ബ്രിജ് ഭൂഷൻ്റെ ആളുകൾ ഭീഷണിപ്പെടുത്തുന്നു, പൊലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടു – സാക്ഷി മാലിക്

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികപീഡന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത താരം മൊഴിമാറ്റിയതിന് പിന്നില്‍ സമ്മര്‍ദവും ഭീഷണിയുമാണെന്ന് ഒളിമ്പ്യന്‍ സാക്ഷി മാലിക്. അനുരഞ്ജനത്തിലെത്താന്‍ ഗുസ്തിതാരങ്ങള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്റെ ആളുകള്‍ ഇതേ ആവശ്യവുമായി ഭീഷണിസ്വരത്തില്‍ നിരന്തരം വിളിച്ച് ശല്യംചെയ്യുകയാണെന്നും എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ സാക്ഷി മാലിക് വ്യക്തമാക്കി.

പരാതി പിന്‍വലിക്കുന്നതിനായി തങ്ങള്‍ക്കുമേലുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പിതാവ് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും ദേശീയ താരങ്ങളായ ബജ്‌റംഗ് പുനിയയും സാക്ഷി മാലിക്കും പറഞ്ഞു. അധികാരവും സ്വാധീനവും ഉപയോഗിച്ച് കേസന്വേഷണത്തേയും പരാതിക്കാരേയും സാക്ഷികളേയും ഭയപ്പെടുത്താന്‍ ശേഷിയുള്ള വ്യക്തിയായതിനാല്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് തങ്ങള്‍ പ്രതിഷേധസമരം ആരംഭിച്ചതുമുതല്‍ ആവശ്യപ്പെടുകയാണെന്നും സാക്ഷി മാലിക് കൂട്ടിച്ചേര്‍ത്തു. പക്ഷപാതരഹിതമായ അന്വേഷണത്തിന് ബ്രിജ് ഭൂഷന്റെ അറസ്റ്റ് അനിവാര്യമാണെന്നും സാക്ഷി പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന കാര്യം പുനപരിശോധിക്കുമെന്നും സൂചിപ്പിച്ചു.

ജൂണ്‍ പതിനഞ്ചിന് ശേഷം പ്രതിഷേധസമരം സംബന്ധിച്ചുള്ള ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് ശനിയാഴ്ച നടന്ന മഹാപഞ്ചായത്തില്‍ തീരുമാനിച്ചതായി ബജ്‌റംഗ് പുനിയ അറിയിച്ചു. കേസന്വേഷണത്തിനായി കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ അനുവദിച്ചുനല്‍കിയ സമയപരിധി ജൂണ്‍ പതിനഞ്ചിനാണ് അവസാനിക്കുന്നത്. ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യത്തില്‍ നിന്ന് പിന്‍മാറാന്‍ ഒരുക്കമല്ലെന്നും പോലീസ് അന്വേഷണത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ബജ്‌റംഗ് പുനിയ കൂട്ടിച്ചേര്‍ത്തു.

എഴുതാത്ത പരീക്ഷ ജയിച്ച വിവാദത്തിൽ ആർഷോയുടെ പരാതിയിൽ അധ്യാപകനും മാധ്യമ പ്രവർത്തകയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പ്

മഹാരാജാസ് കോളിജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിൽ മാധ്യമ പ്രവർത്തക ഉൾപ്പെടെയുള്ളവർക്ക് എതിരെ പൊലീസ് കേസ്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, കോഴ്സ് കോ-ഓർഡിനേറ്റർ, മാധ്യമപ്രവർത്തക എന്നിവരടക്കം അഞ്ചുപേർക്കെതിരേ ഗൂഢാലോചനാ കേസാണ് എടുത്തിരിക്കുന്നത്.

മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിൽ ഒന്നാം പ്രതി. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ കേസിൽ മൂന്നാം പ്രതിയുമാണ്. മഹാരാജാസിലെ വിദ്യാർഥി സി.എ. ഫാസിലാണ് കേസിലെ നാലാം പ്രതി. ഇവർക്കുപുറമെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതിയാണ്.

കോഴ്സ് കോ-ഓർഡിനേറ്ററും പ്രിൻസിപ്പലും ചേർന്ന് ആർഷോയെ അപകീർത്തിപ്പെടുത്താൻ വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മറ്റ് പ്രതികൾ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഈ വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ ആരോപിക്കുന്നു. പ്രതികൾക്കെതിരെ വ്യാജരേഖ ചമയ്ക്കലും ഗൂഢാലോചനയും അടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മാധ്യമ പ്രവർത്തകയ്ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത് വിദ്യ എന്ന പൂർവ വിദ്യാർത്ഥി വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ വാർത്ത ചെയ്യുന്നതിനിടെ ഉണ്ടായി ഒരു പരാമർശമാണ്. അതിൻ്റെ ഒടുവിൽ ഒരു കെ എസ് യു പ്രവർത്തകൻ്റെ ബൈറ്റിൽ അയാളാണ് ആർഷോക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. അത് ഒരു ആരോപണമായി തന്നെയാണ് അഖില പ്രസൻ്റ് ചെയ്യ്തത് എന്നാണ് മാധ്യമ മേഖലയിൽ നിന്നുള്ള വിശദീകരണം

കോൺഗ്രസ് പുനസംഘടനാ തർക്കം കോടതിയിൽ

 കോൺഗ്രസ് പുനസംഘടനാ തർക്കം കോടതിയിലേക്ക്. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹർജി. കണ്ണൂർ മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ വി സനിൽ കുമാറാണ് കോടതിയെ സമീപിച്ചത്. പ്രസിഡന്റുമാരുടെ നിയമനം പാർട്ടി ഭരണഘടനയ്ക്കെതിരെയാണെന്നാണ് ഹർജിയിൽ പറയുന്നത്. തളിപ്പറമ്പ് മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഖെ, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തുടങ്ങിയവരെ പ്രതി ചേർത്താണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 

വി. ഡി സതീശനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ ഗ്രൂപ്പ് നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കാൻ തീരുമാനിച്ചതായും വാർത്തയുണ്ടായി. കോൺഗ്രസ് പുനസംഘന പ്രശ്‌നത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ സമവായചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സൗകര്യാർത്ഥം നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കും. ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ അർഹമായ പ്രതിനിധ്യമില്ലെന്നറിയിച്ച് ദളിത് നേതാക്കളും ഖാർഗെയ്ക്ക് പരാതി നൽകും.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരുടെ ലിസ്റ്റിൽ ഗ്രൂപ്പുകളെ വെട്ടിനിരത്തിയത് പ്രതിപക്ഷനേതാവാണെന്നാരോപിച്ചാണ് നേതാക്കളുടെ സംയുക്തനീക്കം. മുതിർന്ന നേതാക്കളെ സതീശൻ അവഗണിക്കുന്നുവെന്നും ഗ്രൂപ്പുകൾ ആരോപിച്ചു. പ്രശ്‌നത്തിൽ കേരളത്തിന്റെ ചുമതലയുള്ള താരീഖ് അൻവർ നേതൃത്വത്തിനൊപ്പം നിന്നതായും പരാതി ഉയർത്തി.

“ഗോഡ്സെ ഇന്ത്യയുടെ സൽപുത്രൻ”, കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

നാഥുറാം ഗോഡ്‌സെ ഇന്ത്യയുടെ വിലപ്പെട്ട മകനായിരുന്നെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ബാബറിനെയും ഔറംഗസീബിനെയും പോലെ ഇന്ത്യയില്‍ അധിനിവേശം നടത്തിയ ആളായിരുന്നില്ല ഗാന്ധിയുടെ ഘാതകന്‍. അദ്ദേഹം ഇന്ത്യക്കാരനായിരുന്നു, ഗിരിരാജ് സിങ് പറഞ്ഞു. ഛത്തീസ്ഗഢില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കെയാണ് ഗാന്ധി ഘാധകനെ വീരപുത്രനാക്കിയത്.

ബാബറിന്റെയും ഔറംഗസീബിന്റെയും മക്കളെന്ന് വിശേഷിപ്പിക്കുന്നതില്‍ സന്തോഷിക്കുന്നവര്‍ക്ക് ഭാരതമാതാവിന്റെ യഥാര്‍ഥ മക്കളാകാന്‍ കഴിയില്ലെന്നും ഗിരിരാജ് പറഞ്ഞു.

മഹാരാഷ്ട്രയിലെ കൊലാപുരില്‍ അടുത്തിടെ ഔറംഗസീബിനെയും ടിപ്പു സുല്‍ത്താനെയും കുറിച്ചുള്ള സമൂഹമാധ്യമ ട്വീറ്റുകള്‍ക്കെതിരേ ഹിന്ദുത്വ സംഘടനകള്‍ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. അക്രമാസക്തമായി തീർന്ന പ്രതികരണങ്ങൾ ക്രമസമാധാനം തകർത്തു. തുടർന്ന് ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ രംഗത്ത് എത്തി. ഔറംഗസീബിനെ മഹത്വവത്കരിച്ചാല്‍ പ്രതികരണമുണ്ടാകുമെന്നും ഇപ്പോള്‍ പെട്ടെന്ന് ചില ജില്ലകളില്‍ ഔറംഗസീബിനെ പിന്തുണക്കുന്നവര്‍ രംഗത്തെത്തിയിരിക്കുകയാണെന്നും ഫഡ്‌നാവിസ് അന്ന് പ്രസ്താവിച്ചിരുന്നു.

ഇതിനെതിരേ എ.ഐ.എം.ഐ.എം. നേതാവ് ഉവൈസി പ്രതികരിച്ചിരുന്നു. ഫഡ്‌നാവിസ് ‘ഇത്രയും വിദഗ്ധനായ ബി.ജെ.പി. നേതാവാ’യ കാര്യം അറിഞ്ഞില്ലെന്നായിരുന്നെന്നും ഗോഡ്‌സെയുടെ സന്താനങ്ങളെന്ന് വിളിക്കാനും ഉവൈസി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഉവൈസിയുടെ ഈ പരാമര്‍ശത്തിനെതിരെയാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശമുണ്ടായിരിക്കുന്നത്.

ബിഹാറിൽ ഭൂമിഹാറുകൾക്ക് ആധിപത്യമുള്ള ബെഗുസറായി മണ്ഡലത്തിൽ നിന്നും തിരഞ്ഞടുക്കപ്പെട്ട എം പിയാണ് അടിയുടറച്ച മോഡി ഭക്തനായ ഗിരിരാജ് സിങ്ങ്.

ലോറികളിൽ ഡ്രൈവറും സഹായിയും സീറ്റ് ബെൽറ്റ് ധരിക്കണം

കാബിനുള്ള ബസുകളില്‍ (ടൂറിസ്റ്റ് കോണ്‍ട്രാക്ട് കാര്യേജുകള്‍) ഡ്രൈവര്‍ക്കും മുന്നില്‍ ഡ്രൈവറുടെ ഇടതുവശത്ത് ഇരിക്കുന്നയാള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. കാബിനില്ലാത്ത റൂട്ട് സര്‍വീസ് ബസുകളിൽ ഡ്രൈവര്‍ക്ക് മാത്രമാണ് സീറ്റ് ബെല്‍റ്റ് ബാധകം. ലോറികളില്‍ ഡ്രൈവറും സഹായിയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം എന്നും നിബന്ധനയുണ്ട്.

കേന്ദ്ര ഗതാഗത നിയമമനുസരിച്ചാണ് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം നടപ്പാക്കുന്നത്. സീറ്റ് ബെല്‍റ്റ് ഇല്ലാത്ത വാഹനങ്ങളില്‍ അവ ഘടിപ്പിക്കുന്നതിനാണ് സെപ്റ്റംബര്‍വരെ സമയം അനുവദിച്ചിട്ടുള്ളത്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഉണ്ടാകാറുണ്ട്. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യബസുകാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്യുന്നതും പതിവായിരുന്നു.

ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും സെപ്റ്റംബര്‍ ഒന്നുമുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി.ക്കും നിയമം ബാധകമാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍നിന്ന് പിഴയീടാക്കും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ക്യാമറ വന്നതോടെ ഹെവി വാഹനങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന രീതി നടക്കില്ല. വിശേഷിച്ചും ലോറികളും സ്വകാര്യ ബസുകളും റഡാറിൽ വരും.

ബസ്സപകടങ്ങളില്‍ ഡ്രൈവര്‍ സീറ്റില്‍നിന്ന് തെറിച്ചുപോകുന്നത് ഒഴിവാക്കാനാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്. വടക്കഞ്ചേരിയില്‍ ഒമ്പതുപേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസ്, കെ.എസ്.ആര്‍.ടി.സി. ബസിനുപിന്നില്‍ ഇടിച്ചപ്പോഴേ ഡ്രൈവര്‍ സീറ്റില്‍നിന്ന് തെറിച്ച് താഴെവീണിരുന്നു. ടൂറിസ്റ്റ് ബസ് നിയന്ത്രണംതെറ്റി മുന്നോട്ടോടിയാണ് മറിഞ്ഞത്. അപകടത്തിന്റെ ആഘാതത്തില്‍ ഡ്രൈവര്‍ക്ക് സ്റ്റിയറിങ് നിയന്ത്രണം നഷ്ടമായാലും സീറ്റിലുണ്ടെങ്കില്‍ പിന്നീട് വാഹനം നിയന്ത്രിക്കാനാകും എന്ന സൌകര്യമുണ്ടെന്ന കാര്യവും ചൂണ്ടി കാട്ടി

ന്യൂക്ലിയർ വിവരങ്ങളും യുദ്ധ രഹസ്യങ്ങളും കുളിമുറിയിൽ, ട്രംപിനെതിരെ കുറ്റപത്രം

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ന്യൂക്ലിയര്‍ വിവരങ്ങള്‍ടക്കമുള്ള അമേരിക്കയുടെ രഹസ്യ രേഖകള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതായി കുറ്റപത്രം. യുദ്ധ രഹസങ്ങൾ ഉൾപ്പെടുന്ന മിലിട്ടറി പ്ലാനുകള്‍ അടക്കമുള്ള ക്ലാസിഫൈഡ് ഗണത്തിലുള്ള രേഖകള്‍ ട്രംപ് കുളിമുറിയിലും ഹാളിലും സൂക്ഷിച്ചതായി വരെ കണ്ടെത്തിയതായി കുറ്റപത്രം പറയുന്നു. വസതിയിലെ കുളിമുറിയിലും ഹാളിലുമായാണ് ക്ലാസിഫൈഡ് സ്വഭാവമുള്ള രേഖകള്‍ സൂക്ഷിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരോടെ നുണ പറഞ്ഞു. ഇതിനു മേലുള്ള അന്വേഷണം തടസപ്പെടുത്താനും ട്രംപ് ശ്രമിച്ചുവെന്നും കുറ്റപത്രം വിശദമാക്കുന്നു.

എഫ്ബിഐയില്‍ നിന്ന് രഹസ്യ രേഖകള്‍ ഒളിച്ച് വച്ചതിന് ട്രംപിന്‍റെ സഹായി വാള്‍ട്ട് നോട്ടയ്ക്ക് എതിരെയും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രസിഡന്‍റ് പദവിയൊഴിഞ്ഞ ട്രംപ് ക്ലാസിഫൈഡ് സ്വഭാവമുള്ള 300 രേഖകള്‍ പാം ബീച്ചിലെ മാര്‍ എ ലാഗോ എന്ന ആഡംബര വസതിയിലേക്ക് മാറ്റി. ഇതൊരു സ്വകാര്യ ക്ലബ്ബ് കൂടിയാണ്. അമേരിക്കയുടെ മുന്‍ പ്രസിഡന്‍റിനെതിരെ ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ ചുമത്തിക്കൊണ്ടുള്ള ആദ്യ കുറ്റപത്രമാണ് ഇത്. ആയിരക്കണക്കിന് അതിഥികളും ക്ലബ്ബ് അംഗങ്ങളും പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുന്ന ഇടത്താണ് ക്ലാസിഫൈഡ് സ്വഭാവമുള്ള രേഖകള്‍ അലക്ഷ്യമായി സൂക്ഷിച്ചത്.

2024ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. ഇതിനിടയിൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് വാദിക്കുന്നത്.

ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം, സെപ്റ്റംബർ മുതൽ പിഴ ഈടാക്കും

 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും ഡ്രൈവറോടൊപ്പമുള്ള ക്യാബിനില്‍ ഇരിക്കുന്ന വ്യക്തിക്കുമായിരിക്കും സീറ്റ് ബെല്‍റ്റ് ബാധകമാകുകയെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (Seat Belt, Heavy Vehicle,)

കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് തീരുമാനം ബാധകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആരാണ് നിയമ ലംഘനം നടത്തുന്നതും മറച്ചു വെക്കുന്നതും

എന്നാൽ ഹെവി വാഹനങ്ങളിൽ നിർമ്മിത മോഡലുകൾക്ക് സീറ്റ് ബെൽറ്റ് സംവിധാനം ഘടിപ്പിച്ചല്ല പുറത്തിറങ്ങുന്നത്. ഇത് എങ്ങിനെ നടപ്പാക്കും എന്ന പ്രായോഗിക പ്രശ്നമുണ്ട്. മാത്രമല്ല വാഹനങ്ങൾ വിൽക്കുമ്പോൾ തന്നെ ഇവ ഘടിപ്പിക്കണം എന്നു നിഷ്കർഷിക്കുന്നുമില്ല. നിയമം നടപ്പാക്കുകയും സർക്കാർ പക്ഷത്തു നിന്ന് ചെയ്യേണ്ട പ്രഥമിക നിഷ്കർഷകൾ തന്നെ ഇല്ലാതിരിക്കയും ചെയ്യുന്നത് സംശയങ്ങളും വിമർശനവും ഉയർത്തുന്നുണ്ട്. ടിപ്പർ ലോറികൾ, മത്സ്യവും മറ്റും കയറ്റി കൊണ്ടു പോകുന്ന ഇടത്തരം ലോറികൾ, മിനി കണ്ടെയിനർ വണ്ടികൾ എന്നിവയെല്ലാം റോഡിൽ മരണപ്പാച്ചിൽ നടത്തുന്നവയാണ്.

നേരത്തെ യാത്രക്കാരെ കയറ്റുന്ന ബസുകളിൽ സ്പീഡ് ഗവർണർ നിബന്ധന കൊണ്ടു വന്നിരുന്നു. ഇത് അഴിച്ചിട്ടാണ് ഇപ്പോൾ വാഹനങ്ങൾ കുതിക്കുന്നത്. സ്വകാര്യ ബസുകളെ കൃത്യമായി നിരീക്ഷിച്ചാൽ തന്നെ റോഡപകടങ്ങൾ കുറയും. എന്നാൽ സംഘടതി ശക്തിയായാണ് ഇത്തരം വാഹനങ്ങളുടെ നിയമ ലംഘനങ്ങൾ മറയ്ക്കപ്പെടുന്നത്. സർക്കാർ സംവിധാനങ്ങൾ ഇതിനു മുന്നിൽ നിശ്ശബ്ദത പാലിക്കാറാണ്. പൊലീസ് പരിശോധന സംബന്ധിച്ചും പരാതികളുണ്ട്. ഏതെങ്കിലും സംന്ദർഭങ്ങളിൽ എന്തെങ്കിലും പരാതിയെ പ്രത്യേക സാഹചര്യമോ ഉണ്ടാകുമ്പോൾ മാത്രമാണ് മുഖം രക്ഷിക്കൽ നടപടി ഉണ്ടാവാറുള്ളത്.

കേരളത്തിലെ ഏറ്റവും വലിയ നിയമ ലംഘകർ ഇരുചക്രവാഹനക്കാരാണ് എന്ന മട്ടിലാണ് സർക്കാരും ഗതാഗത പൊലിസ് അധികാരികളും പ്രതികരിക്കുന്നത്. ഏറ്റവും അധികം ഇതര വാഹനങ്ങളുടെ നിയമ ലംഘനങ്ങൾക്ക് ഇരയാവുന്നത് ഇരു ചക്രവാഹനം ഓടിക്കുന്നവരാണ്.

രണ്ടു പേരും ഹെൽമറ്റ് ധരിക്കണം, കുട്ടികളെ സ്കൂളിലാക്കാനും വയ്യ

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന രണ്ട് പേരും ഹെല്‍മറ്റ് ധരിക്കണം. ഇതില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അത് നിയമലംഘനമായി കണക്കാക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ശരാശരി 12 പേരാണ് ഒരു ദിവസം റോഡപകടങ്ങളില്‍ മരണപ്പെടുന്നത്. ഈ കണക്ക് വച്ച് പരിശോധിക്കുമ്പോള്‍ കഴിഞ്ഞ നാല് ദിവസങ്ങളില്‍ 48 മരണങ്ങള്‍ സംഭവിക്കേണ്ടതാണ്. എന്നാൽ കഴിഞ്ഞ നാല് ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ മരണസംഖ്യയിൽ ഗണ്യമായ കുറവുണ്ട്. 28 മരണങ്ങളാണ് കഴിഞ്ഞ നാല് ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. സംവിധാനങ്ങളോട് ജനങ്ങള്‍ നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനിതാ ജൂനിയര്‍ ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ

0

 2023 വനിതാ ജൂനിയര്‍ ഏഷ്യാകപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ സെമി ഫൈനലില്‍. പൂള്‍ എയിലെ അവസാന മത്സരത്തില്‍ ചൈനീസ് തായ്‌പേയിയെ എതിരില്ലാത്ത 11 ഗോളുകള്‍ക്ക് ഓടിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ഇനി ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ശനിയാഴ്ചയാണ് മത്സരം.

പൂള്‍ എയില്‍ ഒന്നാമതെത്തിയാണ് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. ഇന്ത്യയ്ക്ക് വേണ്ടി അന്നുവും സുനെലിത ടോപ്പോയും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വൈഷ്ണവി വിഠല്‍ ഫാല്‍ക്കെ, ദീപിക, ഋതുജ, നീലം, മഞ്ജു ചൗരസ്യ, ദീപിക സോറെങ്, മുംതാസ് ഖാന്‍ എന്നിവരും ലക്ഷ്യം കണ്ടു.

പൂള്‍ എയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു സമനിലയുമടക്കം 10 പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. ദക്ഷിണ കൊറിയയ്ക്കും ഇത്രയും പോയന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ഇന്ത്യ ഒന്നാമതെത്തി. നാല് മത്സരങ്ങളില്‍ നിന്ന് 37 ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. വഴങ്ങിയതാകട്ടെ വെറും മൂന്ന് ഗോളുകള്‍ മാത്രം.

ആദ്യ മത്സരത്തില്‍ ഉസ്‌ബെകിസ്താനെ എതിരില്ലാത്ത 22 ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യ രണ്ടാം മത്സരത്തില്‍ മലേഷ്യയെ 2-1 ന് തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ ഇന്ത്യയെ കരുത്തരായ ദക്ഷിണ കൊറിയ 2-2 ന് സമനിലയില്‍ തളച്ചു. ഇന്ത്യയ്‌ക്കൊപ്പം ദക്ഷിണ കൊറിയയും സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്. തോൽവിയറിയാത്ത മുന്നേറ്റമാണ്.

500 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി പ്രചാരണം, വാർത്ത നിഷേധിച്ച് ആർ ബി ഐ ഗവർണർ

രാജ്യത്ത് 500 രൂപ നോട്ടുകൾ പിൻവലിക്കാൻ പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. 500 രൂപ പിൻവലിച്ച് പകരം 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുമെന്നുള്ള പ്രചാരണം തള്ളി.

‘500 രൂപ നോട്ടുകൾ പിൻവലിക്കാനോ 1000 രൂപയുടെ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാനോ ആർബിഐ ആലോചിക്കുന്നില്ല. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു’ – രണ്ടാം ദ്വിമാസ ധനനയം പുറത്തിറക്കിയ ശേഷം പത്രസമ്മേളനത്തിൽ ദാസ് പറഞ്ഞു.

2000 രൂപ നോട്ടുകളിൽ തിടുക്കം വേണ്ട

2000 രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായും ആര്‍.ബി.ഐ ഗവര്‍ണര്‍ അറിയിച്ചു. ആകെ 3.62 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളില്‍ 1.80 ലക്ഷം കോടി രൂപയുടെ നോട്ടുകളും തിരിച്ചെത്തി. തിരിച്ചെത്തിയ നോട്ടുകളില്‍ 85 ശതമാനവും ബാങ്ക് നിക്ഷേപമായാണ് വന്നത്. ശേഷിക്കുന്നവ മാത്രമാണ് മാറ്റിയെടുക്കപ്പെട്ടത്.

“2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ തിരക്ക് കൂട്ടേണ്ടതില്ല. കൈമാറ്റത്തിനുള്ള നോട്ടുകൾ ഞങ്ങളുടെ പക്കലുണ്ട്. പരിഭ്രാന്തരാകരുത്. പക്ഷെ സെപ്തംബറിലെ അവസാന ദിവസങ്ങള്‍ വരെ കാത്തിരിക്കരുത്”- ശക്തികാന്ത ദാസ് മുന്നറിയിപ്പ് നൽകി.

സെപ്തംബർ വരെ കാത്തിരിക്കരുത്

കഴിഞ്ഞ മെയ് 19-നാണ് രാജ്യത്ത് രണ്ടായിരത്തിൻ്റെ നോട്ടുകള്‍ പിൻവലിക്കുന്ന നടപടി ആര്‍.ബി.ഐ. ആരംഭിച്ചത്. സെപ്റ്റംബര്‍ മുപ്പതുവരെ നോട്ടുകള്‍ മാറ്റിയെടുക്കാം. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും ആര്‍.ബി.ഐ. അറിയിച്ചിരുന്നു.

“രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പറയാൻ പോലും ഭയം, പണി പാലും വെള്ളത്തിലും കിട്ടും” വിദ്യ വിഷയത്തിൽ തുറന്നു പറഞ്ഞ് ഇന്ദു മേനോൻ

കെ വിദ്യ ഉള്‍പ്പെട്ട വ്യാജ രേഖ കേസില്‍ പ്രതികരണവുമായി എഴുത്തുകാരി ഇന്ദു മേനോന്‍. അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പകപോക്കലുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അവർ വെളിപ്പെടുത്തുന്നത്.

കെ വിദ്യ വിഷയത്തില്‍ എന്തിന് വിമര്‍ശിക്കണമെന്നും ഇത്തരം കുറ്റക്കാര്‍ക്ക് സംരക്ഷണമൊരുക്കാന്‍ നേതാക്കന്മാര്‍ ഉണ്ടാകുമെന്നും ഇന്ദു മേനോന്‍ പ്രതികരിച്ചു.)(Indu Menon, Vidya vijayan certificate controversy)

വിമര്‍ശിക്കാന്‍ പോയാല്‍ പണി ചിലപ്പോള്‍ പാലും വെള്ളത്തില്‍ തന്നെ വരും. സത്യം പറഞ്ഞാല്‍ ഇവരെയൊക്കെ ഭയമാണ്. നമ്മള്‍ വിചാരിക്കാത്ത ആഴത്തിലുള്ള ബന്ധങ്ങളുള്ള രാഷ്ട്രീയ സ്വാധീനവും ശക്തിയും ഉള്ള ആളുകളാണ് ഇത്തരക്കാരെന്നും ഇന്ദു മേനോന്‍ വാളിൽ കുറിച്ചു.

fb post

ഞാനെന്തിന് വിദ്യയെ പറയണം !
എന്തിന് വിമര്‍ശിക്കണം! അല്ല എന്ത് ധൈര്യത്തില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കെതിരെ പോസ്റ്റിടണം!ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പക്ഷത്തുള്ള യൂണിയന്‍ തന്നെ എന്നെ ഉപദ്രവിക്കുന്ന അവസ്ഥ ഇനിയും എന്തിനുണ്ടാക്കണം ! സത്യം പറയാമല്ലോ എനിക്ക് ഇവരെയൊക്കെ നല്ല ഭയമാണ്. നമ്മള്‍ വിചാരിക്കാത്ത ആഴത്തിലുള്ള ബന്ധങ്ങളുള്ള രാഷ്ട്രീയ സ്വാധീനവും ശക്തിയും ഉള്ള ആളുകളാണ് ഇത്തരക്കാര്‍.അവരെന്തു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടുകയില്ല.അവര്‍ക്ക് വേണ്ടി ഞങ്ങള്‍ സംരക്ഷണം കൊടുക്കും എന്ന് പറയുവാന്‍ നേതാക്കന്മാര്‍ അനവധി ഉണ്ടാകും.

ഞാന്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനത്തില്‍ മൂന്നുവര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഇല്ലാതെ നാല് പേരാണ് റാങ്ക് ലിസ്റ്റില്‍ കയറിയത്.മൂന്നുപേര്‍ നിയമിതരായി.ഒരുവന്‍ അഡ്വൈസ് കിട്ടിയിട്ടും എന്നേലും പിടിക്കപ്പെടാം എന്നു കരുതി ആ പോസ്റ്റിംഗ് സ്വീകരിച്ചില്ല. അവന് ആദ്യമേ കിട്ടിയ അതിന്റെ താഴെയുള്ള ജോലിയില്‍ തന്നെ തുടര്‍ന്നു. അവന് ശേഷമുള്ളവന്‍ ജോലിയില്‍ കയറി. ഇത് എതിര്‍ത്തതും ചോദ്യം ചെയ്തതും എന്റെ ഡിവിഷനില്‍ ജോലി ചെയ്തിരുന്ന ഒരു റിസര്‍ച്ച് അസിസ്റ്റന്റ് ആണ്. അവന്‍ മാത്രമല്ല ഞാനും അവരുടെ പരമശത്രുവായി.
ഞാന്‍ വിശ്വസിക്കുന്ന അതേ രാഷ്ട്രീയ സംഘടനയുടെ എന്‍ജിഒ സംഘടന എനിക്കെതിരായി കാട്ടിക്കൂട്ടിയത് എന്താണെന്ന് പറയാന്‍ പോലും വയ്യ. എന്നെയും കുഞ്ഞിനെയും ഓഫീസ് മന്ദിരത്തില്‍ പൂട്ടിയിട്ട് വാച്ച്മാന്‍ ശാരീരിക ആക്രമണം നടത്തുന്ന നിലയിലേക്ക് വരെയെത്തി കാര്യങ്ങള്‍.കള്ള എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത് ജോലി തേടിയവര്‍ യൂണിയന്റെ സഹായത്തോടെ സസുഖം ഇപ്പോഴും ജോലിയില്‍ തുടരുന്നു. പരാതി പറഞ്ഞ താല്‍ക്കാലികക്കാരനായ കുട്ടിയെ പുറത്താക്കി.

എനിക്ക് വിദ്യാഭ്യാസം ഇല്ല . യോഗ്യതയില്ല. എക്‌സ്പീരിയന്‍സ് ഇല്ല. അഹങ്കാരമാണ്. ഫയല്‍ മോഷ്ടിച്ചു. മതില് ചാടി . മേലും വകുപ്പിന്റെ തലവനായ ഉദ്യോഗസ്ഥനോട് അവിശുദ്ധ ബന്ധമുണ്ട് , എന്നുവരെ നോട്ടീസ് അച്ചടിച്ച് എന്റെ വീട് മുതല്‍ ഓഫീസ് വരെ ഞാന്‍ വരുന്ന വഴിയില്‍ ഇരുവശത്തുമായി തൂക്കിയിട്ടു. വളരെ സുസ്ഥിരമായ അക്കാദമിക ബാഗ്രൗണ്ട് ഉള്ള ഒരു വ്യക്തിയാണ് ഞാന്‍ .80 ശതമാനത്തില്‍ അധികം മാര്‍ക്ക് അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി റാങ്ക് ഇതു വാങ്ങിയാണ് ഞാന്‍ എല്ലാ എല്ലാ ക്ലാസ്സുകളിലും പാസ് ആയിട്ടുള്ളത്. എഴുതിയ മത്സരപരീക്ഷകളില്‍ എല്ലാം 5 റാങ്കിനുള്ളില്‍ കിട്ടിയിട്ടുണ്ട്. എന്തു ഫലം തലയിലെഴുത്ത് മായിച്ചാല്‍ മായില്ലല്ലോ.ഓണ്‍ലൈനിലും സ്വാധീനമുള്ള പത്രങ്ങളുടെ ഇടയിലും ഐസിസിയില്‍ പോലും ഇടപെട്ട് അവര്‍ എന്നെ ഉപദ്രവിച്ചിട്ടുണ്ട്.
വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊണ്ട് പി എസ് സി ജോലി നേടിയവര്‍ക്ക് എതിരെ പിഎസ്‌സിയില്‍ കൊടുത്ത പരാതി രാഷ്ട്രീയ സ്വാധീനം കൊണ്ട് വൈകിപ്പിക്കുവാന്‍ അവര്‍ക്ക് സാധിച്ചു.

കോവിഡാനന്തരം കേസുകള്‍ കെട്ടിക്കിടക്കുന്നത് കൊണ്ട് ട്രിബ്യൂണല്‍ ആകട്ടെ ഇതുവരെ കേസ് വിളിച്ചിട്ടുമില്ല. എതിര്‍ക്കാനോ അവരെ ചോദ്യം ചെയ്യാനോ ചെന്നാല്‍ ചെന്നായി കൂട്ടത്തിന്റെ പറ്റം പോലെയാണ് വരിക. രാത്രി രണ്ടുമണിവരെ പണിത് എല്ല് വെള്ളമാക്കി ഉണ്ടാക്കിയ 17 കോടി രൂപയുടെ പദ്ധതി ദുഃഖത്തോടെ ഉപേക്ഷിച്ചു.
എന്റെ ജീവനും എന്റെ കുഞ്ഞിന്റെ ജീവനും യാതൊരു തരത്തിലുള്ള സംരക്ഷണവും നല്‍കാത്ത ഒരു സ്ഥാപനത്തില്‍ നിന്നും ഡെപ്യൂട്ടേഷനും വാങ്ങി പ്രാണനും കൊണ്ടോടി. ICC യില്‍ വന്ന ലിസി വക്കീല് എന്നെ വേണ്ടവിധത്തില്‍ വാച്ച്മാന്‍ ലൈംഗികമായി ആക്രമിച്ചില്ല എന്ന കാരണത്താല്‍ ഇതൊരു ലൈംഗിക കുറ്റകൃത്യം അല്ല എന്ന് വിലയിരുത്തി.നഗരത്തിലെ പ്രമുഖ രാഷ്ട്രീയനേതാ ദമ്പതികളുടെ മകനെ കൊണ്ട് സ്ഥിരമായി എന്നെ തെറിവിളിപ്പിച്ചു.
സ്വന്തം സ്ഥാപനത്തില്‍ വിലസുന്ന വ്യാജന്മാര്‍ക്കെതിരെ വിരല്‍ അനക്കാന്‍ എനിക്ക് പറ്റിയിട്ടില്ല. പ്രാണനും കൊണ്ട് ഓടി രക്ഷപ്പെടുക പോലും ചെയ്തു.എന്നിട്ടാണ് ഇപ്പോള്‍ വിദ്യയ്ക്ക് എതിരെ പോസ്റ്റ് ഇടുന്നത്.

ഇവളുടെയൊക്കെ പുറകെ ആരാണെന്ന് ആര്‍ക്കറിയാം ? പിടിച്ചു തള്ളുകയും പൂട്ടിയിടുകയും മാത്രമേ ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. കുഞ്ഞിന്റെ കഴുത്തുപിടിച്ച് അമര്‍ത്തുകയും പത്രത്തില്‍ കള്ള വാര്‍ത്തകള്‍ കൊടുക്കുകയും വ്യാജപ്രചരണങ്ങള്‍ നടത്തുകയുമെ ഇവര്‍ ചെയ്തിട്ടുള്ളൂ.
ഇനി ഇവളെയൊക്കെ വിമര്‍ശിക്കാന്‍ പോയാല്‍ പണി ചിലപ്പോള്‍ പാലും വെള്ളത്തില്‍ തന്നെ വരും. എനിക്ക് യുദ്ധ വീര്യമില്ല. ധൈര്യമില്ല. പോരാട്ടത്തിനുള്ള യൗവനവുമില്ല….