ന്യൂനമർദ്ദ പാത്തി കനത്തു; വെള്ളിയാഴ്ച വരെ മഴ

0

സംസ്ഥാനത്തെ മഴ സാഹചര്യം നാളെയോടെ കനത്തേക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദവും തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ കാലവർഷം കനക്കാൻ കാരണമാകുക. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പേകിയിട്ടുണ്ട്. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിലാകട്ടെ കേരളത്തിലെ 10 ജില്ലകളിലാണ് മഴ സാധ്യത ശക്തമായിട്ടുള്ളത്. അഞ്ച് മണിയോടെയുള്ള അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ സാധ്യത.

കോൺഗ്രസ് ഒരുങ്ങിത്തന്നെ, തെലങ്കാനയിലും ആന്ധ്രയിലും നേതാക്കൾ കൂട്ടത്തോടെ പാർട്ടിയിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിൻ്റെ പാര്‍ട്ടിയിൽ നിന്ന് നേതാക്കൾ കോൺഗ്രിസലേക്ക്. മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 15 നേതാക്കളുടെ കൂട്ടത്തോടെയുള്ള മാറ്റം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും സാന്നിധ്യത്തിലായിരുന്നു ബിആര്‍എസ്‌ വിട്ടെത്തിയ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കിയത്.

മുന്‍ എംപി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവു, മുന്‍ എംഎല്‍എമാരായ പന്യം വെങ്കിടേശ്വര്‌ലു, കോരം കനകയ്യ, കോട്ട രാംബാബു, രാകേഷ് റെഡ്ഡി, ബിആര്‍എസ് എംഎല്‍സി നര്‍സ റെഡ്ഡിയുടെ മകന്‍ തുടങ്ങിയവരടക്കമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പട്‌നയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ബിആര്‍എസ് പങ്കെടുത്തിരുന്നില്ല. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിആര്‍എസിന് കോണ്‍ഗ്രസ് കനത്ത വെല്ലുവിളി ഉയര്‍ത്തും.

മുന്‍ എംപി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിയും മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവുവുമാണ് ഇന്ന് കോണ്‍ഗ്രസിലെത്തിയ പ്രധാനികള്‍. മാസങ്ങള്‍ക്ക് മുമ്പ് ബിആര്‍എസുമായി അകന്ന ഇരുവരേയും തങ്ങളുടെ ക്യാമ്പിലെത്തിക്കാന്‍ ബിജെപിയും ശ്രമം നടത്തിയിരുന്നു. എന്നാല്‍ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് തെലങ്കാനയില്‍ പ്രതീക്ഷയര്‍പ്പിച്ച് നടത്തിവരുന്ന ഇടപെടലുകലാണ് വിജയത്തിലേക്ക് എത്തുന്നത്.

ആന്ധ്രയിലും കോൺഗ്രസ് തുടങ്ങി വെച്ചു

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശര്‍മിള പാർട്ടി സഹിതം കോണ്‍ഗ്രസിലേക്ക് എത്തുകയാണ്. ശര്‍മിളയുടെ വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും. അടുത്ത മാസം എട്ടിനാകും ലയനം. അവസാനവട്ട ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ശര്‍മിള ഡല്‍ഹിയിലെത്തി സോണിയാഗാന്ധി അടക്കമുള്ളവരെ കാണുന്നതാണ് വാർത്ത.

വൈ.എസ്. രാജശേഖര റെഡ്‌ഡിയുടെ മകളും വൈ.എസ്.ആർ തെലങ്കാന പാർട്ടി അദ്ധ്യക്ഷയുമായുമാണ് വൈ. എസ്. ശർമിള. 2009 ൽ പിതാവ മരിച്ച ശേഷം ആദ്യമായാണ് സോണിയ ഗാന്ധിയെ സന്ദർശിക്കുന്നത്.

മെയ് 29 ന് ശര്‍മിള ബെംഗളൂരുവിലെത്തി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് പലതവണ ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സീറ്റും ആന്ധ്രയിലെ പാര്‍ട്ടി തലപ്പത്ത് നിര്‍ണായക സ്ഥാനവും നല്‍കാമെന്നാണു കോണ്‍ഗ്രസ് ശര്‍മിളയ്ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം.ആന്ധ്രാ കോണ്‍ഗ്രസിന്റെ നേതൃത്വം ശര്‍മിളയെ ഏല്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

കർണാടക വിജയത്തിന് പിന്നാലെ ആന്ധ്രയും തെലങ്കാനയും ലക്ഷ്യമിട്ട് കോൺഗ്രസ് കരുനീക്കങ്ങൾ ആരംഭിച്ചത്. മേയ് 29ന് ഡി.കെ. ശിവകുമാറും,​ വൈ.എസ്. ശർമിളയുമായി ബംഗളൂരുവിൽ കൂടിക്കാഴ്‌ച നടന്നിരുന്നു. സോണിയ ഗാന്ധിയെ സന്ദർശിക്കുന്നതും ശിവകുമാർ വഴിയാണെന്നാണ് റിപ്പോർട്ട്. അതേസമയം,​ ആന്ധ്രയിലേക്ക് പ്രവർത്തനമേഖല മാറ്രുമെന്ന റിപ്പോർട്ടുകളെ ശർമിള തള്ളി. മരണം വരെ തെലങ്കാനയിൽ തന്നെ തുടരുമെന്നും​ തന്റെ ഭാവി തെലങ്കാനയ്‌ക്കൊപ്പമാണെന്നും ശർമിള വ്യക്തമാക്കി. തെലങ്കാനയിലല്ല,​ ശർമിള ആന്ധ്രയിൽ പ്രവർത്തിക്കുന്നതാകും അഭികാമ്യമെന്ന നിലപാടിലാണ് തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്‌ഡി.

സിനിമാ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്ക്, അടിയന്തിര ശസ്ത്രക്രിയ

സിനിമാ ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന് അപകടത്തിൽ പരിക്കേറ്റു. മറയൂരിൽ ‘വിലായത്ത് ബുദ്ധ’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ശസ്ത്രക്ക്രിയ വേണ്ടി വരും എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.

ശ്രീനാഥ് ഭാസി പുറത്ത്, ഷെയ്ൻ നിഗമം അകത്ത്

ഇന്ന് കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന്റെ തീയതി മുൻകൂട്ടി അറിയിച്ചിട്ടും അഞ്ചോളം സിനിമകളുടെ ഷൂട്ടിംഗ് ഇന്ന് നടത്തിയിൽ ഭാരവാ​ഹികൾ പ്രതിഷേധം അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഫോണിൽ വിളിച്ച് അമ്മ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇന്ന് ഷൂട്ടിം​ഗ് നടത്തിയതിനാൽ ചില താരങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാനായിരുന്നില്ല. തുടർന്നാണ് അമ്മ പ്രതിഷേധം അറിയിച്ചത്. 

നടൻ ശ്രീനാഥ് ഭാസിക്ക് തൽക്കാലം അംഗത്വം നൽകേണ്ടെന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണ. ശ്രീനാഥിനെതിരെ നിർമ്മാതാക്കളുടെ വിലക്ക് നിലനിൽക്കേയാണ് ‘അമ്മ’യുടെ നടപടി. നിർമ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കും. നടൻ ഷെയ്ൻ നിഗമും നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തുടർ ചർച്ചകളുമായി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനമായി. നടി നിഖില വിമൽ ഉൾപ്പെടെ ഏഴ് പേർക്ക് ‘അമ്മ’യിൽ പുതുതായി അംഗത്വം നൽകി

പരിക്ക് സംഘട്ടനത്തിനിടെ

 ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബസ്റ്റാൻ്റിൽ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് വിലായത്ത് ബുദ്ധ. അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ എന്ന പ്രത്യേകതയും ‘വിലായത്ത് ബുദ്ധ’യ്ക്കുണ്ട്. സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി.ആര്‍ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

യുവതിയെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ

 ഒന്നിച്ച് കഴിഞ്ഞ യുവതിയെ വീട്ടിൽക്കയറി അച്ഛൻ്റെയും അമ്മയുടെയും മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. 12 മണിക്കൂർ നീണ്ട അന്വേഷണത്തിന് ശേഷം റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും രാവിലെയോടെയാണ് പ്രതി അതുൽ സത്യനെ റാന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ രാത്രി 8.30 ഓടെയാണ് ഒപ്പം താമസിച്ചിരുന്ന ചെറുകോൽ കീക്കൊഴുർ സ്വദേശിനി രജിതമോളെ (27) ഇയാൾ അവരുടെ വീട്ടിൽ കയറി വാൾ കൊണ്ട് വെട്ടികൊലപ്പെടുത്തിയത്.

അതുലുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു രജിത. തടസം നിന്ന പിതാവ് രാജുവിനും (60), ഭാര്യ ഗീത (51), ഇളയമകൾ അപ്പു (18) എന്നിവർക്കും വെട്ടേറ്റു. എല്ലാവരെയും ഉടൻ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രജിതയുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിനുശേഷം അതുൽ ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു. ഇയാളുടെ രക്തം പുരണ്ട ഷർട്ട് വീടിനു ഒന്നര കിലോ മീറ്റർ അകലെ നിന്നും പൊലീസ് കണ്ടെത്തി.

ഒരാഴ്ച മുമ്പ് അതുൽ പത്തനാപുരത്ത് റബർത്തോട്ടത്തിൽ രജിതയെ കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾക്കെതിരെ രജിത പൊലീസിൽ പരാതിപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. അതുലിന് കാര്യമായ പരിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചതിനുശേഷം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോകും. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

കെ സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസ് നേതാവെന്ന് എ കെ ബാലൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നിൽ ഒരു കോൺഗ്രസ് നേതാവാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. പരാതിക്കാരിൽ ചിലർ ഈ കോൺഗ്രസ് നേതാവുമായി ബന്ധമുള്ളവരാണ്. പാർട്ടി ഒരു ഗൂഡാലോചനയും നടത്തിയിട്ടില്ല.

സിപിഎം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിർത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. കോൺഗ്രസിലെ ഗ്രൂപ്പുകൾ നേരത്തെ കെ സുധാകരന് മുന്നറിയിപ്പ് നൽകിയത് ഓർമിക്കണം. തട്ടിപ്പ് കേസ് വീണ്ടും സജീവമാക്കിയതിന് പിന്നിൽ കോൺഗ്രസിലെ പുനസംഘടനാ പ്രശ്നങ്ങൾക്കി ഇടയിലെ ഉൾപ്പാർട്ടി പോരാണ്.

അഞ്ച് നേതാക്കളാണ് കോൺഗ്രസിൽ ഗ്രൂപ്പ് നയിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ കേസിനു പിന്നിലും കോൺഗ്രസ്സുകാരാണ്. ഇപ്പോൾ സുധാകരന് കിട്ടുന്ന പാർട്ടി പിന്തുണ വെറും നമ്പർ മാത്രമാണെന്നും കേസുകൾക്ക് പിന്നിലെ കോൺഗ്രസ് നേതാവിന്റെ വിവരം വൈകാതെ പറയുമെന്നും അദ്ദേഹം പറഞ്ഞു.

അൽപ്പത്തരമാണ് എകെ ബാലൻ പറയുന്നതെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന് വേണ്ടി ചുമത്തിയ കള്ളക്കേസാണ് സുധാകരനെതിരായ തട്ടിപ്പ് കേസ്. അച്യുതാനന്ദനെ വെട്ടി കസേരയിൽ കയറി ഇരിക്കുന്നവരാണ് ഇപ്പോൾ ഇത് പറയുന്നത്. കെ സുധാകരനെ മാർക്സിസ്റ്റ് പാർട്ടിക്ക് ഇട്ടുകൊടുക്കാൻ തയ്യാറല്ല. പുറകിൽ നിന്ന് കുത്തുന്ന പാർട്ടിക്കാർ തങ്ങളല്ല. അത് മാർക്സിസ്റ്റ് പാർട്ടിയുടെ പാരമ്പര്യമാണ്. എകെ ബാലൻ ഇത്രക്ക് തരംതാഴുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും ബെന്നി ബഹന്നാൻ പ്രതികരിച്ചു.

ലക്ഷദ്വീപ് എം പിയുടെ വീട്ടിലും ഓഫീസിലും ഇ ഡി റെയിഡ്

 ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ്. കോഴിക്കോട് ബേപ്പുരുള്ള സ്ഥാപനത്തിലും റെയ്ഡ് നടന്നു. നാല് കേന്ദ്രങ്ങളിലും ഒരേ സമയത്തായിരുന്നു പരിശോധന. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെ വീട്ടിലും കൊച്ചിയിലേയും ഡല്‍ഹിയിലേയും ഔദ്യോഗിക വസതികളിലും മിന്നൽ പരിശോധന നടത്തി.

എം.പി വീട്ടിലുള്ള സമയത്തായിരുന്നു. എം.പിയുമായി ബന്ധപ്പെട്ട ചില വസ്തുവകകളുടെ രേഖകളും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകളും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ടെന്ന് ഇഡി അവാശപ്പെട്ടു.

ബേപ്പൂരില്‍ നിന്ന്‌ ചരക്ക് ലക്ഷദ്വീപിലേക്ക് കയറ്റി അയക്കുന്ന കോറല്‍ ലോജിസ്റ്റിക്‌സ്എം പി മുഹമ്മദ് ഫൈസലിന്റെ അമ്മാവന്റെ മക്കളായ സെയ്ത്, മമ്മു എന്നിവരും മറ്റൊരു ബന്ധുവായ യഹിയയും നടത്തുന്ന സ്ഥാപനമാണിത്. സി.ആര്‍.പി.എഫ്. സംഘത്തോടൊപ്പമാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. ബേപ്പൂര്‍ പോലീസോ, സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസോ റെയ്ഡ് വിവരം അറിഞ്ഞില്ല.

ലക്ഷദ്വീപിലെ സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥരും ഫൈസലുമായി ചേര്‍ന്ന് ടെന്‍ഡറിലും മറ്റും ക്രമക്കേടുകള്‍ നടത്തി ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി ചെയ്‌തെന്നതാണ് കേസ്. 2016-17 കാലത്ത് സിബിഐയും അന്വേഷിച്ച് വിട്ട കേസാണ്.

റഷ്യയിൽ സൈനിക കലാപം; പുതിനെതിരെ സ്വന്തം കൂലിപ്പട്ടാളം, മോസ്കോ ലക്ഷ്യം വെച്ച് നീക്കം തുടങ്ങി

കാല്‍ നൂറ്റാണ്ടോളമായി റഷ്യന്‍ അധിപനായി തുടരുന്ന പ്രസിഡന്റ് വ്ലാദിമിർ പുതിനെതിരെ സ്വന്തം സൈന്യം പടനീക്കം തുടങ്ങി. പുതിന് വേണ്ടി യുക്രൈനിൽ പോരാട്ടം നയിച്ച വാഗ്നർ സംഘം നിലവിൽ മോസ്കോ ലക്ഷ്യം വെച്ച് നീങ്ങുകയാണ്. റഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു കലാപത്തിൻ്റെ വഴിത്തിരിവിലേക്ക് കടക്കുകയാണ്.

വെള്ളിയാഴ്ച ടെലഗ്രാം വഴി പങ്കുവെച്ച വീഡിയോയിൽ കൂടിയാണ് വാഗ്നർ സംഘത്തിന്റെ തലവൻ യെവ്ഗനി പ്രിഗോസിൻ സൈന്യത്തിനെതിരേ തിരിഞ്ഞത്. റഷ്യൻ സേനയുടെ നേതൃത്വത്തെ തകർക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും തങ്ങളുടെ വഴിയിൽ തടസ്സം നിൽക്കുന്നത് ആരായാലും അവരെ നശിപ്പിക്കുമെന്നായിരുന്നു പ്രിഗോഷിന്റെ മുന്നറിയിപ്പ്. യുക്രൈനെതിരേ തിരിഞ്ഞ റഷ്യയെ എതിർക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോ. ഇത് യുദ്ധത്തിൻ്റെ രഹസ്യം ഉദ്ദേശം തന്നെ മാറ്റി മറിക്കുന്നതായി മാറിയിരിക്കുന്നു.

റഷ്യയിലേക്ക് വരരുത്

വാഗ്നര്‍ ഗ്രൂപ്പിന്റെ നീക്കത്തോടെ സഖ്യരാജ്യങ്ങളുമാി വ്‌ളാഡിമിര്‍ പുടിന്‍ ആശയ വിനിമയം നടത്തി. ബലാറസ്, കസാഖിസ്ഥാന്‍, ഉസ്ബക്കിതാന്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്ര നേതാക്കളുമായി ചര്‍ച്ച നടത്തി.

മോസ്‌കോയുടെ വിവിധ ഇടങ്ങളില്‍ സൈനിക ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചു. നഗരത്തിലേക്കുള്ള പ്രധാന കവാടങ്ങളിലെല്ലാം നിയന്ത്രണമേര്‍പ്പെടുത്തി. തിങ്കളാഴ്ച നഗരത്തില്‍ മേയര്‍ അവധി പ്രഖ്യാപിച്ചു. നഗരം ചുറ്റിയുള്ള യാത്ര ഒഴിവാക്കണമെന്ന് മേയര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വാഗ്നര്‍ സംഘത്തെ നേരിടാന്‍ പ്രധാന നഗരങ്ങളിലെല്ലാം സൈന്യത്തെ റഷ്യ വിന്യസിച്ചിട്ടുണ്ട്. രാജ്യത്തേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്.

നീതിക്കായുള്ള മാർച്ച് എന്ന വിശേഷണത്തോടെ യുദ്ധ മുഖത്ത് തലതിഞ്ഞ് ആക്രമണം

‘റഷ്യന്‍ സൈന്യത്തിലെ തിന്മകള്‍ അവസാനിപ്പിക്കണം. ഞങ്ങളുടെ ചെറുപ്പക്കാരേയും പതിനായിരക്കണക്കിന് റഷ്യന്‍ സൈനികരേയും കൊന്നവരെ ശിക്ഷിക്കണം. ആരും പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ട. ഭീഷണിയായി നില്‍ക്കുന്നവരെയെല്ലാം നശിപ്പിക്കും. ഇതൊരു സൈനിക കലാപമല്ല, നീതിക്കായുള്ള മാര്‍ച്ചാണ്’- എന്നായിരുന്നു ടെലിഗ്രാം വഴി യെവ്ഗനി പ്രിഗോഷിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ചയായിരുന്നു പ്രിഗോഷിന്റെ വീഡിയോ പുറത്തുവന്നത്.

എന്താണീ വാഗ്നർ ഗ്രൂപ്പ്

പലരും ഇതിനെ വിളിക്കുന്നത് ഒരു സ്വകാര്യ മിലിട്ടറി കമ്പനി എന്നാണ്. പക്ഷെ അത് പൂർണമായും ശരിയല്ല. കാരണം, വാഗ്നർ ഗ്രൂപ്പ് പൂർണമായും പ്രൈവറ്റോ കമേർഷ്യലോ അല്ല. അതിന് കൃത്യമായ ക്രെംലിൻ ബന്ധങ്ങളുണ്ട്. വാഗ്നറിന്റെ പിന്നിലെ ബുദ്ധികേന്ദ്രം, ‘പുടിൻ’സ് ഷെഫ്’  എന്നറിയപ്പെടുന്ന യേവ്ജനി പ്രിഗോഷിൻ ആണ്. പുറ്റിനുമായി അടുത്ത ബന്ധങ്ങളുള്ള ഇയാൾ ക്രെംലിന്റെ പരിപാടികൾക്ക് കാറ്ററിങ് ഏറ്റെടുത്ത് നടത്തിയിരുന്നു. അതിൽ നിന്ന് പ്രെഗോഷിൻ നേരെ ചാടുന്നത്,’റഷ്യൻ ട്രോൾഫാക്ടറി’ എന്ന ഇന്റർനെറ്റ് റിസർച്ച് ഏജൻസി നടത്തുന്നതിലേക്കാണ്.  

അമേരിക്കൻ തിരഞ്ഞെടുപ്പോളം എത്തിയ ബന്ധങ്ങൾ

2016 -ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന ആക്ഷേപം നേരിട്ട സൈബർ ഏജൻസിയാണ് റഷ്യൻ ട്രോൾ ഫാക്ടറി. യാതൊരു മുൻപരിചയവും ഇല്ലാതിരുന്നിട്ടും പ്രെഗോഷിൻ ഇന്ന് നയിക്കുന്നത്  പരിശീലനം സിദ്ധിച്ച അമ്പതിനായിരത്തോളം വരുന്ന  സായുധ പോരാളികളുടെ ഒരു സ്വകാര്യ മിലീഷ്യയെ ആണ്. ദിമിത്രി ഉറ്റ്കിൻ എന്ന റിട്ടയേർഡ് റഷ്യൻ സൈനിക ഇന്റലിജൻസ് ഓഫീസർ ആണ് വാഗ്നർ സേനയുടെ സ്ഥാപക കമാണ്ടർ.  

2014 -ൽ ക്രൈമിയയിൽ ഒരു പ്രോക്സി വാർ നയിക്കാൻ വേണ്ടിയാണ് ഉറ്റ്കിനെയും സംഘത്തെയും മോസ്‌കോ ആദ്യമായി പറഞ്ഞു വിടുന്നത്. ഉത്തരവാദിത്തത്തിൽ നിന്ന് എളുപ്പത്തിൽ കൈകഴുകാവുന്ന ഒരു പോരാളി സംഘം എന്ന നിലയ്ക്കാണ് വാഗ്നർഗ്രൂപ്പിനെ ക്രെംലിൻ പ്രയോജനപ്പെടുത്തി വന്നിരുന്നത്. .പുടിനോടുള്ള ബന്ധത്തിന്റെ പുറത്ത് സമ്പത്ത് വാരിക്കൂട്ടിയ പ്രിഗോഷിൻ മെറോ ഗോൾഡ് എന്ന സുഡാനീസ് സ്വർണ ഖനന കമ്പനിയെ അടുത്തിടെ സ്വന്തമാക്കിയിരുന്നു.   

പുതിൻ എവിടെ, രാജ്യം വിട്ടെന്നും വാർത്ത

മറുപടിയായി, ‘റഷ്യന്‍ സേനയ്‌ക്കെതിരെ ആയുധമെടുക്കുന്നവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളാണ്’ എന്ന് വ്യക്തമാക്കിക്കൊണ്ട് പുതിൻ രംഗത്തെത്തി. എങ്കിലും ഇതിനിടെ അദ്ദേഹം രാജ്യം വിട്ടതായി വാർത്ത പരന്നു.

പുതിന്‍ ഔദ്യോഗിക യാത്രകള്‍ക്കുപയോഗിക്കുന്ന വിമാനങ്ങളില്‍ ഒന്ന് പറന്നുയരുന്നത് ഫ്ളൈറ്റ് റഡാറില്‍ പതിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ പുതിന്‍ ഉണ്ടായിരുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. പുതിന്‍ സെന്റ് പീറ്റര്‍സ്‌ബെര്‍ഗ് ലക്ഷ്യമാക്കിയാണ് നീങ്ങിയതെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്.

സ്വന്തം സൈനിക തലവൻ യെവ്ഗനി പ്രിഗോസിൻ

Yevgeny Prigozhin

ശനിയാഴ്ചയോടെ തൻ്റെ സൈനികർ യുക്രൈൻ അതിർത്തി കടന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് പ്രിഗോസിൻ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. പ്രിഗോസിന്റെ കൂറ്റൻ സംഘം റഷ്യയിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങൾ പിടിച്ചെടുത്ത് മുന്നേറി എന്നാണ് ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റസ്തോഫ്നദനനിൽ നിന്ന് വൊറോണെഷിലേക്കും അവിടെ നിന്ന് ലൈപേസ്കയിലേക്കും സംഘം നീങ്ങിയതായി ഔദ്യോഗികമായിത്തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നു. പ്രിഗോസിന്റെ കൂറ്റൻ സൈന്യത്തിന്റെ വാഹനങ്ങൾ ഈ നഗരങ്ങൾ പിന്നിട്ടു പോകുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇവ ബിബിസി സ്ഥിരീകരിക്കുകയും ചെയ്തു. 25,000-ത്തോളം പടയാളികള്‍ വരുന്ന ട്രൂപ്പുകളാണ് വാഗ്നർ സംഘത്തിലുള്ളത്.

ജയിൽ പുള്ളികളുടെ സൈന്യം

യുക്രൈനിലെ പ്രധാന നഗരമായ ബക്മൂതില്‍ കഴിഞ്ഞ മാസം അവസാനം നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ വാഗ്നര്‍ ഗ്രൂപ്പും റഷ്യന്‍ സൈന്യവും നല്ല രീതിയിൽ തന്നെയായിരുന്നു. ഇതിനിടെ സൈനിക പിന്തുണ ലഭിക്കുന്നില്ലെന്നും ആയുധങ്ങളും മറ്റും നല്‍കുന്നില്ലെന്നുമുള്ള പരിഭവം പറഞ്ഞ് വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ജനി പ്രിഗോസിനും പുതിനും തമ്മില്‍ ചെറിയ അസ്വാരസ്യമുണ്ടായിരുന്നതായി വാർത്ത പരന്നു.

ബക്മൂതില്‍ യുക്രൈനിനെതിരേ വീണ്ടും ഒന്നിച്ചു പോരാടുകയായിരുന്നു. എന്നാല്‍, ബക്മൂത് കയ്പിടിയില്‍ ഒതുക്കിയതോടെ റഷ്യ തങ്ങളെ പരിഗണിക്കുന്നില്ലെന്ന ആരോപണം വാഗ്നർ സംഘം ശക്തമാക്കി. മാത്രമല്ല, യുദ്ധം ഒന്നരവര്‍ഷം പൂര്‍ത്തിയാവുമ്പോഴേക്കും വാഗ്നര്‍ ഗ്രൂപ്പിന് വലിയ ആള്‍നാശവുമുണ്ടായി. തങ്ങളുടെ സൈന്യത്തില്‍ ആള്‍നാശമുണ്ടായെങ്കിലും ജയിലുകളില്‍നിന്നുള്ള തടവുപുള്ളികളുടെ റിക്രൂട്ട്‌മെന്റിന് കൂടെ തടസ്സമായതോടെയാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായത്.

വാക് പേരിൽ തുടങ്ങി

റഷ്യയുടെ ഭാവി അപകടത്തിലാണെന്നും കലാപകാരികളുടേത് പിന്നില്‍നിന്ന് കുത്തുന്ന നീക്കമാണെന്നും പുതിന്‍ കുറ്റപ്പെടുത്തി. ചിലരുടെ വലിയ അതിമോഹം വലിയ രാജ്യദ്രോഹത്തിലേക്ക് നയിച്ചുവെന്നും റഷ്യന്‍ സമൂഹത്തെ വിഭജിക്കുന്നവര്‍ക്ക് അനിവാര്യമായ ശിക്ഷ ലഭിക്കുമെന്നും പുതിൻ പറഞ്ഞു. രാജ്യതലസ്ഥാനത്തും വിവിധ പ്രദേശങ്ങളിലും തീവ്രവാദ വിരുദ്ധസേനകളെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി, പിന്നാലെ പുതിനു മറുപടിയുമായി വാഗ്നര്‍ സേനാത്തലവൻ യെവ്ഗനി പ്രിഗോഷിനും രംഗത്തെത്തി. തങ്ങൾ മാതൃരാജ്യത്തോട് കൂറുള്ള പോരാളികളാണെന്നും ഇതുവരെയുള്ള പോരാട്ടം രാജ്യത്തിനു വേണ്ടിയായിരുന്നു എന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും പ്രിഗോഷിൻ വ്യക്തമാക്കി. രാജ്യം അഴിമതിയിലേക്കും വഞ്ചനയിലേക്കും ഉദ്യോഗസ്ഥമേധാവിത്വത്തിലേക്കും നീങ്ങുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും പ്രിഗോഷിൻ പറഞ്ഞു.

ആഭ്യന്തര കലാപ സൂചനകൾ റഷ്യയുടെ രാഷ്ട്രീയ അസ്ഥിരത വെളിവാക്കുന്നതാണെന്നായിരുന്നു യുക്രൈൻ പ്രസിഡൻ്റ് വൊളോദിമർ സെലൻസ്കിയുടെ പ്രതികരണം. റഷ്യയുടെ ബലഹീനത വ്യക്തമാണെന്നും തങ്ങളുടെ മണ്ണിലേക്ക് എത്രത്തോളം കൂലിപ്പട്ടാളക്കാരേയും സൈന്യത്തേയും എത്തിക്കുന്നുവോ അതിലേറെ പ്രശ്നങ്ങളും കലാപാന്തരീക്ഷവും റഷ്യയിൽ ഉടലെടുക്കുമെന്നും സെലൻസ്കി അഭിപ്രായപ്പെട്ടു.

25000-ത്തോളം സംഘങ്ങളുമായാണ് റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ സേന റഷ്യന്‍ ഭരണകൂടത്തിനു നേരെ പോരുമുറുക്കിയിരിക്കുന്നത്. യുക്രൈനെതിരായ യുദ്ധത്തില്‍ വാഗ്നര്‍ സേനയുടെ രണ്ടായിരത്തോളം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് റഷ്യന്‍ ഭരണകൂടവും വാഗ്നര്‍ സേനയുമായി തര്‍ക്കം ഉടലെടുക്കുന്നത്.

400 കി.മി ദൂരത്തിൽ മാർച്ച് ചെയ്തെത്തി വിമതർ

ഓരോ പ്രദേശങ്ങളിലും എത്രത്തോളം വാഗ്‌നര്‍ സംഘങ്ങളാണ് ഉള്ളത് എന്ന കാര്യത്തില്‍ വ്യക്തമല്ല. മോസ്‌കോയ്ക്ക് 400 കിലോ മീറ്റര്‍ അകലത്തിലാണ് വൊറോണെഷില്‍ സ്ഥിതി ചെയ്യുന്നത്. ഇവര്‍ മോസ്‌കോ ലക്ഷ്യം വെച്ച് നീങ്ങുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം ലൈപേസ്‌ക് ഗവര്‍ണര്‍ സ്ഥിരീകരിച്ചതായി ബി.ബി.സി. റിപ്പോര്‍ട്ടില്‍ പറയുന്നു. മോസ്‌കോയ്ക്കും വൊറോണെഷിലിനും ഇടയിലുള്ള പ്രദേശങ്ങളില്‍ കൂടി വാഗ്‌നര്‍ സംഘത്തിന്റെ സായുധ വാഹനങ്ങള്‍ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം ബി.ബി.സി. സ്ഥിരീകരിക്കുകയും ചെയ്തു.

ഇഎന്നാല്‍, പുതിന്‍ മോസ്‌കോ വിട്ടു എന്ന വാര്‍ത്ത തള്ളിക്കൊണ്ട് അദ്ദേഹത്തിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് രംഗത്തെത്തി. അദ്ദേഹം ക്രംലിനില്‍ ജോലിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സാഫ് ചാമ്പ്യൻഷിപ്പ് ഫുട്ബോളിൽ ഇന്ത്യ സെമിയിൽ

സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിൽ. നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സെമി പ്രവേശനം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മഹേഷ് സിങ്ങുമാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ആദ്യ മത്സരത്തില്‍ നേപ്പാൽ കുവൈത്തിനോട് തോറ്റിരുന്നു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ പുറത്തായി.

രണ്ട് കളികളില്‍ നിന്ന് ആറ് പോയന്റുമായാണ് ഇന്ത്യയുടെ സെമി പ്രവേശനം.

ഒറ്റ ഗോളും വഴങ്ങാതെ 18 ഗോളുകൾ വലയിൽ

ഗോള്‍വഴങ്ങാതെ തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളും ഇന്ത്യ പിന്നിട്ടു. കഴിഞ്ഞവര്‍ഷം ജൂണില്‍ എ.എഫ്.സി. ഏഷ്യന്‍കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ് കോങ്ങിനെതിരേ 4-0ത്തിന് ജയിച്ച മത്സരത്തില്‍ത്തുടങ്ങി ഒമ്പത് മത്സരങ്ങളിലും ഇതുവരെ ഒറ്റഗോളും വഴങ്ങിയിട്ടില്ല. ഇതിനിടെ 18 ഗോള്‍ അടിച്ചു.

ഗോള്‍രഹിതമായി ആദ്യ പകുതിക്ക് ശേഷമായിരുന്നു രണ്ട് ഗോളുകളും. പാകിസ്താനെതിരായ ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് നേപ്പാളിനെതിരേ ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനായില്ല.

61-ാം മിനിറ്റിലാണ് ഇന്ത്യ ആദ്യം നേപ്പാള്‍ പ്രതിരോധം പൊളിച്ചത്. മഹേഷ് സിങ് നല്‍കിയ ക്രോസ് വലയിലേക്ക് ടാപ് ചെയ്ത് ഛേത്രി ഇന്ത്യയുടെ സ്‌കോറിങ് തുടങ്ങിവെച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ 91-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.

പിന്നാലെ 70-ാം മിനിറ്റില്‍ മഹേഷ് സിങ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി. സുനില്‍ ഛേത്രിയുടെ ഷോട്ട് നേപ്പാള്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത് ക്രോസ്ബാറിലിടിച്ച് നേരേചെന്നത് മഹേഷിന്റെ മുന്നിലേക്ക്. സമയമൊട്ടും പാഴാക്കാതെ താരം പന്ത് വലയിലാക്കി.

ബാലമന്ദിരത്തിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

കോഴിക്കോട് വെള്ളിമാടുകുന്ന് ബാലമന്ദിരത്തിൽ നിന്ന് കാണാതായ നാലു കുട്ടികളേയും കണ്ടെത്തി. ഏറനാട് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന മൂന്നുപേരെ ഷൊർണൂരിൽ നിന്നാണ് കണ്ടെത്തിയത്. കൊയിലാണ്ടിയിൽ നിന്നാണ് മൂന്നുപേരും ട്രെയിൻ കയറിയത്. കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ കുട്ടിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിരുന്നു.

ചേവായൂര്‍ ബോയ്‌സ് ഹോമില്‍നിന്നാണ് നാല് ആണ്‍കുട്ടികളെ കാണാതായത്. ശനിയാഴ്ച രാവിലെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് ബാലമന്ദിരം അധികൃതര്‍ അറിയിച്ചത്. 17 വയസുകാരാണ്. ഹോസ്റ്റലിലെ ശൗചാലയത്തിനകത്തെ ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ കടന്നുകളഞ്ഞത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഗേള്‍സ് ഹോമില്‍നിന്ന് സമാനരീതിയില്‍ കുട്ടികള്‍ കടന്നുകളഞ്ഞിരുന്നു. പിന്നീട് രണ്ടുപേരെ കര്‍ണാടകയില്‍നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍നിന്നും കണ്ടെത്തി.

മഅദനി തിങ്കളാഴ്ച കേരളത്തിൽ എത്തും

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി തിങ്കളാഴ്ച കേരളത്തിലെത്തും. ബെംഗളൂരു സ്‌ഫോടനകേസില്‍ പ്രതിയായ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് കേരളത്തിലേക്ക് വരാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും വൻ തുക ചിലവിനത്തിൽ കെട്ടിവെക്കാനുള്ള ഉപാധി ബാധ്യതയായി.

ബെംഗളൂരുവില്‍ കഴിയവേ ഏപ്രില്‍ 17-നാണ് മൂന്നു മാസത്തേക്ക് കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവുനല്‍കിയത്. സുരക്ഷാ ചെലവിലേക്കായി മാസം 20 ലക്ഷം രൂപവീതം നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉപാധി വെച്ചു. കര്‍ണാടക പോലീസിന്റെ അകമ്പടിയിലാകണം കേരളത്തിലേക്ക് പോകേണ്ടതെന്നും കോടതി നിര്‍ദേശം മുൻനിർത്തിയാണ് മുൻ കർണാടക സർക്കാർ വൻ തുക ആവശ്യപ്പെട്ട് യാത്രയ്ക്ക് ഉപാധി വെച്ചത്.

തിങ്കളാഴ്ച അദ്ദേഹം കേരളത്തിലേക്ക് എത്തുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു. മൂന്ന് മാസത്തേക്കുള്ള ജാമ്യ വ്യവസ്ഥയിലെ ഇളവില്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. യാത്ര അകമ്പടിക്കുള്ള ചെലവ് ഇപ്പോഴത്തെ സർക്കാർ പിൻവലിച്ചേക്കും എന്ന ധാരണയാണ്.

ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് പ്രധാനമായും കേരളത്തിലേക്കുള്ള മഅദനിയുടെ വരവ്. തിങ്കളാഴ്ച വൈകീട്ടോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന മഅദനി തുടര്‍ന്ന് അന്‍വാര്‍ശേരിയിലേക്ക് തിരിക്കുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു.