വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ബിരുദാനന്തര ബിരുദ കോഴ്സിന് ചേർന്നതായുള്ള വിവാദത്തിൽ നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു. നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോളിജ് പ്രിൻസിപ്പാൾ വ്യക്തമാക്കി. അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിക്ക് നിർദ്ദേശം നൽകി. പൊലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് എംഎസ്എം കോളേജ്.
നിഖില്‍ തോമസ് ഇപ്പോള്‍ കായംകുളം എം എസ് എം കോളേജിലെ രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ഥിയാണ്. ഇതേ കോളേജില്‍ തന്നെയാണ് 2017-20 കാലഘട്ടത്തില്‍ ബികോം ചെയ്തത്. പക്ഷേ നിഖില്‍ ഡിഗ്രിക്ക് തോറ്റുപോയിരുന്നു. പക്ഷെ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നിഖില്‍ ഇവിടെ തന്നെ എം കോമിന് ചേര്‍ന്നു. അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു.
പരാതി നൽകിയത് എസ് എഫ് ഐ നേതാവ്
2019 മുതല്‍ കലിംഗയില്‍ പഠിച്ചെന്നാണ് നിഖിലിന‍്റെ വാദം. ഇതോടെയാണ് എംഎസ്എം കോളേജില്‍ നിഖിലിന‍്റെ ജുനിയറും എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗവുമായി വിദ്യാർഥിനി ഡിഗ്രി വ്യാജമെന്ന് ആരോപിച്ച് പാർട്ടിക്ക് പരാതി നല്കിയത്. സംഭവത്തില്‍ 2019 ല്‍ താന്‍ കേരളയിലെ രജിസ്ട്രേഷന് ക്യാന്‍സൽ ചെയ്തിരുന്നു എന്നായിരുന്നു നിഖിലിന്റെ ആദ്യ ന്യായീകരണം. 2019 ൽ നിഖില്‍ എസ് എഫ് ഐയുടെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും 2020 ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു.
നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പരിശോധിച്ച് സ്ഥിരീകരിച്ചതായി എസ്എഫ്ഐ നേതൃത്വം വ്യക്തമാക്കിയിരുന്നു. എല്ലാ വാദങ്ങളെയും ഇല്ലാതാക്കി കൊണ്ടാണ് ഇന്ന് കലിംഗ സർവ്വകലാശാല നിർണായക വെളിപ്പെടുത്തൽ നടത്തിയത്. നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാലയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കി. മാധ്യമവാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ പറഞ്ഞു.
പ്ലസ് ടു കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജിക്കെതിരേയുള്ള ഇ.ഡി. നടപടി ഹൈക്കോടതി റദ്ദാക്കി. നേരത്തെ വിജിലൻസ് എടുത്ത കേസിൽ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇപ്പോൾ വിജിലൻസ് കേസ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ തുടർന്നെടുത്ത ഇ.ഡി കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചാണ് നടപടി. കേസെടുത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടികളും റദ്ദാക്കി
എം.എൽ.എ. ആയിരിക്കെ അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഷാജിക്കെതിരേ ഇ.ഡി. കേസെടുത്തത്. തുടർന്ന് കെ.എം. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളടക്കം കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇ.ഡി. കടന്നിരുന്നു. കെ.എം. ഷാജി സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ.
വിജിലൻസ് എടുത്ത കേസിന്റെ ചുവടുപിടിച്ചാണ് ഇ.ഡിയും കേസെടുത്തത്. ഇതാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
സി പി എം പ്രാദേശിക നേതാവ് ആണ് 2017 യിൽ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. വിജിലൻസ് എസ് പി നിലനിൽക്കുന്നതല്ലെന്ന് കണ്ട് പരാതി തള്ളിയിരുന്നു. എന്നാൽ വീണ്ടും പ്രോസീക്യൂഷൻ നിയമോപദേശത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ഈ കാര്യം മുൻനിർത്തിയാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.
‘‘ചാരു. ലോകം നമുക്ക് മുന്നില്‍ അന്യമാവുകയും ഋതുക്കള്‍ നമ്മുടെ ചുറ്റിനും നിശ്ചലമാവുകയും ചെയ്യുന്ന അവസ്ഥ എത്ര ഭീകരമാണെന്ന് നിനക്കറിയാമോ… അഴിച്ചെടുക്കാനാവാത്ത വിധം ഓര്‍മ്മകളില്‍ കുരുക്ക് വീണുപോയത് എല്ലാത്തിനെയും നിര്‍ജ്ജീവമാക്കിയിരിക്കുന്നു… നഗരത്തിരക്കുകളിലും മദ്യശാലകളിലും ക്ലാസ്സ് മുറികളിലും കവിതകളിലും മയക്കത്തിലുമെല്ലാം മുക്തി നേടി സ്വതന്ത്രനാകാനുള്ള എന്റെ വിഫല ശ്രമങ്ങള്‍ എന്നത്തെയും പോലെ നിനക്കുള്ള കത്തില്‍ ഇന്നും അവസാനിക്കുന്നു. നീ സമ്മാനിച്ച നോട്ടുപുസ്തകത്തില്‍ ഒറ്റാരും കാണാതെ ഞാന്‍ എഴുതിവെച്ച അക്ഷരങ്ങള്‍ നിന്റെയടുത്തേക്ക് വരാന്‍ വെമ്പല്‍ കൊള്ളുന്നത് എനിക്കു കാണാന്‍ കഴിയും… നീ അത് അറിയുന്നുണ്ടോ… ഉണ്ടെങ്കില്‍ തന്നെ നിന്റെ സ്വപ്നങ്ങളുടെ വിദൂര കോണിലെങ്കിലും ഈ അമല്‍ ഒരു നല്ല മനുഷ്യനായി അവശേഷിക്കുന്നുണ്ടാവുമോ… ഇപ്പോള്‍ മഴ നനഞ്ഞാണ് ഞാന്‍ നടക്കാറുള്ളത്. നിനക്ക് ഓര്‍മ്മയുണ്ടോ മഴയുള്ള ദിവസമാണ് ഞാന്‍ അങ്ങോട്ടേക്ക് വന്നത്. മുകളിലെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ മഴക്കാറ്റ് നിന്നിലേക്ക് വീശിയതും കുസൃതിക്കാരായ മഴത്തുള്ളികള്‍ നിന്റെ മുഖത്തേക്ക് വീണതും ആ മഴത്തണുപ്പില്‍ നീ ഇടംകണ്ണിട്ട് എന്നെ നോക്കിയതും തെളിമയോടെ എന്റെ മനസ്സിലുണ്ട്… നിന്നോട് ഒടുങ്ങാതെ സംസാരിക്കാനും നിന്റെ ഉള്ളകങ്ങളിലേക്ക് പറന്നെത്താനും എനിക്കു കഴിയും ചാരു… എനിക്ക് അതിനുള്ള മാര്‍ഗ്ഗങ്ങളുണ്ട്… പക്ഷെ ഞാനത് ചെയ്യില്ല. ഇടിഞ്ഞു വീണതിനെ വീണ്ടും ഉയര്‍ത്തിക്കെട്ടി അടുത്ത പേമാരിക്കും കൊടുങ്കാറ്റിനും വേണ്ടി കാത്തിരിക്കാന്‍ എന്തോ മനസ്സ് എന്നെ അനുവദിക്കുന്നില്ല… നീ എന്നെ കുറിച്ച് ഓര്‍ക്കാറുണ്ടോ… നിന്റെ കൈത്തലത്തിന്റെ തണുപ്പില്‍ എന്റെ പരുക്കന്‍ വിരലുകള്‍ ചേര്‍ന്നത് നീ ഓര്‍മ്മിക്കാറുണ്ടോ… ഒരു വശത്ത് ഉയര്‍ന്ന പാറക്കെട്ടും മറു വശത്ത് മഞ്ഞുപുക മൂടിയ താഴവാരങ്ങളുമുള്ള മുകള്‍പ്പരപ്പുകളിലേക്ക് ഒന്നിച്ച് യാത്രപോകുന്നതിനെക്കുറിച്ച് പറഞ്ഞതിനെ പറ്റി ഇപ്പോള്‍ നീ ചിന്തിക്കാറുണ്ടോ. പകല്‍ മുഴുവന്‍ പ്രണയത്തെക്കുറിച്ച് കവിതകളെഴുതി രാത്രി ഇഷ്ട പുസ്തകത്തിന് അകത്തുവെച്ച് ആ കവിത കൈമാറുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ കൗതുകത്താല്‍ നിന്റെ കണ്ണുകള്‍ വികസിച്ചതുപോലെ ഇപ്പോള്‍ അനുഭവപ്പെടാറുണ്ടോ… ഞാന്‍ എന്തെങ്കിലും എഴുതുന്നുണ്ടെന്ന് നീ വിശ്വസിക്കുന്നുണ്ടോ? ഇല്ല എന്നു തന്നെയാണ് ചാരു എന്റെ ഉത്തരം… പുസ്തകശാലയുടെ നടുവില്‍ അക്ഷരങ്ങളുടെ അടങ്ങാത്ത പ്രവാഹം എന്നെ വലയം ചെയ്യുമ്പോഴും എടുത്തുവെക്കാന്‍ പാകത്തില്‍ ഒരു വാക്കു കണ്ടെത്താന്‍ ഞാന്‍ പ്രയാസപ്പെടുകയാണ്. എന്റെ അന്തരാത്മാവില്‍ നിന്ന് ജീവനുവേണ്ടി ഉയരുന്ന നിലവിളി നിന്നെപ്രതിയുള്ള എന്റെ ആഗ്രഹങ്ങളുടേയും സ്വപ്നങ്ങളുടേയും ബാക്കി പത്രമായി ഞാന്‍ കരുതുന്നു… ദൂരെ… ദൂരത്തിനും ദൂരെ… നീ… ആ മുറിയില്‍, വീട്ടില്‍, പുസ്തകങ്ങളില്‍… ’’
ഞാന്‍ അമല്‍. ചാരുലതയ്ക്ക് ഞാന്‍ ഒട്ടുമിക്ക ദിവസങ്ങളിലും ഇങ്ങനെ കത്തുകള്‍ എഴുതാറുണ്ട്. എഴുതി, വായിച്ച് അവ എന്റെ മുറിയുടെ മൂലയില്‍ ഇല്ലാതാവുകയും ചെയ്യാറുണ്ട്. ചാരു എന്നാണ് എല്ലാവരും അവളെ വിളിക്കുക. ഞാനും അങ്ങനെ തന്നെയാണ് വിളിച്ചത്. ചാരു എനിക്കാരാണെന്നോ ഞങ്ങളുടെ ബന്ധം മനുഷ്യ നിര്‍വചനങ്ങളുടെ ഏത് ഗണത്തില്‍ പെടുത്തണമെന്നോ ഞങ്ങളുടെ സമവാക്യങ്ങളെ ഏത് മാപിനികൊണ്ട് അളക്കണമെന്നോ എനിക്കറിയില്ല.
ശരിക്കും ചാരുവിന്റെ ജീവിതത്തില്‍ ഞാന്‍ ചെന്നുകയറിയില്ലായിരുന്നുവെങ്കില്‍ അവര്‍ ഇത്രയേറെ ദുഖിക്കുമായിരുന്നില്ല എന്നെനിക്ക് തോന്നാറുണ്ട്. നേര്‍രേഖയില്‍ പോയിരുന്ന ഒരു ജീവിതത്തെ എന്റെ സാന്നിധ്യം ക്രമരഹിതമാക്കിയതിന്റെ നിരാശയുടെ കയ്പുനീര് ഞാന്‍ എല്ലാ ഇരവിലും പകലിലും അറിയാറുണ്ട്.
ആ സമയത്ത് ചാരു എന്റെ എല്ലാമായിരുന്നു. യുക്തിയും ബുദ്ധിയും ഒളിച്ചോടുകയും ഭ്രമവും അഭിനിവേശവും മനസ്സും എന്നെ ഭരിക്കുകയും ചെയ്ത നാളുകള്‍. എന്നാല്‍ ആ ചുരുങ്ങിയ കാലം എന്റെ മനുഷ്യായുസ്സിനെ തന്നെ കീഴ്മേല്‍മറിക്കുന്നതും ഗതിമാറ്റുന്നതുമായി പരിണമിച്ചുവെന്ന് ഇപ്പോള്‍ എനിക്കു കൃത്യമായി അറിയാം…
ചാരുവിനു മാത്രമായി ഒരു കുറിപ്പെഴുതിവെച്ച് യാത്ര പറയാതെ അവിടെ നിന്നു തിരികെ പോന്ന നാള്‍ മുതല്‍ ഓരോ ദിവസവും മണിക്കൂറും യുഗങ്ങളായ് മാറുകയായിരുന്നു.
പക്ഷെ… അങ്ങനെ ഒരു കുറിപ്പിലോ ദീര്‍ഘമായ ഒരു ഫോണ്‍ സന്ദേശത്തിലോ നീക്കം ചെയ്യാനാകുന്നതാണ് ചാരുവുമായുള്ള എന്റെ ബാന്ധവമെന്ന് ആരും കരുതരുത്…
ചാരൂ… നിന്നെ ഞാന്‍ മറന്നുവെന്നോ നിന്റെ സാന്നിധ്യം എന്നെ ആകര്‍ഷിക്കുന്നില്ലന്നോ നീ വിചാരിക്കരുത്…
നീ മറന്നു കളഞ്ഞ നിന്റെ ഇന്റര്‍നെറ്റ് മേല്‍വിലാസങ്ങളില്‍ ദിവസം എത്ര തവണ ഞാന്‍ പരതുന്നുണ്ടെന്ന് നിശ്ചയമില്ല. വരണ്ട ഭൂമിയില്‍ മഴ പെയ്യുന്ന പോലെ നിന്റെ പേരിനു നേര്‍ക്ക് ഒരു പച്ചപ്പൊട്ടു കാണുമ്പോള്‍ ക്രമാതീതമായി എന്റെ ഹൃദയം മിടിക്കുന്നത് നീ അറിയുന്നേ ഉണ്ടാവില്ല.
നിന്റെയും എന്റെയും ഉറ്റ സുഹൃത്തിന്റെ വിവാഹത്തിന് മുന്തിരി വീഞ്ഞിന്റെ നിറമുള്ള തിളങ്ങുന്ന സാരി അണിഞ്ഞ് നീ വന്നത് ഞാന്‍ കാണാതിരിക്കുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ… അന്ന് നീ എത്ര സന്തോഷവതിയായിരുന്നു. നിന്റെ ഭര്‍ത്താവിന്റെ കരങ്ങളെ നീ ഇറുകി പിടിച്ചിരുന്നു… നിന്റെ ദൃഷ്ടിപഥത്തില്‍ നിന്നു മാറി ഞാന്‍ അവിടെയുണ്ടായിരുന്നു…
ചാരുവിനെ തേടി പോവുക എന്റെ സ്വാഭാവികതയാണ്… അവളറിയാതെ ഞാന്‍ മോഷ്ടിച്ചെടുത്ത അവളുടെ ഒരു ചുവന്ന ഷാള്‍ എന്റെ ഒരു അവയവം പോലെ കൂടെയുണ്ട്. അതില്‍ നിന്നുയരുന്ന ചാരുവിന്റെ ഗന്ധത്തിലാണ് കാതങ്ങളകലെ നിന്നും ഞാന്‍ ജീവിക്കുന്നത്.
ചാരൂ… നിന്റെ ഗന്ധം എന്റെ ശ്വാസമാണ്… എന്റെ ഡയറിയില്‍ നീ എഴുതിയ കുറിപ്പുകള്‍ എന്റെ ബിരുദങ്ങള്‍ക്കുള്ള സാക്ഷ്യപത്രമാണ്. ആനുകാലികങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ വഴി പ്രസിദ്ധീകരിക്കപ്പെടുന്ന എന്റെ കഥകള്‍ നിനക്കുള്ള സന്ദേശങ്ങളാണ്… അവയില്‍ നിനക്കും എനിക്കും മാത്രം മനസ്സിലാകുന്ന വികാരങ്ങളുടെ സത്തയുണ്ട്.
ചാരൂ… നിന്നെ ഞാന്‍ ഓര്‍ക്കുന്നു എന്നതിന് ഇപ്പോഴും ജീവനുള്ള എന്റെ ശരീരമാണ് തെളിവ്. ഹൃദയ നീറ്റലില്ലാതെ ഉറങ്ങാന്‍ കൊതിക്കുന്ന രാത്രികളുടെ മൗനമാണ് നിന്നില്‍ നിന്ന് ഞാന്‍ അവ്യക്തമായതിന്റെ പ്രായശ്ചിത്തം.
നിന്റെ ജീവിതത്തിന്റെ തുരുമ്പിച്ച കോണില്‍ പോലും എനിക്ക് ഇനി സ്പര്‍ശിക്കാനാവുമോ എന്നു ഞാന്‍ ഭയപ്പെടുന്നുണ്ട്.
നിന്റെ പക്വതയുടെ യുക്തികളെ ദയവായി നീ പിന്തുടരുക. നിന്റെ മനസ്സിനെ തണുപ്പിക്കാനോ ഹൃദയത്തെ ചൂടുപിടിപ്പിക്കാനോ ഉതകുന്ന ഒന്നും എന്നില്‍ ഇനി അവശേഷിക്കുന്നില്ല…
ഞാന്‍ ജീവിക്കും. ചാരുവിനോടുള്ള എന്റെ സ്നേഹത്തിന്റെ പ്രഖ്യാപനമാണ് ഈ ജീവിതം. അല്ലെങ്കില്‍ ഇതെന്നേ സ്വയം യാത്ര അവസാനിപ്പിച്ചേനെ…
എന്റെ ഈ മുറിവ് ഞാന്‍ സ്വയം ഞെക്കിയും വേദനിപ്പിച്ചും ഉണങ്ങാതെ കാക്കും. എന്റെ ജീവനും ആത്മാവും ആ മുറിവിലാണ്… ചാരുവില്‍ മാത്രമാണ്…
(ഇ. സന്ധ്യയുടെ അനന്തരം ചാരുലത എന്ന കഥയുടെ പശ്ചാത്തലത്തിൽ എഴുതിയത്)
ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. ലെബനനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് കൊണ്ടാണ് അഭിമാന നേട്ടം. നാല്‍പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്തെയുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.
ചാങ്തെ ബാക്ക് ഹീല്‍ ചെയ്തു നല്‍കിയ പന്താണ് നിഖില്‍ പൂജാരി ബോക്സില്‍ സുനില്‍ ഛേത്രിക്ക് കൊടുത്തത്. ക്ലാസിക്കൽ എന്നു വിശേഷിപ്പിക്കാവുന്ന ഗോളാണ്. ഛേത്രിയാണ് രണ്ടാമത്തെ ഗോളിന്റെ ശില്‍പി. ഛേത്രി നല്‍കിയ പന്ത് മഹേഷ് സിങ് പോസ്റ്റിലേയ്ക്ക് നിറയൊഴിച്ചെങ്കിലും ഗോളി തടഞ്ഞിട്ടു. റീബൗണ്ട് കിട്ടിയ ചാങ്തെ മനോഹരമായി ഫിനിഷ് ചെയ്തു.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ആയിരുന്നു ഹീറോ ഇന്റര്‍കോണ്‍ഡിനെന്റല്‍ കപ്പ് മത്സരം അരങ്ങേറിയത്.
സുനില്‍ ഛേത്രിയെ ഒന്നാം പകുതിയില്‍ തന്നെ ഇറക്കിയ ഇന്ത്യ നിരന്തരം ആക്രമിച്ചു കളിച്ചു. സഹലും ആഷിഖും മുന്നേറ്റ നിരയിൽ നിഞ്ഞു. എങ്കിലും ഒന്നാം പകുതിയില്‍ ഇന്ത്യയുടെ വഴി തുറന്നു കിട്ടിയില്ല. പ്രത്യാക്രമണമായിരുന്നു ലെബനന്റെ ആയുധം. ജിംഗനും ഗോളി ഗുര്‍പ്രീതുമാണ് കോട്ട കെട്ടി ഒന്നാം പകുതിയില്‍ ഇന്ത്യയെ കാത്തത്. രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
മലയാള ചലച്ചിത്ര നടന്‍ പൂജപ്പുര രവി (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ മറയൂരിലെ മകളുടെ വസതിയിലായിരുന്നു. വ്യത്യസ്തങ്ങളായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കുരതിവട്ടം പപ്പു, മാള അരവിന്ദൻ, ജഗതി ശ്രീകുമാർ തുടങ്ങിയവരുടെ കാലത്ത് അഭിനയ രംഗത്ത് ഒന്നിച്ചുണ്ടായിരുന്നു. പൂജപ്പുരയിൽ നിന്നും കഴിഞ്ഞ വർഷം ഡിസംബറിലാണ് മറയൂരിലെ മകളുടെ വീട്ടിലേക്ക് അദ്ദേഹം താമസം മാറിയത്.
എസ്.എൽ.പുരം സദാനന്ദന്റെ ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകത്തിൽ ‘ബീരാൻകുഞ്ഞ്’ എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. അതിനു ശേഷം ‘കലാനിലയം ഡ്രാമാ വിഷൻ’ നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനികളിലും അഭിനയിച്ചിട്ടുണ്ട്.
വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും അഭിനയിച്ചു.
ശ്രദ്ധേയമായ ആകാരവും ശബ്ദവും പ്രേക്ഷകരെ ആകർഷിച്ചു. ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രത്യേക ആരാധകരുണ്ടായിരുന്നു.
നായാട്ട്, തേനും വയമ്പും, കുയിലിനെ തേടി, ഇതാ ഇന്നുമുതൽ, രാക്കുയിലിൻ രാഗസദസിൽ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ദ കാർ, കിഴക്കൻ പത്രോസ്, ആയിരപ്പറ, കള്ളൻ കപ്പലിൽ തന്നെ തുടങ്ങി നിരവധി ചിത്രങ്ങളിൽ പൂജപ്പുര രവി പ്രേക്ഷക ശ്രദ്ധ നേടി.
അലോട്മെന്റ് ലഭിക്കുന്നവരെല്ലാം നിർദിഷ്ട സമയത്തുതന്നെ സ്കൂളിൽ പ്രവേശനത്തിനു ഹാജരാവണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ആദ്യ അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം 19ന് രാവിലെ 11മുതൽ ആരംഭിക്കും. ജൂൺ 19മുതൽ ജൂൺ 21ന് വൈകിട്ട് 4വരെയാണ് പ്രവേശനം. അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ http://admission.dge.kerala.gov.in വഴി ലഭ്യമാകും. വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ അലോട്മെന്റ് പരിശോധിക്കാം.
