പിരിഞ്ഞാലും മരിച്ചാലും ഭർത്താവിൻ്റെ സമ്പാദ്യത്തിൽ ഭാര്യയ്ക്കും തുല്യ അവകാശം- മദ്രാസ് ഹൈക്കോടതി

 ഭർത്താവ് സ്വന്തം വരുമാനത്താല്‍ സമ്പാദിക്കുന്ന വസ്തുവകകളില്‍ വീട്ടമ്മയ്ക്ക് തുല്യാവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വിധി. കുടുംബത്തിനായി വീട്ടമ്മ നല്‍കുന്ന സംഭാവനകളെ വിലകുറച്ച് കാണാനാവില്ലെന്നും രണ്ടു പേരുടെയും അധ്വാനം തുല്യമെന്നും കോടതി അഭിപ്രായപ്പെട്ടു.

ഭർത്താവ് ധനസമ്പാദനം നടത്തുമ്പോഴും കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കിനടത്തി ഭര്‍ത്താവിന് വരുമാനമുണ്ടാക്കാനുള്ള സാഹചര്യം ഒരുക്കുന്നത് വീട്ടമ്മയാണ്. അതിനാല്‍ ഇരുവരുടേയും കൂട്ടുശ്രമത്തിന്റെ ഫലമായി സമ്പാദിക്കുന്നതെന്തിലും ഇരുവര്‍ക്കും തുല്യാവകാശമാണുള്ളതെന്നും ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി ശ്രദ്ധേയമായ വിധിന്യാത്തിൽ ചൂണ്ടിക്കാട്ടി.

പുറത്ത് പോയി അധ്വാനിക്കുന്നത് ഭർത്താവ് തന്നെ ആയാലും…

സ്വത്തുക്കള്‍ വിട്ടുകിട്ടുന്നത് സംബന്ധിച്ച് ഭാര്യക്കെതിരെ നൽകിയ കേസില്‍ രണ്ടാമത്തെ അപ്പീലിന്‍മേലുള്ള വിധി പ്രസ്താവിക്കവെയാണ്‌ കോടതിയുടെ നിരീക്ഷണം. “വസ്തുവകകള്‍ ഭര്‍ത്താവിന്റേയോ ഭാര്യയുടേയോ പേരില്‍ വാങ്ങാം, എന്നിരുന്നാലും രണ്ടുപേരുടേയും കൂട്ടായ പരിശ്രമത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് വാങ്ങിയതായി കണക്കാക്കേണ്ടതാണ്”, ജ. കൃഷ്ണന്‍ രാമസ്വാമി പറഞ്ഞു. കുടുംബമെന്ന വാഹനത്തിന്റെ ഇരുചക്രങ്ങളാണ് ഭാര്യാഭര്‍ത്താക്കന്‍മാർ. ജോലിക്ക് പോയി പണം സമ്പാദിക്കുന്ന ഭര്‍ത്താവും കുടുംബത്തേയും കുട്ടികളേയും പരിപാലിക്കുന്ന ഭാര്യയും കുടംബത്തിന്റെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. ദിവസം മുഴുവനും വീട്ടമ്മ പണിയെടുക്കേണ്ടതുണ്ടെന്നും ഒരവധിദിനം പോലും അവള്‍ക്ക് ലഭിക്കുന്നില്ലെന്നും നിരീക്ഷിച്ച കോടതി അതിനാല്‍ ഇരുവരുടേയും കൂട്ടുശ്രമത്തിന്റെ ഫലമായി സമ്പാദിക്കുന്നതെന്തിലും ഇരുവര്‍ക്കും തുല്യാവകാശമാണുള്ളതെന്നും വ്യക്തമാക്കി.

ഭർത്താവ് പിരിഞ്ഞാലും മരിച്ചാലും അവകാശം

1965 ലാണ് ഹര്‍ജിക്കാരനും ഭാര്യയും വിവാഹിതരായത്. 1982 വരെ ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന ഹര്‍ജിക്കാരന്‍ 1983 മുതല്‍ 1994 വരെ ഗള്‍ഫിലാണ് ജോലി ചെയ്തിരുന്നത്‌. ഗല്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ ഹര്‍ജിക്കാരന്‍ തന്റെ സമ്പാദ്യം കൊണ്ട് വാങ്ങിയ വസ്തുവകകള്‍ ഭാര്യ ബലമായി കൈക്കലാക്കിയിരിക്കുകയാണെന്നും അവര്‍ക്ക്‌ വിവാഹേതരബന്ധമുണ്ടെന്നും ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.

രണ്ടാമത്തെ അപ്പീല്‍ പരിഗണനയിലിരിക്കെ ഹര്‍ജിക്കാരന്‍ മരിച്ചു. തുടര്‍ന്ന ഇദ്ദേഹത്തിന്റെ ആണ്‍മക്കള്‍ അമ്മക്കെതിരെ കേസ് തുടര്‍ന്നു. ദമ്പതിമാര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്.

മണിപ്പൂർ സംഘർഷം ഒടുങ്ങിയില്ല; അവസാനം സർവ്വ കക്ഷി യോഗത്തിന് കേന്ദ്രം

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും. രാജ്യതലസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം. അമിത് ഷാ സംഘർഷത്തിനിടെ മണിപ്പൂർ സന്ദർശിച്ചിരുന്നു എങ്കിലും കലാപം അനിയന്ത്രിതമായി തുടർന്നു . (Manipur violence: Amit Shah to chair all-party meeting on crisis situation today)

മെയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച സംഘർഷം ഇപ്പോഴും അവസാനിച്ചിട്ടില്ല. സംസ്ഥാനത്തെ പ്രതിപക്ഷ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാൻ ഡൽഹിൽ എത്തിയിരുന്നു. 10 ദിവസം കാത്തിരുന്നിട്ടും അനുമതി ലഭിച്ചില്ല.

ന് മെയ്തികളെ പട്ടികവർഗ്ഗ (എസ്ടി) ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കമാണ് കലാപത്തിലേക്ക് പെട്ടെന്ന് നയിച്ചത്. ഗോത്ര വർഗ്ഗ വിരുദ്ധ നടപടികളഇൽ പ്രതിഷേധിച്ച് ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ (എടിഎസ്യു) സംഘടിപ്പിച്ച റാലിക്കിടെ സംഘർഷം തുടങ്ങി. സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ജൂൺ 25 വരെ നീട്ടിയിട്ടുണ്ട്. ഡാറ്റ സേവനങ്ങളും നിരോധിച്ചിട്ടുണ്ട്.

അമ്മ യോഗം ഇന്ന്, ഷെയിൻ നിഗം അകത്തേക്ക്

താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. നിർമ്മാതാക്കൾ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസി സംഘടനയിൽ അംഗത്വമെടുക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. സംഘടനയുമായി അകന്നുനിന്നിരുന്ന മറ്റുചില യുവതാരങ്ങളുടെ അപേക്ഷയും എക്സിക്യുട്ടീവിന് കിട്ടിയിട്ടുണ്ട്. ഇവരെ ഉൾപ്പെടുത്തണോയെന്ന് എക്സിക്യുട്ടീവ് ഇന്ന് തീരുമാനിക്കും. ലഹരിയാരോപണം നേരിടുന്ന ചില താരങ്ങളെ സംഘടനയിൽ ഉൾപ്പെടുത്തുന്നതിനോട് ഒരു വിഭാഗം അംഗങ്ങൾക്ക് വിയോജിപ്പുണ്ട്.

അതേസമയം നടൻ ഷെയിൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് മാറി പ്രശ്‍നം ഒത്തു തീർപ്പിലേക്കെത്തി. ആർഡിഎക്സ് സിനിമയിൽ ഷെയിൻ ഡബ്ബിങ് പൂർത്തിയാക്കി. ഷെയിനിന്റെ ഒരു വർഷത്തെ ഡേറ്റുകൾ താരസംഘടനയായ’അമ്മ’, ഇടപെട്ട് കൈ കാര്യം ചെയ്യുമെന്ന് സംഘടന നിർമാതാക്കളുടെ സംഘനടയ്ക്ക് ഉറപ്പ് നൽകി. എന്നാൽ സിയുടെ വിലക്കിൽ ചർച്ച തുടരുകയാണ്.

കഴിഞ്ഞ ഏപ്രിലിലാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചിരുന്നു.

ബാലമന്ദിരത്തിൽ നിന്നും നാലു കുട്ടികൾ ചാടിപ്പോയി

വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികളെ കാണാതായി. 15,16 വയസുള്ള കുട്ടികളാണ് ഇന്നലെ രാത്രി ബാലമന്ദിരത്തില്‍ നിന്ന് പുറത്തുകടന്നത്. ഇവരില്‍ മൂന്നു പേര്‍ കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്. പൊലീസ് അന്വേഷണം തുടങ്ങി.

സഹായിച്ചത് ആരാണ്

നാല് കുട്ടികളും രക്ഷപ്പെട്ടത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് മെഡിക്കൽ കോളേജ് എസിപി കെ സുദർശൻ പറഞ്ഞു . മുമ്പ് അന്തേവാസികളായി ഉണ്ടായിരുന്ന രണ്ട് പേരുടെ സഹായം ഇവർക്ക് ലഭിച്ചു. ശുചിമുറിയുടെ വെന്റിലേഷൻ ഗ്രിൽ തകർത്താണ് കുട്ടികൾ രക്ഷപ്പെട്ടത്. സിസിടിവിയിൽ ആറു പേരുടെ ദൃശ്യങ്ങൾ ഉണ്ട്. ഇന്നലെ രാത്രി 8:45 ഓടെയാണ് ഗ്രില്ലുകൾ തകർത്തത്. രാത്രി 11 മണിയോടെ കുട്ടികൾ പുറത്ത് കടന്നു. ചുറ്റുമതിൽ ഇല്ലാത്തത് ഉൾപ്പെടെയുള്ള സുരക്ഷാ പ്രശ്നങ്ങൾ ബാലമന്ദിരത്തില്‍ നിലനിൽക്കുന്നുണ്ടെന്ന് എസിപി കെ സുദർശൻ വിശദീകരിച്ചു.

ഇത് ആദ്യമല്ല

കഴിഞ്ഞ ഫെബ്രുവരിയില്‍ ഗേള്‍സ് ഹോമില്‍നിന്ന് സമാനരീതിയില്‍ കുട്ടികള്‍ കടന്നുകളഞ്ഞിരുന്നു. രണ്ടുപേരെ കര്‍ണാടകയില്‍നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍നിന്നും കണ്ടെത്തി. ബാലമന്ദിരത്തിലെ സുരക്ഷാവീഴ്ചകളെക്കുറിച്ച് ചര്‍ച്ചകൾ വലുതായി നടത്തിയിരുന്നു. കുട്ടികളെ ചാടിപ്പോവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളും എന്തെന്ന ചോദ്യം ഉയർന്നു.

തൊപ്പിക്ക് എതിരായ കേസ് നിലനിൽക്കുമോ, അതിരു കടന്നാൽ നടപടി എന്ന് മന്ത്രി

യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. തൊപ്പി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തും. ഇതിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കും. ഇതുപോലെ യൂട്യൂബിലൊക്കെ നടത്തുന്ന പരിപാടികൾ അതിരു കടക്കാതെ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. നിയമപരമായ മാർഗങ്ങളും എല്ലാം സ്വീകരിക്കും. യൂട്യബിൽ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്തും പറയാമെന്ന, ഒരു മാന്യതയുമില്ലാതെ പറയാമെന്ന നില പാടില്ല. പല വൃത്തിക്കേടുകളും ഇവിടെ കാണിക്കുന്നുണ്ട്. പോലീസിന്റെ ഇപ്പോഴത്തെ നടപടി ആദ്യ ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്ത്‌ ജാമ്യത്തിൽ വിട്ടു. ഇന്നലെ എസ് ഐയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ എത്തിയാണ് കണ്ണപുരം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി  ആക്ട് 67 അനുസരിച്ചാണ് അറസ്റ്റ്. 

പൊലീസിൻ്റെത് സദാചാര ഹൈപ്പർ ആക്ടിവിസമോ

എന്നാൽ നിഹാദിന്റെ മുറിയിൽ നിന്നും വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും മറ്റു തെളിവുകൾ കണ്ടെത്താനായില്ലെന്ന് സൂചന. ഇവ കോടതിയിൽ സമർപ്പിച്ചു. കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടികള്‍ സ്വീകരിക്കും. തൊപ്പി എന്ന പേരിലുള്ള നിഹാദിന്റെ ലാപ്ടോപ്പ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോണുകൾ എന്നിവയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

വളാഞ്ചേരി സ്റ്റേഷനിൽ വച്ച് പൊലീസ് വിശദമായി ഇവ പരിശോധിച്ചിരുന്നു. എന്നാൽ മറ്റു വകുപ്പുകൾ ചുമത്തേണ്ട തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഈ ഉപകരണങ്ങൾ കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന കർശന നിബന്ധനയോടെയാണ് തൊപ്പിയെന്ന നിഹാദിനെ ഇന്നലെ വൈകീട്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. രണ്ടു ദിവസം കഴിഞ്ഞു വളാഞ്ചേരി സ്റ്റേഷനിൽ ഹാജരാകണം. പരാതികൾ ഉയർന്നതിനെ തുടർന്ന് ഇയാളുടെ യൂ ട്യൂബ് ബ്ലോക്ക് ചെയ്യാൻ പൊലീസ് നടപടികളെടുക്കും. അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകും.

തൊപ്പിയെ അറസ്റ്റ് ചെയ്തൂ….

 മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് വളാഞ്ചേരി പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഫ്ലാറ്റിൽ നിന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോൺ എന്നിവയും പൊലീസ് പിടിച്ചെടുത്തു. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ചിലർ ഇയാൾക്കെതിരെ പരാതിനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി.

എറണാകുളത്തെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ നിന്നാണ് നിഹാദിനെ പൊലീസ് പിടികൂടിയത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചെങ്കിലും കഴിയില്ലെന്ന് നിഹാൽ മറുപടിനൽകിയെന്ന് പൊലീസ് പറയുന്നു. ഇതോടെയാണ് എറണാകുളത്തെത്തി പൊലീസ് നിഹാദിനെ പിടികൂടിയത്. ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും ലോക്ക് ജാമായതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പൊലീസ് നിഹാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

കെ.സുധാകരനെ അറസ്റ്റ് ചെയ്തു, ശിക്ഷിക്കാനുള്ള തെളിവൊന്നും പൊലീസിൻ്റെ കയ്യിൽ ഇല്ലെന്ന് മാധ്യമങ്ങളോട്

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിൻ്റെ അടിസ്ഥാനത്തിൽ പുറത്ത് വിട്ടു.

കേസിൽ നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കെ സുധാകരൻ മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ കെ സുധാകരൻ രണ്ടാംപ്രതിയാണ്. കെ സുധാകരനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50000 രൂപയുടെ ബോണ്ടിന്റെ മേലിൽ ജാമ്യത്തിൽ വിടണമെന്നാണ് ഇടക്കാല ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞത്.

2021 ൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് വർഷത്തിനിപ്പുറം തന്നെ പ്രതിയാക്കുന്നത് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. കോടതിയിലും ഈ വാദം അദ്ദേഹം ആവർത്തിച്ചു. മോൻസനെ ക്രൈംബ്രാഞ്ച് സംഘം ഭീഷണിപ്പെടുത്തുന്നു, അന്വേഷണത്തോട് സഹകരിക്കാമെന്നും സുധാകരൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

മേൻസനെ തള്ളിപ്പറയാതെ……

”കോടതിയെ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉൾക്കൊള്ളാൻ താൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. ആത്മവിശ്വാസമുണ്ട്. ഈ കേസിൽ എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്നാണ് ചോദ്യംചെയ്യലിന് ശേഷം മനസിലായത്. ആശങ്കയും ഭയപ്പാടുമില്ല. ഏത് പ്രതിസന്ധിയെയും നേരിടും”. മോൻസനെ തള്ളാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മോൻസന് ആജീവനാന്ത ശിക്ഷ ലഭിച്ചുവെന്നും ഇനി അയാൾക്കെതിരെ എന്താണ് ഞാൻ ചെയ്യേണ്ടതെന്നുമായിരുന്നു സുധാകരന്റെ മറു ചോദ്യം. 

അർജൻ്റീന ടീമിന് കേരളത്തിൽ കളിക്കാനുള്ള അവസരം മിസ്സാക്കിയതിൽ പശ്ചാത്താപവുമായി മന്ത്രി

സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നിരസിച്ച വാര്‍ത്തയ്ക്ക് പിന്നാലെ കേരളത്തിൻ്റെ സന്നദ്ധതയറിയിച്ച് മന്ത്രി. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചിലവ് കാരണം പറഞ്ഞ് എഐഎഫ്എഫിന്റെ പിൻമാറ്റം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അവസരം കഴിഞ്ഞു പോയെങ്കിലും അര്‍ജന്റീന ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തു.

ഫേസ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അര്‍ജന്റീനയെ കേരളം എന്നും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമെന്നും മത്സരം ഏറ്റെടുത്ത് നടത്താന്‍ തയ്യാറാകുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ അര്‍ജന്റീന അമ്പാസഡറെ സന്ദര്‍ശിക്കുകയും കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനായി അര്‍ജന്റീനയുമായി സഹകരിക്കുന്നതിനുള്ള താല്‍പ്പര്യം അറിയിക്കുകയും ചെയ്തിരുന്നുവെന്നും വി. അബ്ദുറഹിമാന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ഓർമ്മപ്പെടുത്തി. അന്നും മെസ്സിയേയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ 12-നും 20-നും ഇടയില്‍ അര്‍ജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാനുള്ള സ്ലോട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പില്‍ ലഭിച്ച വലിയ പിന്തുണ കണക്കിലെടുത്ത് ദക്ഷിണേഷ്യന്‍ ടീമുകളുമായി ഈ സമയം സൗഹൃദ മത്സരം കളിക്കാനായിരുന്നു അര്‍ജന്റീനയ്ക്ക് താത്പര്യം. ഇതിനായി ഇന്ത്യയേയും ബംഗ്ലാദേശിനെയുമാണ് അവര്‍ തിരഞ്ഞെടുത്തത്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തലവന്‍ പാബ്ലോ ജാക്വിന്‍ ഡിയാസ്, ഇക്കാര്യം അഖിലേന്ത്യാ ഫുട്ബോള്‍ അസോസിയേഷനുമായി സംസാരിക്കുകയും ചെയ്തു. പക്ഷേ കളത്തിലിറങ്ങുന്നതിനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത് വലിയ തുകയായിരുന്നു. 100 കോടി എങ്കിലും ചിലവ് വരുമായിരുന്നു.

എന്നാൽ കേരളം പോലുള്ള സംസ്ഥാനത്ത് ഈ തുക കണ്ടെത്താൻ എളുപ്പമായിരുന്നു. ഫുട്ബോളിന് അത്രയും ആരാധകർ ഉണ്ടായിരിക്കെ അതിന് മാർഗ്ഗങ്ങൾ തേടാമായിരുന്നു. എന്നാൽ ഇക്കര്യത്തിൽ എന്തുകൊണ്ട് എഐഎഫ്എഫ് കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് താത്പര്യം ആരാഞ്ഞില്ല എന്നതിന് വ്യക്തതയില്ല. കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കും സംസ്ഥാനത്തിനും ഇത് വലിയ അവസരമാവുമായിരുന്നു.

മന്ത്രിയുടെ പോസ്റ്റ്

ഖത്തർ ലോകകപ്പിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ചിറകിലേറി അർജന്റീന കിരീടമുയർത്തിയ അവിസ്മരണീയ മുഹൂർത്തത്തിന് നേരിൽ സാക്ഷിയായതിന്റെ ആഹ്ലാദം ഇപ്പോഴും അടങ്ങിയിട്ടില്ല. കിരീടത്തിലേക്കുള്ള കഠിനപ്രയാണത്തിൽ മെസിക്കും സംഘത്തിനും ഊർജ്ജമായത് ഏഷ്യൻ മേഖലയുടെ അകമഴിഞ്ഞ പിന്തുണയാണ്. പ്രത്യേകിച്ചും തെക്കനേഷ്യയുടെ. ലോകകപ്പ് വേളയിൽ കേരളമാകെ നീലക്കടലാക്കുന്ന കാഴ്ച നാം കണ്ടതാണ്. പുഴയോരത്ത് ഉയർത്തിയ മെസിയുടെ കൂറ്റൻ കട്ടൗട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായി. കളി നേരിൽ കാണാൻ ഖത്തറിലേക്ക് പറന്നവരും ഏറെയായിരുന്നു. ലോകകപ്പ് മത്സരങ്ങൾക്ക് സാക്ഷിയായ മലയാളികളുടെ എണ്ണം സംഘടകരെ അമ്പരപ്പിച്ചു. ഖത്തറിലും ഇങ്ങ് കേരളത്തിലും എല്ലാ ടീമുകളെയും മലയാളികൾ ഒരു പോലെ പ്രോത്സാഹിപ്പിച്ചു. ടീമിനെക്കാളുപരി നല്ല ഫുട്ബോളിനായി എന്നും നിലകൊള്ളുന്നവരാണ് മലയാളികൾ. അതുകൊണ്ടാണ് അർജന്റീനയും ബ്രസീലും മറ്റും അവർക്ക് സ്വന്തം ടീമാകുന്നത്.

ആവേശത്തോടെ കൂടെ നിന്ന ആരാധകർക്ക് ലോകകിരീട നേട്ടത്തിനു പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നന്ദി പറഞ്ഞിരുന്നു. അക്കൂട്ടത്തിൽ അവർ പരാമർശിച്ച ചുരുക്കം പേരുകളിൽ ഒന്നാകാൻ നമ്മുടെ കേരളത്തിനും കഴിഞ്ഞു. വിവിധ രാജ്യങ്ങൾക്കൊപ്പമാണ് കേരളത്തെ പരാമർശിച്ചതെന്നതും എടുത്തു പറയണം. ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഓരോ മലയാളിയുടെയും അഭിമാനം വാനോളമുയർന്ന സന്ദർഭമാണത്.

ഈ നന്ദി പ്രകാശനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കേരളത്തിലെ ഗവൺമെന്റ് അവസരോചിതമായി പ്രതികരിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ അർജന്റീന അമ്പാസഡറെ സന്ദർശിച്ചു. കേരളത്തിന്റെ ഫുട്ബോൾ വികസനത്തിനായി അർജന്റിനയുമായി സഹകരിക്കുന്നതിനുള്ള താൽപ്പര്യം അറിയിച്ചു. കായികമന്ത്രി എന്ന നിലയിൽ അർജന്റിന ഫുട്ബോൾ ടീമിനെയും അവരുടെ ഫുട്ബോൾ അസോസിയേഷനെയും അഭിനന്ദിച്ച് കത്തയച്ചു. മെസിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ലോകജേതാക്കൾ വരാൻ തയ്യാറായാൽ അത് നമ്മുടെ ഫുട്ബോൾ വളർച്ചയ്ക്ക് നൽകാവുന്ന പ്രോത്സാഹനവും പ്രചോദനവുമായിരുന്നു ഈ ക്ഷണത്തിനു പ്രേരിപ്പിച്ചത്. അർജന്റീന അമ്പാസഡറെ നേരിട്ട് ബന്ധപ്പെടുകയും ഫുട്ബോൾ സഹകരണത്തിനുള്ള താൽപ്പര്യം അറിയിക്കുകയും ചെയ്തു.

മൂന്ന് മാസം മുമ്പ് അർജന്റിന ഇന്ത്യയിൽ കളിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച വാർത്ത ഇപ്പോഴാണ് പുറത്തുവന്നത്. എന്നാൽ, അക്കാര്യം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിരാകരിക്കുകയായിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാൻ കഴിയില്ല എന്നാണ് കാരണം പറഞ്ഞത്. റാങ്കിങ്ങിൽ പിന്നിലുള്ള ഇന്ത്യ അർജന്റീനയോട് കളിച്ചാൽ ഫലം ദയനീയമാകുമോ എന്ന ആശങ്കയും എ ഐ എഫ് എഫ് പങ്കുവെച്ചതായി അറിയുന്നു. ലോകത്തെ മുൻനിര രാജ്യങ്ങൾ പോലും കൊതിക്കുന്ന ഓഫറാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ജൂൺ 10 നും 20 നും ഇടയിലാണ് അർജന്റീന ഇന്ത്യയിലും ബംഗ്ലാദേശിലും കളിക്കാൻ സന്നദ്ധത അറിയിച്ചത്. രണ്ടു കൂട്ടരും തയ്യാറായില്ല. തുടർന്ന് ചൈനയും ഇന്തോനേഷ്യയും അവസരം മുതലാക്കി. രണ്ടിടത്തും നല്ല നിലയിൽ കളി പൂർത്തിയാക്കി.

തങ്ങൾക്ക് ലഭിച്ച അതിഗംഭീര പിന്തുണയ്ക്ക് പകരം മെസിയും സംഘവും നൽകുന്ന സമ്മാനമായിരുന്നു സൗഹൃദ മത്സരം. ഇന്ത്യൻ ഫുട്ബോളിന് അതു പകരുന്ന ഉത്തേജനത്തിന്റെ തോത് അളക്കാൻ പോലും കഴിയുമായിരുന്നില്ല. അത്തരത്തിലാരു സുവർണാവസരമാണ് തട്ടിക്കളഞ്ഞത്.

2011 ൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കൊൽക്കത്തയിൽ കളിച്ചിട്ടുണ്ട്. അർജന്റീന – വെനസ്വേല മത്സരം കാണാൻ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എൺപത്തയ്യായിരം പേരാണ് എത്തിയത്. ഇത്തവണ കളിച്ചിരുന്നെങ്കിൽ കാണികൾ അതിൽ കൂടുമെന്നുറപ്പായിരുന്നു. 1984 ലെ നെഹ്റു കപ്പിൽ അർജന്റീന അവസാന നിമിഷ ഗോളിൽ ഇന്ത്യയെ കീഴടക്കിയ (1-0) ചരിത്രവുമുണ്ട്.

2011 ലെ ടീമല്ല അർജന്റീന. ഖത്തർ ലോകകപ്പിലെ മാസ്മരിക പ്രകടനം അവരെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. നീലപ്പടയെ നെഞ്ചേറ്റുന്നവരുടെ എണ്ണവും പതിന്മടങ്ങായി. അങ്ങനെയൊരു ടീമിനെയാണ് അവഗണിച്ചത്. ഇത്തരത്തിൽ ഒരു മത്സരത്തിന് പണം കണ്ടെത്തുക എന്നതാണോ പ്രധാനം. മെസിയും കൂട്ടരും വരുമെന്ന് അറിഞ്ഞാൽ സ്പോൺസർമാരുടെ

വലിയ ക്യൂ തന്നെ ഉണ്ടായേനെ. പണത്തിനും അപ്പുറം നമ്മുടെ ഫുട്ബോളിനുള്ള ഗുണഫലം ആരും കാണാൻ തയ്യാറായില്ല.ഇന്ന് ഫിഫ റാങ്കിങ്ങിൽ 101 ആണ് ഇന്ത്യയുടെ സ്ഥാനം. ഫുട്ബോൾ ഏറെ പ്രഫഷണലായി മാറിയ കാലമാണിത്. അതിനൊപ്പം നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നോട്ടു പോക്കായിരിക്കും ഫലം.

ഐ എസ് എൽ പോലൊരു ശരാശരി ലീഗും അണ്ടർ 17 ലോകകപ്പും കേരള ഫുട്ബോളിനു നൽകിയ ആവേശം നാം കണ്ടതാണ്. അപ്പോൾ ലോകത്തെ ഒന്നാം നമ്പർ ടീമായ അർജന്റീനയുടെ സാന്നിധ്യം നൽകുന്ന പ്രചോദനം എത്രയായിരിക്കും. നമ്മുടെ കളിക്കാർക്കും വളർന്നു വരുന്ന താരങ്ങൾക്കും അതൊരു ആവേശാനുഭവമായേനെ. വലിയ ടീമുകളുമായി കളിക്കുന്നത് ഇന്ത്യൻ താരങ്ങളുടെ നിലവാരമുയർത്തും. ഫുട്ബോളിലേക്ക് കൂടുതൽ കുട്ടികൾ കടന്നുവരാനും കൂടുതൽ മേഖലകളിലേക്ക് കളി പ്രചരിക്കാനും ഇതു വഴിയൊരുക്കുമായിരുന്നു.

ഫുട്ബോളിനായി എല്ലാം സമർപ്പിക്കുന്ന നമ്മുടെ നാട്ടിലെ ആരാധകർക്കും വലിയ വിരുന്നാകുമായിരുന്നു മത്സരം. ഈ ആരാധനയും ആവേശവും കാണാൻ ദൂരെ ലാറ്റിനമേരിക്കയിലുള്ളവർക്ക് കഴിഞ്ഞു. നമ്മുടെ സ്വന്തമാളുകൾ കാണാത്തതോ, കണ്ടില്ലെന്ന് നടിക്കുന്നതോ? നമ്മുടെ ഫുട്ബോൾ ഭരണക്കാർ കുറേക്കൂടി ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഫിഫ റാങ്കിങ്ങിലെ നൂറ്റിയൊന്നാം സ്ഥാനത്തിന് ചെറിയ മാറ്റം പോലും വരാനിടയില്ല.

അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യും. മത്സരം ഏറ്റെടുത്ത് നടത്താനും തയ്യാറാകും. അതു തന്നെയാണ് നമ്മുടെ ഫുട്ബോളിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം.

സർക്കാർ ആശുപത്രിയിൽ നാഗക്കളി, ഒരാഴ്ചയ്ക്കകം പിടികൂടിയത് 15 പാമ്പുകളെ

 മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ വീണ്ടും പാമ്പിനെ പിടികൂടി. ഒരാഴ്ചയായി ആശുപത്രിയിൽ പാമ്പ് ശല്യം തുടരുന്നു. പതിനഞ്ചാം തവണയാണ് ഇവിടെ നിന്നും പാമ്പിനെ പിടികൂടുന്നത്. വെള്ളിയാഴ്ച രാവിലെ സര്‍ജിക്കല്‍ വാര്‍ഡിലെ വാതിലിന്റെ ഫ്രെയ്മിനുള്ളില്‍ കയറിയ പാമ്പിനെയാണ് പിടികൂടിയത്. വാതില്‍ അഴിച്ചുമാറ്റിയ ശേഷം പുറത്തെടുത്ത് കുപ്പിയിലാക്കി.

ഫ്രെയ്മിനുള്ളില്‍ വെള്ളമൊഴിച്ചാണ് പാമ്പിനെ ചാടിച്ച് പിടികൂടിയത്. വ്യാഴാഴ്ച സര്‍ജിക്കല്‍ വാര്‍ഡിനോടു ചേര്‍ന്നുള്ള പഴയ ഓപ്പറേഷന്‍ തീയേറ്ററില്‍ മുറിയില്‍ മൂന്ന് മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ 15 പാമ്പുകളെയാണ് ഇവിടെനിന്നു പിടികൂടിയത്.

ബുധനാഴ്ചയോടെ മുഴുവന്‍ രോഗികളേയും സര്‍ജിക്കല്‍ വാര്‍ഡില്‍നിന്ന് മാറ്റിയതിനാല്‍ വാര്‍ഡും പരിസരവും ആളൊഴിഞ്ഞിരിക്കുകയാണ്. പാമ്പ് വരുന്നതെന്ന് കരുതുന്ന മാളങ്ങള്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവീകരണം കഴിഞ്ഞശേഷമായിരിക്കും ഇനി സര്‍ജിക്കല്‍ വാര്‍ഡ് തുറക്കുക.

പ്ലസ് വൺ പ്രവേശനം; അടുത്ത അവസരം 86,045 പേർക്ക്

0

പ്ലസ് വൺ സെക്കൻ്റ് അലോട്മെൻ്റ് തിങ്കളാഴ്ച പുറത്തിറക്കിയേക്കും. ആദ്യ അലോട്‌മെന്റിൽ ഉൾപ്പെടാത്ത 86,045 പേർക്കുകൂടി രണ്ടാം അലോട്‌മെന്റിൽ ഇടംലഭിക്കും.

ആദ്യ അലോട്‌മെൻ്റ് ലഭിച്ചവരിൽ മെറിറ്റ് ക്വാട്ടയിൽ ഉൾപ്പെട്ട 2,15,770 പേർ അഡ്മിഷൻ എടുത്തു. ഇതിൽ 1,21,049 പേരാണ് ഫീസടച്ച് സ്ഥിര പ്രവേശനം നേടിയത്. 94,721 പേർ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് താത്കാലിക പ്രവേശനമാണ് വാങ്ങിച്ചത്.

23,740 അപേക്ഷകർ അലോട്‌മെൻ്റ് ലഭിച്ചിട്ടും ചേരാത്തവരായി ഉണ്ട്. തുടർ അലോട്‌മെന്റുകളിൽ ഇവരെ പരിഗണിക്കില്ല. ഈ സീറ്റുകളും തുടന്നുള്ളവർക്ക് ലഭിക്കും.

ആദ്യ അലോട്‌മെൻ്റി സംവരണവിഭാഗങ്ങളിലെ 62,305 സീറ്റ് ബാക്കി വന്നു. അലോട്‌മെന്റ് ലഭിച്ചിട്ടും ചേരാത്തവരുടെ സീറ്റും കൂടി ചേർക്കുമ്പോഴാണ് അടുത്ത അലോട്മെൻ്റിൽ 86,045 പേർക്കുകൂടി അവസരം ലഭിക്കുക.

താത്കാലിക പ്രവേശനം നേടിയവരെയുംകൂടി പരിഗണിച്ചാണ് അടുത്ത അലോട്‌മെന്റ് നടത്തുന്നത്. അടുത്ത തിങ്കളാഴ്ച മുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിൽ രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചേക്കും.

സ്പോർട്സ് ക്വാട്ട അലോട്‌മെന്റ് ലഭിച്ചവരിൽ 2,351 പേർ സ്ഥിരംപ്രവേശനം നേടിയപ്പോൾ 1,420 കുട്ടികൾ താത്കാലികമായാണു ചേർന്നത്. അലോട്‌മെന്റ് ലഭിച്ചിട്ടും 1,051 പേർ ചേർന്നില്ല.

4,60,147 അപേക്ഷകളാണ് പ്ലസ്‌വൺ പ്രവേശനത്തിനായി ലഭിച്ചത്. മെറിറ്റ് സീറ്റ് 3,03,409 ആണ്. അപേക്ഷിച്ചവർക്ക് എല്ലാം സീറ്റ് ലഭിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ പലർക്കും ഇഷ്ടപ്പെട്ട സ്കൂളും വിഷയവും ലഭിക്കില്ല. മലബാറിലാവും ഈ പ്രശ്നം കൂടുതലും.

ടൈറ്റാനിക് കാണാൻ പോയവർ കാണാമറയത്ത് തന്നെ, ഇനി 10 മണിക്കൂർ ജീവൻ നിലനിർത്താനുള്ള ഓക്സിജൻ മാത്രം

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള, ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചുപേരുമായി പുറപ്പെട്ട ജലപേടകം ടൈറ്റന്‍ ഇനിയും കണ്ടെത്താനായില്ല. പേടകത്തിനുള്ളിലെ ഓക്‌സിജന്‍ തീരുന്നതോടെ ഇതിനകത്തുള്ളവരുടെ ജീവൻ അപടത്തിലാവും.

കഷ്ടിച്ച് പത്തു മണിക്കൂറത്തേക്ക് ആവശ്യമായ ഓക്‌സിജന്‍ മാത്രമാണ് പേടകത്തിലുള്ളത്. അടിയന്തരസാഹചര്യങ്ങളില്‍ 96 മണിക്കൂര്‍ വരെ ആവശ്യമായ ഓക്‌സിജന്‍ ടൈറ്റനിലുണ്ട്. എന്നാല്‍ കാണാതായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഈ അളവും കുറഞ്ഞിരിക്കയാണ്.

പുറപ്പെട്ടത് ഞായറാഴ്ച

ഞായറാഴ്ച രാവിലെയാണ് പോളാര്‍ പ്രിന്‍സ് എന്ന കനേഡിയന്‍ കപ്പലില്‍നിന്ന് ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ ടൈറ്റന്‍ ജലപേടകം യാത്രക്കാരുമായി ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്ര ആരംഭിച്ചത്. സമുദ്രാന്തര്‍ഭാഗത്തേക്ക് ഊളിയിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ടൈറ്റനുമായുള്ള ബന്ധം പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെടുകയായിരുന്നു.

കാനഡ, യു.എസ്. ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ വ്യാപമായ തിരച്ചില്‍ മേഖലയില്‍ പുരോഗമിക്കുകയാണ്. ശബ്ദതരംഗങ്ങള്‍ ലഭിച്ചുവെന്ന റിപ്പോര്‍ട്ട് ബുധനാഴ്ച പുറത്തെത്തിയത് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴും പേടകം എവിടെയെന്ന് നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല.

ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താന്‍ വ്യവസായഭീമന്‍ ഷഹ്‌സാദാ ദാവൂദും മകന്‍ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റന്‍ പേടകത്തിനുള്ളത്. ഇതില്‍ സ്റ്റോക്ടണ്‍ റഷാണ് പേടകം നിയന്ത്രിക്കുന്നത്. പുറത്തുനിന്ന് മാത്രം തുറക്കാവുന്ന വിധത്തിലാണ് ടൈറ്റന്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്.

വെല്ലുവിളി ഇങ്ങനെ

പേടകം ജലോപരിതലത്തിലേക്ക് ഉയർത്തുന്നതിനായി പൈലറ്റ് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടാവുമെന്നും അങ്ങനെ ഉയർന്നു വന്നാൽത്തന്നെ ആശയവിനിമയ സംവിധാനം നഷ്ടമായ ചെറുപേടകം കണ്ടെത്തുക ശ്രമകരമാണെന്നും ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ മറൈൻ എൻജിനീയറിങ് പ്രഫസർ അലിസ്റ്റെയർ ഗ്രേഗ് അഭിപ്രായപ്പെട്ടു.

പേടകം പുറത്തുനിന്ന് ബോൾട്ടുപയോഗിച്ച് അടച്ച നിലയിലാണ്. പുറത്തുനിന്നു തുറക്കാതെ യാത്രികർക്ക് ഇറങ്ങാനാവില്ല. സമുദ്രത്തിന്റെ അടിത്തട്ടിൽ കുടുങ്ങിയ നിലയിലാണെങ്കിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാകും. അടിത്തട്ടിലെ കൂടിയ മർദവും തണുപ്പും പ്രതിസന്ധിയാകും. 2 മൈലോളം ആഴത്തിലായതിനാൽ കനത്ത ഇരുട്ടും പ്രതിസന്ധി സൃഷ്ടിക്കും. 

ഓഷൻ ഗേറ്റ് ടൈറ്റൻ’ സമുദ്രപേടകത്തിന് ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30നാണു മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്. അപ്പോൾ 4 ദിവസത്തേക്കുള്ള ഓക്സിജനാണു പേടകത്തിലുണ്ടായിരുന്നത്. ഇന്നുച്ചയ്ക്ക് അതു തീരും മുൻപ് പേടകം കണ്ടെത്തിയാൽ പോരാ, 5 ജീവനുകൾ രക്ഷിക്കുകയും വേണം.