഡിങ് വിജയകരമായാല്‍ റഷ്യ, യുഎസ്എ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഓഗസ്റ്റ് 23 ഓടുകൂടി ചന്ദ്രനില്‍ പേടകമിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് എന്തെങ്കിലും തടസം നേരിട്ടാല്‍ സെപ്റ്റംബറിലേക്ക് നീളും.

കെ റെയിലിന് എതിരെ വീണ്ടും കോൺഗ്രസ്; സി പി എം, ബി ജെ പി ഡീൽ എന്ന് കെ സി വേണുഗോപാൽ

കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള പുതിയ നീക്കത്തെ എതിർത്ത് കോൺ​ഗ്രസ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം സിപിഎം-ബിജെപി ഡീലാണെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു.  

സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തു വന്നിരിക്കയാണ്.  മോദി-പിണറായി അവിശുദ്ധ ബന്ധത്തിൻ്റെ പാലമാണ് കെ വി തോമസ് എന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. 

സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് കോൺ​ഗ്രസ് എതിർപ്പുമായി രം​ഗത്തെത്തിയത്. ഇ ശ്രീധരന്‍റെ ബദൽ നിർദ്ദേശങ്ങൾ സജീവമായി ചർച്ച ചെയ്ത് മുന്നോട്ടുപോകാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.

മുഖ്യമന്ത്രി ഇ ശ്രീധരൻ കൂടിക്കാഴ്ച

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയിൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും എന്നാണ് സൂചന. ശ്രീധരന്റെ നിർദേശത്തിൽ കെ റെയിൽ കോർപറേഷന്റെ അഭിപ്രായം കൂടി തേടും. ഡിപിഐര്‍ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്. ബിജെപി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സർക്കാറിന്‍റെ പ്രതീക്ഷ.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ദില്ലിയിലെ കേരളത്തിന്റെ സ്പെഷൽ ഓഫീസർ പദവി വഹിക്കുന്ന പ്രൊഫ. കെ വി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മെട്രോമാൻ ഇ ശ്രീധരൻ ബദൽ റിപ്പോർട്ട് സമർപ്പിച്ചത്. കെ റെയിൽ പദ്ധതി ഡിപിആർ തന്നെ മാറ്റണമെന്നും ഇ ശ്രീധരൻ നിലപാടെടുത്തത്. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് ബദൽ. ഇത് വഴി ചെലവ് വൻതോതിൽ കുറയും, ഭൂമി വൻതോതിൽ ഏറ്റെടുക്കേണ്ട. അതേസമയം വേഗത കൂട്ടാൻ സ്റ്റാൻഡേഡ് ഗേജ് ആക്കി തന്നെ നിലനിർത്തണമെന്നും ഇ ശ്രീധരൻ നിര്‍ദ്ദേശിച്ചു.

ഏഷ്യൻ അത്ലറ്റിക്സിൽ മലയാളി ജമ്പ്, അബൂബക്കറിന് സ്വർണ്ണം

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അബ്ദുല്ല അബൂബക്കറിന് സ്വര്‍ണം. ഇതോടെ ഇന്ത്യയ്ക്കു രണ്ടാം ദിവസം ഗോൾഡൻ ട്രിപ്പിൾ കുറിക്കാനായി. ബാങ്കോക്കിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ട്രിപ്പിള്‍ ജംപിലാണ് റെക്കോര്‍ഡോടെ അബ്ദുല്ല അബൂബക്കര്‍ സ്വര്‍ണം നേടിയത്.

ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്. 16.92 മീറ്റര്‍ ചാടിയാണ് അബ്ദുല്ല അബൂബക്കര്‍ റെക്കോര്‍ഡിട്ടത്.

പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ അജയ് കുമാര്‍ സരോജ് സ്വര്‍ണം നേടി. നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാര്‍രാജിയാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൊയ്തത്. വനിതകളുടെ 400 മീറ്ററില്‍ ഐശ്വര്യ മിശ്ര വെങ്കലം നേടി. പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ഓട്ടത്തില്‍ അഭിഷേക് പാലും ഡെക്കാത്തലണില്‍ തേജസ്വിന്‍ ശങ്കറും വെങ്കലം നേടി.

കോമൺവെൽത്ത് ഗെയംസിൽ വെള്ളി മെഡൽ ജേതാവായിരുന്നു അബ്ദുള്ള. അബ്ദുള്ള കുറിച്ച 16.92 മീറ്റർ, സീസണിൽ മലയാളി താരത്തിന്‍റെ ഏറ്റവും മികച്ച സമയം തന്നെയായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ ജപ്പാൻ താരം 19 സെന്‍റീമീറ്റർ കുറവ് ദൂരമാണ് കണ്ടെത്തിയത്.