ശ്രദ്ധിക്കുക
പ്ലസ് വൺ ആദ്യ അലോട്മെന്റ് ലഭിച്ചവർ ഇതിനുള്ള അറിയിപ്പ് സൈറ്റിൽ കയറി പ്രിൻ്റ് ചെയ്ത് എടുക്കണം. ഫസ്റ്റ് അലോട് റിസൽറ്റ്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന ലെറ്ററുമായി അലോട്മെന്റ് ലഭിച്ച സ്കൂളിൽ എത്തണം. അലോട്മെന്റ് ലഭിച്ച സ്കൂളിൽനിന്ന് ലെറ്റർ പ്രിന്റെടുത്തും നൽകുന്ന സംവിധാനമുണ്ട്. എങ്കിൽ രക്ഷിതാവിനോടൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി വേണം ഹാജരാവേണ്ടത്.
ആദ്യ അലോട്മെന്റിൽ തിരഞ്ഞെടുത്ത വിദ്യാലയത്തിൽ ഒന്നാമത്തെ ഓപ്ഷൻ തന്നെ ലഭിച്ചിട്ടുള്ളവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് പരിശോധനയുടെ വേളയിൽ അടയ്ക്കാവുന്നതാണ്.
താത്‌കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളിൽ നൽകണം. ഫസ്റ്റ് അലോട്മെന്റ് ലഭിച്ചിട്ടും താത്‌കാലികപ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കില്ല.
വിവരങ്ങൾ നൽകിയത് തെറ്റിയാൽ
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്മെന്റിനു പരിഗണിക്കാത്ത അപേക്ഷകർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം. സ്പോർട്‌സ് ക്വാട്ട അലോട്മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. 20, 21 തീയതികളിലായിരിക്കും പ്രവേശനം.
ആദ്യ അലോട്മെൻ്റ് ലഭിക്കാത്തവർ
ആദ്യഅലോട്ട്മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെന്റുകൾക്കായി കാത്തിരിക്കണം. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച് ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
ആദ്യ അലോട്മെൻ്റിൽ സാധ്യതകൾ വർധിച്ചു
ഏറ്റവുമധികം മെറിറ്റു സീറ്റുകളുമായി മുഖ്യഘട്ടത്തിലെ അലോട്‌മെന്റ് തുടങ്ങുന്നത് ഈ വർഷമാണ്. പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റുകളുടേതല്ലാത്ത എയ്ഡഡ് സ്കൂളുകളിലെ 10 ശതമാനം കമ്യൂണിറ്റി മെറിറ്റു സീറ്റുകൾ ഹൈക്കോടതി ഉത്തരവുപ്രകാരം പൊതുമെറിറ്റിലേക്കു മാറ്റിയിട്ടുണ്ട്. അതിലൂടെ മെറിറ്റിൽ അയ്യായിരത്തോളം സീറ്റ് അധികമായിട്ടുണ്ട്. അതും സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടത്തിൽ വരുത്താറുള്ള സീറ്റുവർധന ആദ്യംതന്നെ നടത്തിയതിനാലുമാണു മെറിറ്റ് സീറ്റുകളിൽ വർധനയുണ്ടായത്.
സ്പോർട്സ് ക്വാട്ട പ്രവേശനം
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ്19ന് രാവിലെ പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ട അലോട്ട്മെന്റിനൊപ്പമാണ് സ്പോർട്സ് ക്വാട്ട അലോട്ട്മെന്റും പ്രസിദ്ധീകരിക്കുക. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ http://admission.dge.kerala.gov.in വഴി ലഭ്യമാകും. അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് പ്രകാരമുള്ള അഡ്മിഷൻ ജൂൺ 20 മുതൽ ജൂൺ 21 വരെ തീയതികളിൽ നടക്കും. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണം.
ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരായ കുറ്റപത്രത്തിൽ പോലും പൊലീസ് വെള്ളം ചേർത്തതോടെ സത്യം തുറന്നു പറഞ്ഞ് സാക്ഷി മാലിക്. എല്ലാവർക്കും കാര്യം അറിയാമായിരുന്നു. പക്ഷെ ഭയം പിന്നോട്ട് വലിക്കുകയായിരുന്നു. പോക്സോ കേസിൽ നിന്നും അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷം കുടുംബം പിൻമാറാനുള്ളകാരണവും അവർ വ്യക്തമാക്കി.
ദേശീയ ഗുസ്തി ഫെഡറേഷന്‍ തലവനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ ബിജെപി നേതാക്കള്‍ കക്ഷി രാഷ്ട്രീയവും ഉയർത്തിയിരുന്നു. ഇതിനെതിരായും അവർ തെളിവുകൾ നിരത്തി.
‘സത്യം’ ഇതാണെന്ന അടിക്കുറിപ്പോടെ ഭര്‍ത്താവും ഗുസ്തി താരവുമായ സത്യവര്‍ത് കാഡിയനൊപ്പമുള്ള വീഡിയോയില്‍ സമരം സംബന്ധിച്ച് സാക്ഷി മാലിക് വെളിപ്പെടുത്തലുകള്‍ നടത്തി. പ്രതിഷേധത്തിന്റെ തുടക്കം മുതല്‍ ഈ ദിവസംവരെയുള്ള കാര്യങ്ങളില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന് വിശദീകരിച്ചുകൊണ്ടാണ് വീഡിയോ.
ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്ര പരാതികളില്‍ എടുത്ത പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയ സാഹചര്യത്തിൽ കൂടിയാണ് പ്രതികരണം. ബ്രിജ്ഭൂഷണെതിരെ പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തിതാരം ഉന്നയിച്ച ആരോപണം പിന്‍വലിച്ചെന്ന് ചൂണ്ടിക്കാട്ടി മതിയായ തെളിവില്ലെന്ന് പറഞ്ഞായിരുന്നു പോലീസ് നടപടി. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ഭീഷണിയുണ്ടായെന്നും ഇതേ തുടര്‍ന്നാണ് മൊഴി മാറ്റിയതെന്നും സാക്ഷി വെളിപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് വനിതാ താരങ്ങളായിരുന്നു ബ്രിജ്ഭൂഷണെതിരെ ആരോപണം ഉന്നയിച്ചത്.
സമരത്തെ ആദ്യം പിന്തുണച്ചത് ബി ജെ പി നേതാക്കൾ
സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസാണ് സമരത്തിന് പിന്നിലെന്നും ചില ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ജനുവരില്‍ ജന്തര്‍ മന്ദറില്‍ സമരം നടത്തുന്നതിനുള്ള അനുമതി പത്രം സാക്ഷി മാലിക് പുറത്തുവിട്ടു. ബിജെപി നേതാക്കളായ തിരാത് റാണയും ബബിത ഫൊഗാട്ടുമാണ് സമരത്തിന് പോലീസില്‍ നിന്ന് അനുമതി എടുത്തതെന്നും സാക്ഷി മാലിക് വിശദീകരിച്ചു.
ഗുസ്തിയുമായി ബന്ധപ്പെട്ടുള്ള ഭൂരിപക്ഷം താരങ്ങള്‍ക്കും കോച്ചുമാര്‍ക്കും ഗുസ്തിഫെഡഫറേഷനിലെ പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമായി അറിയാമെന്നും അവര്‍ പറഞ്ഞു.
‘ഗുസ്തി സമൂഹത്തിലെലെ പല വ്യക്തികളും പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഐക്യം ഇല്ലായിരുന്നു, മാത്രമല്ല അവരുടെ കരിയറിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുകയും ചെയ്തു’സാക്ഷി പറഞ്ഞു. ഗുസ്തിക്കാരുടെ പോരാട്ടം സര്‍ക്കാരിനെതിരെയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രിജ് ഭൂഷൻ്റെ സ്വാധീനം അപാരം, താരങ്ങൾ ഭയന്നു
‘ഞങ്ങളുടെ പോരാട്ടം സര്‍ക്കാരിനെതിരല്ല, ഏഴോളം ഗുസ്തി താരങ്ങള്‍ ലൈംഗിക ആരോപണം ഉന്നയിച്ച ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെയാണ്. ഇത്തരത്തിലൊരു ഗുരുതരമായ പ്രശ്‌നം ഉന്നയിക്കുന്നതില്‍ ഐക്യമില്ലായ്മയാണ് ഇത്രയും കാലം പുറത്ത് വരാന്‍ വൈകിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും സുരക്ഷയെക്കുറിച്ച് ഭയമുണ്ടായിരുന്നു, ഈ സമ്മര്‍ദ്ദം ഞങ്ങള്‍ക്ക് രണ്ടാമത്തെ വെല്ലുവിളിയായിരുന്നു. ഗുസ്തി താരങ്ങള്‍ എന്ന് പറയുന്നത് ഭൂരിപക്ഷം പേരും സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍പ്പെട്ടവരാണ്. ബ്രിജ്ഭൂഷണ്‍ സിങ്ങിനെ ശക്തനും ഭരണകക്ഷിയില്‍പ്പെട്ട വലിയ രാഷ്ട്രീയ സ്വാധീനവുമുള്ള ഒരു വ്യക്തിക്കെതിരെ പോരാടുക എന്ന് പറയുന്നത് അവര്‍ക്ക് വലിയ ആശങ്കയുണ്ടാക്കിയിരുന്നു’ സാക്ഷി പറഞ്ഞു.
സമരത്തിലുടനീളം തങ്ങളെ പിന്തുണച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സാക്ഷിയും ഭര്‍ത്താവ് കാഡിയനും നന്ദി അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച, ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ്, ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് നന്ദി അറിയിച്ചത്.
മണിപ്പൂരിൽ നിന്നും കാണാനെത്തിയ പ്രതിപക്ഷ പാർട്ടികൾക്ക് സമയം നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മണിപ്പൂരിൽ നിന്നുള്ള പ്രതിപക്ഷസംഘം 3 ദിവസമായി ദില്ലിയിൽ തുടരുകയാണ്. പക്ഷെ ഇതുവരെ അനുമതി നൽകിയില്ല. എന്ന് കാണാൻ പറ്റുമെന്ന വിവരവും നൽകിയില്ല. ജൂൺ 20 ന് പ്രധാനമന്ത്രി വിദേശ യാത്രയ്ക്ക് പുറപ്പെടുകയാണ്. മുൻ മുഖ്യമന്ത്രി ഇബോബി സിങ്ങിൻ്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ സംഘം പ്രധാനമന്ത്രിയെ കാണാൻ എത്തിയത്.
മോദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അവഗണിക്കുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മണിപ്പൂരിലെ പത്ത് പ്രതിപക്ഷ പാർട്ടി പ്രതിനിധികളാണ് പ്രധാനമന്ത്രിയെ കാണാനാണ് എത്തിയത്. മൂന്നു തവണ മണിപ്പൂർ തുടർച്ചയായി ഭരിച്ചത് മുൻ മുഖ്യമന്ത്രി ഇബോബി സിംങിൻ്റെ നേതൃത്വത്തിലാണ്. അക്കാലത്താണ് സംസ്ഥാനത്ത് ഏറ്റവും സമാധാനം നിലനിന്നിരുന്നത്. ഇറോം ശർമ്മിള നിരാഹാരം അവസാനിപ്പിച്ചതും അക്കാലത്തായിരുന്നു. പുതിയ സർക്കാർ വന്നതോടെ സംവരണ വിഷയം കൈകാര്യ ചെയ്തതിൽ ഭിന്നിപ്പ് ഉയർന്നു വന്നു.
നേരത്തെ തീവ്ര നിലപാടുകൾ പുലർത്തിയിരുന്ന, ഇപ്പോഴത്തെ മുഖ്യമന്ത്രി ഇബോബി സിംങിൻ്റെ സഭയിൽ മന്ത്രിയായിരുന്നു. പിന്നീട് കോൺഗ്രസ് വിട്ട് ബി ജെ പിയിൽ എത്തി. ഇതോടെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കയായിരുന്നു.
കുക്കി നാഗ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ചുരാചന്ദ്പൂർ ഹിൽ ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഒരു സ്വകാര്യ ജിംനേഷ്യം ഉദ്ഘാടന പരിപാടി നിശ്ചയിച്ചിരുന്നു. സംവരണ വിഷയം ഉയർത്തി കൊണ്ടു വന്നതോടെ ക്ഷുഭിതരായ ഗോത്ര വിഭാഗങ്ങൾ സംഘടിച്ചു. ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുന്നതിന് മുൻപെ ജിംനേഷ്യം കെട്ടിടത്തോടെ തകർത്തു കളഞ്ഞു.
ഇതിനു ശേഷം ചുരാചന്ദ്പൂരിൽ ഗോത്ര സംയുക്ത സമിതി നിശ്ചയിച്ച പ്രതിഷേധ റാലിയിൽ ആക്രണം ഉണ്ടായി. ഇംഫാൽ താഴ് വരയിൽ ഇതിൻ്റെ പ്രതികരണം എന്ന നിലയ്ക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ടായി. മെയ്തെയികൾ ഭൂരപക്ഷമുള്ള പ്രദേശത്ത് പക്ഷെ പൊലീസും അധികാരികളും ആദ്യ ഘട്ടത്തിൽ ഫലപ്രദമായി ഇടപെട്ടില്ല എന്നാണ് ആരോപണമുള്ളത്. അടിച്ചു തീരട്ടെ എന്ന തുടക്കത്തിലെ നിലപാടാണ് മണിപ്പൂരിനെ മുഴുവൻ കത്തിക്കുന്ന നിലയിലേക്ക് വളർന്നത് എന്നാണ് പ്രദേശവാസികൾ പ്രതികരിക്കുന്നത്.
പ്രധാനമന്ത്രി എല്ലാവരുടെയുമാണ്- ഇബോബി
മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമാണ്. മെയ് 3 മുതൽ മണിപ്പൂർ കത്തുകയാണെന്ന് മുൻ മുഖ്യമന്ത്രി ഇബോബി സിംഗ് പറഞ്ഞു. മോദി എന്തുകൊണ്ട് വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളെ അവഗണിക്കുന്നു. പ്രധാനമന്ത്രി എല്ലാവരുടെയുമാണ്. കലാപ ബാധിതരെ പ്രധാനമന്ത്രി നേരിട്ട് കാണണം. മൂന്ന് ദിവസമായി ദില്ലിയിൽ തുടരുന്നു. പ്രതിപക്ഷ നേതാക്കളെ കാണാൻ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നുഴഞ്ഞു കയറ്റക്കാരാണ് മണിപ്പൂരില്‍ പ്രശ്നമുണ്ടാക്കുന്നതെന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറയുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടിട്ടും മണിപ്പൂരില്‍ അശാന്തി പടരുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് എത്തിയിട്ടും നിസ്സഹായമായി. ഇതിനിടെ അസം മുഖ്യമന്ത്രിയെ ഇടപെടുവിച്ച് നിയന്ത്രണങ്ങൾക്ക് ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. ഇടപെടൽ വിപരീത ഫലം ഉളവാക്കുകയും ചെയ്തതായും വിലയിരുത്തൽ ഉണ്ടായി. അസമും ഇതര വടക്കു കിഴക്കൻ ഗോത്രങ്ങളും തമ്മിലുള്ള ബന്ധം പോലം മനസിലാക്കാതെയാണ് ആഭ്യന്തര മന്ത്രി ഈ ഇടപെടൽ ശ്രമം നടത്തിച്ചത് എന്നായിരുന്നു വിമർശനം.
വ്യാജസ്വർണം പണയം വെക്കൽ, ഗൂഢാലോചന, കവർച്ച, ആക്രമിച്ച് പരിക്കേൽപ്പിക്കൽ, വധഭീഷണി എന്നിങ്ങനെ വിവിധ കുറ്റ കൃത്യങ്ങളിൽ പൊലീസ് ലിസ്റ്റിലുള്ള പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.
വാടകയ്ക്ക് താമസിച്ചിരുന്ന ഒല്ലൂർ തൈക്കാട്ടുശ്ശേരിയിലെ വീട്ടിൽനിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. എറണാകുളം, പള്ളുരുത്തി തണ്ടാശ്ശേരി വീട്ടിൽ സിനി ഗോപകുമാർ എന്നാണ് ഇവരുടെ യഥാർഥ പേര്. നൂറുകണക്കിന് തട്ടിപ്പുകേസുകൾ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് റിപ്പോർട്ട് വ്യക്തമാക്കി. താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നും നൽകി ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിച്ചാണ് പ്രവർത്തനം.
തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയാണ് കാപ്പ ചുമത്തി ആറുമാസത്തേക്ക് ജയിൽശിക്ഷ വിധിച്ചത്.
കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടച്ചിട്ടുണ്ടെങ്കിലും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ആലപ്പുഴ ജില്ലയിൽ അരൂർ, കുത്തിയതോട് എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം മുളവുകാട്, ചെങ്ങമനാട്, തോപ്പുംപടി, ടൗൺ സൗത്ത്, എറണാകുളം സെൻട്രൽ, കണ്ണമാലി, ആലുവ ഈസ്റ്റ്, തൃശ്ശൂർ പുതുക്കാട്, കൊടകര, മാള, ടൗൺ ഈസ്റ്റ്, ഒല്ലൂർ, ചാലക്കുടി, നെടുപുഴ എന്നിവിടങ്ങളിലായി അമ്പതിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽമാത്രം എട്ട് പോലീസ് സ്റ്റേഷനുകളിലായി 32 കേസുകളാണ് ഇവരുടെ പേരിലുള്ളത്.
പേര് പൂമ്പാറ്റ ഇരകൾക്ക് കാട്ടു കടന്നൽ
വലിയ മുതലാളിയാണെന്നും സ്വന്തമായി റിസോർട്ടുകൾ ഉണ്ടെന്നും പറഞ്ഞാണ് ഇവർ ആളുകളെ വലയിലാക്കിയിരുന്നു. ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കും. അതിനു ശേഷം പല കള്ളക്കഥകളും പറഞ്ഞു ഇരകളെ വിശ്വസിപ്പിക്കും. പണം മുഴുവൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി കൊണ്ടുപോയി എന്നാകും ചിലപ്പോൾ പറയുക. മറ്റു ചിലപ്പോൾ ഗുണ്ടകളെ വിട്ട് പരാതിക്കാരെ ഭീഷണിപ്പെടുത്തും.
താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നും നൽകി ഗുണ്ടാസംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു. തട്ടിയെടുക്കുന്ന പണം മുഴുവനും ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങൾ. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് പലതവണ റിമാന്‍ഡിലായി. പക്ഷേ, ഇത്രയും തട്ടിപ്പുകേസുകൾ നടത്തിയിട്ടും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
കണ്ണമാലിയിൽ സ്വർണനിർമ്മിതമായ നടരാജ വിഗ്രഹം വിൽക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയ കേസ്, എറണാകുളം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് കോൺസ്റ്റബിളാണെന്നു പറഞ്ഞ് തൊട്ടടുത്തുള്ള ജ്വല്ലറിയിൽ നിന്നും 45.75 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങുകയും ബാങ്കിൽ നിന്ന് പണം എടുത്ത് വരാം എന്നു പറഞ്ഞ് അവിടെ നിന്ന് മുങ്ങിയ കേസ് എന്നിവയാണ് എറണാകുളത്തെ പ്രമാദമായ കേസുകള്‍.
ഞെട്ടിക്കുന്ന ജീവിത ശൈലി
2012ൽ കാസർഗോഡ് നിന്നുള്ള ട്രെയിൻയാത്രക്കിടെ പരിചയപ്പെട്ട തൃശ്ശൂരിലെ സർക്കാർ ഉദ്യോഗസ്ഥയിൽ നിന്നും 11 പവൻ സ്വർണം തട്ടിയെടുത്തതാണ് ആദ്യ കേസ്. പിന്നാലെ പുതുക്കാട് കിണറിൽ നിന്ന് സ്വർണവിഗ്രഹം കണ്ടെത്തിയത് വിൽപ്പന നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 10 ലക്ഷം തട്ടി.
2017 ൽ പുതുക്കാട് സ്വദേശിയെ സ്വർണ ബിസിനസിൽ പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രവാസിയുടെ കൈയിൽ നിന്നും തട്ടിയത് 74 ലക്ഷമാണ്. മറ്റൊരു പുതുക്കാടു കാരനില്‍ നിന്ന് ഇതേ കാര്യം പറഞ്ഞ് തട്ടിയത് 72 ലക്ഷം. 2017ൽ വൻ ആർഭാടത്തോടെ മകളുടെ വിവാഹം നടത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയത് ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളായിരുന്നു.
കാപ്പ നിയമപ്രകാരം വനിത അറസ്റ്റിലാകുന്നത് അപൂർവമാണെന്നു പൊലീസ് പറഞ്ഞു. അരൂർ സ്റ്റേഷനിൽ 2008 ൽ റജിസ്റ്റർ ചെയ്ത കേസിലാണു സിനിയുടെ തട്ടിപ്പുകളുടെ ഭീകരത ആദ്യമായി പുറത്തുവരുന്നത്. ഒരു വ്യാപാരിയെ സൗഹൃദത്തിൽ കുടുക്കി നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയിരുന്നു. 10 ലക്ഷം രൂപ കൂടി വീണ്ടും ആവശ്യപ്പെട്ടതോടെ വ്യാപാരി ജീവനൊടുക്കി. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിൽ സിനി കുടുങ്ങി. പക്ഷെ കേസിനൊപ്പം പ്രവർത്തനം തുടർന്നു.
ഫോർട്ട് കൊച്ചി എസിപിയുടെ ഭാര്യയാണെന്നു വിശ്വസിപ്പിച്ചു വ്യാപാരിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയതിനും പിടിയിലായി. കൊടകരയിൽ യാത്രക്കാരനെ ബൈക്കിടിച്ചു വീഴ്ത്തി 3 ലക്ഷം കവർന്നതിനും ഒല്ലൂരിൽ വീട്ടമ്മയെ കല്ലുകൊണ്ടിടിച്ചു കൊല്ലാൻ നോക്കിയതിനും അറസ്റ്റിലായി.പല ബാങ്കുകളിലായി 31 ലക്ഷം രൂപ മുക്കുപണ്ടം പണയം വച്ചു തട്ടിയിട്ടുണ്ട്. ആകെ തട്ടിച്ച സ്വർണത്തിന്റെയും പണത്തിന്റെയും മൂല്യം കോടികൾ വരുമെന്നാണു പൊലീസ് നിഗമനം. തൈക്കാട്ടുശേരിയിലെ വാടക വീട്ടിൽ നിന്നാണ് ഒല്ലൂർ എസ്എച്ച്ഒ ഡെന്നി ജേക്കബും സംഘവും ഇവരെ പിടികൂടിയത്.