ഷാരൂഖ് ഖാനെ കാണാൻ കൊള്ളില്ല, അഭിനയിക്കാനും അറിയില്ലെന്ന് മഹനൂർ ബലോച്ച്- വിവാദം

ഷാരൂഖ് ഖാന് അഭിനയിക്കാൻ അറിയില്ല കാണാനും ഭംഗിയില്ലെന്ന് പറഞ്ഞാൽ ആരാധകർ എന്തു പറയും. മാത്രമല്ല ഷരൂഖ് സ്വന്തമായി സൃഷ്ടിച്ച പ്രഭാവലയത്തിലാണ് കഴിഞ്ഞു പോകുന്നത് എന്നും പാക് നടിയായ മഹനൂർ ബലോച്ച് പറഞ്ഞു കളഞ്ഞു.

മഹനൂറിന്റെ പരാമർശത്തിനെതിരെ ഷാരൂഖ് ആരാധകരുടെ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്. സിനിമകൾ കാണാത്ത നടിയെ കുറിച്ച് എന്തു പറയാനാണ് എന്നാണ് ആരാധകരുടെ മറു ചോദ്യം.

ഒരു പാകിസ്താനി ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് മഹനൂർ ബലോച്ച് ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ട പരാമർശം നടത്തിയത്. സമൂഹത്തിന്റെ ബ്യൂട്ടി സ്റ്റാൻഡേർഡിന് അനുസരിച്ച് എത്താനായില്ലെങ്കിൽപ്പോലും ചുറ്റും നിറഞ്ഞുനിൽക്കുന്ന ഒരു പ്രഭാവലയമാണ് ഷാരൂഖിന് സൗന്ദര്യം നൽകുന്നതെന്ന് മഹനൂർ അഭിപ്രായപ്പെട്ടു.

മഹനൂർ ബലോച്ച് പറഞ്ഞത്

“ഷാരൂഖ് ഖാന്റെ ചുറ്റുമുള്ള പ്രഭാവലയം വളരെ ശക്തമായതിനാലാണ് അദ്ദേഹത്തിന് സൗന്ദര്യമുള്ളതായി തോന്നുന്നത്. എന്നാൽ ആ പ്രഭാവലയം ഇല്ലാത്ത ഭം​ഗിയുള്ള ഒരുപാടുപേരുണ്ട്. അവരെയാരും ശ്രദ്ധിക്കുന്നുപോലുമില്ല. ഷാരൂഖിന് അഭിനയിക്കാൻ അറിയില്ലെന്നാണ് എന്റെ അഭിപ്രായം. എങ്ങനെ സിനിമയിൽ സ്വയം മാർക്കറ്റ് ചെയ്യണമെന്ന് അറിയുന്ന ബിസിനസുകാരനാണ് അദ്ദേഹം. ഷാരൂഖ് ഖാന്റെ ആരാധകർ എന്നെ എതിർത്തേക്കാം, പക്ഷേ കുഴപ്പമില്ല. തന്നിലെ നല്ല വ്യക്തിത്വത്തെ അദ്ദേഹം നന്നായി മാർക്കറ്റ് ചെയ്യുന്നുണ്ട്. വിജയം കാണാത്ത നിരവധി താരങ്ങളുണ്ട്.”

അമേരിക്കയിൽ ജനിച്ച കനേഡിയൻ- പാക് നടിയും സംവിധായികയും മുൻ മോഡലുമാണ് മഹനൂർ. 1993-ൽ മാർവി എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ടാണ് അവർ ഈ രം​ഗത്തെത്തിയത്. 2013-ൽ ടോൺ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറി. ഈ ചിത്രത്തിൽ മഹനൂർ അവതരിപ്പിച്ച മറിയം എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ, രാജ് ഹിറാനിയുടെ ഡങ്കി എന്നീ ചിത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഷാരൂഖ് ഖാൻ. ഇതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അമേരിക്കയിൽ ഷൂട്ടിങ്ങിനിടെ ബോളിവുഡിലെ കിങ്ങ് ഖാന് പരുക്കേറ്റത് വാർത്തയായിരുന്നു. മൂക്കിനി ചെറിയ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. മുംബെയിലെ വസതിയിലേക്ക് തിരിച്ച് വന്നു.

293 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ മൂന്നു പേരെ സി ബി ഐ അറസ്റ്റ് ചെയ്തു

ഒഡീഷ ബാലസോർ ട്രെയിൻ അപകടത്തിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.

നരഹത്യയ്ക്ക് ഇടയാക്കിയതും തെളിവ് നശിപ്പിക്കലുമായ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.  IPC sections 304 (culpable homicide not amounting to murder) and 201 (destruction of evidence) സിഗ്നൽ പിഴവും പുറത്തു നിന്നുള്ള ഇടപെടലുമാണ് സി ബി ഐ അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നത്. സിഗ്നൽ കേബിളുകൾ വർഷങ്ങളായി കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്ന് കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. പുറത്തു നിന്നുള്ള ഇടപെടൽ സാധ്യത അന്വേഷക സംഘം തള്ളിയിരുന്നു.

293 പേർ മരിച്ച അപകടമാണ്. ഇവരിൽ 287 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ജൂൺ രണ്ടിനായിരുന്നു അപകടം. മൂന്ന് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസിലും കോറോമാണ്ടൽ എക്‌സ്‌പ്രസിലും ആകെ 2,296 യാത്രക്കാരായിരുന്നു. ചെന്നൈയിലേക്ക് പുറപ്പെട്ട കോറമാണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തെ തുടർന്ന് കഴിഞ്ഞ മാസം 23 ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് അന്ന് സ്ഥലം മാറ്റിയത്.

കോയമ്പത്തൂരോ കന്യാകുമാരിയോ ? 2024 ലെ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ കണ്ണുവെച്ച് നരേന്ദ്ര മോദി

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ് നാട്ടിൽ നിന്ന് മത്സരിച്ചേക്കും. ഇക്കാര്യം നരേന്ദ്ര മോദി പരിഗണിക്കുന്നതായുള്ള  ചർച്ചകൾ സജീവമായി. നിലവിലെ സീറ്റായ ഉത്തർപ്രദേശിലെ വാരാണസിക്കു പുറമെ തമിഴ്നാട്ടിൽ ഒരു മണ്ഡലത്തിൽ കൂടി പ്രധാനമന്ത്രി മത്സരിച്ചേക്കുമെന്നാണ് വാർത്ത. 

കന്യാകുമാരിയോ കോയമ്പത്തൂരോ

മോദി കന്യാകുമാരിയിൽ നിന്നോ കോയമ്പത്തൂരിൽ നിന്നോ മത്സരിച്ചേക്കാനാണ് സാധ്യത. കാശി– കന്യാകുമാരി സംഗമം എന്ന ആശയം ഇതിനായി പാകാൻ തുടങ്ങിയിട്ടുണ്ട്. മോദി കന്യാകുമാരിയിൽ നിന്ന് മത്സരിച്ചാൽ കാശിയും കന്യാകുമാരിയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തമാകുമെന്നാണ് പ്രചാരണം. ഇതോടൊപ്പം രാമേശ്വരത്തിൻ്റെ ആത്മീയ പ്രാധാന്യത്തിൽ ഊന്നിയുള്ള വിജയ സാധ്യതയും ചർച്ചയിലുണ്ട്. എന്നാൽ

റിപ്പോർട്ടുകൾ അനുസരിച്ച് പ്രധാനമന്ത്രി കന്യാകുമാരിയിൽ നിന്ന് മത്സരിക്കാനുള്ള സാധ്യതയാണ് കൂടുതൽ. കാരണം, തമിഴ്നാട്ടിൽ ബിജെപിയ്ക്ക് ശക്തിയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കന്യാകുമാരി. 2014 വിജയം നേടിയ സീറ്റ് 2019 ൽ നഷ്ടമാവുകയായിരുന്നു.

2021ൽ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പൊൻ രാധാകൃഷ്ണനാണ് കന്യാകുമാരി മണ്ഡലത്തിൽ മത്സരിച്ചത്. കോൺഗ്രസിന്റെ വിജയകുമാറായിരുന്നു എതിർ സ്ഥാനാർത്ഥി. വിജയകുമാർ  5,76,037 വോട്ടുകൾ നേടിയപ്പോൾ ബി ജെ പി പക്ഷത്ത് 4,38,087 വോട്ടുകൾ സ്വന്തമാക്കാൻ പൊൻരാധാകൃഷ്ണന് സാധിച്ചിരുന്നു.  

കോയമ്പത്തൂർ മേഖലയിൽ ബി ജെ പിക്ക് ഒരു എംഎൽഎയുണ്ട്. കോയമ്പത്തൂർ സൗത്തിൽ നിന്നുള്ള വനതി ശ്രീനിവാസനാണ് ബിജെപിയുടെ എംഎൽഎ.

2019 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ 3,92,007 വോട്ടുകൾ നേടിയിരുന്നു. അന്ന് സിപിഎമ്മിൻ്റെ പി.ആർ.നടരാജൻ 5,71,150 വോട്ടുകൾ നേടി വിജയിച്ചു. ദക്ഷിണേന്ത്യയിൽ സ്വാധീനം ഉറപ്പിക്കുക ബി ജെ പിക്ക് ആവശ്യമാണ്. ഉത്തരേന്ത്യൻ കേന്ദ്രീകൃതമായ രാഷ്ട്രീയം അധിക കാലം നീട്ടി കൊണ്ടു പോകാൻ കഴിയില്ല. ദ്രാവിഡ പാരമ്പര്യത്തിൻ്റെ തുടർച്ചയെ പിടികൂടാനും കീഴടക്കാനും എളുപ്പമല്ല. ഇത് ഉത്തരേന്ത്യയിൽ കൈകാര്യം ചെയ്യുന്ന ആശയങ്ങളുമായി ചേരുന്നതുമല്ല. ഇതിനെ സംതുലിതമാക്കുക എന്നത് അനിവാര്യമായി തീർന്നിരിക്കയുമാണ്.

നരേന്ദ്ര മോദി 2014 ൽ വഡോദരയിലും വരാണസിയിലും മത്സരിച്ചിരുന്നു. 2019 ൽ വരാണസിയിൽ മാത്രമായി വിജയം ഉറപ്പാക്കി.

തമിഴ് മനസിനെ പിടിക്കാൻ പ്രചാര വിദ്യ

എന്നാൽ ഇവയെല്ലാം തമിഴ് മനസിനെ പിടിക്കാനുള്ള വിദ്യകൾ മാത്രമാണെന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 2010 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ തമിഴ് ഗുജറാത്ത് സാംസ്കാരിക കൈമാറ്റ പദ്ധതി മോദി അവതരിപ്പിച്ചിരുന്നു. ആർ എസ് എസ് രാഷ്ട്രീയത്തിന് ദ്രവീഡിയൻ പൈതൃക മനസിനെ പരുവപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി അന്നു മുതൽ പ്രത്യക്ഷ ശ്രമങ്ങൾ തുടങ്ങിയതാണ്. ചൈനീസ് പ്രതിനിധിയെ മഹാബലി പുരത്തേക്ക് എത്തിച്ചതും ഇതിനു തുടർച്ചയാണ്. ദക്ഷിണേന്ത്യയെ മെരുക്കാനുള്ള വിദ്യകൾ മാത്രമാണ് ഇതെന്നാണ് അവരുടെ വിലയിരുത്തൽ.

കെ സുരേന്ദ്രൻ ബി ജെ പി അധ്യക്ഷ സ്ഥാനത്ത് തുടരും

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ നേതൃത്വത്തിൽ തുടരാനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം. ഈ മാസം പാർട്ടി സംസ്ഥാന അധ്യക്ഷന്മാരുടെ യോഗം വിളിച്ചതിൽ സുരേന്ദ്രൻ പങ്കെടുക്കും.

സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലും മാറ്റം വരുന്നതായി വാർത്തകളുണ്ടായിരുന്നു. കേന്ദ്ര മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തി വി.മുരളീധരന് സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കേന്ദ്ര മന്ത്രിമാര്‍ക്ക് പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ട്. കേരളം, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടാകുമെന്നായിരുന്നു വിവരം.

തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിനിടെയാണ് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചത്.

രാജസ്ഥാന്‍, തെലങ്കാന, അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരെ മാറ്റി നിയമിച്ചിട്ടുണ്ട്. ജി. കിഷന്‍ റെഡ്ഡിയെ തെലങ്കാന ബി.ജെ.പി അധ്യക്ഷനായും ബാബുലാല്‍ മറാന്‍ഡിയെ ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷനുമായാണ് നിയമിച്ചിരുന്നത്. പി. പുരന്ദേശ്വരിയെ ആന്ധ്രാപ്രദേശ് പാര്‍ട്ടി അധ്യക്ഷയായും സുനില്‍ ജാഖറിനെ പഞ്ചാബിലെ അധ്യക്ഷനായും നിയമിച്ചു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ നീക്കം.

അയോഗ്യത തുടരും, രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി

മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണ്. ശിക്ഷാവിധിയിൽ തെറ്റില്ല. മാത്രമല്ല ഇതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. 

10 ലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായും പറയുക കൂടി ചെയ്താണ് വിധി. 

പ്രസംഗത്തിലെ പരാമർശത്തിന് ഗുജറാത്തിൽ നിന്നും കേസ്, പിന്നാലെ അയോഗ്യത

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളത് എന്തുകൊണ്ടെന്ന രാഹുലിന്‍റെ പരിഹാസമാണ് ആയുധമാക്കിയത്. ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് നടപടിയിലേക്ക് നയിച്ച കേസ് നൽകിയത്.

മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വർഷം തടവ് വിധിക്കയും ചെയ്തു. ഇതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്. ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളുകയായിരുന്നു. ഇതോടെയാണ് രാഹുൽ ഹൈക്കോടതിയിലെത്തിയത്.

രണ്ടു തട്ടിപ്പുകാരുടെ പേരിൽ നിന്ന് മോദി

2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ 2019 ഏപ്രിൽ 13 നാണ് സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയേയും നികുതി തട്ടിപ്പ് നടത്തിയ ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ചുകൊണ്ട് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ഏപ്രിൽ 16 ന് രാഹുലിന്‍റെ പരാമർശം മോദി സമുദായത്തിൽ നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ പൂർണേഷ് മോദി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

പരിഹാസം ക്രിമിനൽ കേസായി

ജൂൺ 7 ന് കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബി.എച്ച്. കപാഡിയ രാഹുൽ ഗാന്ധിക്ക് സമൻസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. നേരിട്ട് ഹാജരാവുന്നതിൽ നിന്ന് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് ആദ്യം ഇളവ് നല്‍കി. പിന്നീട് 2019 ഒക്ടോബർ 10 ന് രാഹുൽ ഗാന്ധി സൂറത്ത് കോടതിയില്‍ ഹാജരായി താൻ നിരപരാധിയാണ് എന്ന് ബോധിപ്പിച്ചു. 2020 ജൂൺ 15 ജസ്റ്റിസ്  ദവെ കേസ് ഏറ്റെടുക്കാൻ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ സാക്ഷി മൊഴികൾ രേഖപ്പെടുത്താൻ തുടങ്ങി. രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ.എൻ ദവെയ്ക്കു മുന്നിൽ മൊഴി രേഖപ്പെടുത്തി. താൻ പരിഹാസമാണ് ഉദ്ദേശിച്ചതെന്നും അതൊരു തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണെന്നും മറുപടി നൽകി. 

മോദിയെ തൊട്ടാൽ അയോഗ്യത

2023  മാർച്ച് 23 ന് കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ട്  സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച് എച്ച് വർമ്മ രാഹുൽ ഗാന്ധിയെ ആ കുറ്റത്തിനുള്ള പരമാവധി ശിക്ഷയായ  രണ്ടു വർഷത്തെ തടവിനും 15000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. അപ്പീല്‍ നല്‍കാന്‍ ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചു.

2023 മാർച്ച് 24 ന്  ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽകുമാർ സിംഗ് ശിക്ഷ വിധിക്കപ്പെട്ട അന്നുമുതല്‍ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദായതായി പ്രഖ്യാപിച്ചു.  2023 ഏപ്രില്‍ 25 ന് കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യമായി രാഹുല്‍ ഗുജറാത്ത് കോടതിയെ സമീപിച്ചു. 2023 മേയ് 2 രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ ഹൈക്കോടതിയില്‍ അന്തിമവാദം കേട്ടു.കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വേനലവധിക്ക് ശേഷം വിധി പറായാനായി മാറ്റി. തുട‍‍ര്‍ന്നാണ് ഇന്ന് ഹ‍ര്‍ജിയിൽ വിധി . 

മാനനഷ്ടക്കേസ് ദുരുപയോഗം ചെയ്യുന്നു – കോൺഗ്രസ്

ഗുജറാത്ത് ഹൈക്കോടതി വിധി അപ്രതീക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു .വാദം പൂർത്തിയാക്കി 66 ദിവസങ്ങൾക്ക് ശേഷമാണ് വിധി വന്നത്. ഒരു പ്രത്യേക സമുദായത്തിന് മാനഹാനി ഉണ്ടാക്കുന്ന യാതൊന്നും രാഹുൽ പറഞ്ഞിട്ടില്ല.പരാമർശിക്കപ്പെട്ട വ്യക്തികൾക്ക് എങ്ങനെ മാനഹാനിയുണ്ടായെന്ന് വ്യക്തമല്ല.മാനനഷ്ടക്കേസ് ദുരുപയോഗം ചെയ്യുന്നു.ഈ പൊള്ളത്തരം ജനങ്ങൾക്ക് മുൻപിൽ തുറന്നുകാട്ടും.ജനങ്ങളുടെ കോടതിയിൽ പ്രതീക്ഷയുണ്ട്. നിയമത്തിന് മുമ്പിൽ ഇനിയും വഴികളുണ്ടെന്നും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ അപമാനിക്കുന്ന ട്രാക്ക് റെക്കോർഡുള്ള ആളല്ല രാഹുൽ.പരാതികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.സവർക്കർ പരാമർശത്തിലെ കേസ് സൂറത്ത് കോടതി വിധിക്ക് ശേഷമുള്ളതാണ്.എല്ലാ കേസുകളുടെയും ഉറവിടം ഒന്ന് തന്നെയാണ്.

വിധിപോലും അവ്യക്തം

മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ 2 വർഷത്തെ തടവ് വിധിക്കാനുള്ള എന്ത് ഗൗരവമാണ് രാഹുലിൻ്റെ പ്രസ്താവനയിലുള്ളത്. ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെയാണ് രാഹുലിന് ശിക്ഷ വിധിച്ചത്.

ഇന്നത്തെ വിധിപോലും അവ്യക്തമാണ്.രാജ്യത്തെ പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ഉപകരണം മാത്രമാണ് ഈ കേസ്.രാഹുലിന്  സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു.ഇത് രാഹുലിൻ്റെ മാത്രം വിഷയമല്ല,നാളെ രാഷ്ടീയക്കാരുടെയും, മാധ്യമ പ്രവർത്തകരുടെയുമൊക്കെ വായടപ്പിക്കാനുള്ള ആയുധമാക്കുമെന്നും അദ്ദേഹം പറഞ്ഞു,

മഴ കനത്തു തന്നെ, നാളെയും തുടരും

0

 സംസ്ഥാനത്ത് പുതിയ മഴ മുന്നറിയിപ്പ് പ്രകാരം വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. ഉച്ചയ്ക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസ‍ര്‍കോട് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ടാണ്.

കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയാം. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ഉണ്ടാവും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

നാളെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

മലിനജലം വഴി പകരുന്ന അപൂർവ്വ അമീബിയ രോഗം, സംസ്ഥാനത്ത് 15 കാരൻ മരിച്ചു

അപൂർവ്വ രോഗമായ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച വിദ്യാർഥി മരിച്ചു. ആലപ്പുഴ പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം കഴിഞ്ഞ ദിവസമാണ് 15 വയസ്സ് പ്രായമുള്ള കുട്ടിക്ക് സ്ഥിരീകരിച്ചത്.

അഞ്ചു വർഷത്തിന് ശേഷമാണ് ആലപ്പുഴയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്. വെള്ളത്തിൽ ജീവിക്കുന്ന അമീബ രോഗാണുവാണ് രോഗം പരത്തുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസെഫലൈറ്റിസ്  ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. 

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സൂര്യപ്രകാശം ഏല്ക്കാതെ മലിനമായി കെട്ടികിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണ മാകും. മഴ തുടങ്ങുമ്പോൾ പെട്ടെന്ന് ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു. 

എന്താണീ രോഗം

പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) നെയ്ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ്. നെയ്‌ഗ്ലേരിയ ഫൗളറി ഒരു അമീബയാണ്. (മൈക്രോസ്‌കോപ്പ് ഇല്ലാതെ കാണാൻ കഴിയാത്തത്ര ചെറുതായ ഒരു ഏകകോശ ജീവിയാണ്).

മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി 1 മുതൽ 2 ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കുന്നു. ചിലപ്പോൾ മണത്തിലോ രുചിയിലോ ഉള്ള മാറ്റമാണ് ആദ്യ ലക്ഷണം. പിന്നീട്, ആളുകൾക്ക് തലവേദന, ഓക്കാനം, എന്നിവ അനുഭവപ്പെടാം

പ്രാരംഭ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു…

തലവേദന
പനി
ഓക്കാനം
ഛർദ്ദി

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

മലയാളത്തിന്റെ വരപ്രസാദം ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. വരയുടെ പരമശിവൻ എന്നു വികെഎൻ വിശേഷിപ്പിച്ച കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിയ്ക്ക് 98 വയസ്സായിരുന്നു.

കരിക്കട്ടയിൽ തുടങ്ങി

1925 ൽ പൊന്നാനി കരുവാട്ടില്ലത്താണ് ജനനം. അച്ഛൻ പരമേശ്വരൻ നമ്പൂതിരി, അമ്മ ശ്രീദേവി അന്തർജ്ജനം. ചെറുപ്പത്തിൽ സംസ്കൃതവും അൽപം വൈദ്യവും പഠിച്ചു. കുട്ടിക്കാലം മുതൽ ചിത്രം വരച്ചുതുടങ്ങി. കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലുംഅമ്പലമുറ്റത്തെമണലിലുമൊക്കെയായിരുന്നു വരയുടെ തുടക്കം. ആ താൽപര്യം കണ്ടറിഞ്ഞ്, പ്രശസ്ത ശിൽപിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻആർട്സ് കോളജിലെത്തിച്ചത്. അവിടെ കെ.സി.എസ്. പണിക്കർ, റോയ് ചൗധരി, എസ്. ധനപാൽ തുടങ്ങിയ പ്രഗദ്ഭരുടെ ശിഷ്യനായി. പിൽക്കാലത്ത് കെസിഎസ് ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോൾ അതിനൊപ്പം പ്രവർത്തിച്ചു. 

നാട്ടിലെത്തി 1960 ൽ മാതൃഭൂമിയിൽ ചേർന്നു. എംടിയും വികെഎന്നും അടക്കമുള്ള ഒട്ടുമിക്ക എഴുത്തുകാരുടെയും രചനകൾക്കു വേണ്ടി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തിട്ടുണ്ട്. തങ്ങളുടെ കഥകൾക്കും നോവലുകൾക്കും നമ്പൂതിരി തന്നെ വരയ്ക്കണമെന്ന് എംടി അടക്കമുള്ള എഴുത്തുകാർ ആഗ്രഹിച്ചിരുന്നു. മലയാള സാഹിത്യത്തിലെ പ്രകാശസ്തംഭങ്ങളായ പല രചനകളും വായനക്കാരിലെത്തിയത് നമ്പൂതിരിയുടെ വരയ്ക്കൊപ്പമാണ്. എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്റെ പിതാമഹനും പയ്യൻ കഥകൾക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്.

അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരായനത്തിന്റെ കലാസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കളിമണ്ണിലും ലോഹത്തിലും സിമന്റിലും ധാരാളം ശിൽപങ്ങളും ചെയ്തിട്ടുണ്ട് നമ്പൂതിരി. ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ആത്മകഥ, ആ വിരലുകളിൽ എഴുത്തും സുന്ദരമായി വഴങ്ങും എന്നു തെളിയിച്ചിട്ടുണ്ട്. 

കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: മൃണാളിനി. മക്കൾ: പരമേശ്വരൻ, വാസുദേവൻ.

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലയ് ഏഴ് വെള്ളിയാഴ്ച) അവധി പ്രഖ്യപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. അതിതീവ്ര മഴയുടെ സാഹചര്യത്തിൽ  പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. മാഹിയിലും ഇന്ന് അവധിയാണ്. 

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് സഹകരിക്കാനും ഈ ഘട്ടത്തിൽ വൈമനസ്യം കൂടാതെ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. നിരവധിയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടാവുകയും ആളുകളെ വീടുകളിൽ നിന്നു ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗുരുതരമായ ദുരന്ത സാഹചര്യത്തെ ഭയപ്പെടേണ്ട അവസ്ഥ ഇല്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട കളക്ടറുടെ അറിയിപ്പ് 

ഇന്ന് പത്തനംതിട്ട ജില്ലയിലെ അംഗൻവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നു. മുൻനിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. 

കാസർകോട് കളക്ടറുടെ അറിയിപ്പ്

ഇന്ന് കാസർകോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ജില്ലയിൽ റെഡ് അലേർട്ട് തുടരുന്നതിനാൽ ഇന്ന് (ജൂലൈ 07, 2023 വെള്ളിയാഴ്ച ) പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. സ്‌കൂളുകളിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ, ചുറ്റുമതിൽ, പഴയ ക്ലാസ്റൂമുകൾ തുടങ്ങിയവ പിടിഎ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ നാളെ തന്നെ വീണ്ടും പരിശോധിക്കുകയും അടുത്ത പ്രവൃത്തിദിനം സ്‌കൂളിൽ എത്തുന്ന കുട്ടികൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കി എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഇത് കൂടി കണക്കിലെടുത്താണ് നാളെ അവധി നൽകുന്നത്.

കോട്ടയം കളക്ടറുടെ അറിയിപ്പ്

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2023 ജൂലൈ ഏഴ്) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

കണ്ണൂർ കളക്ടറുടെ അറിയിപ്പ്

ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 07.07.2023 ന്‌ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച്‌ ഉത്തരവാകുന്നു. മേല്‍ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന്‌ അറിയിക്കുന്നു. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്‌. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

കോഴിക്കോട് കളക്ടറുടെ അറിയിപ്പ്

ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടുള്ളതിനാലും നദീതീരങ്ങളിൽ വെള്ളം ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത്  പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (07-07-2023, വെള്ളി) അവധി പ്രഖ്യാപിക്കുന്നു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

മലപ്പുറം ജില്ലാ കളക്ടറുടെ അറിയിപ്പ്

അതിതീവ്ര മഴയുടെ സാഹചര്യത്തിൽ ഇന്ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി എസ് സി പരീക്ഷകൾ എന്നിവ മുൻനിശ്ചയപ്രകാരം നടക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.മറ്റ് താലൂക്കുകളിൽ വെള്ളക്കെട്ട്  കാരണം കുട്ടികൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ സ്കൂളുകൾക്ക് പ്രാദേശിക അവധി നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും കളക്ടർ അറിയിച്ചു.
 
ആലപ്പുഴയിലെ ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ അവധി

കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( വെള്ളി ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

സാങ്കേതിക സർവകലാശാല: പരീക്ഷ മാറ്റിവെച്ചു

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നതിനാൽ, എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നാളെ (ജൂലൈ 7) ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു.

മൂന്നു ജില്ലകളിൽ നാളെയും വിദ്യാലയങ്ങൾക്ക് അവധി

0

മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 3 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരിനും കോട്ടയത്തിനും പിന്നാലെ കാസർകോടും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആദ്യം തന്നെ കണ്ണൂരാണ് അവധി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കോട്ടയം കളക്ടറും അവധി പ്രഖ്യാപിക്കുകയായിരുന്നു.മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജില്ലകളിൽ അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം 07.07.2023 ന്‌ വെള്ളിയാഴ്ച അവധി ആയിരിക്കും

മഴ തുടരും

കേരളത്തിൽ അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.