രാജ്യദ്രോഹ നിയമം ശക്തമാക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് നീക്കം

 ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കേന്ദ്ര സര്‍ക്കാര്‍. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍ നിന്നും നിയമ കമ്മിഷന്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് ഉത്തരവിറക്കി. 30 ദിവസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2016 -ല്‍ ഒന്നാം മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് രൂപവത്കരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ 21-ാം നിയമ കമ്മിഷന്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് 2018-ല്‍ പൊതുജനാഭിപ്രായംആരാഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് മൂന്ന് വര്‍ഷത്തിലേറെ ആയ സാഹചര്യത്തിലും വിഷയം സംബന്ധിച്ച് വിവിധ കോടതി ഉത്തരവുകളുടേയും പശ്ചാത്തലത്തിലാണ് വീണ്ടും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നതെന്നാണ് നിയമ കമ്മിഷന്‍ ഉത്തരവില്‍ പറയുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന ആദ്യ സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത് സംബന്ധിച്ച അഭിപ്രായങ്ങള്‍ ആരാഞ്ഞുള്ള ഉത്തരവ് വന്നിരിക്കുന്നത്. 22-ാമത് നിയമ കമ്മിഷനാണ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് വീണ്ടും നിര്‍ദേശങ്ങള്‍ ആരാഞ്ഞിരിക്കുന്നത്.

സുപ്രീം കോടതി മരവിപ്പിച്ച രാജ്യദ്രോഹ കുറ്റം ഇനിയും ശക്തമാക്കി നടപ്പാക്കണം എന്നു പറഞ്ഞതിന് പിന്നാലെ

രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് കേന്ദ്ര നിയമ കമ്മിഷന്‍റെ ശുപാർശ ചെയ്തത് ചർച്ചയായിരുന്നു. ശിക്ഷയുടെ കാലാവധി വർധിപ്പിക്കണമെന്നും കമ്മിഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷം തടവായി വര്‍ധിപ്പിക്കാനും പരമാവധി ശിക്ഷ ജീവപര്യന്തമായി നിലനിര്‍ത്താനുമാണ് ശുപാര്‍ശ. വലിയ രീതിയിലുള്ള ദുരുപയോഗം കണക്കിലെടുത്ത് നിയമം സുപ്രീംകോടതി മരവിപ്പിച്ചതിനിടെയാണ് ശുപാർശ നൽകിയത്.

നിയമം കര്‍ക്കശമാക്കുന്ന ശുപാര്‍ശകളാണ് നിയമകമ്മീഷന്‍ സമര്‍പ്പിച്ചത്. നിലവില്‍ രാജ്യദ്രോഹക്കുറ്റത്തിനുള്ള ശിക്ഷ 3 വര്‍ഷമാണ്. എന്നാൽ കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷം തടവായി വര്‍ധിപ്പിക്കാനും പരമാവധി ശിക്ഷ ജീവപര്യന്തമായി നിലനിര്‍ത്താനുമാണ് ശുപാര്‍ശ. കർശനവ്യവസ്ഥകളോടെ നിയമം നടപ്പാക്കാവൂ എന്നും കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിയമ കമ്മീഷന്‍ വ്യക്തമാക്കുന്നു.

എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്യും മുമ്പ് പ്രാഥമിക അന്വേഷണം നടത്തി കേന്ദ്രസര്‍ക്കാരോ, സംസ്ഥാന സര്‍ക്കാരോ റിപ്പോര്‍ട്ട് പരിശോധിച്ച് അനുമതി ന്‍കിയ ശേഷം മാത്രമേ എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. കൊളോണിയല്‍ നിയമമാണെന്നത് കൊണ്ട് മാത്രം നിയമം റദ്ദാക്കേണ്ടെന്ന് കമ്മീഷന്‍ പറയുകയും ചെയ്തു. ഇതേ കമ്മീഷനാണ് സിവിൽ കോഡിലും അഭിപ്രായം ആരാഞ്ഞിട്ടുള്ളത്.

നിമയ കമ്മീഷൻ്റെ കാലാവധി നീട്ടി നൽകി

ഇന്ത്യയുടെ 22ാമത് നിയമ കമ്മീഷന്റെ കാലാവധി 2024 ആഗസ്ത് 31 വരെ നീട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയായിരുന്നു. കമ്മീഷന്റെ മൂന്ന് വര്‍ഷത്തെ കാലാവധി ഫെബ്രുവരി 20ന് അവസാനിച്ചതാണ്. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടിനല്‍കിയത്.

നാലുവര്‍ഷത്തിന് ശേഷം 2020 ഫെബ്രുവരി 21നാണ് 22ാമത് ലോ കമ്മീഷന്‍ രൂപീകരിച്ചത്. 2022 നവംബര്‍ 9ന് കേന്ദ്രസര്‍ക്കാര്‍ 22ാമത് ലോ കമ്മീഷന്‍ ചെയര്‍പേഴ്‌സനായി കര്‍ണാടകയിലെ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയെയും മറ്റ് അഞ്ച് അംഗങ്ങളെയും നിയമിച്ചിരുന്നു. കമ്മീഷന്‍ ചെയര്‍പേഴ്‌സനും അംഗങ്ങളും അടുത്തിടെയാണ് ചുമതലയേറ്റത്. പ്രസക്തമല്ലാത്ത നിയമങ്ങള്‍ കണ്ടെത്തുകയും നിര്‍ദേശ തത്വങ്ങള്‍ നടപ്പിലാക്കുന്നതിനും ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ആവശ്യമാമാവുന്ന പുതിയ നിയമനിര്‍മാണങ്ങള്‍ നിര്‍ദേശിക്കുകയെന്നതാണ് നിയമകമ്മീഷന്റെ ചുമതല.

ലോ കമ്മീഷനില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയം 22ാമത് നിയമ കമ്മീഷന്‍ പരിഗണനയ്ക്കായി എടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍

തമിഴ് നാട്ടിൽ സിബിഐക്ക് കേസ് എടുക്കാൻ ഇനി സംസ്ഥാന സർക്കാരിൻ്റെ അനുമതി വേണം

 കേന്ദ്ര ഏജൻസികൾ സെക്രട്ടേറിയറ്റ് ഓഫീസിൽ വരെ കയറി നടപടി തുടങ്ങിയതോടെ നിലപാട് കടുപ്പിച്ച് തമിഴ് നാട്. സസ്ഥാനത്ത് ഇനി സിബിഐക്ക് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കോടതിയുടെയോ അനുമതി വേണം. സിബിഐക്കുള്ള പൊതുസമ്മതം തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. തമിഴ്‌നാട് ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. കേരളം ഉള്‍പ്പെടെയുള്ള ഒന്‍പത് സംസ്ഥാനങ്ങളില്‍ നേരത്തേ സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചിരുന്നു. ഈ പട്ടികയില്‍ ഇപ്പോള്‍ തമിഴ്‌നാടും ഉള്‍പ്പെട്ടു.

തമിഴ്‌നാട് വൈദ്യുതി മന്ത്രിയും ഡി.എം.കെ. നേതാവുമായ വി. സെന്തില്‍ ബാലാജിയെ കള്ളപ്പണം ആരോപിച്ച് ഇ.ഡി. അറസ്റ്റുചെയ്ത് മണിക്കൂറുകള്‍ക്കകമാണ് സര്‍ക്കാരിന്റെ പ്രതിരോധ നീക്കം. ഇ.ഡി. ചോദ്യം ചെയ്യുന്നതിനിടെ സെന്തില്‍ ബാലാജിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, കേരളം, മേഘാലയ, മിസോറാം, പഞ്ചാബ്, തെലങ്കാന, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഈ സ്ഥിതി നേരത്തേ ഉള്ളത്‌. സി.ബി.ഐ.ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രം കേസെടുക്കാവുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഇതോടെ പത്തായി.

.

ബസുകൾ ചീറിപ്പായും ബൈക്കുകൾ വേഗത കുറയ്ക്കണം, സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി

വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കി. ഇതു സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം ചർച്ച ചെയ്ത് തീരുമാനമായി. സംസ്ഥാനത്ത് 2014-ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് ഇപ്പോഴും നിലവിലുള്ളത്. ജൂലൈ ഒന്ന് മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരും. എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി ആധുനിക നിരത്തുകൾക്ക് അനുസൃതമായി പുനർനിർണയിക്കാൻ സർക്കാർ നിർബന്ധിതമാവുകയായിരുന്നു.

പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ

ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ്.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളില്‍ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും എന്നാണ് വിശദീകരണം. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. ഇരു ചക്രവാഹനങ്ങളാണ് റോഡ് അപകടങ്ങൾക്ക് കാരണം എന്ന മുൻവിധി അംഗീകരിക്കയാണ് ഇതോടെ ചെയ്തിരിക്കുന്നത്. ഇതര വാഹനങ്ങളുടെ അശ്രദ്ധയ്ക്കും നിയമ ലംഘനങ്ങൾക്കും ഏറ്റവും അധികം ഇരയാവുന്നത് ഇരു ചക്രവാഹനങ്ങളാണ്. നിയമ ലംഘനത്തിൽ മുന്നിൽ നിൽക്കുന്നത് സ്വകാര്യ ബസുകളാണ് എന്നതും പ്രത്യക്ഷമാണ്.

എന്നാൽ കേന്ദ്ര നിയമങ്ങൾ മറ്റ് എല്ലാ കാര്യത്തിലും പിഴ പിരിക്കുന്നതിലും പിന്തുടരാൻ നിർബന്ധിതമായ സാഹചര്യത്തിൽ വേഗ പരിധി കൂട്ടി നൽകേണ്ടത് സംസ്ഥാനത്തിൻ്റെയും ബാധ്യതയായി. എ ഐ ക്യാമറ അംഗീകരിക്കുന്ന നിയമം വെച്ച് ആരെങ്കിലും കോടതിയിൽ പോയാൽ പഴയ വേഗപരിധി സർക്കാരിന് വിനയാകുമായിരുന്നു.

ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ IAS, അഡീ. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ IOFS തുടങ്ങിയവര്‍ പങ്കെടുത്തു

ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിക്കാം; അറിയേണ്ട കാര്യങ്ങൾ

സംസ്ഥാനത്തെ സർക്കാർ- സ്വാശ്രയ കോളേജുകളിലെ 2023-24 വർഷത്തെ ബി.എസ്.സി. നഴ്സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെടി, ബി.പി.റ്റി. ബി.എ.എസ്സ് എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി ഒക്കുപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോ തെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
ഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അടക്കാം.

2023 ജൂൺ 7 മുതൽ ജൂൺ 30 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.
ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2013 ജൂലൈ 3.

യോഗ്യതകൾ

ബി.എസ്.സി നഴ്സിംഗ്, ബി.എ.എസ്സ്.എൽ.പി. ഒഴികെയുള്ള മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ ഫയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയാ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.

ബി.എ.എസ്സ്.എൽ.പി. കോഴ്സസിന് കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ +2 ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമറ്റിക്സ് കമ്പ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ്
സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി മാത്തമാറ്റിക്സ്/കമ്പ്യൂട്ടർ സയൻസ് സ്റ്റാറ്റിസ്റ്റിക് ഇലക്ട്രോണിക്സ്/ സൈക്കോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം. കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.

പ്രായം

അപേക്ഷാർത്ഥികൾ 2018 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചിരിക്കണം. ബി.എസ്.സി സിംഗ് കോഴ്സിനുള്ള ഉയർന്ന പ്രായപരിധി 31 വയസ്സാണ്. നിശ്ചിത പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല. പാരാമെഡിക്കൽ കോഴ്സുകൾക്ക് സർവ്വീസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധിയില്ല. ബി.എസ്. സി.(എം.എൽ.പി.), ബി.എസ്.സി.(ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സർവ്വീസ് കോട്ട യിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 11.12.2023 ൽ പരമാവധി 46 വയസ്സും ആയിരിക്കും.

പൗരത്വ നിയമഭേദഗതിക്കെതിരായ കുട്ടികൾ നടകം അവതരിപ്പിച്ചതിന് രാജ്യദ്രോഹ കേസ് ചുമത്തിയത് കർണ്ണാടക ഹൈക്കോടതി തള്ളി

കർണാടകയിൽ പൗരത്വ നിയമഭേദഗതിക്കെതിരെ നാടകം അവതരിപ്പിച്ച വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. പൗരത്വ നിയമത്തിനെതിരെ ബീദറിലെ സ്കൂളിൽ വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചത് 2020 ലാണ്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചായിരുന്നു കുട്ടികളുടെ നാടകം.

നാടകത്തിനെതിരെ എ.ബി.വി.പി നേതാവായ നീലേഷ് രക്ഷാലയയാണ് പരാതി നല്‍കിയത്. 2020 ജനുവരി 30ന് സ്കൂളിലെ പ്രധാന അധ്യാപികയെയും ഒരു വിദ്യാര്‍ഥിനിയുടെ മാതാവിനെയും അറസ്റ്റ് ചെയ്തു. സെക്ഷന്‍ 504 (സമാധാനം തകര്‍ക്കല്‍), സെക്ഷന്‍ 505 (2) (സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍), 124 (എ) (രാജ്യദ്രോഹക്കുറ്റം) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

കുട്ടികളുടെ നാടകത്തിന്‍റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ വലിയ വിമർശനം ഉയര്‍ന്നിരുന്നു. പ്രധാനാധ്യാപികയ്ക്കും കുട്ടിയുടെ മാതാവിനുമെതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് ബിദർ സെഷൻസ് കോടതി നേരത്തെ ഉത്തരവിടുകയുണ്ടായി. തുടർന്ന് മാനേജ്മെന്‍റ് പ്രതിനിധി ഉള്‍പ്പെടെ നാല് പേർക്കെതിരായ രാജ്യദ്രോഹക്കുറ്റത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇന്ന് വിധി വന്നത്.

കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ഇന്ത്യയെ കുറിച്ച് ഉത്കണ്ഠയില്ലെ, മറു ചോദ്യവുമായി സീതാറാം യെച്ചൂരി

കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ മാധ്യമങ്ങൾക്ക് ഇന്ത്യയെ കുറിച്ച് ഉൽകണ്ഠയില്ലെ എന്ന് അദ്ദേഹം തിരികെ ആരായുകയും ചെയ്തു.

‘സത്യത്തില്‍ കേസിന്റെ വിശദാംശങ്ങള്‍ എനിക്ക് അറിയില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടുതലായി എനിക്കൊന്നും കൂട്ടിച്ചേര്‍ക്കാനില്ല. മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് ചോദിക്കാനുണ്ടോ? കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ച് താത്പര്യമില്ല? നിങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ച് ചോദ്യങ്ങളില്ല!’, സീതാറാം യെച്ചൂരി തൃശ്ശൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ, ഡല്‍ഹിയില്‍വെച്ചും മാധ്യമങ്ങൾ ഇതേ ചോദ്യങ്ങൾ ആവർത്തിച്ചിരുന്നു. എനിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലെന്ന് പറഞ്ഞായിരുന്നു അന്ന് യെച്ചൂരി പ്രതികരിക്കാതിരുന്നത്. അതേസയമം, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ലെന്ന്, മോദി സര്‍ക്കാരില്‍നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒയുടെ വെളിപ്പെടുത്തലിനോട് യെച്ചൂരി പ്രതികരിച്ചിരുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ കാണിച്ച പ്രത്യക്ഷമായ മടി യെച്ചൂരി ചൂണ്ടികാണിക്കയായിരുന്നു.

‘മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അതിക്രൂരമായ രീതി. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു, അവരെ അധിക്ഷേപിക്കുകയും തെറ്റായ കാരണങ്ങള്‍ പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നു. എത്ര നിഷേധിച്ചാലും മോദി സര്‍ക്കാര്‍ മാധ്യമ ഉള്ളടക്കത്തെ കയ്യടക്കുന്നുണ്ടെന്ന സത്യം മറച്ചുവെക്കാനാകില്ല’, എന്നായിരുന്നു ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലിനോട് സി.പി.എം. ദേശീയ സെക്രട്ടറിയുടെ പ്രതികരണം.

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടി നയമല്ലെന്ന് കേരളത്തിലെ കേസിനോട് പ്രകാശ് കാരാട്ട് പ്രതികരിച്ചു. ജോലി ചെയ്യുന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ഉന്നംവെക്കുന്നത് പാര്‍ട്ടി നയമല്ല. തങ്ങളെ വിമര്‍ശിക്കുന്ന സാഹചര്യമുണ്ടായാലും സര്‍ക്കാരോ പാര്‍ട്ടിയോ മാധ്യമപ്രവര്‍ത്തകരെ ഉന്നംവെക്കില്ല. കേരളത്തിലെ സംഭവത്തില്‍ പരാതിക്കാര്‍ സര്‍ക്കാരല്ലെന്നും കാരാട്ട് വ്യക്തമാക്കി.

പാര്‍ട്ടി എന്നും മാധ്യമസ്വാതന്ത്ര്യത്തിനൊപ്പമാണെന്നായിരുന്നു സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ കേസെടുത്ത വിഷയം കേരളഘടകം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

പ്ലസ് വൺ അപേക്ഷയിലെ തിരുത്തലുകൾ നാളെ വ്യാഴാഴ്ച വരെ മാത്രം

ട്രയൽ അലോട്ട്മെന്റ്  പരിശോധിച്ച ശേഷം സമർപ്പിച്ച അപ്ലിക്കേഷനിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ ‘Edit Application’ എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ ജൂൺ 15ന് വൈകീട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം. 

ഒരു പ്രാവശ്യം അപ്ലിക്കേഷൻ എഡിറ്റ് ചെയ്തു കൺഫോം ചെയ്താൽ പിന്നീട് എഡിറ്റ് ചെയ്യാൻ കഴിയില്ല എന്ന് പ്രത്യേകം ഓർക്കണം

തെറ്റായ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. 

അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. സ്വന്തമായും ഹെൽപ് സെൻ്ററുകളിലും ഇത് ചെയ്യാം. അവസാന വട്ടം ഒരിക്കൽ കൂടി പരിശോധിച്ച ശേഷം അപഡേറ്റ് ചെയ്യുക

മണിപ്പൂരിനെ സംഘർഷ ഭൂമിയാക്കി വീണ്ടും ആക്രമണം, 9 പേർ കൊല്ലപ്പെട്ടു

ജനറൽ വിഭാഗത്തിന് ഗോത്ര പദവി നൽകാനുള്ള സംവരണ രാഷ്ട്രീയക്കളി സംഘർഷ ഭൂമിയാക്കിയ മണിപ്പൂരിൽ ഏറ്റുമുട്ടൽ തുടരുന്നു. കഴിഞ്ഞ ദിവസവും തുടർന്ന കലാപത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇംഫാൽ താഴ് വരയിലു ഖമൻലോങ് മേഖലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പിലാണ് ഒമ്പതുപേരും കൊല്ലപ്പെട്ടതെന്ന് സൈന്യത്തിൻ്റെ വിശദീകരണം. പരിക്കേറ്റ പലരും ഗുരുതരാവസ്ഥയില്‍ തുടരുന്നു. മേഖലയിൽ കർഫ്യൂ കർശനമാക്കി.

മണിപുരില്‍ മെയ്തി, കുകി സമുദായാംഗങ്ങള്‍ തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷമാണ്. സമാധാനശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സംഘര്‍ഷത്തില്‍ ഇതുവരെ നൂറോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സംഘർഷത്തെ തുടർന്ന് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിനുപേര്‍ക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്തിട്ടുണ്ട്.

ചെറിയ ജനസംഖ്യയുളള വികസനത്തിലേക്ക് എത്താൻ തുടങ്ങിയ സംസ്ഥാനത്തിന് ഉണക്കാനാവാത്ത മുറിവുകൾ നൽകി സംഘർഷ ഭൂമിയാക്കി തീർത്തിരിക്കയാണ്. ഗോത്രവർഗ്ഗങ്ങൾ മലകളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. 40,000 പേർക്ക് എങ്കിലും വീടും താമസ സ്ഥലവും നഷ്ടപ്പെട്ടു.

താഴ് വരയിൽ അവശേഷിക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രണമില്ലാത്ത ആക്രമണം തുടരുന്നു. അയൽ സംസ്ഥാനങ്ങളിലും ഇതുമൂലം അസ്വസ്ഥത പടരുന്നു. അഭയാർഥി പ്രവാഹം ഗോത്ര വർഗ്ഗങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

പരിഹാസം ചൊരിഞ്ഞവർക്ക് മുഴുവൻ വീഡിയോ കാണാം, മറുപടിയുമായി മന്ത്രി ആർ ബിന്ദു

സമൂഹ മാധ്യമങ്ങളിൽ പരിഹാസ വീഡിയോ പ്രചരിച്ചവർക്ക് ഉത്തവരുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും താൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്തതവേണ്ടവർ ട്വീറ്റിനൊപ്പം ചേർത്തിരിക്കുന്ന വീഡിയോ കാണൂ എന്നും മന്ത്രി ട്വിറ്ററിൽ പറഞ്ഞു.

ഇന്ത്യ ടുഡേയുടെ പരിപാടിയിൽ ജെൻഡർ സംബന്ധിച്ച വിഷയത്തിൽ അവതാരകയുടെ ചോദ്യത്തിന് മന്ത്രി പറഞ്ഞ മറുപടി ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിലെ ഒരു ചെറിയ ഭാഗം മാത്രം എഡിറ്റ് ചെയ്ത് മന്ത്രിയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തെ പരിഹസിക്കുന്നതായിരുന്നു വീഡിയോ.

‘നമുക്ക് കളിപ്പാട്ടങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങാം. ആൺകുട്ടികൾക്ക് തോക്കാണ് നൽകാറ്. ഇത് അവരെ അക്രമണസ്വഭാവമുള്ളവരാക്കാൻ വേണ്ടിയുള്ള നിശ്ശബ്ദ ഒരുക്കമാണ്. എന്നാൽ പെൺകുട്ടികൾക്ക് പാത്രങ്ങൾ, ബാർബിഡോൾ, അടുക്കള സെറ്റ്സ് തുടങ്ങിയവാണ് നൽകുന്നത്. നിങ്ങളുടെ സ്ഥാനം അടുക്കളയിലാണെന്ന് പറയാൻ കുട്ടിക്കാലം മുതൽക്കാരംഭിക്കുന്ന ഒരു സാമൂഹ്യമായ രൂപപ്പെടുത്തലാണ് ഇത്’,

ഇതിനിടെ ‘എന്താണ് നിങ്ങളുടെ ദിനചര്യ?’ എന്ന് അവതാരക മന്ത്രിയോട് ചോദിക്കുന്നുണ്ട്. അതിന് പറയുന്ന മറുപടിയിൽനിന്നുള്ള ഭാഗമാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ‘മന്ത്രി എന്ന നിലയിൽ എനിക്ക് ജനങ്ങളെ കാണേണ്ടതുണ്ട്. അതൊരു തിരക്കേറിയ ഷെഡ്യൂൾ ആണ്. ഇതോടൊപ്പം തന്നെ കുടുംബപരമായ കാര്യങ്ങളുടെ ചുമതലയും ഉണ്ട്. എവിടെയൊക്കെ ഞാൻ പോകുന്നുവോ അവിടെയൊക്കെ ഞാൻ എന്റെ അടുക്കളുയം തലയിലേറ്റിയാണ് പോകുന്നത്. കുടുംബം എന്ന ആശയം കരിയറിൽ ഉടനീളം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു’, എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇതിൽനിന്നുള്ള എഡിറ്റ് ചെയ്ത ഭാഗമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

സെക്രട്ടറിയേറ്റിലെ റെയിഡിന് പിന്നാലെ സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്തു, വണ്ടിയിൽ കുഴഞ്ഞ് വീണ് ആശുപത്രിയിൽ

ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് ജോലിക്ക് കോഴ വാങ്ങിയെന്ന കേസില്‍ തമിഴ്നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. 18 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് പിന്നാലെയാണ് മന്ത്രി ബോധം കെട്ട് വീണു. ഇ.ഡി നടപടി. ശക്തമായ പ്രതിഷേധങ്ങൾക്കിടെ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2011 ലെ കേസിലാണ് ഇപ്പോൾ ഇ ഡി നടപടി.

വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കരയുന്ന മന്ത്രിയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇ.ഡി നടപടിയില്‍ പ്രതിഷേധിച്ച് ആശുപത്രിക്ക് പുറത്ത് ഡി.എം.കെ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഉദനനിധി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

എ.ഐ.എ.ഡി.എം.കെ. ഭരണകാലത്തെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ജയലളിതയുടെ ഭരണകാലത്ത് 2011 മുതല്‍ 2015 വരെ ഗതാഗതമന്ത്രിയായിരുന്ന സെന്തില്‍ ബാലാജി പിന്നീട് ഡി.എം.കെ.യില്‍ ചേരുകയായിരുന്നു. ബാലാജിയുമായി ബന്ധപ്പെട്ട നാല്‍പ്പതോളം ഇടങ്ങളില്‍ കഴിഞ്ഞമാസം തുടര്‍ച്ചയായി എട്ടുദിവസം ആദായനികുതി റെയ്ഡ് നടന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ബാലാജിയുടെ ചെന്നൈയിലെയും ജന്മനാടായ കരൂരിലെയും വീടുകളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും അദ്ദേഹവുമായി അടുപ്പമുള്ളവരുടെ സ്ഥാപനങ്ങളിലും ഉള്‍പ്പെടെ പന്ത്രണ്ടിടത്ത് കഴിഞ്ഞ ദിവസം ഇ.ഡി. റെയ്ഡ് നടത്തിയത്.