വിലക്കയറ്റത്തിന് പിന്നിൽ കാലാവസ്ഥയോ ഇടത്തട്ടുകാരുടെ കളിയോ? അന്വേഷണം പൊലീസിന്

നിത്യോപയോഗ സാധങ്ങളുടെ വിലവിവരവും സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യതയും പരിശോധിക്കാൻ പൊലീസ് എത്തുന്നു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ഫാർമസികളിലും മരുന്ന് ലഭ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ചിന് നിർദ്ദേശം നൽകി. പ്രത്യേകം തയ്യാറാക്കിയ പട്ടിക പ്രകാരം മരുന്ന് ലഭ്യത 15ന് മുമ്പ് അറിയിക്കാനാണ് ഇൻ്റലിജൻസ് മേധാവിയുടെ നിർദ്ദേശം. നിത്യോപയോ​ഗ സാധനങ്ങളുടെ വിലവിവരവും അന്വേഷിക്കും. മാർക്കറ്റിലെ ബാഹ്യഇടപെടലും വിലക്കയറ്റവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയാണ് ലക്ഷ്യം.

വിലക്കയറ്റം; ആരാണ് വില്ലൻ പ്രകൃതിയോ മനുഷ്യൻ തന്നെയോ

പ്രധാന കമ്പോളങ്ങളിലെ വില വിവരം ശേഖരിക്കാനാണ് പൊലീസിന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിലെ വിലയുമായി താരതമ്യം ചെയ്ത് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വിവരം ശേഖരിക്കുന്നത്. സംസ്ഥാനത്ത് നിത്യോപയോ​ഗ സാധനങ്ങളുടെ വില കുത്തനെ കൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിലവിവരം പരിശോധിക്കാൻ പൊലീസിനെ നിർദ്ദേശം നൽകിയിരിക്കുന്നത്.

നിത്യോപയോഗ സാധനങ്ങളിൽ പച്ചക്കറി വിലയാണ് വലിയ രീതിയിൽ കൂടിയിരിക്കുന്നത്. പ്രത്യേകിച്ച് തക്കാളിയുടെ വില. തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ല. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് കോഴിക്കോട് പാളയത്തെ പച്ചക്കറി മൊത്തവിതരണക്കാര്‍ പറയുന്നത്. 

കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും മാര്‍ക്കറ്റുകളില്‍ പോയ് വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണിപ്പോഴെന്ന് പച്ചക്കറി മൊത്ത വ്യാപാരികള്‍ പറയുന്നു.  

മൈസൂര്‍, കോലാര്, തമിഴ് നാട്ടിലെ തോപ്പും പെട്ടി, കെന്നത്ത്കടവ് എന്നിവടങ്ങിളില്‍ നിന്നാണ് തക്കാളിയും മുളകുമൊക്കെ എത്തിയിരുന്നത്. കൃഷിനാശം മൂലം മൂന്നാഴ്ചയായി പച്ചക്കറിയുടെ വരവ് കുറഞ്ഞു. പച്ചക്കറിയുടെ വില ഇതുമൂലം കുതിച്ചുയരുകയാണ്. മൂന്നാഴ്ച മുമ്പ് പാളയം മൊത്ത വിപണിയില്‍ 130 രൂപയായിരുന്നു ഇഞ്ചിയുടെ വില. ഇപ്പോഴത് 220 പിന്നിട്ടു.

പച്ചമുളകിന്‍റെ വില ഇരട്ടി വര്‍ധിച്ച് 90 കടന്നു. ചെറിയുള്ളി 62ല്‍ നിന്നും 120ലെത്തി. വെളുത്തുള്ളിക്ക് മുപ്പത് രൂപ കൂടി 150 ആയി. കുമ്പളവും വെള്ളരിയും ചേനയുമൊഴികെ മറ്റെല്ലാത്തിനും വില കുതിക്കുകയാണ്.

കഴിഞ്ഞ മാസം തേടിയ റിപ്പോർട്ടിന് എന്തുപറ്റി

ഓരോ ജില്ലയിലേയും വിലക്കയറ്റം സംബന്ധിച്ച് ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസർമാരും, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും അടങ്ങുന്ന വില നിലവാര നിരീക്ഷണ സമിതി കാര്യക്ഷമമായി പ്രവർത്തിക്കണം.  എ.ഡി.എം/ആർ.ഡി.ഒ/അസിസ്റ്റന്റ് കളക്ടർമാർ ഉൾപ്പെടെയുള്ളവർ പരിശോധനകൾക്ക് നേതൃത്വം നൽകണം എന്നിങ്ങനെയായിരുന്ന കഴിഞ്ഞ മാസം ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ തീരുമാനം.

ജില്ലാ തലത്തിലെ ഹോൾസെയിൽ ഡീലേഴ്സുമായി ജില്ലാ കളക്ടർമാർ ചർച്ച നടത്തണമെന്നും വിലക്കയറ്റം കൃത്രിമമായി സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കുവാനും മന്ത്രി നിർദ്ദേശം നൽകിയിരുന്നു.  തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നു വരുന്ന വാഹനങ്ങൾ കർശന പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഓര്‍മ്മകളുടെ കുന്ദേര; മറവികളുടെയും

പ്രവീൺ പ്രിൻസ്

എത്രയൊക്കെ സ്വാഭാവികമെന്ന് കരുതിയാലോ, അസ്വസ്ഥതകള്‍ ഹ്രസ്വ നേരത്തേക്കെന്ന് വിചാരിച്ചാലോ അരിച്ചു വരുന്ന ശൂന്യതയെ തടുത്തു നിര്‍ത്താന്‍ കഴിയാതെ വരുന്ന അവസ്ഥ ചില നേരമെങ്കിലും കടന്നു വരാറുണ്ട്. അങ്ങനെയൊന്നാണ് വായനക്കാര്‍ക്ക് മിലന്‍ കുന്ദേരയുടെ വിയോഗം. കനപ്പെട്ട മനുഷ്യാവസ്ഥകളുടെ നിറ നിബിഢവും മങ്ങിയതുമായ തുരുത്തുകളെ സാര്‍വലൗകിക ഭാവത്തോടെ കുന്ദേര പകര്‍ത്തിയപ്പോള്‍ ആ മനുഷ്യന്‍ ഒപ്പം കൂട്ടിയത് വായനയുടെ സ്നേഹത്തില്‍ കലര്‍ന്നു പോയ വലിയ സമൂഹത്തെയാണ്.

ബര്‍ണോ നഗരത്തിന്‍റെ അനിശ്ചിതത്വങ്ങളിലേക്ക് കുന്ദേര പിറന്നു വീണപ്പോള്‍ തൊണ്ണൂറ് ആണ്ടുകള്‍ക്കിപ്പുറം ലോകത്തിന്‍റെ വിവിധ മുനമ്പുകളിലിരുന്ന് ഏകാകികളും ഉന്മാദികളുമായ മനുഷ്യര്‍ അയാളെ ഓര്‍ത്ത് വ്യസനിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ…

കുന്ദേരയെ മാംസം തുളച്ചു കയറുന്ന മൂര്‍ച്ഛയുള്ള ഒരായുധമായി കരുതാം. എന്നാല്‍ ചില നേരങ്ങളില്‍ മഞ്ഞിനെക്കാള്‍ നേര്‍ത്തും പുകപടലമായുമൊക്കെ അയാള്‍ പരിണമിക്കും.

അസംഖ്യം വൈകാരികതകളുടെ പാപഭാരം പേറി പോരാട്ടത്തിന്‍റെയും വിമോചനത്തിന്‍റെയും വിളികളെ തിരയുന്ന ഒരുപിടി കഥാപാത്രങ്ങള്‍ വഴി കുന്ദേര വരച്ചിട്ടത് കാലദേശാന്തരങ്ങളെ മറികടക്കുന്ന എഴുത്തു സമസ്യകളാണ്…

ക്ലാസ്സിക് കൃതികള്‍ ജനിക്കുന്നതും എഴുത്തുകാര്‍ വിശ്വ വിഖ്യാതരാകുന്നതും ലോകത്തെ മനുഷ്യരോടൊന്നാകെ ഒരേ വിധം അത് സംവദിക്കുമ്പോഴാണ്. ലോകത്ത് എവിടെയായിരുന്നാലും മനുഷ്യന്‍ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളുടെ പൊതുസ്വഭാവം ഒന്നാണെന്നിരിക്കെ അവ സാഹിത്യത്തിന്‍റെ വിശാല കവചങ്ങള്‍ ഉപയോഗിച്ച് ലോകമധ്യത്തിലെത്തുമ്പോള്‍ പതിറ്റാണ്ടുകളൊ നൂറ്റാണ്ടുകളൊ ബാധകമാകാതെ അവ സമൂഹത്തിന്‍റെ രൂപീകരണത്തില്‍ ഇടപെടുന്നു.അത്തരത്തില്‍ കാലത്തിന്‍റെ ഇരുള്‍ മറകളില്‍ കുടിയേറാതെ കുന്ദേരയുടെ സൃഷ്ടികള്‍ ലോക ഭാവനയുടെ ഭാഗമാകുന്നു.

മിലന്‍ കുന്ദേര എന്ന പേര് പുസ്തകങ്ങളെയും സാഹിത്യത്തെയും സ്നേഹിക്കുന്നവര്‍ക്ക് വെറുമൊരു പേരല്ല, മറിച്ച് ഒരു പാട് വൈകാരികതകള്‍ പേറുന്ന ഒരു സത്തയാണ്.

ലഭിച്ച ബഹുമതികളോ ഒപ്പം ചേര്‍ക്കാവുന്ന അക്കങ്ങളോ അല്ല വായനക്കാരില്‍ കുന്ദേരയെ അടയാളപ്പെടുത്താന്‍ പോകുന്നത്; മറിച്ച് ഒരു കടല്‍ക്ഷോഭം പോലെ ആര്‍ത്തിരമ്പി വന്ന കുന്ദേരയുടെ സാഹിത്യ ഭാവനകളും തീവ്രാനുഭവങ്ങളുമാണ്.