1500 മീറ്ററിന്‍റെ ആദ്യ ലാപ്പുകളിലൊന്നും ചിത്രത്തിലേ ഇല്ലാതിരുന്ന അജയ്, ഫൈനൽ ലാപ്പിൽ നടത്തിയ അവിശ്വസനീയ കുതിപ്പിനൊടുവിലാണ് രണ്ടു പേരെ മറികടന്ന് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 3:41.51 ആയിരുന്നു സമയം. പേഴ്സണൽ ബെസ്റ്റ് കഴിഞ്ഞ മാസം യുഎസ്എയിൽ കുറിച്ച 3:39.19. ഏഷ്യൻ അത്‌ലറ്റിക്സിന്‍റെ ഭുവനേശ്വർ എഡിഷനിൽ (2017) സ്വർണം നേടിയ അജയ്, ദോഹയിൽ (2019) വെള്ളിയും നേടിയിരുന്നു.

13.09 സെക്കൻഡിലായിരുന്നു ഹർഡിൽസിൽ ജ്യോതിയുടെ ഫിനിഷ്. അതേസമയം, ജ്യോതിയുടെ പേരിലുള്ള ദേശീയ റെക്കോഡ് 12.82 സെക്കൻഡാണ്. മഴ കാരണം ബാങ്കോക്കിലെ ട്രാക്ക് നനഞ്ഞത് അത്‌ലറ്റുകളുടെ വേഗത്തെ ബാധിച്ചു.

അധ്യാപകൻ്റെ കൈ വെട്ടിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം

തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്ന് പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി എം കെ നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

മൂന്ന് പ്രതികളും 50,000 രൂപ പിഴയും അടയ്ക്കണം. പ്രതികള്‍ക്കെതിരെ യുഎപിഎ കുറ്റം നിലനില്‍ക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചിയിലെ എന്‍ഐഐ കോടതിയാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. (prof. T J Joseph assault case life imprisonment for three culprits )

സജില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളെന്നും മൂന്നാം പ്രതി നാസറാണ് കൈവെട്ടിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്നും കോടതി കണ്ടെത്തി. കേസിലെ 9,11,12 പ്രതികളായ നൗഷാദും മൊയ്തീന്‍ കുഞ്ഞും അയൂബും മൂന്ന് വര്‍ഷം വീതം തടവ് ശിക്ഷ അനുഭവിക്കണം.

പ്രതികള്‍ എല്ലാവരും ചേര്‍ന്ന് നാല് ലക്ഷം രൂപ പ്രൊ. ടി ജെ ജോസഫിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നേരത്തേ കോടതി പറഞ്ഞ പിഴയ്ക്ക് പുറമേയാണ് ഈ തുക നല്‍കേണ്ടത്. കൃത്യം നടത്തിയ ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് നൗഷാദ്, അയ്യൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവര്‍ക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

2010 മാര്‍ച്ച് 23ന് രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചായിരുന്നു ടി ജെ ജോസഫിന് നേരെ ആക്രമണം നടന്നത്. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെച്ചതിനു, ഒളിവില്‍ പോയത്, കാറിന് നാശം വരുത്തിയത്, പ്രൊഫസര്‍ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകള്‍ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയ്യൂബ് എന്നിവര്‍ പ്രതികളെ ഒളിപ്പിച്ചു, തെളിവ് മറച്ചു വെച്ചു എന്നീ കുറ്റങ്ങള്‍ ചെയ്തു. മറ്റ് കുറ്റങ്ങള്‍ ഇല്ല. അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, ഷഫീക്ക്, മന്‍സൂര്‍ എന്നിവരെ വെറുതെ വിട്ടു.

ഏഷ്യൻ അത്ലറ്റിക്സിൽ ജ്യോതി യാരാജിക്ക് സ്വർണ്ണം

0

ബാങ്കോക്കിൽ നടക്കുന്ന 25-ാമത് ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണം. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യർരാജി സ്വർണം നേടി. 13.09 സെക്കന്റിലാണ് 23 കാരിയായ യർരാജി ഫിനിഷ് ചെയ്തത്. ജാപ്പനീസ് താരങ്ങളായ ടെറാഡ അസുക്ക (13.13) വെള്ളിയും മസുമി അയോകി (13.26) വെങ്കലവും സ്വന്തമാക്കി. ജ്യോതിയുടെ കന്നി ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പാണിത്. ബുധനാഴ്ച പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ വെങ്കലവുമായി അഭിഷേക് പാൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തുടക്കം കുറിച്ചിരുന്നു.

ആദ്യ ദിനം വെങ്കലത്തിൽ ഒതുങ്ങി

ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനത്തിൽ ഇന്ത്യക്ക്‌ വെങ്കലം മാത്രമായിരുന്നു. പുരുഷന്മാരുടെ പതിനായിരം മീറ്റർ ഓട്ടത്തിൽ അഭിഷേക്‌ പാൽ മൂന്നാംസ്ഥാനം നേടി. മധ്യപ്രദേശിലെ ഇൻഡോറിൽനിന്നുള്ള അഭിഷേക്‌ 29 മിനിറ്റ്‌ 33.26 സെക്കൻഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. ജപ്പാന്റെ റെൻ തസാവയ്‌ക്കാണ്‌ സ്വർണം. കസാഖ്‌സ്ഥാൻ താരം കോഷ്‌ ഷദ്രാക്‌ വെള്ളി നേടി.

മെഡൽ പ്രതീക്ഷിച്ച അന്നുറാണിക്ക്‌ തിരിച്ചടിയായി. വനിതകളുടെ ജാവലിൻ ത്രോയിൽ 59.10 മീറ്റർ എറിഞ്ഞ അന്നു നാലാമതായി. ജപ്പാന്റെ മരിന സാട്ടോയ്‌ക്കാണ്‌ സ്വർണം. 1500 മീറ്റർ ഓട്ടത്തിൽ ലിലി ദാസ്‌ ഏഴാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. ജപ്പാന്റെ നൊസുമി ടനാക ഒന്നാമതെത്തി. പുരുഷ, വനിതാ 4×100 മീറ്റർ റിലേയിൽ ഇന്ത്യയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. പുരുഷ റിലേയിൽ തായ്‌ലൻഡും വനിതകളിൽ ചൈനയും സ്വർണം കരസ്ഥമാക്കി. ട്രിപ്പിൾജമ്പിൽ ജപ്പാന്റെ മരികോ മൊറിമോട്ടോ സ്വർണം നേടി.

ആറിനങ്ങളിൽ നാലിലും സ്വർണവുമായി ജപ്പാൻ ആദ്യദിനം മുന്നിലെത്തി. ചൈനയ്‌ക്കും തായ്‌ലൻഡിനും ഓരോ സ്വർണമുണ്ട്‌. പുരുഷന്മാരുടെ 400 മീറ്ററിൽ മുഹമ്മദ്‌ അജ്‌മലും രാജേഷ്‌ രമേഷും ഫൈനലിൽ കടന്നു. വനിതകളിൽ ഐശ്വര്യ കൈലാഷ്‌ മിശ്രയും മെഡലിനായി ഇറങ്ങും. സമ്പൂർണ അത്‌ലീറ്റിനെ കണ്ടെത്തുന്ന ഡെക്കാത്ത്‌ലണിൽ അഞ്ച്‌ ഇനങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യയുടെ തേജസ്വിൻ ശങ്കർ 4124 പോയിന്റുമായി മുന്നിലാണ്‌.

റോഡിൻ്റെ ശോചനീയാവസ്ഥ കൂടി ക്യാമറയിൽ നീരീക്ഷിച്ചു കൂടെ ? കിടിലൻ ചോദ്യവുമായി ഹൈക്കോടതി

റോഡുകളിലെ നിലവിലെ സ്ഥിതി എ.ഐ ക്യാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോ എന്ന് ആരാഞ്ഞ് ഹൈക്കോടതി. റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം തേടി ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവെയാണ് ഈ സാധ്യത ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞിരിക്കുന്നത്. റോഡുകളുടെ ശോചനീയവസ്ഥ യഥാസമയം അറിയാത്തതാണ് പ്രശ്‌നപരിഹാരത്തിന് വൈകുന്നതിന് കാരണമെന്ന് വിലയിരുത്തിയാണ് എ.ഐ.ക്യാമറ നിരീക്ഷണത്തിന്റെ സാധ്യത ആരാഞ്ഞത്.

എന്നാല്‍ എല്ലായിടത്തും എ.ഐ ക്യാമറ സ്ഥാപിച്ചിട്ടില്ലെന്നും, സ്ഥാപിച്ചിട്ടുള്ളിടത്ത് റോഡിന്റെ സ്ഥിതിയും നിരീക്ഷിക്കാനാകുമോ എന്നത് പരിശോധിക്കാമെന്നും പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചു.