തെരുവുനായ ഭീഷണിയിൽ 17 സ്കൂളുകൾക്കും അംഗൻ വാടികൾക്കും അവധി നൽകി പഞ്ചായത്ത്

കോഴിക്കോട് കൂത്താളി ഗ്രാമപഞ്ചായത്ത് തെരുവുനായ ശല്യ ഭീഷണി നിയന്ത്രിക്കാനാവാതെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്കൂളുകൾക്കും 17 അം​ഗനവാടികൾക്കുമാണ് അവധി നൽകേണ്ടി വന്നത്.

ഞായറാഴ്ച വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു. കടിയേറ്റ കുട്ടി പറഞ്ഞ സൂചനകളുടെ അടിസ്ഥാനത്തിൽ ഒരു നായയെ ചങ്ങരോത്ത് വെച്ച് നാട്ടുകാ‍ർ പിടികൂടിയിട്ടുണ്ട്. എങ്കിലും പേ വിഷബാധ ഭീഷണിയും തുടരുകയാണ്.

കഴിഞ്ഞ ആ​ഗസ്റ്റിൽ കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ പേ വിഷബാധയേറ്റ് മരിച്ചിരുന്നു. വയലിൽ നിന്ന് തെരുവ് നായയുടെ കടിയേറ്റ ചന്ദ്രിക എന്ന വീട്ടമ്മയ്ക്ക് രണ്ട് വാക്സിൻ എടുത്തെങ്കിലും മരിച്ചു. അതേ പ്രദേശത്താണ് തെരുവുനായ ഭീതിയേത്തുടർന്ന് പഞ്ചായത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മിന്നു മണിയുടെ അരങ്ങേറ്റം കിടുക്കി, ബംഗ്ലാദേശിനെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ

0

മമലയാളി ക്രിക്കറ്റ് ആരാധകരുടെ സ്വപ്ന സാക്ഷാത്കാരമായി ഇന്ത്യൻ ടീമിൽ ഇടം പിടിച്ച മിന്നു മണിയുടെ അരങ്ങേറ്റം അവിസ്മരണീയമായി. മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ബംഗ്ലാദേശ് വനിതകളെ വീഴ്ത്തി. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ വിക്കറ്റെടുത്ത് ബംഗ്ലാ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച മിന്നു കേരള ക്രിക്കറ്റിന് അഭിമാനമായി. വയനാട് ഒണ്ടയങ്ങാടി ചോയിമൂല സ്വദേശിയായ മിന്നുവിന്റെ മികവ് ഇന്ത്യൻ വിജയങ്ങളുടെ കാരണങ്ങളിൽ ഒന്നാമത്തെയായി. women t20 India won by 7 wickets )

ടോസ് നേടി ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 114 റൺസിന് ഒതുക്കിയെങ്കിലും കരുത്തുറ്റ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് തുടക്കത്തിലേ തകർച്ച നേരിട്ടു. വെടിക്കെട്ട് ബാറ്റർ ഷഫാലി വർമയെ അക്കൗണ്ട് തുറക്കുന്നതിന് മുൻപേ നഷ്ടമായി. നാലാം ഓവറിൽ 11 റൺസ് നേടി ജെമിമ കൂടി കൂടാരം കയറി. പിന്നീട് തകർത്തടിച്ച ക്യാപറ്റൻ ഹർമൻ പ്രീത് കൗറിന്റെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. പതിനേഴാം ഓവറിൽ വിജയറൺ കുറിച്ചു, ഇന്ത്യൻ വനിതകൾ.

തുടക്കകാരിയുടെ പരിഭവമേതുമില്ലാതെ പന്തെറിഞ്ഞ മിന്നുവിന്റെ ബാറ്റിംഗ് പ്രകടനം കാണാൻ കഴിഞ്ഞില്ല. മിന്നു വലിയ പ്രതീക്ഷ കൂടിയാവുകയാണ്. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിലും ഇനിവരുന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ നീലക്കുപ്പായത്തിൽ ഓൾ റൗണ്ട് മികവുമായി മിന്നുവുണ്ടാകും. 3 ഓവർ എറിഞ്ഞ് 21 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ മിന്നുവിന്റെ പ്രകടനം തകർപ്പൻ ശ്രദ്ധ നേടി

ലീഗ് വരുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലെ സിപിഎം നേതാക്കൾക്കെന്ന് വി ഡി സതീശൻ

ഏക സിവില്‍ കോഡ് സെമിനാറിലേക്കുള്ള സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സെമിനാറിന് ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കൾ മാറിയെന്നാണ് വി ഡി സതീശന്‍റെ  പരിഹാസം. സിപിഎം കാപട്യവുമായാണ് വന്നത്. ഇപ്പോള്‍ നന്നായി കിട്ടിയല്ലോ എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

യൂണിഫോം സിവിൽ കോഡ് നടപ്പാക്കണം എന്നുള്ളതായിരുന്നു സിപിഎമ്മിന്റെ എക്കാലത്തെയും ആവശ്യം. കോൺഗ്രസ്‌ അധികാരത്തിൽ ഉള്ളപ്പോളും ഇല്ലാത്തപ്പോലും സിവിൽ കോഡിന് എതിരായിരുന്നു. ബിജെപി ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിൽ നിന്നും നേട്ടം ഉണ്ടാക്കാൻ ആകുമോ എന്നാണ് സിപിഎം നോക്കുന്നതെന്നും ഇപ്പോൾ നന്നായി കിട്ടിയല്ലോ എന്നും സതീശന്‍ പരിഹസിച്ചു. സമസ്തയ്ക്ക് ഇഷ്ടമുള്ള പരിപാടിയിൽ പങ്കെടുക്കാമെന്നും സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ പരിഭവമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെ റെയിൽ പദ്ധതി സജീവമാക്കാൻ സർക്കാർ; ഇ ശ്രീധരനുമായുള്ള കൂടിക്കാഴ്ചയിൽ സഹകരണ വാഗ്ദാനം

സംസ്ഥാനത്തെ റെയിൽ വികസനപദ്ധതികളിലെ തടസ്സങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് ഇ. ശ്രീധരനെ കണ്ടു. പൊന്നാനിയിലെ വീട്ടിലാണ് കൂടിക്കാഴ്ച.

കെ. റെയിലിന്റെ തടസ്സങ്ങൾ, അങ്കമാലി-എരുമേലി ശബരി റെയിൽ, സംസ്ഥാനത്തെ റെയിൽ പാതകളുടെ വളവു നികത്തൽ, വന്ദേഭാരത് വന്ന ശേഷമുള്ള മറ്റു ട്രെയിനുകളുടെ വൈകൽ എന്നിവയെല്ലാം ചർച്ച ചെയ്തതായി കെ.വി. തോമസ് പറഞ്ഞു.

ഇ ശ്രീധരൻ്റെ പ്രതികരണം

സർക്കാർ പുതിയ സെമി സ്പീഡ് / ഹൈ സ്പീഡ് പദ്ധതി കൊണ്ടുവന്നാൽ സഹകരിക്കും. അത് പരിസ്ഥിതി അനുകൂല പദ്ധതിയാകണം. പുതിയ ഡി പി ആർ തയ്യാറാക്കാൻ സംസ്ഥാന സർക്കാരിനെ സഹായിക്കും. ആ പദ്ധതി നടപ്പിലാക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകാൻ തയ്യാറാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ വി തോമസുമായുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നു. കെ-റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരളത്തിലെ റെയിൽവേ സംവിധാനങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളുമായിരുന്നു കൂടിക്കാഴ്ചയിൽ ചർച്ചയായത്. നിലവിലെ കെ റെയിൽ പദ്ധതി നടക്കില്ലെന്ന് കെ വി തോമസിനോട് പറഞ്ഞു. നിലവിലെ പദ്ധതി റയിൽവെ മന്ത്രി അനുവദിക്കില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.

അന്നത്തെ എതിർപ്പില്ല, നിലപാട് പുതിയ സാഹചര്യത്തിൽ

വന്ദേ ഭാരത് വന്നശേഷം ഹൈസ്പീഡ് റെയില്‍വേ കേരളത്തിന് ആവശ്യമാണെന്ന് ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു. കെ. റെയിലിനെതിരായ അദ്ദേഹത്തിന്റെ മുന്‍ നിലപാട് ഇപ്പോള്‍ പ്രസക്തമല്ല. കെ. റെയില്‍ ഉപേക്ഷിച്ച പദ്ധതിയല്ല. പദ്ധതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. വിഷയം അദ്ദേഹവുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ശ്രീധരന് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടെന്നും കെ.വി തോമസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായി കെ.വി. തോമസ് സ്ഥിരീകരിച്ചു.

കെ. റെയിലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഇ. ശ്രീധരന്‍. ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഇദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട് പദ്ധതിയിലുള്ള എതിര്‍പ്പ് അറിയിച്ചിരുന്നു. പദ്ധതി വന്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. എന്നാൽ ഈ സംവിധാനത്തിൻ്റെ ആവശ്യകത ഭാവി കേരളത്തിന് മുതൽക്കൂട്ടാവും എന്ന കണ്ടെത്തലാണ് പുതിയതായി അവതരിപ്പിക്കുന്നത്. ഈ സമീപനം മുൻനിർത്തിയാണ് കൂടിക്കാഴ്ച.

ചർച്ചയ്ക്ക് ശേഷം കെ വി തോമസ് പറഞ്ഞത്

കേരളത്തിലെ റെയിൽവേ സംവിധാനങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളുമായിരുന്നു കൂടിക്കാഴ്ചയിൽ ചർച്ചയായത്.

‘ഹൈ സ്പീഡ് റെയിൽവേ സംവിധാനവും സെമി സ്പീഡ് റെയിൽവേ സംവിധാനവുമാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട രൂപരേഖ അദ്ദേഹം തരും. അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. തുടർന്ന് മറ്റുകാര്യങ്ങൾ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരം മുന്നോട്ടുപോകും. പൂർണമായും റെയിൽവേയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ചചെയ്തത്’. രൂപരേഖ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും കെ.വി. തോമസ് ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഉച്ചയ്ക്ക് 12.30-ന് പൊന്നാനിയിലുള്ള ഇ. ശ്രീധരന്റെ വീട്ടിൽ വെച്ചായിരുന്നു കെ.വി. തോമസുമായുള്ള ശ്രീധരന്‍റെ ചർച്ച. ഒരു മണിക്കൂറോളം ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.

ഇന്ത്യൻ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്റർ, മിന്നു മണിയുടെ തുടക്കം വിക്കറ്റോടെ

0

വയനാട് മാനന്തവാടി ചോയിമൂലയിലെ മിന്നു മണി എന്ന 24-കാരിയായ ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞു. ചരിത്രത്തിലേക്ക് ബാറ്റേന്തിയ ഈ പെൺകുട്ടി മലയാളികളുടെ മുഴുവൻ അഭിമാനമായാണ് കളിക്കളത്തിൽ എത്തുന്നത്. ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ്.

ധാക്കയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിനുള്ള ടീമിലാണ് മിന്നു സ്ഥാനം കണ്ടെത്തിയത്. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ക്യാപ്പ് കൈമാറിയപ്പോള്‍ മിന്നുവിന്റെ അഛനും അമ്മയും കൂടെയുണ്ടായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ എറിഞ്ഞ ആദ്യ ഓവറില്‍തന്നെ മിന്നു വിക്കറ്റും സ്വന്തമാക്കി. മത്സരത്തിലെ അഞ്ചാം ഓവര്‍ എറിഞ്ഞ മിന്നു, ആ ഓവറിലെ നാലാം പന്തില്‍ ബംഗ്ലാദേശ് താരം ഷമിമ സുല്‍ത്താനയെ ജെമിമ റോഡിഗ്രസിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു ആദ്യമായാണ് സീനിയർ ടീമിൽ ഇടം പിടിക്കുന്നത്. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ് വയനാട്ടുകാരിയായ മിന്നു.   

വനിതാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ മലയാളി എന്ന നേട്ടവും മിന്നുവിനാണ്

എടപ്പാടി കോളിനിയിലെ കൂലിപ്പണിക്കാരായ മണിയുടേയും വസന്തയുടേയും മൂത്ത മകളാണ് മിന്നു. കുട്ടിക്കാലത്ത് നന്നായി ഓടുമായിരുന്ന മിന്നു സ്‌കൂളില്‍ എത്തിയപ്പോള്‍ അത്ലറ്റിക്സിലേക്ക് തിരിഞ്ഞു. 400 മീറ്ററും 600 മീറ്ററുമായിരുന്നു പ്രധാന ഇനങ്ങള്‍. മാനന്തവാടി ജിവിഎച്ച്എസ്എസില്‍ എട്ടാം ക്ലാസില്‍ പഠിക്കാനെത്തിയതോടെയാണ് മിന്നുവിന്റെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിക്കുന്നത്. സ്‌കൂളിലെ കായിക അധ്യാപികയായ എല്‍സമ്മ അവളിലെ ക്രിക്കറ്റ് താരത്തെ കണ്ടെത്തി. അന്നാണ് പെണ്‍കുട്ടികള്‍ക്കും ക്രിക്കറ്റ് ടീമുള്ള കാര്യം മിന്നു മണി അറിയുന്നത്. മിന്നുവിന്റെ അച്ഛനേയും അമ്മയേയും പറഞ്ഞുമനസിലാക്കാനും എല്‍സമ്മ ടീച്ചര്‍ ബുദ്ധിമുട്ടി. അവരുടേയെല്ലാം ധാരണ ക്രിക്കറ്റ് എന്നാല്‍ ആണ്‍കുട്ടികളുടെ കളിയാണ് എന്നായിരുന്നു. മകള്‍ തുടര്‍ന്നും അത്ലറ്റിക്സ് തന്നെ ചെയ്താല്‍ മതിയെന്നായിരുന്നു അവരുടെ ആഗ്രഹം.

ചരിത്രത്തില്‍ ആദ്യമായി കേരളം അണ്ടര്‍ 23 ചാമ്പ്യന്‍മാരായപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരവും ആയിരുന്നു ഈ ഓള്‍റൗണ്ടര്‍. ഈ പ്രകടനം ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിലും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനിലും ഇന്ത്യ എ ടീമിലുമെത്തിച്ചു. എ ടീമിന്റെ ഭാഗമായി ബംഗ്ലാദേശ് പര്യടനത്തിലും വനിതാ ഏഷ്യാ കപ്പിലും പങ്കെടുത്തു. എന്നാല്‍ മികച്ച പ്രകടനം ആവര്‍ത്തിക്കാനായില്ല.

 കേരളത്തില്‍ നിന്ന് ഇന്ത്യന്‍ എ ടീമിലെത്തുന്ന ആദ്യ ഗോത്രവർഗ്ഗ കായിക താരവുമാണ്

കോളനിയിലെ പാടവരമ്പില്‍ നിന്ന് ഐപിഎല്ലിലെ ബൗണ്ടറി ലൈനിലേക്കുള്ള ഈ പെണ്‍കുട്ടിയുടെ യാത്ര പോരാട്ടത്തിൻ്റെതാണ്. സ്‌കൂള്‍ ടീമില്‍ നിന്ന് ജില്ലാ ടീമിലേക്കും അവിടെ നിന്ന് സംസ്ഥാന ടീമിലേക്കും അവള്‍ തിരഞ്ഞെടുക്കപ്പെട്ടു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. വീട്ടില്‍ നിന്ന് ഒന്നര മണിക്കൂറോളം ദൂരം അവിടേക്കുണ്ട്. ഒന്നില്‍ അധികം ബസുകള്‍ മാറിക്കയറണം. രാവിലെ ആറു മണിക്കുള്ള പരിശീലനത്തിന് എത്താനായി പുലര്‍ച്ചെ നാല് മണിക്ക് മിന്നു എഴുന്നേല്‍ക്കും. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഉണ്ടാക്കാന്‍ അമ്മയെ സഹായിച്ച് കുളിക്കാനോടും. എന്നിട്ട് ക്രിക്കറ്റ് കിറ്റിനൊപ്പം ഭക്ഷണപ്പൊതിയുമെടുത്ത് അഞ്ച് മണിക്ക് വീട്ടില്‍ നിന്നിറങ്ങും. പലപ്പോഴും ഓടിക്കിതച്ച് എത്തുമ്പോഴേക്കും പരിശീലനം തുടങ്ങിയിട്ടുണ്ടാകും.

ബംഗ്ലാദേശിനെ 114 റൺസിൽ തളച്ചു

മിന്നു മണിയുടെ കന്നി അങ്കത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യക്ക് 115 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിന് 114 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മിന്നു മണി മൂന്ന് ഓവറില്‍ 21 റണ്‍സിന് ഒരു വിക്കറ്റ് പേരിലാക്കി. ബംഗ്ലാദേശിന്‍റെ നിര്‍ണായകമായ ഓപ്പണിംഗ് സഖ്യമാണ് മിന്നു പൊളിച്ചത്. പൂജ വസ്ത്രകറും ഷെഫാലി വര്‍മയും ഓരോ വിക്കറ്റ് സ്വന്തമാക്കി. രണ്ട് ബംഗ്ലാ താരങ്ങള്‍ റണ്ണൗട്ടായി. 

ഓപ്പണിംഗ് വിക്കറ്റില്‍ ഷാത്തി റാനിയും ഷമീമ സുല്‍ത്താനയും 27 റണ്‍സ് ചേര്‍ത്തെങ്കിലും തന്‍റെ അരങ്ങേറ്റ ഓവറിലെ നാലാം പന്തില്‍ ഈ കൂട്ടുകെട്ട് പൊളിച്ച് മലയാളി ക്രിക്കറ്റര്‍ മിന്നു മണി രാജ്യാന്തര ക്രിക്കറ്റിലേക്ക് മിന്നും വരവറിയിക്കുകയായിരുന്നു. ബംഗ്ലാ ഇന്നിംഗ്‌സിലെ നാലാം ഓവറിലെ നാലാം പന്തില്‍ മിന്നുവിനെ സ്ലോഗ്‌സ്വീപ് കളിക്കാന്‍ ശ്രമിച്ച സുല്‍ത്താന ഡീപ് സ്‌ക്വയര്‍ ലെഗില്‍ ജെമീമ റോഡ്രിഗസിന്‍റെ സ്ലൈഡിംഗ് ക്യാച്ചില്‍ പുറത്താവുകയായിരുന്നു. ഇതിന് ശേഷം റാനിയും ശോഭന മോസ്‌തരിയും കൂട്ടുകെട്ടിന് ശ്രമിച്ചു. എന്നാല്‍ ഷാത്തി റാനിയെ ഒന്‍പതാം ഓവറിലെ മൂന്നാം പന്തില്‍ പൂജ വസ‌്ത്രകര്‍ ബൗള്‍ഡാക്കി. 26 പന്തില്‍ 22 റണ്‍സാണ് ഷാത്തി നേടിയത്. 

സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്ക് ഇന്ത്യ മൂന്നാം വിക്കറ്റ് പിഴുതു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നൈഗര്‍ സുല്‍ത്താനയെ ഹര്‍മന്‍പ്രീത് കൗറിന്‍റെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ യാസ്‌തിക ഭാട്യ റണ്ണൗട്ടാക്കുകയായിരുന്നു. 33 പന്തില്‍ 23 നേടിയ ശോഭന മോസ്‌തരിയെ 16-ാം ഓവറിലെ അഞ്ചാം പന്തില്‍ ഷെഫാലി വര്‍മ്മയുടെ പന്തില്‍ യാസ്‌തിക സ്റ്റംപ് ചെയ്‌തു. ഇതിന് ശേഷം ഷോര്‍ന അക്‌തറും റിതു മോനിയും ചേര്‍ന്ന് ബംഗ്ലാദേശിനെ 100 കടത്തുകയായിരുന്നു. 20-ാം ഓവറിലെ നാലാം പന്തില്‍ റിതു(13 പന്തില്‍ 11) ജെമീമയുടെ ത്രോയില്‍ റണ്ണൗട്ടായപ്പോള്‍ ഷോര്‍ന 28 പന്തില്‍ 28* റണ്‍സുമായി പുറത്താവാതെ നിന്നു.

പ്ലസ് വൺ പ്രവേശനം; സീറ്റ് കിട്ടാത്തവർക്ക് താലൂക്ക് തല അവലോകനത്തിന് ശേഷം പരിഗണന – മന്ത്രി


പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ മലബാറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ താലൂക്ക് തല അവലോകനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലബാര്‍ മേഖലയില്‍ പ്രതിസന്ധിയുണ്ട്. മലപ്പുറം ജില്ലയ്ക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. വി ശിവന്‍കുട്ടി ട്വന്റിഫോറിലെ അഭിമുഖത്തിൽ പറഞ്ഞു. 14 അധിക ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റാൻ തീരുമാനമായിട്ടുണ്ട്

യോഗ്യതയുള്ള ഒരു കുട്ടിയ്ക്കും അവസരം നഷ്ടമാകില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല എയ്ഡഡ് സ്‌കൂളിനും അധിക സീറ്റ് കൂട്ടും. Minister V sivankutty on plus one admission

. 16-ാം തിയതി സീറ്റ് അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കിയ ശേഷം താലൂക്ക് തലത്തില്‍ വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് നടത്തുമെന്ന് മന്ത്രി പറഞ്ഞു. സീറ്റ് കുറവുണ്ടെങ്കില്‍ താലൂക്ക് തലത്തില്‍ കൂടുതല്‍ സീറ്റ് അനുവദിക്കുന്നതാണ് പ രിഗണിക്കുന്നത്.

സിവിൽ കോഡ് സംവാദം, സി പി എം ക്ഷണം തള്ളി മുസ്ലീം ലീഗ്

ഏക സിവില്‍കോഡ് വിഷയത്തിൽ പ്രക്ഷോഭത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന തുറന്ന സംവാദത്തിൽ പങ്കെടുക്കാനുള്ള സി.പി.എം ക്ഷണം തള്ളി മുസ്ലീം ലീഗ്. ഞായറാഴ്ച പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സി.പി.എം ക്ഷണിച്ചിരിക്കുന്നത് മുസ്ലീം ലീഗിനെ മാത്രമാണ്. മറ്റ് ഘടകക്ഷികള്‍ ക്ഷണിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിനെ മാറ്റി വച്ചുകൊണ്ട് ഏക സിവില്‍ കോഡ് വിഷയത്തില്‍ ആര്‍ക്കും മുന്നോട്ട് പോകാനാകില്ല. ഇത്തരമൊരു സെമിനാറില്‍ ലീഗ് പങ്കെടുക്കുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിന് തന്നെ ഭാവിയില്‍ ദോഷമുണ്ടാക്കുമെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ക്ഷണം തള്ളി, ഒന്നിച്ച് നിൽക്കാൻ ആഹ്വാനം

ഏക സിവില്‍കോഡ് വിഷയം മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലാതിരുന്നിട്ടും സിപിഎം എന്തുകൊണ്ടാണ് യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതിരുന്നത് എന്നാണ് ലീഗ് ഉയര്‍ത്തുന്ന ചോദ്യം.

ഏക സിവില്‍കോഡിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നാണ് ലീഗിന്റെ അഭിപ്രായമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അത് ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് അത് ദേശീയ വിഷയമാണ്. അത്തരം ഒരു നിയമം പാര്‍ലമെന്റില്‍ പാസാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിൽ വിശ്വാസം രേഖപ്പെടുത്തി

ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും സംഘടനകള്‍ക്കുണ്ട്. സംസ്ഥാനത്തെ യു.ഡി.എഫിന്റെ ഏറ്റവും പ്രധാന ഘടകമാണ് മുസ്ലീം ലീഗ്. ഈ വിഷയത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ഈ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ ലീഗിന് യാതൊരു വിരോധവുമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സെമിനാറുകള്‍ ഭിന്നിപ്പിക്കാന്‍ വേണ്ടി ആകരുത്. മുസ്ലീം ലീഗ് എം.പിമാരുടെ സംഘം മണിപ്പുര്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍.

ബദൽ സെമിനാർ

സിപിഎം സെമിനാറില്‍ സമസ്തയടക്കമുള്ള മുസ്ലിം സംഘടനകള്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ അതിനെ അടച്ചാക്ഷേപിക്കേണ്ടതില്ലെന്നാണ് ലീഗ് നേതൃയോഗത്തില്‍ ധാരണയായത്. രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരായ നീക്കമാണ് ഇതെന്നാണ് വിലയിരുത്തലില്‍ വേണം പ്രക്ഷോഭത്തിനിറങ്ങാന്‍. മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാക്കി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള നീക്കങ്ങളെ എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും മുസ്ലിംലീഗ് വ്യക്തമാക്കി.

നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ സിപിഎം നീക്കത്തെ മറികടക്കാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് ഒരു ‘മാതൃക’ സെമിനാര്‍ സംഘടിപ്പിക്കാനും ലീഗ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. മുന്നണി വ്യത്യാസമില്ലാതെ എല്ലാ മതേതര സംഘടനകള്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ടാകുമെന്നും അതൊരു മാതൃക സൃഷ്ടിക്കുമെന്നുമാണ് ലീഗ് നേതാക്കള്‍ അറിയിച്ചിട്ടുള്ളത്.

മലയാളത്തിലെ ‘ആർട്’ സിനിമകളുടെ നിർമ്മാതാവ് അച്ചാണി രവി അരങ്ങൊഴിഞ്ഞു

ലയാള സിനിമയ്ക്ക് പിൽക്കാലത്ത് ലോക ചലച്ചിത്ര ഭൂപടത്തിൽ ഇടംനേടിക്കൊടുത്ത സിനിമകളുടെ നിർമാതാവ് കെ. രവീന്ദ്രനാഥൻ (90) അന്തരിച്ചു. നിർമിച്ച 14 സിനിമകൾക്കായി 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ജനറൽ പിക്ചേഴ്‌സ് രവി, അച്ചാണി രവി, രവി മുതലാളി എന്നിങ്ങനെ വിളിപ്പേരുകളിൽ അറിയപ്പെട്ട അദ്ദേഹം എസ്തപ്പാൻ എന്ന സിനിമയിൽ മുഖംകാണിച്ചിട്ടുമുണ്ട്. അക്കാലത്ത് സമാന്തര സിനിമാ ധാരകളെ ഉൾക്കൊള്ളുന്ന ചിത്രങ്ങളെ ആർട് സിനിമകൾ എന്ന പേരിൽ വിശേഷിപ്പിച്ചിരുന്നു.

നിർമ്മിച്ചതെല്ലാം ക്ലാസിക്കുകൾ

1967-ലെ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു രംഗ പ്രവേശനം. ജനറൽ പിക്‌ചേഴ്‌സ് എന്ന നിർമ്മാണ കമ്പനിയുടെ തുടക്കവും ഇതോടെയാണ്. പി.ഭാസ്കരൻ ആയിരുന്നു ആദ്യ ചിത്രത്തിൻ്റെ സംവിധായകൻ. 68-ൽ ‘ലക്ഷപ്രഭു’, 69-ൽ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും പി.ഭാസ്കരൻ ജനറൽ പിക്‌ചേഴ്‌സിനുവേണ്ടി സംവിധാനം ചെയ്തു.

73-ൽ എ.വിൻസെന്റിന്റെ ‘അച്ചാണി നിർമ്മിച്ചു കൊണ്ട് സ്വന്തം പേരിനോട് സിനിമ കൂട്ടി ചേർത്തു. തുടർന്ന് അരവിന്ദൻ്റെ സിനിമകളുടെ കാലമായി 77-ൽ ‘കാഞ്ചനസീത’, 78-ൽ ‘തമ്പ്’, 79-ൽ ‘കുമ്മാട്ടി’ 80-ൽ ‘എസ്തപ്പാൻ’, 81-ൽ ‘പോക്കുവെയിൽ’ എന്നിവ നിർമ്മിച്ചു.

82-ൽ എം.ടി.വാസുദേവൻ നായർ ‘മഞ്ഞ്’ സംവിധാനം ചെയ്തു. മഞ്ഞ് ശരത് സന്ധ്യ എന്ന പേരിൽ ഹിന്ദിയിലും നിർമ്മിച്ചിരുന്നു. പക്ഷെ പുറത്തിറങ്ങിയില്ല. തുടർന്ന് അടൂർ കാലമായി. 1981 എലിപ്പത്തായം 84-ൽ ‘മുഖാമുഖം’, 87-ൽ ‘അനന്തരം’, 94-ൽ ‘വിധേയൻ’ എന്നീ ചിത്രങ്ങൾ അടൂർ ഗോപാലകൃഷ്ണൻ സാക്ഷാത്‌കരിച്ചു.

ഭാര്യ ഉഷ ‘തമ്പ്’ എന്ന സിനിമയിൽ പിന്നണി പാടിയിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ദാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ദേശീയ ചലചിത്ര അവാർഡ് കമ്മിറ്റി അംഗമായും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗമായും ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കൊല്ലത്തെ ആദ്യകാല കശുവണ്ടി വ്യവസായികളില്‍ ഒരാളായ പി. കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും മകനാണ്. കശുവണ്ടിവ്യവസായത്തില്‍ സജീവമായിരുന്നു. ഒരേസമയം പതിന്നാലോളം ഫാക്ടറികള്‍ അദ്ദേഹം നടത്തി. ഈ കുടുംബ പശ്ചാത്തലമാണ് സിനിമകളുടെ നിർമ്മാണത്തിനുള്ള പിൻബലമാവുന്നത്. തൃശൂരിലെ മാതാ തിയറ്റർ ഉടമകളായ അടിയാട്ട് കുടുംബത്തിൽ നിന്നാണ് വിവാഹം ചെയ്യുന്നത്. മലേഷ്യയിൽ ബിസിനസുകാരായിരുന്നു കുടുംബം. ഈ ബന്ധത്തിൽ നിന്നാണ് നിർമ്മാണ കമ്പനി എന്ന ആശയത്തിലേക്ക എത്തുന്നത്.

മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം കൊഴുക്കുന്നു, മുഖ്യമന്ത്രി ഷിന്ദേയുടെ പദവിയും അനിശ്ചിതത്വത്തിലേക്ക്

 മഹാരാഷ്ട്രയില്‍ മന്ത്രിസഭാ പുന:സംഘടനയും അധികാരത്തിൻ്റെ വീതം വെപ്പും ചൂടു ചര്‍ച്ചയായിരിക്കെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ തന്നെ പുറത്തു പോകേണ്ടി വരുമോ. ശിവസേന (യു.ബി.ടി.) നേതാവ് ആദിത്യ താക്കറെയാണ് മുഖ്യമന്ത്രിക്കെതിരായ നീക്കം വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെന്നാണ്‌ താന്‍ അറിഞ്ഞതെന്ന്‌ ആദിത്യ മാധ്യമങ്ങളോടു പറഞ്ഞു.

ഷിന്ദേയെ ഒതുക്കുക എന്നത് ബെ ജെ പി ലക്ഷ്യം വെച്ചിരുന്നെങ്കിലും മഹാരാഷ്ട്രയിൽ അട്ടിമറിയിലൂടെ നേടിയ ഭരണം നിലനിർത്തുക എന്നതിനായിരുന്നു പ്രഥമ പരിഗണന. എന്നാൽ ഇപ്പോൾ അജിത് പവാർ സംഘത്തെ കൂടെ ലഭിച്ചതോടെ ഇത് ഉച്ചത്തിൽ പറയാം എന്നായി. ഈ സാഹചര്യത്തിലാണ് ആദിത്യ താക്കറെയുടെ വിലയിരുത്തൽ.

എന്‍.സി.പി. പിളര്‍ത്തിയ അജിത് പവാറും ഒപ്പം വന്നവരിൽ എട്ട് എം.എല്‍.എമാരും സര്‍ക്കാരിൻ്റെ ഭാഗമായിട്ടുണ്ട്. ഇതോടെ ഷിന്ദേയെയും അദ്ദേഹത്തിനൊപ്പമെത്തിയ എം.എല്‍.എമാരെയും ഒതുക്കാനുള്ള അവസരമായി.

ശിവസേന പിളര്‍ത്തി ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നാണ് ഏക്‌നാഥ് ഷിന്ദേ മുഖ്യമന്ത്രിയായത്. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി സ്ഥാനത്താണ്. ഇപ്പോൾ എൻ സി പിയെയും പിളർത്തി.

അജിത് പവാറും എം.എല്‍.എമാരും സര്‍ക്കാരിന്റെ ഭാഗമായതിന് പിന്നാലെ ഷിന്ദേ ഗ്രൂപ്പില്‍നിന്നുള്ള 17-18 എം.എല്‍.എമാര്‍ തങ്ങളുമായി ആശയവിനിമയം നടത്തിയെന്ന് ശിവസേന (യു.ബി.ടി.) വക്താവ് സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു. രാജിവെക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഷിന്ദേ വ്യക്തമാക്കിയതും ഇതിനോട് കൂട്ടി വായിക്കാം.

അയോഗ്യതാവിഷയത്തില്‍ മറുപടി ആവശ്യപ്പെട്ട് ശിവസേനയിലെ മുഖ്യമന്ത്രി ഷിന്ദേയ്ക്ക് ഒപ്പമുള്ള ഗ്രൂപ്പിലെ 40 എം.എല്‍.എമാര്‍ക്കും ഒപ്പം ഉദ്ധവ് താക്കറെയുടെ കൂടെയുള്ള 14 എം.എല്‍.എമാര്‍ക്കും മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

എൻ സി പി പളർന്നെത്തിയവർ വന്ന സാഹചര്യത്തിൽ ഷിന്ദേയ്‌ക്കൊപ്പമുള്ള എം.എല്‍.എമാരുടെ പ്രതീക്ഷകൾ തകിടം മറിഞ്ഞു. മന്ത്രിസ്ഥാനം മോഹിച്ചെത്തിയവർക്ക് എൻ സി പി വരവ് പ്രതീക്ഷകൾ ഇല്ലാതാക്കും. മാതൃ പാർട്ടിയെ പിളർത്തി പുറത്ത് വന്നവർക്ക് അധികാരം തന്നെയാവും ആദ്യ പരിഗണന.

അലോഷിയുടെ രഹസ്യങ്ങൾ

പ്രവീൺ പ്രിൻസിന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം

Buy this Book

മെലോണിയുടെ ഉറക്കം; ചെരവാന്റെയും, അലോഷിയുടെ രഹസ്യങ്ങള്‍, നിയോഗിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ, നോവല്‍ കോട്ട, അനന്തരം അമല്‍, ചെകുത്താന്‍ കുന്ന്, സര്‍വ്വാധിപന്റെ അഭിലാഷങ്ങള്‍, അന്താരാഷ്ട്ര പ്രണയമീമാംസ, ഖജുരാഹോയ്ക്ക് ടൂര്‍ പോയ യഹൂദ ദൈവം, ഒറ്റ നക്ഷത്രത്തിന്റെ ഉപരിതലം, പെരുന്നാളുച്ച, ആനന്ദ് പീറ്ററിന്റെ മരണം – ചില നോവല്‍ സാധ്യതകള്‍… എന്നിങ്ങനെ 12 കഥകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

എന്നിലെ കഥയെഴുത്ത് അവസാനിക്കുന്ന നാള്‍ വരെ ഒപ്പം കൂടാന്‍ ഇടയുള്ള അലോഷിയേയും മാനസിയേയും പോലുള്ള കഥാപാത്രങ്ങള്‍ തെളിച്ച വഴിയ നടന്നതിന്റെ അവശേഷിപ്പാണിത്. മാത്രമല്ല മാര്‍ക്കേസു മുതല്‍ മണിമലയാര്‍ വരെ എന്നിലുണ്ടാക്കിയ ആഘാതങ്ങളുടെയും ആഘോഷങ്ങളുടേയും ബാക്കിപത്രവും കൂടിയാകുന്നു ഇത്. – മുഖവുരയിൽ നിന്ന്.


എഴുത്തിന്റെയും വായനയുടെയും ഭാഷയുടെയും പരിഭാഷയുടെയും എഴുതലിന്റെയും വെട്ടിക്കളയലിന്റെയും വായിച്ചതുകൊണ്ടുള്ള എഴുത്തിന്റെയും അങ്ങനെ എഴുതിയതുകൊണ്ടുള്ള പ്രതിസന്ധികളുടെയും കലക്കം ഈ കഥകളില്‍ ഒട്ടാകെ നിറഞ്ഞുനില്‍ക്കുന്നു. ഇത് സന്ദേശിപ്പിക്കലിന്റെ സന്ദേഹിപ്പിക്കലുകളായി വളരുന്നു. എന്നാല്‍, പ്രവീണിന്റെ കഥകളില്‍, ഈ അഭൗമതയെ വലയം ചെയ്യുന്നത് പാവംപിടിച്ച മനുഷ്യരുടെ നിത്യപീഡകളാണെന്നതും കാണണം. യുവാത്മാക്ക ളുടെ ഉള്‍പ്പരിക്കുകളാണ് അതിന്റെ പശമണ്ണ്. പ്രേമപാതകികളും പ്രേമപതിതകളുമായി ഉഴലുന്ന ആണും പെണ്ണും നിറഞ്ഞതാണീ ലോകം. ചെളിയില്‍ ചോര കുഴയുന്ന കുഴമണ്ണിലാണ് ഈ പാത്രവേല.

– അന്‍വര്‍ അബ്ദുള്ള


പ്രവീണിന്റെ കഥകള്‍ ഏകാകിയുടെ, ഉന്മാദിയുടെ, അന്തര്‍മുഖന്റെ അവനവനോടു തന്നെയുള്ള അമര്‍ത്തിയ സംസാരങ്ങളാണ്. കഥാപാത്രങ്ങള്‍ ഇത്തരമാളുകളുടെ പകര്‍ന്നാട്ടങ്ങളും. പൊതുവീഥികളല്ല, അടച്ചുമൂടിയ സ്വന്തം മനസ്സിന്റെ ഇരുണ്ട വഴികളിലൂടെയാണ് ഇവരുടെ സഞ്ചാരം. അതിനാല്‍ത്തന്നെ വെളിച്ചത്തില്‍ ഇവരെ കാണുക അസാധ്യം. പുസ്തകം വായിച്ചു കഴിഞ്ഞൊറ്റക്കിരിക്കുമ്പോള്‍ ഇവരോരോരുത്തരും പതുക്കെ കടന്നു വരും. എതിരെയുള്ള കസേരയിലിരിക്കും. മൗനത്താല്‍ സംവദിക്കും. കഥകള്‍ വീണ്ടും വീണ്ടുംവായിപ്പിക്കും.

– ഇ. സന്ധ്യ


Buy this Book