വിഭാഗീയത, സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും പി കെ ശശിയെ തരംതാഴ്ത്തി

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് മുതിര്‍ന്ന നേതാവ് പി.കെ.ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മറ്റൊരു മുതിര്‍ന്ന നേതാവ് വി.കെ.ചന്ദ്രനേയും സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി.

ചൊവ്വാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത്. ജില്ലയിൽ വിഭാഗീയതക്ക് നേതൃത്വം നൽകിയത് ഇവർ മൂന്നു പേരുമെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പി.കെ. ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി പരാതിയിൽ നടപടി പിന്നീട്  സ്വീകരിക്കും.

പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയെ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ മൂവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നേതാക്കള്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.

കൊല്ലങ്കോടും നടപടി

സിപി എം വിഭാഗീയതയുടെ പേരിൽ കൊല്ലങ്കോട് ഏരിയ കമിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കി. 5 പേരെ തിരിച്ചെടുത്തു. മുൻ ഏരിയ സെക്രട്ടറി യു അസീസ് ഉൾപ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്. കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ പാനലിൽ ഉണ്ടായിട്ടും വോട്ടെടുപ്പിൽ തോറ്റു പോയവരാണ് ഇവർ.  പുതുനഗരം , കൊല്ലങ്കോട് ലോക്കൽ സെക്രട്ടറിമാരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടും. വിഭാഗീയതയെ കുറിച്ചു പഠിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി

സംസ്ഥാനത്തെ സ്കൂളുകളിൽ 6043 അധിക തസ്തികകൾക്ക് അനുമതി, 5944 അധ്യാപകർ

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രി സഭാ യോഗം അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തിലാവുന്ന വിധം തസ്തിക സൃഷ്ടിക്കുക. ചൊവ്വാഴ്ച നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 58,99,93,200 കോടിയുടെ അധിക ബാധ്യത വരും.

അധിക തസ്തികകളും മാനേജ്മെൻ്റിലേക്ക് പോകും, പി എസ് സി വഴി തുഛം

സര്‍ക്കാര്‍ മേഖലയിലെ 1114 സ്‌കൂളുകളില്‍ നിന്നായി 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്‌കൂളുകളില്‍ നിന്നായി 2942 അധിക തസ്തികകളും ഇതില്‍ ഉള്‍പ്പെടും. 5944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. 58,99,93,200 രൂപയുടെ പ്രതിവര്‍ഷ പ്രതീക്ഷിത സാമ്പത്തിക ബാധ്യത വരും.

ഇപ്രകാരം സൃഷ്ടിക്കുന്ന 6043 തസ്തികകളില്‍ എയ്ഡഡ് മേഖലയില്‍ കുറവു വന്നിട്ടുള്ള 2996 തസ്തികകളിലെ അധ്യാപകരെ കെ.ഇ.ആറിലെ വ്യവസ്ഥകള്‍ പ്രകാരം പുനര്‍വിന്യസിക്കുകയും സര്‍ക്കാര്‍ മേഖലയില്‍ 1638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യും

മഴവില്ലും പുസ്തകങ്ങളും

വായനയുടെ ആഘോഷവും പ്രൈഡ് മാസവും ഒന്നിച്ചെത്തുമ്പോഴുള്ള ആലോചനകള്‍

സ്വത്വാന്വേഷണത്തെ ആശയമോ ഉപകരണമോ ആക്കുന്നത് സാഹിത്യത്തില്‍ പൊതുവെ നടക്കുന്ന ഒന്നാണ്.വിഷാദവും ഏകാന്തതയും മുഴച്ചു നില്‍ക്കുന്ന അന്തര്‍മുഖമായ വൈകാരിക സമസ്യകളെ കൂട്ടിക്കുരുക്കി കലുഷമാക്കാന്‍ എല്ലാ എഴുത്തു മാധ്യമങ്ങള്‍ക്കും ശേഷിയുമുണ്ട്. കോശം തിരിച്ചും കണിക തിരിച്ചും കാണാനുള്ള ആഴം വായനയിലൂടെ പ്രാപ്തമാകുന്നത് അത് ഉള്‍ക്കൊള്ളുന്ന ക്രമരഹിതമായ ലോക വിശാലത കൊണ്ടുകൂടിയാണ്. അനുക്രമമായി വളരുന്ന ഈ പ്രകൃയയിലൂടെ സ്വന്തം സ്വത്വത്തെക്കുറിച്ചുള്ള അപാരമായ ആലോചനകള്‍ ഒരാളില്‍ ഉണ്ടാവുകയും അതിലുപരിയായി അപര സ്വത്വത്തിന്‍റെ സവിശേഷതയെ അംഗീകരിക്കാന്‍ അയാള്‍ പ്രാപ്തരാവുകയും ചെയ്യുന്നു.
തീര്‍ത്തും അനന്യമായ ഈ സവിശേഷതകളെ അതിന്‍റെ യഥാര്‍ത്ഥ മേല്‍വിലാസത്തില്‍ തന്നെ അഭിസംബോധന ചെയ്യാന്‍ സാഹിത്യവും മറ്റിതര എഴുത്ത് രൂപങ്ങളും സഹായകമാകും.
ലോകമെന്ന അതിവിശാലമായ അനുഭവ സമാഹാരത്തെയും സ്വത്വബോധമെന്ന തീര്‍ത്തും വൈയക്തികമായ അനുഭവ ബോധ്യത്തെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന ഒരുതരം തുറവിയിലേക്ക് സാധാരണയായി പുസ്തകം അതിന്‍റെ ഉപയോക്താക്കളെ ക്ഷണിക്കാറുണ്ട്.

ആ ക്ഷണം സ്വീകരിച്ച മനുഷ്യര്‍ അതിന്‍റെ മഹത്വം പ്രഘോഷിക്കാനെന്ന വിധം ഒരു ദിനവും വാരവും തെരഞ്ഞെടുക്കുമ്പോള്‍ അതിനൊപ്പം തന്നെ സ്വത്വാവബോധത്തിന്‍റെയും വൈയക്തികമായ ലൈംഗിക സ്വാതന്ത്ര്യത്തിന്‍റെയും ബഹുസ്വരമായ മനുഷ്യാവസ്ഥയും അതിജീവനപരവും ആവേശോജ്വലവുമായ ആഘോഷവുമുണ്ടാകുന്നതില്‍ ഗുണപരമായ എന്തൊക്കെയോ ഉണ്ട്.

വ്യക്തി അനുഭവങ്ങളെയും അവയുടെ സമാനമല്ലാത്ത അനേക വൈകാരിക സംഘര്‍ഷങ്ങളെയും ഉള്‍ക്കൊള്ളാനോ അഭിസംബോധന ചെയ്യാനോ സമൂഹത്തിനോ അതിന്‍റെ ഭൂരിപക്ഷ ഉപകരണങ്ങള്‍ക്കോ കഴിയില്ല. പുരോഗനമാശങ്ങള്‍ എത്രകണ്ട് വേരുപിടിച്ചാലും ഈ അനന്യതയെ എത്രത്തോളം സ്വീകാര്യമാക്കാന്‍ കഴിയുമെന്നതില്‍ സംശയമുണ്ട്.അവിടെയാണ് സാഹിത്യവും, വിശാലാര്‍ത്ഥത്തില്‍ പുസ്തകവും ധര്‍മ്മ നിര്‍വ്വഹണം നടത്തുന്നത്. സമൂഹത്തിന്‍റെ ക്രമത്തോടും ശരികേടുകളിലെ ശരികളോടും ആന്തരികമായെങ്കിലും കലഹിക്കാന്‍ വായനക്കാര്‍ക്കു കഴിയും. ലൈംഗിക സ്വാതന്ത്ര്യം, ശരീരം, പ്രണയം, ആത്മഹത്യ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള വിഷയങ്ങളില്‍ ബോധ്യ നവീകരണം ഉപദേശ സ്വഭാവമില്ലാതെ ഭാവുകത്വപരമായി വയനവഴി നമ്മളിലേക്ക് എത്തുന്നുണ്ട്. അതില്‍ പ്രധാനമായ ഒന്നാണ് ലൈംഗിക സ്വാതന്ത്ര്യം.

ശാരീരികാവസ്ഥകളുടെ സവിശേഷതയും സ്വയം തെരഞ്ഞെടുക്കേണ്ട ലൈംഗിക സ്വത്വവും അതിന്‍റെ പ്രാധാന്യത്തെക്കുറിക്കാന്‍ ഒരു മാസം തിരഞ്ഞെടുക്കുന്നത് പ്രചരണങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും കാരണമാകുന്നു. ചര്‍ച്ചകളുടെ സജീവതയിലേക്ക് ഈ സ്വാതന്ത്ര്യ പ്രഖ്യാപനം കടന്നു വരുകയും ക്രമേണ സമൂഹത്തിന്‍റെ സ്വാഭാവികതകളിലേക്ക് ഈ വ്യക്തിത്വങ്ങളും കടന്നു വരുമെന്നും നമ്മള്‍ പ്രത്യാശിക്കുന്നു.

പറഞ്ഞു വരുന്നത് വായനയിലുണ്ടാകുന്ന വേലിയേറ്റം ബഹുസ്വരതയെയും അനന്യതയെയും ഉള്‍ക്കൊള്ളുമ്പോള്‍ അതിനോട് ചേര്‍ന്നു തന്നെ സ്വാത്വാവബോധത്തിന്‍റെ വര്‍ണ്ണങ്ങളും പടരുന്നു എന്നാണ്. അത് ക്രമങ്ങള്‍ക്കും രേഖകള്‍ക്കും സ്വാഭാവികതകള്‍ക്കുമപ്പുറത്ത് വിശാലമായ ഒരു ലോകത്തിന്‍റെയും അപാരമായ മാനവ വൈവിധ്യത്തിന്‍റെയും അനേകമായ തുറസ്സുകളുടേയും സാധ്യതകളെ നമുക്കു മുന്നില്‍ തുറന്നിടുന്നു.

പുസ്തകം വായിക്കാം..
അവയില്‍ നിന്ന് ഏഴല്ല, എഴുപതിലും തീരാത്ത നിറങ്ങളുടെ ലോകത്തെ മുന്‍വിധികളില്ലാതെ പുണരാം..

അട്ടിമറിയല്ല വെറും പ്രതിഷേധം അറിയിക്കാനാണ് സൈനിക നീക്കം നടത്തിയതെന്ന് റഷ്യൻ വിമത സേനാ തലവൻ

മോസ്‌കോയിലേക്ക് തന്റെ സൈന്യം നീങ്ങിയത് പുതിന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ടല്ലെന്ന് റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ മേധാവി യെവ്‌ഗെനി പ്രിഗോഷിന്‍. സായുധ കലാപത്തില്‍ നിന്ന് പിന്‍വാങ്ങി 24 മണിക്കൂറിന് ശേഷമാണ് 11 മിനിറ്റോളം വരുന്ന വീഡിയോ സന്ദേശത്തിലൂടെ പ്രിഗോഷിന്‍ വാഗ്നര്‍ സേനയുടെ നാടകീയ നീക്കങ്ങള്‍ സംബന്ധിച്ച് പുതിയ വിശദീകരണം നൽകുന്നത്.

വാഗ്നറുകളുടെ നാശം ഒഴിവാക്കുക, സ്ഥാനത്തിന് നിരക്കാത്ത നിലയില്‍ വന്‍തോതില്‍ പിഴവുകള്‍ വരുത്തിയ ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടുക എന്നതായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നാണ് ഇപ്പോഴത്തെ വിശദീകരണം. ‘റഷ്യയുടെ നേതൃത്വത്തെ അട്ടിമറിക്കാനല്ല ഞങ്ങള്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധം അറിയിക്കാനാണ് മോസ്‌കോയിലേക്ക് മാര്‍ച്ച് നടത്തിയത്’ പ്രിഗോഷിന്‍ വീഡിയോയിൽ പറഞ്ഞു.

ജൂലായ് ഒന്നോടെ വാഗ്നര്‍ ഗ്രൂപ്പ് പിരിച്ചുവിട്ട് റഷ്യന്‍ പ്രതിരോധസേനയുമായി ലയിപ്പിക്കുന്നതിനും ശ്രമമുണ്ടായി. എന്നാല്‍ പ്രതിരോധ മന്ത്രാലയവുമായി കരാറുണ്ടാക്കുന്നതിന് തങ്ങളുടെ കമാന്‍ഡര്‍മാര്‍ എതിരായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 30 ഓളം വാഗ്നറുകള്‍ കൊല്ലപ്പെട്ടുവെന്നും പ്രിഗോഷിന്‍ വെളിപ്പെടുത്തി.

. രാജ്യത്തുടനീളം വലിയ സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തന്റെ സേനയ്ക്ക് വളരെ എളുപ്പത്തില്‍ റഷ്യന്‍ പട്ടാളത്തെ മറികടക്കാനും തങ്ങളുടെ പാതയില്‍ തടയാനും കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചുരുങ്ങിയ സമയംകൊണ്ട് തന്നെ വാഗ്നര്‍ സേന കീഴ്‌പ്പെടുത്തിയ പ്രദേശങ്ങളില്‍ ജനങ്ങളുടെ പിന്തുണയാര്‍ജിക്കാനായെന്നും പ്രിഗോഷിന്‍ പറഞ്ഞു. തന്റെ സേന മോസ്‌കോ ലക്ഷ്യമാക്കി 780 കിലോമീറ്ററോളം പിന്നിട്ടിരുന്നു. വാഗ്നനറുകളെ പോലുള്ളവരാണ് ആദ്യം ആക്രമണം നടത്തിയിരുന്നതെങ്കില്‍ യുക്രൈന്‍ ഓപ്പറേഷന്‍ വളരെ നേരത്തെ തന്നെ അവസാനിക്കേണ്ടതായിരുന്നുവെന്നും പ്രിഗോഷിന്‍ പറഞ്ഞു.

ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ വാഗ്നറുകള്‍ക്ക് നിയമപരമായി മുന്നോട്ട് പോകുന്നതിനുള്ള വഴികള്‍ മുന്നിലേക്ക് വെച്ച് മധ്യസ്ഥശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം താന്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് പ്രിഗോഷിന്‍ വെളിപ്പെടുത്തിയിട്ടില്ല. സായുധ കലാപം അവസാനിപ്പിച്ചതിന് ശേഷം പ്രസിന്റ് വ്‌ളാദിമിര്‍ പുതിന്‍ ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

“കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ” സിപിഎമ്മിനെതിരെ മുൻ ദേശാഭിമാനി പത്രാധിപ സമിതി അംഗം

കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) രൂപ  ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. ഫെയ്സ്ബുക്ക് സൈബർ ആക്രമകാരികൾക്ക് എതിരെ മുന്നറിയിപ്പ് എന്നു പറഞ്ഞുള്ള പോസ്റ്റിലാണ് വെളിപ്പെടുത്തൽ. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ആരോപണം അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

. കൊച്ചി കലൂരിലെ തൻറെ ഓഫീസിലെ മുറിയിൽ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാൻ താൻ സഹായിച്ചുവെന്ന് പോസ്റ്റിൽ പറയുന്നു. വൻ തോക്കുകളിൽ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്.  രണ്ട് കോടി 35000 രൂപയാണ് ഉണ്ടായിരുന്നത്. തന്റെ ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചത്. കൈതൊലപ്പായയിൽ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയത്. നിലവിലെ ഒരു മന്ത്രിയുടെ കാറിലാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ശക്തിധരൻറെ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

വ്യക്തമായ സൂചനകളുമായി ആരോപണം

തിരുവനന്തപുരം മുതൽ ടൈം സ്ക്വയർവരെ പ്രശസ്തനായ നേതാവാണിതെന്നാണ് ആക്ഷേപം. ഒരിക്കൽ കോവളത്ത് വെച്ച് ഈ നേതാവിന് ഒരു കോടീശ്വരൻ രണ്ട് കവറിലായി പണം കൈമാറിയെന്നും ആരോപണമുണ്ട്. ഇതിൽ ഒരു കവർ പാർട്ടി സെൻററിൽ ഏൽപ്പിച്ചു. ഈ പെട്ടി തുറന്ന് ഓഫീസ് സ്റ്റാഫ് മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തിൽ പണം എണ്ണിയപ്പോൾ പത്ത് ലക്ഷം രൂപയുണ്ടായിരുന്നു. നേതാവ് കൊണ്ടുപോയ കവറിലും ഇത്ര തന്നെ തുകയുണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം ആരോപിക്കുന്നു. ശക്തിധരൻറെ ആക്ഷേപം കോൺഗ്രസ് ഏറ്റെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മുതിർന്ന നേതാവ് ബെന്നി ബെനഹന്നാൻ ആവശ്യപ്പെട്ടു.

G Sakshidharan Post Link

https://www.facebook.com/sakthidharan.gangadharan.1/posts/pfbid0345d55Qw6gd4GjFbnZ9jmu2b9WJ5DNehejh7ME4mfp9zFnZTdoGrDav3MmqRL12sul

കോടതിയിൽ കാണാം എന്ന വെല്ലുവിളി ആവർത്തിച്ച് ബ്രിജ് ഭൂഷൻ, കോടതിയിൽ വിശ്വാസമർപ്പിച്ച് നിസ്സഹായമായി ഗുസ്തി താരങ്ങളും

ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണെതിരെയുള്ള പോരാട്ടം കോടതിയിൽ തുടരുമെന്ന്‌ സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾ. കേന്ദ്രവുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പുകളിൽ പുരോഗതി കാണുന്നതിനാൽ തെരുവിലുള്ള സമരം അവസാനിപ്പിച്ചുവെന്ന്‌ സാക്ഷി മലിക്‌, ബജ്‌റംഗ്‌ പൂനിയ, വിനേഷ്‌ ഫോഗട്ട്‌ തുടങ്ങിയവർ പറഞ്ഞു. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ്‌, ,ലോക ചാംപ്യൻഷിപ്പ്‌ എന്നിവയ്‌ക്കുള്ള പരിശീലന ക്യാമ്പ് തുടങ്ങിയ സാഹചര്യത്തിലാണ് താരങ്ങൾ.

കുറ്റപത്രത്തിൽ പൊലീസ് വെള്ളം ചേർത്തതോടെ വിഷയത്തിൽ കോടതി തീർപ്പ്‌ കൽപ്പിക്കട്ടേയെന്ന്‌ ബ്രിജ്‌ഭൂഷൺ തിങ്കളാഴ്‌ച വീണ്ടും വെല്ലുവിളി ആവർത്തിച്ചു. പോക്സോ കേസിൽ ഉൾപ്പെടെ പൊലീസ് ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്ന തരത്തിൽ കുറ്റപത്രം സമർപ്പിച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങൾക്ക് അവരുടെ മത്സര രംഗത്തേക്ക് തിരിച്ച് എത്തേണ്ട സാഹചര്യവും വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് പോക്സോ പരാതിയിൽ നിന്നും പ്രായപൂർത്തിയാവാത്ത താരത്തിൻ്റെ രക്ഷിതാക്കൾക്ക് പിൻമാറേണ്ടി വന്ന സാഹചര്യം ഉണ്ടായത്.

ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചതും ഫെഡറേഷൻ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതും മുൻനിർത്തിയാണ്‌ പ്രത്യേക്ഷ സമരത്തിൽ നിന്നുള്ള പിൻവാങ്ങൽ. കേന്ദ്രം നൽകിയ ഉറപ്പുകളെയാണ് ഇതിന് താരങ്ങൾ ആശ്രയിക്കുന്നത്. ചാംപ്യൻഷിപ്പ്‌ ട്രയലുകൾക്ക്‌ കൂടുതൽ സമയം അനുവദിക്കണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌  താരങ്ങൾ തിങ്കളാഴ്‌ച ആവശ്യപ്പെട്ടു. ബജ്‌റംഗ് പുനിയ , സാക്ഷി മലിക് ,  സത്യവർത്ഥ്‌ കഠിയാൻ, സംഗീത ഫോഗട്ട് , ജിതേന്ദർ കുമാർ , വിനേഷ് ഫോഗട്ട് എന്നിവരാണ്‌ കത്തുനൽകിയത്‌.  

സെപ്‌റ്റംബറിലാണ്‌ ഏഷ്യൻ ഗെയിംസ്‌. ആറുമാസത്തോളമായി സമരമുഖത്തായിരുന്നതിനാൽ കായികക്ഷമത വീണ്ടെടുക്കേണ്ടതുണ്ടെന്ന്‌ താരങ്ങൾ വ്യക്തമാക്കി. താരങ്ങളുടെ ഐക്യം തകർക്കാൻ ശത്രുക്കൾ ശ്രമിക്കുകയാണെന്ന്‌ വിനേഷ്‌ ഫോഗട്ട്‌ പ്രതികരിച്ചു. എല്ലാ താരങ്ങളും സമൂഹമാധ്യമങ്ങളിൽ താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്നും അറിയിച്ചു.

കേരളം പൊലീസ് രാജോ, പത്രപ്രവർത്തക യൂണിയൻ മാർച്ചിൽ പ്രതിഷേധം ഇരമ്പി

മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിൽ കേരളത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ പങ്കു ചേർന്നു. രമേശ് ചെന്നിത്തല ധർണ ഉദ്ഘാടനം ചെയ്തു.

കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം. വി വിനീത അദ്ധ്യക്ഷയായി. ജനറൽ സെക്രട്ടറി ആർ കിരൺ ബാബു, ട്രഷറർ സുരേഷ് വെള്ളിമംഗലം, മുൻ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ്, സിഎംപി നേതാവ് സിപി ജോൺ, എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.ജയകുമാർ, മുതിർന്ന മാധ്യമപ്രവർത്തകരായ ജേക്കബ് ജോർജ്, എസ് ജയശങ്കർ, ജെ അജിത്കുമാർ,എസ് ബിജു എന്നിവർ സംസാരിച്ചു.

മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുനഃസ്ഥാപിക്കുക, നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര ദൃശ്യ മാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന അനുമതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ഭീകരവാദത്തിലേക്ക് കൂടുതൽ പേർ എത്തുന്നത് കേരളത്തിൽ നിന്നെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ

ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്നാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ദൈവത്തിൻ്റെ സ്വന്തം നാട് അഴിമതിയുടെ സ്വന്തം നാടായി മാറിയതായി, എഐ ക്യാമറ – സർവകലാശാല വിവാദങ്ങൾ പരാമർശിച്ച് ജെ. പി. നദ്ദ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് തിരുവനന്തപുരത്ത് വിശാൽ ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ട് തുടക്കമിടുകയാണ് ബിജെപി. പാർട്ടി എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന തിരുവനന്തപുരത്ത് ബൂത്ത് ഭാരവാഹികൾ മുതൽ മുകളിലേക്ക് ഉള്ളവരെ ഉൾപ്പടുത്തിയാണ് വിശാൽ ജനസഭ സംഘടിപ്പിച്ചത്. കേരളത്തിന്റെ ബൗദ്ധിക മുന്നേറ്റങ്ങളെ ഇടതു സർക്കാർ കായികമായി അടിച്ചമർത്തുകയാണെന്ന് ജെ. പി. നദ്ദ പറഞ്ഞു.

രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷ ഐക്യം തേടി സി പി എം

പ്രതിപക്ഷ ഐക്യത്തിന് നിർദേശങ്ങൾ മുന്നോട്ട് വെച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ. ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി സമരം സംഘടിപ്പിക്കണം. തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് തീരുമാനം. ഇക്കാര്യം പട്ന യോഗത്തിൽ നിർദേശിച്ചതായും സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. സമരങ്ങൾ എങ്ങനെ വേണമെന്നത് വരും യോഗങ്ങളിൽ തീരുമാനിക്കും. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യം ആണ്.

പരസ്പരം സഹകരിക്കുന്നതിനെ കുറിച്ച് സംസ്ഥാനങ്ങളിൽ തീരുമാനം എടുക്കുണമന്ന് സിപിഐഎം ആവശ്യപ്പെട്ടുവെന്ന് യെച്ചൂരി പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന് മൂന്നു നിർദ്ദേശങ്ങൾ സിപിഐഎം മുന്നോട്ട് വെച്ചിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ രാജ്യവ്യാപക പ്രചാരണം നടത്തണം. പ്രതിഷേധങ്ങൾ സംയുക്തമായി സംഘടിപ്പിക്കണം. തിരഞ്ഞെടുപ്പ് സഹകരണം ചർച്ചകൾ സംസ്ഥാനതലത്തിൽ തുടങ്ങണം എന്നിവയാണ് ആ നിർദേശങ്ങൾ എന്ന് യെച്ചൂരി അറിയിച്ചു.

രാസ ലഹരി ഹൃദയാഘാതവും സ്ട്രോക്കും എളുപ്പമാക്കും; മുന്നറിയിപ്പുമായി കേരള പൊലീസ്

0

കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

അത്യന്തം അപകടകാരികളാണ് രാസലഹരി വസ്തുക്കൾ. അതിൽ തന്നെ കാളകൂടവിഷമെന്നറിയപ്പെടുന്ന അപകടകാരിയാണ് എം ഡി എം എ. ക്രിസ്‌റ്റൽ രൂപത്തിലുള്ള മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ എന്ന എം ഡി എം എ യുവാക്കൾക്കിടയിൽ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റൽ ,സ്പീഡ്  തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന വസ്തുവും ഇതുതന്നെ. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിന്മടങ്ങ് അപകടകാരിയാണിവ. ഉപയോഗത്തിന്‍റെ ആരംഭത്തിൽ ആനന്ദം തരുമെങ്കിലും ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കും. ശരീരത്തിന്‍റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക വഴി ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയും ഇത് ഉപയോഗിക്കുന്നവരെ പിടികൂടാം. ഈ മയക്കുരുന്ന് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കും. എംഡിഎംഎയുടെ അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കി മാറ്റുകയും ചെയ്യും.