അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കാനില്ലെന്ന് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസ്സി. 2026 ലോകകപ്പില്‍ താന്‍ പങ്കെടുക്കുമെന്ന് തോന്നുന്നില്ലെന്ന് മെസ്സി പറഞ്ഞു.
മെസ്സി പറഞ്ഞത്
‘ഞാന്‍ നേരത്തേ പറഞ്ഞതുപോലെ അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല, പക്ഷേ ഈ തീരുമാനം ഞാന്‍ മാറ്റിയിട്ടില്ല. അവിടെ ലോകകപ്പ് കാണാന്‍ ഇഷ്ടപ്പെടുന്നു, പക്ഷേ ഞാന്‍ പങ്കെടുക്കാന്‍ പോകുന്നില്ല’,
‘ലോകകപ്പ് വിജയത്തിന് ശേഷം ഞാന്‍ എന്റെ ഈ കരിയറില്‍ തൃപ്തനും നന്ദിയുള്ളവനുമാണ്. അതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് ഞാന്‍ വിചാരിക്കുന്നു’- മെസ്സി വേദനയോടെ പറഞ്ഞു. ചൈന ടിവിയോടായിരുന്നു മെസ്സിയുടെ പ്രതികരണം.
അമേരിക്കയും കാനഡയുമാണ് അടുത്ത ലോകകപ്പിന് വേദിയാവുന്നത്. (Lionel Messi claims he WON’T play at 2026 World Cup)
ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദമത്സരത്തിനായി അര്‍ജന്റീന ടീമിനൊപ്പം ബെയ്ജിങ്ങിലെത്തിയപ്പോഴാണ് മെസ്സി തന്റെ ലോകകപ്പ് ഭാവിയെക്കുറിച്ച് തുറന്നു പറഞ്ഞത്. ജൂണ്‍ 15-നാണ് ഓസ്‌ട്രേലിയയുമായുള്ള മത്സരം. നേരത്തേ ക്ലബ്ബ് ഫുട്‌ബോളില്‍ പിഎസ്ജി വിട്ട താരം മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് കൂടുമാറിയിരുന്നു.
2021 ല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എഫ്സി ബാഴ്‌സലോണ വിടേണ്ടി വന്ന താരം പിന്നീടുള്ള രണ്ടു വര്‍ഷം ഫ്രാന്‍സില്‍ പാരീസ് സെയിന്റ് ജെര്‍മെയ്നിന്റെ തട്ടകത്തിലായിരുന്നു. രണ്ടു വര്‍ഷമായിരുന്നു ക്ലബ്ബുമായി താരത്തിന്റെ കരാര്‍. ഈ വര്‍ഷം അവസാനിച്ച കരാര്‍ നീട്ടാന്‍ പിഎസ്ജി നേരത്തേ തയാറെടുത്തിരുന്നു. നിരന്തരമായ ചര്‍ച്ചകളും നടത്തിയി. താരത്തെ ക്യാമ്പ്‌നൗവിലേക്ക് മടക്കി കൊണ്ടുവരുന്നതിനായി ബാഴ്‌സയും ചരടുവലി ശക്തമാക്കി. ഇതിനിടെ, സൗദി ക്ലബ് അല്‍ ഹിലാലും രംഗത്തെത്തി. അമേരിക്കന്‍ ക്ലബ് ഇന്റര്‍ മിയാമി രണ്ടു വര്‍ഷം മുന്‍പ് തന്നെ മെസിയില്‍ നോട്ടമിട്ടിരുന്നു.
പി എസ് ജി വിട്ട് അമേരിക്കന്‍ ക്ലബ് ഇന്റര്‍ മിയാമിയിലേക്ക് ചെക്കറിയ മെസ്സി കരിയറിന്റെ അവസാന ഘട്ടത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത് ഉറപ്പിക്കുകയാണ് ലോകം.
തമിഴ്‌നാട് വൈദ്യുതിമന്ത്രി വി. സെന്തില്‍ ബാലാജിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലും വസതികളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. മന്ത്രിയുടെ ചേംബറിൽ കടന്നാണ് പരിശോധന. അമിത് ഷാ തമിഴ് നാട് സന്ദർശിച്ച് പാർട്ടി കരുനീക്കങ്ങൾ നടത്തിയതിന് തൊട്ടു പിന്നാലെയാണ് പരിശോധന.
ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്ത് എത്തി. എതിരാളികളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ രാഷ്ട്രീയം അധികകാലം തുടരില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ശ്രമിക്കുകയാണ്. രാജ്യം മുഴുവന്‍ ഇതിന് നിരവധി ഉദാഹരണങ്ങള്‍ ആവർത്തിക്കുന്നത് ചൂണ്ടിക്കാട്ടാനാകും. ഏത് അന്വേഷണത്തോടും പൂര്‍ണമായും സഹകരിക്കുമെന്ന് സെന്തില്‍ ബാലാജി വ്യക്തമാക്കിയിരുന്നു. എന്നിട്ടും സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറില്‍ റെയ്ഡ് നടത്തേണ്ട ആവശ്യമെന്താണ് ? സെക്രട്ടേറിയറ്റില്‍പോലും റെയ്ഡ് നടത്താന്‍ തങ്ങള്‍ക്കാവുമെന്ന് തെളിയിക്കാനാണോ ? അതോ ഭീഷണിപ്പെടുത്താനാണോ എന്നും മുഖ്യമന്ത്രി സ്റ്റാലിൻ ചോദിച്ചു.
രാഷ്ട്രീയ പ്രേരിതമായ റെയ്ഡാണ് നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി ചെന്നൈ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കകം നടത്തിയ റെയ്ഡിന്റെ അര്‍ഥമെന്താണ് ? സെക്രട്ടേറിയറ്റില്‍ നടത്തിയ റെയ്ഡ് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ്. ഭീഷണിയുടെ രാഷ്ട്രീയം ജനം കാണുന്നുണ്ടെന്നും സ്റ്റാലിന്‍ ഓർമ്മപ്പെടുത്തി.
ബിരുദതല മെഡിക്കല്‍ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള ഏകീകൃത പ്രവേശനപരീ- നീറ്റ് യു.ജി. (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ) 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു.
99.99% സ്‌കോറോടെ രണ്ട് പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. തമിഴ്‌നാട്ടില്‍നിന്നുള്ള പ്രബഞ്ചനും ആന്ധ്രാപ്രദേശില്‍നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ് ഒന്നാം റാങ്ക് നേടിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കൗസ്തവ് ബൗരിക്കാണ് മൂന്നാം റാങ്ക്. 23-ാം റാങ്ക് നേടിയ ആര്യ ആര്‍.എസ്.ആണ് ആദ്യ അന്‍പത് റാങ്കുകാരിലെ മലയാളി. ആദ്യ പത്ത് റാങ്കുകാരില്‍ ഒന്‍പതും ആണ്‍കുട്ടികളാണ്. ആദ്യ രണ്ടു റാങ്കുകാരും മുഴുവന്‍ മാര്‍ക്കും നേടി (720/720).
ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic.in –ല്‍ പരീക്ഷാഫലം പരിശോധിക്കാം.
എണ്ണത്തിൽ ഏറ്റവും കൂടുതല്‍പ്പേര്‍ യോഗ്യതനേടിയത് ഉത്തര്‍പ്രദേശില്‍നിന്നാണ്. മഹാരാഷ്ട്രയും രാജസ്ഥാനുമാണ് തൊട്ടുതാഴെ.
മേയ് ഏഴിനും ജൂണ്‍ ആറിനുമായിരുന്നു നീറ്റ് പരീക്ഷ. രാജ്യത്തെ 499 നഗരങ്ങളിലായി 4097 സെന്ററുകളില്‍ 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മേയ് ഏഴിന് നടത്തിയ പരീക്ഷയില്‍ 97.7 ശതമാനം പേരും ഹാജരായി. വിദേശത്ത് 48 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.
അഭിമാനമായി ആര്യ
കോഴിക്കോട് സ്വദേശിനിയായ ആര്യ ആര്‍.എസ് ആണ് കേരളത്തില്‍ ഒന്നാമത്. 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 720-ല്‍ 711 മാര്‍ക്ക് നേടി.
അഖിലേന്ത്യാ തലത്തില്‍ 23-ാം റാങ്കാണ് ആര്യ നേടിയത്. പെണ്‍കുട്ടികളുടെ റാങ്കില്‍ മൂന്നാം സ്ഥാനവും ആര്യ സ്വന്തമാക്കി. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ആര്യ പോലീസ് ഉദ്യോഗസ്ഥനായ തൂവക്കുന്നുമ്മല്‍ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ്.
അടുത്ത വർഷം മുതൽ പരീക്ഷ മാറും
ഈ പരീക്ഷാഫലത്തിന് പുതിയ വ്യവസ്ഥകള്‍ ബാധകമല്ല. ഒരേ മാര്‍ക്കു വന്നാല്‍ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്ന മുന്‍ഗണനാക്രമത്തില്‍ മാര്‍ക്ക് നോക്കിയാകും റാങ്ക് നിശ്ചയിക്കുക.
3 വിഷയങ്ങളിലും ഒരേ മാര്‍ക്കാണെങ്കില്‍ ഇതേ ക്രമത്തില്‍ ഓരോ വിഷയത്തിലും ശരിയുത്തരങ്ങളുടെ അനുപാതം കൂടുതലുള്ളയാള്‍ക്ക് ഉയര്‍ന്ന റാങ്ക് നല്‍കും.
നീറ്റ്–യുജി പരീക്ഷാ നടത്തിപ്പ്, കൗണ്‍സലിങ്, പാഠ്യപദ്ധതി തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിമുതല്‍ എന്‍എംസിക്കു കീഴിലെ യുജി മെഡിക്കല്‍ എജ്യുക്കേഷന്‍ ബോര്‍ഡിന്റെ (യുജിഎംഇബി) നേതൃത്വത്തിലായിരിക്കും. ഇക്കൊല്ലം വരെ പരീക്ഷാ നടത്തിപ്പ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍ടിഎ) ആയിരുന്നു.
ദേശീയപാതാ നിര്‍മാണത്തിനായി മണ്ണെത്തിക്കുന്ന ടോറസ് ലോറികളുടെ ഉടമയില്‍നിന്നു 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയും ഇടനിലക്കാരനെയും വിജിലന്‍സ് സംഘം പിടികൂടി. ആലപ്പുഴ ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എ.എം.വി.ഐ. എസ്. സതീഷ്, ഇടനിലക്കാരന്‍ സജിന്‍ ഫിലിപ്പോസ് എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരം 6.10-നു ഹരിപ്പാട് മാധവ ജങ്ഷനില്‍ സജിന്‍ ഫിലിപ്പോസ് ലോറിയുടമയില്‍നിന്നു വാങ്ങിയ പണം സതീഷിനു കൈമാറുമ്പോഴായിരുന്നു അറസ്റ്റ്.
മണ്ണുലോറികളില്‍ അമിതഭാരം കയറ്റുന്നതായി ആരോപിച്ച് മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കൽ നാടകം നടത്തിയിരുന്നു. ഇത് കൈക്കൂലി പിരിക്കുന്നതിനുള്ള വഴിയാക്കി മാറ്റിയാണ് തട്ടിപ്പ്. അടുത്തിടെ എസ്. സതീഷിന്റെ നേതൃത്വത്തില്‍ രണ്ടുവണ്ടികള്‍ക്ക് 42,000 രൂപ പിഴയീടാക്കിയിരുന്നു.
നടപടി വിവാദമായി എങ്കിലും നിയമപരമായി സാധൂകരിക്കുന്നതായിരുന്നു. ഇതിൻ്റെ മറവിൽ സതീഷ് ചില ലോറിയുടമകളില്‍നിന്ന് വണ്ടിയൊന്നിനു പ്രതിമാസം 3,000 രൂപവീതം കൈക്കൂലി ആവശ്യപ്പെട്ടു. വിലപേശലിനൊടുവില്‍ 1,000 രൂപയാക്കി കുറയ്ക്കാന്‍ സമ്മതിച്ചു. ഇങ്ങനെ 30 ലോറികള്‍ക്കായി 30,000 രൂപ തിങ്കളാഴ്ച നല്‍കണമെന്ന് ആവശ്യപ്പെട്ടു. വീതം വെക്കുന്ന നടപടിയായിരുന്നു.
എന്നാൽ ലോറിയുടമ ഇക്കാര്യം കോട്ടയം വിജിലന്‍സ് എസ്.പി.യെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ നോട്ടുമായി പരാതിക്കാരന്‍ മാധവ ജങ്ഷനില്‍ കാത്തുനിന്നു. ഇടനിലക്കാരനായ സജിന്‍ ഫിലിപ്പോസ് പണം വാങ്ങിയപ്പോഴേക്കും സതീഷ് ഔദ്യോഗികവാഹനത്തില്‍ സ്ഥലത്തെത്തുകയായിരുന്നു.
ദേശീയപാതാ നിര്‍മാണത്തിന് മണ്ണും മറ്റു നിര്‍മാണസാമഗ്രികളും എത്തിക്കുന്ന വാഹനങ്ങള്‍ പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും ചാകരയാണ്. അമിതഭാരം ആരോപിച്ചാണ് ഈ വാഹനങ്ങള്‍ പിടികൂടുന്നത്. വലിയ പിഴയും ചുമത്തും. പിന്നീട്, ഭീഷണിപ്പെടുത്തി വലിയതുക വണ്ടി ഓരോന്നിനും കരാറാക്കുന്നതാണ് രീതി.
ദേശീയപാതാ നിര്‍മാണത്തിനു കരാറെടുത്തിരിക്കുന്ന കമ്പനിയില്‍നിന്ന് ഉപകരാര്‍ നേടിയവരാണ് മണ്ണും മറ്റും സ്ഥലത്തെത്തിക്കുന്നത്. കായംകുളം കൊറ്റുകുളങ്ങര മുതല്‍ പറവൂര്‍ വരെയുള്ള ഭാഗത്ത് റോഡുനിര്‍മാണത്തിനായി പത്തനംതിട്ട ജില്ലയില്‍നിന്ന് മണ്ണെത്തിച്ചുതുടങ്ങിയ ആദ്യദിവസംതന്നെ കായംകുളത്ത് 36 ടോറസ് ലോറികളാണ് പോലീസ് പിടിച്ചിട്ടിത്.
അമിതഭാരം ആരോപിച്ച് വലിയ പിഴയും ഈടാക്കി. പിന്നീട് ടോറസ് ലോറി ഒഴിവാക്കിയാണ് കരാറുകാര്‍ മുന്നോട്ടുപോയത്. വലിയ മത്സരം നടക്കുന്ന മേഖലയായതിനാല്‍ നിരക്കു കുറച്ചാണ് ലോറിക്കാര്‍ സാധനങ്ങള്‍ കൊണ്ടുപോകാനുള്ള കരാറെടുക്കുന്നത്. ഇതിനാല്‍ ഉദ്യോഗസ്ഥര്‍ വലിയ പിഴ ഈടാക്കുമ്പോള്‍ ഉടമകള്‍ക്കു ബാധ്യതയുണ്ടാകും. ഇതിനാലാണ് പലരും ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കൊടുക്കാന്‍ നിര്‍ബന്ധിതരാകുതെന്ന് ലോറിയുടമകള്‍ പറയുന്നു.
ഇതേത്തുടര്‍ന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും അമിതഭാരത്തിന്റെ പേരില്‍ നടപടി തുടര്‍ന്നു.
കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടേയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന മുന്‍ ട്വിറ്റര്‍ സി.ഇ.ഒയും സഹസ്ഥാപകനുമായ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തൽ. കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ വിരുദ്ധ നടപടികളുടെ തുടർച്ചയായി ഇത് വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തി. വീടുകൾ റെയിഡ് ചെയ്യുമെന്ന വ്യക്തിപരമായ ഭീഷണികൾ വരെ തുറന്നു കാട്ടപ്പെട്ടു.
ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചിരുന്നു. 2021-ലായിരുന്നു രാഹുലിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചത്.
വീടുകൾ റെയിഡു ചെയ്യും എന്നു വരെ ഭീഷണി
‘കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നവരുടെയും സര്‍ക്കാരിനെ വിമര്‍ശിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടേയും അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യണമെന്ന് നിരന്തര സമ്മദര്‍ദം ട്വിറ്ററിനുണ്ടായിരുന്നു. പലതും ഭീഷണിയുടെ സ്വരമുള്ളതായിരുന്നു. ഇന്ത്യയില്‍ ട്വിറ്റര്‍ നിരോധിക്കുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നുള്‍പ്പടെ ഭീഷണിയുയര്‍ന്നു. ഇത് ഇന്ത്യയെന്ന ജനാധിപത്യ രാജ്യമാണ് നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഞങ്ങളുടെ ഓഫീസ് അടച്ചു പൂട്ടുമെന്നും ഒരു കൂട്ടര്‍ മുന്നറിയിപ്പു നല്‍കി’, എന്നായിരുന്നു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തല്‍.
പ്രതികരണവുമായി എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സമ്മര്‍ദ്ദമുണ്ടായതിനാലാണ് അവര്‍ രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് നിരോധിച്ചതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഡോര്‍സിയുടെ വെളിപ്പെടുത്തല്‍ ഭയപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
2014 മുതൽ 2020 വരെയുള്ള കാലയളവിൽ സോഷ്യൽ മീഡിയ കണ്ടൻ്റുകൾക്ക് എതിരായ നീക്കം 2000 മടങ്ങായി വർധിച്ചതായി നേരത്തെ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. 2021 ൽ 4,900 ട്വീറ്റുകൾ നീക്കം ചെയ്യിക്കയും അക്കൌണ്ടുകൾ മരവിപ്പിക്കയും ചെയ്തു. കോവിഡ് നേരിടുന്നതിലെ പരാജയത്തെ കുറിച്ച് പറയുന്നവയായിരുന്നു ഈ സമയത്ത് ഏറെയും. 2022 ൽ നിരന്തരമായ സെൻസറിങ് ശ്രമത്തിന് എതിരെ ട്വിറ്റർ കർണ്ണാടക ഹൈക്കോടതിയെ സമീപിക്കയും ചെയ്തു.
Jack Dorsey, former Twitter CEO alleges that during the farmer protest Indian govt pressurized us(Twitter) and said we will shut down Twitter in India, raid the homes of your employees if you don’t listen to us. pic.twitter.com/tnNYta5G20
‘മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അതിക്രൂരമായ രീതി. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു, അവരെ അധിക്ഷേപിക്കുകയും ചെയ്യുകയും തെറ്റായ കാരണങ്ങള്‍ പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാന്‍ കഴിയില്ല’ യെച്ചൂരി ട്വീറ്റ് ചെയ്തു.
നിഷേധങ്ങളും ഭീഷണിയുമാണ് മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശൈലി. കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാര്‍ജ് കൊണ്ടും മറ്റും എങ്ങനെ നേരിട്ടുവെന്ന് നാം കണ്ടതാണ്. ഒടുവില്‍ മോദിക്ക് പിന്‍വാങ്ങേണ്ടി വന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.
ഡോർസെ പറഞ്ഞത് പച്ചക്കള്ളം – മന്ത്രി രാജീവ് ചന്ദ്രശേഖർ
This is an outright lie by @jack – perhaps an attempt to brush out that very dubious period of twitters history
Facts and truth@twitter undr Dorsey n his team were in repeated n continuous violations of India law. As a matter of fact they were in non-compliance with law… https://t.co/SlzmTcS3Fa
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) June 13, 2023
ബേപ്പൂർ പോർട്ട് കൺസർവേറ്റർ വി വി പ്രസാദ്, സർവെയർ സെബാസ്റ്റ്യൻ എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇരുവരും ബോട്ട് ഉടമയെ നിയമവിരുദ്ധമായി സഹായിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തി.
22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ, പോർട്ട് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലിൽ തെളിവ് ലഭിച്ചതോടെയാണ് അറസ്റ്റ്. പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത 2 പേരെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തു. ബേപ്പൂർ പോർട്ട് കൺസർവേറ്റർ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്.
ഇവർ ബോട്ട് ഉടമയെ നിയമവിരുദ്ധമായി സഹായിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തി. മത്സ്യബന്ധന ബോട്ടായിരുന്നു ഇതെന്ന കാര്യം മറച്ചു വെച്ച്, പുതിയ ബോട്ടെന്ന നിലയിലാണ് അറ്റ്‌ലാന്റികിന് അനുമതി നല്‍കിയത്. ഓരോഘട്ടത്തിലും പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥനാണ് സര്‍വേയര്‍. എന്നാല്‍ പരിശോധന വിശദമായി നടത്തിയില്ല. പിന്നീട് മുകള്‍ത്തട്ടിലേക്ക് കോണി നിര്‍മ്മിച്ച കാര്യം സര്‍വേയര്‍ പരിശോധിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.
പ്ലസ് വൺ ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു ; ജൂൺ 15ന് വൈകീട്ട് 5 മണിവരെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാംl
ട്രയൽ അലോട്ട്മെന്റ് പരിശോധിച്ച ശേഷം സമർപ്പിച്ച അപ്ലിക്കേഷനിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ ‘Edit Application’ എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ ജൂൺ 15ന് വൈകീട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം. http://school.hscap.kerala.gov.in/index.php/candidate_login/
തെറ്റായ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും.
അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താവുന്നതാണ് .
അലോട്ട്മെൻറ് നിർണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ,ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ,താമസിക്കുന്ന പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങൾ,ടൈ ബ്രേക്കിന് പരിഗണിക്കുന്ന മറ്റു പഠ്യേതര പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ(കലാകായികമേളകൾ ക്ലബ്ബുകൾ മുതലായവ)എന്നിവ സംബന്ധിച്ച് നിങ്ങളുടെ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പുവരുത്തണം.
ഇത്തരം വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നാൽ പ്രവേശനം നിഷേധിക്കപ്പെടും അതുകൊണ്ട് തിരുത്തലുകൾ വരുവാനുള്ള ഈ അവസാന അവസരം ഫലപ്രദമായി വിനിയോഗിക്കുക
വാക്സിനെടുക്കാന്‍ കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ഐടി മന്ത്രാലയം. ഇതിനു പിന്നാലെ കോവിനില്‍ സുരക്ഷാ വീഴ്ചയില്ല എന്ന് അവകാശപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്ത് എത്തി. ഇതുസംബന്ധിച്ച് നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും കോവിന്‍ പോര്‍ട്ടല്‍ സുരക്ഷിതമാണ് എന്ന് മറുപടിയാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടായത്.
നൂറ് കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങളാണ് ചോർന്നത്. രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയുമെല്ലാം ആധാര്‍, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് വിവരങ്ങള്‍ മൊബൈല്‍ നമ്പര്‍, വിലാസം എന്നിവ ടെലഗ്രാമില്‍ ലഭ്യമായി. ആർക്കും വിവരങ്ങൾ എടുക്കാവുന്ന വിധം ടെലഗ്രാം ചാറ്റ് ബോട്ടിലാണ് ഇവ ലഭ്യമാവുന്നത്.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഗത്യന്തരമില്ലാതെ ഐടി മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. കോവിന്‍ പോര്‍ട്ടലില്‍ നിന്നല്ല വിവരം ചോര്‍ന്നത് എന്ന് പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു.
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ ടെലഗ്രാമിൽ ആർക്കും കാണാവുന്ന വിധം
ടെലഗ്രാമിലാണ് വിവരങ്ങള്‍ ലഭ്യമാകുന്നത്. വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ രജിസ്റ്റർ ചെയ്ത ഫോണ്‍ നമ്പർ നല്‍കിയാല്‍ ടെലഗ്രാമിലൂടെ ഏത് ഉന്നതരുടെയും വരെ സ്വകാര്യ വിവരങ്ങളെല്ലാം ലഭിക്കും. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ നല്‍കി ഫോണ്‍ നമ്പര്‍, ലിംഗം, ഐഡി കാര്‍ഡ് വിവരങ്ങള്‍, ജനന തീയതി എന്നിവ ടെലഗ്രാമില്‍ സന്ദേശമായി വരും. ഇന്ത്യക്കാരുടെ സമ്പൂർണ്ണ വിവരങ്ങൾ എന്നാണ് ചാറ്റ് ബോട്ട് അവകാശം.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പോലും ഒടിപി ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ മറികടക്കണം എന്നിരിക്കെയാണ് ടെലഗ്രാം ചാനലില്‍ ഈ വിവരങ്ങള്‍ ലഭ്യമാകുന്നത്.
മന്ത്രിമാരുടെ വരെ സ്വകാര്യ വിവരങ്ങൾ
രാജ്യത്തെ പൗരന്മാർ വാക്സീനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകളുടെ വിശദവിവരങ്ങൾ, ജനന വര്‍ഷം, വാക്സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് പുറത്തായത്. ഹാക്ക് ഫോർ ലേൺ എന്ന ടെലഗ്രാം ബോട്ടിലൂടെയാണ് വിവരങ്ങൾ ചോര്‍ന്നത്. വ്യക്തികളുടെ ഫോൺ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ ഒറ്റയടിക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന നിലയിലാണ് രേഖകൾ ചോർന്നത്. രാജ്യത്തെവിടെയിരുന്നും വിവരങ്ങള്‍ ചോര്‍ത്താവുന്ന സ്ഥിതിയാണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങള്‍ ഈ രീതിയില്‍ ലഭ്യമായതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നേരത്തെയും ചോർന്നു, അന്നും നിഷേധിച്ചു, കണ്ണടച്ചു
കോവിഡ് കാലത്ത് എറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഡാറ്റ ചോര്‍ച്ച. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ വ്യക്തി- ആരോഗ്യ വിവരങ്ങളുടെ വന്‍ കൈമാറ്റം നടന്നതായി പലവട്ടം ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ ഡാറ്റ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പേരും കോവിഡ് – 19 ഫലങ്ങളും ഉള്‍പ്പെടെ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങള്‍ ഒരു ഉള്ളടക്ക ഡെലിവറി നെറ്റ്‌വര്‍ക്ക് വഴി പരസ്യമാകുന്നു എന്നായിരുന്നു അന്നത്തെ വിഷയം.
വിവരച്ചോര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷേധിച്ചിരുന്നു. 2021 ജൂണിലാണ് ഇന്ത്യക്കാരുടെ വാക്സിനേഷന്‍ ഡാറ്റ പുറത്തായി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. 150 ദശലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു എന്നായിരുന്നു ആക്ഷേപം. എന്നാല്‍ വിവരങ്ങളുടെ ചോര്‍ച്ച നിഷേധിക്കുകയായിരുന്നു അന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചെയ്തത്.
പുതിയത് അല്ലെന്ന് മന്ത്രി
ഇപ്പോൾ പുറത്ത് വന്നത് മുൻ കാലങ്ങളിൽ ചോർന്ന വിവരങ്ങളാണെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൊവിൻ ആപ്പിൽ നിന്ന് നേരിട്ടല്ല വിവരങ്ങൾ ചോർന്നതെന്നും അദ്ദേഹം ന്യായീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലെ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിനോടാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവര ചോർച്ച അതീവ ഗുരുതരമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്.
ഏറ്റെടുത്ത് പ്രതിപക്ഷം
അതിനിടെ, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു പ്രതിപക്ഷം. ഡിജിറ്റല്‍ ഇന്ത്യ എന്ന് പറഞ്ഞ് നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പൗരന്റെ സ്വകാര്യത എന്ന അവകാശത്തെ മറക്കുകയാണോ എന്ന് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം ചോദിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ പറഞ്ഞു. സമഗ്രാന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
തെരുവുനായകളുടെ ആക്രമണ ഭീഷണി നിയന്ത്രിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉദാസീനത കാട്ടിയതായി തുറന്നടിച്ച് തദ്ദേശ സ്വയംഭരണമന്ത്രി എം.ബി രാജേഷ്. എങ്കിൽ പിന്നെ ഏതൊക്കെ സ്ഥാപനങ്ങളാണ് ഉദാസീനത കാട്ടിയത്. അവർ എന്തു കൊണ്ട് പ്രൊജക്ട് വെച്ചില്ല. ചിലർ ആലോചനയിൽ പോലും കൊണ്ടു വന്നില്ല. എങ്കിൽ എന്തു കൊണ്ട് എന്ന് വിശദീകരിക്കാൻ ഓരോ തദ്ദേശ പ്രതിനിധികൾക്കും ഉത്തരവാദിത്തമുണ്ട്.
പതിനൊന്ന് വയസായ സംസാര ശേഷിയില്ലാത്ത ഒരു കുഞ്ഞിനെ തെരുവ് നായ്ക്കൾ ആക്രമിച്ച് കടിച്ച് പറിച്ച് കൊന്നത് ഓരോ തദ്ദേശ ജനപ്രതിനിധിയോടും തങ്ങളുടെ ആശങ്ക പങ്കുവെക്കാനുള്ള ഉത്തവാദിത്തമായി മാറുകയാണ്. മന്ത്രി കൂടി കണക്കുകൾ നിരത്തി ഇക്കാര്യം ഉന്നയിക്കുക കൂടി ചെയ്തിരിക്കെ ജനങ്ങളുടെ അമർഷം വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.ബി രാജേഷ് പറഞ്ഞിരിക്കയാണ്.
ഉദാസീനത കാട്ടിയത് ആരൊക്കെ, ഇപ്പോഴല്ലെ മന്ത്രി വ്യക്തമാക്കേണ്ടത്
മന്ത്രിയുടെ വാക്കുകൾ
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും വാക്‌സിനേറ്റ് ചെയ്യാനുമുള്ള പ്രവര്‍ത്തനം ഊര്‍ജിതമായി കേരളത്തില്‍ നടക്കുകയാണ്. 2022 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2023 ജൂണ്‍ 11 വരെ 470534 നായ്ക്കളെ വാക്‌സിനേറ്റ് ചെയ്തു. ഇതില്‍ 438473 വളര്‍ത്തുനായ്ക്കളും 32061 തെരുവുനായ്ക്കളുമാണ്. 2016 മുതല്‍ 2022 ഓഗസ്റ്റ് 31 വരെ ആകെ 79859 തെരുവുനായ്ക്കളെയാണ് വന്ധ്യംകരിച്ചത്. 2022 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ 9767 നായ്ക്കളെ വന്ധ്യകരിച്ചു. നിലവില്‍ 19 എബിസി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 24 എണ്ണം കൂടി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 2022 സെപ്റ്റംബറില്‍ തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ നിയന്ത്രണത്തിനായുള്ള പ്രത്യേക പ്രോജക്ടുകള്‍ തയാറാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം 432 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 10.36 കോടി രൂപ പ്രത്യേക പ്രോജക്ടുകള്‍ക്കായി വകയിരുത്തി. 2022 സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ ഒരു മാസം തെരുവുനായ്ക്കള്‍ക്കായി തീവ്ര വാക്‌സിന്‍ യജ്ഞം നടത്തിയിരുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു. തെരുവുനായ്ക്കള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍, എബിസി കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രാദേശികമായ വലിയ എതിര്‍പ്പാണ് പല സ്ഥലങ്ങളിലും ഉണ്ടായത്. തലശ്ശേരിയില്‍ എബിസി കേന്ദ്രം അടച്ചുപൂട്ടേണ്ടിവന്നതും ഓര്‍ക്കേണ്ടതാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങിയ തീവ്രയത്‌നത്തിന്റെ ഫലമായി തെരുവുനായ ശല്യം ഗണ്യമായി കുറഞ്ഞപ്പോള്‍ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഉദാസീനത കാട്ടിയിട്ടുണ്ടെന്നതും വസ്തുതയാണ്.
നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ പരമാവധി നടത്തുകയാണ് സര്‍ക്കാരിന്റെ നയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാരും മാത്രമല്ല ജനങ്ങളാകെ സഹകരിച്ചാല്‍ മാത്രമേ ഈ വിപത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളൂ. മാലിന്യസംസ്‌കരണ പ്രവര്‍ത്തനവും ഫലപ്രദമായി നടത്തേണ്ടതുണ്ട്. മാലിന്യമുള്ള ഇടങ്ങളിലാണ് തെരുവുനായ്ക്കള്‍ കേന്ദ്രീകരിക്കുന്നത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ 11 വയസുകാരനായ നിഹാല്‍ നൗഷാദ് മരണമടഞ്ഞ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. തെരുവുനായശല്യം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് ഈ ദാരുണ സംഭവമുണ്ടായത് എന്നത് ആശങ്കയുളവാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ജാഗ്രതയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ആവശ്യമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
പാതി കേന്ദ്ര വിമർശനവും
മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. തെരുവുനായ ആക്രമണം രാജ്യത്താകെ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ പ്രശ്‌നം നിലനില്‍ക്കുകയാണ്. ബിഹാറിലെ ബെഗുസരായ് ജില്ലയില്‍ ഒന്‍പത് സ്ത്രീകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ എട്ടു മാസത്തിനിടെ 13 കുട്ടികളെ നായ്ക്കള്‍ കടിച്ചുകൊന്നു.
സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ തെരുവുനായ ശല്യം പൂര്‍ണമായും ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നത് കേന്ദ്ര നിയമത്തിലെ ചില വ്യവസ്ഥകള്‍ മൂലം ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടാണ്. തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നത് തടയാനുള്ള നിയമനടപടികള്‍ കൂടുതല്‍ എളുപ്പമാകേണ്ടതുണ്ട്. പ്രായോഗികത കണക്കിലെടുത്ത് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എബിസി) റൂള്‍സ് 2001 ഭേദഗതി ചെയ്താല്‍ മാത്രമേ ഫലപ്രദമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അനുമതിയുണ്ടെങ്കിലും അക്രമകാരികളായ തെരുവുനായ്ക്കളെ ഒഴിവാക്കാന്‍ കേന്ദ്രനിയമം അനുവദിക്കുന്നില്ല. അക്രമകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ കൊല്ലാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. ആവശ്യം നിരാകരിക്കപ്പെട്ടുവെന്ന് മാത്രമല്ല, ഇതിന്റെ പേരില്‍ കേരളത്തിനെതിരെ വലിയ കാമ്പയിന്‍ ദേശീയതലത്തില്‍ തന്നെ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു.
പ്രയാസങ്ങളും നിയമ വ്യവസ്ഥകളും പറഞ്ഞാൽ നായകളുടെ ആക്രമണവും പെരുപ്പവും കുറയുമോ
എബിസി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര ചട്ടങ്ങള്‍ 2023 മാര്‍ച്ച് 10-ന് പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപ്രകാരം ചട്ടത്തില്‍ നിര്‍ദേശിക്കുന്ന ബോര്‍ഡിന്റെ അംഗീകാരത്തോടു കൂടി മാത്രമേ എ ബി സി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പാടുള്ളൂ. നിലവിലുള്ള കേന്ദ്രവ്യവസ്ഥകള്‍ പ്രകാരം തെരുവുനായ ശല്യം നിയന്ത്രിക്കുക ദുഷ്‌കരമാണ്. വ്യാജ പരാതികളുടെ പേരിലും ഉദ്യോഗസ്ഥരെ വിളിച്ച് ശാസിക്കുന്ന അനുഭവങ്ങളുണ്ടായി. കേന്ദ്ര വ്യവസ്ഥകളനുസരിച്ച് എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനോ പ്രവര്‍ത്തിക്കാനോ വളരെയധികം ബുദ്ധിമുട്ടുണ്ട്. എസി യുള്ള ഓപ്പറേഷന്‍ തിയേറ്ററിലായിരിക്കണം വന്ധ്യംകരണം, നാല് ദിവസം ശുശ്രൂഷിക്കണം, മുറിവുണങ്ങിയ ശേഷം മാത്രമേ നായ്ക്കളെ വിടാന്‍ പാടുള്ളൂ എന്നീ വ്യവസ്ഥകളുണ്ട് കേന്ദ്ര നിയമത്തില്‍. വളരെ കര്‍ശനമായ കേന്ദ്ര നിയമങ്ങള്‍ ഇളവുചെയ്താല്‍ മാത്രമേ ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുകയുള്ളൂ.
ഈ വര്‍ഷം പത്താം ക്ലാസ് പാസ്സായ എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കും. സര്‍ക്കാര്‍ സ്‌കൂളിനൊപ്പം എയ്ഡഡ് മേഖലയിലും അധിക ബാച്ചിന് അനുമതി നല്‍കും. താല്‍ക്കാലിക ബാച്ചുകളാണ് അധികം അനുവദിക്കുക. വിദ്യാഭ്യാസ-തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കോഴിക്കോട്ട് പറഞ്ഞു.
ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ സ്ഥാപനങ്ങളിലും കുട്ടികള്‍ ജോലി ചെയ്യുന്നില്ല എന്ന ബോര്‍ഡ് നിര്‍ബന്ധമാക്കിയെന്ന് മന്ത്രി അറിയിച്ചു
മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്നത് അനാവശ്യ വിവാദമാണ്. മറ്റ് ജില്ലകളില്‍ ഒഴിഞ്ഞ് കിടക്കുന്ന 14 ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റും. മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
പ്ലസ് വൺ സീറ്റ് പ്രശ്നത്തിന് അടുത്ത വർഷത്തോടെ ശാശ്വത പരിഹാരം
പ്ലസ് വണ്‍ സീറ്റ് പ്രവേശനത്തില്‍ അടുത്ത വര്‍ഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാവുമെന്നും ഇതിനായി സാധ്യമായത് എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ ആകെ 4,59,330 അപേക്ഷകരാണ് ഉള്ളത്. ഗവണ്‍മെന്റ്, എയ്ഡഡ് സീറ്റുകളുടെ എണ്ണം 3,70,590. വി.എച്ച്.എസ്.ഇ.- 33,030. അണ്‍ എയ്ഡഡ് 54,585. ആകെ സീറ്റുകള്‍ 4,58,205. മലപ്പുറത്ത് ആകെ അപേക്ഷകര്‍ 80,922. ഗവണ്‍മെന്റ്, എയ്ഡഡ് സീറ്റുകള്‍ 55,590. അണ്‍ എയ്ഡഡ് സീറ്റുകള്‍ 11,286. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി 2,820. അണ്‍ എയ്ഡഡില്‍ ഒരാള്‍ പോലും ചേരുന്നില്ലായെങ്കില്‍ ഇനി വേണ്ട സീറ്റുകള്‍ 22,512. അണ്‍ എയ്ഡഡ് കൂടി പരിഗണിക്കുകയാണെങ്കില്‍ 11,226. ഈ വര്‍ഷം എസ്.എസ്.എല്‍.സി. പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകള്‍ അനുവദിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ ഉച്ച ഭക്ഷണത്തിനുള്ള ഫണ്ട് വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.