തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ നഖം കൊണ്ട് മുറിവേറ്റു, യുവതി പേ വിഷബാധയേറ്റ് മരിച്ചു

തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ നഖം കൊണ്ട് മുറിവേറ്റ 49 കാരി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേരയാണ് മരിച്ചത്.

 ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച യുവതിയുടെ മരണകാരണം ഇന്നലെ രാത്രിയാണ് വ്യക്തമായത്. ഇത് ആശങ്ക പരത്തുന്നുണ്ട്. ജൂൺ ഏഴിന് സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ യുവതി പലരുമായും ഇടപഴകിയിട്ടുണ്ട്.

ഒമ്പതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് രോഗം സംശയിച്ചത്. ഇതോടെ ഡോക്ടർമാർ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ  നായ ശരീരത്തിൽ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടർമാരോട് പറയുന്നത്.

കാട്ടുപൂച്ചയുടെ കടിയിൽ നിന്ന് പേവിഷബാധയേറ്റുള്ള മരണവും തിരുവനന്തപുരം മെഡിക്കൽ കോളിജിൽ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കൊല്ലം നിലമേൽ സ്വദേശിയായ 48കാരനാണ് മരിച്ചത്. 

വൈദേകം റിസോർട്ട് വിവാദത്തിൽ പി. ജയരാജനല്ല, തന്നെ മറികടന്ന് വകുപ്പ് ഭരിക്കാൻ നോക്കിയവരെന്ന് ഇ.പി ജയരാജൻ

വൈദേകം റിസോർട്ട് വിവാദത്തിൽ തനിക്കെതിരായ പരാതിക്ക് പിന്നിൽ പി ജയരാജനല്ലെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. പാർട്ടിക്കകത്ത് ഒരു വിവാദവും ഉയർന്നില്ല. വിഷയം മാധ്യമങ്ങളാണ് ഉയർത്തിക്കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഇഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിലാണ് ഇപിയുടെ വാക്കുകൾ

ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളരെ വലുതാണ്. എന്തിനാണ് ഞങ്ങൾ തമ്മിൽ പരസ്പരം വെറുക്കേണ്ടത്. ജയരാജൻ എന്നെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. എന്നാൽ വിവാദം ഉണ്ടാക്കിയതിന്റെ കേന്ദ്രങ്ങൾ തനിക്കറിയാം. അതിന് പിന്നിൽ താൻ മന്ത്രിയായിരുന്ന കാലത്ത് വകുപ്പ് ഭരിക്കാൻ നോക്കിയവരാണ്. വിവാദത്തെ പ്രതിരോധിക്കാതിരുന്നത് അതിന്റെ ആവശ്യമില്ലെന്ന് തോന്നിയത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് പൊലീസ് നയം തീരുമാനിക്കുന്നത് പി ശശിയല്ല. അത് തെറ്റായിട്ടുള്ള കാര്യമാണ് ആ പറയുന്നത്. അതൊക്കെ സർക്കാരിനെ ചെറുതാക്കാൻ പറയുന്നതാണ്. സർക്കാരിന്റെ നയമാണ് നടപ്പാക്കുന്നത്. തെറ്റായി വ്യാഖ്യാനിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

താലൂക്ക് ആശുപത്രിയിൽ മകൾക്ക് കൂട്ടിരിക്കാനെത്തിയെ അമ്മയ്ക്ക് പാമ്പുകടിയേറ്റു

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മകളുടെ പ്രസവത്തിനായി കൂട്ടുവന്ന അമ്മയ്ക്ക് പാമ്പ് കടിയേറ്റു. പേ വാര്‍ഡിലാണ് സംഭവം. മകൾക്ക് കൂട്ടായി നിലത്ത് കിടക്കുമ്പോഴാണ് അണലിയുടെ കടിയേറ്റത്. തുടർന്ന് ചെമ്പേരി സ്വദേശിയായ ലതയെ മെഡിക്കൽ കോളിജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

മകളുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് പേ വാര്‍ഡില്‍ നിലത്ത് കിടക്കുമ്പോഴാണ് അണലിയുടെ കടിയേറ്റത്. കാലിലാണ് കടിയേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

താലൂക്ക് ആശുപത്രിക്ക് സമീപം കാട് മൂടിക്കിടക്കുന്ന പ്രദേശങ്ങളുണ്ട്. വെട്ടി വൃത്തിയാക്കാതെ വെച്ച സ്ഥലങ്ങളാണ്. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണ് പാമ്പെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്. 

ജവാൻ പ്രീമിയവും അര ലിറ്ററും വരുന്നു, അവസാനം കച്ചവടം തിരിച്ചറിഞ്ഞ് സർക്കാർ

സർക്കാർ ഉടമസ്ഥതയിലുള്ള ജവാന്‍ മദ്യത്തിന്റെ ഉത്പാദനം അടുത്തയാഴ്ച മുതല്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്പാദന ലൈനുകളുടെ എണ്ണം നാലില്‍ നിന്ന് ആറാക്കി ഉയര്‍ത്തിയതോടെയാണ് കൂടുതല്‍ മദ്യ ഉത്പാദനത്തിന് വഴി തുറന്നത്. ഇപ്പോള്‍ വിപണിയിലുള്ള ജവാന്‍ മദ്യത്തിന്റെ ഒരു ലിറ്റര്‍ കുപ്പിയ്ക്ക് പുറമേ അര ലിറ്റര്‍ കുപ്പി പുറത്തിറക്കുന്ന കാര്യം ആലോചനയിലുണ്ട്. മൂന്ന് മാസത്തിനകം ജവാന്റെ അരലിറ്ററും ജവാന്‍ പ്രീമിയവും പുറത്തിറക്കാന്‍ ആലോചിക്കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു. ( Jawan rum production may increase by next week)

ഉത്പ്പാദന ലൈനുകളുടെ എണ്ണം ഉയര്‍ന്നതോടെ പ്രതിദിനം 12,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇത് ബുധനാഴ്ച മുതല്‍ പ്രാവര്‍ത്തികമാക്കി തുടങ്ങും. നിലവില്‍ പ്രതിദിനം 8,000 കെയ്‌സ് മദ്യമാണ് ഉത്പാദിപ്പിച്ച് വരുന്നത്.

മദ്യനിര്‍മാണത്തിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലിറ്ററില്‍ നിന്ന് 25 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ അനുമതി തേടി ജവാന്‍ ഉദ്പാദകര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ പ്രതിദിനം 15,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാന്‍ കഴിയും.

സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ നിർമ്മാണ ശാലയെ സ്വകാര്യ ഉദ്പാകർക്ക് വേണ്ടി ഇല്ലാതാക്കുന്നു എന്ന പരാതി ഉണ്ടായിരുന്നു. പാക്കിങ്ങും വിതരണവും ഏറ്റവും മോശമായ നിലാവരത്തിൽ ആയിരുന്നു. മാത്രമല്ല ഒരു ലിറ്റർ കുപ്പികൾ മാത്രമാണ് വിപണിയിൽ ലഭ്യമാക്കിയിരുന്നത്. ഇവ ബെവ്കോ ശാലകളിൽ എത്തിയാലും പൂഴ്ത്തി വെക്കുന്ന പ്രവണതയും പരാതിയായി.

ഏറ്റവും പ്രിയപ്പെട്ട ബ്രാൻ്റ് ആയിരുന്നിട്ടും വിപണിയിൽ നിയന്ത്രിക്കപ്പെട്ടിരുന്നു. ഏറ്റവും മോശം ബോട്ടിലിങ്ങ് ആണ് നടത്തിയിരുന്നത്. നിയമ പ്രകാരം തന്നെ അനുമതി കിട്ടാവുന്ന നിലവാരം ബോട്ടിലിങ്ങിൽ ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത് ജവാൻ ഡിസ്ററ്ലറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുത്തിരുന്നു.

ജവാന്റെ ഉത്പാദനം കൂട്ടുന്നതിനോടൊപ്പം മലബാർ ഡിസ്റ്റിലറിയിൽ നിന്നും മലബാർ ബ്രാൻഡിയും പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ഈ രംഗത്തെ ലോബിയിങ്ങിൽ നിലച്ചു പോകുകയായിരുന്നു.

പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടും; വിഡി സതീശൻ.

2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കും. തോറ്റാൽ മുഴുവൻ ഉത്തരവാദിത്വവും ഞാനേറ്റെടുക്കുമെന്നും വിഡി സതീശൻ തുറന്ന് പ്രഖ്യാപിച്ചു. കോൺഗ്രസിന് മാറിയിട്ടുണ്ട്. പണ്ട് ഗ്രൂപ്പ് യോഗം ചേർന്നില്ലെങ്കിൽ ചില നേതാക്കൾക്ക് ഉറക്കം വരില്ലായിരുന്നു. ആ രീതി ഏറെ മാറി.  നേതൃത്വത്തിനെതിരെ പരാതി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സതീശൻ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസിൽ പറഞ്ഞു. 

വിമർശനങ്ങൾ ഒന്നിച്ച്

കേരള പൊലീസിനെ കൈകാലുകൾ വരിഞ്ഞുകെട്ടി ലോക്കപ്പിൽ കിടത്തിയിരിക്കുകയാണ്.  മുഖ്യമന്ത്രിയുടെ ഓഫിസിനെ ഒരു സംഘം ഹൈജാക് ചെയ്തിരിക്കുന്നു. സിപിഎമ്മിന്റെ അഴിമതി പണം പാർക്ക് ചെയ്യുന്ന സ്ഥലമായി ഊരാളുങ്കൽ സൊസൈറ്റി മാറി. എല്ലാ പണവും പോകുന്നത് അഴിമതിപ്പെട്ടി ഇരിക്കുന്ന സ്ഥലത്തേക്കാണ്. ഡിവൈഎഫ്ഐയും എസ് എഫ് ഐയും മാഫിയ സംഘമായി മാറിയിരിക്കുന്നു സതീശൻ പറഞ്ഞു.

സ്വർണ്ണകടത്തുകാരെക്കാൾ വലിയ മാഫിയ ഉദ്യോഗസ്ഥ തലത്തിൽ, കമ്മീഷന് വേണ്ടി തമ്മിൽ തെറ്റിയതോടെ അറസ്റ്റിലായി

0

തിരുവന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതോടെ ഉദ്യോഗസ്ഥ തലത്തിലെ മാഫിയ ബന്ധങ്ങൾ മറനീക്കി. കാലങ്ങളായി കള്ളക്കടത്തുകാരെ സഹായിക്കുന്നത് കളങ്കിതരായ ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഇവരറിയാതെ കടത്ത് നടക്കില്ല. എന്നാൽ കടത്തിനെ കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് വേണ്ടിയുള്ള പുരസ്കാര തുകയ്ക്ക് വേണ്ടി കള്ളക്കടത്ത് സംഘത്തെ ഒറ്റിയതോടെ സ്വർണ്ണക്കടത്ത് ഏജൻ്റുമാർ പിണങ്ങി. സ്വര്‍ണം കടത്താന്‍ അതുവരെ കൂട്ടുനിന്ന ചിലരുടെ പേരു അവർ വിവരങ്ങൾ പരസ്യപ്പെടുത്തി. കള്ളക്കടത്തുകാരും കളങ്കിതരായ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളികള്‍ അങ്ങനെ അങ്ങാടിപ്പാട്ടായി.

വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ കൂട്ടുനിന്നതിനാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരായ കെ.എ. അനീഷിനെയും എസ്. നിധിനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. അനീഷിന്റെ അറിവോടെ പലവട്ടം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നന്ന് അബുദാബിയില്‍നിന്നെത്തിയ രണ്ടുപേര്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ രേഖാമൂലം അറിയിച്ചത്. ഇത് പങ്കാളിത്ത തുകയെക്കാൾ പുരസ്കാരത്തുക ലഭിക്കും എന്ന കണക്കുവെച്ച കളിയായിരുന്നു.

ഇപ്പോൾ സംഭവിച്ചത്

ജൂണ്‍ നാലിനാണ്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ നാല് കിലോ സ്വര്‍ണം പിടികൂടുന്നത്. തുടര്‍ന്ന് ജൂണ്‍ ആറിനാണ് അബുദാബിയില്‍നിന്നെത്തിയ രണ്ടുപേര്‍ അനീഷിനും നിധിനുമെതിരേ ഡിജിറ്റല്‍ തെളിവുകള്‍ സഹിതം പരാതി നല്‍കിയത്. അനീഷിന്റെ അറിവോടെയാണ് നാലാം തീയതി സ്വര്‍ണം കൊണ്ടുവന്നതെന്നും തങ്ങളെ ഒറ്റിയത് കൊണ്ടാണ് സ്വര്‍ണം പിടിക്കപ്പെട്ടതെന്നും പറഞ്ഞ് അവര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചു. ഇത് തെളിവ് സഹിതം പരസ്യമായതോടെ ഒളിച്ചു വെക്കാൻ പറ്റാതായി.

അനീഷിനും നിധിനുമെതിരായ പരാതി കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണര്‍ക്ക് കൈമാറി. ഇതോടെ നടപടി എടുക്കാൻ വയ്യാതായി. ശേഷം ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തിലെ ജോലിയില്‍നിന്ന് പിന്‍വലിക്കുകയും കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡി.ആര്‍.ഐ. വിഭാഗം നടത്തിയ പരിശോധനയില്‍ നിധിന്റെയും അനീഷിന്റെയും പങ്ക് വ്യക്തമായതോടെയാണ് വ്യാഴാഴ്ച അറസ്റ്റുണ്ടായത്. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

സാധാരണഗതിയില്‍ കള്ളക്കടത്ത് പിടികൂടിയാല്‍ അതിന് കൂട്ടുനിന്നവര്‍ കസ്റ്റഡിയിലാവുകയാണ് പതിവ്. വലിയ കടത്തല്ലെങ്കില്‍ പിഴ അടച്ച് ആളുകളെ വിടും. എന്നാൽ അഴിമതിക്ക് ഇടയിൽ ഉദ്യോഗസ്ഥ സംഘത്തിൻ്റെ ഒറ്റ് കൂടി വന്നതോടെ കള്ളക്കടത്ത് സംഘം വിവരം പരസ്യപ്പെടുത്തി. ഉദ്യോഗസ്ഥരും കള്ളക്കടത്തുകാരും തമ്മിലുള്ള കോക്കസ് – ‘സെറ്റിങ്’ എന്നാണ് അറിയപ്പെടുന്നത്. ഉദ്യോഗസ്ഥന്‍ ആരാണെന്ന് സ്വര്‍ണം കൊണ്ടുവരുന്ന കാരിയര്‍ അറിയണമെന്നില്ല. എന്നാല്‍ ഉദ്യോഗസ്ഥന് ആരാണ് സ്വര്‍ണം കടത്തുന്നതെന്ന് വ്യക്തമായ വിവരങ്ങളുമുണ്ടാകും. കാരിയര്‍ വരുമ്പോള്‍ ഉദ്യോഗസ്ഥന്‍ കണ്ണടയ്ക്കും. ഇതാണ് രീതി.

ജൂണ്‍ നാലിന്‌, 2.25 കോടിയില്‍ അധികം വിലവരുന്ന നാല് കിലോ സ്വര്‍ണം പിടികൂടിയതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ വിവരങ്ങള്‍ അവർ തന്നെ വെളിപ്പെടുത്തയത്. കള്ളക്കടത്ത് സംഘവുമായി സെറ്റിങ് നടത്തുന്നതിൽ ലാഭ നഷ്ടം കണക്കാക്കി അനീഷാണ് നാല് കിലോ സ്വര്‍ണം കടത്തുന്ന വിവരം ഡി.ആര്‍.ഐയ്ക്ക് ചോര്‍ത്തി നല്‍കിയത്. ഇത് ഉദ്യോഗസ്ഥരടങ്ങിയ മാഫിയ സംഘത്തിന് ഇടയിൽ വിശ്വാസ തകർച്ചയ്ക്ക് ഇടയാക്കി. കുറ്റു കൃത്യം പുറത്തായി.

സ്വര്‍ണത്തിന്റെ വിലയുടെ 20% പാരിതോഷികം ഇന്‍ഫോര്‍മര്‍ക്കു ലഭിക്കും.

ഒരുകൊല്ലമായി നിര്‍ബാധം തുടര്‍ന്നുവന്ന കള്ളക്കടത്തിന് തടസമുണ്ടാക്കിയ വനിതാ ഉദ്യോഗസ്ഥയെ കുടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന് കള്ളക്കടത്തുകാരുമായി നടത്തിയ വോയ്സ് ക്ലിപ്പാണ് പുറത്തായതും ഇപ്പോൾ ചർച്ചയാണ്. സ്വര്‍ണം പിടിച്ച സമയത്ത് കള്ളക്കടത്തുകാര്‍ കസ്റ്റംസ് കമ്മിഷണറെ കാണാന്‍ ശ്രമിച്ചെങ്കിലും അകത്തേക്ക് കടത്തിവിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പിന്നാലെ കൊച്ചിക്ക് വണ്ടിപിടിച്ച സംഘം അവിടുന്ന് ഗള്‍ഫിലേക്ക് കടന്ന് വീണ്ടും തിരുവനന്തപുരത്തെത്തി, അങ്ങനെ കസ്റ്റംസ് കമ്മിഷണറെ കണ്ടാണ് ‘സെറ്റിങ്ങിന്റെ’ വിവരങ്ങള്‍ പുറത്താക്കിയത്.

വിദേശത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വരുന്ന വിമാനത്താവളങ്ങളില്‍ ഉള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒരു വലിയ ശൃംഘല തന്നെ പപ്പോഴും കള്ളക്കടത്തുകാര്‍ക്കുണ്ടാകും. അത് കണ്ടെത്താന്‍ പക്ഷെ സംവിധാനങ്ങളില്ല. അതീവ ഭീഷണിയായി വളരുന്ന മാഫിയയായി ഈ കൂട്ടുകെട്ട് വളരുകയാണ്. എന്നാൽ തത്ക്കാലത്തേക്കുള്ള നടപടികളും അറസ്റ്റും മാത്രമായി ഇവ ഒതുങ്ങുകയണ് പതിവ്. ആധുനിക സംവിധങ്ങളുടെ സഹായം ലഭ്യമാണ് എന്നതിനാൽ ഉദ്യോഗസ്ഥർ അറിയാതെ ഒരു തരി സ്വർണ്ണം പോലും കടത്താനാവില്ല. പക്ഷെ സ്വർണ്ണം നിർബാധം ഒഴുകുന്നു.

രണ്ടു ദിവസത്തിനകം കാലവർഷം സജീവമാവും

0

ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ( monsoon strengthen by sunday says IMD )

അടുത്ത ദിവസങ്ങളിൽ സാധാരണ മഴ തുടരും. ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്.

തിങ്കളാഴ്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ബസുകളുടെ വേഗപരിധി വർധിപ്പിച്ചതിന് പിന്നാലെ കൂട്ടിയിടി, 40 പേർക്ക് പരുക്ക്, രണ്ടു പേർ ഗുരുതരാവസ്ഥയിൽ

സ്വകാര്യ ബസുകൾക്ക് നിലവിലുള്ളതിന് പുറമെ ഇരുപത് കിലോ മീറ്റർ വരെ അധികം വേഗം അനുവദിച്ച സർക്കാർ നടപടിക്ക് പിന്നാലെ ഷൊർണൂർ കൂനത്തറയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.

കൂനത്തറ ആശാദീപം സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം നടന്നത്. ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ചിറയത്ത് എന്ന ബസും ഗുരുവായൂരില്‍ നിന്ന് പാലക്കാടേക്ക് പോവുകയയിരുന്ന രാജ പ്രഭ എന്ന ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ 40 പേർക്ക് പരുക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. വേഗതയിൽ എത്തിയ ബസുകൾ വളവിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ചക്രവാഹനങ്ങളാണ് അപടകങ്ങൾക്ക് കാരണം എന്ന് കണ്ടെത്തിയ അവയുടെ പരമവധി വേഗം 10 കി മി കുറയ്ക്കുകയും ബസുകളുടെ ഉൾപ്പെടെ 20 കി മി വരെ വർധിപ്പിച്ച് നൽകുകയും ചെയ്തിരുന്നു.

മണിപ്പൂരിൽ കേന്ദ്രമന്ത്രിയുടെ വീട് കത്തിച്ചു; മന്ത്രിയെ കേരളത്തിൽ എത്തിച്ചു

മണിപ്പുരില്‍ കേന്ദ്ര മന്ത്രിയുടെ വീടിന് കലാപകാരികൾ തീവെച്ചു. കേന്ദ്ര മന്ത്രി ആര്‍.കെ.രഞ്ജന്‍ സിങിന്റെ ഇംഫാലിലെ വീടാണ് തീവെച്ചത്. മന്ത്രി സംഭവസമയത്ത് വീട്ടിലില്ലായിരുന്നു. സംഘടിച്ചെത്തിയ ആയിരത്തിലധികം പേര്‍ വീട് വളയുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് പെട്രോള്‍ ബോംബുകളും മറ്റുമായി മന്ത്രിയുടെ വസതി വളഞ്ഞത്. ഈ സമയം പതിനേഴോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുണ്ടായിരുന്നു. കലാപകാരികള്‍ വീടിനും ചുറ്റും നിരന്ന് പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുകയായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ആള്‍ക്കൂട്ടത്തെ തടയാന്‍ പരമാവധി ശ്രമിച്ചിട്ടും കഴിഞ്ഞില്ല എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒമ്പതുപേർ കൊല്ലപ്പെട്ട സംഭവത്തിന് തുടർച്ചയായാണ് ജനം സംഘടിച്ച് എത്തിയത്. കൊല്ലപ്പെട്ടത് മെയ്തെയി വിഭാഗത്തിലുള്ളവരായിരുന്നു.

കഴിഞ്ഞ മാസവും മന്ത്രിയുടെ വീടിന് നേരെ ആക്രമണ ശ്രമം നടന്നിരുന്നു. ഇദ്ദേഹം മെയ്തെയി വിഭാഗത്തിൽ പെടുന്ന വ്യക്തിയാണ്. ഇതേ വിഭാഗത്തിലുള്ള ആൾക്കൂട്ടമായിരുന്നു ആക്രണണത്തിന് പിന്നിൽ. താൻ സുരക്ഷിതാനാണെന്നും ഒരു സർക്കാർ കാര്യത്തിന് കേരളത്തിലാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. കൊൽക്കത്തയിൽ നിന്നും കൊച്ചിയിലേക്ക് എത്തുകയായിരുന്നു. ആക്രമണത്തിൻ്റെ കാരണം അറിയില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

കഴിഞ്ഞ മാസം മന്ത്രി രഞ്ജന്‍ സിങ് ഇരുവിഭാഗങ്ങളേയും കൂട്ടി സമാധാന ചര്‍ച്ച വിളിച്ചു ചേര്‍ത്തിരുന്നു. സംഘര്‍ഷാവസ്ഥയ്്ക്ക് കാരണക്കാരായ നേതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് രഞ്ജന്‍ സിങ് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെ സൈനിക നടപടി മെയ്ത്തെയി മേഖലയിലും വ്യാപകമാക്കി.

ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങിക്കാൻ പ്ലാൻ ഉണ്ടോ, വിലയിടിവിൻ്റെ കാലം വരുന്നു

0

കോവിഡ് കാലത്ത് നഷ്ടം പരിഹരിക്കാൻ ഉപഭോക്താക്കൾക്ക് മേൽ ചുമത്തിയ അധിക ഭാരം പിൻവലിക്കാൻ ഒരുങ്ങി ഇലക്ട്രോണിക് കമ്പനികൾ. വിപണിയിലെ മാന്ദ്യവും വിട്ടുനിൽക്കലും ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് അധിക ചിലവകൾ കുറഞ്ഞിട്ടും വിലനിലവാരത്തിൽ കുറവ് വരുത്തിയിരുന്നില്ല. ഇപ്പോൾ വിപണി നഷ്ടമാവുമോ എന്ന ആശങ്കയിലാണ് വിലക്കുറവിൻ്റെ തന്ത്രവുമായി എത്തുന്നത്.

ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ വിലയില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. ഇലക്ട്രോണിക് ഘടകഭാഗങ്ങളുടെ വിലയും ഫാക്ടറികളിലേയ്ക്കുള്ള ചരക്ക് നീക്കത്തിനുള്ള ലോജിസ്റ്റിക്സ് ചെലവും കുത്തനെ കുറഞ്ഞിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ചിലവുകൾ ഉയർന്നത് ഉപഭോക്താവിനു മേൽ ഭാരമായി തീരുകയായിരുന്നു. ഇതാണ് പിൻവലിക്കേണ്ടി വരുന്നത്.

ഒരു വര്‍ഷത്തോളമായി താഴ്ന്നു നില്‍ക്കുന്ന ഡിമാന്‍ഡ് വര്‍ധിപ്പിക്കാനായി ദീപാവലി ഉത്സവ സീസണില്‍ വില കുറച്ച് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് നിര്‍മാതാക്കളുടെ ശ്രമം. നിര്‍മാണ ചെലവില്‍ കുറവുണ്ടായതോടെ ഉപഭോക്തൃ ഉത്പന്ന കമ്പനികളുടെ ലാഭം ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

വാങ്ങാൻ ആളില്ല

പണപ്പെരുപ്പം, പലിശ വര്‍ധന, ഐടി മേഖലയിലെ തൊഴില്‍ നഷ്ടം എന്നിവ മൂലം ഉപഭോക്തൃ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില്പനയില്‍ ഇടിവുണ്ടായി. വിപണി ഗവേഷണ സ്ഥാപനമായ ഐഡിസി ഇന്ത്യ ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 16 ശതമാനമാണ് കുറവുണ്ടായത്. ഇതാണ് വിപണിയിലേക്ക് തിരിച്ചു വരാൻ വില കുറയ്ക്കുക എന്ന തന്ത്രത്തിലേക്ക് എത്തിക്കുന്നത്.

കപ്പലിൽ കയറ്റാൻ മാത്രം ചരക്കില്ല

കോവിഡും അതിർത്തി പ്രശ്നങ്ങളും കാരണം ചൈനയില്‍നിന്ന് കണ്ടെയ്‌നര്‍ വഴിയുള്ള ചരക്ക് നീക്കത്തിന്റെ ചെലവ് 8,000 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. നിലവില്‍ പ്രശ്നങ്ങൾ ഒതുങ്ങിയതോടെ 800-1000 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴുന്നു. ഇപ്പോൾ ഡിമാന്റ് ഇടിഞ്ഞതിനാല്‍ കണ്ടെയ്‌നറുകള്‍ നിറയാത്ത സാഹചര്യമാണ്.

വിപണിയില്‍ ലിസ്റ്റ് ചെയ്ത ഡിക്‌സണ്‍ ടെക്‌നോളജീസ്, ഹാവെല്‍സ്, ബ്ലൂ സ്റ്റാര്‍ എന്നീ കമ്പനികള്‍ ഈവര്‍ഷം അധിക ലാഭമുണ്ടാകുമെന്ന് കഴിഞ്ഞ പാദത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ടെലിവിഷന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ടതും വിലകൂടിയതുമായ ഓപ്പണ്‍ സെല്‍(പാനല്‍) വിലയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.

ഉല്പാദനം എത്ര കുറയ്ക്കും

കുറഞ്ഞ ഡിമാന്റും വിലയിടിവുംമൂലം ആഗോളതലത്തില്‍ ചിപ്പ് കമ്പനികള്‍ കഴിഞ്ഞ പാദത്തില്‍ റെക്കോഡ് നഷ്ടമാണ് രേഖപ്പെടുത്തിയത്. ലോകത്തെതന്നെ ഏറ്റവും വലിയ ചിപ് നിര്‍മാതാക്കളായ സാംസങിന്റെ പ്രവര്‍ത്തന ഫലത്തില്‍ കഴിഞ്ഞ പാദത്തില്‍ 95 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. 14 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ പ്രവര്‍ത്തന ലാഭമാണ് ഈ കാലയളവില്‍ കമ്പനിക്ക് ലഭിച്ചത്. തുടര്‍ച്ചയായി ചിപ്പ് വിലയില്‍ ഇടിവുണ്ടായതോടെ കമ്പനികള്‍ ഉത്പാദനം കുറയ്ക്കുകയും ചെയ്തു.