കുന്ദേരയുടെ പേന മിടിക്കുന്നത് ചെക്കിന്‍റെ പോരാട്ടങ്ങളെയും പ്രാഗിന്‍റെ വസന്തത്തെയും കുറിക്കാനാണെന്നിരിക്കിലും പരിഭാഷകളിലൂടെയും തുടര്‍വായനകളിലൂടെയും നമ്മളും പോരാട്ടങ്ങളെയും വസന്തങ്ങളെയും ഭാവനാ ലോകത്ത് വിഹരിക്കും.

ഭാവുകത്വ നിര്‍ണ്ണയത്തിന്‍റെ സമസ്യാ പരിഹരണങ്ങള്‍ക്കോ സാമൂഹികതയുടെ ഭാവതലങ്ങളെ കുറുപ്പും വെളുപ്പുമല്ലാതെ വേര്‍തിരിക്കാനോ അസ്തിത്വത്തിന്‍റെ അനേകമായ അനിശ്ചിതത്വത്തെ നിര്‍ണ്ണയിക്കാനോ കുന്ദേരയെ നമുക്ക് ഉപയോഗിക്കാം. പക്ഷെ നമ്മുടെ സ്വത്വത്തിന്‍റെ നിഴല്‍ വീഴാത്ത ഇരുണ്ട പ്രവിശ്യകളില്‍ ഉയിരടയാളങ്ങള്‍ നല്‍കിപ്പോയ കുന്ദേരയെ ഏതു സ്മരണാ വ്യൂഹത്തിന്‍റെ ഉള്ളിലാണ് നാം ഇനി അന്വേഷിച്ചു ചെല്ലുക..?

പ്രിയപ്പെട്ട മിലന്‍ കുന്ദേര, നിങ്ങളുടെ മരണം ഒരുവേള നിശബ്ദമാക്കിക്കളഞ്ഞ ഞങ്ങളുടെ മറവികളിലേക്ക് നിങ്ങള്‍ എഴുതിയതിന്‍റെ ആത്മാവും പേറി ഞങ്ങള്‍ നടത്തുന്ന ഓര്‍മ്മയുടെ സമരത്തെ സാഹിത്യത്തിന്‍റെ ഏതെങ്കിലും ഭാവുകത്വമായി കരുതിക്കൊള്ളുക…

എഴുതിയവ ബാക്കിവെച്ച് മരണമുഖം കടന്ന് ഉള്‍വലിഞ്ഞാലും പ്രതിധ്വനി പോലെ നിങ്ങള്‍ ഞങ്ങളിലുണ്ടാവും.


Milan Kundera
Born: 1 April 1929, Brno, Czechia
Died: 11 July 2023, Paris, France

പ്രിയ വർഗ്ഗീസ് ജോലിയിൽ പ്രവേശിച്ചു, യു ജി സി സുപ്രീം കോടതിയിലേക്ക്

വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയക്ക് സർവകലാശാല നിയമന ഉത്തരവ് കൈമാറിയിരുന്നു.

 പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് അനുകൂല വിധി നൽകിയത്. ഒരു അധ്യാപികയുടെ പിഎച്ച്ഡി കാലവും,‍ഡെപ്യുട്ടേഷനും അധ്യാപന പരിചയമായി കാണാൻ കഴിയുമോ എന്നതാണ് പ്രിയാ വർഗീസിന്‍റെ നിയമനത്തിൽ ഏറ്റവും പ്രധാനമായി ചർച്ചചെയ്യപ്പെട്ടത്.

വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിക്കും

അതേസമയം, കണ്ണൂർ സർവകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്‍റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം.

നിയമ സാധ്യത

ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയ വർഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത്  2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം. റെഗുലേഷനില്‍ പറയുന്ന അധ്യാപക പരിചയമില്ലാത്ത ഉദ്യോഗാർത്ഥികളും ഈ ഉത്തരവ് ചൂണ്ടിക്കാട്ടി നിയമപ്പോരാട്ടം നടത്താനുള്ള സാധ്യതയും യുജിസിയും കാണുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിൻ്റെ ഭാര്യയുമാണ് പ്രിയ വര്‍ഗ്ഗീസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് സര്‍വ്വകലാശാല നിശ്ചയിച്ച വിദഗ്ദ്ധ സമിതി ഓണ്‍ലൈനായി അഭിമുഖം നടത്തിയത്. എന്നാൽ അഭിമുഖം കഴിഞ്ഞ് ഏഴ് മാസത്തോളം സര്‍വ്വകലാശാല റാങ്ക് പട്ടിക പൂഴ്ത്തി വച്ചു. അസോസിയേറ്റ് പ്രൊഫസര്‍ പദവിയിലേക്കുള്ള നിയമന നടപടികൾ അതിവേഗം നടന്നുവെന്ന ആക്ഷേപം ഉയര്‍ന്നപ്പോൾ വിദ്യാര്‍ത്ഥികളുടെ അധ്യായനം മുടങ്ങാതിരിക്കാനാണ് നിയമനനടപടികൾ ത്വരിതപ്പെടുത്തിയതെന്നായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാല വിസി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രൻ നേരത്തെ പറഞ്ഞത്. എന്നാൽ അതിവേഗം അഭിമുഖമടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും റാങ്ക് പട്ടിക എഴ് മാസം പ്രസിദ്ധീകരിക്കാതിരുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് സര്‍വ്വകലാശാല കൃത്യമായ ഉത്തരം നൽകിയിരുന്നില്ല.

മിലൻ കുന്ദേര അന്തരിച്ചു

മറവിയ്ക്കെതിരായ ഓര്‍മയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യൻ്റെ ചെറുത്തുനില്‍പ്പ് – മിലൻ കുന്ദേര

പ്രശസ്ത ചെക്ക് സാഹിത്യകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.

1929 ഏപ്രിൽ ഒന്നിന് ചെക്ക് നഗരമായ ബ്രണോയിലായിരുന്നു മിലൻ കുന്ദേരയുടെ ജനനം. എഴുത്തിലെ നിലപാടുകൾ കാരണം 1879 ൽ കമ്യൂണിസ്റ്റ് ഭരണ കാലത്ത് അദ്ദേഹത്തിന് പൗരത്വം നിഷേധിക്കപ്പെട്ടു. പിന്നാലെ കുന്ദേരയുടെ കൃതികൾ ചെക്കോസ്ലോവാക്യയിൽ നിരോധിക്കപ്പെട്ടു.

1948 -ൽ ചെക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.1950 -ൽ പാർട്ടി പുറത്താക്കി. 1953 -ൽ മാൻ എ വൈഡ് ഗാർഡൻ എന്ന പേരിൽ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.

1975 -ൽ ഫ്രാൻസിൽ അഭയം നേടിയ അദ്ദേഹത്തിന് 1981-ൽ ഫ്രഞ്ച് പൗരത്വം ലഭിച്ചു. വർഷങ്ങൾക്ക് ശേഷം 2019 ലാണ് ചെക്ക് സർക്കാർ വീണ്ടും പൗരത്വം നൽകിയത്. 2019-ല്‍ ചെക്ക് സര്‍ക്കാര്‍ തങ്ങളുടെ തെറ്റ് തിരുത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ ഫ്രാന്‍സിലെ അംബാസഡര്‍ പീറ്റര്‍ ഡ്രൂലക് മിലാന്‍ കുന്ദേരയെ നേരില്‍പോയി കണ്ട് ചെക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത് ലോകം വികാരാധീനമായാണ് കണ്ടുനിന്നത്. ഏറ്റവും വലിയ ചെക്ക് എഴുത്തുകാരനെ സ്വന്തം രാജ്യം തിരികെ കൊണ്ടുവന്നിരിക്കുകയാണ് എന്നായിരുന്നു ഡ്രൂലക് കുന്ദേരയ്ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് സമൂഹത്തോട് പറഞ്ഞത്.

ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിങ്, ദ ബുക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഡെറ്റിങ് എന്നീ കൃതികള്‍ കുന്ദേര എഴുതിയത് ഫ്രഞ്ചിലായിരുന്നു. ഇവ രണ്ടും ചെക്കില്‍ നിരോധിക്കപ്പെടുകയും ചെയ്തു. 1988 ലാണ് ചെക്ക് ഭാഷയില്‍ അവസാനമായി കുന്ദേര എഴുതിയത്-ഇമ്മോര്‍ട്ടാലിറ്റി എന്നു പേരിട്ട നോവലായിരുന്നു അത്. ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്‌നിഫിക്കന്‍സ് എന്ന നോവലാണ് ഏറ്റവും ഒടുവിലായി കുന്ദേരയുടേതായി പുറത്തുവന്നിട്ടുള്ളത്.

 

കേരള കെട്ടിട നികുതി നിയമം അടിമുടി മാറ്റാൻ സർക്കാർ

കേരള കെട്ടിട നികുതി നിയമ (ഭേഭഗതി) ഓർഡിനൻസ് 2023  അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 50 വർഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമമാണ്  ഭേദഗതി ചെയ്യുക.  1973 ഏപ്രിൽ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവിൽ വന്നത്. കെട്ടിടത്തിന്റെ തറ വിസ്തീർണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്.

രണ്ടു നികുതികളും ചുമത്തുന്നതും  പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്. സംസ്ഥാനത്ത്  ആയിരക്കണക്കിന് ഗാർഹിക, ഗാർഹികേതര കെട്ടിടങ്ങൾ നികുതി നിർണ്ണയിക്കപ്പെടാതെയുണ്ട്. സർക്കാരിന് വലിയ  വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നികുതിപിരിവ് സുതാര്യവും ഊർജ്ജിതവുമാക്കുന്നതിനാണ് ഭേദഗതി. 

മജിസ്ട്രേറ്റുമാരുടെ അധികാരപരിധി ഉയർത്തും

പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാരപരിധി 10000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയർത്തും. 
ഇതിന് 1973ലെ ക്രിമിനൽ നടപടി സംഹിതയിലെ  29 ആം വകുപ്പിലെ ഉപവകുപ്പ് ഭേദഗതി ചെയ്യുന്നതിന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നൽകിയ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. 

മോട്ടോർ വാഹന നിയമ (ഭേദഗതി )ആക്റ്റ് 2019 നിലവിൽ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ 10 മടങ്ങ് വർദ്ധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്  മജിസ്ട്രേറ്റിന് ചുമത്താവുന്ന പരമാവധി പിഴ 10000 രൂപ മാത്രമായതിനാൽ നിലവിലുള്ള ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ പ്രോസിക്യൂഷൻ നടപടി ക്രമങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഇത് പരിഗണിച്ചാണ്  ഭേദഗതി വരുത്താനുള്ള  കരട് ബില്ലിന്  അംഗീകാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

അധ്യാപകൻ്റെ കൈവെട്ടിയ കേസിൽ ആറു പേർ കൂടി കുറ്റക്കാർ, ശിക്ഷ നാളെ

 ”ഇപ്പോൾ ശിക്ഷിക്കപ്പെട്ടവർ ആരുടെയൊക്കെയോ ആജ്ഞാനുവർത്തികളാണ്. പിന്നിൽ മറ്റ് പലരുമാണ്. അവരാണ് ആഹ്വാനം ചെയ്തത്” പ്രൊഫസർ ടി ജെ ജോസഫ്

മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധി പ്രസ്താവിച്ച് കോടതി. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി, മൻസൂർ എന്നിവരെയാണ് വെറുതെ വിട്ടത്. ഭീകരപ്രവര്‍ത്തനം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്ന് എന്‍ഐഎ കോടതി പ്രസ്താവിച്ചു. കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷ നാളെ പ്രസ്താവിക്കും. ശിക്ഷിക്കപ്പെട്ട 6 പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലിൽ പാർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

കേസിലെ രണ്ടാം പ്രതിയാണ് സജൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ്വ്യാ. ഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പ്രതികളുടെ ശിക്ഷ കോടതി വിധി പ്രസ്താവിക്കും.

ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ 11 പ്രതികളാണ് വിചാരണ നേരിട്ടത്. സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലർഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്.

ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്. 

2010 ലെ കേസ്, കുറ്റക്കാരായി കണ്ടെത്തിയത് മൊത്തം 16 പേരെ

2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചോദ്യ പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻസ് കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് 2011-ൽ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

42 ഓളം പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. ഇതിൽ 2015-ൽ ആദ്യഘട്ട വിധി പ്രസ്താവിച്ചിരുന്നു. അന്ന് 31 പ്രതികളാണ് വിചാരണ നേരിട്ടത്. ഇതിൽ നിന്ന് 18 പേരെ ഒഴിവാക്കിയിരുന്നു. പത്ത് പ്രതികൾക്ക് എട്ട് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു.

പ്രൊഫസർ ടി ജെ ജോസഫിൻ്റെ പ്രതികരണം

‘2015 ൽ ആദ്യഘട്ട വിധി വന്നപ്പോൾ പറഞ്ഞതേ ഇപ്പോഴും പറയാനുള്ളു. പ്രതികളെ ശിക്ഷിക്കുന്നതിൽ ഉത്ക്കണ്ഠയില്ല. സാധാരണ പൌരനെ പോലെ കൌതുകമേയുള്ളു. രാജ്യത്തിന്റെ നീതി നടപ്പാക്കുന്നുവെന്ന് മാത്രം. പ്രതികളെ ശിക്ഷിച്ചതിൽ പ്രത്യേകിച്ച് ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ല. പ്രതികളും എന്നെപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്.  പ്രാകൃതമായ നിയമത്തിന്റെ പേരിലാണ് അവരെന്നെ ഉപദ്രവിച്ചത്. ഇതുപോലുള്ള പ്രാകൃത രീതികളിൽ നിന്നും എല്ലാവർക്കും മോചനം ലഭിക്കണം. പ്രതിയെ ശിക്ഷിച്ചത് കൊണ്ട് ഇരയ്ക്ക് നീതി ലഭിക്കുന്നുവെന്നത് മിഥ്യാ ധാരണയാണ്. രാജ്യത്തിന്റെ നിയമം നടപ്പാക്കപ്പെടുന്നുവെന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളു. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമവ്യവസ്ഥയ്ക്കുള്ള പ്രശ്നമാണ്. എന്നെ ഉപദ്രവിച്ചവരൊന്നും എന്നെ അറിയുന്നവരല്ല. ഈ പ്രതികളെല്ലാം മറ്റ് പലരുടേയും ആജ്ഞാനുവർത്തികൾ മാത്രമാണ്. ഇതിനെല്ലാം നിർദ്ദേശിച്ചവരാണ് യഥാർത്ഥ കുറ്റവാളികൾ അവരെ പിടിക്കാൻ സാധിച്ചിട്ടില്ല. അവരെല്ലാം കാണാ മറയത്താണ്. ആരും എന്റെ ജീവിതം തകർത്തുവെന്ന് കരുതുന്നില്ല. ചില കാര്യങ്ങൾ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് മാത്രമേ വിചാരിക്കുന്നുവുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

രണ്ടാം ഘട്ട വിധി 

1. അശമന്നൂർ സവാദ് (ഇപ്പോഴും ഒളിവിലാണ്) 

2.സജിൽ – കുറ്റക്കാരൻ

3. നാസർ – കുറ്റക്കാരൻ 

4. ഷഫീഖിനെ –  വെറുതെ വിട്ടു

5. നജീബ് – കുറ്റക്കാരൻ 

6 അസീസ് ഓടക്കാലി – വെറുതെ വിട്ടു

 7. മുഹമ്മദ് റാഫി – വെറുതെ വിട്ടു 

8.സുബൈർ – വെറുതെ വിട്ടത്

9 നൗഷാദ് – കുറ്റക്കാരൻ – യുഎപിഎ ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും  

10. മൻസൂർ – വെറുതെ വിട്ടു 

11.മൊയ്തീൻ കുഞ്ഞ് – യുഎപിഎ ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും  

12. അയ്യൂബ് – യുഎപിഎ ഇല്ല. 202, 212 വകുപ്പുകൾ നിലനിൽക്കും

ചോദ്യ പേപ്പർ വിവാദത്തെത്തുടർന്ന് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്‍റെ കൈവെട്ടിയ സംഭവം നടന്ന് 12 വ‍ർഷങ്ങൾക്ക് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയായത്. സംഭവത്തിനുശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻ ഐ എ വിചാരണ പൂർത്തിയാക്കിയത്. 

37 പേരുടെ ആദ്യഘട്ട വിചാരണയിൽ 11 പേരെ ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. 2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടിയത്. പോപ്പുലർ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് എൻ ഐ എയും കണ്ടെത്തി. കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്കും സംഭവത്തിന് മുമ്പും ശേഷവും പ്രദേശിക പിന്തുണകിട്ടിയെന്നുമാണ് കണ്ടെത്തൽ. 

സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന് വില കുറയും, ഓൺലൈൻ ഗെയിമുകൾ ഇനി പൊള്ളും

സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന് ഇനി വില കുറയും. തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങൾക്ക് 18 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കിയിരുന്നത് അഞ്ച് ശതമാനമായി കുറയ്ക്കാൻ തീരുമാനമായി. ഡൽഹിയിൽ ചേർന്ന 50-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇതോടെ റെസ്റ്റോറന്റുകളിലെ വിലയ്ക്ക് തിയറ്ററുകളിലും ഇനി ഭക്ഷണം ലഭിക്കും.

ഓൺലൈൻ ഗെയിമുകൾക്ക് ജിഎസ്ടി ഏർപ്പെടുത്താനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. ഓൺലൈൻ ഗെയിമുകൾ, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടിയാകും ഏർപ്പെടുത്തുക. ( Cinema theater food will cost less gst council decision )

അപൂർവ്വ രോഗങ്ങൾക്കുള്ള ഔഷധ വില കുറയും

ക്യാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ വില കുറയും. അപൂർവ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഫുഡ് ഫോർ സ്പെഷ്യൽ മെഡിക്കൽ പർപ്പസ് (എഫ്എസ്എംപി) എന്നിവയുടെ ഇറക്കുമതിക്ക് ജിഎസ്ടി ഒഴിവാക്കി.

മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾക്ക് 22% സെസ് ഏർപ്പെടുത്തി. സെഡാനുകൾ ഉൾപ്പെടുത്തിയിട്ടില്ല. സ്വകാര്യ ഓപ്പറേറ്റർമാർ നൽകുന്ന ഉപഗ്രഹ വിക്ഷേപണ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കി. ജിഎസ്ടി രജിസ്‌ട്രേഷന് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിർബന്ധമാക്കി.

കൊച്ചിയിലും തിരുവനന്തപുരത്തും അപ്പീൽ കേന്ദ്രങ്ങൾ

ഘട്ടംഘട്ടമായി ജിഎസ്ടി അപ്പീൽ ട്രൈബ്യൂണലുകൾ സ്ഥാപിക്കാനും തീരുമാനമായി. ഒരു ജുഡീഷ്യൽ വിദഗ്ധനും ഒരു സാങ്കേതിക വിദഗ്ധനും ട്രൈബ്യൂണലിൽ ഉൾപ്പെടും. തലസ്ഥാന നഗരങ്ങളിലും ഹൈക്കോടതി ബഞ്ചുകൾ ഉള്ള സ്ഥലങ്ങളിലും ട്രൈബ്യൂണലുകൾ സ്ഥാപിക്കും. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ജിഎസ്ടി അപ്പീൽ ട്രൈബ്യൂണലുകൾ.

കൈക്കൂലി കേസിൽ പിടിയിലായ ഡോക്ടറുടെ വീട്ടിലെ നോട്ട് കെട്ടുകൾ കണ്ട് ഞെട്ടി വിജിലൻസ്

0

 കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ഡോക്ടറുടെ വീട്ടിൽ നിന്നും 15 ലക്ഷത്തിലേറെ രൂപയുടെ നോട്ടു കെട്ടുകൾ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കിന്റെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.

500, 2000, 100, 200 ന്റെ നോട്ടുകെട്ടുകളാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്. പണം വിജിലൻസ് എണ്ണിത്തിട്ടപ്പെടുത്തുകയാണ്. രണ്ടായിരത്തിന്റെ 25 നോട്ട് കെട്ടുകൾ കൂട്ടത്തിലുണ്ട്. നോട്ട്കെട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താനായി നോട്ടെണ്ണൽ യന്ത്രം ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. നിരവധി ഉദ്യോഗസ്ഥരാണ് സ്ഥലത്തുള്ളത്.

പണം കിട്ടും വരെ നടത്തിച്ചു

ഇന്നാണ് ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡോ ഷെറി ഐസകിനെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരനോട് ഡോ ഷെറി  ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം താൻ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്.

ശസ്ത്രക്രിയക്ക് ഡേറ്റ് നൽകാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഇയാൾ നടത്തിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ് കൈ എല്ല് പൊട്ടിയ യുവതിയാണ്. പണം നൽകാതായപ്പോൾ പലവിധ റിപ്പോർട്ടുകളും ആവശ്യപ്പെട്ട് നടത്തിച്ചു.

ഒടുവിൽ കൈക്കൂലി ആവശ്യപ്പെട്ടതോടെ പരാതിക്കാർ പൊതു പ്രവർത്തകനെ വിവരം അറിയിച്ചു. ഇതോടെ വിജിലൻസിനെ സമീപിച്ചു. രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് കൊടുത്തയച്ചു. ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിയ പരാതിക്കാരൻ ഡോ ഷെറി  ഐസകിന് കൈക്കൂലി നൽകിയപ്പോൾ മറഞ്ഞുനിന്ന വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.

നേരത്തെയും പരാതികൾ

നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ വിജിലൻസിന്റെ പിടിയിൽ നിന്ന് രക്ഷപെടുകയായിരുന്നു. പിന്നാലെയാണ് വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് കണ്ടെത്തിയ നോട്ട് കെട്ടുകൾ കൈക്കൂലി പണമാണെന്ന് സംശയിക്കുന്നുണ്ട്. നിരവധി കവറുകളിൽ പണം ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പലരിൽ നിന്ന് കൈക്കൂലിയായി വാങ്ങിയതാണെന്നാണ് സംശയം.

ഒരേ പച്ചക്കറികൾ കടകളിൽ പലവില, കളക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനയ്ക്കിറങ്ങാൻ മുഖ്യമന്ത്രി

 സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടു. ഇതു പരിശോധിക്കുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

പരിശോധനയ്ക്ക് കളക്ടർമാരും ഇറങ്ങണം

എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകൾ കൂട്ടായ പ്രവര്‍ത്തനം നടത്തണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണം. പൂഴ്ത്തിവയ്പ്പ് പൂര്‍ണ്ണമായും ഒഴിവാക്കാനാവണം. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകള്‍ നടത്തണം. പൊലീസിന്റെ ഇടപെടലും ഉണ്ടാകണം.

നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ ഹോര്‍ട്ടികോര്‍പ്പും കണ്‍സ്യൂമര്‍ഫെഡും സിവില്‍സപ്ലൈസും വിപണിയില്‍ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓണക്കാലത്തേക്കുള്ള മാര്‍ക്കറ്റുകള്‍ നേരത്തെ ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

വിലനിലവാരം അവലോകനം ചെയ്യണം

ഗുണനിലവാര പരിശോധന എല്ലാ സ്ഥലങ്ങളിലും നടത്തണം. ഒരേ ഇനത്തിനു തന്നെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വിലയിലെ അന്തരം വ്യാപാരസമൂഹവുമായി ജില്ലാകളക്ടര്‍മാര്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. ഏറ്റക്കുറച്ചിലുകള്‍ പരിഹരിച്ച് ഒരേവില കൊണ്ടുവരാന്‍ ശ്രമിക്കണം. നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം ആഴ്ചയില്‍ ഒരു തവണയെങ്കിലും ജില്ലാകളക്ടര്‍മാര്‍ അവലോകനം നടത്തണം. സംസ്ഥാനാടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുടെ യോഗം 10 ദിവസത്തിലൊരിക്കല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 

യോഗത്തില്‍ മന്ത്രിമാരായ ജി ആര്‍ അനില്‍, വി എന്‍ വാസവന്‍, കെ രാജന്‍, പി പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഭക്ഷ്യ, കൃഷി വകുപ്പു സെക്രട്ടറിമാര്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കേന്ദ്ര സർക്കാരിന് തിരിച്ചടി, ഇഡി ഡയറക്ടറുടെ കാലാവധി ദീർഘിപ്പിച്ചത് നിയമ വിരുദ്ധം – സുപ്രീം കോടതി

ഇഡി ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി നീട്ടിയ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന നിർദ്ദേശവും സുപ്രീം കോടതി നൽകി. സുപ്രീം കോടതി വിധിയുണ്ടായിട്ടും എസ്കെ മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയത് നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവത്തിൽ സുപ്രീം കോടതി പ്രത്യേകം പരാമർശിച്ചു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജൂലൈ 31 വരെയാവും ഇനി എസ്കെ മിശ്രയ്ക്ക് തുടരാനാവുക.

സുപ്രീം കോടതി വിധിയും മറികടന്ന് നടത്തിയ നിയമനം

2018 നവംബറിലാണ് മിശ്രയെ രണ്ടുവര്‍ഷത്തേക്ക് ഇ.ഡി. ഡയറക്ടറായി നിയമിച്ചത്. 2020 മേയില്‍ അദ്ദേഹത്തിന് 60 വയസ്സായതിനെത്തുടര്‍ന്ന് വിരമിക്കല്‍ പ്രായമായി. എന്നാല്‍, മിശ്രയുടെ കാലാവധി രണ്ടില്‍നിന്ന് മൂന്നുവര്‍ഷമാക്കി രാഷ്ട്രപതി ദീര്‍ഘിപ്പിച്ചതായി വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ 2020 നവംബര്‍ 13-ന് ഉത്തരവിറക്കി വീണ്ടും വാഴിച്ചു.

ഇതിനെതിരേ ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടികാട്ടി സന്നദ്ധസംഘടനയായ കോമണ്‍ കോസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സമയം നല്‍കിയ നടപടി 2021 സെപ്റ്റംബറില്‍ സുപ്രീംകോടതി തത്കാലം ശരിവെച്ചെങ്കിലും വീണ്ടും നീട്ടിനല്‍കരുതെന്ന് വ്യക്തമാക്കിയിരുന്നു. അതും പാലിക്കാതെയാണ് കേന്ദ്ര സർക്കാർ വീണ്ടും എസ് കെ മിശ്രയുടെ സർവ്വീസ് നീട്ടി നൽകിയത്.

വിയോജിപ്പുകളെ മുഴുവൻ അവഗണിച്ച നിയമനം

ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികൾ തന്നെ സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയിരുന്നു. 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മിശ്ര. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ എത്തി 2018 ലാണ് ഇഡി ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്.

വിരമിച്ചിട്ടും 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ഇതിനു ശേഷം 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി. മാത്രമല്ല അതിനു ശേഷം സെൻട്രൽ വിജിലൻസ് കമ്മീഷൻ ആക്ട് ഭേദഗതി ചെയ്തു കൊണ്ട് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ഓർഡിനൻസ് പുറപ്പെടുവിച്ചു. ഇതോടെയാണ് ചോദ്യം ചെയ്താണ് സുപ്രീം കോടതിക്ക് മുന്നിൽ ഹർജികളെത്തിയത്.

രാഷ്ട്രീയ പകപോക്കലുകളുടെ പേരിൽ ഇഡി ഏറ്റവും വിമർശിക്കപ്പെട്ട കാലം, പദവിയിൽ ഒരേ ഡയറക്ടർ

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതില്‍ കേന്ദ്രത്തിനെതിരെ വാദം കേട്ട ഘട്ടത്തിൽ തന്നെ രൂക്ഷവിമര്‍ശനം സുപ്രീംകോടതി ഉന്നയിച്ചിരുന്നു.

ഈ പദവിയിലേക്ക് പരിഗണിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റില്‍ മറ്റ്  ഉദ്യോഗസ്ഥരില്ലേ എന്ന് ചോദിച്ച കോടതി, ഒരു പ്രധാനമന്ത്രി കൊല്ലപ്പെ‍ട്ടിട്ട് കൂടി മുന്‍പോട്ട് പോയ രാജ്യമാണിതെന്ന് ഓര്‍ക്കണമെന്ന് കൂടി പറഞ്ഞു. അത്ര അനിവാര്യനായ ഉദ്യോഗസ്ഥനാണോ സഞ്ജയ് മിശ്ര, ഇഡിയെ നയിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള മറ്റ് ഉദ്യോഗസ്ഥരില്ലേ എന്ന ചോദ്യവും കേന്ദ്ര സർക്കാരിനോട് ഉന്നയിച്ചു.

സഞ്ജയ് മിശ്രയെപ്പോലെ മറ്റാരുമില്ലെ ? കോടതി വീണ്ടും ചോദിച്ചു

സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടിയതിൽ വ്യക്തിപരമായ ഒരു താല്‍പര്യവുമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഭീകരര്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ അവലോകന യോഗം ഉടന്‍ ചേരുകയാണ്. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യോഗത്തില്‍  ഇതുവരെയുള്ള നടപടികള്‍ അവലോകനം ചെയ്യാന്‍ സഞ്‍യ്  മിശ്രയുടെ സേവനം ആവശ്യമാണെന്നും തുഷാര്‍ മേത്ത പറഞ്ഞിരുന്നു. എന്നാല്‍  അക്കാര്യം വിലയിരുത്താന്‍ കഴിവും അര്‍ഹതയുമുള്ള മറ്റാരുമില്ലേയെന്ന് കോടതി വീണ്ടും ചോദിച്ചു.